മമ്മൂട്ടി; ഒറ്റപ്പര്യായം മാത്രമുള്ള പേര്


ഹൃദയം ത്രസിപ്പിക്കുകയോ ആഹ്ലാദചിത്തമാക്കുകയോ ചെയ്യുന്ന ഒരു പേര് പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അത് മമ്മൂട്ടി എന്നായിരിക്കും. എന്റെ ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടുമൊപ്പം ഹരമായി നിന്ന പേര്. മമ്മൂട്ടി എന്ന പേരിന് ഒറ്റ അര്‍ഥമേ ഉളളു, ഒറ്റപ്പര്യായമേ ഉള്ളു- അത് മമ്മൂട്ടി എന്നു മാത്രമാണ്. ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന രൂപം മാത്രമാണ് ആ പേരിന്റെ അര്‍ഥം. 

ഒരുപക്ഷേ തീര്‍ത്തും ഗ്രാമീണായിരുന്ന ഒരു മുസ്‌ലിം പേരിനെ സംസ്‌ക്കാരത്തിന്റേയും സൗന്ദര്യത്തിന്റേയും അനുഭവങ്ങളുടേയും ഗ്ലാമറിന്റേയും പേരാക്കിയതിന് മഹാരാജാസിലെ ആ കൂട്ടുകാരനോടായിരിക്കണം മലയാളം കടപ്പെടേണ്ടത്. ഒമര്‍ ഷരീഫെന്ന ലോകോത്തര താരത്തിന്റെ പേര് സ്വയമെടുത്തണിഞ്ഞാണ് ചെമ്പിലെ പാണപറമ്പില്‍ ഇസ്മാഈലിന്റെ മകന്‍ അഭിനയത്വരമൂത്ത് മഹാരാജാസിന്റെ ഇടനാഴികളില്‍ കോപ്രായം കാട്ടി നടന്നിരുന്നത്. കൂട്ടുകാര്‍ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയില്‍ തെറിച്ചു പോയ പുസ്തകത്തില്‍ നിന്നും പുറത്തേക്കുവീണ തിരിച്ചറിയല്‍ കാര്‍ഡില്‍ മുഹമ്മദു കുട്ടി എന്ന പേര് കണ്ടപ്പോള്‍ ഒമര്‍ ഷരീഫല്ല പേരെന്ന് തിരിച്ചറിഞ്ഞതോടെ 'നിന്റെ പേര് മമ്മൂട്ടിയെന്നാണല്ലേ'യെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ആ നിമിഷമുണ്ടല്ലോ, ചുറ്റും കൂടിയവര്‍ അന്നേരവും മലയാള സിനിമ ലോകം പിന്നീടുള്ള അരനൂറ്റാണ്ടിലേറെ കാലവും സ്തംഭിച്ചു നിന്ന സമയമായിരുന്നു അത്. എടാ മമ്മൂട്ടിയേ എന്നു വിളിച്ചത് കളിയാക്കാനായിരുന്നുവെങ്കിലും ആ പേര് തന്നെ മലയാളിയുടെ അഭിമാനമാക്കുന്നതില്‍ വിജയിച്ച വ്യക്തിപ്രഭയും സ്ഥിരോത്സാഹവും തന്നെയാണ് മമ്മൂട്ടി എന്ന മഹാത്ഭുതത്തിന്റെ വിജയരഹസ്യവും. 


വാര്‍ത്താ മാധ്യമങ്ങള്‍ പോലും വളരെ അപൂര്‍വ്വമായിരുന്നൊരു കാലത്ത് ഈജിപ്തില്‍ ജനിക്കുകയും അമേരിക്കയിലും ബ്രിട്ടനിലും ഇറ്റലിയിലും അഭിനയത്തിന്റെ തീജ്വാലകള്‍ സൃഷ്ടിക്കുകയും ലോറന്‍സ് ഓഫ് അറേബ്യ, ഡോക്ടര്‍ ഷിവാഗോ തുടങ്ങി ഒട്ടേറെ ലോകോത്തര ഹിറ്റുകളില്‍ അഭിനയിക്കുകയും ചെയ്‌തൊരു പ്രതിഭയെ തന്റെ പേരിനോടു കൂട്ടിക്കെട്ടി നടക്കാന്‍ മമ്മൂട്ടിക്ക് അന്നേ കഴിഞ്ഞു എന്നത് അദ്ദേഹം ഏതുകാലത്തും സൂക്ഷിച്ച സ്വയം നവീകരണത്തിന്റെ ദൃഷ്ടാന്തമായിരുന്നു. രംഗത്തുള്ള ഏറ്റവും പ്രഗത്ഭനോടു മത്സരിക്കാന്‍ വേണ്ടി ഏതു സമയത്തും തയ്യാറായി നിന്നൊരു പ്രതിഭയ്ക്ക് മാത്രമാണ് ആ പേര് ചേരുക- മമ്മൂട്ടി. 


എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന കാലമാണ്. അന്നാണ് ഒരു സിനിമാ നടനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ പേര് മമ്മൂട്ടി എന്നായിരുന്നു. അദ്ദേഹത്തെ നേരില്‍ കാണുന്നതിന് മുമ്പ് ഒരു മമ്മൂട്ടിച്ചിത്രം പോലും കണ്ടിരുന്നില്ലെങ്കിലും പത്രപരസ്യങ്ങളിലും സിനിമാ പോസ്റ്ററുകളിലും കണ്ട് ആളെ അറിയാമായിരുന്നു. അലാവുദ്ദീനും അത്ഭുതവിളക്കും, സ്വയംവരം, ബിന്‍ മാ കെ ബച്ചേ, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്നീ സിനിമകള്‍ മാത്രമാണ് അക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നത്. തലശ്ശേരി മുകുന്ദിലും പ്രഭയിലും ലിബര്‍ട്ടിയിലും മാഹി ടാക്കീസിലുമായി കണ്ട സിനിമകള്‍- അതില്‍ രണ്ടെണ്ണവും സ്‌കൂളില്‍ നിന്നും കൊണ്ടുപോയവയും!


അക്കാലത്ത് കൊച്ചിന്‍ ഹനീഫയുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത സന്ദര്‍ഭം എന്ന സിനിമയുടെ ചിത്രീകരണത്തിന് തലശ്ശേരിയിലെത്തിയതായിരുന്നു സിനിമാ സംഘം. സന്ദര്‍ഭത്തിലെ കോടതി രംഗമാണെന്ന് തോന്നുന്നു തലശ്ശേരിയില്‍ ചിത്രീകരിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച ഐ വി ശശി ചിത്രം അതിരാത്രത്തിന്റെ ചിത്രീകരണം കണ്ണൂരിലും തലശ്ശേരിയിലുമായി നടക്കുന്നതുകൊണ്ട് മമ്മൂട്ടിയുടെ സൗകര്യാര്‍ഥമായിരിക്കാം സന്ദര്‍ഭം ഷൂട്ടിംഗ് തലശ്ശേരിയിലെത്തിയത്. അതുകൊണ്ടുമാത്രമാണ് മമ്മൂട്ടിയെ കാണാന്‍ എനിക്കായത്- ചുവന്നു തുടുത്ത കവിളുകളുള്ള മമ്മൂട്ടി. മമ്മൂട്ടിയെ കണ്ടതിന് പിന്നാലെ കൊച്ചിന്‍ ഹനീഫയേയും സരിതയേയുമൊക്കെ അവിടെ വെച്ച് കാണാനായി. 


പിന്നെ കണ്ടുതീര്‍ത്ത മമ്മൂട്ടി ചിത്രങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. അദ്ദേഹം അഭിനയിച്ച നാനൂറോളം സിനിമകളില്‍ മുന്നൂറ്റി അന്‍പതെണ്ണമെങ്കിലും കണ്ടുകഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയങ്ങനെ, മമ്മൂട്ടിയിങ്ങനെ എന്ന് അനുകരിച്ചുകൊണ്ടിരുന്നു, മമ്മൂട്ടിയും മോഹന്‍ലാലും കളിയില്‍ മമ്മൂട്ടിയാകാന്‍ വാശിപിടിച്ചു.... അങ്ങനെയങ്ങനെയങ്ങനെ...

ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ ചിത്രീകരണത്തിലാണ് പിന്നീടദ്ദേഹത്തെ കണ്ടത്. സംഘര്‍ഷ പ്രദേശത്തെ ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് ജീപ്പില്‍ ചാടിയിറങ്ങുന്ന ഇന്‍സ്‌പെക്ടര്‍ ബല്‍റാം. പിന്നെ ലാത്തിചാര്‍ജ്ജിന്റെ പൂരം. ഐ വി ശശി എന്ന സംവിധായകന്‍ മികച്ച രീതിയില്‍ ചിത്രീകരിച്ച രംഗം. തലശ്ശേരി മെയിന്‍ റോഡിലെ ക്രെയിന്‍ ഷോട്ട്. നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കു നേരെയുള്ള ലാത്തിചാര്‍ജ്ജ്. സിനിമാ ഷൂട്ടിംഗ് കാണാന്‍ കൂടിയ ആള്‍ക്കൂട്ടത്തിന്റെ തിരക്ക് ചിത്രീകരണത്തിന് തടസ്സമായപ്പോള്‍ പൊലീസുകാരുടെ ശരിക്കും ലാത്തിച്ചാര്‍ജ്ജ്, അത് ക്യാമറയിലാക്കി വെള്ളിത്തിരയിലെത്തിച്ച ജെ വില്ല്യംസ്... സംഭവ ബഹുലമായിരുന്നു അന്നത്തെ ആ ചിത്രീകരണം. 


ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ് ആശുപത്രിയിലായ പൊലീസുകാരെ കാണാനെത്തുന്ന ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന്റെ രംഗം ജൂബിലി റോഡിലെ ദിഷ ഹോസ്പിറ്റലിലായിരുന്നു ചിത്രീകരിച്ചത്. കുഞ്ചന്‍, ജഗദീഷ്, കല്‍പ്പന തുടങ്ങി കുറേ താരങ്ങളുടെ ആശുപത്രി രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടിയലാണ് വെള്ള മുണ്ടും ജുബ്ബയുമിട്ട് മമ്മൂട്ടി കാറിലിറങ്ങിയത്. ആശുപത്രിയുടെ പടവുകള്‍ കയറി മുകളിലെ നിലയിലെത്തിയ മമ്മൂട്ടിയെ കണ്ടപ്പോള്‍, തൊട്ടടുത്ത് കെട്ടിട നിര്‍മാണ ജോലികള്‍ ചെയ്യുന്നതിനിടെ ചിത്രീകരണം കാണാനെത്തിയ രണ്ടു മൂന്നു സ്ത്രീകള്‍ അത്ഭുതത്തോടെ പറഞ്ഞ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്- ശ്ശ്്... ശരിക്കും മമ്മൂട്ടി തന്നെ!


സിനിമാ പൂജകള്‍, സിനിമയുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍... കൊച്ചിയിലെ വേദികളില്‍ മമ്മൂട്ടി പിന്നേയും പിന്നേയും മുമ്പിലെത്തി. എത്രയോ തവണ അടുത്തുനിന്നു കണ്ടു. തമിഴ് സിനിമ പേരന്‍പ് സ്‌പെഷ്യല്‍ നീഡ്‌സുള്ള വിദ്യാര്‍ഥികള്‍ക്കായി എറണാകുളം കവിതയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ കുട്ടികളെ കാണാന്‍ പേരന്‍പിന്റെ സംവിധായകന്‍ റാമും മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധനയും പിന്നെ അമുതനായ സാക്ഷാല്‍ മമ്മൂട്ടിയും അവിടെയെത്തി. കുട്ടികള്‍ ആവേശത്തോടെ മമ്മൂട്ടിയെ സ്വീകരിച്ചു. ചിലര്‍ ഓടിവന്നു കൈകൊടുത്തു, മമ്മൂട്ടിയെന്ന് സ്‌നേഹത്തോടെ വിളിച്ചു. അദ്ദേഹം അവര്‍ക്ക് മിഠായി നല്കി. 


ആദ്യം കണ്ട മമ്മൂട്ടിയെ തന്നെയാണ് ഏറ്റവും കൂടുതല്‍ തവണ കണ്ടതും. ഖത്തറിലേയും കൊച്ചിയിലേയും തൊഴില്‍ കാലത്തിനിടയില്‍ പല ഘട്ടത്തില്‍ പല രൂപത്തിലും ഭാവത്തിലും മമ്മൂട്ടിയെന്ന അത്ഭുതം പ്രത്യക്ഷപ്പെട്ടു. അപ്പോഴൊക്കെ പഴയ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിയെ പോലെ സാകൂതം നോക്കിനിന്നു. കൂടെ ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിക്കാന്‍ പല തവണ ആഗ്രഹിച്ചു. അവസരമുണ്ടായിരുന്ന ഒരിക്കല്‍ പോലും അക്കാര്യം ചോദിച്ചില്ല. ഒരിക്കല്‍ അദ്ദേഹമറിയാതെ പതുക്കെ കയ്യിലൊന്നു തൊട്ടു. പണ്ട്, സത്യനറിയാതെ സത്യനെ തൊട്ട മമ്മൂട്ടിയെ പോലെ!


അല്ലെങ്കിലും നക്ഷത്രങ്ങളെപ്പോഴും നക്ഷത്രങ്ങളായിരിക്കണം. ആകാശത്ത് മിന്നിമിന്നിത്തിളങ്ങി, കൈയ്യെത്താത്തത്രയും ദൂരത്ത്. 


പല രൂപത്തിലും ഭാവത്തിലും അദ്ദേഹം പിന്നേയും പിന്നേയും പ്രത്യക്ഷപ്പെടുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ എഴുപതാം പിറന്നാള്‍ വരുന്നത്. അന്‍പത്തിയാറാം വയസ്സില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും റിട്ടയാറുകന്നതോടെ വയസ്സായെന്നും ഇനിയൊന്നും വയ്യെന്നും കരുതിയിരിക്കുന്ന സമൂഹത്തിനിടയിലാണ് എഴുപതാം വയസ്സിലും വലിയ സന്ദേശം ജീവിതം കൊണ്ട് നല്കി മമ്മൂട്ടി യുവാവിനേക്കാള്‍ വലിയ യുവാവായി രംഗത്തു നില്‍ക്കുന്നത്. ജന്മദിനാശംസകള്‍ മമ്മൂക്കാ...




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്