നിധിയൊരുക്കുന്ന വിധി പറഞ്ഞ് ഗോള്‍ഡ് (ഗോള്‍ഡ്)


Movie: Gold

Language: Malayalam

Genre: Comedy, Drama

Cast: Prithviraj Sukumaran, Nayanathara, Mallika Sukumaran, Chemban Vinod, Shammi Thilakan, Lalu Alex, Roshan Mathew, Jagadish, Suresh Krishna, Santhi Krishna, Saiju Kurup, Vinay Fort, Deepthi Sati, Althaf Salim, Ajmal Ameer, Baburaj, Krishna Shankar, Abu Salim, Prem Kumar, Sabumon Abdussamad, Sudheesh, Shebin Benson, Alphonse Puthren, Sharafudheen

Director: Alphonse Puthra

Duration: 165 Minutes 

Rating: 3.5 Star


പല തവണ റിലീസ് പ്രഖ്യാപിക്കുകയും മാറ്റിവെക്കുകയും ചെയ്ത സിനിമയില്‍ പ്രേക്ഷകര്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് സ്വാഭാവികം. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും നയനതാരയുമെല്ലാം ഒന്നിച്ചു വരുന്ന ഒരു സിനിമയ്ക്ക് ഇടിച്ചു കയറുന്നതും അത്ഭുതപ്പെടുത്തുന്ന സംഗതിയല്ല. അല്‍ഫോന്‍സ് പുത്രന്റെ പൃഥ്വിരാജ്- നയനതാര ചിത്രം ഗോള്‍ഡ് ആദ്യ ദിനത്തില്‍ കട്ട ഫാന്‍സും അമിതപ്രതീക്ഷയുള്ളവരും തന്നെയാണ് കാണാനെത്തിയിട്ടുണ്ടാവുക. അവരെ ആദ്യം മുതല്‍ ത്രില്ലടിപ്പിച്ചു നിര്‍ത്താനുള്ള സാങ്കേതിക ഗിമ്മിക്കുകളെല്ലാം സിനിമയില്‍ ഉപയോഗിച്ചിട്ടുമുണ്ട് സംവിധായകന്‍. 

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ തന്നെ പെരിയാറും പ്രകൃതിയും പച്ചപ്പും പച്ചക്കുതിരയും പൂമ്പാറ്റയുമെല്ലാമായി രംഗം കൊഴുപ്പിക്കാന്‍ ഇടിവെട്ട് സംഗീതവായാണ് ടൈറ്റില്‍ സീന്‍ സ്‌ക്രീനില്‍ തെളിയുന്നത്. തൊട്ടുപിന്നാലെ തന്നെ അമ്മയും മകനും മാത്രമുള്ളൊരു വീടിന്റെ ദൃശ്യങ്ങളിലേക്ക് ക്യാമറ പോവുകയും ചെയ്യുന്നു.

ഗോള്‍ഡ് സിനിമയുടെയൊരു പ്രത്യേകത നായകനും നായികയും ഒരിക്കല്‍ പോലും തമ്മില്‍ കാണുന്നില്ലെന്നതാണ്. ഒരുപക്ഷേ പൃഥ്വിരാജ്- നയനതാര ചിത്രമെന്ന പ്രതീക്ഷയില്‍ അവരുടെ രംഗങ്ങള്‍ പ്രതീക്ഷിച്ചവര്‍ക്ക് ഒരിടത്ത് പോലും ഇരുവരും സ്‌ക്രീനിടം പങ്കുവെക്കാത്തത് കൗതുകമോ തിരക്കഥാകൃത്തിന്റെ രസകരമായ നീക്കമോ ആയി അനുഭവപ്പെടാം. 

ജോഷിയുടേയും അമ്മയുടേയും വളരെ സാധാരണമായ ഒരു കുടുംബ പശ്ചാതലത്തിലേക്ക് നാല് ദിവസത്തേക്ക് കടന്നെത്തന്ന ഒരു ബൊലേറോയാണ് കഥ കൊണ്ടുപോകുന്നത്. സിനിമ തുടങ്ങുന്നതുന്നെ അജ്ഞാതമായെത്തിയ ബൊലേറോയിലാണ്. ആ വാഹനം അവിടെ എത്തിയതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഗതികളും പല വഴികളിലൂടെ അവതരിപ്പിക്കുമ്പോഴാണ് ഗോള്‍ഡ് പൂര്‍ത്തിയാകുന്നത്. 

