ഗാന്ധിജി കൊല്ലപ്പെടുന്നില്ല; ഗോഡ്‌സേക്ക് വെടിയുണ്ട നഷ്ടം


അതെ, ഇന്നു തന്നെയാണ് ആ സഹായം പുറത്തു വരേണ്ട ദിവസം. മഹാത്മാ ഗാന്ധിയെ വിനായക് നാഥുറാം ഗോഡ്‌സെയെന്ന വര്‍ഗ്ഗീയവാദി വെടിവെച്ചു കൊന്ന അതേ ദിവസം തന്നെയാണ് ഈ പ്രഖ്യാപനം വരേണ്ടത്. ഗാന്ധിജിയെ കൊല്ലാനാവില്ലെന്ന് തിരിച്ചറിയേണ്ട ദിവസം. 

മറ്റൊന്നുമല്ല, അട്ടപ്പാടിയില്‍ വിശപ്പുമാറ്റാന്‍ ഭക്ഷണം മോഷ്ടിച്ചെന്നു പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസിയില്ലേ, മധു. ആ കൊലക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ പോലും ആരുമില്ലാത്ത അവസ്ഥ വന്നപ്പോള്‍ കോടതി ഉന്നയിച്ച ചോദ്യമുണ്ടല്ലോ, ആ ചോദ്യത്തിന് മുന്‍ വക്കീലും ഇപ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് മലയാളത്തിന്റെ അഭിമാനവുമായ പത്മശ്രീ ഡോ. ഭരത് മമ്മൂട്ടിയെന്ന മനുഷ്യന്‍ സമൂഹത്തിന് നല്കിയ മറുപടിയും ഇന്നുതന്നെയാണ് പുറത്തുവരേണ്ടത്. 


എത്ര കൊന്നാലും ഗാന്ധിജി പിന്നേയും പിന്നേയും ഇന്ത്യയിലുണ്ടാകുമെന്നതിന് തെളിവാണ് മമ്മൂട്ടി മധുവിന്റെ കുടുംബത്തിന് നല്കിയ വാഗ്ദാനം. ഏറ്റവും ആവശ്യമുള്ളവന്റെ മുന്നിലാണല്ലോ ദൈവം സഹായമായി പ്രത്യക്ഷപ്പെടേണ്ടത്. 1933ല്‍ ഗാന്ധിജി ആരംഭിച്ച പത്രത്തിന്റെ പേര് ഹരിജന്‍ എന്നായിരുന്നു- ദൈവത്തിന്റെ ജനങ്ങളെന്നര്‍ഥം. തൊട്ടുകൂടാത്ത ജാതിയേയും വിളിക്കുന്നത് ഇതേ പേരില്‍ തന്നെ. 

കേസ് നടത്തിപ്പിന് മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്‌തെന്നു മാത്രമല്ല മമ്മൂട്ടി നിയമമന്ത്രി പി രാജീവുമായി ഇക്കാര്യം ചര്‍ച്ച നടത്തുകയും ചെയ്തു. മധുവെന്ന ആദിവാസിക്കു വേണ്ടി ഏതറ്റം വരെയും സഹായം നല്കാനും അതിലുപരി തന്റെ ഓഫിസിലുള്ളവരോട് അട്ടപ്പാടിയില്‍ ചെന്ന് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനും അദ്ദേഹം ചട്ടംകെട്ടിയിരിക്കുന്നു. 

കേസിന്റെ മുഴുവന്‍ ചെലവുകളും ഏറ്റെടുത്ത് ചെയ്യാമെന്ന് മമ്മൂട്ടിയുടെ ഓഫിസില്‍ നിന്നും ഫോണില്‍ വിളിച്ചറിയിച്ചതായി മധുവിന്റെ സഹോദരി സരസുവാണ് ലോകത്തെ അറിയിച്ചത്. 


