ക്യാപ്റ്റന്‍ വെറുമൊരു സിനിമയല്ല


മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത പേരാണ് ബയോപിക് എന്നത്. സിനിമാ പ്രവര്‍ത്തകരോ ആസ്വാദകരോ മലയാളത്തില്‍ ആ പദം അധികം ഉപയോഗിച്ചിട്ടുമില്ല. ഈ മാസം ഒരാഴ്ചയുടെ ഇടവേളയില്‍ പുറത്തിറങ്ങിയ രണ്ട് സിനിമകളാണ് ബയോപിക് എന്ന പദത്തേയും അത്തരം ചിത്രങ്ങളേയും മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരങ്ങളാക്കിയത്.
ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തിയ കമലിന്റെ മാധവിക്കുട്ടി ചിത്രം ആമിയും ഫെബ്രുവരി പതിനാറിന് റിലിസായ ജി പ്രജേഷ് സെന്നിന്റെ വി പി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റനും. പ്രജേഷിന്റെ ക്യാപ്റ്റന്‍ മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് എന്ന നേട്ടവും സ്വന്തമാക്കി.
ബയോപിക്ക് എന്ന് പറഞ്ഞിട്ടില്ലെങ്കിലും മലയാളി ഇത്തരത്തിലുള്ള കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്- ബയോപിക്കാണെന്ന് അറിയാതെയാണെങ്കിലും. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി തന്നെയാണ് ഇത്തരത്തില്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഏറ്റവും പ്രമുഖമായ സിനിമ.
പറഞ്ഞുവരുമ്പോള്‍ ലെനിന്‍ രാജേന്ദ്രനും കമലും തന്നെയാവണം മലയാളത്തില്‍ ബയോപിക്കുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക. ലെനിന്‍ രാജേന്ദ്രന്‍ 1987ല്‍ സ്വാതിതിരുനാളിന്റെ ജീവിതം ആസ്പദമാക്കി സ്വാതിതിരുനാളും 2011ല്‍ രവിവര്‍മയെ കേന്ദ്രകഥാപാത്രമാക്കി മകരമഞ്ഞ് എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കമലാകട്ടെ 2012ല്‍ സെല്ലുലോയ്ഡും 2018ല്‍ ആമിയും ചെയ്തു.
1983ല്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക്, 2009ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ പഴശ്ശിരാജ, 2010ല്‍ ആര്‍ സുകുമാരന്‍ സംവിധാനം നിര്‍വഹിച്ച ശ്രീനാരായണഗുരു ചിത്രം യുഗപുരുഷന്‍, 2015ല്‍ ആര്‍ എസ് വിമല്‍ സംവിധാനം നിര്‍വഹിച്ച എന്ന് നിന്റെ മൊയ്തീന്‍, 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, 2017ല്‍ പുറത്തിറങ്ങിയ ഹരികുമാര്‍ ചിത്രം ക്ലിന്റ് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്. വേറേയും നിരവധി സിനിമകളുണ്ടാവാം. പെട്ടെന്ന് ഓര്‍മയില്‍ കയറിവന്നവ രേഖപ്പെടുത്തിയെന്ന് മാത്രം. ഇതിനു പുറമേ കലാഭവന്‍ മണിയുടേയും എന്‍ എന്‍ പിള്ളയുടേയും ജീവിതങ്ങളെ ആസ്പദമാക്കിയുള്ള രണ്ട് ബയോപിക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ കായികതാരം അഞ്ജുബോബി ജോര്‍ജ്ജിനെ കുറിച്ചുള്ള സിനിമയും പറ്ഞ്ഞു കേട്ടിരുന്നു.
മലയാളത്തില്‍ അധികമൊന്നും ഉണ്ടായിട്ടില്ലെങ്കിലും മറ്റു ഭാഷകളില്‍ ഇത്തരം നിരവധി ചലച്ചിത്രങ്ങള്‍ പിറവി കൊണ്ടിട്ടുണ്ട്.
