Monday, September 4, 2017

അതിരുകള്‍ക്കപ്പുറം അല്‍ ജസീറ


(വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍ ജസീറ ചാനല്‍ ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കുറിപ്പാണിത്. ഖത്തറിനെതിരെ സഊദി അറേബ്യയും യു എ ഇയും ബഹറൈനും ഈജിപ്തും 2017 ജൂണ്‍ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ പഴയ കുറിപ്പ് ഒരിക്കല്‍ കൂടി വായിച്ചു നോക്കി. ബ്ലോഗിലേക്ക് കാത്തുവെക്കണമെന്ന് തോന്നി. ഉപരോധ രാജ്യങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടണമെന്നായിരുന്നു. അല്‍ ജസീറ എന്തായിരുന്നു എന്നു പറയുമ്പോള്‍ ചിലപ്പോള്‍ എന്തല്ല എന്നും മനസ്സിലാക്കാന്‍ ഈ കുറിപ്പ് ഉപകരിച്ചേക്കാം.)
Dear my wife,
How do you? How my lovely son Mohamed? How your family. I wish all of them good and happy. I am good and everything ok. In the near future I will be with you, Don’t worry be patient. I do not have any objection to take with you our son Mohamed to Qatar or any place.
Take Care. See you

(പ്രിയപ്പെട്ട ഭാര്യയ്ക്ക്,
സുഖമല്ലേ, എന്റെ പ്രിയപ്പെട്ട മകന്‍ മുഹമ്മദിന് എങ്ങനെയുണ്ട്? നിന്റെ കുടുംബത്തിന് സുഖമല്ലേ? എല്ലാവര്‍ക്കും നന്മയും സന്തോഷവും ഞാന്‍ ആശംസിക്കുന്നു. എനിക്കിവിടെ എല്ലാം നല്ലത് തന്നെ. സമീപഭാവിയില്‍ തന്നെ ഞാന്‍ നിന്നോടൊപ്പമുണ്ടാകും. ഭയപ്പെടേണ്ടതില്ല. എല്ലാം ക്ഷമയോടെ നേരിടുക. നമ്മുടെ മകനെ ഖത്തറിലോ അല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലുമോ നീ കൊണ്ടുപോകുന്നതില്‍ എനിക്ക് വിരോധമില്ല. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. നമുക്ക് വീണ്ടും കാണാം.)
കത്ത് ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ അതിലെ വൈകാരികതയുടെ പകുതിയും നഷ്ടപ്പെട്ടു പോകും. ഗ്വാണ്ടനാമോ തടവറയില്‍ ആറര വര്‍ഷക്കാലം കഴിച്ചു കൂട്ടേണ്ടി വന്ന അല്‍ ജസീറ ചാനലിന്റെ സുഡാനിയായ ക്യാമറാമാന്‍ സമി അല്‍ ഹാജ് എന്ന സമി മുഹിയുദ്ദീന്‍ മുഹമ്മദ് അല്‍ ഹാജ് ജയിലില്‍ നിന്നും തന്റെ ഭാര്യയ്ക്ക് എഴുതിയ കത്താണിത്. അല്‍ ജസീറ ചാനലിന്റെ ഖത്തറിലെ ആസ്ഥാനത്തെ മ്യൂസിയത്തിലാണ് സമിയുടെ കത്ത് കാഴ്ചക്കാര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. ഗ്വാണ്ടനാമോയില്‍ നിന്നും പരിശോധിച്ച സീല്‍ കത്തില്‍ പതിച്ചിട്ടുണ്ട്.
സമിയുടെ കത്ത് മാത്രമല്ല, അല്‍ ജസീറ കാഴ്ചക്കാര്‍ക്കു വേണ്ടി മ്യൂസിയത്തില്‍ ഒരുക്കിവെച്ചിരിക്കുന്നത്. എക്‌സ്‌ക്ലൂസീവ് സ്റ്റോറികള്‍ ബ്രേക്ക് ചെയ്ത് ലോകത്തെ ഞെട്ടിക്കുന്ന അതേ ആവേശത്തോടെ  തന്നെയാണ് തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളും പത്രപ്രവര്‍ത്തന കാലത്ത് ഏറ്റുവാങ്ങേണ്ടി വന്ന ദുരിതങ്ങളും ചിത്രപ്പെടുത്തി വെച്ചിട്ടുള്ളത്; ഒപ്പം കുറഞ്ഞ കാലംകൊണ്ട് നേടിയെടുത്ത എണ്ണിയാലൊടുങ്ങാത്ത പുരസ്‌ക്കാരങ്ങളും.
പത്രപ്രവര്‍ത്തകന്റെ നെഞ്ചുതുളച്ച് കടന്നുപോയ വെടിയുണ്ടയുടെ പാട് ബാക്കി കിടക്കുന്ന ടീ ഷര്‍ട്ട്, ബോംബാക്രമണത്തില്‍ തകര്‍ന്നു പോയ ബ്യൂറോയില്‍ നിന്നും കഷ്ടിച്ച് എടുത്തുകൊണ്ടുവന്ന കേടായ ഉപകരണങ്ങള്‍, ആദ്യകാലത്തെ ഏറ്റവും ചുരുങ്ങിയ സാങ്കേതിക സൗകര്യങ്ങള്‍, അല്‍ ജസീറയുടെ ലോഗോ കാലിഗ്രഫിയില്‍ ഡിസൈന്‍ ചെയ്ത ഹംദി അല്‍ ശരീഫിന്റെ പേനകള്‍... അങ്ങനെയങ്ങനെ നിരവധി സാധനങ്ങളുണ്ട് അല്‍ ജസീറ മ്യൂസിയത്തില്‍. അവിടെയുള്ള ഓരോ വസ്തുവും അല്‍ ജസീറ ചാനലിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ലായിരുന്നു.
സമി മുഹിയുദ്ദീന്‍ മുഹമ്മദ് അല്‍ ഹാജിനെ പോലെ തടവറയില്‍ നീണ്ടകാലം കിടക്കേണ്ടി വന്നവര്‍, പത്രപ്രവര്‍ത്തനത്തിന് വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന അത്‌വാര്‍ ബഹ്ജതിനെയും താരിഖ് അയ്യൂബിനേയും പോലുള്ളവര്‍, ഉസാമ ബിന്‍ ലാദനെ ഇന്റര്‍വ്യൂ ചെയ്തതിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട തയ്‌സീര്‍ അല്ലൂനിയെ പോലുള്ളവര്‍, അല്‍ ജസീറയുടെ പത്രപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം ഓടിച്ചതുകൊണ്ടു മാത്രം കൊല്ലപ്പെട്ട ഡ്രൈവര്‍ റഷീദ് വാലിയെ പോലുള്ളവര്‍... ഇങ്ങനെ എത്രയോ പേര്‍ തങ്ങളുടെ ജീവനും യുവത്വവും നല്കിയാണ് അല്‍ ജസീറയെന്ന ലോകപ്രശസ്തമായ ചാനല്‍ കെട്ടിപ്പൊക്കിയത്.അല്‍ ജസീറയുടെ ചരിത്രം

അറേബ്യന്‍ ഉപദ്വീപ് എന്ന അര്‍ഥം കുറിക്കുന്ന അറബി പദമാണ് അല്‍ ജസീറ എന്നത്. 1996 നവംബര്‍ ഒന്നിനാണ് പ്രതിദിനം ആറ് മണിക്കൂര്‍ നേരമുള്ള പ്രക്ഷേപണത്തോടെ അല്‍ ജസീറ ആരംഭിച്ചത്. 1998ല്‍ ഇറാഖില്‍ നടത്തിയ ഓപറേഷന്‍ ഡെസേര്‍ട്ട് ഫോക്‌സ് ആണ് അല്‍ ജസീറയെ മാധ്യമ ലോകത്ത് ശ്രദ്ധേയമാക്കിയത്. അമേരിക്കയും ബ്രിട്ടണും ചേര്‍ന്ന് ഇറാഖില്‍ നടത്തിയ കിരാതമായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ലോകത്ത് ഒരേയൊരു ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്മാരും മാത്രമാണ് ഉണ്ടായിരുന്നത്- അല്‍ ജസീറ മാത്രം. ലോകത്തെ മുഴുവന്‍ മാധ്യമങ്ങളും ഓപറേഷന്‍ ഡെസേര്‍ട്ട് ഫോക്‌സിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അല്‍ ജസീറയുടെ പകര്‍പ്പുകള്‍ കടമെടുത്തായിരുന്നു. അല്‍ ജസീറയുടെ ലോഗോയോടു കൂടിയ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ പ്രക്ഷേപണം ചെയ്യപ്പെട്ടതോടെ ആളുകളുടെ ശ്രദ്ധയില്‍ ചാനലെത്തി. പുതിയ ചാനലിനെ കുറിച്ച് ലോകം അറിഞ്ഞ ത് അങ്ങനെയായിരുന്നു.
1999ല്‍ മുഴുസമയ വാര്‍ത്താ ചാനാലായ അല്‍ ജസീറ തൊട്ടടുത്ത വര്‍ഷം ഫലസ്തീനിലെ രണ്ടാം ഇന്‍തിഫാദ ലോകത്തിനു മുമ്പില്‍ കാണിച്ചുകൊടുത്തു. ലോകത്തെ ഞെട്ടിച്ച് അഫ്ഗാനിസ്ഥാന്‍ മലമടക്കുകളില്‍ കഴിഞ്ഞിരുന്ന ഉസാമാ ബിന്‍ ലാദിന്റെ ടേപ്പുകള്‍ പുറത്തുവിട്ടത് 2001 ഒക്‌ടോബറിലായിരുന്നു. 2001ലെ കാബൂള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാനും അല്‍ ജസീറയ്ക്ക് കഴിഞ്ഞു. കാബൂള്‍ ആക്രമണം പോലുള്ള ഏറെ ദുഷ്‌ക്കരമായ യുദ്ധത്തില്‍ അല്‍ ജസീറയ്ക്ക് മാത്രമായിരുന്നു യുദ്ധമുഖത്ത് റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും ഉണ്ടായിരുന്നത്.
2003ല്‍ ബഗ്ദാദ് ഓഫിസിനു നേരെ നടന്ന ആക്രമണമാണ് റിപ്പോര്‍ട്ടര്‍ താരിഖ് അയ്യൂബിന്റെ ജീവനെടുത്തത്.  1996ല്‍ നിന്നും 2012ലേക്ക് എത്തുമ്പോഴേക്കും വന്‍ കുതിച്ചു ചാട്ടമാണ് ചാനല്‍ നടത്തിയത്. അറബി ചാനല്‍ മാത്രമായി പ്രവര്‍ത്തനം തുടങ്ങിയ അല്‍ ജസീറയ്ക്ക് നെറ്റ്, സ്‌പോര്‍ട്‌സ് ചാനല്‍, ലൈവ് ചാനല്‍, ചില്‍ഡ്രന്‍സ് ചാനല്‍, അല്‍ ജസീറ ഇന്റര്‍നാഷണല്‍, ഡോക്യുമെന്ററി, ട്രെയിനിംഗ് ആന്റ് ഡവലപ്‌മെന്റ് സെന്റര്‍ തുടങ്ങി നിരവധി ചുവടുവെയ്പ്പുകള്‍ നടത്താന്‍ സാധിച്ചു.

