നല്ല മനുഷ്യരുടെ ലോകത്തെ നന്മയുള്ള കാഴ്ചകള്‍ (ഡിയര്‍ വാപ്പി)


 പിതാവും മകളും തമ്മിലുള്ള ആത്മബന്ധങ്ങളും അവരുടെ സ്വപ്‌നങ്ങളും അതിലേക്കുള്ള യാത്രയുമാണ് ഡിയര്‍ വാപ്പി. വലിയ സ്വപ്‌നങ്ങള്‍ മുമ്പില്‍ നയിക്കാനുണ്ടെങ്കില്‍ ഏത് ലക്ഷ്യവും കൈയ്യെത്തിപ്പിടിക്കാനാവുമെന്ന് കാണിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് കണ്ണുനിറയാതെ കാണാനാവില്ല.

ഡിയര്‍ വാപ്പി

Movie: Dear Vaappi

Language: Malayalam

Genre: Drama, Romantic, Comedy

Cast: Niranj Maniyanpillai Raju, Lal, Maniyanpillai Raju, Appunni Sasi, Anagha Narayanan, Sri Rekha, Jagadeesh, Nirmal Palazhi, Anu Sitara, Sunil Sukhada, Sivaji Guruvayoor, Neena Kuruppu, Jayakrishnan, Abhiram Radhakrishnan, Chempil Asokan, Renjith Sekhar, Madhu Karuvath, Naveen Illath

Director: Shan Thulaseedharan

Writer: Shan Thulaseedharan

Duration: 2 Hours 18 Minutes 

Rating: 3.5 Star

ന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ ലോകം മുഴുവന്‍ അയാളെ സഹായിക്കാനുണ്ടാകുമെന്നു പറഞ്ഞത് ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ ആണ്. തുന്നല്‍ക്കാരന്‍ ബഷീറിന് ഇത്രയും സാഹിത്യത്തിലൊന്നും പറയാനറിയണമെന്നില്ല. അതുകൊണ്ടാണ് നമുക്ക് സ്വപ്‌നവും അതിനൊപ്പം നില്‍ക്കാന്‍ ഒരാളുമുണ്ടെങ്കില്‍ വിജയിക്കാനാവുമെന്ന് അയാള്‍ പറയുന്നത്. ഫലത്തില്‍ രണ്ടിന്റേയും അര്‍ഥം ഒന്നുതന്നെയാണല്ലോ. 

മാനസികമായി തകര്‍ന്നു നില്‍ക്കുകയും കാര്യങ്ങളൊന്നും ശരിയാവാതെ നെഗറ്റീവായാണ് നിങ്ങളുടെ മനസ്സ് സഞ്ചരിക്കുകയും ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും ഡിയര്‍ വാപ്പി എന്ന സിനിമ നിങ്ങള്‍ കണ്ടിരിക്കണം. അത് നിങ്ങളില്‍ പുതിയൊരു പ്രചോദനം നിറച്ചുതരും. 

കാഴ്ചയില്‍ ചെറിയൊരു സിനിമയാണ് ഡിയര്‍ വാപ്പിയെങ്കിലും ആശയത്തില്‍ വലിയ ചിത്രങ്ങളോട് കിടപിടിക്കുന്നുണ്ട് ഈ ചിത്രം. തീര്‍ത്തും സാധാരണക്കാരനായ ഒരാള്‍ക്കു പോലും എത്തിപ്പിടിക്കാനാവുന്ന വലിയ ലോകമാണ് ആ ചിത്രം കാഴ്ചക്കാര്‍ക്കു മുമ്പിലേക്ക് അവതരിപ്പിക്കുന്നത്. 

