ഞങ്ങളുടെ ഉമ്മാമമാര്‍ ഇത്രയും ശക്തകളായിരുന്നു


 

തറവാട്ടിലെ വലിയ അടുക്കളയില്‍ നിന്നും തീന്മേശയിലേക്കെത്തുന്ന രുചികരമായ വിഭവങ്ങളില്‍ മാത്രമല്ല, തങ്ങളുടേതായ അഭിപ്രായങ്ങള്‍ ശക്തമായും കൃത്യമായും അവതരിപ്പിക്കുന്നതിലും ഞങ്ങളുടെ ഉമ്മാമമാര്‍ കഴിവ് പ്രകടിപ്പിച്ചിരുന്നു. അവരുണ്ടാക്കിതന്ന് രുചികരമായി വാരിവലിച്ചു കഴിച്ച ബിരിയാണിയെയാണ് പുറംനാട്ടുകാര്‍ 'തലശ്ശേരി ബിരിയാണി'യെന്ന് വിളിച്ച് ആദരിക്കുന്നതെന്ന് തിരിച്ചറിയാന്‍ നാടുവിട്ടുള്ള യാത്രകള്‍ വേണ്ടിവന്നു. തടുപ്പിന്റേയും പെങ്കുപ്പായത്തിന്റേയും കൊച്ചീത്തട്ടത്തിന്റേയും അകത്തിരുന്ന് അവര്‍ ദമ്മിട്ടെടുത്ത ബിരിയാണിക്കു മാത്രമല്ല വിറകടുപ്പിന്റെ ചൂട് നിയന്ത്രിക്കുന്ന മാന്ത്രികതയില്‍ വേവിച്ചെടുക്കുന്ന അല്‍സയ്ക്കും 'സീര്‍' വെള്ളത്തില്‍ നിന്നും കോരിയെടുക്കുന്ന മുട്ടമാലക്കും എരിതീയ്ക്കു മുകളിലെ വറചട്ടിയില്‍ നിന്നും ആവി പറന്നെത്തുന്ന ഉന്നക്കായക്കും ഇറച്ചിപ്പത്തിലിനും മുട്ടപ്പോളയ്ക്കും (ഇംഗ്ലീഷില്‍ അതിനെ കേക്ക് എന്നുവിളിക്കും) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അപ്പത്തരങ്ങള്‍ക്കും രുചി ചേര്‍ത്ത് നാവിനും ആമാശയത്തിനും നല്കിയ അതേ ആവേശം തന്നെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും അവര്‍ പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് പറഞ്ഞത്, ഞങ്ങളുടെ ഉമ്മാമമാര്‍ അത്രയ്ക്ക് ശക്തി പ്രകടിപ്പിച്ച വനിതകളായിരുന്നുവെന്ന്. 



സ്‌നേഹലാളനകളുടെ തൊട്ടുതലോടലുകള്‍ക്കൊപ്പം പുതിയ കാഴ്ചപ്പാടുകള്‍ കൂടി അടുത്ത തലമുറകളിലേക്ക് പകര്‍ന്നു തന്ന് പള്ളിക്കാട്ടിലെ ഖബറുകളിലേക്ക് വിരുന്നുപോയ എന്റെ ഉമ്മാമമാരെ കുറിച്ച് ഇപ്പോഴാലോചിച്ചെടുക്കാന്‍ പ്രത്യേക കാരണമുണ്ടായി- കാവ്യാ പ്രകാശ് സംവിധാനം നിര്‍വഹിച്ച വാങ്ക് സിനിമയില്‍ സരസ ബാലുശ്ശേരി അവതരിപ്പിച്ച ഉമ്മാമയാണ് ഒറ്റ നിമിഷം കൊണ്ട് ഒരുപാട് വര്‍ഷങ്ങള്‍ പിറകിലേക്ക് കൊണ്ടുപോയി തിരികെയെത്തിച്ചത്. 

