ഖത്തറിന്റെ മാന്ത്രികച്ചെപ്പ് തുറക്കാന്‍ ഇനി മുപ്പതുനാള്‍


മുപ്പത് ദിവസങ്ങള്‍ക്കപ്പുറം പിന്നൊരു 29 ദിവസം ലോകം ഒരു പന്തിനു പിന്നിലായിരിക്കും. ഖത്തറിലെ മൈതാനങ്ങളിലുരുളുന്ന പന്തിലും അതിനെ നിയന്ത്രിക്കുന്ന കാലുകളിലും മാത്രം ലോകം ശ്രദ്ധിക്കുന്ന ദിനങ്ങള്‍. ലോകത്തിന്റെ കാഴ്ചകളും ജീവിതവും വെള്ളനിറം കൊണ്ടടയാളപ്പെടുത്തിയ പച്ചപ്പുല്‍ മൈതാനികളില്‍ കുടുങ്ങിപ്പോകുന്ന സായാഹ്നങ്ങള്‍.

ഒരു മൈതാനിയില്‍ നിന്നും കളി നടക്കുന്ന മറ്റൊരു മൈതാനിയിലേക്ക് മണിക്കൂറൂകളോളം വിമാന യാത്ര ചെയ്താല്‍ മാത്രമെത്താവുന്ന ലോകകപ്പുകളായിരുന്നു ഇതുവരെ കണ്ടത്. ഖത്തറില്‍ അതിനൊരു മാറ്റം വരുന്നു. താത്പര്യവും ടിക്കറ്റുമുണ്ടെങ്കില്‍ ഒരു ദിവസം രണ്ട് കളികള്‍ രണ്ടു സ്റ്റേഡിയങ്ങളിലിരുന്ന് കാണാനാവും ഖത്തര്‍ ലോകകപ്പില്‍.

  ഇന്ത്യക്കാരേയും പ്രത്യേകിച്ച് മലയാളികളെയും സംബന്ധിച്ചിടത്തോളം വീട്ടുമുറ്റത്തെ ലോകകപ്പാണിതെന്നത് പറഞ്ഞു പഴകിപ്പോയ വാചകമാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി ഇത് പലപ്പോഴായി പറയുന്നുണ്ടെങ്കിലും സംഗതി യാഥാര്‍ഥ്യമാണ്. സ്വദേശികളായ ഖത്തരികളോളമോ ചിലപ്പോള്‍ അവരേക്കാള്‍ കൂടുതലോ ഇന്ത്യക്കാരും ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളുമുള്ള രാജ്യമാണ് ഖത്തര്‍. ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ നടക്കുകയാണെങ്കില്‍ പോലും മലയാളിക്ക് എത്തിച്ചേരാനാവില്ലെന്ന് ഉറപ്പുള്ള എല്ലാ മേഖലകളിലും നിറയെ മലയാളി സാന്നിധ്യമുള്ള ലോകകപ്പാണെന്ന പ്രത്യേകത കൂടിയുണ്ട് ഫിഫ ലോകകപ്പ് 2022 ഖത്തറിന്. 

