ഇസ്രാഈലിനും ഫലസ്തീനുമിടയില്‍ ജനറലിന്റെ മകന്‍ മീക്കോ പെലെഡ്


ഇസ്രാഈല്‍ എന്ന വാക്ക് ആദ്യം കേട്ടത് വല്യുപ്പയില്‍ നിന്നാണ്. തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തു എന്ന വല്ല്യുപ്പ അദ്ദേഹം എറണാകുളത്ത് ജോലി ചെയ്തിരുന്ന 1940കളെ കുറിച്ചാണ് പറഞ്ഞിരുന്നത്. വല്ല്യുപ്പ മരണത്തിന്റെ മാലാഖയോടൊപ്പം കൂട്ടുപോയിട്ടുതന്നെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനും കുറേ മുമ്പാണ് 1948കളിലെ ജൂതന്മാരുടെ ഫലസ്തീനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് പറഞ്ഞുതന്നത്. സംഭവങ്ങള്‍ മുഴുവന്‍ വിശദീകരിക്കുമ്പോഴും  ഇസ്രാഈല്‍ എന്ന വാക്ക് പോലും വളരെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് എന്നോര്‍ക്കുന്നു. ഫലസ്തീന്‍ എന്നുതന്നെയാണ് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നത്. ഇപ്പോള്‍ കാലം മാറി. ഫലസ്തീന്‍ രാജ്യം പോലെ ഫലസ്തീനെന്ന വാക്കിന്റെ ഉപയോഗവും തീര്‍ത്തും ചുരുങ്ങിപ്പോയി. ഇസ്രാഈലാകട്ടെ രാജ്യം വിശാലമായതുപോലെ മുക്കിലും മൂലയിലുമെല്ലാം ഉപയോഗിക്കുന്ന പദവുമായി. 
1940കളുടെ ഒടുക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീനിലേക്ക് ജൂതന്മാര്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ കൊച്ചിയിലെ മലയാളി ജൂതന്മാരും അങ്ങോട്ടേക്ക് പുറപ്പാടായി. ഊഴത്തിനനുസരിച്ചോ മറ്റോ ഇസ്രാഈല്‍ ഭൂമിയിലേക്കുള്ള യാത്ര പുറപ്പെടലിന് ദൈര്‍ഘ്യം നേരിട്ടവര്‍ അക്കാലത്ത് ചന്ദ്രിക ദിനപത്രം വരാന്‍ കാത്തിരിക്കുമായിരുന്നത്രേ. കോഴിക്കോട്ടു നിന്നും അച്ചടിച്ച് തീവണ്ടി മാര്‍ഗ്ഗം കൊച്ചിയില്‍ ചന്ദ്രിക എത്തുമ്പോഴേക്കും നേരം ഉച്ചയായിട്ടുണ്ടാകും. എന്നാലും ജൂതന്മാര്‍ ചന്ദ്രിക വരാന്‍ കാത്തിരിക്കും. കാരണം, ഫലസ്തീനും ഇസ്രാഈലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചന്ദ്രികയിലായിരുന്നു വിശദമായി പ്രസിദ്ധീകരിച്ചിരുന്നതത്രെ.
അക്കാലം കഴിഞ്ഞു. ജൂതരുടെ ഒഴുക്ക് നേരില്‍ കണ്ട വല്ല്യുപ്പയുടെ അനുഭവ വിവരണം പലകുറി കേട്ടതുകൊണ്ടാകാം അന്നേ ഇസ്രാഈല്‍ ഒരു ജിജ്ഞാസയായിരുന്നു, ജൂതന്മാരും!
