ശരിക്കും 'ഈട'ത്തന്നെയാണ് ഈട!


പേര് തന്നെയായിരുന്നു ആദ്യത്തെ ആകര്‍ഷണീയത- ഈട. സിനിമാ പോസ്റ്ററുകള്‍ കണ്ടപ്പോള്‍, 'ഇത് ഞമ്മളെ ഈട തന്നെയോളി' എന്നൊരു തോന്നലുണ്ടാക്കാന്‍ ആ വാചകത്തിന് കഴിഞ്ഞുവെന്നത് തികച്ചും സത്യമാണ്. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അനിയനാണ് പറഞ്ഞത്, എടക്കാടൊക്കെ ഷൂട്ടിംഗുണ്ടായിരുന്നു, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയമെന്ന്. തലശ്ശേരിയിലും കണ്ണൂരിലും 'ഈട' പ്രദര്‍ശിപ്പിക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടോ എന്ന സംശയവും അവന്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ അപ്രഖ്യാപിതമായി സിനിമയെ വിലക്കിയോ എന്ന് കൂടുതല്‍ അന്വേഷിക്കാന്‍ സമയമുണ്ടായിരുന്നില്ല, തലശ്ശേരിയില്‍ നിന്നും തീവണ്ടി കയറിപ്പോരുമ്പോള്‍.
കണ്ണൂര്‍ ജില്ലയിലേയും തലശ്ശേരി താലൂക്കിലേയും കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ഇതിനുമുമ്പും നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. പക്ഷേ, അവയില്‍ പലതും യാഥാര്‍ഥ്യത്തോട് അത്രയൊന്നും അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചിട്ടില്ലല്ലോ എന്ന തോന്നലുണ്ടാക്കിയിരുന്നു. ഒരുപക്ഷേ, ലക്ഷങ്ങള്‍ മുടക്കിയെടുക്കുന്ന സിനിമയെന്ന കലാ- വ്യവസായ വസ്തുവിന് ചില കാര്യങ്ങളിലെ പരിമിതികള്‍ ഉണ്ടായിരിക്കാം.
എന്നാല്‍ രാഷ്ട്രീയ കൊലപാതക വിഷയത്തില്‍ ചില നീതിപൂര്‍വ്വമായ സമീപനങ്ങള്‍ നിര്‍വഹിക്കാന്‍ ഈടയ്ക്ക് സാധിച്ചിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലേക്കും പിന്നാമ്പുറ രഹസ്യങ്ങളിലേക്കും ചരിത്രത്തിന്റെ പിന്തുണയുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിവരങ്ങളിലേക്കുമെല്ലാം ഈട കൃത്യമായി സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ട് ചില നേരങ്ങളില്‍ സി പി എം അനുകൂലികള്‍ക്ക് അതൊരു സി പി എം വിരുദ്ധ ചിത്രമെന്നും സംഘപരിവാര മനസ്സുള്ളവര്‍ക്ക് സംഘപരിവാറിനെതിരെയുള്ള സിനിമയെന്നും തോന്നലുണ്ടാക്കും. സത്യത്തില്‍ ചരിത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചതുകൊണ്ടായിരിക്കണം അത്തരം തോന്നലുകള്‍ 'ഈട' ഉത്പാദിപ്പിക്കുന്നത്.
***  *** ***   *** *** *** ***



 പത്രം വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അറിയുന്നതാണ് തലശ്ശേരിയിലെ സി പി എം- ആര്‍ എസ് എസ് കൊലപാതക രാഷ്ട്രീയം. ഇതേക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്ന ഒരു ചിത്രമുണ്ട്. ഇരു പാര്‍ട്ടികളും സംഘര്‍ഷം കൊടുമ്പിരികൊണ്ട എണ്‍പതുകള്‍. അന്ന് വളരെ ചെറിയ കുട്ടിയായിരുന്നു ഞാന്‍. ആരുടെയോ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ഒരു ബന്ദ് ദിവസം തറവാടിന്റെ പടിപ്പുരയില്‍ നില്‍ക്കവെ, തലശ്ശേരി നഗരമധ്യത്തിലായിരുന്നിട്ടും മുടി നീട്ടി വളര്‍ത്തി, തലയില്‍ കെട്ടുകള്‍ കെട്ടിയ മൂന്നാലുപേര്‍ പെട്ടെന്ന് ഞങ്ങള്‍ കുട്ടികളെ തള്ളി നീക്കി ഞങ്ങളുടെ വീടിന്റെ പടിപ്പുരയില്‍ കയറി ഒളിച്ചു. റോഡിലൂടെ പൊലീസ് ജീപ്പ് വരുന്നതുകണ്ട് അവര്‍ ഓടിക്കയറി ഒളിച്ചതായിരുന്നു അതെന്ന് അന്നേ മനസ്സിലായി. പൊലീസ് ജീപ്പ് പോയപ്പോള്‍ റോഡ് മുറിച്ചു കടന്ന് വീതി കുറഞ്ഞ ഇടവഴിയിലൂടെ അവര്‍ ഓടിപ്പോയി. ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കാരാണ് അവരെന്ന് എനിക്ക് അന്നും ഇന്നും അറിയില്ല. ആ സംഭവത്തിന് തൊട്ടുമുമ്പൊരു ദിവസം ജൂബിലി റോഡിലോ പരിസര പ്രദേശങ്ങളിലെവിടെയോ ഒരാളെ കുത്തിക്കൊന്നെന്ന് കേട്ടിരുന്നു.