പെരുന്നാള്‍ തലേന്ന് രാത്രി വീട്ടിലെത്തിയ മകന്‍ റസാക്കിനെ തന്റെ മുറിയിലേക്ക് വിളിപ്പിച്ച് വാതിലടച്ചിരുന്നു ഉമ്മ പറഞ്ഞു കൊടുക്കുന്ന കാര്യമുണ്ട്- മോനേ റസാക്കെ, നിന്റെ വിചാരവും ചിന്തയുമൊക്കെ എന്താണെന്ന് ഈ ഉമ്മാക്ക് നല്ലോണം അറിയാം, പക്ഷേ, ജാസ്മിനേയും റസിയാനേയും നീ ഇക്കോലത്തില്‍ നടത്തിച്ച് സ്വര്‍ഗ്ഗം കിട്ടാനാണ് ഇന്റെ പൂതിയെങ്കില്‍ ആ സ്വര്‍ഗ്ഗം വേണ്ടാന്നങ്ങ് വെച്ചേക്ക്. 



ഒരു ഭാഗത്ത് മതവും മതനിഷ്ഠങ്ങളും കൃത്യമായും സത്യസന്ധമായും പുലര്‍ത്തുന്ന റസാക്കിന്റെ ഉമ്മ മതത്തിലെ മകന്റെ അതിരുകവിയലിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഏതൊരു കാര്യത്തിലും അതിരു കവിയുന്നത് വിശ്വാസിക്ക് അനുഗുണമല്ലെന്ന് പഠിപ്പിച്ച പ്രവാചക വചനം എത്ര അര്‍ഥവത്തായാണ് ഉമ്മ പ്രയോഗിക്കുന്നതെന്ന് ഈ കഥാപാത്രം കാണിച്ചുതരുന്നു. ഞങ്ങളുടെ ഉമ്മാമമാരും ഇങ്ങനെയായിരുന്നു- അവര്‍ മതവും മതത്തിന്റെ ചിട്ടകളുമെല്ലാം ഭയഭക്തി ബഹുമാനത്തോടെ പിന്തുടരുമ്പോഴും മതത്തിന്റെ പേരും പറഞ്ഞ് മതത്തിന്റേതല്ലാത്ത രീതിയിലേക്ക് പോകുന്ന കാര്യങ്ങള്‍ക്കു നേരെ അവര്‍ വിരല്‍ ചൂണ്ടി സംസാരിക്കുമായിരുന്നു. മക്കളേയും മക്കളുടെ മക്കളേയും സ്‌നേഹിക്കുമ്പോള്‍ തന്നെ അവര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനും ശ്രമിച്ചിരുന്നു. 

ഒരു സാധാരണ മലബാര്‍ മുസ്‌ലിം കുടുംബത്തിലെ പെണ്‍കുട്ടിക്ക് വാങ്ക് (ബാങ്ക് എന്നാണ് സാധാരണ പ്രയോഗം) വിളിക്കാനുള്ള ആഗ്രഹമാണ് ഉണ്ണി ആറിന്റെ കഥയെ അടിസ്ഥാനമാക്കി ചെയ്ത വാങ്ക് എന്ന സിനിമയുടെ പ്രമേയം. ദൈവാരാധനയായ നമസ്‌ക്കാരത്തിനുള്ള സമയം അറിയിക്കാന്‍ വേണ്ടി പള്ളികളില്‍ നിന്നും ഉറക്കെ ക്ഷണിക്കുന്ന സംഗീതാത്മകവും ശ്രുതിമധുരവുമായ (പല പള്ളികളില്‍ നിന്നും കര്‍ണകഠോരമായി മാത്രമാണ് ഇത് പുറത്തേക്ക് വരാറുള്ളത്) ഏതാനും വരികളാണ് വാങ്ക്.