പിന്നീട് ഫലസ്തീനേയും ജൂതരാഷ്ട്രത്തേയും കുറിച്ച് കേട്ടത് ഉമ്മയില്‍ നിന്നാണ്. ബൈത്തുല്‍ മുഖദ്ദിസും ഇസ്‌ലാമിക ചരിത്രവുമെല്ലാം തൊട്ടുനില്‍ക്കുന്ന ഫലസ്തീനേക്കാളും സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഫലസ്തീനികളോടായിരുന്നു ഉമ്മയ്ക്ക് താത്പര്യം. ഇന്‍തിഫാദയും കവണയും കല്ലുമെല്ലാം ഉമ്മ പറഞ്ഞാണറിഞ്ഞത്. തങ്ങളുടെ രാജ്യം അനധികൃതമായി കൈവശപ്പെടുത്തിയ അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടിയ ഫലസ്തീനികളെ അക്കാലത്ത് തീവ്രവാദികള്‍ എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്ന മാതൃഭൂമി ദിനപത്രത്തിന്റെ ശൈലിയെ ഉമ്മ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. സ്വന്തം മണ്ണിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ തീവ്രവാദികളെന്ന് വിശേഷിപ്പിക്കുന്ന പടിഞ്ഞാറന്‍ പത്രപ്രവര്‍ത്തകരോട് പുച്ഛം പുലര്‍ത്തിയെന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരം നയിച്ച ഇന്ത്യയുടെ ധീരദേശാഭിമാനികളെ ബ്രിട്ടീഷുകാര്‍ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചതിനാല്‍ ഇത്തരം റിപ്പോര്‍ട്ടുകളില്‍ അത്ഭുതമൊന്നുമില്ലെന്ന് ഉമ്മ പറയുകയും ചെയ്യാറുണ്ട്. ലോകവാര്‍ത്തകളറിയാന്‍ ഇന്റര്‍നെറ്റും ടെലിവിഷനുമൊന്നുമില്ലാതിരുന്ന കാലത്ത് വായനയിലൂടെ ഫലസ്തീനിന്റെ വിശേഷങ്ങള്‍ ഉമ്മയും ഉമ്മാമയുമെല്ലാം പങ്കുവെക്കുന്നത് കേള്‍ക്കാറുണ്ടായിരുന്നു. മുസ്‌ലിംലോക വാര്‍ത്തകളറിയാന്‍ അക്കാലത്ത് ഉമ്മ ഏറെ ആശ്രയിച്ചിരുന്നത് പ്രബോധനം വാരികയെയായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ വരവോടെയാണ് അതാത് ദിവസങ്ങളില്‍ അറബ് ലോകത്തേയും മുസ്‌ലിം ലോകത്തേയും വാര്‍ത്തകള്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. ഉമ്മയുടെ ദുബൈ വാസക്കാലത്ത് കണ്ട ഫലസ്തീനികളേയും സോമാലികളേയും സുഡാനികളേയുമെല്ലാം കുറിച്ച് പിന്നീട് പല സന്ദര്‍ഭങ്ങളിളും സാഹചര്യങ്ങളിലും വിവരിച്ചു തന്നിട്ടുണ്ട്. മണിക്കൂറുകളോളം ക്ലാസ് മുറികളില്‍ ഇന്ത്യാ ചരിത്രവും ലോകചരിത്രവും പഠിച്ച എന്നേക്കാള്‍ എത്രയോ മടങ്ങ് അറിവുണ്ട് ഇത്തരം വിഷയങ്ങളിലെല്ലാം ഉമ്മയ്ക്ക്. സ്വയം വായിച്ചു നേടിയ ഉമ്മയുടെ വിജ്ഞാനത്തെ ഇക്കാലമത്രയായിട്ടും എനിക്ക് വാദിച്ച് ജയിക്കാനായിട്ടേയില്ല.
കാലം പിന്നേയും പോകവെയാണ് ഖത്തറിലെത്തിയത്. പറഞ്ഞു കേട്ടും വായിച്ചുകേട്ടും അറിവുള്ള ഫലസ്തീനികളെ നേരില്‍കണ്ടത് ഖത്തറില്‍ എത്തിയപ്പോഴാണ്. ഫലസ്തീനികളെ മാത്രമല്ല, മിസ്‌റികളേയും സുഡാനികളേയും ലബനാനികളേയും സിറിയക്കാരേയും സോമാലിയക്കാരേയും ഛാഡുകാരേയും തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രജകളെ കാണാനായി.
