ജയ ജയിച്ചു... ദര്‍ശനയുടേയും ബേസിലിന്റേയും കിടിലന്‍ പ്രകടനം (ജയ ജയ ജയ ജയ ഹേ)


സാധാരണ രീതികളിലൂടെ അസാധാരണ പശ്ചാതലമൊരുക്കി രണ്ടര മണിക്കൂര്‍ നേരം കാഴ്ചക്കാര്‍ക്കു മുമ്പില്‍ ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് ജയജയജയ ജയഹേ. പേര് വായിക്കുമ്പോള്‍ എത്ര 'ജയ' വരുന്നുണ്ടെന്ന് സംശയം തോന്നുമെങ്കിലും ദേശീയഗാനത്തിന്റെ അവസാന വരി മൂളി നോക്കിയാല്‍ സംഗതി പിടികിട്ടും. സ്‌കൂളില്‍ ജയജയജയ ജയഹേ പാടിയാല്‍ പിറകെ നീണ്ട ബെല്ലുകൂടി പശ്ചാതലത്തിലുണ്ടാകുമെങ്കിലും ഈ സിനിമ പ്രേക്ഷകന്‍ പ്രതീക്ഷിക്കാത്തിടത്ത് അവസാനിപ്പിച്ച് രണ്ടാം പകുതിയിലുടനീളം വരുന്ന പല ട്വിസ്റ്റുകളിലൊന്നായി വെള്ളിത്തിരയില്‍ സംവിധായകന്റെ പേരും തെളിയും. 

ഒരു പെണ്‍കുട്ടിയുടെ ചിന്തയും കാഴ്ചപ്പാടുകളും രീതിയുമൊക്കെയാണ് സിനിമ അവതരിപ്പിക്കുന്നതെങ്കിലും ആദ്യ ഭാഗങ്ങളിലെല്ലാം തികച്ചും സ്ത്രീ വിരുദ്ധമാണല്ലോ എന്ന തോന്നലുണ്ടാക്കുകയും ചെയ്യും. ചെറിയ സംഗതികളിലൂടെ സമൂഹം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്ന് കാണിക്കുകയും നീതി, സമത്വം, സ്വാതന്ത്ര്യമെന്ന് ആയിരം തവണ ഇംപോസിഷന്‍ എഴുതിക്കുകയും ചെയ്യുകയാണ് ജയജയജയ ജയഹേ.

തനിക്ക് കയ്യെത്താത്ത പറങ്കി മാങ്ങ ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്ന കാലില്‍ കൊലുസിട്ടോടുന്ന പെറ്റിക്കോട്ടുകാരി പെണ്‍കുട്ടിക്ക് എന്നെങ്കിലുമൊരിക്കല്‍ തന്റെ അടക്കിവെക്കലുകളെ പിടിച്ചെടുക്കാനാവുമെന്ന് കാണിച്ചു തരുന്നുണ്ട്. എല്ലാം അവസാനിക്കുമെന്നു തോന്നുന്നിടത്താണ് പലതും തുടങ്ങുന്നതെന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുകയല്ല കാണിച്ചു കൊടുക്കുകയാണ് സിനിമ ചെയ്യുന്നത്. 

ബേസില്‍ ജോസഫിന്റെ രാജ്ഭവനില്‍ രാജേഷും ദര്‍ശന രാജേന്ദ്രന്റെ ജയഭാരതിയും മാത്രമല്ല അസീസ് നെടുമങ്ങാടിന്റെ അനിയേട്ടനും സുധീര്‍ പറവൂറിന്റെ മണി അമ്മാവനും ആനന്ദ് മന്മഥന്റെ ജയനും മഞ്ജു പിള്ളയുടെ കുടുംബ കോടതി ജഡ്ജിയും മാത്രമല്ല സിനിമയിലൂടനീളം കടന്നു വരുന്ന കഥാപാത്രങ്ങളെല്ലാം അതീവ ലളിതമായാണ് വെള്ളിത്തിരയില്‍ തങ്ങളുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അജു വര്‍ഗ്ഗീസിന് കാര്യമായൊന്നും ചെയ്യാനില്ലാത്തതുകൊണ്ടാവാം ചെറിയ ഭാഗത്തു മാത്രം അദ്ദേഹത്തെ അവതരിപ്പിച്ചത്. 

തമാശയ്ക്കും ആക്ഷേപഹാസ്യത്തിനുമിടയിലെ നേര്‍ത്ത രേഖ പലപ്പോഴും മാഞ്ഞുപോകുന്നുണ്ട് സിനിമയില്‍. ബേസില്‍ ജോസഫിന്റെ 'സാധാരണ മലയാളി' പയ്യനും ദര്‍ശനയുടെ സ്വയം പഠിച്ചെടുത്ത് മുന്നേറാന്‍ ശ്രമിക്കുന്ന പുതിയ മലയാളി പെണ്‍കുട്ടിയും/ സ്ത്രീയും സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്. 


ഒറ്റക്കാഴ്ചയില്‍ 'നെഹ്‌റു ഇന്ദിരാഗാന്ധിയെ വളര്‍ത്തിയ പോലെ'യാണ് ജയയെ അവളുടെ അച്ഛനും വളര്‍ത്തുന്നതെന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തുകയും ഏറ്റവും അനുയോജ്യമായ അവസരങ്ങളില്‍ 'കൊല്ലത്തെ ഇന്ദിരാഗാന്ധി' എങ്ങനെയായിരുന്നെന്ന് കാണിക്കുകയും ചെയ്യുന്നു രചയിതാവ് നാഷിദ് മുഹമ്മദ് ഫാമിയും സഹരചയിതാവും സംവിധായകനുമായ വിപിന്‍ ദാസും. 

എം എസ് എസ് കോളജിലെ സ്ത്രീ മുന്നേറ്റങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന മാഷ്, 'കണ്ടാല്‍ പാവ'മായ ദേഷ്യക്കാരന്‍ ഭര്‍ത്താവ്, വളര്‍ത്തി വലുതാക്കിയ അച്ഛന്‍, എല്ലാറ്റിലും അഭിപ്രായവുമായെത്തുന്ന അമ്മാവന്‍, ആവശ്യത്തിനും അനാവശ്യത്തിനും കളിയാക്കുകയോ കൂടെ നില്‍ക്കുകയോ ചെയ്യുന്ന ആങ്ങള തുടങ്ങി പെണ്‍കുട്ടിയുടെ 'ജീവിതം നിയന്ത്രിക്കുന്ന' 'കുടുംബത്തില്‍' പിറന്ന ആണുങ്ങളെ മാത്രമല്ല കരഞ്ഞു കലങ്ങിയ കണ്ണുള്ള അമ്മയും കെട്ട്യോന്‍ കൂട്ടിക്കൊണ്ടുപോകാത്ത നാത്തൂനും മോന്റെ പ്രവര്‍ത്തികളെല്ലാം പാവത്തരങ്ങളെന്ന് കരുതുന്ന വീട്ടമ്മയും കുടുംബശ്രീയിലെ പെണ്ണുങ്ങളും ഉള്‍പ്പെടെ 'കുടുംബത്തില്‍ പിറന്ന' സ്ത്രീകളുമുണ്ട് സിനിമയില്‍ കഥാപാത്രങ്ങള്‍. പക്ഷേ, സാഹചര്യത്തിനനുസരിച്ച് ഇവരെല്ലാം തങ്ങളുടെ നിലപാടുകള്‍ മാറ്റുമെന്ന് മാത്രം. 

വനിതാ, കുടുംബ പ്രേക്ഷകരെയാണ് ജയജയജയ ജയഹേ കൂടുതല്‍ ആകര്‍ഷിക്കുക. തട്ടുപൊളിപ്പന്‍ രംഗങ്ങളോ ദ്വയാര്‍ഥ പ്രയോഗങ്ങളോ ഇല്ലാത്തതുകൊണ്ടുതന്നെ നമ്മുടെ കുടുംബത്തില്‍ നടക്കുന്ന ഒരു സംഭവമെന്ന രീതിയില്‍ ഈ സിനിമ കാണാനാകും.

ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണം ചേര്‍ന്ന് നിര്‍മിച്ച ജയജയജയ ജയഹേ വിപിന്‍ ദാസാണ് സംവിധാനം നിര്‍വഹിച്ചത്. ഗോകുല്‍ സുരേഷിനെ നായകനാക്കിയ മുത്തുഗൗ, സൈജു കുറുപ്പ് നായകനായ അന്താക്ഷരി എന്നിവയാണ് വിപിന്‍ദാസ് നേരത്തെ ചെയ്ത ചിത്രങ്ങള്‍. 

https://malayalam.samayam.com/malayalam-cinema/movie-review/basil-joseph-darshana-rajendran-azees-nedumangad-manju-pillai-aju-varghese-sudheer-paravoor-starrer-jaya-jaya-jaya-jayahey-review-rating-in-malayalam/moviereview/95143932.cms


(THE TIMES OF INDIA സമയം മലയാളം 2022 ഒക്ടോബര്‍ 10)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്