ഉപരോധം ഖത്തറിന് നല്കിയത്

ചുറ്റുവട്ടത്തുമുള്ള രാജ്യങ്ങള്‍ പറ്റാവുന്ന അതിര്‍ത്തികളെല്ലാം അടച്ചിട്ടാല്‍ ഒരു രാജ്യം എന്തുചെയ്യും? ചോദ്യം ഖത്തറിനോടാണെങ്കില്‍ ഉത്തരം ഇവിടുത്തുകാരുടെ അനുഭവമാണ്- സ്വയംപര്യാപ്തത്‌യ്ക്കാവശ്യമായതെല്ലാം വേഗത്തില്‍ ചെയ്യും. ബലദ്‌നയുടെ പരസ്യവാചകം പോലെ- ടുഗെതര്‍, ടുവേര്‍ഡ് സെല്‍ഫ്‌സഫിഷ്യന്‍സി! (സ്വയംപര്യാപ്തതയിലേക്ക് നമ്മളൊരുമിച്ച്).
സ്വപ്‌നം കാണുന്നതു പോലെയായിരുന്നു ആളുകള്‍ ആ വാര്‍ത്ത കേട്ടത്. ഉപരോധം മറികടക്കാന്‍ നാലായിരം പശുക്കള്‍ ഖത്തറിലെത്തുന്നു. കുറേയെണ്ണം പറന്നെത്തും; വേറെ കുറേയെണ്ണം കപ്പലിലും. ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും പശുക്കളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം ഖത്തര്‍ എയര്‍വെയ്‌സ് പറന്നു- ഒരു രാജ്യം ഒന്നിച്ചു നിന്ന കാഴ്ച!


ബലദ്‌ന അഥവാ നമ്മുടെ രാജ്യം


ഏതൊരു വികസനത്തിന്റേയും ആദ്യ ചുവട് വെയ്പുണ്ടാകുന്നത് സ്വപ്‌നങ്ങളിലാണ്. ഒരു സ്വപ്‌നം വലിയ യാഥാര്‍ഥ്യമായി മാറിയ കാഴ്ചയാണ് അല്‍ഖോറിലെ ബലദ്‌ന ഫാമും ഉത്പന്നങ്ങളും. 
തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ആട്ടിറച്ചിയും ആട്ടിന്‍ പാല്‍ ഉത്പന്നങ്ങളും എന്ന ലക്ഷ്യത്തോടെയായിരുന്നു ബലദ്‌ന ഫാമിന്റെ തുടക്കം. ഫാം വികസിപ്പിക്കുമ്പോള്‍ പശുവിന്‍ പാല്‍ ഉത്പാദിപ്പിക്കാനും ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ അതൊന്നും ആരംഭിക്കാനുള്ള പദ്ധതിയുണ്ടായിരുന്നില്ല. ആടുകളിലായിരുന്നു ആദ്യശ്രദ്ധ. അതുകൊണ്ടുതന്നെ മുപ്പതിനായിരത്തിലേറെ ആടുകളെ പാര്‍പ്പിക്കാവുന്ന തരത്തിലുള്ള വിശാലമായ ഷെഡ്ഡുകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. ഉപരോധം വന്നതോടെയാണ് പശുക്കള്‍ക്കും സൗകര്യങ്ങളായത്. ബലദ്‌ന അവരുടെ ലോഗോയിലെ മരം പോലെ പെട്ടെന്ന് വളര്‍ന്ന് രാജ്യത്തിന് തണലായി നില്‍ക്കാന്‍ തുടങ്ങിയത്.
ശമാല്‍ റോഡില്‍ എക്‌സിറ്റ് 44ല്‍ നിന്നും വലത്തോട്ടേക്കുള്ള യാത്രയാണ് ബലദ്‌നയുടെ ഏക്കറുകള്‍ പരന്നു കിടക്കുന്ന ഫാമിലേക്കെത്തിക്കുക. സന്ദര്‍ശകര്‍ക്ക് ഗേറ്റ് രണ്ടിലൂടെ അകത്തേക്ക് പ്രവേശിക്കാനാവും. ബലദ്‌ന ഫാമിന്റെ ഗേറ്റ് കടക്കുന്നതോടെ പുതിയ ലോകത്തേക്കും പ്രത്യാശയുടെ തുരുത്തിലേക്കും എത്തിച്ചേര്‍ന്ന പ്രതീതിയാണുണ്ടാവുക. പച്ചപ്പുല്‍ത്തകിടിയും ബോണ്‍സായി മരങ്ങളും ഇരിപ്പിടങ്ങളുമുള്ള മനോഹരമായ ഭൂവിഭാഗം ഒരുഭാഗത്ത്; അഡ്മിനിസ്‌ട്രേഷനും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കെട്ടിടം മറ്റൊരു ഭാഗത്ത്; നിറങ്ങളുടെ സൗന്ദര്യത്തില്‍ പഴമയുടെ പ്രൗഢിയോടെ നില്‍ക്കുന്ന പള്ളിയും സന്ദര്‍ശക ഹാളും പശുത്തൊഴുത്തകളുമുള്ള മറ്റൊരിടം; അവയ്‌ക്കെല്ലാം പിറകില്‍ ആടുകള്‍ക്കും പശുക്കുട്ടികള്‍ക്കും കാലിത്തീറ്റ നിര്‍മാണത്തിനുമൊക്കെയായി വിശാലമായ വേറെയുമൊരിടം. അന്തംവിട്ടുനില്‍ക്കുന്നവര്‍ക്ക് ബലദ്‌നയുടെ പാര്‍ക്കില്‍ പോയി ആസ്വദിക്കാം- മൃഗശാലയിലേതുപോലെ മൃഗങ്ങളേയും പക്ഷികളേയും കാണാം, ജലയാത്ര നടത്താം, സാഹസിക പാര്‍ക്കിലെ റോപ് വേയിലൂടെ ഊരിയിറങ്ങാം- വരൂ, ബലദ്‌ന നിങ്ങളെ കാത്തിരിക്കുന്നു- ഇത് നമ്മുടെ രാജ്യം!