ജൂതന്മാരെ നേരില്‍ കാണണമെന്ന ആഗ്രഹം അന്നെന്നപോലെ ഇന്നും കൂടെയുണ്ട്. എന്തിനാണ് അങ്ങനെയൊരു ആഗ്രഹമെന്ന് എനിക്കറിയില്ല. ഹിറ്റ്‌ലര്‍ കൂട്ടത്തോടെ കൊലപ്പെടുത്തിയെന്ന ചരിത്രം പഠിച്ചതോ, പല നാടുകളില്‍ നിന്നും ഒരു നാടിനെ ലക്ഷ്യംവെച്ച് യാത്ര പോയതിനാലോ, ലോകത്തിലെ പ്രശസ്ത വ്യക്തിത്വങ്ങളില്‍ ചിലര്‍ ജൂതന്മാരായതിനാലോ എന്നൊന്നും അറിയില്ല. കമല്‍ സംവിധാനം ചെയ്ത ദിലീപ് സിനിമ- ഗ്രാമഫോണ്‍- ഒടുവില്‍ ഉണ്ണികൃഷ്ണനും എരഞ്ഞോളി മൂസയും സലീം കുമാറും മുരളിയുമെല്ലാം വല്ലാത്ത വേഷം ചെയ്ത അതേ സിനിമ- ജനാര്‍ദ്ദനനും മീരാ ജാസ്മിനുമെല്ലാം ഇസ്രാഈലിലേക്ക് പോകാന്‍ വല്ലാതെ ആഗ്രഹിക്കുന്ന ജൂതന്മാരായി വേഷമിട്ട ആ ചിത്രം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗ്രാമഫോണ്‍ റിലീസ് ചെയ്ത് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സലീം കുമാര്‍ സംവിധാനം ചെയ്ത കറുത്ത ജൂതന്‍ തിയേറ്ററുകളിലെത്തിയത്. ഒരുപക്ഷേ, എനിക്കിഷ്ടപ്പെട്ട സിനിമകളിലൊന്നാണത്. കറുത്ത ജൂതനും എന്റെ ജൂതപ്രണയത്തിന് ചെറിയ സംഭാവനകള്‍ നല്കിയിട്ടുണ്ടെന്ന് മറക്കുന്നില്ല. അതിനുമപ്പുറം താമസം താത്ക്കാലികമായെങ്കിലും എറണാകുളത്തേക്ക് മാറിയ കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്കെന്റെ തലശ്ശേരിയിലെ തെരുവുകള്‍ പോലെ ഏറെ പ്രിയപ്പെട്ട ചില തെരുവുകളെങ്കിലും എറണാകുളത്തും ഇടപ്പള്ളിയിലുമുണ്ട്. അവയിലൊന്നാണ് ജൂ സ്ട്രീറ്റ്. ചരിത്രത്തിലെ മുസ്‌ലിം വിരുദ്ധരായ ജൂതരേക്കാളും ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്, ജൂതന്മാര്‍ക്കിടയിലെ സ്‌നേഹസമ്പന്നരായ ചിലരെയെങ്കിലും. അതുകൊണ്ടായിരിക്കാം ജൂതനെ തേടിയുള്ള എന്റെ യാത്രകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്തത്. ഏറെ ആഗ്രഹിക്കുന്ന ഒരു യാത്രയുമുണ്ട്- അതും അവിടേക്ക് തന്നെയാണ്- ഫലസ്തീനിലേക്ക്, ഇസ്രാഈലിലേക്ക്. മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌ക്കരിക്കുകയെന്നത് എന്റെ വലിയൊരു സ്വപ്‌നമാണ്. ആത്മീയത പേറുന്ന  ഹൃദയത്തോടൊപ്പം ചരിത്ര കുതുകിയുടെ കണ്ണുകളും അന്ന് എന്നോടൊപ്പമുണ്ടാകണേ എന്നൊരു പ്രാര്‍ഥനകൂടി ഈ സന്ദര്‍ശന സ്വപ്‌നത്തിന് പിന്നിലുണ്ട്.