അഭിപ്രായവും എതിരഭിപ്രായവും

സ്വന്തം അഭിപ്രായങ്ങള്‍ക്ക് മാത്രമല്ല, എതിരഭിപ്രായമങ്ങള്‍ക്കും അല്‍ ജസീറ ഏറെ വിലകല്‍പ്പിക്കുന്നുണ്ട്. അവരുടെ ആപ്തവാക്യം തന്നെ അതാണ് സൂചിപ്പിക്കുന്നത്: ഠവല ഛുശിശീി മിറ വേല ീവേലൃ ീുശിശീി.  അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും തുറന്ന് രേഖപ്പെടുത്താന്‍ അല്‍ ജസീറയ്ക്ക് വില നല്‍കേണ്ടി വന്നത് അത്‌വാര്‍ ബഹ്ജതിന്റേയും താരീഖ് അയ്യൂബിനേയും പോലുള്ള പത്രപ്രവര്‍ത്തരുടെ ജീവനായിരുന്നു; തയ്‌സീര്‍ അല്ലൂനിയേയും സമി മുഹിയുദ്ദീന്‍ മുഹമ്മദ് അല്‍ ഹാജിനേയും പോലുള്ളവരുടെ യുവത്വമായിരുന്നു.

അത്‌വാര്‍ ബഹ്ജത്2003ലെ ഇറാഖ് യുദ്ധത്തില്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായിരുന്ന മുഖമായിരുന്നു അത്‌വാര്‍ ബഹ്ജതിന്റേത്. ഒരു വാര്‍ത്ത ശേഖരിച്ചുകൊണ്ടിരിക്കെ 2006 ഫെബ്രുവരിയിലായിരുന്നു അത്‌വാര്‍ ബഹ്ജത് കൊല്ലപ്പെട്ടത്. കേവലം 30 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ ഈ ഇറാഖി പത്രപ്രവര്‍ത്തകയുടെ പ്രായം. അത്‌വാര്‍ ബഹ്ജതും ക്യാമറാമാനും അടങ്ങുന്ന നാലംഗ സംഘത്തെ വളഞ്ഞ ജനക്കൂട്ടം അത്‌വാറിനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.