ഇന്നലെ രാത്രിയാണ് സിനിമാ പി ആര്‍ ഒ പി ശിവപ്രസാദ് ഒരു സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ റിലീസായ വാര്‍ത്ത അയച്ചു തന്നത്. ആദിവാസി എന്നായിരുന്നു സിനിമയുടെ പേര്- ആദിവാസി ദി ബ്ലാക്ക് ഡെത്ത്. അപ്പാനി ശരത്താണ് നായകന്‍. ആ ടീസറും അതിന്റെ പോസ്റ്ററും കണ്ട് കുറേ സമയം തരിച്ചിരുന്നു പോയി. മധു കൊല്ലപ്പെട്ട ദിവസം ആ വാര്‍ത്തയറിഞ്ഞ് ഞെട്ടിത്തരിച്ച അതേ വികാരത്തില്‍. മധുവിന്റെ അതേ രൂപത്തില്‍ പോസ്റ്ററിലും ടീസറിലും പ്രത്യക്ഷപ്പെടുന്ന അപ്പാനി ശരത്. കുറേപ്പേര്‍ ചേര്‍ന്ന് ഒരുമുളവടിയില്‍ കെട്ടിത്തൂക്കി ഒരു പാലത്തിനു മുകളിലൂടെ കൊണ്ടുപോകുന്ന കേവലം 27 സെക്കന്റ് മാത്രമുള്ള ടീസര്‍. ആദിവാസിയെന്ന പേരും നിര്‍മാതാവ് സോഹന്‍ റോയിയുടേയും സംവിധായകന്‍ വിജീഷ് മണിയുടേയും പേരുകള്‍ തെളിയുമ്പോള്‍ തൊണ്ടയില്‍ നിന്നും വരുന്ന ഞെരക്കം മാത്രം മതി മുഴുവന്‍ ദൈന്യതയുടേയും ചിത്രം പകര്‍ത്താന്‍. ആദിവാസിയെന്ന അക്ഷരങ്ങള്‍ ചേര്‍ത്ത് കൈകള്‍ കൂട്ടിക്കെട്ടിയതുപോലും നൊമ്പരപ്പെടുത്തുന്ന ചിത്രമാണ്. 

ആദിവാസി സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ ഈ ലിങ്കില്‍ കാണാനാവും

മധു കൊല്ലപ്പെട്ട ദിവസം- 2018 ഫെബ്രുവരി 22ന്- ഈ വാര്‍ത്തറിഞ്ഞ് ഭാര്യ വാവിട്ട് കരഞ്ഞത് ഓര്‍മയുണ്ട്. ആദിവാസിയായ മധുവിനെ പോയിട്ട് അട്ടപ്പാടി പോലും അവള്‍ കണ്ടിട്ടില്ല. എന്നിട്ടും വിശന്നൊരാളെ മോഷ്ടിച്ചെന്ന കുറ്റത്തിന് ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയും അയാളുടെ സഞ്ചിയിലുള്ള സാധനങ്ങള്‍ പുറത്തെടുത്ത് അപമാനിക്കുകയും ചെയ്തത് ഹൃദയത്തില്‍ തീപ്പൊള്ളലേറ്റതുപോലെയാണവള്‍ ഏറ്റുവാങ്ങിയത്. 

മധു കൊല്ലപ്പെട്ടതിന് പിറ്റേന്ന് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലെഴുതി: 'മധുവിനെ ആദിവാസി എന്നുവിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്നുതന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതി പാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്‍പ്പിച്ചുകൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്വമുണ്ട്. മനുഷ്യന്‍ മനുഷ്യനത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റേയും വിചാരണയുടേയും കറുത്ത ലോകത്തു നിന്നുകൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു... മാപ്പ്...'

അന്നെഴുതിയ കുറിപ്പ് വെറും കുറിപ്പായിരുന്നില്ല. സഹായം ആവശ്യമായി വന്നപ്പോള്‍ തന്റെ അനുജനെ പോലെ മമ്മൂട്ടി മധുവിന് നീതി കിട്ടാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുന്നു. 

അതെ, ഗാന്ധിജിയെന്നത് ഇന്ത്യയില്‍ മുമ്പേ നടന്ന ഒരു മനുഷ്യന്റെ പേര് മാത്രമല്ല, അവശേഷിപ്പിച്ച ഒരു സംസ്‌ക്കാരത്തിന്റെ അകപ്പൊരുള്‍ കൂടിയാണ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്