നോമ്പിലേക്കും പെരുന്നാളിലേക്കും കൈവിരലെണ്ണിയ മനുഷ്യന്‍


പെരുന്നാളിന്റെ ഓര്‍മ്മകള്‍ ചെന്നുമുട്ടുന്നത് രണ്ടാളുകളിലാണ്. ഒന്ന് ആബൂട്ടിക്ക. രണ്ടാമത്തേക്ക് സുബൈര്‍ക്ക.
നാരാങ്ങാപ്പുറം പള്ളിയിലെ കിണറ്റില്‍ നിന്നും ഹൗളിലേക്ക് വെള്ളം കോരി ഒഴിച്ചും വീടുകളില്‍ സാധനങ്ങള്‍ വാങ്ങിക്കൊടുത്തും ജീവിച്ചിരുന്ന ആളായിരുന്നു ആബൂട്ടിക്ക. സുബൈര്‍ക്കയാകട്ടെ നാരങ്ങാപ്പുറം പള്ളിയില്‍ ബാങ്ക് കൊടുത്തിരുന്നയാളും. രണ്ടുപേരും മരിച്ചുപോയി. ഏതുബാങ്ക് കേട്ടാലും അതിന്റെ ഓര്‍മ്മകള്‍ എത്തിച്ചേരുക കൊറ്റിയത്തെ സുബൈര്‍ക്കയിലാണ്. എല്ലാ പെരുന്നാളിന്റേയും ഓര്‍മ്മകള്‍ക്കിടയില്‍ ആബൂട്ടിക്കയും കടന്നുവരും. പെരുന്നാള്‍ ഓര്‍മ്മകളുടെ നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറം മങ്ങിയ കാഴ്ചകള്‍ പോലെയോ നൊമ്പരപ്പെടുത്തുന്ന ചിന്തകള്‍ പോലെയോ രണ്ടു ചിത്രങ്ങള്‍....

മാനത്ത് ശവ്വാലമ്പിളി പിറക്കുന്നതിനും എത്രയോ ദിവസങ്ങള്‍ക്കു മുമ്പുതന്നെ മനസ്സില്‍ പെരുന്നാള്‍ പിറ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. നോമ്പിന്റെ അവസാന പത്തിലാണ് തിരക്കോടുതിരക്കുണ്ടാകുക. ഞങ്ങള്‍ കുട്ടികള്‍ കൈവിരലില്‍ എണ്ണിത്തുടങ്ങും. പത്ത്, ഒന്‍പത്, എട്ട്, ഏഴ്...... ഇരുപത്തിയൊന്‍പാതമത്തെ നോമ്പിലൊരു കണ്‍ഫ്യൂഷന്‍ കടന്നുകയറും. പെരുന്നാള്‍ നാളെയാകുമോ മറ്റന്നാളായിരിക്കുമോ... മാസം കാണാന്‍ പോകുന്നവര്‍ക്ക് ഇരുപത്തിയൊന്‍പതാം നോമ്പിനു തന്നെ കണ്ടാലെന്താ? മുപ്പതു നോമ്പിന്റെ പെരുന്നാളിനേക്കാള്‍ ആവേശം ഇരുപത്തിയൊന്‍പത് കഴിഞ്ഞുവരുന്ന പെരുന്നാളിനാണ്. സകല നാടകീയതകളും നിറഞ്ഞ മാസം കാണലും അതുകഴിഞ്ഞുള്ള പ്രഖ്യാപനങ്ങളുമൊക്കെ എത്തുമ്പോഴേക്കും നേരം പാതിരയോടടുക്കും. സമയം വല്ലാതെയങ്ങ് പുരോഗമിക്കുമ്പോള്‍, എന്നാല്‍ നോമ്പ് മുപ്പതുതന്നെയാവട്ടെയെന്ന് മനസ്സില്‍ പറയും. അപ്പോഴായിരിക്കും ഏതെങ്കിലുമൊരു 'കൂട്ടായി'യിലോ 'ബേപ്പൂരി'ലോ മാസം കണ്ടെന്ന വിവരം വരിക. അക്കാലത്ത്, കൂട്ടായിയും ബേപ്പൂരുമൊക്കെ, ഞങ്ങള്‍ കുട്ടികള്‍ക്ക് അമേരിക്കയേക്കാള്‍ ദൂരത്തുള്ള ദേശങ്ങളായിരുന്നു.
പെരുന്നാള്‍ തലേന്ന് 'മോന്തി'ക്കാണ് ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ പുതിയ കുപ്പായത്തെ കുറിച്ച് തര്‍ക്കം നടത്തുക. എന്റേത് നല്ലതെന്ന ഓരോരുത്തരുടേയും വാശിയും മത്സരവും. നാളെ ഇടുമ്പോള്‍ കാണാല്ലോയെന്ന വെല്ലുവിളി.... ