Saturday, August 19, 2017

മരുഭൂമി കണ്ടുതുടങ്ങുമ്പോള്‍


മുമ്പില്‍ കടല്‍പോലെ മരുഭൂമി.
എത്രകണ്ടാലും കൊതി തീരാത്ത കടലിന് ഇളംനീലയും കടുംനീലയുമൊക്കെ നിറം. ലോകമുണ്ടായി ഇത്രയും കാലമായിട്ടും മനുഷ്യര്‍ക്ക് കൂട്ടിയൊരുക്കാന്‍ കഴിയാത്ത പോലുള്ള നീലയുടെ വിവിധ വകഭേദങ്ങള്‍....
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിക്ക് എന്തുനിറം? മഞ്ഞ, മഞ്ഞയുടെ വിവിധ വകഭേദങ്ങള്‍, ചാരനിറം, ഇന്നുവരേയും മനുഷ്യര്‍ കണ്ടെത്തിയിട്ടില്ലാത്ത വിവിധ നിറങ്ങള്‍...
കടലും മരുഭൂമിയും ഒരുപോലെ. എത്ര കണ്ടിട്ടും മതിവരാത്ത അനുഭൂതി......
കടല്‍ കണ്ടാസ്വദിക്കുന്നവന് അത് ആഹ്ലാദം പകരും. കടലില്‍ പെട്ട് രക്ഷയില്ലാതെ ഉഴലുന്നവനോ?
മരുഭൂമി കാണാന്‍ പോകുന്നവന് അതൊരു സാഹസികതയുടെ സന്തോഷമാണ്. മരുഭൂമിയില്‍ ദിക്കറിയാതെ പെട്ടുഴലുന്നവന് പിന്നെ ജീവിതം കണ്ടെത്താനായെന്ന് വരില്ല.
കടലില്‍ വെള്ളം കുടിച്ച് മരിക്കാം. മരുഭൂമിയില്‍ ശരീരത്തിലെ വെള്ളം വാര്‍ന്നു തീര്‍ന്ന് മരിക്കാം. കടല്‍ കൊടുക്കുന്നത് മരുഭൂമി തിരിച്ചെടുക്കുന്നു. കടല്‍ സൗന്ദര്യത്തിന്റെ അഗാധതയുണ്ട് മരുഭൂമിക്കും. അപ്പോള്‍ ഇവര്‍ക്കു തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടാവണം. അറേബ്യന്‍ ഗള്‍ഫിലെങ്കിലും കടലും മരുഭൂമിയും സഹോദരങ്ങളായിരിക്കണം.
ക്ഷയിച്ചു പോയ കടല്‍ തറവാടായിരിക്കുമോ മരുഭൂമി... ചിലപ്പോള്‍ അങ്ങനെയാവാം. എത്ര ക്ഷയിച്ചാലും മരുക്കുന്നുകളുടെ വേരുകളോടാത്ത അഗാധതയില്‍ നിധിയൊളിപ്പിച്ച ഭൂതമാണ് മരുഭൂമി. കടലും അങ്ങനെ തന്നെ. നിധിയുടെ ശേഖരം ഒളിപ്പിച്ചു വെച്ച മരുഭൂ സഹോദരി.

