നവ്യ; ബാലാമണിയില്‍ നിന്ന് രാധാമണിയിലെത്തുമ്പോള്‍


'ഞാന്‍ കണ്ടു, ഞാനേ കണ്ടുള്ളു, ഞാന്‍ മാത്രമേ കണ്ടുള്ളു' എന്നു പറയുന്ന നന്ദനത്തിലെ നിഷ്‌കളങ്കയായ ബാലാമണിയില്‍ നിന്ന് ഉള്ളിലെ തീ ആളിക്കത്തിക്കുന്ന ഒരുത്തീയിലെ രാധാമണിയിലെത്തുമ്പോള്‍ കഥയും കഥാപാത്രങ്ങളും മാത്രമല്ല അഭിനേത്രിയും ഏറെ മാറിയിട്ടുണ്ട്. ആരോരുമില്ലാത്തൊരു വാല്യേക്കാരി കുട്ടി കൃഷ്ണപ്രണയത്തെ നെഞ്ചിലേറ്റിയൊടുവില്‍ തന്റെ മായിക കാഴ്ചകളിലേക്ക് ലയിച്ചു നില്‍ക്കുന്നതാണ് ബാലാമണിയെങ്കില്‍ എല്ലാവരുമുള്ളൊരു കുടുംബനാഥ ഏറ്റവും അത്യാവശ്യമായ ഘട്ടത്തില്‍ യാഥാര്‍ഥ്യത്തിന്റെ ഏറ്റവും ചൂടുള്ള കനല്‍ പാതകള്‍ ഒറ്റക്ക് ചവിട്ടിക്കയറിപ്പോയി ലക്ഷ്യം നേടുന്നതാണ് രാധാമണി. ആദ്യത്തേത് കൃഷ്ണന്റെ നന്ദനത്തിലെ മായക്കാഴ്ചകളാണെങ്കില്‍ രണ്ടാമത്തേത് മെട്രോ നഗരമധ്യത്തിലെ സമാനതകളില്ലാത്ത നേരനുഭവങ്ങളാണ്. 

താത്ക്കാലിക ജോലി ചെയ്തും കുടുംബത്തെ നോക്കിയും തന്റേയും കൂട്ടുകാരുടേയും സന്തോഷത്തിന് തിരുവാതിര കളിച്ചും വലിയ പ്രയാസങ്ങളില്ലാതെ മുമ്പോട്ടു പോയിരുന്ന സാധാരണക്കാരി യുവതിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങളെയാണ് ഒരുത്തീയിലൂടെ നവ്യയുടെ രാധാമണി ആവിഷ്‌ക്കരിക്കുന്നത്. പഴയ പ്രണയിനി നായികയില്‍ നിന്ന് സ്വന്തം കഴിവുകൊണ്ട് ഒരു സിനിമയെ മുമ്പോട്ടു നയിക്കാനാവുന്ന 'ബോള്‍ഡ്' കഥാപാത്രത്തിലേക്ക് നവ്യയെത്തുമ്പോള്‍ ഒരുത്തീ വെറും തീയും വെറുമൊരുത്തിയുമല്ല, തീ ഉള്ളിലുള്ള ഒരുത്തിയായി മാറുന്നു. 