ധവള വിപ്ലവം സമാഗതമായി


അയ്യായിരത്തോളം പശുക്കളും മുപ്പതിനായിരത്തിലേറെ ആടുകളുമാണ് ബലദ്‌ന ഫാമിലുള്ളത്. ആട്ടിന്‍കുട്ടികളേയും പശുക്കുട്ടികളേയും 'പൊന്നുപോലെ' നോക്കാന്‍ മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കേവലം പാല്‍ ഉത്പാദിപ്പിക്കുക എന്നത് മാത്രമല്ല ബലദ്‌നയുടെ ലക്ഷ്യം. 
രാജ്യത്തിന് മികച്ച ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ബലദ്‌ന ഊണിലും ഉറക്കിലും ചിന്തിക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര അളവുകോലുകള്‍ക്കനുസരിച്ച് മികവ് ഉറപ്പ് വരുത്തുകയും ശുദ്ധമായിരിക്കുകയും ചെയ്യുക, ബലദ്‌നയിലൂടെ മൂല്യവത്തായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുക, മികച്ചതും ഊഷ്മളമായതും നന്മയും പൈതൃകവുമായ പരമ്പരാഗത രീതിയിലുള്ളവയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുകയെന്നതാണ് ബലദ്‌ന വിശ്വസിക്കുന്നത്.
പാല്‍ ഉത്പാദനമാണ് ബലദ്‌നയുടെ പ്രഥമ ലക്ഷ്യം. മികച്ച പ്രോട്ടീനും കൊഴുപ്പും അടങ്ങിയ കാല്‍സിയത്തിന്റേയും ഫോസ്ഫറസിന്റേയും സിങ്കിന്റേയും വൈറ്റമിന്‍ ബിയുടേയും ചേര്‍ച്ചകളുള്ള ആട്ടിന്‍ പാല്‍, അവാസി ആട്ടിന്‍ പാലില്‍ നിന്നുള്ള മികച്ച വെണ്ണയും കട്ടിത്തൈരും ഉള്‍പ്പെടെ പോഷണത്തിന്റെ കലവറ.
പ്രതിവര്‍ഷം 120 മുതല്‍ 150 ലിറ്റര്‍ വരെ പാലാണ് പെണ്ണാടുകളില്‍ നിന്നും ലഭിക്കുക. ആടുകളുടെ ഉത്പാദനം വര്‍ധിക്കുന്നതോടെ പാലുത്പാദനത്തിലും വന്‍ കുതിച്ചു ചാട്ടമാണ് നിര്‍വഹിക്കപ്പെടുക.
പാലും വെണ്ണയും തൈരും പാല്‍ക്കട്ടിയും നെയ്യും ഉള്‍പ്പെടെ മുപ്പതോളം ഉത്പന്നങ്ങളാണ് ബലദ്‌ന ഫാമില്‍ നിന്നും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്.