പൃഥ്വിരാജിന്റെ ജോഷി മാത്രമാണ് സിനിമയിലുടനീളമുള്ളത്. നയനതാര, ഷമ്മി തിലകന്‍, ജഗദീഷ്, മല്ലിക സുകുമാരന്‍, ചെമ്പന്‍ വിനോദ്, ലാലു അലക്‌സ്, ബാബുരാജ്, കൃഷ്ണശങ്കര്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റു കഥാപാത്രങ്ങളെല്ലാം ഏതാനും രംഗങ്ങളില്‍ മാത്രം കടന്നുവരുന്നവരാണ്. അവരവരുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി മറ്റൊന്നും പറയാനില്ലാത്തവരായി ഇവരെല്ലാം മടങ്ങുന്നു. 

ജഗദീഷിന്റെ പൊലീസ് കഥാപാത്രത്തിന് നേരിയൊരു നെഗറ്റീവ് ടച്ച് കൊടുത്തതിനാല്‍ റൊഷാക്കിലെ പൊലീസുദ്യോഗസ്ഥനെ പ്രേക്ഷകര്‍ ഓര്‍ത്തേക്കാം. റൊഷാക്കില്‍ യൂണിഫോമിലല്ലാത്ത പൊലീസാണെങ്കില്‍ ഗോള്‍ഡില്‍ യൂണിഫോമിലുള്ള പൊലീസുകാരനാണ് ജഗദീഷ്. 

രണ്ടു വഴികളിലൂടെ സഞ്ചരിച്ച് ആലുവയിലെത്തുമ്പോള്‍ ഒന്നായി മാറുന്ന പെരിയാര്‍ നദി പോലെ പല വഴികളിലൂടെ യാത്ര ചെയ്ത് ഒന്നിലേക്കെത്തുകയാണ് ഈ സിനിമ. ഇടയ്ക്ക് രണ്ടു പാട്ടുകള്‍ ഇമ്പത്തോടെ ചേര്‍ത്തുവെച്ച് ആസ്വാദകരെ നിലനിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടത്തിയിട്ടുണ്ട്.

മൊബൈല്‍ ഷോപ്പ് നടത്തിപ്പുകാരനായ യുവാവിന്റെ വീട്ടിലേക്ക് പെട്ടെന്നൊരുനാള്‍ കടന്നുവരുന്ന സംഭവങ്ങള്‍ അയാള്‍ മറ്റാരുമറിയാതെ കൈകാര്യം ചെയ്യുകയാണ്. സമ്പത്ത് കൂടുതല്‍ വേണമെന്ന ഏതൊരു സാധാരണക്കാരന്റേയും ആഗ്രഹം ഉള്ളില്‍കൊണ്ടു നടക്കുന്നതുകൊണ്ടാകാം അയാളെക്കൊണ്ടും അത്ര ധാര്‍മികമല്ലാത്ത ചില കാര്യങ്ങള്‍ ചെയ്യിക്കുന്നതെന്ന തോന്നല്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട് സംവിധായകന്‍. കോടീശ്വരന്റെ സ്വത്തില്‍ കണ്ണുവെച്ച് അയാളുടെ മകളെ കല്ല്യാണം കഴിച്ച് എല്ലാ സ്വത്തും തട്ടിയെടുക്കാന്‍ നടക്കുന്ന മറ്റു രണ്ടുപേരുടെ ജീവിതവും സമാന്തരമായി കടന്നുപോകുന്നതിനാല്‍ പ്രേക്ഷകനെ തെല്ലും സംശയിപ്പിക്കാതെ സിനിമ മുമ്പോട്ടു പോകുന്നുണ്ട്.

ആവശ്യത്തിനും അനാവശ്യത്തിനും ഗിമ്മിക്കുകള്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. ചായ ഒഴിക്കുന്ന വീട്ടമ്മയെ മൂന്നായി മുറിച്ചും ഇടക്കിടെ പൂമ്പാറ്റയും അണ്ണാനും പരുന്തും പച്ചക്കുതിരയെയുമൊക്കെ കാണിച്ചും ഇംഗ്ലീഷും മലയാളത്തിലുമൊക്കെയായി പേരുകളും സംഭവങ്ങളും എഴുതിക്കാണിച്ചും സിനിമയിലെ രംഗത്തിന് അനുസൃതമായ ഡയലോഗ് എഴുതിയ ബനിയനണിഞ്ഞുമൊക്കെ 'ന്യൂജെന്‍ പിള്ളേരെ' കൂടെ നിര്‍ത്താനുള്ള പണിയെല്ലാം എടുത്തുവെച്ചിട്ടുണ്ട്. 