ബയോപിക്ക് ചിത്രങ്ങളെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലേക്ക് മലയാളി പ്രേക്ഷകരിലേക്ക് എത്തിച്ചതിനുള്ള ക്രഡിറ്റ് തീര്‍ച്ചയായും ആമിക്കും ക്യാപ്റ്റനും തന്നെയാണ്. ഒരേ മാസത്തില്‍ തൊട്ടടുത്ത ആഴ്ചകളില്‍ റിലീസായ രണ്ട് സിനിമകളും പ്രേക്ഷകരുടെ ആദരവുകളും ബഹുമതികളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി മുന്നേറുകയാണെന്നത് ഏറെ ശ്രദ്ധേയമാണ്.
ഒരുപക്ഷേ, ഡോക്യുമെന്ററി പോലെയോ ഡോക്യുഡ്രാമ പോലെയോ വിരസമോ അര്‍ധ വിരസമോ ആയിത്തീര്‍ന്നേക്കാവുന്ന രണ്ട് സിനിമകളെയാണ് തിരക്കഥയുടേയും സംവിധാനത്തിന്റേയും മികവുകളിലൂടെ കൈത്തഴക്കം വന്ന കമലും ആദ്യമായി ക്യാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രജേഷ് സെന്നും കാഴ്ചക്കാരുടെ ഹൃദയങ്ങളിലേക്ക് കോരിയിടുന്നത്.

***********   ******* ****** ******* ******


വി പി സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ ക്യാപ്റ്റനെ അദ്ദേഹം ജീവിച്ചിരുന്ന കാലത്തൊന്നും അധികമാരും അറിയാനും മനസ്സിലാക്കാനും ശ്രമിച്ചിട്ടില്ലെന്ന സത്യം കയ്പുള്ളതാണെങ്കിലും യാഥാര്‍ഥ്യമായിരുന്നു. സത്യന്‍ മരിച്ച ഒരു പതിറ്റാണ്ടിന് ശേഷമാണ് കേരളം അദ്ദേഹത്തിന് വേണ്ട ആദരവ് നല്കിയില്ലെന്ന് തിരിച്ചറിയുന്നത്- അതിന് ക്യാപ്റ്റന്‍ എന്നൊരു ചിത്രം വേണ്ടി വന്നു. എന്നാല്‍ ജീവിച്ചിരുന്ന കാലത്തുതന്നെ സത്യന്‍ ഈ സത്യം മനസ്സിലാക്കിയിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ ഭാര്യയും അച്ഛനും അമ്മയുമെല്ലാം ഇക്കാര്യം തിരിച്ചറിഞ്ഞുണ്ടാവണം- അല്ല, അവര്‍ തിരിച്ചറിഞ്ഞിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫുട്ബാളര്‍ക്ക് ഇതില്‍ കൂടുതല്‍ അപമാനം വേറെന്ത് വേണം. കഴിവുള്ളവരെ അവരുടെ ജീവിതകാലത്ത് തിരിച്ചറിയാത്ത മലയാളിയുടെ സ്വന്തം സ്വഭാവം തന്നെയാണ് വി പി സത്യന്‍ എന്ന ഇന്ത്യന്‍ ഫുട്ബാളര്‍ക്കും സമയത്തിന് മുമ്പേ മരണവിധി സമ്മാനിച്ചിട്ടുണ്ടാവുക. ആത്യന്തികമായി കേരള പൊലീസും ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകരും തന്നെയാണ് വി പി സത്യന്‍ എന്ന പ്രതിരോധനിരക്കാരനെ പ്രതിരോധിക്കാനാവാത്ത മാനസികാവസ്ഥയിലേക്ക് തള്ളിവിട്ടത്.

