Monday, October 24, 2011

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്; ഒരിക്കല്‍ മാത്രം മരിച്ച ധീരന്‍


''ഇരുള്‍മൂടവേ, പെട്രോമാക്‌സുകളുടെ വെളിച്ചം ചെറിയ വൃത്തങ്ങളായി മനുഷ്യ ശിരസ്സുകളിലൂടെ ഒലിച്ച് മൈതാനത്തിലേക്കു നീങ്ങവേ, കാല്‍നാഴിക ദൂരത്തുള്ള മൂരിയാട് പള്ളിയിലേക്ക് ഒറ്റയാനായി ശിരസ്സുയര്‍ത്തി നടന്നു സായ്‌വ്. സംശയത്തിന്റെ തരി പോലുമില്ല. ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു.
എന്നിട്ടും അനുയായികള്‍ക്ക് പൊറുതികിട്ടിയില്ല. സായ്‌വ് പോയ വഴിയിലൂടെ അവര്‍ പിന്നാലെ നടന്നു. ചിലര്‍ മുമ്പേ ഓടിപ്പോയിരുന്നു.
പള്ളിയില്‍ കയറി വുളുവെടുത്ത്, സഫ് സഫായി നില്‍ക്കുന്ന ഭക്തരോടൊപ്പം തോളുരുമ്മി നിന്നപ്പോള്‍, പള്ളിയിലാകെ കനത്തുവന്ന നിശ്ശബ്ദതയ്‌ക്കൊടുവില്‍ വീണ്ടും മുഴങ്ങി, മഗ്‌രിബ് നിസ്‌കാരത്തിനുള്ള മിമ്പറക്കടുത്തു നില്‍ക്കുന്ന ഇമാമിന്റെ സ്വരം: അല്ലാഹു അക്ബര്‍.
നിസ്‌കാരം കഴിഞ്ഞു. സലാം വീട്ടി, സുന്നത്തും നിസ്‌കരിച്ചു. ദുആയെടുക്കാന്‍ കൈകള്‍ ഉയര്‍ത്തിയപ്പോള്‍ എത്രയോ ആയിരം കണ്ണുകള്‍ ഒപ്പമുയര്‍ന്നു.
വീണ്ടും കാല്‍ നാഴിക നടത്തം, വീണ്ടും മൈതാന വേദിയിലേക്ക്. കോഴിക്കോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും വേദിയിലുണ്ട്. മാലകള്‍ കൈയില്‍ തൂക്കി കുറേപ്പേര്‍ ഒന്നുമറിയാത്ത മട്ടിലിരുന്നു. യോഗാധ്യക്ഷന്‍ കുപ്പായമിടാത്ത, താടിയുള്ള ഒരു സന്യാസി.
ഒടുവിലതു മുഴങ്ങി. ഇനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസംഗിക്കും. കാതോര്‍ത്തു നില്‍ക്കുന്ന ജനക്കൂട്ടം. സായ്‌വ് പതുക്കെ എണീറ്റു. ഫേസ്‌ക്യാപ്പ് നേരെയാക്കി.
സുഹൃത്തുക്കളെ, അബ്ദുറഹ്മാന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു.
അതറിഞ്ഞാണല്ലോ നിങ്ങള്‍ ഇവിടെ വന്നത്. ഇവര്‍ വിചാരിച്ചാല്‍ എന്റെ തലയെടുക്കാന്‍ കഴിയുമോ? ഇല്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാനാകൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ, ഇവിടെ കൂടിയിരിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല.
ആദ്യം വാക്കുകള്‍ ഭൂമിയിലേക്കും സര്‍വചരാചരങ്ങളിലേക്കും പിന്നെ ആകാശത്തേക്കും ഇടിവെട്ടും മിന്നല്‍ പിണരുമായി വന്നു.''
(എന്‍ പി മുഹമ്മദിന്റെ അവസാന നോവലില്‍ നിന്ന്- വര്‍ത്തമാനം ആഴ്ചപ്പതിപ്പ്- പുസ്തകം 1, ലക്കം 1 2003 ഫെബ്രുവരി 16)
എന്‍ പി മുഹമ്മദിന്റെ നോവലിനെ അടിസ്ഥാനമാക്കി പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രന്‍ സിനിമ വിവാദമായ പശ്ചാതലത്തിലാണ് എന്‍ പിയുടെ നോവലിന്റെ ഭാഗം ഒരിക്കല്‍ കൂടി എടുത്തുനോക്കിയത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന ധീരദേശാഭിമാനിയെ നാടും നാട്ടുകാരും മറന്നുതുടങ്ങിയപ്പോഴാണ് പി ടി കുഞ്ഞുമുഹമ്മദ് സിനിമയുമായി രംഗത്തു വന്നത്. എന്‍ പി മുഹമ്മദ് എന്ന മലയാളത്തിലെ മഹാനായ നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ചുള്ള നോവല്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു.