***** ***** ***** ***** ***** ***** ***** ***** ***** ***** *****

മുമ്പില്‍ വിശാലമായ മരുഭൂമിയാണ്. ആദ്യം കണ്ടപ്പോള്‍ പരന്നുകിടക്കുകയാണെന്ന് ഭൂമിയെന്ന് മരുപ്രദേശം തെറ്റിദ്ധരിപ്പിച്ചു. അകത്തേക്കകത്തേക്ക് പോകുന്തോറും സന്ദേഹത്തിന്റെ വലിയൊരു മലയാണ് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. കാറ്റടിച്ച് കുന്നുകൂട്ടിയ മണല്‍. ഓരോ മണല്‍ തരിയുമെടുത്ത് ആരോ പൊന്നിന്‍ നിറം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. കൈയ്യിലെടുത്താല്‍ കൊതിപ്പിക്കുന്ന നേര്‍മ. ചീറിപ്പായുന്ന വാഹനത്തിന് പിറകില്‍ മണല്‍ തെറിച്ചു വീഴുന്നുണ്ട്. ഓരോ കുന്നിനപ്പുറവും മറ്റൊരു മണല്‍ കുന്ന്. അതിസാഹസികരും പ്രഗത്ഭരുമായ ഡ്രൈവര്‍മാര്‍ക്കു മാത്രം വാഹനം ഓടിച്ചു കയറ്റാന്‍ കഴിയുന്ന മരുക്കുന്ന്. ശരിയായ പരിശീലനം കിട്ടിയില്ലെങ്കില്‍ വാഹനം പൂഴിയില്‍ പൂണ്ടുപോകും. കുത്തനെ കയറ്റിയും ഇറക്കിയും ഓരോ മരുക്കുന്നും കടന്നുപോകുമ്പോള്‍ അതിനപ്പുറത്ത് മറ്റൊരു മണല്‍ കൂന.
ശ്രദ്ധിച്ച് വാഹനമോടിച്ചില്ലെങ്കില്‍ രണ്ട് മണല്‍ കൂനകള്‍ക്കിടയിലെ ചതിക്കുഴികളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട്. ചതിക്കുഴിയില്‍ ഇറങ്ങിപ്പോയാല്‍ പിന്നെ വാഹനം രക്ഷപ്പെടുത്തിയെടുക്കാന്‍ കുറച്ച് പ്രയാസപ്പെടേണ്ടി വന്നേക്കും. ചിലപ്പോള്‍ വാഹനത്തിലിരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യും.
ഗള്‍ഫിലെത്തുന്നതുവരെ കടലും മരുഭൂമിയും തൊട്ടുകിടക്കുമെന്ന് അറിഞ്ഞിരുന്നതേയില്ല. മരുഭുമിക്ക് കടലും കടലിന് മരുഭൂമിയും അലര്‍ജിയാണെന്ന് നിനച്ചിരുന്നത്. പക്ഷേ, വിമാനം ഗള്‍ഫിന്റെ മേലാപ്പിലെത്തിയപ്പോഴേ തിരിച്ചറിഞ്ഞു, ഇവിടെ മരുഭൂമിയോട് കടല്‍ കിന്നാരം പറയുന്നുണ്ട്!!
കടലാഴങ്ങളുടെ അഗാധത മരുഭൂമിക്കുമുണ്ട്. കടല്‍ തിരയുടെ നിമ്‌നോന്നതികള്‍ മരുക്കുന്നുകള്‍ സൃഷ്ടിക്കുന്നുണ്ട്.
അറിയുമോ? ലോകത്ത് രണ്ടേരണ്ട് സ്ഥലത്ത് മാത്രമേ മരുക്കുന്നുകള്‍ നേരെ കടലിലേക്ക് ചേരുന്നുള്ളു. അതിലൊന്ന് ഖത്തറിലാണ്. അങ്ങനെ കടലും മരുഭൂമിയുടെ കുന്നുകളും ചെന്നുചേരുന്നിടത്താണ് ഇപ്പോള്‍ നില്‍ക്കുന്നതെന്ന് ആലോചിച്ചപ്പോള്‍ വല്ലാത്ത അഭിമാനം തോന്നി. ലോകത്ത് എത്രപേര്‍ക്ക് ലഭിക്കും ഇത്തരമൊരു ഭാഗ്യം!