കണ്ണൂര്‍- കോഴിക്കോട് ജില്ലകള്‍ക്കിടയിലുള്ള ചെറിയൊരു ഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുഞ്ഞുകുടുംബത്തിന്റെ സ്വപ്‌നങ്ങളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. പക്ഷേ, ആ സ്വപ്‌നങ്ങള്‍ കാഴ്ചക്കാരന്റേത് കൂടിയാക്കി മാറ്റാന്‍ രചയിതാവും സംവിധായകനുമായ ഷാന്‍ തുളസീധരന് സാധിക്കുന്നു.  

ബോംബെയില്‍ വസ്ത്രനിര്‍മാണ യൂണിറ്റിലെ തുന്നല്‍ക്കാരനായ ബഷീര്‍ ജോലി മതിയാക്കി തന്റെ സ്വപ്‌നങ്ങളുമായി തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങുന്നിടത്താണ് സിനിമയാരംഭിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട ബോംബെ വാസം അവസാനിപ്പിച്ച് അയാള്‍ സ്വന്തം നാട്ടിലേക്ക് തിരികെയുത്തുമ്പോള്‍ കയ്യിലുള്ള വലിയ പെട്ടി പോലെ മനസ്സില്‍ ആഗ്രഹങ്ങള്‍ അടച്ചുവെച്ച വര്‍ണ്ണക്കിനാക്കളുമുണ്ടായിരുന്നു.

ചെറുപ്പത്തില്‍ ഒരു വസ്ത്രം പോലും മര്യാദയ്ക്ക് ധരിക്കാനില്ലാത്തവന്‍ താന്‍ വരച്ചുവെച്ച രീതിയിലുള്ള വസ്ത്രങ്ങള്‍ തുന്നാനാണ് മകള്‍ ആമിറയെ കൂട്ടി ആമിറ ടെയ്‌ലേഴ്‌സ് ആരംഭിക്കുന്നത്. നാട്ടുകാര്‍ക്ക് ഇഷ്ടമായ ബഷീറിന്റെ തയ്യലിനെ നഗരത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് മകള്‍ പറയുന്നതെങ്കിലും അയാള്‍ വലിയ സ്വപ്‌നങ്ങളുടെ രാജ്യത്തെ രാജാവായിരുന്നു. ഇന്തോ- വെസ്‌റ്റേണ്‍ എത്‌നിക്ക് വെയറിന്റെ എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയായിരുന്നു അയാളുടെ ഉള്ളില്‍. 


ബഷീറും മകള്‍ ആമിറയും ചേര്‍ന്ന് തങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് യാത്ര തുടങ്ങുമ്പോള്‍ ഭാര്യ ജുവൈരിയയും നിശ്ശബ്ദമായി കൂട്ടുണ്ടായിരുന്നു, കൂടെ ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ ഫോട്ടോഗ്രാഫര്‍ റിയാസും. 

സ്വപ്‌നങ്ങളിലേക്കുള്ള അവരുടെ യാത്രയും അതിനിടയില്‍ സംഭവിക്കുന്ന പ്രതീക്ഷകളും നിരാശകളും അവയിലൂടെയുള്ള സഞ്ചാരങ്ങളും തന്നെയാണ് ഈ സിനിമ. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം എത്രമാത്രം കഠിനമാകുന്നുവോ അത്രയും മധുരമായിരിക്കും വിജയം തൊടുമ്പോഴുള്ള സന്തോഷം.

നല്ല ഫ്രെയിമുകളിലൂടെയും മുഷിപ്പിക്കാത്ത സംഭാഷങ്ങളിലൂടെയും മാത്രമല്ല, പ്രേക്ഷകര്‍ വിചാരിക്കാത്തിടങ്ങളില്‍ ചെറിയ ട്വിസ്റ്റുകള്‍ വരുത്തിയ അവസാന രംഗം വരെ കണ്ടിരിക്കാന്‍ ഡിയര്‍ വാപ്പി പ്രേരിപ്പിക്കും. 