സ്റ്റേഡിയത്തിലെ പച്ചപ്പുല്ലില്‍ പന്തു തട്ടുന്ന താരങ്ങളും കളി നിയന്ത്രിക്കുന്ന റഫറിമാരുമൊഴികെ മറ്റെല്ലാ മേഖലകളിലേയും മലയാളി സാന്നിധ്യം അതിശയോക്തിയല്ല. സ്റ്റേഡിയം നിര്‍മാണം മുതല്‍ ബോള്‍ ബോയ് വരെ, ലോകകപ്പ് സംഘാടക സമിതി മുതല്‍ വളണ്ടിയര്‍ വരെ, പരുക്കേറ്റ കളിക്കാരെ ചികിത്സിക്കുന്ന ഡോക്ടറും നഴ്സും മുതല്‍ കളി കാണാനെത്തുന്ന വിദേശികളിലാര്‍ക്കെങ്കിലും അസുഖമോ ദുരന്തമോ സംഭവിച്ചാല്‍ ആശുപത്രിയിലേക്ക് ഹോണടിച്ചോടുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും വരെ, ലോകകപ്പ് ഉയര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന അര്‍ജന്റീനയുടെ മീഡിയ പവലിയനില്‍ മുതല്‍ സ്റ്റേഡിയങ്ങളില്‍ ആരവങ്ങള്‍ മുഴക്കുന്ന കളിയാരാധകന്‍ വരെ വ്യത്യസ്ത മേഖലകളില്‍ മലയാളി സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ലോകകപ്പാണ് ഖത്തറിലേത്. ലോകമെമ്പാടുമിരുന്ന് ടെലിവിഷനില്‍ കളി കാണുന്നവര്‍ക്ക് മെസിയേയും നെയ്മറേയും മാത്രമല്ല നാദാപുരത്തെ കുഞ്ഞാലിക്കയേയും തിരുവല്ലയിലെ ജോര്‍ജ്ജേട്ടനേയും തിരുവനന്തപുരത്തെ സ്നേഹലതയേയും കൂടി സ്റ്റേഡിയത്തിലെ ആരവങ്ങളില്‍ കാണാനാവും. ഒരുപക്ഷേ, അവരുടെയെല്ലാം ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം- ലോകം മുഴവനുമുള്ള ടെലിവിഷനില്‍ മിന്നിമറയുന്ന കാഴ്ച!  


ഇന്ത്യയുടെ ഏറ്റവും തെക്കുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നോ തൂത്തുക്കുടി ആഭ്യന്തര ടെര്‍മിനലില്‍ നിന്നോ ഏറ്റവും വടക്ക് ലേയിലുള്ള കുഷോക് ബകുല റിംപോച്ചി എയര്‍പോര്‍ട്ടിലേക്കോ ശ്രീനഗറിലെ ശൈഖുല്‍ ആലം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കോ 2800ലേറെ കിലോമീറ്ററും വടക്കു കിഴക്കന്‍ അതിര്‍ത്തിയിലെ തേസുവിലേക്ക് 2900ലേറെ കിലോമീറ്ററും ആകാശ യാത്രയുള്ളപ്പോള്‍ കോഴിക്കോട് നിന്ന് ദോഹയിലേക്ക് 3009 കിലോമീറ്ററാണ് ആകാശദൂരം. ഇന്ത്യയിലെ ഒരറ്റത്തു നിന്നും മറ്റൊരറ്റത്തുള്ള വിമാനത്താവളത്തിലേക്ക് നേരിട്ട് പറന്നാല്‍ പോലും ഇത്രയും ദൂരമുള്ളപ്പോഴാണ് കടലുകള്‍ കടന്നെത്തുന്ന ദോഹയിലേക്കും അത്രയും മാത്രം ദൂരമുള്ളത്. യു എ ഇയും ഒമാനുമൊക്കെ ഇതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലാണെന്നത് വേറെ കാര്യം. അതുകൊണ്ടു കൂടിയാണ് മലയാളിക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ഡല്‍ഹിയേക്കാളും ശ്രീനഗറിനേക്കാളും മുറ്റത്താകുന്നത്.

മറ്റൊരു കൗതുകം ദോഹയിലേക്ക് നേരിട്ട് പറക്കാമെന്നിരിക്കെ ഇന്ത്യയില്‍ പലയിടത്തേക്കും നേരിട്ടുള്ള വിമാനങ്ങളില്ലെന്നതാണ്. മണിക്കൂറുകളോ ദിവസമോ എടുക്കും വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തേക്കെത്താന്‍.  

തമാശ അവിടേയും തീരില്ല. കൊച്ചിയില്‍ നടക്കുന്ന ഐ എസ് എല്‍ ഫുട്ബാള്‍ മത്സരം കാണാന്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒരാള്‍ വരികയാണെങ്കില്‍ മൂന്നു മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് അദ്ദേഹം യാത്ര ചെയ്യേണ്ടത്. ആറായിരം മുതല്‍ പതിനായിരം രൂപ വരെ വിമാന ടിക്കറ്റിന് ചെലവഴിക്കേണ്ടതുമുണ്ട്. ചില സമയങ്ങളില്‍ നേരിട്ടുള്ള വിമാനങ്ങളുമുണ്ടാകില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നയാള്‍ ടാക്സി മാര്‍ഗ്ഗം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താന്‍ പിന്നേയും ഏറ്റവും ചുരുങ്ങിയത് 25 കിലോമീറ്റര്‍ ദൂരം മുക്കാല്‍ മണിക്കൂര്‍ നേരം യാത്ര ചെയ്യണം. അഞ്ഞൂറിലേറെ രൂപയാകും ആ യാത്രയില്‍ ഊബര്‍ ടാക്സിക്ക്.