പാലില്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലേക്ക്

മികച്ചയിനം അവാസി ആടുകളുടെ ഉത്പാദന കേന്ദ്രം കൂടിയാണ് ബലദ്‌ന ഫാം. ഉയര്‍ന്ന അളവില്‍ പാല്‍ മാത്രമല്ല മാംസവും തരുന്ന വര്‍ഗ്ഗമാണ് അവാസി. മിഡില്‍ ഈസ്റ്റിലെ ഉയര്‍ന്ന താപനില തരണം ചെയ്യാനാവും എന്നതിന് പുറമേ വിവിധയിനം രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുള്ളവയാണ് ഈ ആട് വര്‍ഗ്ഗം.
പാലും പാലുത്പന്നങ്ങളും പോലെ ബലദ്‌നയുടെ മാംസ- മാംസോത്പന്നങ്ങളും ഏറെ രുചികരവും ആരോഗ്യദായകവുമാണെന്നാണ് അനുഭവസ്ഥര്‍ വിവരിക്കുന്നത്. വളര്‍ത്തു മൃഗങ്ങളുടേയും ഇറച്ചിയുത്പാദിപ്പിക്കുന്ന മൃഗങ്ങളുടേയും ആരോഗ്യാവസ്ഥ പരിശോധിക്കാന്‍ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങളാണ് ബലദ്‌നയില്‍ കൈക്കൊള്ളുന്നത്. മൃഗങ്ങളുടെ രക്തപരിശോധനയും മറ്റ് ദ്രവ പരിശോധനകളും നിര്‍വഹിക്കുന്നത് ആരോഗ്യസ്ഥിതി തിരിച്ചറിയാന്‍ ഏറെ സഹായിക്കുന്നു. പാലിന്റേയും ഇറച്ചിയുടേയും ഉത്പാദന നിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൃത്രിമ ബീജസങ്കലന കേന്ദ്രവും ബലദ്‌ന കഴിഞ്ഞ വര്‍ഷം തുടങ്ങിയിട്ടുണ്ട്. മികച്ചയിനം അവാസി ആടുകളേയും ഷാമി ആടുകളേയും ചേര്‍ത്താണ് ഉന്നത ഗുണനിലവാരമുള്ള ഉത്പാദനം നടത്തുന്നത്.
ആടുകളും പാലും ഇറച്ചിയും മാത്രമല്ല കാലിത്തീറ്റ ഉത്പാദനത്തിലും ബലദ്‌ന സ്വയംപര്യാപ്തതയുടെ മാര്‍ഗ്ഗങ്ങളാണ് അവലംബിച്ചിരിക്കുന്നത്. ആടുകളുടേയും പശുക്കളുടേയും പോഷകാഹാരവുമായി ബന്ധപ്പെട്ട് മികച്ച പഠനങ്ങളും നിരീക്ഷണം നടത്തിയതിന് ശേഷമാണ് കാലിത്തീറ്റ നിര്‍മാണത്തില്‍ പുരോഗതി പ്രാപിച്ചത്. ആടുകളുടേയും പശുക്കളുടേയും വ്യത്യസ്ത തീറ്റകള്‍ ചേര്‍ത്ത് ആവശ്യമായ പോഷണത്തോടെ നിര്‍മിച്ചെടുക്കുന്ന കാലിത്തീറ്റ ഫാമില്‍ ഉപയോഗിക്കുന്നതിന് പുറമേ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്.
ഫാമില്‍ നിന്നുള്ള ഏറ്റവും പുതിയ മാംസം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങളും ബലദ്‌നയിലുണ്ട്. രണ്ട് അറവുശാലകള്‍ ഉള്‍പ്പെടെയാണ് ഇറച്ചി സംസ്‌ക്കരണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ബലദ്‌ന ഫാമും പാര്‍ക്കും സന്ദര്‍ശിക്കാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് മാംസവും മാംസോത്പന്നങ്ങളും ലഭിക്കുന്ന ചെറിയ യൂണിറ്റാണ് ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ അന്താരാഷ്ട്ര നിലവാരത്തില്‍ വന്‍കിട രീതിയില്‍ അറവും മറ്റ് ക്രമങ്ങളും നിര്‍വഹിച്ച് വലിയ അളവില്‍ വിതരണം ചെയ്യാനാവുന്നതാണ്.