വസ്ത്ര ഡിസൈനിംഗ് കമ്പനി സ്വപ്‌നം കാണുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്യുന്നയാളാണ് പ്രധാന കഥാപാത്രമെന്ന് മാത്രമല്ല തന്റെ മകളാണ് വസ്ത്രങ്ങളുടെ മോഡലെന്ന് അയാള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നതിനാല്‍ സിനിമയിലെ നായികയുടെ വസ്ത്രങ്ങള്‍ക്ക് ഡിയര്‍ വാപ്പിയില്‍ വലിയ പ്രാധാന്യമുണ്ട്. അതിനനുസരിച്ച് വാപ്പിയിലെ ആമിറയ്ക്ക് വസ്ത്രം തെരഞ്ഞെടുത്ത് നല്‍കാന്‍ കോസ്റ്റിയൂം ഡിസൈനര്‍ പ്രവീണ്‍ വര്‍മയ്ക്ക് സാധിച്ചിട്ടുണ്ട്. നായിക അണിയുന്ന വസ്ത്രഡിസൈനുകള്‍ മികച്ചതും പ്രത്യേകതയുമുള്ളതാണെന്നു മാത്രമല്ല, സാധാരണ കുടുംബത്തില്‍ നിന്നെത്തുന്ന ഒരു പെണ്‍കുട്ടിക്ക് അനുയോജ്യവുമാണെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. 

നല്ല മനുഷ്യര്‍ നിരവധിയുള്ളതുകൊണ്ടാണ് ഈ ലോകം ഇപ്പോഴും തുടരുന്നതെന്നു പറയുന്ന സംഭാഷണമുണ്ട് ഈ സിനിമയിലൊരിടത്ത്. അതുപോലെ ഈ സിനിമയില്‍ കാണുന്നതെല്ലാം നല്ല മനുഷ്യരെയുമാണ്. താന്‍ നല്ലവനായിരിക്കുകയും തന്റെ ചുറ്റുപാടിനെ നല്ലതാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ അയാള്‍ക്കു ചുറ്റും നന്മയുള്ള ആയിരങ്ങളായിരിക്കും ഉണ്ടാവുക. അതുകൊണ്ടാണല്ലോ ഗാന്ധി ജയന്തി ദിനത്തില്‍ കുട്ടികളെ കൊണ്ട് സ്‌കൂള്‍ വൃത്തിയാക്കാന്‍ പദ്ധിതിയിടുന്ന പ്രധാനാധ്യാപകനോട് ഗ്രാമത്തിലെ കവല വൃത്തിയാക്കിക്കാമെന്നും അതുവഴി നാട് വൃത്തിയാകുമെന്നും അയാള്‍ നിര്‍ദ്ദേശം വെക്കുന്നത്. തങ്ങള്‍ വലിച്ചെറിഞ്ഞ മാലിന്യം തങ്ങളുടെ മക്കള്‍ തന്നെ ശുചിയാക്കുന്നത് കാണുന്നതോടെ രക്ഷിതാക്കളുടെ അലക്ഷ്യമായി വലിച്ചെറിയല്‍ അവസാനിക്കുമെന്നും മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കാന്‍ പാടില്ലെന്ന സന്ദേശം അടുത്ത തലമുറയ്ക്ക് കൊടുക്കാനാവുമെന്ന അയാളുടെ അഭിപ്രായം ഹെഡ്മാസ്റ്റര്‍ക്ക് ബോധ്യപ്പെടുന്നുമുണ്ട്. തന്റെ കടയില്‍ സ്ഥാപിക്കുന്ന വലിയ കണ്ണാടിയിലൂടെ മുഖം മാത്രമല്ല ഇടയ്ക്ക് ശരീരം മുഴുവനായും കാണുന്നതാണ് മാറ്റത്തിന് നല്ലതെന്നു പറയുന്നതും വെറുതെയല്ല. കുറവുകള്‍ മറച്ചുവെക്കാനും ഉള്ളത് മികവുറ്റ രീതിയില്‍ കാണിക്കാനുമാണ് വസ്ത്രങ്ങളെന്ന് അയാള്‍ മകളെ പഠിപ്പിക്കുന്നതും നന്മയുടെ കാഴ്ചകളിലൂടെയാണ്. ഒരുപക്ഷേ, കുടുംബ പ്രേക്ഷകര്‍ക്ക് ഈ സിനിമ കണ്ണു നിറച്ചല്ലാതെ അവസാന രംഗം പൂര്‍ത്തിയാക്കാനാവില്ല.