യാദൃശ്ചികമെന്ന് പറയട്ടെ, പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചതിന് തൊട്ടുപിന്നാലെ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളിലൊന്ന് രാഷ്ട്രീയ കൊലപാതകം തന്നെയായിരുന്നു. മീന്‍ വില്‍പ്പനക്കാരനായ സി പി എം പ്രവര്‍ത്തകന്‍ ദാസനെ പാറാല്‍ വായനശാലയ്ക്ക് സമീപം ബോംബെറിഞ്ഞു കൊന്നു എന്ന വാര്‍ത്ത. പിന്നെ എത്രയെത്ര രാഷ്ട്രീയ സംഘര്‍ഷ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന് എനിക്കു തന്നെ അറിയില്ല.



എന്റെ അധ്യാപകനല്ലാതിരുന്നിട്ടും സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപകന്‍ സുരേഷ് മാഷെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലായെന്നുമുള്ള വാര്‍ത്ത, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ജയകൃഷ്ണനെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ വെട്ടിക്കൊന്ന സംഭവം (കെ ടി ജയകൃഷ്ണന്‍ ക്ലാസ് മുറിയില്‍ കൊല്ലപ്പെട്ട് കിടക്കുന്നത് നേരില്‍ കണ്ടത് ഇന്നും മനസ്സിലുണ്ട്), അതേതുടര്‍ന്ന് സി പി എം അധ്യാപകനെ തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ആക്രമി സംഘം പകരം മൈസൂരുവില്‍ നിന്നും പെണ്ണുകാണാന്‍ അവധിക്ക് നാട്ടിലെത്തിയ അനിയനെ വെട്ടിക്കൊന്ന സംഭവം, പിന്നെ ആ വര്‍ഷവും അതിനടുത്ത വര്‍ഷവും ഡിസംബറിലെ ആദ്യ മൂന്ന് ദിവസങ്ങള്‍ തലശ്ശേരി താലൂക്ക് രാഷ്ട്രീ കൊലപാതകങ്ങള്‍ കൊണ്ട് നിറഞ്ഞ വാര്‍ത്ത, രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായവരുടെ വീടുകളില്‍ അവരുടെ രാഷ്ട്രീയ നിറം നോക്കാതെ സന്ദര്‍ശിച്ച് പരമ്പര തയ്യാറാക്കി ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്, കൊലപാതക രാഷ്ട്രീയത്തിനെതിരെ മലയാള സിനിമാ താരങ്ങള്‍ ഒരു ദിവസം മുഴുവന്‍ പാനൂരില്‍ ഉപവാസം അനുഷ്ഠിച്ചത് തുടങ്ങി എത്രയോ സംഭവങ്ങളാണ് ഈട എന്ന സിനിമ എന്റെ മനസ്സിലേക്ക് എത്തിച്ചത്. കെ ടി ജയകൃഷ്ണന്റെ കൊലപാതക സ്ഥലത്തേക്ക് വാഹനത്തിലേക്ക് യാത്ര പോകവേ വടിവാളും ബോംബുകളുമായി വാഹനത്തിന് മുമ്പിലേക്ക് ചാടിവീണ ആര്‍ എസ് എസ് സംഘം, സംഘര്‍ഷം വ്യാപിക്കവെ ബോംബുകള്‍ പൊട്ടിത്തെറിച്ച് ഉയര്‍ന്ന കടുത്ത ശബ്ദവും പുകയും, പരുക്കേറ്റ നിരവധി പൊലീസുകാര്‍, ആക്രമികള്‍ പൊലീസ് വാനിന് തീയ്യിട്ടപ്പോള്‍ മാസത്തിന്റെ തുടക്കമായതിനാല്‍ വാങ്ങിവെച്ച ശമ്പളവും വാനില്‍ സൂക്ഷിച്ച വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ കത്തിപ്പോയി നിസ്സംഗരായിപ്പോയ പൊലീസുകാരുടെ ഭാവം, തിന്നാനും കുടിക്കാനും ഉറങ്ങാനും മാത്രമല്ല മാത്രമല്ല, മര്യാദയ്‌ക്കൊന്ന് വിശ്രമിക്കാന്‍ പോലും കഴിയാതെ പത്രത്തില്‍ പ്രസിദ്ധീകരിക്കരുതെന്ന അപേക്ഷയോടെ തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്ത് പണി തീരാത്ത കെട്ടിടത്തിന് മുകളില്‍ താമസ കേന്ദ്രം കാണിച്ചു തന്ന പൊലീസുകാര്‍... ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് രണ്ടര മണിക്കൂറിനകം ഒരു സിനിമ എന്റെ മനസ്സിലേക്ക് തിക്കിത്തള്ളി തന്നത്.