വികസനക്കുതിപ്പില്‍

നിലവിലുള്ള അയ്യായിരത്തിന് പുറമേ പതിനായിരം പശുക്കള്‍ കൂടി രണ്ടു മാസത്തിനകം ബലദ്‌നയില്‍ എത്തിച്ചേരും. പുതിയ പശുക്കളെ ഖത്തറിലെത്തിക്കാനുള്ള കപ്പല്‍ അമേരിക്കയിലേക്ക് പോയിട്ടുണ്ട്. ഫെബ്രുവരിയോടെ കപ്പല്‍ ഹമദ് തുറമുഖത്ത് നങ്കൂരമിടുമ്പോള്‍ ബലദ്‌നയും ഖത്തറും പുതിയ ചരിത്രത്തിനാവും സാക്ഷ്യം വഹിക്കുക. പതിനായിരം പശുക്കളെ സ്വീകരിക്കാനുള്ള പുതിയ സൗകര്യങ്ങള്‍ ബലദ്‌നയില്‍ പുരോഗമിക്കുകയാണ്.
അടുത്ത വര്‍ഷം പകുതിയാകുമ്പോഴേക്കും മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദന കേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് ബലദ്‌ന ഫാം. ബലദ്‌നയുടെ ഉത്പാദനം 350 ടണ്‍ ലിറ്ററായി വര്‍ധിക്കുന്നതോടെ ഖത്തറിനാവശ്യമായ മുഴുവന്‍ പാലും ബലദ്‌നയില്‍ നിന്നും എത്തിച്ചേരും.
നിലവില്‍ മണിക്കൂറില്‍ എഴുന്നൂറിലേറെ പശുക്കളെ കറക്കാവുന്ന വിധത്തിലാണ് മില്‍ക്ക് പാര്‍ലര്‍ സജ്ജീകരിച്ചിരിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ മില്‍ക്ക് പാര്‍ലറും ബലദ്‌നയുടെ സ്വന്തമാണെന്നതാണ് മറ്റൊരു പ്രത്യേകത.
അല്‍ ഖോറിന് സമീപത്തെ ഉമ്മുല്‍ ഹവായയില്‍ 20 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ബലദ്‌നാ ഫാം സ്ഥിതി ചെയ്യുന്നത്. പശുക്കളെ താമസിപ്പിക്കാനും കാലിത്തീറ്റ ഉത്പാദിപ്പിക്കാനും സൂക്ഷിക്കാനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് 18 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം ഉപയോഗപ്പെടുത്തുന്നത്. ബലദ്‌നയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ 500 ടണ്‍ പാല്‍ ഉത്പാദിപ്പിക്കാവുന്ന അവസ്ഥയിലേക്കാണ് വളരുക.



