സമര്‍പ്പണമാണ് ആമി

ആമി എന്ന ചലച്ചിത്രം കമല്‍ എന്ന സംവിധായകനായിരിക്കില്ല, കമല്‍ എന്ന തിരക്കഥാകൃത്തിനും സംഭാഷണ രചയിതാവിനുമായിരിക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയെന്നാണ് കരുതിയിരുന്നത്. ആ കാരണം തന്നെയാണ് ആമി കാണാനുള്ള ആദ്യപ്രചോദനവും.
കമലാദാസ്, കമലാ സുരയ്യ തുടങ്ങി ഏതുപേരില്‍ വിളിച്ചാലും മലയാളികള്‍ക്ക് അവര്‍ മാധവിക്കുട്ടിയാണ്. വ്യത്യസ്തമായ ശൈലിയില്‍ കഥകള്‍ എഴുതുകയും ഒരേ സമയം അത്ഭുതപ്പെടുത്തുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്ത എഴുത്തുകാരി. മലയാളിക്കപ്പുറമാണ് കമലാദാസും അവരുടെ ഇംഗ്ലീഷ് രചനകളും. കമലാ ദാസിനേക്കാള്‍ മലയാളികളോട് അടുത്ത് നില്‍ക്കുന്നത് കമലാ സുരയ്യയായിരിക്കും. അതാകട്ടെ അവരുടെ രചനകളേക്കാളേറെ മതംമാറ്റം സൃഷ്ടിച്ച വിവാദങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത അടുപ്പവും!
മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ചവര്‍ക്കറിയാം അവരുടെ ഭാഷയുടെ നൈര്‍മല്യം. വശ്യമായ ഭാഷയില്‍ എഴുതുന്ന അവരെ വശ്യമായ രൂപമെന്നും പെരുമാറ്റമെന്നുമൊക്കെ പറഞ്ഞ് പരമാവധി അവഹേളിക്കുന്ന രൂപത്തിലേക്ക് മാറ്റാനായിരുന്നു മലയാളികള്‍ക്ക് എക്കാലവും താത്പര്യമുണ്ടായിരുന്നത്. ഒരുപക്ഷേ, 'എന്റെ കഥ'യായിരിക്കണം സാധാരണ വായനക്കാരെകൊണ്ടും എല്ലാം മഞ്ഞയും നീലയുമായി കാണാന്‍ ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്ന സ്ഥിരം നമ്മുടെ മലയാളി രീതിക്കും അവരെ അത്തരത്തില്‍ ചിത്രീകരിക്കാന്‍ താതപര്യമുണ്ടാക്കിയത്. 'എന്റെ കഥ' നിര്‍ത്തിയിടത്താണല്ലോ പമ്മന്റെ 'ഭ്രാന്ത്' തുടങ്ങുന്നത്!!
മഞ്ജുവാര്യര്‍ എന്ന അനുഗ്രഹീത നടിയുടെ നെറ്റിയില്‍ വലിയ വട്ടപ്പൊട്ടും കാതിലും കഴുത്തിലും ആഭരണങ്ങളും അണിയിച്ചും വര്‍ണ്ണപ്പകിട്ടുള്ള സാരിയുടുപ്പിച്ചും രൂപംകൊണ്ടും ഭാവംകൊണ്ടും മാത്രമേ മാധവിക്കുട്ടിയാക്കാനാവുകയുള്ളുവെന്ന് മറ്റാരേക്കാളും നന്നായി അറിയുന്നയാള്‍ സംവിധായകന്‍ കമല്‍ തന്നെയായിരിക്കണം. അതുകൊണ്ടുതന്നെയാണ് മാധവിക്കുട്ടിയുടെ ഭാഷയോട് കിടപിടിക്കുന്ന രീതിയില്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വെല്ലുവിളിയാവുന്നതും!
ആമിയുടെ തിരക്കഥയും സംഭാഷണവും ഒരുപോലെ കവിത തുളുമ്പുന്നതാക്കാന്‍ കമല്‍ വളരെയേറെ ശ്രദ്ധിച്ചിട്ടുണ്ട്. ആമി മാധവിക്കുട്ടിയോട് ചെയ്യുന്ന അനീതിയാവരുതെന്ന് അദ്ദേഹത്തിന് നിഷ്‌കര്‍ഷയുണ്ടാകണം. അതില്‍ കമല്‍ ഒരായിരം തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സംഭാഷണങ്ങളിലെ ചാരുതയും ശൈലിയും, പഴയ കൊല്‍ക്കത്തയും മുംബൈയും മാത്രമല്ല പുന്നയൂര്‍ക്കുളവും പുനഃസൃഷ്ടിക്കാനെടുത്ത പ്രയത്‌നം, മികച്ച ഫ്രെയിമുകള്‍, റഫീഖ് അഹമ്മദിന്റെ വരികളേയും ജയചന്ദ്രന്റെ സംഗീതത്തേയും ശ്രേയഘോഷാലിന്റെ ആലാപനത്തേയും പലയിടങ്ങളില്‍ തുടര്‍ച്ച നഷ്ടപ്പെടുത്താതെയുള്ള കോര്‍ത്തു വെക്കലുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും കടുത്ത ശ്രദ്ധയോടെയും അതിലേറെ പ്രതിബദ്ധതയോടെയും കമല്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഒരുപക്ഷേ, മലയാളം മാധവിക്കുട്ടിയോട് എന്തെങ്കിലുമൊക്കെ പാതകങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള പരിഹാരമാണ് ആമി.
അനൂപ് മേനോന്‍ അവതരിപ്പിച്ച അലി അക്ബര്‍ എന്ന കഥാപാത്രം പോസ്റ്ററുകളിലെവിടേയും പ്രത്യക്ഷപ്പെടാത്തതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന്റെ കടന്നുവരവ് വല്ലാത്ത അത്ഭുതവും അതിലേറെ കൗതുകവുമാണ് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നത്. ടൊവിനോ അവതരിപ്പിച്ച ശ്രീകൃഷ്ണനാകട്ടെ വളരെയധികം ഇഷ്ടം തോന്നുന്ന കഥാപാത്രവും!
ഇടപ്പള്ളി ലുലുവില്‍ നടന്ന ആമി ഓഡിയോ റിലീസില്‍ കമല്‍, മഞ്ജു വാര്യര്‍, ടൊവിനോ, മുരളി ഗോപി, ഡോ. സുലോചന നാലാപ്പാട്, മാധവിക്കുട്ടിയുടെ കുട്ടിക്കാലങ്ങള്‍ അവതരിപ്പിച്ച പെണ്‍കുട്ടികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ ടൊവിനോയുടേയും അനൂപ് മേനോന്റേയും കഥാപാത്രങ്ങള്‍ സസ്‌പെന്‍സാണെന്നും ഇപ്പോള്‍ പറയുന്നില്ലെന്നും കമല്‍ പറഞ്ഞിരുന്നു. മാധവിക്കുട്ടി എന്ന കഥാപാത്രമല്ലാതെ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളാരും സിനിമയിലുടനീളം പ്രത്യക്ഷപ്പെടാതിരിക്കുമ്പോഴും ടൊവിനോയുടെ ശ്രീകൃഷ്ണന്‍ ആദ്യം മുതല്‍ അവസാനം വരെ ഒരേ രീതിയില്‍ കടന്നുവരുന്നുവെന്നതും ശ്രദ്ധേയമാണ്.
ജീവചരിത്രമാണ് പറഞ്ഞുപോകുന്നതെങ്കിലും അവയെ പല സമയങ്ങളിലും പല കാലങ്ങളിലുമായി പ്രേക്ഷകരെ മുഷിപ്പിക്കാതെ ചേര്‍ത്തുവെച്ചിട്ടുണ്ട് ആമി. അപ്രതീക്ഷിതമായി സിനിമ അവസാനിപ്പിച്ചുകൊണ്ട് ഞെട്ടിക്കുകയും ചെയ്യുന്നുണ്ട് കമല്‍.
കമലയുടെ വിഭ്രാന്തികളേയും കാഴ്ചയ്ക്കുള്ളിലെ കാഴ്ചകളേയും കമലയുടെ ജീവിതം പോലെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വരച്ചുവെക്കാന്‍ ടൈറ്റില്‍ കാര്‍ഡ് മുതല്‍ അവസാന കവിതാശകലം വരെ കമലിന് കഴിഞ്ഞിരിക്കുന്നു.
കേവലമൊരു സിനിമയല്ല; സമര്‍പ്പണമാണ് ആമി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