താരീഖ് അയ്യൂബ്അത്‌വാര്‍ കൊല്ലപ്പെടുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, 2003 ഏപ്രിലിലാണ് താരീഖ് അയ്യൂബ് കൊല്ലപ്പെട്ടത്. ബഗ്ദാദില്‍ അമേരിക്ക നടത്തിയ ബോംബാക്രമണമാണ് താരീഖിനെ ഇല്ലാതാക്കിയത്. 2003 ഏപ്രില്‍ എട്ടിന് തന്റെ രണ്ടാം ക്യാമറാ യൂണിറ്റിനോടൊപ്പം അമേരിക്കയും ഇറാഖും തമ്മിലുള്ള യുദ്ധം അല്‍ ജസീറയുടെ ബഗ്ദാദ് ഓഫിസിനു മുകളില്‍ നിന്നും പകര്‍ത്തിക്കൊണ്ടിരിക്കെയാണ് രാവിലെ ഏഴേമുക്കാലോടെ അമേരിക്കന്‍ വിമാനം ഓഫിസിനു നേരെ തിരിഞ്ഞ് ആക്രമണം നടത്തിയത്. 1968ല്‍ കുവൈത്തില്‍ പിറന്ന താരീഖ് അയ്യൂബ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നാണ് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

സമി മുഹിയുദ്ദീന്‍ മുഹമ്മദ് അല്‍ ഹാജ്സുഡാനിയായ സമി അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കെയാണ് 2001 ഡിസംബര്‍ 15ന് പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലകപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ഗ്വാണ്ടനാമോ തടവറയില്‍ അടക്കപ്പെടുകയായിരുന്നു. ആറര വര്‍ഷക്കാലമാണ് സമി ഗ്വണ്ടനാമോയില്‍ കഴിച്ചു കൂട്ടിയത്. യാതൊരു കുറ്റവും ആരോപിക്കപ്പെടാതെ 2008 മെയ് ഒന്നിന് സമി ജയില്‍ മോചിതനായി. സമിയെ കുറിച്ച് പ്രിസണര്‍ 345 എന്ന പേരില്‍ അഹമ്മദ് ഇബ്രാഹിം ഒരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.

തയ്‌സീര്‍ അല്ലൂനി2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതോടെ ലോകം ശ്രദ്ധിച്ച ഉസാമാ ബിന്‍ ലാദനുമായി അഭിമുഖം നടത്തി ശ്രദ്ധേയനായ പത്രപ്രവര്‍ത്തകനാണ് തയ്‌സീര്‍ അല്ലൂനി. ലോക വ്യാപാര കേന്ദ്രത്തിന് നേരെ ആക്രമണം നടന്ന് ഒരു മാസത്തിനകം തന്നെ തയ്‌സീറിന്  ഉസാമയുമായി അഭിമുഖം നടത്താന്‍ സാധിച്ചു. 2001 ഒക്‌ടോബര്‍ 11നാണ് തയ്‌സീര്‍ അല്ലൂനി ഉസാമയുമായി കൂടിക്കാഴ്ച നടത്തിയത്. സിറിയയില്‍ ജനിച്ച അല്ലൂനി സ്‌പെയിന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു.  2004ലെ മാഡ്രിഡ് ട്രെയിന്‍ ബോംബാക്രമണത്തെ തുടര്‍ന്ന് അല്ലൂനിക്കു നേരെ കുറ്റം ചുമത്തപ്പെടുകയും ഏഴ് വര്‍ഷം തടവിന് വിധിക്കപ്പെടുകയും ചെയ്തു. 2006ല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ജയില്‍ മോചിതനായെങ്കിലും വീട്ടുതടങ്കലില്‍ അടക്കപ്പെട്ടു. തുടര്‍ന്ന് 2012 മാര്‍ച്ചിലാണ് തയ്‌സീര്‍ അല്ലൂനിയുടെ ശിക്ഷാ കാലാവധി അവസാനിച്ചത്. വീട്ടുതടങ്കലില്‍ നിന്നും മോചിതനായ തയ്‌സീര്‍ അല്ലൂനി ഇപ്പോള്‍ ദോഹയിലാണ് കഴിയുന്നത്.അല്‍ ജസീറ ചാനലില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 52 രാജ്യങ്ങളിലുള്ള രണ്ടായിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. മുസ്‌ലിംകള്‍ക്കു പുറമേ കൃസ്ത്യാനികളും ഹിന്ദുക്കളും ഉള്‍പ്പെടെയുള്ള മലയാളികള്‍ ഈ ചാനലിലെ ജീവനക്കാരാണെന്ന് പറഞ്ഞാല്‍ അത്ഭുതം തോന്നിയേക്കും. അല്‍ ജസീറയുടെ പ്രശസ്തയായ ഒരു വാര്‍ത്താ വായനാക്കാരി മലയാളിയാണ്- ദിവ്യാ ഗോപാലന്‍.

ചിത്രങ്ങള്‍: ഷാഹുല്‍ ഹമീദ്


Followers

About Me

My photo
thalassery, muslim/ kerala, India