അംഗീകാരം എന്ന ചിത്രത്തില്‍ ബിച്ചു തിരുമലയുടെ രചനയ്ക്ക് എ ടി ഉമ്മര്‍ സംഗീതം നല്കി യേശുദാസ് ആലപിച്ച ഒരു ഗാനമുണ്ട്: 'നീലജലാശയത്തില്‍' എന്നു തുടങ്ങുന്ന ഗാനം. പാട്ടിലെ വരിയിലേതു പോലെ കടലില്‍ വെള്ളം മനോഹരമായ നീലയിലായിരുന്നു. കടലിനപ്പുറം, ദൂരെ സഊദി അറേബ്യ കാണാം. മൊബൈലില്‍ ഇടക്കിടെ മാറി വരുന്ന റേഞ്ചില്‍ ഖത്തറിനോടൊപ്പം സഊദിയും ദുബൈയുമുണ്ട്.
ദോഹയില്‍ നിന്നും വക്‌റയും കടന്ന് ഉംസഈദില്‍ നിന്നാണ് മരുഭൂമിയിലേക്ക് കയറിപ്പോയത്. കുറ്റിച്ചെടികളും ഉറച്ച മണലുമുള്ള ആദ്യത്തെ കുറച്ചു ഭാഗം കഴിഞ്ഞപ്പോള്‍ തന്നെ മരുഭൂമി തനിസ്വരൂപം കാണിച്ചു തുടങ്ങിയിരുന്നു. ചുട്ടുപൊള്ളുന്ന സൂര്യന്‍ ആകാശത്ത്. സൂര്യനോട് മത്സരിക്കാന്‍ കടല വറുക്കാനുള്ള ചൂടുമായി മരുഭൂമി താഴെ. വഴി തെറ്റിക്കാനും പേടിപ്പിക്കാനും മണല്‍ കുന്നുകള്‍ മുമ്പില്‍. മരുഭൂമിയിലെ ചതിക്കുഴികളെ കുറിച്ചും മണല്‍ക്കുന്നുകളെ കുറിച്ചും കൃത്യമായ ധാരണയില്ലാതെയാണ് പോകുന്നതെങ്കില്‍, ഉറപ്പ് ചതിക്കപ്പെടും.
ദിക്കും ദിശയുമറിയാതെ വേവലാതിപ്പെടുമ്പോഴാണ് ആടുജീവിതങ്ങളുടെ കഷ്ടപ്പാടുകള്‍ മനസ്സിലാവുക. മരുഭൂമിയില്‍ ആളുകള്‍ ഏറെ പോകുന്ന വഴികളില്‍ പാമ്പുണ്ടാവില്ല. പക്ഷേ, മരുഭൂമിയുടെ അകത്തേക്ക് പ്രവേശിക്കുന്തോറും പാമ്പിനെ കണ്ടുമുട്ടാനും സാധ്യതയുണ്ട്. ആടുജീവിതത്തില്‍ വലിയ ആടുകളെ തിന്നാനെത്തുന്ന പാമ്പുകളെ പോലുള്ളവ കണ്ടെത്തിയേക്കാം. പൂഴിയില്‍ പതിഞ്ഞ് കിടക്കുന്ന അവയെ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല.
പ്രാകൃത ദിനോസറുകളുടെ കാലംതെറ്റി പിറന്ന കുട്ടികളെ പോലെ ഓന്തുകളും ഉടുമ്പുകളും. മരുഭൂമിയുടെ നിറം ദേഹത്ത് പകര്‍ന്ന് തലയുയര്‍ത്തി നോക്കുന്ന അവയെയൊന്നും പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. വാഹനത്തിന്റെ ഇരമ്പല്‍ ശബ്ദം അവ പൂഴിയിലൂടെ കേള്‍ക്കുന്നുണ്ടാകുമോ? ഉണ്ടാകുമായിരിക്കും. അല്ലെങ്കില്‍ അവ വാഹനങ്ങള്‍ കാണുന്നുണ്ടാകണം. ദൂരെ വണ്ടിയോടുമ്പോള്‍ തന്നെ അവ സ്വന്തം കുഴികളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.
കാണുമ്പോള്‍ തരിശാണെന്ന് തോന്നിക്കും. പക്ഷേ, എത്രതരം ജീവജാലങ്ങളാണ് മരുഭൂമിയിലും വസിക്കുന്നത്. കണ്ടാലല്ലാതെ കേട്ടാല്‍ അവ വിശ്വസിക്കാന്‍ തോന്നണമെന്നില്ല.
***** ***** ***** ***** ***** ***** ***** ***** ***** ***** *****