പിന്നേയുമുണ്ട് വിശേഷങ്ങള്‍

പാലും പാലുത്പന്നങ്ങളും ഇറച്ചിയും ഉത്പാദിപ്പിക്കുക മാത്രമല്ല, അവ വില്‍പ്പന നടത്താനും രുചിയറിവുകളിലേക്ക് പകര്‍ന്നു നല്കാനും നിരവധി സ്ഥാപനങ്ങളും ബലദ്‌ന നേരിട്ട് നടത്തുന്നുണ്ട്. ഉമ്മു അല്‍ ഹവായയിലെ ബലദ്‌ന ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വില്‍പ്പന കേന്ദ്രത്തിന് പുറമേ കോര്‍ണിഷില്‍ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന് സമീപത്തെ ഓറിയന്റല്‍ പേള്‍ റസ്റ്റോറന്റിന് പിന്നില്‍, പേള്‍ ഖത്തറിലെ മദീന സെന്‍ട്രലേ, മാള്‍ ഓഫ് ഖത്തര്‍ ഈസ്റ്റ് ഗേറ്റ് മൂന്ന് എന്നിവിടങ്ങളിലെല്ലാം ബലദ്‌നയുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഫാമും കാണാം കുടുംബത്തോടൊപ്പം ഉല്ലാസവുമാകാം
നെയ്യപ്പം തിന്നാല്‍ മാത്രമല്ല ബലദ്‌ന ഫാമിലെത്തിയാലും രണ്ടുണ്ട് കാര്യം. ഫാമും കാണാം, കുടുംബത്തോടൊപ്പം ഉല്ലസിക്കുകയും ചെയ്യാം. അവസാന ഘട്ടത്തിലുള്ള സന്ദര്‍ശക ഗ്യാലറിയുടെ പണി പൂര്‍ത്തിയാകുന്നതോടെ മില്‍ക്ക് പാര്‍ലറില്‍ 'കറങ്ങുന്ന' പശുക്കളെ കറന്ന് പാലെടുക്കുന്നത് കാണാനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അണുബാധയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ പശുക്കളുടേയും ആടുകളുടേയും ഫാം സന്ദര്‍ശിക്കുന്നതിന് വിലക്കുണ്ടാകുമെങ്കിലും നിരനിരയായി വന്ന് പശുക്കള്‍ യന്ത്രത്തില്‍ കയറി പാല്‍ കറക്കാന്‍ നില്‍ക്കുന്നത് ഗ്യാലറിയില്‍ നിന്ന് കാണാനാകും. സന്ദര്‍ശകക്ക് പ്രിയങ്കരമായ മറ്റു കാഴ്ചകളും ഗ്യാലറിയില്‍ അധികൃതര്‍ ഒരുക്കുന്നുണ്ട്. ബലദ്‌ന ഫാമിന് മുമ്പിലുള്ള പുല്‍ത്തകിടിയില്‍ സജ്ജീകരിച്ച സീറ്റുകളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും കുഞ്ഞു കുതിരകളില്‍ കുട്ടികള്‍ക്ക് സവാരി ചെയ്യാനുമെല്ലാം ഇവിടെ ഇപ്പോള്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലദ്‌ന ഫാമിനകത്തെ പള്ളിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും നമസ്‌ക്കാരിക്കാന്‍ മികച്ച കലാസൗന്ദര്യത്തോടെ നിര്‍മിച്ച രണ്ട് പള്ളികളും ഭക്ഷണം കഴിക്കാനും റിഫ്രഷ്‌മെന്റിനും ഹോട്ടലുകളും കഫ്റ്റീരിയകളും പാലും ഇറച്ചിയും വാങ്ങാന്‍ സ്റ്റാളുകളുമുണ്ട്. കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്ക് പുറമേ നിന്നുള്ള ഭക്ഷണം ഇവിടെ അനുവദനീയമല്ല എന്ന കാര്യം മാത്രമാണ് ശ്രദ്ധിക്കേണ്ടത്.
ഓരോ ആഴ്ചയും പതിനായിരത്തോളം പേരാണ് ഫാം സന്ദര്‍ശിക്കാനും ഉല്ലസിക്കാനുമായി ബലദ്‌നയിത്തെുന്നത്. കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്കുന്നതിനോടൊപ്പം കളിച്ചുല്ലസിക്കാനുള്ള അവസരം കൂടിയാണ് ബലദ്‌ന സമ്മാനിക്കുന്നത്.
മനോഹരമായി നിര്‍മിച്ച പള്ളികള്‍ക്ക് വര്‍ണ്ണക്കണ്ണാടികളോടു കൂടിയ ജനവാതിലുകളും മരം കൊണ്ടുള്ള വാതിലുകളും പ്രൗഡിയുടെ ഖത്തരി പാരമ്പര്യമാണ് സമ്മാനിക്കുന്നത്. വര്‍ണ്ണ വെളിച്ചത്തിലുള്ള പള്ളികളുടെ രാത്രികാഴ്ച അതിമനോഹമാക്കാനും അധികൃതര്‍ക്കായിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ നിര്‍മിച്ച പള്ളികള്‍ക്ക് സമീപത്തായി മജ്‌ലിസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ബലദ്‌ന പാര്‍ക്ക്