*** *** *** *** ***

ഒരു പ്രണയ സിനിമയ്ക്ക് ആവശ്യമായ തരത്തിലുള്ള ചേരുവകളെല്ലാം കൃത്യമായ അളവില്‍ ചേര്‍ത്തുവെക്കാന്‍ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ സിനിമയുടെ സത്യസന്ധതയും ഈ ചിത്രം പുലര്‍ത്തുന്നുണ്ട്.
ബംഗളൂരുവില്‍ നിന്നും ഹര്‍ത്താല്‍ ദിനത്തില്‍ എടക്കാട് റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന നായികയിലാണ് സിനിമ തുടങ്ങുന്നത്. കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കു പകരം ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള എടക്കാട് കണ്ടെത്തിയത് സംവിധായകന്റെ മികച്ച തെരഞ്ഞെടുപ്പായിരുന്നു. കാരണം നായകന്‍ ആനന്ദും നായിക അമ്മുവും ജീവിക്കുന്നത് കണ്ണൂരിനും തലശ്ശേരിക്കും ഇടയിലുള്ള ഗ്രാമങ്ങളിലായിരുന്നു.
അമ്മു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും ആനന്ദ് സംഘപരിവാര്‍ കുടുംബത്തില്‍ നിന്നുമുള്ളവരാണെന്ന് വൈകാതെ തന്നെ കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെടും. മാത്രമല്ല, ഹര്‍ത്താല്‍ ദിനം പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലുണ്ടാകുന്ന സംഭവങ്ങളും കടന്നുപോകുന്ന വഴിയില്‍ പെട്രോള്‍ തീര്‍ന്ന് ബൈക്ക് നിന്നു പോകുന്നതും, സുഹൃത്തിനോട് പെട്രോള്‍ വാങ്ങാന്‍ പോകുന്ന നായകന്‍ തിരികെ വരുമ്പോള്‍ നായികയുടെ മൊബൈല്‍ ചിത്രീകരണത്തില്‍ പെട്ടെന്ന് കയറിവരുന്നതുമെല്ലാം സിനിമയുടെ പോക്ക് ആദ്യമേ വെളിപ്പെടുത്തുന്നുണ്ട്.
കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലെ നിരവധി യുവതി യുവാക്കളെ പോലെ അമ്മുവും ആനന്ദും ബംഗളൂരുവിലാണ് ജോലി ചെയ്യുന്നതെന്നത് കഥയുടെ പോക്കിന് 'എളുപ്പം' സൃഷ്ടിക്കുന്നുണ്ട്. അതിനിടയില്‍ നടക്കുന്ന വിവിധ കൊലപാതകങ്ങളും അതില്‍ പ്രതിചേര്‍ക്കപ്പെടുന്നവരും അതിനു പിന്നിലെ കഥകളുമൊക്കെയാണ് ഒരു പ്രണയ ചിത്രം എന്നതിനപ്പുറത്തേക്ക് 'ഈട'യെ കൊണ്ടുചെന്നെത്തിക്കുന്നത്.