ഇസ്രാഈലിനേയും ഫലസ്തീനേയും കുറിച്ച് മലയാളികള്‍ കൂടുതല്‍ അറിയുന്നത് പത്രങ്ങളിലൂടെയായിരിക്കും. ഓരോ പത്രത്തിന്റേയും നയത്തിനും കാഴ്ചപ്പാടിനും അനുസരിച്ച് പ്രസ്തുത വാര്‍ത്തകളിലും മാറ്റങ്ങള്‍ കാണാനാവും. ഫലസ്തീനെയും ഇസ്രാഈലിനേയും കുറിച്ച് മാതൃഭൂമിയും മലയാള മനോരമയും തയ്യാറാക്കുന്ന വാര്‍ത്താ  ശൈലിയല്ല മാധ്യമത്തിനും ചന്ദ്രികയ്ക്കും സിറാജിനും വര്‍ത്തമാനത്തിനും സുപ്രഭാതത്തിനും തേജസിനുമുണ്ടാവുക. അവര്‍ മറ്റൊരു രീതിയാണ് അവലംബിക്കുക. ഈ രണ്ട് ശൈലിക്കും ഇടയില്‍ വേറേയും വ്യാഖ്യാനങ്ങളുണ്ടാകുമോ എന്ന സംശയവും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുണ്ടായിരുന്നു. ഇത്തരമൊരു സംശയകാലത്താണ് ദോഹയില്‍ നടക്കാറുള്ള അല്‍ ജസീറ ഡോക്യു- ഫിലിം ഫെസ്റ്റിവലില്‍ ഫലസ്തീനെ കുറിച്ചൊരു ഡോക്യുമെന്ററി കാണാനിടയായത്. അതില്‍ പറഞ്ഞ ചില സത്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇസ്രാഈല്‍ രാജ്യം സ്ഥാപിക്കപ്പെട്ടതിനും അവര്‍ക്ക് സുഖസൗകര്യങ്ങള്‍ ഒരുക്കിയതിനും പിന്നില്‍ ചെറിയ തോതിലെങ്കിലും ഫലസ്തീനിലെ ചിലരുടെ സാമ്പത്തിക നേട്ടത്തെ കുറിച്ചുള്ള ചിന്തയുണ്ടായിരുന്നു എന്ന അറിവ് ശരിക്കും വേവലാതിയാണ് സമ്മാനിച്ചത്. ഇസ്രാഈലിലെ പ്രശസ്തമായ പല കെട്ടിടങ്ങളും പണിയാനുള്ള കല്ലുകള്‍ വില്‍പ്പന നടത്തിയിരുന്നത് ഫലസ്തീനികളായിരുന്നു. പണം മാത്രം ലക്ഷ്യമിട്ട് നടത്തിയ ഇത്തരം കച്ചവടങ്ങള്‍ ഫലസ്തീനെ തകര്‍ക്കുന്നതിനും ഇസ്രാഈലിനെ വളര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഫലസ്തീനേയും ഇസ്രാഈലിനേയും കുറിച്ചുള്ള ഒരു പുസ്തകത്തെ കുറിച്ച് പറയാനാണ് ഇത്ര വലിയൊരു മുഖവുര പറഞ്ഞുവെച്ചത്. ഇസ്രാഈല്‍ രാജ്യത്തെ കുറിച്ച് അതേ രാജ്യത്തിന്റെ നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ച ജനറല്‍ കുടുംബത്തില്‍ നിന്നൊരാള്‍ സത്യസന്ധമായി എഴുതിയ വരികള്‍ വായിക്കുമ്പോള്‍ അത്ഭുതമാണോ കൗതുകമാണോ തോന്നേണ്ടത് എന്നറിയില്ല. ഇസ്രാഈല്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പുവെച്ച ഡോ. അവറഹാം കാറ്റ്‌സ്‌നെല്‍സണിന്റെ പിന്മുറക്കാരന്‍, ജനറല്‍ മാറ്റി പെലെഡിന്റെ മകന്‍ മീക്കോ പെലെഡാണ് ഇസ്രാഈല്‍ ചരിത്രത്തേയും ഫലസ്തീന്‍ കൈയ്യേറ്റത്തേയും കൃത്യമായ അക്ഷരങ്ങളിലൂടെ വരച്ചുവെച്ചിരിക്കുന്നത്. ഇസ്രാഈലി മനസ്സിലൂടെ ഫലസ്തീനെ കാണാന്‍ ശ്രമിക്കുന്ന ഒരാളുടെ കാഴ്ചകള്‍ തന്നെ വായനക്കാരനും കിട്ടുമ്പോള്‍ പുസ്തകത്തിന്റെ സത്യസന്ധത ബോധ്യപ്പെടും. 'ഒരു ഇസ്രായേലിയുടെ ഫലസ്തീന്‍ യാത്രകള്‍' എന്ന ഉപതലക്കെട്ടിനു മുകളില്‍ വലിയ അക്ഷരത്തില്‍ പതിച്ച 'ജനറലിന്റെ മകന്‍' എന്ന പേര് തന്നെയാണ് ഈ പുസ്തകത്തിന്റെ ആദ്യ ആകര്‍ഷണം.