മരുഭൂമി പിറകില്‍ മറയുകയാണ്. കടല്‍ കാണാന്‍ പോയ കുട്ടിയുടെ അത്ഭുതം മുഖത്തു നിന്നും മാറിയിട്ടില്ല. മരുഭൂമി കണ്ടുതിരിക്കുമ്പോള്‍ പിന്നേയും പിന്നേയും തിരിഞ്ഞു നോക്കാന്‍ തോന്നി. കടല്‍ മാത്രമല്ല, മരുഭൂമിയും അത്ഭുതമാണ്. വിസ്മയത്തിന്റെ മഹാവിസ്‌ഫോടനങ്ങള്‍ അകത്തും പുറത്തും കാത്തുവെക്കുന്ന മഹാത്ഭുതം.

Friday, August 18, 2017

മലേഷ്യയില്‍ വന്‍ മാറ്റം പ്രതീക്ഷിക്കുന്നു: അന്‍വര്‍ ഇബ്രാഹിം

മലേഷ്യയില്‍ സാമ്പത്തിക- സാമൂഹ്യ രംഗങ്ങളില്‍ വന്‍ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് മലേഷ്യന്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയും കെഅദിലന്‍ (ജസ്റ്റിസ്) പാര്‍ട്ടി നേതാവുമായ അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. വര്‍ത്തമാനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.

? മലേഷ്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥ എന്താണ്?
= നിലവില്‍ സമാധാനമുണ്ട്. സാമ്പത്തികമായും കുഴപ്പമില്ല. പക്ഷേ, ഞങ്ങള്‍ വളരെ പിറകിലാണ്. തൊണ്ണൂറുകളുമായി താരമ്യപ്പെടുത്തിയാല്‍ മാത്സര്യ സ്വഭാവം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഭയങ്കരമായ അഴിമതിയാണ് നടക്കുന്നത്. അവിടെ ജനാധിപത്യമില്ല. ഞാനാണ് മലേഷ്യയിലെ പ്രതിപക്ഷ നേതാവ്. ഞങ്ങളുടെ പാര്‍ട്ടിക്ക് 2008ലെ തെരഞ്ഞെടുപ്പില്‍ 82 പേരെ പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷേ, എല്ലാ നിയന്ത്രണവും സര്‍ക്കാരിലാണുള്ളത്. അവിടെ ഞങ്ങള്‍ക്ക് മാധ്യമ സ്വാതന്ത്ര്യമില്ല. നീതിന്യായ വ്യവസ്ഥയും സ്വതന്ത്രമല്ല. ഭയങ്കരമായ അഴിമതിയുണ്ട്. തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. മാര്‍ച്ച് അവസാനത്തിനും ജൂണിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഞങ്ങള്‍ വിശ്വസിക്കുന്നു, ഇന്‍ശാഅല്ലാ, എന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരും.

? ഖത്തറില്‍ നിന്നും ഏതുതരത്തിലുള്ള പിന്തുണയാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?
ഇവിടെ നിരവധി മലേഷ്യക്കാരുണ്ട്. തുര്‍ക്കി പ്രധാനമന്ത്രിയുടെ ക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഞാന്‍ തുര്‍ക്കി സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഉംറ നിര്‍വഹിച്ചതിനു ശേഷം ഖത്തറിലേക്ക് വരികയായിരുന്നു. അറബ് വസന്തത്തിനുശേഷം ജനാധിപത്യത്തിനും ഇസ്‌ലാമിനും പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. ഈ കാര്യങ്ങളാണ് ഞങ്ങള്‍ തുര്‍ക്കിയില്‍ ചര്‍ച്ച ചെയ്തത്. അറബ് വസന്തത്തെ പിന്തുണക്കുകയെന്നാല്‍ ജനാധിപത്യത്തേയും സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശങ്ങളേയും  പിന്തുണക്കുക എന്നാണര്‍ഥം.

? അറബ് വസന്തം മലേഷ്യയില്‍ എന്തുതരം സ്വാധീനമാണ് ഉണ്ടാക്കിയത്?
= അറബ് വസന്തം തീര്‍ത്തും ഗുണപരമായ സ്വാധീനമാണ് ചെലുത്തിയത്. ഏറെ പിന്നാക്കമായി നില്‍ക്കുന്ന അറബ് ലോകത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ ഭരണക്രമമായി ജനാധിപത്യം തെരഞ്ഞെടുക്കാനുള്ള കഴിവാണ് നല്കിയത്. അറബ് വസന്തത്തെ പിന്തുടര്‍ന്ന് മലേഷ്യയും ഒരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്.