മംഗലാപുരത്തു നിന്നും ഗണേഷ് ബീഡി കമ്പനിയുമായി എത്തിയ മുതലാളി തന്റെ കച്ചവട വികസനത്തിന് വേണ്ടിയാണ് തലശ്ശേരിയിലെ കൊലപാതക രാഷ്ട്രീയത്തിന് തുടക്കമിട്ടതെന്ന് സിനിമ കൃത്യമായി വിവരിക്കുന്നു. ഒപ്പം, മനസ്സില്‍ ചാഞ്ചാട്ടമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപാതക്കേസിലെ പ്രതികളായി ചിത്രീകരിച്ച് പൊലീസിന് കീഴടക്കുന്നതും അവര്‍ പിന്നീട് ജീവിതകാലം മുഴുവന്‍ കേസിലും കൂട്ടത്തിലുമായി പെട്ട് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായി ഗതികെട്ടു പോകുന്നതുമെല്ലാം കൃത്യമായി സിനിമ വരച്ചു കാണിക്കുന്നു. പാര്‍ട്ടിക്കു വേണ്ടി സമരം നടത്തി വെടിയേറ്റ് പരുക്കേറ്റ് ജീവിതകാലം മുഴുവന്‍ കിടപ്പിലാകുന്ന സഖാവിനുമറിയാം താന്‍ തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള കാശ് കൊടുക്കുമ്പോള്‍ പത്രങ്ങളില്‍ ഫോട്ടോവരാനും ഏതെങ്കിലുമൊരു രക്തസാക്ഷി ദിനാചരണത്തില്‍ വീല്‍ ചെയറില്‍ പ്രദര്‍ശിപ്പിക്കാനും മാത്രമുള്ളതാണെന്ന്. ഒരു ഭാഗത്ത് തെങ്ങിന്റെ മറവുപറ്റി ബോംബുണ്ടാക്കുമ്പോള്‍ മറുഭാഗത്ത് ഭഗവത്ഗീതയുടെ പാഠങ്ങളാണ് കുട്ടികള്‍ക്ക് പകര്‍ന്നേകുന്നത്, ഒരേ രാഷ്ട്രീയപ്പാര്‍ട്ടി! കണ്ണൂര്‍ രാഷ്ട്രീയത്തെ എത്ര കൃത്യമായി മനസ്സിലാക്കി അവതരിപ്പിച്ചിരിക്കുന്നു സംവിധായകന്‍!
രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നും പ്രതിയല്ലാതിരുന്ന ആനന്ദിനെ തന്റെ കാമുകിയുടെ അമ്മാവന്‍ കൊല്ലപ്പെടുമെന്ന വിവരം കൈമാറിയതിന് കേസിലെ പ്രതിയാക്കാന്‍ അവന് താത്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനം ശ്രമിക്കുമ്പോള്‍, അവന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് സാഹചര്യ തെളിവുകള്‍ മുന്നില്‍ നിരത്തി അവളുടെ പാര്‍ട്ടിക്കാരും തീരുമാനിക്കുന്നു. രണ്ടായാലും പ്രതിയാകുന്നത് അവനും അവന്റെ മറപറ്റി അവളുമായിരുന്നു. ആനന്ദിനെ പ്രതിയാക്കാനുള്ള ഗൂഢാലോചന നടന്നതായി പാര്‍ട്ടിക്കു വേണ്ടി ബലിദാനിയാകേണ്ടി വന്ന ദരിദ്ര കുടുംബത്തിലെ യുവാവിന്റെ സഹോദരി അവനെ ധരിപ്പിക്കുന്നു. (സഹോദരിയുടെ കുടുംബം ദരിദ്രരായതിനാല്‍, അവളുടെ ആങ്ങള എല്ലാ കാലത്തും കൊലപാതകക്കേസുകളിലും പാര്‍ട്ടി പ്രതിയാകുന്ന കേസുകളിലും ജയിലില്‍ പോകാന്‍ വിധിക്കപ്പെട്ടവനായിരുന്നു. എന്നിട്ടും അവര്‍ ചിന്തിക്കുന്നത് ധനികനായ തന്റെ അമ്മാവന്‍, സംഘനേതാവാണല്ലോ തന്നേയും കുടുംബത്തേയും പോറ്റുന്നത് എന്നായിരുന്നു. എന്നിട്ടുമൊടുവില്‍ അവനും കൊലപ്പെടുന്നു. അതോടെ തീര്‍ത്തും ദരിദ്രാവസ്ഥയിലായ കുടുംബത്തിന് വേണ്ടി അവളും നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തനം തന്നെ! ഒളിവില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തിന്നാനുണ്ടാക്കി കൊടുത്തും പാത്രം കഴുകിയും അവള്‍ ജീവിക്കുന്നു! അവള്‍ തന്നെയാണ് പാര്‍ട്ടിയുടെ വഞ്ചന ആനന്ദിനെ അറിയിക്കുന്നതും. തന്റെ ആങ്ങളയ്ക്ക് പറ്റിയ ദുരന്തം ആനന്ദിനുണ്ടാവരുതെന്ന് ജീവിതവും അനുഭവങ്ങളും കൊണ്ട് അവള്‍ പഠിച്ചിരുന്നു.)