വര്‍ത്തമാനം ആഴ്ചപ്പതിപ്പിന്റെ പ്രഥമ ലക്കത്തില്‍ എന്‍ പി മുഹമ്മദിന് ഈ നോവലിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ കുറിച്ച് വിലയിരുത്തുന്നുണ്ട്. ''എന്‍ പിയുടെ സ്വപ്‌നം കൂടിയായിരുന്നു വര്‍ത്തമാനം. എന്നാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന് മുമ്പ് എന്‍ പി വിടചൊല്ലി. നാലഞ്ച് വര്‍ഷങ്ങളായി എന്‍ പി അബ്ദുറഹ്മാന്റെ പണിപ്പുരയിലായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ പിറക്കാത്ത മകനായിരുന്നു എന്‍ പി. സാഹിബിന്റെ അചഞ്ചലമായ മതേതരതയില്‍ നിന്നാണ് മാനവികതയേയും സ്വാതന്ത്ര്യത്തേയും കുറിച്ചുള്ള എന്‍ പിയുടെ ചിന്ത എരിയുന്നത്. സമഗ്രാധിപത്യത്തിനെതിരെ എഴുതിയ രചനകളുടെയെല്ലാം പ്രചോദനവും അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. അബ്ദുറഹ്മാനെ പറ്റിയുള്ള നോവല്‍ രചന 220 പേജുകളില്‍ എന്‍ പി തീര്‍ത്തുവെച്ചിരുന്നു. അബ്ദുറഹ്മാനും മരണവും തമ്മിലുള്ള മല്‍പിടുത്തമാണ് എന്‍ പിയുടെ നോവല്‍. അവസാന മിനുക്കുപണികള്‍ക്കിടയില്‍ എന്‍ പിയെ മരണം കൊണ്ടുപോയി. അബ്ദുറഹ്മാനില്‍ നിന്ന് ഒരു ഭാഗം വര്‍ത്തമാനം ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കത്തില്‍ പ്രകാശനം ചെയ്യുന്നു. എന്‍ പിയ്ക്കുള്ള ആദരാഞ്ജലിയായി....''
നോവല്‍ പുറത്തുവന്നപ്പോള്‍ ഉണ്ടാകാത്ത വിവാദമാണ് സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിവാദത്തിന് തിരികൊളുത്തിയത് പ്രശസ്ത ചിന്തകനായ ഹമീദ് ചേന്ദമംഗലൂരാണ്. അതുകൊണ്ടുതന്നെ സാംസ്‌ക്കാരിക കേരളം അതിന് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്തു.
മുഹമ്മദ് അബ്ദുറഹ്മാനെ കുറിച്ചുള്ള സിനിമ 'വീരപുത്രന്‍' ചരിത്രത്തെ വളച്ചൊടിക്കലാണെന്ന ആരോപണമാണ് എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഹമീദ് ചേന്ദമംഗലൂരിന്റേത്. സിനിമയില്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണ രംഗം ചിത്രീകരിച്ചതിലാണ് ഹമീദ് ചേന്ദമംഗലൂര്‍ അപ്രിയം രേഖപ്പെടുത്തിയിരിക്കുന്നത്. കൊടിയത്തൂരില്‍ നിന്നും പ്രസംഗം കഴിഞ്ഞ് പുഴ കടന്ന ചേന്ദമംഗലൂരിലെത്തി ഭക്ഷണം കഴിച്ച ശേഷം തിരിച്ചു പോകുമ്പോള്‍ പൊറ്റശ്ശേരിയില്‍ വെച്ച്് വിഷബാധയേറ്റതുപോലെ അബ്ദുറഹ്മാന്‍ സാഹിബ് മരിച്ച് വീഴുന്നതെന്നാണ് സിനിമയിലെ രംഗമെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറയുന്നു. മണാശ്ശേരി അംശം അധികാരി കളത്തിങ്ങല്‍ എ എം അബ്ദുസ്സലാം അധികാരിയുടെ വീട്ടില്‍ നിന്നാണ് അബ്ദുറഹ്മാന്‍ സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. എ എം അബ്ദുസ്സലാം അധികാരി ഹമീദ് ചേന്ദമംഗലൂരിന്റെ പിതാവാണ്.
അബ്ദുറഹ്മാന്‍ സാഹിബിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരും പരിശോധിച്ച ഡോ. നാരായണന്‍ നായരും പറഞ്ഞിട്ടുണ്ടെന്നും പി ടി കുഞ്ഞുമുഹമ്മദിന് എങ്ങനെ വ്യത്യസ്തമായ വീക്ഷണം കിട്ടി എന്നുമാണ് ഹമീദ് ചേന്ദമംഗലൂരിന്റെ ചോദ്യം. പി ടി കുഞ്ഞുമുഹമ്മദ് ഇതിനു നല്കുന്ന വിശദീകരണം താന്‍ എന്‍ പിയുടെ നോവലും കാല്‍പനികതയും കൂട്ടിച്ചേര്‍ത്താണ് സിനിമ തയ്യാറാക്കിയതെന്നും സിനിമയുടെ തുടക്കത്തില്‍ തന്നെ ഇതേകുറിച്ച് വിശദീകരിക്കുന്നുണ്ടെന്നുമാണ്. മാത്രമല്ല, വിഷം അകത്തുചെന്നാണ് മരിച്ചതെന്ന സംസാരം ചേന്ദമംഗലൂര്‍ ഭാഗത്ത് നേരത്തെയുണ്ടെന്നും പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു. ചേന്ദമംഗലൂര്‍ ഭാഗത്ത് നേരത്തെയുള്ള പ്രചാരണം മനസ്സിലുള്ളതുകൊണ്ടായിരിക്കാം ഹമീദിന് അങ്ങനെ തോന്നുന്നതെന്നും പി ടി പറയുന്നു. മാത്രമല്ല നിരവധി വര്‍ഷങ്ങള്‍ പഠനവും ഗവേഷണവും നടത്തിയാണ് താന്‍ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും പി ടി കുഞ്ഞുമുഹമ്മദ് പറയുന്നുണ്ട്.