ഖത്തറിലെങ്ങുമില്ലാത്ത വ്യത്യസ്തമായ സൗകര്യങ്ങളോടെയാണ് ബലദ്‌ന പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. നിരന്നു നില്‍ക്കുന്ന ഈന്തപ്പനകള്‍ക്കിടയിലൂടെയാണ് ബലദ്‌ന പാര്‍ക്കിലേക്കുള്ള പ്രവേശന കവാടം സജ്ജീകരിച്ചിരിക്കുന്നത്. പാര്‍ക്കിനകത്തേക്ക് കടക്കാന്‍ 35 റിയാലാണ് ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിനകത്ത് കളിപ്പൊയ്കയില്‍ സജ്ജീകരിച്ച സ്റ്റണ്ട് ബോട്ട് സവാരിയും പൊയ്കയ്ക്ക് മുകളിലൂടെ ആര്‍ച്ച് രൂപത്തിലുള്ള മരപ്പാലവും അതിനപ്പുറം സജ്ജീകരിച്ച മൃഗശാലയുമെല്ലാം കുട്ടികളേയും കുടുംബങ്ങളേയും ഏറെ ആകര്‍ഷിക്കും. കളിപ്പൊയ്കയില്‍ നീന്തിത്തുടിക്കുന്ന താറാവുകള്‍ക്കൊപ്പം കുഞ്ഞുബോട്ടില്‍ സ്വയം ഡ്രൈവ് ചെയ്ത് യാത്ര ചെയ്യാനാവും. അതിനടുത്തായി സജ്ജീകരിച്ച അഡ്വഞ്ചര്‍ പാര്‍ക്കില്‍ റോപ്പിലൂടെ തൂങ്ങിയാടി ഊരിയിറങ്ങാനും വ്യത്യസ്ത സാഹസിക യാത്രകള്‍ നിര്‍വഹിക്കാനും സാധിക്കും. മാത്രമല്ല, ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും സൈക്കിള്‍ സവാരിയും ഇവിടുത്തെ പ്രത്യേകതയാണ്. ബലദ്‌ന പാര്‍ക്കല്‍ സജ്ജീകരിച്ച കളിസൗകര്യങ്ങള്‍ ഖത്തറില്‍ മറ്റൊരിടത്തും കാണാനാവില്ല. പാര്‍ക്കില്‍ കയറാനുള്ള ഫീസിന് പുറമേ മൃഗശാല കാണുന്നതിനൊഴികെ മറ്റെല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ വെവ്വേറെ ടിക്കറ്റെടുക്കേണ്ടതുണ്ട്. 
നൂറ്റാണ്ടുകള്‍ ജീവിക്കുന്ന ആമ, വിവിധയിനം ആടുകള്‍, മയില്‍, പ്രാവ്, വ്യത്യസ്തയിനം കോഴി, കഴുത, പശു, മുയല്‍, കങ്കാരു തുടങ്ങി വ്യത്യസ്ത ജീവികളെയാണ് മൃഗശാലയില്‍ ക്രമീകരിച്ചിരിക്കുന്നത്.