കോഴിക്കോട് നിന്നോ കൊച്ചിയില്‍ നിന്നോ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ പറക്കാന്‍ എട്ടായിരം മുതല്‍ ഇരുപതിനായിരം രൂപ വരെയുള്ള നിരക്കില്‍ ടിക്കറ്റ് കിട്ടും. നേരിട്ടുള്ള വിമാനങ്ങളാണെന്ന് മാത്രമല്ല, വിമാനത്താവളത്തില്‍ നിന്നും ഏറ്റവും അടുത്തുള്ള ലോകകപ്പ് സ്റ്റേഡിയങ്ങളായ വക്റയിലെ അല്‍ ജനൂബിലേക്കോ തുമാമയിലെ ഗഹ്ഫിയയിലേക്കോ റാസ് അബുഅബൗദിലെ 974ലേക്കോ എത്താന്‍ പത്തോ പതിനഞ്ചോ മിനിട്ടോ യാത്രയ്ക്ക് മിനിമം ചാര്‍ജോ അതിലല്‍പ്പം കൂടുതലോ മതിയാകും ടാക്സി ചാര്‍ജ്. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തനം സജ്ജമാക്കിയ പഴയ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആഞ്ഞുവലിച്ചൊന്ന് നടന്നാല്‍ പോലും തുമാമയിലോ റാസ് അബുഅബൗദിലോ എത്തിച്ചേരാനാവും.

അറബിക്കടലിന് മുകളില്‍ നിന്നും ദോഹ കോര്‍ണിഷിലേക്കും തുടര്‍ന്ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കോ പ്രവേശിക്കുന്നതിന് മുമ്പ് താഴേക്കൊന്ന് പാളി നോക്കിയാല്‍ ലോകകപ്പ് സ്റ്റേഡിയങ്ങളിലൊന്നായ 974 കാണാനാവും. പൂര്‍ണമായും പൊളിച്ചു മാറ്റാനാവുന്ന തരത്തില്‍ കണ്ടയ്നറുകള്‍കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യത്തെ സ്റ്റേഡിയം.

എന്നോ തുടങ്ങിക്കഴിഞ്ഞ ആരവങ്ങള്‍ ഉച്ചസ്ഥായിയിലേക്കെത്തുകയാണ്. 2010 ഡിസംബര്‍ രണ്ടിന് 2022ലെ ഫിഫ ലോകകപ്പ് വേദി ഖത്തറിനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും അദ്ദേഹത്തിന്റെ പത്നി ശൈഖ മോസ ബിന്‍ത് നാസറും ലോകകപ്പ് മാതൃക ഉയര്‍ത്തി പ്രകടിപ്പിച്ചപ്പോള്‍ തുടങ്ങിയ ആഹ്ലാദം 2022 ഡിസംബര്‍ 18ന് ലോകചാമ്പ്യന്മാരാകുന്ന രാജ്യം കപ്പുയര്‍ത്തുന്നതുവരെ തുടരും. കടലാഴങ്ങളില്‍ ചെപ്പിലൊളിപ്പിച്ച മുത്ത് കണ്ടെത്തിയും ഭൂമിക്കടിയിലെ പെട്രോളും ഗ്യാസും കണ്ടെത്തിയും ലോകത്ത് അത്ഭുതങ്ങള്‍ കാണിച്ച രാജ്യം ഫിഫ ലോകകപ്പ് 2022 ഖത്തര്‍ മത്സരങ്ങള്‍ക്കായി ഒരുക്കിവെച്ച അത്ഭുതക്കാഴ്ചകള്‍ക്ക് വേണ്ടി കൗതുകത്തോടെ കാത്തിരിക്കുകയാണ് ലോകം.

(ഫോട്ടോകള്‍ക്ക് ഖത്തര്‍ എയര്‍വെയ്സിനോട് കടപ്പാട്)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്