വസ്തുത എന്തായാലും മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന ധീരദേശാഭിമാനിയെ കുറിച്ച് കേരളത്തെ ഓര്‍മിപ്പിക്കാന്‍ പി ടി കുഞ്ഞുമുഹമ്മദിന് വീരപുത്രനിലൂടെ സാധിച്ചു എന്നതാണ് സത്യം. അര്‍ധ സത്യങ്ങളും അസത്യങ്ങളും ചരിത്രമായി പ്രചരിക്കുന്ന കാലത്ത് മറഞ്ഞു പോയേക്കാവുന്ന ഒരു സത്യത്തെയാണ് അദ്ദേഹം വെള്ളിവെളിച്ചത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഏഴ് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം സംസ്ഥാനത്തെ എഴുപതോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്തിട്ടുള്ളത്. നൂറ്റി അറുപതിലേറെ നടീനടന്മാരും പതിനായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രത്യക്ഷപ്പെടുന്ന സിനിമ 55 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. നേരത്തെ പൃഥ്വിരാജിനെ ആയിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ വേഷത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും ഒടുവില്‍ അത് നരേനില്‍ എത്തുകയായിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ ഭാര്യ കുഞ്ഞിബീപാത്തുവായി റീമാസെന്നും മൊയ്തു മൗലവിയായി സിദ്ദീഖ്, കെ കേളപ്പനായി ശ്രീകുമാര്‍, എ കെ ജിയായി ബിജു ജനാര്‍ദ്ദനന്‍, കെ എ കൊടുങ്ങല്ലൂരായി വിനയ്, കൃഷ്ണപിള്ളയായി സുരേഷ് ചെറുപ്പ, എം പി നാരായണ മേനോനായി വിജയ് മേനോന്‍, വൈക്കം മുഹമ്മദ് ബഷീറായി ബഷീറിന്റെ പുത്രന്‍ അനീസ് ബഷീറും കെ ദാമോദരനായി മന്‍രാജും ആലി മുസല്യാരായി ശ്രീരാമനും മമ്മദായി കലാഭവന്‍ നവാസും ചരിത്രകാരനും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവുമായ വിമല്‍ മേനോനായി ശരത് കുമാറും ഉള്‍പ്പെടെ വന്‍ താരനിയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ സിനിമാ വിവാദത്തിലൂടെയെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെങ്കില്‍ അതിന് വഴിയൊരുക്കിയ പി ടി കുഞ്ഞുമുഹമ്മദിനെ അഭിനന്ദിക്കുന്നുവെന്നാണ് മൊയ്തു മൗലവിയുടെ മകനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സുഹൃത്തുമായിരുന്ന എഴുത്തുകാരന്‍ എം റഷീദ് അഭിപ്രായപ്പെട്ടത്. അബ്ദുറഹ്മാന്‍ സാഹിബിന്റെ തലമുറയില്‍ അവശേഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് എം റഷീദ്. അതുകൊണ്ടുതന്നെ അദ്ദേഹം പറഞ്ഞതാണ് മുഖവിലയ്‌ക്കെടുക്കേണ്ടത്. സിനിമാ വിവാദത്തിലൂടെയാണെങ്കിലും അബ്ദുറഹ്മാന്‍ സാഹിബിനെ ചരിത്രത്തിന് കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞല്ലോ. അതുതന്നെയാണ് വലിയ കാര്യം.
എന്‍ പി മുഹമ്മദ് എഴുതിയ നോവലിലെ വരികള്‍ തന്നെയാണ് ഈ വിവാദങ്ങള്‍ക്കുള്ള ഏറ്റവും നല്ല മറുപടി. ''ഇവര്‍ വിചാരിച്ചാല്‍ എന്റെ തലയെടുക്കാന്‍ കഴിയുമോ? ഇല്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമേ എന്റെ തലയെടുക്കാനാകൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ, ഇവിടെ കൂടിയിരിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല.''
''ധീരന്‍ ഒരിക്കല്‍ മരിക്കുന്നു. ഭീരു ഒരുപാടുതവണ മരിക്കുന്നു.''