ഒടുവില്‍ മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനത്തില്‍ കോടികള്‍ സര്‍ക്കാരിലേക്ക് നല്കിയ അജ്ഞാതനായ ഒരു കോടീശ്വരനെ കുറിച്ച് പരാമര്‍ശിക്കുകയും അയാള്‍ സര്‍ക്കാറിന് നല്‍കിയ പണം ഏതൊക്കെ രീതിയില്‍ ചെലവഴിക്കണമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. 


അജ്ഞാതന്റെ കത്തിലെ അച്ഛന്‍ പരാമര്‍ശത്തിലൂടെ അതാരാണെന്ന് (പൃഥ്വിരാജിന്റെ ജോഷിയെന്ന് പ്രേക്ഷകര്‍ക്കും) അമ്മയ്ക്ക് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും പൊലീസുകാരനും നായികയുമൊക്കെ അതെങ്ങനെ തിരിച്ചറിയാനായെന്ന് ഒ ടി ടിയില്‍ വരുമ്പോള്‍ ഒരുപക്ഷേ പ്രേക്ഷകരോട് പറയുമായിരിക്കാം.  

രണ്ടേ മുക്കാല്‍ മണിക്കൂര്‍ നേരമുള്ള സിനിമയിലെ ബോണസ് രംഗങ്ങള്‍ ഒ ടി ടിയില്‍ കാണാമെന്ന വാഗ്ദാനമാണ് സംവിധായകന്‍ നല്‍കുന്നത്. തിയേറ്ററിലില്ലാത്ത ഏതാനും രംഗങ്ങള്‍ ഒ ടി ടി റിലീസിലുണ്ടെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ സിനിമയ്‌ക്കൊടുവില്‍ ചില ഭാഗങ്ങള്‍ ചേര്‍ത്തുവെച്ചിട്ടുമുണ്ട്. ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമ്മില്‍ കാണുന്നതെന്ന നഷ്ടബോധവും സിനിമ അവസാനിപ്പിക്കുമ്പോള്‍ സംവിധായകന്‍ പ്രകടിപ്പിക്കുന്നുണ്ട്. 

അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗോള്‍ഡ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനുമാണ് നിര്‍മിച്ചിരിക്കുന്നത്. 

പ്രേമം കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ സിനിമയുമായി വരുന്നത്. സംവിധാനത്തിന് പുറമേ എഡിറ്റിംഗ്, സ്റ്റണ്ട്, വിഷ്വല്‍ ഇഫക്ട്, കളര്‍ ഗ്രേഡിംഗ്, ആനിമേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും അല്‍ഫോന്‍സ് പുത്രന്റെ കയ്യൊപ്പുണ്ട്. രാജേഷ് മുരുകേഷന്റെ സംഗീതം സിനിമയ്ക്ക് മികച്ച ഹൈപ്പ് നല്കുന്നു. ആനന്ദ് സി ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിലുമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

ആലുവയിലും പരിസരത്തുമായി നടക്കുന്ന കഥയില്‍ ഇതുവരെ വെള്ളിത്തിരയില്‍ വന്നിട്ടില്ലാത്ത വിധത്തില്‍ ആലുവയുടെ ദൃശ്യപശ്ചാതലം ഒരുക്കാന്‍ സാധിച്ചിട്ടുണ്ടെന്നത് ഗോള്‍ഡിന്റെ പ്ലസ് പോയിന്റാണ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അച്ഛനായി ഫോട്ടോയില്‍ സുകുമാരന്‍ കടന്നുവരുന്ന ആദ്യത്തെ സിനിമയല്ല ഗോള്‍ഡ്. പൃഥ്വിരാജിന്റെ അമ്മയായി മല്ലിക സുകുമാരന്‍ വരുന്നതും ആദ്യമായിട്ടായിരിക്കില്ല. എന്നാലൊരുപക്ഷേ, സുകുമാരനും മല്ലികയും ചെറുപ്പകാലത്തെ പൃഥ്വിരാജും ചേര്‍ന്നുള്ള പഴയ ഫോട്ടോ സിനിമയില്‍ ഉപയോഗിക്കുന്നത് ആദ്യമായിട്ടായിരിക്കണം. അതും ഈ സിനിമയിലെ കൗതുകമുള്ളൊരു ദൃശ്യമാണ്. 

https://malayalam.samayam.com/malayalam-cinema/movie-review/prithviraj-nayanathara-mallika-sukumaran-chemban-vinod-shammi-thilakan-santhi-krishna-vinay-fort-starrer-gold-movie-review-rating/moviereview/95912775.cms

(TIMES OF INDIA സമയം മലയാളം 2022 ഡിസംബര്‍ 01)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്