*** **** **** **** **** **** ****


പ്രജേഷ് സെന്‍ എന്ന തിരക്കഥാകൃത്തും സംവിധായകനും വിജയിക്കുന്നത് വി പി സത്യന്‍ എന്ന മനുഷ്യന്റെ ദുരന്തങ്ങള്‍ വരച്ചു കാണിച്ചുകൊണ്ടല്ല, വി പി സത്യന്‍ എന്ന ഫുട്ബാള്‍ താരത്തിന്റേയും മനുഷ്യന്റേയും വിജയ കഥ വരച്ചുവെച്ചാണ്. ഒരു സംവിധായകന്‍ തന്റെ സിനിമയെ എത്രമാത്രം പോസിറ്റീവായി കാണുന്നു എന്നല്ല, ഒരു വ്യക്തിയെ എത്രയേറെ പോസിറ്റീവായി സമീപിക്കാനാവുന്ന എന്നാണ് വരച്ചുകാണിക്കാനാവുന്നുവെന്നാണ് ക്യാപ്റ്റനിലൂടെ തെളിയിക്കുന്നത്. പ്രജേഷ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് ക്യാപ്റ്റനെങ്കിലും അത്തരമൊരു ചെറിയ തോന്നല്‍ പോലും സിനിമയിലൊരിടത്തും അനുഭവപ്പെടുന്നില്ല എന്നത് അദ്ദേഹത്തിന്റെ ക്രാഫ്റ്റ് എടുത്തു കാണിക്കുന്നു.
1999ലെ സാഫ് ഗെയിംസില്‍ ഇറാനെതിരെയുള്ള മത്സരത്തില്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുന്ന പെനാല്‍ട്ടിയില്‍ നിരാശനായി മൈതാനത്തെ മണ്ണിലേക്ക് തലകുമ്പിട്ടിരിക്കുന്ന വി പി സത്യനെയാണ് പ്രേക്ഷകര്‍ ആദ്യം കാണുന്നതെങ്കിലും സിനിമ അവസാനിക്കുന്നത് തലയില്‍ ഒരു രാജ്യത്തിന്റേയും നൂറുകോടിയുടേയും സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ച് അതുപോലെ മറ്റൊരു പെനാല്‍ട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ വല നിറക്കുന്ന സത്യനിലൂടെയാണ്. ഒരു ദുരന്തത്തിലൂടെ അവസാനിപ്പിക്കേണ്ടിയിരുന്ന ദൃശ്യങ്ങള്‍ എത്ര മനോഹരമായാണ് കോടിക്കണക്കിന് പേരുടെ ഹൃദയങ്ങളില്‍ എക്കാലവും സൂക്ഷിക്കാവുന്ന ആത്മഹര്‍ഷമായി പ്രജേഷ് സെന്‍ അവശേഷിപ്പിച്ചിരിക്കുന്നത്!
ഫുട്ബാളിന് വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യനായിരുന്നു വി പി സത്യന്‍. ഫുട്ബാളും ബുള്ളറ്റും കഴിഞ്ഞേ നീയുള്ളുവെന്ന് ഭാര്യ അനിതയോട് ആദ്യരാത്രി പറഞ്ഞ വി പി സത്യനെ വെള്ളിത്തിരയില്‍ കാണുമ്പോള്‍ അതൊരു സാങ്കല്‍പ്പിക കഥയല്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ഭാര്യ അനിതയുണ്ടല്ലോ.
ഇന്ത്യയും കേരളവും വി പി സത്യനോട് ചെയ്തതെന്തെന്ന് സിനിമ എടുത്തു പറയുന്നുണ്ട്. മുഖ്യമന്ത്രി കെ കരുണാകരന്‍ ഊതിക്കത്തിക്കാന്‍ ശ്രമിച്ച കേരള പൊലീസിലെ ആ തീപ്പൊരി പിന്നീട് ആരും ചെറുകാറ്റുകൊണ്ടുപോലും ഒന്നുണര്‍ത്തിയില്ല. പകരം ഫുട്ബാളിനെ പ്രണയിച്ച മനുഷ്യന്‍ കൊല്‍ക്കത്തയില്‍ കളിക്കാന്‍ പോയതിന് പണിഷ്‌മെന്റ് വാങ്ങിക്കൊടുക്കാനായിരുന്നു ധൃതി കൂട്ടിയത്. ഏത് പണിഷ്‌മെന്റും മുഖ്യമന്ത്രിയോട് പറഞ്ഞാല്‍ മാറ്റിയെടുക്കാമായിരുന്നിട്ടും തന്റെ തട്ടകം കളിയാണെന്നും അത് ലോകം തിരിച്ചറിയണമെന്നും വാശിയുണ്ടായിരുന്ന സത്യന്‍ ആരോടും റെക്കമന്റിനോ ആരുടേയും കാലുപിടിക്കാനോ പോയില്ല. തന്നെ വേണ്ടാത്ത ലോകത്തോട് വിട പറഞ്ഞ് രാത്രിയ്ക്കു രാമാനം ബംഗാളിലേക്ക് വണ്ടി കയറുമ്പോള്‍ സത്യന് മുമ്പില്‍ വലിയൊരു ലോകവും അതിലേറെ വലിയ പ്രതീക്ഷയുമുണ്ടായിരുന്നു.