വര്‍ത്തമാനം ദിനപത്രം 16-10-2011

Saturday, October 8, 2011

തിയേറ്ററുകള്‍ നിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല


സീന്‍ ഒന്‍പത്
ഫ്‌ളാഷ് ബാക്ക്
റെയില്‍വേ സ്റ്റേഷന്‍
1965 കാലഘട്ടത്തിലെ ഒരു പാലക്കാടന്‍ ഗ്രാമത്തിലെ മേല്‍ക്കൂരകളില്ലാത്ത റെയില്‍വേ സ്റ്റേഷന്‍-
യാത്രക്കാരായി രണ്ടോമൂന്നോ പേര്‍ മാത്രം. 18 വയസ്സുകാരിയായ ഗ്രേസിക്കൊപ്പം യാത്ര അയയ്ക്കാനായി അച്ഛനുമുണ്ട്. ചാഞ്ഞുനില്‍ക്കുന്ന വെയിലില്‍ മഴത്തുള്ളികള്‍ പെയ്തിറങ്ങി. അച്ഛന്റെ വലിയ കാലന്‍കുടയ്ക്കുള്ളില്‍ കയറിനിന്ന അവളുടെ നോട്ടത്തില്‍ അല്‍പം മാറി ഒരു യുവാവ് ആകാശാത്തേക്ക് മുഖം ഉയര്‍ത്തി മഴ കൊള്ളുന്നു. അതുകണ്ട് അവളുടെ ഉള്ളില്‍ ചിരി പൊന്തി. ആവി പറത്തി ചൂളംവിളിച്ചുകൊണ്ട് മഴയിലേക്കെത്തുന്ന തീവണ്ടി.
(മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'പ്രണയം' തിരക്കഥയില്‍ നിന്ന്)

ഓര്‍മയില്‍ ചില ദൃശ്യങ്ങള്‍ ചിതറിക്കിടക്കുന്നു.
കോരിച്ചൊരിയുന്ന മഴയത്ത് ബസ് സ്റ്റോപ്പില്‍ പാതിനനഞ്ഞ് നില്‍ക്കുന്ന ഒരു ആണ്‍കുട്ടി; അവനരികിലേക്ക് അതുപോലെ നനഞ്ഞൊട്ടി വന്നു കയറിയ ഒരു പെണ്‍കുട്ടി. ഒറ്റനിമിഷംകൊണ്ട് എന്തൊക്കെയോ കൈമാറിയ അവരുടെ കണ്ണുകള്‍...
('പ്രണയം' തിരക്കഥയുടെ ആമുഖത്തില്‍ നിന്ന്)

കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കത്താന്യൂസ്, ഭ്രമരം, പ്രണയം എന്നീ സിനിമകളുടെ രചനയും സംവിധാനവും നിര്‍വഹിച്ച ബ്ലെസി വര്‍ത്തമാനവുമായി സംസാരിക്കുന്നു.

? താങ്കളുടെ സിനിമയ്ക്ക് എന്തുകൊണ്ട് പ്രണയം എന്ന പേര്‍ സ്വീകരിച്ചിരിക്കുന്നു. മലയാള സിനിമയുടെ ഇത്രയും കാലത്തെ ചരിത്രത്തില്‍ ഇങ്ങനെയൊരു പേര് ആരും നല്കിയത് കണ്ടിട്ടില്ല...
= അതിശയിപ്പിക്കുന്ന കാര്യമാണത്. സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടും മലയാള സിനിമ എന്തുകൊണ്ട് ഇത്രകാലം ഈ പേര് ഉപയോഗിച്ചില്ലെന്ന് ഞാന്‍ ആലോചിക്കുന്നു. ഇത് എന്റെയൊരു ഭാഗ്യമായി കാണുന്നു. എനിക്കുവേണ്ടി മാറ്റിവെക്കപ്പെട്ട പേരാകാം അത്. നാളെ നടക്കേണ്ടത് ഇന്നുതന്നെ എഴുതിവെച്ചിരിക്കുന്നു എന്നുപറയാറില്ലേ. അങ്ങനെ വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്.