സമാന്തരമായി നീങ്ങുന്ന രണ്ട് സംഭവങ്ങളിലൂടെ കഥയുടെ പുരോഗതി കാഴ്ചക്കാരിലേക്കെത്തിക്കാനാവുന്നുണ്ട്. ഇന്ത്യാ മഹാരാജ്യത്തിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റേയും കോടികള്‍ മാറിമറിയുന്ന അധികാര വേലത്തരങ്ങളും ഒരു സാധാരണ വീട്ടമ്മയുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമായി കൂട്ടിച്ചേര്‍ത്ത് മനോഹരമായി പുരോഗമിക്കുന്നുണ്ട്. കര്‍ണാടക രാഷ്ട്രീയത്തിലെ നാണംകെട്ടൊരു അധ്യായത്തെയാണ് എറണാകുളത്ത് കായല്‍ത്തീരത്ത് ജീവിക്കുന്ന ഒരു യുവതിയിലൂടെയും അവളുടെ കുടുംബത്തിലൂടേയും ചേര്‍ത്തുവെക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നാണംകെട്ട നിലപാടുകള്‍ക്ക് വേണ്ടി മുടക്കുന്ന കോടികളുടെ കണക്കിന് എത്ര സാധാരണ ജീവിതങ്ങളുടെ പ്രതിസന്ധിയുടെ വിയര്‍പ്പു മണമുണ്ടെന്ന് ഒരുത്തീ പറയാതെ പറയുന്നു. 

രാഷ്ട്രീയ പ്രമേയങ്ങളോ സിദ്ധാന്തങ്ങളോ, എന്തിനധികം ഒരു രാഷ്ട്രീയക്കാരനേയും കഥാപാത്രമായി നേരിട്ട് അവതരിപ്പിക്കാതിരുന്നിട്ടും ശക്തമായ രാഷ്ട്രീയമാണ് ഒരുത്തീ പറയുന്നത്. കിലുങ്ങുന്ന കോടികളുടെ ബലത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ചാടി തങ്ങളുടെ നേട്ടങ്ങള്‍ കൊയ്യുകയും വോട്ടുചെയ്ത ദരിദ്ര കോടികളെ ഹുങ്കോടെ തള്ളിക്കളയുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കര്‍ണാടക രാഷ്ട്രീയത്തിലെ ഒരു സംഭവവുമായി ചേര്‍ത്താണ് സിനിമ അവതരിപ്പിക്കുന്നത്. 

ഇന്ത്യന്‍ രാഷ്ട്രീയം എം എല്‍ എമാരെ വിലക്കുവാങ്ങാന്‍ മൂന്നുദിവസത്തിനകം കോടികളുണ്ടാക്കുമ്പോള്‍ ആശുപത്രിയിലായ മകളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു ഇന്ത്യയിലെ യുവതി. 

നീതിയെന്നത് തനിക്കു മാത്രമല്ല തന്നെപോലുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് സ്വയം തിരിച്ചറിയുന്നിടത്ത് സിനിമ അവസാനിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് പുതിയ സന്ദേശങ്ങളാണ് അത് നല്കുന്നത്. 

ആദ്യ പകുതിയില്‍ ഒരല്‍പം മന്ദഗതിയിലാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും രണ്ടാം പകുതി വ്യത്യസ്തമായ സമീപനങ്ങളിലൂടെ ശ്രദ്ധേയമാകുന്നുണ്ട്. ന്യൂജെന്‍ കാലത്തിനു മുമ്പുള്ള മലയാള സിനിമയെ ഓര്‍മിപ്പിക്കുന്നതാണ് ആദ്യ രംഗങ്ങളെങ്കിലും അതില്‍ നിന്നെല്ലാം വളരെ പെട്ടെന്ന് കുതറി മാറാനും സമകാലികാവസ്ഥയിലേക്കെത്താനും ഒരുത്തീയ്ക്ക് സാധിക്കുന്നുണ്ട്. 

ഒരു യഥാര്‍ഥ സംഭവത്തെ അവലംബമാക്കി എസ് സുരേഷ് ബാബു വികസിപ്പിച്ചെടുത്ത കഥാതന്തു അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ബെന്‍സി നാസര്‍ നിര്‍മിച്ച ഒരുത്തീ വി കെ പ്രകാശാണ് സംവിധാനം നിര്‍വഹിച്ചത്. 

സംഭവത്തിന്റെ തീവ്രത കാഴ്ചക്കാരനിലേക്ക് പകരാനാവണം ചില രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതുപോലെയും ദൈര്‍ഘ്യമേറിയതുപോലെയും അനുഭവപ്പെട്ടേക്കാം. സിനിമ ആകെ ആവശ്യപ്പെടുന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായിട്ടായിരിക്കണം ഇത്തരം രംഗങ്ങള്‍ കടന്നുവന്നിട്ടുണ്ടാവുക. 