കുട്ടിക്കാലത്ത് കല്ലുകൊണ്ടടിച്ച് പൊട്ടിച്ച ആ കാലുതന്നെയായിരുന്നു സത്യന്റെ നിര്‍ഭാഗ്യം; അതേ കാലുകള്‍ തന്നെയായിരുന്നു മികവിന്റേയും ഭാഗ്യത്തിന്റേയും ചിറകുകള്‍ അദ്ദേഹത്തിന് സമ്മാനിച്ചതും. ഒടുവില്‍ അണ്‍ഫിറ്റിന്റെ പേരില്‍ കൊല്‍ക്കത്തയും ഇന്ത്യന്‍ ടീമും മദിരാശിയിലെ കോച്ചിംഗുമെല്ലാം സത്യന് നഷ്ടസ്വപ്നങ്ങള്‍ മാത്രമായി.
മാനസിക പ്രയാസത്തിന്റെ വലിയ അലട്ടലുകളുണ്ടാവുമ്പോള്‍ ഭാര്യയ്ക്ക് കത്തെഴുതിവെച്ച് ആത്മഹത്യയ്ക്കുള്ള പുറപ്പാട് സ്ഥിരം സംഭവമായി. ഓരോ കത്തെഴുത്തിന് ശേഷവും കൂടുതല്‍ ഫ്രഷായും അതിലേറെ മാനസിക സമാധാനത്തോടെയും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് മടങ്ങിയെത്തുന്ന സത്യന്‍ വീണ്ടും പതിയെ മാനസിക പ്രയാസങ്ങളിലേക്ക് ഉരുണ്ടുവീഴും. തനിക്ക് കളിക്കാനാവില്ലെന്ന ദുരന്തം ഒരിക്കലും അദ്ദേഹത്തിന് അംഗീകരിക്കാനാവില്ലായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റായി കത്തി നില്‍ക്കുന്ന കാലത്തുപോലെ വി പി സത്യന്‍ എന്ന പ്രമുഖനെ പലരും തിരിച്ചറിഞ്ഞിരുന്നില്ല. വിമാനത്താവളത്തില്‍ വെച്ച് അനിത വി പി സത്യന്റെ പത്രവാര്‍ത്തകള്‍ ഉറക്കെ വായിക്കുന്നതുപോലും ഇതാ വി പി സത്യന്‍ ഇവിടെയുണ്ടെന്ന് ലോകത്തെ അറിയിക്കാനായിരുന്നു. എന്നിട്ടും അതേ വിമാനത്താവളത്തില്‍ ഓട്ടോഗ്രാഫിന് പേന ചോദിച്ചെത്തുന്ന രണ്ട് പെണ്‍കുട്ടികള്‍ സത്യനെ തിരിച്ചറിഞ്ഞുവെന്നാണ് കാഴ്ചക്കാര്‍ ധരിക്കുക. അകത്ത് വി ഐ പി ലോഞ്ചില്‍ രവിശാസ്ത്രിയുണ്ടെന്നും അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫിനാണ് വി പി സത്യനോട് പേന വാങ്ങിയതെന്നുമുള്ള കയ്പുള്ള സത്യം അല്‍പം കൂടി കഴിഞ്ഞാണ് പ്രേക്ഷകന്‍ തിരിച്ചറിയുക. ഈ മുഷിപ്പ് മാറ്റാന്‍ സത്യനോട് നമുക്കൊരു ചായ കുടിച്ചാലോ എന്നു ചോദിക്കുന്ന അനിത, ചായക്കിടയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ കാണുന്ന പ്രമുഖ വ്യക്തിയെ പരിചയപ്പടുത്തി തരാമോ എന്ന് സത്യനോട് ചോദിക്കുന്നുണ്ട്. ആരാണ് പ്രമുഖനെന്ന് നോക്കിയ സത്യന്‍, അയാള്‍ ഭയങ്കര ചൂടനാണെന്ന് കേട്ടിട്ടുണ്ടെന്നും പരിചയപ്പെടാന്‍ താനില്ലെന്നും പറയുമ്പോള്‍, നിങ്ങള്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ ക്യാപ്റ്റനാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു അനിതയുടെ പക്ഷം.