? എന്തുധൈര്യത്തിലാണ് മധ്യവയസ്സ് കഴിഞ്ഞവരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചുവെച്ചത്?
= ആദ്യ സിനിമ മുതല്‍ ഇങ്ങനെയുള്ള ഭയം ഉണ്ടായിരുന്നില്ല. തിയേറ്ററുകള്‍ തിങ്ങിനിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല. പ്രേക്ഷകരുടെ ഇഷ്ടം നോക്കിയല്ല കലാരൂപം സൃഷ്ടിക്കുന്നത്. കലാകാരന്റെ മനസ്സിലൂടെ പ്രേക്ഷകരിലേക്കെത്താനാണ് ശ്രമിക്കാറുള്ളത്. ഇതിനുമുമ്പ് മറ്റൊരു പ്രണയകഥയാണ് എഴുതിത്തുടങ്ങിയത്. പക്ഷേ, അത്തരമൊരു സിനിമ എഴുതേണ്ടതുണ്ടോ എന്നു പിന്നീട് തോന്നി. നാലോ അഞ്ചോ സീനുകള്‍ എഴുതിപ്പൂര്‍ത്തിയാക്കിയിരുന്നു. പിന്നീടത് ഉപേക്ഷിച്ചു.

? 'പ്രണയ'ത്തില്‍ ഒരു പ്രത്യേക കളര്‍ ടോണാണ് ഉപയോഗിച്ചിട്ടുള്ളതെന്നാണ് തോന്നിയത്.
= മലയാള സിനിമയില്‍ കഴിഞ്ഞകാലം എന്നതിന് ബ്ലാക്ക് ആന്റ് വൈറ്റ് എന്നാണ് സങ്കല്‍പം. അതിന് കാരണം പഴയകാലമെന്നാല്‍ നിറമില്ലാത്ത കാലം എന്ന സങ്കല്‍പമാണെന്ന് തോന്നുന്നു. എന്നാല്‍ നമ്മുടെയൊന്നും ഓര്‍മ്മകളിലും സ്വപ്നങ്ങളിലുമൊന്നും നിറമില്ലാത്ത കാലമില്ല. സ്വപ്നങ്ങളിലും ഓര്‍മകളിലുമെല്ലാം എല്ലാ കാലത്തും നിറങ്ങളുണ്ടായിരുന്നു. പഴയ കാലത്തെ സാങ്കേതികതയില്‍ മാത്രമാണ് ചിലപ്പോള്‍ നിറപ്പകിട്ട് ചേര്‍ക്കാന്‍ കഴിയാതെ വന്നിട്ടുണ്ടാവുക.
ഹരിയാനയിലെ റിവാരിയില്‍ വെച്ചാണ് പഴയ തീവണ്ടിയിലെ ഷോട്ടുകള്‍ ചിത്രീകരിച്ചത്. പഴയ തീവണ്ടി ഉപയോഗിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഇപ്പോള്‍ ഇവിടെയൊന്നും സൗകര്യമില്ല. പഴയ റെയില്‍വേ എഞ്ചിനുകള്‍ അവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. കാടുപിടിച്ചുകിടന്ന മൂന്ന് കിലോമീറ്റര്‍ ദൂരം റെയില്‍വേ ട്രാക്ക് വൃത്തിയാക്കിയാണ് പ്രണയത്തില്‍ പഴയ തീവണ്ടിയിലെ രംഗങ്ങളും പാട്ടും ചിത്രീകരിച്ചത്.

വെള്ളിത്തിരയില്‍ പാട്ട് രംഗം. പഴയ തീവണ്ടിയില്‍ അച്യുതമേനോന്റേയും ഗ്രേസിയുടേയും ചെറുപ്പകാലം ആര്യനും നിവേദയും വേഷമിടുന്നു.
''മഴത്തുള്ളി പളുങ്കുകള്‍ കിലുകിലെ കിലുങ്ങുന്ന
മണിച്ചിലമ്പണിയുന്നതാരോ
പ്രണയം പെയ്തിറങ്ങും പൂങ്കൂളിരോ...''