'ദൈവമാണ് ഏറ്റവും മഹാന്‍, ദൈവമല്ലാതെ ആരാധ്യനില്ല, മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണ്, നമസ്‌ക്കാരത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ, ദൈവമാണ് ഏറ്റവും മഹാന്‍, ദൈവമല്ലാതെ ആരാധ്യനില്ല' എന്നര്‍ഥം വരുന്ന അറബി വാക്യങ്ങളാണ് വാങ്കിലുള്ളത്. മുസ്‌ലിം പുരുഷന്മാര്‍ക്ക് മാത്രമാണ് പള്ളികളില്‍ വാങ്ക് വിളിക്കാനുള്ള അവകാശമുള്ളത്. ഇത്തരത്തില്‍ തനിക്ക് അപ്രാപ്യമായൊരു കാര്യം സാധിക്കണമെന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ ചിന്തയും സ്വപ്‌നങ്ങളുമുണ്ടാക്കുന്ന പൊല്ലാപ്പുകളിലൂടെയും ഏതാനും കാര്യങ്ങളിലൂടെ കടന്നു പോകുകയാണ് വാങ്ക് എന്ന കഥയും സിനിമയും. 

ചെറിയ കുട്ടിയായിരിക്കെ മദ്രസയില്‍ വാങ്ക് വിളിക്കുന്ന പാഠം ഉസ്താദ് പഠിപ്പിക്കുമ്പോള്‍ തനിക്കും വാങ്ക് വിളിക്കണമെന്ന ആഗ്രഹം റസിയ പ്രകടിപ്പിക്കുന്നുണ്ട്. അതിന് ഉസ്താദിന്റെ വായില്‍ നിന്നും നന്നായി ചീത്ത കേള്‍ക്കുകയും ചെയ്യുന്ന ആ ബാലിക. വളര്‍ന്നു വലുതായി ബിരുദത്തിന് പഠിക്കുമ്പോഴും അവളുടെ ഉള്ളില്‍ അതേ ആഗ്രഹം കനലായി കിടക്കുന്നുണ്ടായിരുന്നു. 

ബിരുദ ക്ലാസിന്റെ അവസാന നാളുകളില്‍ കുട്ടികളുടെ അടുത്ത സുഹൃത്തായ കെമിസ്ട്രി ടീച്ചര്‍ പറയുന്ന ഒരു വാക്കിലാണ് കൂട്ടുകാരികളായ നാലു പെണ്‍കുട്ടികള്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ കോളജ് പഠന കാലത്ത് ആഗ്രഹമുണ്ടായിട്ടും നടത്താന്‍ ധൈര്യമില്ലാതിരുന്ന ഒരു കാര്യം പിന്നീടെപ്പോഴും നീറ്റലായി മനസ്സിലുണ്ടെന്നും അതുകൊണ്ട് കോളജ് കാലത്ത് എന്ത് ആഗ്രഹങ്ങളുണ്ടെങ്കിലും അത് തീര്‍ത്തിട്ട് പോയാല്‍ മതിയെന്നും പറഞ്ഞ ടീച്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട നാല്‍വര്‍ സംഘം തങ്ങളുടെ ആഗ്രഹങ്ങള്‍ പരസ്പരം പങ്കുവെച്ച് അത് നടത്താനുളള ശ്രമങ്ങളിലാണ്. ഓരോരുത്തരുടേയും ആഗ്രഹങ്ങള്‍ക്ക് കൂട്ടുകാരികള്‍ ശക്തമായ പിന്തുണ നല്കുകയും അവയെല്ലാം നടപ്പാക്കുകയും ചെയ്യുന്നതോടെ ഒടുവില്‍ റസിയയുടെ ഊഴമെത്തുകയാണ്. റസിയയുടെ ആഗ്രഹമെന്തെന്ന ചോദ്യത്തിലാണ് തനിക്ക് വാങ്ക് വിളിക്കണമെന്ന കാര്യം റസിയ വെളിപ്പെടുത്തുന്നത്. കൂട്ടത്തിലെ രണ്ട് അമുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഈ ആഗ്രഹത്തിലെ അപകടം മനസ്സിലാവുന്നില്ലെങ്കിലും മുസ്‌ലിം കൂട്ടുകാരി അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതേ ആഗ്രഹം ടീച്ചറെ അറിയിക്കുമ്പോള്‍ ടീച്ചര്‍ക്കും ഇതില്‍ പതിയിരിക്കുന്ന അപകടം അറിയാത്തതിനാല്‍, അതിനെന്താ റസിയ വാങ്ക് വിളിച്ചോട്ടെ, വേണമെങ്കിലും നീയും വിളിച്ചോളൂ എന്നാണ് പറയുന്നത്. ടീച്ചറേ പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിക്കാന്‍ പറ്റില്ലെന്ന് പറയുമ്പോഴാണ് അവര്‍ക്കും ഇതിലെ പ്രശ്‌നം മനസ്സിലാവുന്നത്. 

