മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്; ഒരിക്കല്‍ മാത്രം മരിച്ച ധീരന്‍
''ഇരുള്‍മൂടവേ, പെട്രോമാക്‌സുകളുടെ വെളിച്ചം ചെറിയ വൃത്തങ്ങളായി മനുഷ്യ ശിരസ്സുകളിലൂടെ ഒലിച്ച് മൈതാനത്തിലേക്കു നീങ്ങവേ, കാല്‍നാഴിക ദൂരത്തുള്ള മൂരിയാട് പള്ളിയിലേക്ക് ഒറ്റയാനായി ശിരസ്സുയര്‍ത്തി നടന്നു സായ്‌വ്. സംശയത്തിന്റെ തരി പോലുമില്ല. ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു. എന്നിട്ടും അനുയായികള്‍ക്ക് പൊറുതികിട്ടിയില്ല. സായ്‌വ് പോയ വഴിയിലൂടെ അവര്‍ പിന്നാലെ നടന്നു. ചിലര്‍ മുമ്പേ ഓടിപ്പോയിരുന്നു. പള്ളിയില്‍ കയറി വുളുവെടുത്ത്, സഫ് സഫായി നില്‍ക്കുന്ന ഭക്തരോടൊപ്പം തോളുരുമ്മി നിന്നപ്പോള്‍, പള്ളിയിലാകെ കനത്തുവന്ന നിശ്ശബ്ദതയ്‌ക്കൊടുവില്‍ വീണ്ടും മുഴങ്ങി, മഗ്‌രിബ് നിസ്‌കാരത്തിനുള്ള മിമ്പറക്കടുത്തു നില്‍ക്കുന്ന ഇമാമിന്റെ സ്വരം: അല്ലാഹു അക്ബര്‍. നിസ്‌കാരം കഴിഞ്ഞു. സലാം വീട്ടി, സുന്നത്തും നിസ്‌കരിച്ചു. ദുആയെടുക്കാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ എത്രയോ ആയിരം കണ്ണുകള്‍ ഒപ്പമുയര്‍ന്നു. വീണ്ടും കാല്‍ നാഴിക നടത്തം, വീണ്ടും മൈതാന വേദിയിലേക്ക്. കോഴിക്കോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും വേദിയിലുണ്ട്. മാലകള്‍ കൈയില്‍ തൂക്കി കുറേപ്പേര്‍ ഒന്നുമറിയാത്ത മട്ടിലിരുന്നു. യോഗാധ്യക്ഷന്‍ ക