പ്രണയം സിനിമയെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നു പഴയ കാല തീവണ്ടിയുടെ ഷോട്ടെന്ന് മനസ്സിലായിരുന്നു. മണിരത്‌നത്തിന്റെ പഴയ സിനിമയായ ഗുരുവില്‍ പഴയ റെയിലും ട്രെയിനുമൊക്കെയുള്ള രംഗങ്ങളുണ്ട്. അവരത് ചിത്രീകരിച്ചത് ഹുബ്ലിയില്‍ വെച്ചാണ്. ഹരിയാനയില്‍ നിന്നും ഹുബ്ലിയിലേക്ക് ട്രെയിന്‍ എത്തിച്ചാണ് ചിത്രീകരണം നടത്തിയത്. പക്ഷേ, മലയാള സിനിമയ്ക്ക് അങ്ങനെ വലിയ ബജറ്റൊന്നും താങ്ങാന്‍ കഴിയില്ല. അതുകൊണ്ട് ഹരിയാനയിലേക്ക് പോവുകയായിരുന്നു.
പ്രണയം എപ്പോഴും പല അര്‍ഥങ്ങളിലും സൗന്ദര്യമാണ്. കാഴ്ചയ്ക്കും അനുഭവത്തിനുമൊക്കെ പ്രണയം ഒരുപാട് സുഖം നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ എന്റെ സിനിമയുടെ ഫ്രെയിമുകള്‍ സൗന്ദര്യമുള്ളതായിരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെ സൗന്ദര്യമുള്ള ഫ്രെയിമുകളിലൂടെയാണ് സിനിമ പറയാന്‍ ശ്രമിച്ചത്. പ്രായം കൂടുതലുള്ളവരുടെ കഥ പറയുമ്പോള്‍ ജരാനരകളും ദുഃഖവും നനഞ്ഞ ക്ലാവുപിടിച്ച അവസ്ഥയുമാണ് സിനിമയിലും പറയാറുള്ളത്. അവസാനം വരെ ഭംഗിയും വിശുദ്ധിയും സന്തോഷവും നിറഞ്ഞതാണ് ഇതിലുള്ള പ്രത്യേകത.

? എന്തുകൊണ്ടാണ് ഗ്രേസിയും അച്യുതമേനോനും തമ്മില്‍ പിരിയുന്നതിനെ കുറിച്ച് വിശദമായി പറയാതിരുന്നത്. അവിടെ പ്രേക്ഷകര്‍ക്ക് ചെറിയൊരു കണ്‍ഫ്യൂഷന്‍ ബാക്കിനില്‍ക്കുന്നില്ലേ?
= ചെറിയ കാരണങ്ങളാല്‍ നിങ്ങള്‍ പിരിഞ്ഞില്ലേ എന്ന് പറയുന്നതുകൊണ്ടാണ് വിശദീകരണങ്ങളിലേക്ക് പോകാതിരുന്നത്. പഴയതെല്ലാം കഴിഞ്ഞുപോയവര്‍ വീണ്ടും കാണുകയും മൂന്നുപേര്‍ക്കിടയിലെ സൗഹൃദവും പ്രണയവുമൊക്കെയാണ് പറയാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

? ഇതുവരെയുള്ള എല്ലാ സിനിമകളിലും അമ്മയേക്കാള്‍ പ്രാധാന്യം അച്ഛനാണല്ലോ?
= അച്ഛന്‍ എനിക്ക് ബിംബങ്ങളില്‍ മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. സ്‌നേഹവും ശകാരങ്ങളും ലാളനകളുമൊക്കെ മനസ്സില്‍ മാത്രമാണ് സൂക്ഷിക്കാന്‍ കഴിഞ്ഞത്. എന്റെ ചെറിയ പ്രായത്തിലേ അച്ഛന്‍ മരിച്ചു പോയിരുന്നു. അതുകൊണ്ടായിരിക്കണം സിനിമകളില്‍ അച്ഛന് കൂടുതല്‍ പ്രാധാന്യം വരുന്നത്.

? കഥ പറച്ചിലല്ല സിനിമ എന്ന് പൊതുവെ പറയാറുണ്ട്. എന്നാല്‍ ബ്ലെസിയുടെ സിനിമകളിലെല്ലാം കലയോടൊപ്പം കഥയുമുണ്ട്.
= സിനിമയെന്നാല്‍ വെറും കഥ പറച്ചില്‍ മാത്രമല്ല. പക്ഷേ, പറയുവാനൊരു കഥയുണ്ടെങ്കില്‍ അത് മറച്ചുവെക്കേണ്ട കാര്യമില്ലല്ലോ. ബന്ധങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ബന്ധങ്ങളുടെ ആഴങ്ങളിലേക്ക് കണ്ണയക്കുമ്പോള്‍ കഥ സൃഷ്ടിക്കപ്പെടുന്നു. ബുദ്ധിപരം മാത്രമല്ല, എല്ലാതരം പ്രേക്ഷകരേയും സിനിമ ആകര്‍ഷിക്കണം.