ഇസ്രാഈല്‍ ചരിത്രത്തിലൂടെയും ഫലസ്തീന്‍ വര്‍ത്തമാനത്തിലൂടെയും കടന്നുപോകുന്ന പുസ്തകം ഇസ്രാഈലിനേയും ഫലസ്തീനിനേയും കുറിച്ച് അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടും. ചില ഭാഗങ്ങള്‍ ചരിത്രം പോലെ വായിക്കുകയോ വിരസമാവുകയോ ചെയ്യുമ്പോഴും മറ്റു ചിലയിടങ്ങള്‍ നോവല്‍ പോലെയോ സിനിമ പോലെയോ അനുഭവപ്പെട്ടേക്കാം. ആത്മകഥയുടേയും ജീവചരിത്രത്തിന്റേയുമെല്ലാം വിഭിന്ന ഭാവങ്ങള്‍ കൈവരിക്കാനും ഈ കൃതിക്ക് സാധിക്കുന്നുണ്ട്.

1961ല്‍ ജനിച്ച മീക്കോ പെലഡിന് 1997ല്‍ തന്റെ 36-ാം വയസ്സില്‍, സഹോദരി പുത്രിയായ പതിമൂന്നുകാരി സ്മാദര്‍ ഒരു ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ജൂതരാഷ്ട്രമെന്ന സങ്കല്‍പ്പത്തെ കുറിച്ച് പുനര്‍ ചിന്തയുണ്ടാകുന്നത്. ഇസ്രാഈലിലെ ജൂതന്മാരെ പോലെ മാനുഷിക അവകാശങ്ങള്‍ ഉള്ളവരാണ് ഫലസ്തീനിലെ മുസ്‌ലിംകളുമെന്ന് അദ്ദേഹം തിരിച്ചറിയുകയും തുടര്‍ന്ന് ഇസ്രാഈലിയുടെ ശരീരവുമായി ഫലസ്തീനിന്റെ മനസ്സിലേക്ക് നടത്തിയ യാത്രകളാണ് ഹൃദ്യമായ പുസ്തകമായി പുറത്തിറങ്ങിയത്.
പിതാവ് മാറ്റി പെലെഡിനെ പോലെ ഇസ്രാഈലി പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് മീക്കോ പെലെഡിനും. അപ്പോഴൊന്നും അദ്ദേഹത്തെ വ്യക്തിപരമായി ഇസ്രാഈല്‍- ഫലസ്തീന്‍ വിഷയം ബാധിച്ചിരുന്നില്ല. മരുമകള്‍ കൊല്ലപ്പെട്ടതോടെയാണ് അമേരിക്കയില്‍ ജീവിതം നയിച്ചിരുന്ന മീക്കോ പെലെഡ് തിരികെ നാട്ടിലെത്താന്‍ പദ്ധതിയിടുന്നതും ഇസ്രാഈല്‍- ഫലസ്തീന്‍ പ്രശ്‌നങ്ങളുടെ കാതലായ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. മരുമകളുടെ മരണമാണ് മീക്കോയില്‍ വലിയ തോതില്‍ ആഘാതം ഏല്‍പ്പിക്കുന്നത്!