അച്ഛനും മകനും തമ്മിലുള്ളതിനേക്കാള്‍ മാനസിക ബന്ധമായിരിക്കും പിതാവും മകളും തമ്മിലുണ്ടാവുക. ആ ബന്ധത്തിലൂടെയാണ് ഈ സിനിമ കടന്നു പോകുന്നതും. ഡിയര്‍ വാപ്പിയിലെ രസകരമായ കാര്യം കഥ പറയുന്നത് പിതാവും മകളും തമ്മിലുള്ള ബന്ധമാണെങ്കില്‍ ഈ സിനിമയില്‍ അച്ഛനും മകനും ആദ്യമായി പിതാവും പുത്രനുമായി അഭിനയിച്ചിട്ടുണ്ടെന്നതാണ്. മണിയന്‍പിള്ള രാജുവും അദ്ദേഹത്തിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള രാജുവും ഉപ്പയും മകനുമായാണ് ഈ സിനിമയില്‍ വേഷമിട്ടിരിക്കുന്നത്. 

കഥ നടക്കുന്ന പ്രദേശത്തിനനുസരിച്ച് സംഭാഷണവും പരമാവധി പ്രാദേശികമാക്കുന്നതാണ് നിലവില്‍ സിനിമകളിലെ രീതി. ഡിയര്‍ വാപ്പിയില്‍ ചില കഥാപാത്രങ്ങള്‍ വടക്കേ മലബാറിന്റെ ഭാഷാ രീതി ഉപയോഗിക്കുന്നുണ്ടെങ്കിലും കഥ നടക്കുന്ന വടക്കേ മലബാറിലേതിനേക്കാള്‍ സിനിമയിലെ സംഭാഷണശൈലി കടപ്പെടുന്നത് മലപ്പുറം വകഭേദങ്ങളോടാണ്. 

തുടക്കം മുതല്‍ സിനിമ അവസാനിക്കുന്നതുവരെ നിരവധി ഗാനങ്ങള്‍ കടന്നു വരുന്നു എന്ന പ്രത്യേകതയും ഡിയര്‍ വാപ്പിക്കുണ്ട്. ബി കെ ഹരിനാരായണന്റേയും മനു മഞ്ജിത്തിന്റേയും മലയാളത്തിന്റെ മണമുള്ള മനോഹരമായ വരികളും അവയ്ക്കായി കൈലാസ് മേനോന്‍ ഒരുക്കിയ സംഗീതവും ഡിയര്‍ വാപ്പിയുടെ എടുത്തുപറയാവുന്ന സവിശേഷതകളാണ്. എസ് പാണ്ഡികുമാറിന്റെ ക്യാമറയും ലിജോ പോളിന്റെ എഡിറ്റിംഗും സിനിമയുടെ മുഷിപ്പില്ലാത്ത കാഴ്ചയ്ക്ക് ആവശ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ഡിയര്‍ വാപ്പി നിര്‍മിച്ചിരിക്കുന്നത്.

https://malayalam.samayam.com/malayalam-cinema/movie-review/niranj-maniyanpillai-raju-lal-maniyanpillai-raju-appunni-sasi-anagha-narayanan-sri-rekha-jagadeesh-nirmal-palazhi-anu-sitara-starrer-dear-vaappi-review-rating-in-malayalam/moviereview/98007600.cms

(TIMES OF INDIA സമയം മലയാളം 2023 ഫെബ്രുവരി 17)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്