? ഏതെങ്കിലും ഫ്രെയിമില്‍ നിന്നാണ് ഒട്ടുമിക്ക കഥയുടേയും തുടക്കമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു.
= തീര്‍ച്ചയായും അതെ. മഴ നനഞ്ഞ് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന യുവാവും തൊട്ടടുത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയും എന്ന ഫ്രെയിം കോളെജ് കാലം മുതല്‍ മനസ്സിലുണ്ടായിരുന്നു. ഒരു പേജില്‍ കുറയാതെ ഒരു സീന്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്. പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് ലോഹിയേട്ടനോട് (എ കെ ലോഹിതദാസ്) ഈ കഥ പറഞ്ഞു. അന്ന് കഥയില്‍ മാത്യൂസ് എന്ന കഥാപാത്രം ഉണ്ടായിരുന്നില്ല. ആദ്യം ഡൈവോഴ്‌സ് ചെയ്തവര്‍ പിന്നീട് കണ്ടുമുട്ടി ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നതായിരുന്നു അന്ന് എഴുതിയത്.

? വായന എങ്ങനെയാണ്? വായിക്കുന്നതെന്താണ്?
= ഓരോ സിനിമയ്ക്കും ശേഷമാണ് വായന കൂടുതലായി ഉണ്ടാകുന്നത്. പിന്നീടുള്ള യാത്രയ്ക്ക് എന്നെ സംബന്ധിച്ചിടത്തോളം വായന തന്നെയാണ് എന്റെ ഇന്ധനം. സിനിമ കാണുന്നതിനേക്കാള്‍ കൂടുതല്‍ സമയം വായനക്കു വേണ്ടിയാണ് കണ്ടെത്തുന്നത്.
അവസാനമായി വായിച്ച കഥാസമാഹാരം അശ്രഫ് ആഡൂരിന്റെ 'മരിച്ചവന്റെ വേരുകളാ'ണ്. ഒരു വിമാന യാത്രയിലാണ് ഞാനാ പുസ്തകം വായിച്ചത്. ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിലെ പ്രഭാഷണങ്ങള്‍ ആണ്. ടി പത്മനാഭന്റെ 'ലക്ഷ്യം നക്ഷത്രങ്ങള്‍ തന്നെയാണ്' എന്ന ലേഖനമാണ്. ബെന്യാമിന്റെ ആടുജീവിതം സിനിമയാക്കുന്നത് ആലോചിച്ചിരുന്നു.

? ഇത്രയൊക്കെ പുതുമ സിനിമയില്‍ വരുത്താന്‍ ശ്രമിച്ചിട്ടും ബ്ലെസിയുടെ ചിത്രങ്ങളില്‍ പുതുമുഖങ്ങളെ അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല. കാഴ്ചയിലും പളുങ്കിലും മമ്മൂട്ടിയാണ് നായകന്‍. തന്മാത്രയിലും ഭ്രമരത്തിലും പ്രണയത്തിലും മോഹന്‍ലാല്‍, കല്‍ക്കത്താ ന്യൂസില്‍ ദിലീപ്...
= ആര്‍ട്ടിസ്റ്റുകളെ മുന്നില്‍ കണ്ടുകൊണ്ടല്ല തിരക്കഥ എഴുതാറുള്ളത്. പ്രണയം മുക്കാല്‍ ഭാഗത്തോളം എഴുതിക്കഴിഞ്ഞപ്പോഴാണ് അതില്‍ മോഹന്‍ലാലും അനുപംഖേറും ജയപ്രദയുമൊക്കെ വേണമെന്ന് തീരുമാനിച്ചത്. സിനിമയ്ക്ക് അനുയോജ്യരായവര്‍ പുതുമുഖങ്ങളാണെങ്കില്‍ തീര്‍ച്ചയായും അവരെ ഉള്‍പ്പെടുത്തും.

? സംവിധായകന്‍ ആയില്ലെങ്കില്‍ എന്താകുമായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ?
= ഒരു സിനിമയിലെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍ പോലുമായില്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

