പെരുന്നാളില്ലാതെ ഒരു നാട് സമരം ചെയ്യുന്നു


മാളേക്കല്‍ അമ്മൂമ്മ തട്ടുകട
മാലിന്യ ചായ- 50 പൈസ
ചിക്കന്‍ വേസ്റ്റ്- 65
പോത്തിന്‍ മാല- 35
കച്ചറ ഉണ്ട- 1.00
ചീഞ്ഞമുട്ട ഓംപ്ലേറ്റ്
വില പഴക്കം പോലെ
(തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണാണ് മാളിയേക്കല്‍ ആമിന)

ഒരു~ഗ്രാമം നിശ്ശബ്ദമായി പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. എല്ലാ നിശ്ശബ്ദതയ്ക്കും ശബ്ദം വെക്കാനുള്ള കാലമെത്തിയപ്പോള്‍ അവര്‍ സ്വാഭാവികമായി പൊട്ടിത്തെറിച്ചു. കോഴിക്കോട്ടെ ഞെളിയന്‍പറമ്പും തൃശൂരിലെ ലാലൂരും അറിയുന്നവര്‍ക്ക് തലശ്ശേരിയിലെ പുന്നോല്‍ പെട്ടിപ്പാലം അറിയില്ല. കാരണം, ഞെളിയന്‍പറമ്പു പോലേയും ലാലൂരു പോലേയും മാലിന്യം കൊണ്ട് ജീവിതം പൊറുതി മുട്ടിയിട്ടും ഇവര്‍ ഏറെ സഹിക്കാന്‍ ശ്രമിച്ചവരായിരുന്നു. ഇപ്പോള്‍, ഞെളിയന്‍പറമ്പിനപ്പുറം, ലാലൂരിനപ്പുറം പുന്നോലിന് ശബ്ദിക്കാതെ വയ്യ. അത്രയേറെ സഹിച്ച് മടുത്തിരിക്കുന്നു.
തലശ്ശേരി- മാഹി ദേശീയ പാതയിലാണ് പുന്നോല്‍. അതിമനോഹരമാണ് ഈ പ്രദേശം. റെയില്‍ പാതയും ദേശീയ പാതയും അറബിക്കടലും സമാന്തരമായി നില്‍ക്കുന്ന കേരളത്തിലെ ഏകപ്രദേശം. തീവണ്ടി യാത്രയില്‍ കടല്‍ കാണാന്‍ സാധിക്കുന്ന കേരളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ പ്രദേശങ്ങളിലൊന്ന്. ഇവിടെ, കടലോരത്ത്, ഏഴുപതിറ്റാണ്ടോളം പഴക്കമുണ്ട് തലശ്ശേരി നഗരസഭയുടെ മാലിന്യ നിക്ഷേപത്തിന്. നൂറ്റാണ്ടിലേറെ പഴക്കമുള്ള തലശ്ശേരി നഗരസഭയോളം പഴക്കമുള്ള മാലിന്യങ്ങളുടെ നിക്ഷേപം. മാലിന്യം തലശ്ശേരി നഗരസഭയുടേതാണെങ്കിലും പ്രദേശം ഇപ്പോള്‍ ന്യൂമാഹി പഞ്ചായത്തിന്റെ പരിധിയിലാണ്. നേരത്തെ കോടിയേരി പഞ്ചയാത്തിലായിരുന്ന പുന്നോല്‍ പ്രദേശത്തെ പെട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലം തലശ്ശേരി നഗരസഭ വിലയ്ക്ക് വാങ്ങിയതാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതിന് രേഖാമൂലമുള്ള തെളിവുകളൊന്നും ആരുടേയും പക്കലില്ല. കോടിയേരി പഞ്ചായത്തിലെ ചില പ്രദേശങ്ങള്‍ ന്യൂമാഹി പഞ്ചായത്തിലേക്ക് ലയിച്ചതോടെയാണ് പുന്നോല്‍ ന്യൂമാഹിയോടൊപ്പമായത്. കോടിയേരി പഞ്ചായത്താകട്ടെ തലശ്ശേരി നഗരസഭയുടെ ഭാഗമായിത്തീരുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് നഗരത്തിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന മലം നിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു പെട്ടിപ്പാലത്തേത്. കാലക്രമത്തില്‍ അത് മാലിന്യ നിക്ഷേപ കേന്ദ്രമാവുകയായിരുന്നു. തലശ്ശേരി നഗരസഭ മാലിന്യം നിക്ഷേപിക്കാന്‍ ഒരു ന്യായം പറയുന്നു. പക്ഷേ, പുന്നോല്‍ പ്രദേശവാസികള്‍ തങ്ങളുടെ ജീവിക്കാനുള്ള അവകാശമാണ് ലോകത്തോട് ചോദിക്കുന്നത്.
ദിനംപ്രതി 30 ടണ്‍ നഗരമാലിന്യമാണ് പുന്നോല്‍ പെട്ടിപ്പാലത്ത് കൊണ്ടുതള്ളുന്നത്. ആശുപത്രി അവശിഷ്ടങ്ങളും അറവ് ശാലയിലെ മാലിന്യങ്ങളും വേറേയും... എല്ലാം കൂടി ചേര്‍ന്ന് കടല്‍ക്കാറ്റിലൂടെ അഞ്ഞൂറോളം വീടുകളുള്ള പ്രദേശത്ത് എത്തിക്കുന്നത് മലീനികരിക്കപ്പെട്ടതും വിഷാംശമുള്ളതുമായ വായു. ശുദ്ധ വായു ഇവരുടെയൊക്കെ വെറും സ്വപ്നം... മാലിന്യം ഒലിച്ചിറങ്ങിയിട്ടില്ലാത്ത കിണറുകള്‍ വെറും ആഗ്രഹം... കിണറിലെ വെറും വെള്ളം മാത്രമല്ല, നൂറ് ഡിഗ്രിയില്‍ തിളപ്പിച്ച വെള്ളം പോലും കുടിക്കാനാവില്ലെന്നാണ് പുതിയ മുന്നറിയിപ്പുകള്‍ വന്നിട്ടുള്ളത്. അമിതമായ അളവില്‍ കോളിഫോം ബാക്ടീരിയയാണ് ഈ പ്രദേശത്തെ കിണര്‍ വെള്ളത്തിലുള്ളത്.
ഗതിമുട്ടിയ കാലത്താണ് പുന്നോലിലെ മുഴുവന്‍ ജനങ്ങളും പ്രത്യക്ഷ സമരത്തിന്റെ വഴിയിലിറങ്ങിയത്. തലശ്ശേരി നഗരസഭ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും തങ്ങളുടെ ജീവിതം തിരികെ തരണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം. പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് സമീപം പന്തല്‍കെട്ടി അവര്‍ രാവും പകലും കഴിയുകയാണ്. അടുക്കളകള്‍ അടച്ചുപൂട്ടി സ്ത്രീകള്‍ സമരത്തിന് കനത്ത പിന്തുണ നല്കുന്നു. പുരുഷന്മാര്‍ റോഡരികില്‍ പാകം ചെയ്ത് നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നു. അധികാരികളുമായി നടത്തുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ പെരുന്നാള്‍ ദിനത്തിലും ഇവര്‍ സമരപ്പന്തലിലായിരിക്കും. മാലിന്യം വഴിമുട്ടിച്ച ജീവിതങ്ങള്‍ സന്തോഷപ്പെരുന്നാള്‍ ആഘോഷിക്കാനാവാതെ സമരം ചെയ്യും. തങ്ങളുടെ വരാനിരിക്കുന്ന തലമുറകളെങ്കിലും ദുര്‍ഗന്ധമില്ലാതെ ഓണവും പെരുന്നാളും ആഘോഷിക്കണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നുണ്ട്.