ഫലസ്തീന്‍ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം താനൊരു ജൂതനാണെന്നും താന്‍ ആക്രമിക്കപ്പെടുമെന്ന ഭയമുണ്ടെന്നും തുറന്നെഴുതുന്ന മീക്കോ പെലെഡ് പക്ഷേ, തന്റെ ദൗത്യം അവസാനിപ്പിക്കുന്നില്ല. ഫലസ്തീനും ഇസ്രാഈലും രണ്ട് രാജ്യങ്ങളായോ ഒരേ രാജ്യത്തിലെ ഒരേ പ്രജകളായോ നിലനില്‍ക്കണമെന്നുമെല്ലാം അദ്ദേഹം അങ്ങേയറ്റം ആഗ്രഹിക്കുന്നുണ്ട്. തന്റെ ആഗ്രഹവും പ്രതീക്ഷയും ഏതെങ്കിലുമൊരു കാലത്ത് നിറവേറ്റപ്പെടുമെന്നും ഫലസ്തീനികളും ഇസ്രാഈലികളും പരസ്പര ബഹുമാനത്തോടെ ജീവിക്കുന്ന നാള്‍ വരുമെന്ന് അദ്ദേഹം ന്യായമായി ചിന്തിക്കുകയും ചെയ്യുന്നു. വെറുതെ കുറേ വാക്കുകള്‍ പറയുന്നതിനപ്പുറം ഇസ്രാഈല്‍- ഫലസ്തീന്‍ യോജിപ്പിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ സൗഹൃദവലയങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍വഹിക്കുന്നുണ്ട്. 1967ലെ ആറുദിന യുദ്ധമെന്ന അറബ്- ഇസ്രാഈല്‍ പോരാട്ടത്തിന് നേതൃത്വം വഹിച്ചവരില്‍ ഒരാളായിരുന്നു മീക്കോ പെലെഡിന്റെ പിതാവ് മാറ്റി പെലെഡ്. എന്നാല്‍ യുദ്ധം തെറ്റായിപ്പോയെന്ന് തിരിച്ചറിഞ്ഞ മാറ്റി പെലെഡ് പിന്നീട് സമാധാനത്തിന് വേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്. അതുകൊണ്ടുതന്നെ ഇസ്രാഈല്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടു കൂടിയായിരുന്നു അദ്ദേഹം. പിതാവിന്റെ മനംമാറ്റം മീക്കോ പെലെഡിന് ആദ്യമൊന്നും മനസ്സിലാക്കാനായില്ലെങ്കിലും പട്ടാള സേവനം നിര്‍വഹിച്ച മീക്കോയ്ക്കും മനം മാറ്റം സംഭവിച്ച് പിതാവിന്റെ വഴി തെരഞ്ഞെടുക്കുകയാണ്. ഒരുപക്ഷേ, പിതാവ് പാതിയിലെത്തിച്ച വഴിയുടെ ബാക്കിഭാഗം പൂരിപ്പിച്ചെടുക്കാന്‍ മീക്കോ പെലെഡ് ശ്രമിക്കുന്നുണ്ട്. സയണിസ്റ്റ് കുടുംബമായിരുന്നിട്ടും മാറ്റി പെലെഡിന്റേയും മീക്കോ പെലെഡിന്റേയും കാഴ്ചപ്പാടുകളിലൂടെ തന്നെയാണ് അവരുടെ ഭാര്യമാരും മക്കളുമെല്ലാം നീങ്ങുന്നത് എന്ന വലിയ സത്യവും പുസ്തകം തുറന്നുകാണിക്കുന്നുണ്ട്. യുദ്ധങ്ങളുടേയും ജയിലുകളുടേയും തീക്ഷ്ണത എടുത്തുകാണിക്കുന്നതോടൊപ്പം തന്നെ ഇസ്രാഈലി പട്ടാളക്കാരുടെ ക്രൂരതകളും ഫലസ്തീനി നേതൃത്വത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം പുസ്തകം വിവരിക്കുന്നുണ്ട്. ഒരുവേള ഇസ്രാഈലി പട്ടാളക്കാരും ഫലസ്തീനി ഗ്രാമീണരും തമ്മിലുള്ള അടുത്ത ബന്ധം പോലും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. വെള്ളിയാഴ്ചകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുള്ള നബി സാലെ എന്ന മലയോര ഗ്രാമത്തിലെത്തിയ മിക്കോ പെലെഡ് താന്‍ കണ്ട കാഴ്ച വളരെ രസകരമായി വിവരിക്കുന്നുണ്ട്. നബി സാലെയിലെ പ്രതിഷേധക്കാരുടെ നേതാവായ ബാസ്സമിന്റെ വീട്ടിലിരിക്കവെയാണ് അദ്ദേഹത്തിന്റെ സെല്‍ ഫോണിലേക്കൊരു കാള്‍ വന്നത്. ഇന്ന് വെള്ളിയാഴ്ചയും വാരാന്ത്യവുമായതിനാല്‍ തനിക്ക് വീട്ടില്‍ അത്താഴത്തിന് പോകാന്‍ അവസരമൊരുക്കണമെന്നും അതിനുവേണ്ടി പ്രതിഷേധക്കാരായ യുവാക്കളോട് പ്രതിഷേധം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ നന്നായിരുന്നുവെന്നും ആവശ്യപ്പെട്ട് ഇസ്രാഈലി കമാന്റര്‍ ഫലസ്തീനി സമര നേതാവിനെ വിളിച്ച് സംസാരിച്ചതായിരുന്നു ആ ഫോണ്‍ വിളി. പട്ടാളക്കാര്‍ ഗ്രാമം വിട്ടുപോയാല്‍ പ്രതിഷേധവും നില്‍ക്കും എന്നായിരുന്നു ബെസ്സാം കമാന്റര്‍ക്ക് നല്കിയ മറുപടി.