ഒരുത്തീയിലെ നായികയും ഒരുത്തിയും തീയുമൊക്കെയായ നവ്യാനായരുടെ അഭിനയം തന്നെയാണ് ആദ്യം എടുത്തുപറയേണ്ടത്. ഒരു വീട്ടമ്മയുടെ എല്ലാ ഭാവഭേദങ്ങളും നിരാശയും പ്രതീക്ഷയും ആശങ്കയും ആകുലതയും സന്തോഷവുമെല്ലാം നവ്യ പ്രകടിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പിന് വേണ്ടി മാത്രമായി ദുബൈ ചിത്രീകരിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമൊക്കെ തനിക്ക് ലഭിക്കുന്ന ഏതു വേഷവും മനോഹരമാക്കുന്ന സൈജു കുറുപ്പ് ഒരുത്തീയിലും തന്റെ ഭാഗം കൃത്യമാക്കിയിട്ടുണ്ട്. മക്കളുടെ വേഷമിട്ട കുട്ടികളും ചെറിയ രംഗങ്ങളിലാണെങ്കിലും കടന്നു വരുന്ന സ്ത്രീ കഥാപാത്രങ്ങളുമെല്ലാം നന്നായിട്ടുണ്ട്. 

പൊലീസ് വേഷത്തിലെത്തുന്ന വിനായകനാണ് സിനിമയിലെ മറ്റൊരു ആകര്‍ഷണം. കാക്കിയുടുപ്പിട്ടതുകൊണ്ടു മാത്രം തന്റെയും കുടുംബത്തിന്റേയും കാര്യങ്ങള്‍ പരിഗണിക്കാനാവാതെ വരുന്നതിന്റെ നിരാശ മുഴുവനുമുണ്ടായിട്ടും തന്റെ പ്രതികരണം വലിയ ഫലങ്ങളുണ്ടാക്കുമെന്ന് തോന്നിയ സമയത്ത് അത് ചെയ്യാന്‍ മാത്രമല്ല, ഭാര്യയോട് 'നീ ബേക്കല്‍ കോട്ട കണ്ടിട്ടില്ലല്ലോ, എന്നാല്‍ കാണാന്‍ ഒരുങ്ങിക്കോ' എന്നു പറയുന്ന വളരെ അര്‍ഥവത്തായൊരു സംഭാഷണം കൂടി ചേര്‍ത്തുവെച്ചിട്ടുണ്ട് വിനായകന്റെ സബ് ഇന്‍സ്‌പെക്ടറില്‍. 

സ്ത്രീ പ്രേക്ഷകരേയും കുടുംബങ്ങളേയും ഏറെ ആകര്‍ഷിക്കുന്ന സിനിമയായിരിക്കും ഒരുത്തീ. നവ്യയുടെ രാധാമണിയില്‍ നിന്നും പെണ്‍കുട്ടികളും വീട്ടമ്മമാരും പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യും. 

നായകന്‍മാരുടെ തണല്‍ പറ്റി നിന്ന് പാട്ടുപാടുന്ന നായികയില്‍ നിന്നും ഒറ്റക്കു നിന്ന് തീ പാറിക്കുന്ന കഥാപാത്രത്തിലേക്ക് മാറിയെന്നതാണ് ഒരു പതിറ്റാണ്ടിനു ശേഷം മലയാള വെള്ളിത്തിരയിലേക്ക് മടങ്ങി വന്ന നവ്യ പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുക്കുന്നത്. 

www.onthebillboard.comല്‍ 20-03-2022ല്‍ പ്രസിദ്ധീകരിച്ചത്

https://onthebillboard.com/navya-from-balamani-to-radhamani


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്