നര്‍മം ചാലിച്ച് എന്നാലും ന്റെളിയാ (എന്നാലും ന്റെളിയാ)

 

ദുബായ് മഹാനഗരത്തില്‍ രണ്ട് ഫ്‌ളാറ്റുകളില്‍ പരസ്പരം അറിയാത്ത രണ്ട് മലയാളി കുടുംബങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെടേണ്ടി വരുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ രസകരമായി അവതരിപ്പിക്കുയാണ് എന്നാലും ന്റെളിയാ. നര്‍മത്തിന് പ്രാധാന്യം നല്‍കി കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ കുടുംബത്തിനകത്തെ കഥ പറയുകയാണ് സിനിമ. 

എന്നാലും ന്റെളിയാ

Movie: Ennalum Nteliyaa

Language: Malayalam

Genre: Comedy, Romantic

Cast: Suraj Venjaramodu, Siddique, Gayathri Arun, Lena, Meera Nandan, Jose Kutty, Sudheer Paravur, Amrutha, Bindu Sanjeev

Director: Bash Mohammed

Writer: Bash Mohammed, Sreekumar Araykkal

Duration: 113 Minutes 

Rating: 3.5 Star

2023ല്‍ റിലീസ് പ്രഖ്യാപിച്ച ആദ്യ ചിത്രമെന്ന ഖ്യാതിയുമായാണ് എന്നാലും ന്റെളിയാ തിയേറ്ററിലെത്തിയത്. ദുബായ് മഹാനഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലെ രണ്ട് ഫ്‌ളാറ്റുകളിലായി ജീവിക്കുന്ന രണ്ട് മലയാളിക്കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമ.

വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദുബൈ ദമ്പതികളിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഡോക്ടറുടെ പരിശോധനകള്‍ക്കൊടുവില്‍ കുട്ടികളുണ്ടാവാന്‍ ഏറ്റവും സാധ്യതയുള്ള മൂന്ന് ദിവസങ്ങളാണ് അവരോടൊപ്പമുള്ള അടുത്ത ദിവസങ്ങളെന്ന് ഡോക്ടര്‍ കണ്ടെത്തുന്നു. ആ ദിവസങ്ങളില്‍ അവരിരുവരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ തന്നെ അവരെ തേടി പലവിധ സംഗതികളെത്തിച്ചേരുന്നു. 

സുരാജ് വെഞ്ഞാറമ്മൂടിന്റെ ബാലുവും ഗായത്രി അരുണിന്റെ ലക്ഷ്മിയിലുമാണ് കഥ തുടങ്ങുന്നതെങ്കിലും സിദ്ദീഖിന്റെ അബ്ദുല്‍ കരീമും ലെനയുടെ സുലുവുമാണ് അരങ്ങുവാഴുന്നത്. കേരളത്തിലെ ഏതോ ഒരു മുസ്‌ലിം ഗ്രാമത്തില്‍ നിന്ന് പുറം ലോകം കണ്ടിട്ടില്ലാത്ത സുലു അഞ്ചാറു മാസം മുമ്പാണ് ദുബൈ നഗരത്തില്‍ ഭര്‍ത്താവ് കരീമിനടുത്തെത്തിയത്. ദുബായിലാണ് താന്‍ നില്‍ക്കുന്നതെന്നോ ജീവിക്കുന്നതെന്നോ ഉള്ള യാതൊരു ഭാവവും 'ആ നാട്ടുമ്പുറത്തു'കാരിക്കില്ല. രാത്രിയില്‍ 'രണ്ടു പെണ്ണുങ്ങള്‍' (സുലുവും മകള്‍ ഇസ്മിയും) ഒറ്റയ്ക്ക് നില്‍ക്കുന്നത് ആരെങ്കിലും കണ്ടാല്‍ എന്താണ് വിചാരിക്കുകയെന്ന വേവലാതി അവര്‍ക്ക് നല്ലവണ്ണമുണ്ട്. മകളുടെ കൂട്ടികാരിക്ക് വിവാഹ സമ്മാനം വാങ്ങാന്‍ പോകുമ്പോള്‍ ഭര്‍ത്താവിനെ കാത്തിരുന്നിട്ടും അയാളുടെ തിരക്കിനിടയില്‍ പറഞ്ഞ സമയത്ത് എത്താനാവാതെ വരുന്നത് കുറച്ചൊന്നുമല്ല സുലുവിനെ ചൊടിപ്പിക്കുന്നത്.


 

നാട്ടുമ്പുറത്തുകാരിയുടെ ഭാവഹാവാദികളാണ് സുലുവിനുള്ളതെങ്കിലും വീട്ടമ്മയുടെ എല്ലാ വേവലാതികളും കരുതലുകളും അവര്‍ക്കുണ്ട്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ കോണ്‍ട്രാക്ടര്‍ തിരക്കിനിടയില്‍ മകളേയും കുടുംബത്തേയും ശ്രദ്ധിക്കാത്തത് അവര്‍ ഇടക്കിടെ എടുത്തു പറയുന്നതും അമിത ശ്രദ്ധ ചെലുത്തുന്നതും. 