പാര്‍ട്ടി നേതാവുമായി അമ്മുവിന്റെ വിവാഹം നടക്കുന്നതിന് തൊട്ടുമുമ്പ് ബംഗളൂരുവില്‍ ആനന്ദുമായുള്ള റജിസ്റ്റര്‍ വിവാഹത്തിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു അവള്‍. അക്കാര്യങ്ങളൊന്നും വീട്ടുകാര്‍ അറിയുന്നുമില്ല. ഇരുവരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ള കുടുംബക്കാരാണെന്നതും അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. കാര്യങ്ങള്‍ അറിഞ്ഞിരുന്ന അമ്മുവിന്റെ അച്ഛന്‍ ഇരു ധ്രുവങ്ങളിലുള്ള രാഷ്ട്രീയ വിശ്വാസമായതിനാല്‍ ഇരുവര്‍ക്കും ഒന്നിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സമകാലിക അവസ്ഥ മാത്രമല്ല, തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂറിനെ വധിച്ച രീതിയില്‍ സെല്‍ഫിയെടുത്ത് നായകന്‍ ആനന്ദിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതു കൂടി സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ തന്റേടം കാണിച്ചിട്ടുണ്ട്.
ഒടുവില്‍ ഇരുപാര്‍ട്ടിക്കാരും വേട്ടയാടുന്ന നായികയും നായകനും ഗ്രാമത്തിലെ കാവില്‍ ഒന്നിക്കുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു.
നവാഗതനാണെങ്കിലും മികച്ച സംരംഭത്തിലൂടെ തന്റെ വരവറിയിച്ചിട്ടുണ്ട് സംവിധായകന്‍ ബി അജിത് കുമാര്‍.

അബി എന്ന മലയാളത്തിന്റെ മിമിക്രി- സിനിമാ കലാകാരന് മലയാള ചലച്ചിത്രം നല്കാന്‍ മടി കാണിച്ച ഇരിപ്പിടങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ ഷെയിന്‍ നിഗാം നേടിയെടുക്കുമെന്ന പ്രഖ്യാപനമാണ് ഈടയിലെ നായകവേഷം. പല സന്ദര്‍ഭങ്ങളിലും വളരെ തന്മയത്വത്തോടെ സ്വന്തം വേഷം കൈകളില്‍ ഭദ്രമാക്കാന്‍ ഷെയിന്‍ നിഗാമിന് സാധിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലുമൂടെ ചലച്ചിത്ര രംഗത്തേക്കെത്തിയ നിമിഷ സജയനും കൈവിട്ടു പോകാത്ത തരത്തില്‍ സ്വന്തം കഥാപാത്രത്തെ ആവിഷ്‌ക്കരിക്കാന്‍ സാധിച്ചിട്ടുണ്ട്.

അലന്‍സിയര്‍, സുരഭി ലക്ഷ്മി, പി ബാലചന്ദ്രന്‍, സുജിത് ചന്ദ്രന്‍, മണികണ്ഠന്‍ ആചാരി, ബാബു അന്നൂര്‍, ഷെല്ലി തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയിട്ടുണ്ട്.
ഒരു സിനിമ വെറുമൊരു കഥ മാത്രമല്ലെന്നും ചരിത്രം കൂടിയാണെന്നും ഈട പറയുന്നു. താത്പര്യമുണ്ടായാലും ഇല്ലെങ്കിലും ഈട സത്യസന്ധമായി കാര്യങ്ങളെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്.
ശരിക്കും 'ഈട'ത്തന്നെയാണ് സിനിമ. ഞമ്മളെ നാട്ടില്‍- ഈട!

അഭിപ്രായങ്ങള്‍

  1. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം പശ്ചാത്തലമായി നിർമ്മിക്കപ്പെട്ട നല്ലൊരു പ്രണയകഥ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