? ടൂറിസത്തിനാണ് മലേഷ്യ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. ടൂറിസത്തിലെ ഭാവി എന്താണ്?
= കേരളത്തിലേതു പോലെ മനോഹരമായ കാലാവസ്ഥയാണ് മലേഷ്യയിലും. അവിടെ കാണാന്‍ നിരവധി കാഴ്ചകളുണ്ടെന്ന് മാത്രമല്ല, സമാധാനവുമുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ടൂറിസ്റ്റുകള്‍ മലേഷ്യയിലേക്ക് എത്താറുണ്ട്. ടൂറിസം രംഗത്ത് മികച്ച ഭാവിയാണ് മലേഷ്യയ്ക്കുള്ളത്.? പക്ഷേ, അറബ് വസന്തത്തിന് ശേഷം ഈജിപ്തിലും മറ്റും അന്നഹ്ദയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും പോലുള്ള സംഘങ്ങള്‍ പറഞ്ഞത് ടൂറിസത്തിന് പ്രാധാന്യം നല്കുമെന്നും അത് പൂര്‍ണ്ണമായും ഇസ്‌ലാമികമായിരിക്കില്ലെന്നുമാണ്?
= അവര്‍ പറഞ്ഞതു പോലെ തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്. ടൂറിസമാണ് ഞങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ രീതികള്‍ കൂടി നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്.

? അമേരിക്കയും ഇസ്രാഈലും ഇറാനെ ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്?
= ഭയങ്കരമായ ദുരന്തമാണ് അതുണ്ടാക്കുക. ഇറാനെ ആക്രമിക്കുന്നതിലൂടെ മേഖലയിലെ സമാധാനത്തിനാണ് ഭംഗം വരിക. അമേരിക്കയേയും ഇസ്രാഈലിനേയും ഇറാന്‍ ആണവശക്തിയാകുന്നതില്‍ പ്രകോപിപ്പിക്കുന്നത് അവര്‍ മുസ്‌ലിം രാജ്യമാണെന്നതാണ്. ആണവായുധം ഇറാന്‍ ദുരുപയോഗപ്പെടുത്തുമെന്നാണ് അവരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. വടക്കന്‍ കൊറിയയ്ക്കും ഇസ്രാഈലിനുമൊക്കെ ആണവായുധങ്ങളുണ്ട്. അവരൊന്നും ദുരുപയോഗം ചെയ്യുകയില്ലേ? എന്തുകൊണ്ട് അവര്‍ക്കെതിരെ തിരിയുന്നില്ല. ഇതൊക്കെ വിദേശനയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

? ഇന്ത്യയെ കുറിച്ച് എന്തുപറയുന്നു?
= രണ്ട് വര്‍ഷം മുമ്പ് ഞാന്‍ ഇന്ത്യയില്‍ വന്നിരുന്നു. പൂനെയ്ക്ക് സമീപമാണ് വന്നത്. മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ രാജ്‌മോഹന്‍ ഗാന്ധിയെ കാണാനാണ് എത്തിയത്. വര്‍ഷങ്ങളായി അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഇന്ത്യയിലെ ജനാധിപത്യം മികച്ചതാണ്. സാമ്പത്തികമായും രാജ്യം പുരോഗമിക്കുന്നു. പക്ഷേ, അവിടെ രണ്ട് പ്രശ്‌നങ്ങളുണ്ട്. അഴിമതിയും സാമ്പത്തിക അസമത്വവും.
എന്നാല്‍ സച്ചാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ മുസ്‌ലിംകളുടേയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടേയും  ക്ഷേമം നടപ്പിലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ജസ്റ്റിസ് അഹമ്മദിയെ എനിക്കറിയാം. മാത്രമല്ല, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നല്ല വ്യക്തിയാണ്. ഇന്ത്യയിലെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
സച്ചാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയില്‍ നല്ല മാറ്റം വരും. കേരളത്തില്‍ മുസ്‌ലിംകള്‍ക്ക് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു. മുസ്‌ലിംകളുടെ കാഴ്ചപ്പാടിലും വലിയ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