നഗര ജീവിതത്തിന്റെ എല്ലാ അമിത സമ്മര്‍ദ്ദങ്ങളും അനുഭവിക്കുന്ന ജോലി തന്നെയാണ് ബാലുവിന്റേയും. ഏത് സമയത്തും മുഴങ്ങുന്ന ഫോണ്‍ ബെല്ലും തിരക്കും ബാലുവിന്റേയും ലക്ഷ്മിയുടേയും ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിക്കുന്നത്. അവര്‍ തിരക്കൊഴിവാക്കി മൂന്നു ദിവസം ജീവിക്കാമെന്ന് കരുതുന്നിടത്തേക്ക് ലക്ഷ്മിയുടെ അനിയന്‍ തൊഴിലും തേടി ദുബൈയിലെത്തിയ വിവേക് വന്നു കയറുന്നത്. സിവില്‍ എന്‍ജിനിയറാണെന്ന 'അഹങ്കാരം' നന്നായിട്ടുള്ളതുകൊണ്ടാണോ എന്തോ, അളിയന്‍ ബാലു പറയുന്ന പല ഇന്റര്‍വ്യൂകള്‍ക്കും ജോലി തേടി അവന്‍ പോകാന്‍ മെനക്കെട്ടിട്ടില്ല. അല്ലെങ്കിലും ദുബായിലെ പൊരിവെയിലില്‍ സൂപ്പര്‍വൈസര്‍ ജോലിയൊക്കെ എങ്ങനെ ചെയ്യാനാണെന്നതാണ് അവന്റെ ചോദ്യം. 

ഒന്നിച്ചു പഠിച്ച വിവേകും ഇസ്മിയും പ്രണയത്തിലാണെന്ന് സുലു തെറ്റിദ്ധരിക്കുന്നതും അക്കാര്യം പറയാന്‍ സുലുവും കരീമും ബാലുവിന്റെ ഫ്‌ളാറ്റിലെത്തുന്നതും പിന്നെ രസകരമായി വികസിക്കുകയാണ്. സിദ്ദീഖും ലെനയും ചേര്‍ന്നൊരുക്കുന്ന മികച്ച മുഹൂര്‍ത്തങ്ങളാണ് രണ്ടാം പകുതിയില്‍ സംവിധായകന്‍ ഒരുക്കിവെച്ചിരിക്കുന്നത്. 

ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും സിനിമയുടെ പോക്ക് എവിടേക്കെത്ത് പ്രേക്ഷകനെ ബോധ്യപ്പെടുത്താനാണ് അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഗം വളരെ രസകരമായി മുമ്പോട്ടു പോവുകയും ചെയ്യുന്നു. 

പതിവുപോലെ മികച്ച വരികളെഴുതാന്‍ എന്നാലും ന്റെളിയയില്‍ ഹരിനാരായണന് സാധിച്ചിട്ടുണ്ട്. സംഗീതം നല്‍കിയ വില്യം ഫ്രാന്‍സിസും ഷാന്‍ റഹ്മാനും പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കുന്നില്ല. മലബാറിലെ കല്ല്യാണപ്പാട്ടുകള്‍ കോര്‍ത്തുള്ള മെഹന്തി ഗാനം വിഖ്യാത മാപ്പിളപ്പാട്ടുകാരന്‍ പീര്‍ മുഹമ്മദിന്റേയും അദ്ദേഹത്തിന്റെ തലമുറയിലുള്ളവരുടേതുമാണ്. എന്നാല്‍ അവരെ ടൈറ്റിലില്‍ എവിടേയും പരാമര്‍ശിച്ചു കണ്ടില്ല. മുസ്‌ലിംകള്‍ എങ്ങനെയാണ് ആരാധനാക്രമമായ നമസ്‌ക്കാരം പൂര്‍ത്തിയാക്കുന്നതെന്ന് കാലമെത്ര കഴിഞ്ഞിട്ടും മലയാള സിനിമാ സംവിധായകര്‍ മനസ്സിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. 


താന്‍ സംശയിക്കുന്നതുപോലെ മകള്‍ 'അന്യജാതിക്കാരനുമായി' പ്രണയത്തിലല്ലെന്ന് തിരിച്ചറിയുന്ന സുലുവിന് ആശ്വാസമാകുന്നുണ്ടെങ്കിലും ആ ആശ്വാസം മറ്റൊരു ട്വിസ്റ്റിലേക്ക് സിനിമയെ എത്തിക്കുന്നുണ്ട്. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു കരുതി ജീവിക്കുന്ന- ജനിക്കുന്നു, മറ്റുള്ളവര്‍ എന്തുവിചാരിക്കുമെന്ന് ആലോചിക്കുന്നു, മരിക്കുന്നു എന്ന തരത്തില്‍ പോകുന്ന- കുറേ പേരെയാണ് സിനിമയില്‍ സുലു അവതരിപ്പിക്കുന്നത്. 

പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മിച്ചിരിക്കുന്നു. 

2015ല്‍ ലുക്കാ ചുപ്പി എന്ന ജയസൂര്യ, മുരളിഗോപി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട് ബാഷ് മുഹമ്മദ്,. ദാമ്പത്യ ജീവിതത്തിനിടയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം പ്രയോഗിക്കുന്ന ചില നമ്പറുകളും അതിനു പിന്നാലെയുള്ള രസകരമായ മുഹൂര്‍ത്തങ്ങളുമായിരുന്നു ലുക്കാ ചുപ്പി അഥവാ ഹൈഡ് ആന്റ് സീക്ക്.   

https://malayalam.samayam.com/malayalam-cinema/movie-review/suraj-venjaramodu-siddique-gayathri-arun-lena-meera-nandan-starrer-ennalum-ente-aliya-movie-review/moviereview/96787161.cms

(THE TIMES OF INDIA സമയം മലയാളം 2023 ജനുവരി 06)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്