സമരവഴികളില്‍ ഇങ്ങനെ അടയാളപ്പാടുകള്‍ കാണാം
പുന്നോല്‍ പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാര്‍ ഒറ്റയ്ക്കും കൂട്ടായും പ്രതികരിക്കാന്‍ തുടങ്ങിയതിന് കൃത്യമായ വര്‍ഷവും തിയ്യതിയുമൊന്നും ഉണ്ടാകില്ല. എങ്കിലും പ്രതിഷേധത്തിന് കാല്‍നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. നഗരസഭ വാടകയ്‌ക്കെടുത്ത സ്ഥലത്ത് അവരുടെ മാലിന്യം നിക്ഷേപിക്കുന്നതിന് ഞങ്ങള്‍ക്കെന്ത് ചെയ്യാനാകും എന്ന ഭയവും ഭാവവുമായിരുന്ന ആദ്യകാലത്തു നിന്നും പുന്നോലുകാര്‍ ഏറെ മുമ്പോട്ട് പോയിട്ടുണ്ട്. അതാണ് സമരത്തെ ഇപ്പോള്‍ വഴിയിലേക്കിറക്കിയത്. നാട് നാറിയിട്ടും മൂക്ക് പൊത്തി ഭക്ഷണം കഴിച്ച അവര്‍ സഹിക്കാനാവാതെ വന്നപ്പോള്‍ മൂക്കുകെട്ടി നിരത്തിലിറങ്ങിയിരിക്കുന്നു.
മാലിന്യ നിക്ഷേപകേന്ദ്രം പെട്ടിപ്പാലത്തുനിന്നും മാറ്റണമെന്ന് 1996ല്‍ കേരള ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വെയിലും മഴയും 15 തവണ മാറി വന്നിട്ടും പെട്ടിപ്പാലത്തിലെ മാലിന്യ നിക്ഷേപത്തിന് മാത്രം യാതൊരു മാറ്റവുമുണ്ടായില്ല. 1997 ഏപ്രില്‍ 26ന് കണ്ണൂര്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചില നിബന്ധനകള്‍ മുന്നോട്ടു വെച്ചിരുന്നു. അത് ഇങ്ങനെ വായിക്കാം: 1. ഒരു വര്‍ഷത്തിനകം പെട്ടിപ്പാലത്തിലെ മാലിന്യ നിക്ഷേപം ഒഴിവാക്കാന്‍ നഗരസഭ അടിയന്തിര നടപടികള്‍ സ്വീകരിക്കും. 2. മാലിന്യങ്ങള്‍ ശാസ്ത്രീയമായും പരിസര മലിനീകരണം ഒഴിവാക്കിയും കുഴിയെടുത്ത് സംസ്‌ക്കരിക്കുകയും അത് പരിശോധിക്കാന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അബ്ദുല്‍ ഖാദര്‍ ചെയര്‍മാനായും തലശ്ശേരി തഹസില്‍ദാര്‍, വൈസ് ചെയര്‍മാന്‍ ആന്റ് കണ്‍വീനര്‍ ആയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗോപി, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധി, ഡി എം ഒ, പി ഡബ്ല്യു ഡി (റോഡ് വിഭാഗം) പ്രതിനിധി, പ്രത്യേകം ക്ഷണിതാവായി ആര്‍ ഡി ഒ, കൂടാതെ പൗരസമിതി, ആക്ഷന്‍ കമ്മിറ്റി, നഗരസഭ, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരു പരിശോധനാ കമ്മിറ്റിയും ഉണ്ടാക്കിയിരുന്നു.
എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പരിഹാരമുണ്ടാകാതെ വന്നപ്പോഴാണ് 1999ല്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞുകൊണ്ട് പ്രത്യക്ഷ സമരം തുടങ്ങിയത്. നാല് ദിവസം നീണ്ടുനിന്ന സമരത്തെ തുടര്‍ന്ന് തലശ്ശേരി നഗരസഭ ചീഞ്ഞുനാറിയതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായി ചര്‍ച്ച നടന്നത്. ആറുമാസത്തിനകം മാലിന്യ നിക്ഷേപം അവസാനിപ്പിക്കുമെന്നായിരുന്നു അന്നത്തെ കരാര്‍ വ്യവസ്ഥയെങ്കിലും പിന്നീട് എത്രയോ ആറു മാസങ്ങള്‍ കഴിഞ്ഞിട്ടും വ്യവസ്ഥകള്‍ മാത്രം പാലിച്ചില്ല.
1993ലെ സുപ്രിം കോടതി വിധി പ്രകാരം തീരദേശ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിര്‍ത്തണമെന്നും ഇപ്പോള്‍ അങ്ങനെ ചെയ്യുന്നവര്‍ മൂന്ന് വര്‍ഷത്തില്‍ കവിയാത്ത കാലയളവിനുള്ളില്‍ അത് മാറ്റണമെന്നും പറയുന്നുണ്ട്. തലശ്ശേരി നഗരസഭയുടെ കാര്യത്തില്‍ അതിനൊന്നും യാതൊരു വിലയുമുണ്ടായില്ല.
സഹികെട്ട പുന്നോലിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം 2010 ജനുവരിയില്‍ തലശ്ശേരിയില്‍ നടന്ന തലശ്ശേരി വികസന സെമിനാറിലേക്ക് വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വികസന സെമിനാര്‍ നടത്തിയത്.
പെട്ടിപ്പാലത്തിന് നാട്ടുകാര്‍ ഇപ്പോള്‍ പുതിയൊരു പേര് നല്കിയിട്ടുണ്ട്- മൂക്കുപൊത്തിപ്പാലം.