? ഇന്ത്യയേയും കേരളത്തേയും കുറിച്ച് താങ്കള്‍ക്ക് കൂടുതല്‍ അറിയാം.
= അതെ. ഞാന്‍ ഇന്ത്യയിലെ അവസ്ഥകളും രീതികളും എപ്പോഴും കൃത്യമായി നിരീക്ഷിക്കുകയും അത് പിന്തുടരാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഗാന്ധിയന്‍ തത്വചിന്തയും ധാര്‍മികതയും വളരെ മികച്ചതാണ്. തെരഞ്ഞെടുപ്പിലെ ധാര്‍മികത മോശമാണെന്നും അഭിപ്രായമുണ്ട്. കാരണം അത് ജനങ്ങളെ വഞ്ചിക്കാനുള്ളതാണ്.
പക്ഷേ, മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. പണം വലിയ പ്രശ്‌നാണ്. പണം നേടണമെങ്കില്‍ നേരായ രീതിയിലുള്ള ബിസിനസുകളാണ് നടത്തേണ്ടത്. ഞാന്‍ രാഷ്ട്രീയക്കാരനാണ്. അതേപോലെ ബിസിനസുകാരനുമാണ്. അതില്‍ തെറ്റ് കാണുന്നില്ല. എനിക്കാവശ്യമായ പണം ബിസിനസിലൂടെയാണ് കണ്ടെത്തുന്നത്. എന്നാല്‍ രാഷ്ട്രീയം ബിസിനസ് ആക്കുന്നതിനോട് യോജിക്കാനാവില്ല. ഇന്ത്യയിലെ കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികള്‍ അത്തരം രാഷ്ട്രീയ ബിസിനസുകളാണ് കാണിക്കുന്നത്. അത് വളരെ മോശമാണ്. കര്‍ണാടക  അസംബ്ലിയിലെ മൂന്ന് മന്ത്രിമാര്‍ അശ്ലീല വീഡിയോ കണ്ടതിനെ തുടര്‍ന്ന് അവര്‍ക്ക് രാജിവെക്കേണ്ടി വന്നതൊക്കെ വാര്‍ത്തയാണല്ലോ.

? തെരഞ്ഞെടുപ്പിന് ശേഷം താങ്കള്‍ മലേഷ്യന്‍ പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അങ്ങനെയാണെങ്കില്‍ എന്തൊക്കെയാണ് ഭാവി പരിപാടികള്‍?
= മലേഷ്യയെ ലോകത്തിനു മുമ്പില്‍ ഏറെ പക്വതയുള്ള രാജ്യമാക്കി മാറ്റാന്‍ ശ്രമം നടത്തും. മുസ്‌ലിം, ഹിന്ദു, കൃസ്ത്യന്‍, ബുദ്ധ മതക്കാര്‍ക്ക് സ്വാഭാവികമായ ജീവിതത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടാക്കും. ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ആദ്യത്തെ ലക്ഷ്യം. സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ദരിദ്രരെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുക. ദരിദ്രര്‍ക്ക് വീട്, വിദ്യാഭ്യാസം, ചികിത്സാസൗകര്യം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കും.

ഫെബ്രുവരി അവസാന വാരത്തില്‍ അന്‍വര്‍ ഇബ്രാഹിം കേരളം സന്ദര്‍ശിക്കാനുള്ള പരിപാടികളുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രിയായാലും കേരളം സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

** അഞ്ച് വര്‍ഷം മുമ്പ് അന്‍വര്‍ ഇബ്രാഹിം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത അഭിമുഖമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ഫയലുകള്‍ പരിശോധിക്കുന്നതിനിടയില്‍ കണ്ടുകിട്ടിയപ്പോള്‍ ബ്ലോഗില്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന തോന്നലുണ്ടായതുകൊണ്ടു മാത്രം അപ്‌ലോഡ് ചെയ്യുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന അവസ്ഥകള്‍ക്കെല്ലാം വലിയ മാറ്റം വന്നിട്ടുണ്ടാകും.


Followers

About Me

My photo
thalassery, muslim/ kerala, India