? മലയാള സിനിമയിലെ മാറ്റങ്ങളെ പ്രേക്ഷകര്‍ എങ്ങനെയാണ് സ്വീകരിക്കുന്നത്? മാറ്റങ്ങളെ പ്രേക്ഷകര്‍ ഗുണപരമായി കാണുന്നുണ്ടോ? എന്താണ് മലയാള സിനിമയുടെ ഭാവി?
= ഒരു വിഭാഗം ആളുകള്‍ മാത്രം കാണുന്ന അവസ്ഥയിലേക്ക് സിനിമ മാറിക്കൊണ്ടിരിക്കുന്നു. അത് പലപ്പോഴും ജീവിതത്തിന്റെ വേഗത, തിരക്ക് എന്നിവയൊക്കെ കൊണ്ടാവാം. സിനിമ കൂടുതല്‍ ആസ്വദിക്കപ്പെടുന്നത് മുറികള്‍ക്കുള്ളിലാണ്. നല്ല സിനിമകള്‍ തിയേറ്ററില്‍ വന്നുകാണമെന്നാണ് എന്റെ അഭിപ്രായം. പ്രേക്ഷകര്‍ ഭയന്നു നില്‍ക്കുകയാണ്. ആദ്യം വരുന്ന പ്രേക്ഷകരില്‍ നിന്നും അഭിപ്രായം കേട്ടതിന് ശേഷമേ പലപ്പോഴും ആളുകള്‍ തിയേറ്ററിലെത്തുന്നുള്ളു.
ടി വി മടുപ്പായി മാറിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ടി വി മാത്രം കാണുന്നവരുടെ മാനസികാവസ്ഥയില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്.
പ്രതിഭകളായ സിനിമാ പ്രവര്‍ത്തകരുടേയും സിനിമ കലാസൃഷ്ടിയാണെന്ന് കരുതുന്നവരുടേയും എണ്ണം കുറഞ്ഞു വരുന്നത് ഒരു പ്രശ്‌നമാണ്. തിയേറ്ററില്‍ കയ്യടി നേടുന്നതാണ് മികച്ച സിനിമ എന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ട്. തിയേറ്ററില്‍ ഉപേക്ഷിക്കുന്നതാണ് സിനിമ എന്നു പറയാറുണ്ട്. എന്നാല്‍ നമ്മുടെ പ്രേക്ഷകര്‍ വിചാരിക്കുന്നത് ചിരിക്കാനും കയ്യടിക്കാനുമുള്ളതാണ് സിനിമ എന്നാണ്. സാമൂഹ്യ വ്യവസ്ഥിതികള്‍ റിഫ്‌ളക്ട് ചെയ്യപ്പെടുകയും സംസ്‌ക്കാരം ഇടപെടുകയും ചെയ്തിരുന്ന കാലത്ത് പ്രേക്ഷകരില്‍ ഇത്തരത്തിലുള്ള മൂല്യച്യുതികള്‍ ഉണ്ടായിട്ടില്ലായിരുന്നു. അച്ഛനും മകനും ചേര്‍ന്ന് മകളേയും സഹോദരിയേയും പീഡിപ്പിക്കുന്ന കാലമാണിത്. ഇതിനെതിരെ ഒരു ചലച്ചിത്രകാരനും സാഹിത്യകാരനും പ്രതികരിക്കുന്നത് കാണുന്നില്ല. മോഹങ്ങള്‍ക്ക് പിറകേ നടക്കുന്ന മനുഷ്യന്റെ രാഷ്ട്രീയം 'പളുങ്കി'ല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ, അത് തിരിച്ചറിഞ്ഞില്ല.
ഒരു സിനിമ കഴിഞ്ഞ് അടുത്തതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ വരുന്നത് ഞാന്‍ കാണാത്ത സിനിമയായിരിക്കണം അത് എന്നതാണ്. അതുകൊണ്ടുതന്നെ ഉള്‍ക്കരുത്തില്ലാത്ത കഥകള്‍ പറയില്ല. എനിക്ക് ശേഷവും എന്റെ സിനിമകള്‍ നിലനില്‍ക്കണമെന്ന ആഗ്രഹമുണ്ട്. അതൊക്കെ എത്രത്തോളം വിജയിക്കും എന്നറിയില്ല. ഉപേക്ഷിക്കപ്പെടുന്ന ഒരു സിനിമയും ചെയ്യാന്‍ ബോധപൂര്‍വ്വം ആഗ്രഹിക്കാറില്ല.
ഒരു ഫിലിം മേക്കറായി മാത്രമേ ഞാന്‍ മരിക്കുകയുള്ളു എന്ന് ഞാന്‍ തന്നെ തീരുമാനിച്ചിരുന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള ഒരു പൊരുതല്‍ ആണത്. സിനിമ എഴുതേണ്ടി വന്നതും അത്തരമൊരു ഘട്ടത്തിലാണ്. 'കാഴ്ച' എഴുതുന്നതിന് മുമ്പ് ഞാന്‍ ഒന്നും എഴുതിയിരുന്നില്ല.

? താങ്കളുടെ എല്ലാ തിരക്കഥകളും പുസ്തകമായിട്ടുണ്ട്. ഒരുപക്ഷേ എം ടിക്കു ശേഷം തിരക്കഥയെ സാഹിത്യ രൂപമായി കണ്ടത് താങ്കളായിരിക്കണം.
= 'കാഴ്ച' തിരക്കഥ പുസ്തകമാക്കാന്‍ ഒലീവ് ബുക്‌സില്‍ നിന്നും നൗഷാദ് എന്നെ തേടി വരികയായിരുന്നു. ഇപ്പോള്‍ പ്രണയത്തിന്റെ തിരക്കഥ ഇംഗ്ലീഷിലേക്കു കൂടി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

? അടുത്ത സിനിമ?
= ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല.


ഫോട്ടോ: ആദിത്യന്‍ കൂക്കോട്ട് കയ്യൂര്‍


വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
09 ഒക്‌ടോബര്‍ 2011

Followers

About Me

My photo
thalassery, muslim/ kerala, India