പ്രമുഖനെ നോക്കാതെ കടന്നു പോകാന്‍ ശ്രമിക്കുന്ന വി പി സത്യനെ പിറകില്‍ നിന്നും 'മിസ്റ്റര്‍ ക്യാപ്റ്റന്‍, എന്താണ് മൈന്റ് ചെയ്യാതെ പോകുന്നതെന്ന' വിളി അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകരെ അത്ഭുതപ്പെടുത്തും. പതിറ്റാണ്ടുകളായി മലയാള ചലച്ചിത്രത്തിന് പരിചയമുള്ള ശബ്ദത്തിന്റെ ഉടമയെ കാണുമ്പോഴാണ് ദൈവം കൗതുകങ്ങള്‍ ഒളിപ്പിച്ചു വെക്കുന്നത് എത്ര മനോഹരമായാണെന്ന് തിരിച്ചറിയുക. ഇന്ത്യന്‍ സിനിമയിലെ അത്ഭുതങ്ങളിലൊന്നും മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരവുമായ മമ്മൂട്ടിയായിരുന്നു വി പി സത്യനെ തിരിച്ചറിഞ്ഞ് പിറകില്‍ നിന്ന് വിളിക്കുന്നത്. തന്നെ ആരും തിരിച്ചറിയാത്തതുകൊണ്ടാണ് താന്‍ മൈന്റ് ചെയ്യാതെ പോയതെന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ പറയുമ്പോള്‍ നിങ്ങള്‍ക്കും ഇന്ത്യന്‍ ഫുട്ബാള്‍ ടീമിനും ഒരു സുവര്‍ണ്ണ കാലം വരുമെന്ന് മമ്മൂട്ടി ആംശസിക്കുന്നു. അനിതയ്‌ക്കൊരു ഓട്ടോഗ്രാഫ് വേണമെന്ന സത്യന്റെ ആവശ്യത്തിന് വിമാന ടിക്കറ്റിന് മുകളില്‍ 'ക്യാപ്റ്റന്റെ അനിതയ്ക്ക് സ്‌നേഹത്തോടെ മമ്മൂക്ക' എന്നെഴുതി ഒപ്പിട്ടു കൊടുത്ത മമ്മൂട്ടി, കേരളം അദ്ദേഹത്തോട് കാണിച്ച അവഗണനയ്ക്കാണ് പ്രായശ്ചിത്തം ചെയ്തിരിക്കുന്നത്.

ക്യാപ്റ്റനില്‍ കടന്നു വരുന്ന മമ്മൂട്ടിയും കമാല്‍ വരദൂരും വി ആര്‍ സുധീഷുമൊക്കെ, ആമിയില്‍ വള്ളത്തോളും കുട്ടികൃഷ്ണമാരാരും ചങ്ങമ്പുഴ കൃഷ്ണപിള്ളയും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിജയലക്ഷ്മിയും ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ കടന്നെത്തി ആഹ്ലാദത്തിന്റെ സാംസ്‌ക്കാരിക ലോകം പണിയുന്നൊരു അനുഭവം പ്രദാനം ചെയ്യുന്നുണ്ട്.