തന്റെ കൂട്ടുകാരിയെ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്ന കൂട്ടുകാരി 'വാങ്കുവിളിക്കാന്‍ സ്ഥലം ആവശ്യമുണ്ട്' എന്ന് പോസ്റ്റിടുന്നതോടെ സംഗതി ഗുലുമാലാകുന്നു. 

മതവും മതേതരവും മതാതീതവും മതവിരുദ്ധവുമൊക്കെ ശരിയായി ധരിക്കുന്നതിനേക്കാള്‍ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലത്താണ് വാങ്ക് പുസ്തകത്തിലും അഭ്രപാളിയിലും (നാടമായി വേദിയില്‍ വന്നത് കണ്ടിട്ടുണ്ടെന്ന് സുഹൃത്ത് മുഹമ്മദ് ഷഫീക്ക് ഷഫീക്ക് മാനു) പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജാതിയും മതവും പരിഗണിക്കാതെ മനുഷ്യരായി മാത്രം ജീവിക്കുന്ന ഒരു ഗ്രാമമാണ് സിനിമയില്‍ പശ്ചാതലത്തില്‍ വരുന്നത്. 

മതത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന റസാക്കിനെ പോലും ടിപ്പിക്കല്‍ കഥാപാത്രമായി അവതരിപ്പിക്കാതിരിക്കാന്‍ സംവിധായിക പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വാങ്കിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് രണ്ട് വനിതകളാണെന്ന പ്രത്യേകത കൊണ്ടുതന്നെ പുരുഷന്മാര്‍ പെണ്‍കഥാപാത്രങ്ങളിലേക്ക് നിറച്ചുവെക്കുന്ന സംഭാഷണങ്ങളും അവതരണങ്ങളുമല്ലാതെ സിനിമ അവതരിപ്പിക്കാനുമാകുന്നുണ്ട്. വാങ്കില്‍ പുരുഷന്മാരേക്കാളേറെ അഭിനയിച്ചിരിക്കുന്നതും വനിതകളാണ്. ഫെമിനിസത്തിന്റെ ജാഡ സംസാരങ്ങളൊന്നുമില്ലാതെ സാധാരണ മലയാളി വനിതകളിലേക്ക് ക്യാമറ തിരിക്കാന്‍ വാങ്കിന്റെ പെണ്‍കൂട്ടായ്മയ്ക്ക് സാധിച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ട നേട്ടമാണ്. അതോടൊപ്പം ലിംഗഭേദം പ്രകടിപ്പിച്ച് വനിതാ സിനിമയെന്ന ലേബല്‍ പതിപ്പിച്ചു നല്കുന്നത് വാങ്കിനോടും അണിയറ പ്രവര്‍ത്തകരോടുമുള്ള ക്രൂരതയുമാകും.

തനിക്ക് അധികമൊന്നും പരിചിതമല്ലാത്ത ജീവിത സാഹചര്യത്തെയാകണം സംവിധായിക തന്റെ ആദ്യ സിനിമയുടെ പശ്ചാതലത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടാവുക. എന്നിട്ടും തലമുതിര്‍ന്ന സംവിധായകര്‍ക്കു പോലും മുസ്‌ലിം ജീവിത രീതികള്‍ ചിത്രീകരിക്കുമ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ വന്നുപെടാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നു. 