സംഘര്‍ഷ ഭൂമിയിലൂടെ നിരവധി തവണ ജീവന്‍ പണയംവെച്ച് സഞ്ചരിച്ച മീക്കോ പെലെഡ് ഫലസ്തീനിക്കോ ഇസ്രാഈലിക്കോ വേണ്ടിയല്ല, മനുഷ്യന് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് പുസ്തകം സമര്‍ഥിക്കുന്നു.

അദര്‍ ബുക്‌സാണ് മലയാളി വായനക്കാര്‍ക്ക് ജനറലിന്റെ മകന്‍ പരിചയപ്പെടുത്തിയത്. എന്റെ സുഹൃത്തു കൂടിയായ എ പി മുഹമ്മദ് അഫ്‌സലാണ് പുസ്തകത്തിന്റെ മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഇസ്രാഈലി ജനറലിന്റെ മകന്‍ രചിച്ച പുസ്തകം എന്ന കൗതുകത്തിനപ്പുറത്തേക്ക് വായനക്കാരെ വളര്‍ത്തിക്കൊണ്ടുപോകാന്‍ മീക്കോ പെലെഡിനും വിവര്‍ത്തനം നിര്‍വഹിച്ച എ പി മുഹമ്മദ് അഫ്‌സലിനും സാധിച്ചിട്ടുണ്ട് എന്നതുതന്നെയാണ് ഇതിന്റെ മഹത്വം.

വാല്‍ക്കഷ്ണം: പുസ്തകത്തിന്റെ അവസാന പുറത്തില്‍ രേഖപ്പെടുത്തിയ വിവര്‍ത്തകന്റെ മൊഴി വായിച്ചപ്പോഴാണ് വ്യക്തിപരമായി ഈ പുസ്തകം എന്നേയും വന്ന് തൊട്ടുനിന്നത്. നന്ദി വാചകത്തില്‍ പലരേയും ഓര്‍ത്തുവെച്ച മൊഴിമാറ്റക്കാരന്‍ സുഹൃത്ത് അവസാന പേരുകാരിലൊരാളായി എന്നേയും തൊട്ടുവെച്ചിരിക്കുന്നു. പുസ്തകം സബ്മിഷന് പാകത്തില്‍ ടൈപ്പ്‌സ്‌ക്രിപ്റ്റ് ആക്കിക്കൊടുത്തത് ഞാനായിരുന്നുവത്രേ.  ഞാന്‍ തന്നെ മറന്നുപോയ ഒരു പ്രവര്‍ത്തിയെ വായിച്ചു തീര്‍ത്ത പുസ്തകത്തിലെ അവസാന പേജിലെ വാചകത്തില്‍ കണ്ടെത്തുമ്പോള്‍ ഞെട്ടാതിരിക്കാന്‍ ഞാന്‍ കരിങ്കല്ലൊന്നുമല്ലല്ലോ!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വായനയുടെ അറേബ്യന്‍ സുഗന്ധം

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്