ക്യാപ്റ്റന്‍ സത്യനെ അനശ്വരനാക്കാന്‍ ജയസൂര്യ നടത്തിയ ശ്രമങ്ങളെല്ലാം വിജയിച്ചിട്ടുണ്ട്. ജയസൂര്യയുടെ സത്യനോട് കിടപിടിച്ചു തന്നെയാണ് അനു സിതാരയുടെ അനിതയും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
കൊറിയക്കെതിരെയുള്ള മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിന് സ്വയം തയ്യാറായി മുന്നോട്ടെത്തി ഗോളടിച്ച് ഇന്ത്യന്‍ ടീമിനെ വിജയിപ്പിച്ച് ഗ്രൗണ്ടില്‍ തല കുമ്പിട്ട ക്യാപ്റ്റനോട് 'എന്തൊരു റിസ്‌കാണ് സത്യാ നീയെടുത്തത്' എന്ന സഹ കളിക്കാരന്റെ ചോദ്യത്തോട് നൂറൂകോടി ജനങ്ങളുടെ സ്വപ്നങ്ങളുടെ ശ്വാസം നിറച്ചാണ് പന്താണ് താന്‍ തട്ടിയതെന്ന സത്യന്റെ മറുപടി തന്നെയാണ്, അവസാന ഭാഗത്ത് മകള്‍ക്ക് ഫുട്ബാളില്‍ സ്വന്തം ശ്വാസം ഊതിനിറക്കുമ്പോഴും പ്രേക്ഷകന് കിട്ടുന്നത്. മകളേ, ഇത് അച്ഛന്റെ ശ്വാസമാണ്, ഇനിയെപ്പോഴും അച്ഛന്‍ കൂടെയുണ്ടാകും പേടിക്കേണ്ടെന്ന വാക്കുകള്‍ എത്ര വലിയ ആശയമാണ് കൈമാറുന്നത്.
നാട്ടില്‍ ആദരവ് സ്വീകരിക്കാന്‍ പോയപ്പോള്‍ അമ്മയേയും പെങ്ങളേയും കണ്ടില്ലെന്നും അവരെ കാണണമെന്നും പറഞ്ഞ് തലശ്ശേരിക്ക് പുറപ്പെട്ട സത്യന്‍ റെയില്‍വേ സ്റ്റേഷനില്‍ ഒറ്റക്കാലുമായി ഭിക്ഷ യാചിക്കാനെത്തിയ യുവതിക്ക് തന്റെ പേഴ്‌സിലുള്ള പണമെല്ലാം നല്കുകയാണ്. തന്റെ കാല്‍ മുറിക്കേണ്ടി വരുമെന്ന് ഭയന്ന സത്യന്, കാലില്ലാത്ത തന്നെ സങ്കല്‍പ്പിക്കാനേ സാധിക്കുമായിരുന്നില്ല. പല്ലാവരം റെയില്‍വേ സ്റ്റേഷനിലേക്ക് വന്ന തീവണ്ടി വി പി സത്യനെന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ നിരക്കാരനേയും പത്തു തവണ ഇന്ത്യന്‍ ഫുടബാളിന്റെ ക്യാപ്റ്റനായിരുന്ന മികച്ച കളിക്കാരനേയും കളികളില്ലാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
തീവണ്ടിയുടെ അനൗണ്‍സ്‌മെന്റ് പോലും കണ്ണൂരിലെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അനൗണ്‍സ്‌മെന്റായും റെയിലിലെ മാലിന്യങ്ങള്‍ക്കു മേല്‍ ജീവനക്കാരി വിതറുന്ന കുമ്മായം ഫുട്ബാള്‍ ഗ്രൗണ്ടിലെ വരക്കുന്ന വരയായുമാണ് അവസാനം പോലും സത്യന്‍ സങ്കല്‍പ്പിക്കുന്നത്.