ബലദ്‌നയിലും മലയാളിക്കട


ചന്ദ്രനിലെത്തിയ നീല്‍ ആസ്‌ട്രോംഗിനേയും എഡ്വിന്‍ ആല്‍ഡ്രിനേയും മൈക്കല്‍ കോളിന്‍സിനേയും വരവേറ്റത് 'എന്നാ ഒരു ചായ എടുക്കട്ടെ' എന്നു ചോദിച്ച മലയാളിയാണെന്ന പഴയൊരു കഥയുണ്ട്. എവറസ്റ്റ് കീഴടക്കി പതാക നാട്ടി അഭിമാനത്തോടെ കൈയ്യുയര്‍ത്തിയ ഹിലാരിയോടും ടെന്‍സിംഗിനോടും 'ഈ തണുപ്പിന് ചൂടു ചായയാ നല്ലതെന്ന്' ഉറക്കെപ്പറഞ്ഞ ഒരു മലയാളിയുടേയും കഥ നാട്ടില്‍ പണ്ടേ പ്രചാരത്തിലുണ്ട്. കളിയാക്കുന്ന കുഞ്ഞുകഥകളെ 'ട്രോളു'കളെന്ന് വിശേഷിപ്പിക്കാത്ത കാലമായിരുന്നു അത്. ആംസ്‌ട്രോംഗിനും മുമ്പ് ചന്ദ്രനിലും ഹിലാരിക്കു മുമ്പ് എവറസ്റ്റിലും മലയാളി എത്തി കച്ചവടം തുടങ്ങിയിട്ടുണ്ടാകുമെന്നാണ് ഈ കഥകള്‍ കളിയായും കാര്യമായും പറയുന്നത്. അതുപോലെ തന്നെയാണ് ബലദ്‌ന പാര്‍ക്കിലും. ആളുകള്‍ ബലദ്‌ന പാര്‍ക്ക് അന്വേഷിച്ചെത്തുമ്പോഴേക്കും അവിടെ രണ്ട് മലയാളികള്‍  കടയിട്ട് തുടങ്ങിയിരുന്നു. പാര്‍ക്കിലേക്കുള്ള ടിക്കറ്റെടുത്ത് പ്രവേശന കവാടം കടന്നാലുടന്‍ ഇടതുഭാഗത്തൊരു മിനി മാര്‍ട്ട്. അവിടെ കാസര്‍ക്കോട്ടുകാരായ അഷറഫും ഹാഷിമും ബഷീറുമുണ്ട്.
വെള്ളവും പെപ്‌സിയും പോപ്‌കോണും ചോക്കലേറ്റും ഐസ്‌ക്രീമും ചിപ്‌സും ഉള്‍പ്പെടെ കുടുംബത്തോടൊപ്പം എത്തുന്നവര്‍ക്ക് 'കൊറിക്കാവുന്ന' വിഭവങ്ങളുമായാണ് മിനി മാര്‍ട്ട് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം എട്ടാം തിയ്യതിയാണ് മിനി മാര്‍ട്ടിന് തുടക്കമായത്.


ഖഹ്‌വ രുചിയുമായി ഹാഫിസുണ്ട്


ബംഗാളിയാണ് ഹാഫിസ് റഹ്മാന്‍. ബലദ്‌നയിലെ മജ്‌ലിസില്‍ എത്തുന്നവര്‍ക്ക് അറബ് ആതിഥ്യത്തിന്റെ ഖഹ്‌വ നല്കാന്‍ ഹാഫിസ് അവിടെയുണ്ടാകും. മധുരമുള്ള ഈത്തപ്പഴവും ചൂടോടെയുള്ള ഖഹ്‌വയും ഹാഫിസ് അതിഥികള്‍ക്ക് സമ്മാനിക്കും. ഖഹ്‌വ കൂജ കുഞ്ഞു പിഞ്ഞാണ പാത്രത്തില്‍ മുട്ടിച്ച് പരമ്പരാഗത രീതിയില്‍ തന്നെയാണ് അതിഥികളെ ഖഹ്‌വ നല്കി ഹാഫിസ് റഹ്മാന്‍ സ്വീകരിക്കുക.

https://www.qatarsamakalikam.com/single-post/2017/12/30/qatar-baladna-story

അഭിപ്രായങ്ങള്‍

  1. വളരെ നന്നായിട്ടെഴുതി അവിടെ പൊയ ഒരനുബൂതി മനസ്സിന്ന് വയിചപ്പൊ
    ജിനാസ്‌. കനൊത്ത്‌.
    ചൈന

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