പെണ്‍ കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിട്ടും വാങ്കില്‍ റസാക്കായി രംഗത്തു വരികയും മികച്ച അഭിനയം കാഴ്ചവെക്കുകയും ചെയ്ത വിനീതിനെ എടുത്തുപറയേണ്ടതുണ്ട്. ശക്തമായ സംഭാഷണങ്ങളോടൊപ്പം അത്രയും ശക്തമായി മൗനവും കടന്നുവരുന്നുണ്ട് സിനിമയിലുടനീളം. കൂട്ടുകാരികളായ നാല് പെണ്‍കുട്ടികളും വാതോരാതെ സംസാരിക്കുമ്പോഴും വിനീതിന്റെ റസാക്കിനെ അടയാളപ്പെടുത്തുന്നത് കൂടുതലും മൗനം കൊണ്ടാണ്. ശബ്ദത്തേക്കാള്‍ ഭാവത്തിന് പ്രാധാന്യം നല്കിയാണ് വിനീത് വാങ്കിലെ റസാക്കായിരിക്കുന്നത്. തന്റെ ഉപരിപ്ലവമായ മത ചിന്തകള്‍ ഒരു ഭാഗത്ത് ഭരിക്കുമ്പോഴും മറുഭാഗത്ത് നല്ല ഭര്‍ത്താവും നല്ല പിതാവുമൊക്കെയായി റസാക്കിന്റെ മനസ്സ് പകുത്തുനിന്ന് കടുത്ത യുദ്ധം നടത്തുന്നത് പ്രേക്ഷകര്‍ക്ക് ഭാവങ്ങളിലൂടെ തിരിച്ചറിയാനാവും. 

കൈവിട്ടു പോകാത്ത തിരക്കഥ, മനസ്സില്‍ കണ്ടത് മുഴുവന്‍ വെള്ളിത്തിരയിലേക്ക് എത്തിക്കാനുള്ള മികവുറ്റ സംവിധാന ശ്രമം, ചിത്രത്തിനാവശ്യമായ രീതിയില്‍ ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ തുടങ്ങി എടുത്തു പറയാവുന്ന മികവുകള്‍ നിരവധിയാണ് വാങ്കിന്. 

അനശ്വര രാജന്‍, നന്ദന വര്‍മ, ഗോപിക രമേഷ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, വിനീത്, തസ്‌നിഖാന്‍, ശ്രീകാന്ത് മുരളി, ജോയ് മാത്യു, പ്രകാശ് ബാരെ, മേജര്‍ രവി, സരസ ബാലുശ്ശേരി തുടങ്ങിയവരോടൊപ്പം അനശ്വര അവതരിപ്പിക്കുന്ന റസിയ എന്ന കഥാപാത്രത്തിന്റെ ഉമ്മ ജാസ്മിനായി തിരക്കഥാകൃത്ത് ശബ്ദന മുഹമ്മദും വേഷമിട്ടിരിക്കുന്നു.

വാങ്കിലെ ഗാനങ്ങളുടെ വരികളുടെയും അതിന് നല്കിയ സംഗീതത്തിന്റേയും പ്രത്യേകത എടുത്തു പറയേണ്ടതാണ്. 

7ജെ ഫിലിംസ് ആന്റ് ഷിമോഗാ ക്രിയേഷന്‍സിന്റെ ബാനറില്‍ ട്രെന്‍ഡ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ഉണ്ണി ആറുമായി ചേര്‍ന്ന് സിറാജുദ്ദീനും ഷബീര്‍ പത്താനുമാണ് വാങ്ക് നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശാണ് സംവിധായിക. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ഔസേപ്പച്ചന്‍ സംഗീതവും പി എസ് റഫീക്ക് ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്