രഞ്ജിപണിക്കരുടെ കോച്ച് ജാഫര്‍, എവിടെ കളിയുണ്ടായാലും അവിടെയെത്തുന്ന സിദ്ദീഖിന്റെ മൈതാനമെന്ന കഥാപാത്രം, സത്യന്റെ എക്കാലത്തേയും മികച്ച സുഹൃത്തായിരുന്ന ഷറഫലി, ജനാര്‍ദ്ദനന്റെ മുഖ്യമന്ത്രി കെ കരുണാകരന്‍ തുടങ്ങിയവയെല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. ഫുട്ബാളിലേക്ക് കാറ്റ് നിറക്കാന്‍ വായവെച്ച് ഊതുന്ന ജയസൂര്യയുടെ ക്ലോസപ്പ് ഷോട്ട് മതി ഈ സിനിമ എത്രമാത്രം സത്യനെ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് തിരിച്ചറിയാന്‍.
പ്രജേഷ് സെന്‍ എന്ന തിരക്കഥാകൃത്തില്‍ നിന്നും സംവിധായകനില്‍ നിന്നും മലയാള സിനിമ കൂടുതല്‍ ആഗ്രഹിക്കാന്‍ ഈ സിനിമ കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രജേഷ് എന്ന മുന്‍കാല മാധ്യമ പ്രവര്‍ത്തകനേക്കാള്‍ വലിയ ഉത്തരവാദിത്വങ്ങളാണ് അദ്ദേഹം തോളിലേറ്റിയിരിക്കുന്നത്.
ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ വര്‍ഷമിട്ട് കാണിച്ച് കാണികളെ അത്ഭുതപ്പെടുത്തുന്ന ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങി, റേഡിയോ കമേന്ററിയും കളി കാണുന്നതിനിടില്‍ വൈദ്യുതി മുടങ്ങുമ്പോള്‍ ഇലക്ട്രിസിറ്റി ഓഫിസിന് മുമ്പില്‍ ബഹളം വെക്കുകയും ലൈന്‍മാനെ തൂക്കിയെടുത്ത് വെളിച്ചം തെളിയിക്കുകയും ചെയ്യുന്നതില്‍ വരെ ഒരു കാലഘട്ടം പുനഃസൃഷ്ടിച്ച് അതിലേക്ക് പ്രേക്ഷകരെ എത്തിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു.

സ്‌പോര്‍ട്‌സ് ചാനലില്‍ ഫുട്ബാള്‍ കാണുന്നതുപോലെ, കളിക്കളത്തിലെ പന്തിനും കാലുകള്‍ക്കുമൊപ്പം പായുന്ന ക്യാമറ നല്ലൊരു ഫുട്ബാള്‍ കാണുന്ന സുഖമാണുണ്ടാക്കിയത്. റോബി വര്‍ഗ്ഗീസ് രാജിന്റെ ഛായാഗ്രഹണം, ഗോപിസുന്ദറിന്റെ സംഗീതം തുടങ്ങി എല്ലാ നന്മകളും ഒരു സിനിമയില്‍ ഒന്നിക്കണമെന്ന് ദൈവം നേരത്തെ തന്നെ കരുതിവെച്ചിരുന്നു.
ക്യാപ്റ്റനില്‍ സത്യനായ ജയസൂര്യയ്ക്കും അനിതയായ അനു സിതാരയ്ക്കും ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാകുന്ന സിദ്ദീഖിനും സംവിധായകന്‍ പ്രജേഷ് സെന്നിനും മാത്രമല്ല, ഇത്തരമൊരു സിനിമ നിര്‍മിക്കാന്‍ തയ്യാറായ ടി എല്‍ ജോര്‍ജ്ജിനും അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍.
ഒരു കാലത്ത് തങ്ങള്‍ തിരിച്ചറിയാതെ പോയ വി പി സത്യനെന്ന പ്രതിഭയെ മലയാളം ആത്മഹര്‍ഷത്തോടെ നെഞ്ചോട് ചേര്‍ക്കുന്നതും 'സത്യാ മാപ്പ്' എന്ന ഏറ്റുപറയുന്നതും കൂടിയാണ് ക്യാപ്റ്റന്‍.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