സമരം എത്തിനില്‍ക്കുന്നത്
സഹനത്തിന്റെ സകല സീമകളും അവസാനിച്ചപ്പോഴാണ് 2011 നവംബര്‍ ഒന്നുമുതല്‍ പുന്നോല്‍ വാസികള്‍ പെട്ടിപ്പാലത്ത് മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന് പറഞ്ഞ് പന്തല്‍ കെട്ടി സമരം തുടങ്ങിയത്. സമരത്തിന് വിവിധ മാര്‍ഗ്ഗങ്ങളാണ് ജനകീയ സമിതി അവലംബിക്കുന്നത്.
സമര രീതി- 1: ആദ്യ ദിവസങ്ങളില്‍ പന്തല്‍ കെട്ടി രാപ്പകല്‍ കാവല്‍ കിടക്കുക. മുദ്രാവാക്യം മുഴക്കുക. മാലിന്യ നിക്ഷേപത്തിന് എത്തുന്ന വാഹനങ്ങള്‍ തടയുക. വിവിധ ബഹുജന രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടുക.
സമര രീതി- 2: അടുക്കളയില്‍ നിന്ന് അടര്‍ക്കളത്തിലേക്ക്: സമരത്തിന്റെ നാലാം ദിവസം നാട്ടിലെ എല്ലാ വീട്ടിലും അടുക്കള സമരമായിരുന്നു. സ്ത്രീകള്‍ മുഴുവന്‍ പെട്ടിപ്പാലത്തെ സമരപ്പന്തലിലെത്തി. ഉറക്കെയുറക്കെ മുദ്രാവാക്യം മുഴക്കി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള അടുക്കള സമരത്തിന് പിന്തുണ നല്കി പുരുഷന്മാര്‍ റോഡരികില്‍ ഭക്ഷണമുണ്ടാക്കി. നാട്ടുകാര്‍ ഒന്നിച്ച്, പെട്ടിപ്പാലത്തെ മാലിന്യ കേന്ദ്രത്തിന് സമീപമിരുന്ന് ഭക്ഷണം കഴിച്ചു. സമരപ്പന്തലിന് സമീപം പായ വിരിച്ച് സ്ത്രീകള്‍ നമസ്‌ക്കാരം നിര്‍വഹിച്ചു.
സമര രീതി- 3: പെരുന്നാള്‍ ദിനം സമരപ്പന്തലില്‍ ആഘോഷിക്കും. ലോകത്തിന്റെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനെത്തിയ പ്രവാചകരുടെ ചര്യകളെ ഈ മനുഷ്യര്‍ മാലിന്യങ്ങളോടൊപ്പം ഓര്‍ക്കേണ്ടി വരുന്നു.
സമര രീതി-4: തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കലിന്റെ ഇരുപതോളം ബന്ധുക്കളും ബന്ധുവീടുകളും പുന്നോലില്‍ ഉണ്ട്. നവംബര്‍ പത്താം തിയ്യതി ഇവര്‍ ആമിന മാളിയേക്കലിന്റെ വീട്ടിലേക്ക് വിരുന്നു പോകും. തങ്ങളുടെ നാട്ടിലുള്ള കോളിഫോം ബാക്ടീരിയ കൂടുതലുള്ള വെള്ളം ഉപയോഗിച്ച് കോഴിയടയും ഇറച്ചിപ്പത്തിലും ഉന്നക്കായിയുമൊക്കെയടങ്ങുന്ന പലഹാരങ്ങളുമായി അവര്‍ ചെയര്‍പേഴ്‌സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തും.
സമര രീതി-5: അതിനിയും തീരുമാനിച്ചിട്ടില്ല. അനിശ്ചിതമായി പോകുന്ന സമരത്തിന് ഏത് രീതിയും അവസാനം അനുയോജ്യമാകും എന്നതാണ് ലോകതത്വം.

ഫോട്ടോ: ആദിത്യന്‍ കൂക്കോട്ട്

വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 06-11-2011



kmrahman@varthamanam.com
km.kmrahman@gmail.com
http://varthamanam.com/index.php/sunday/1898-2011-11-05-12-17-26
www.enikkumparayanundu.blogspot.com

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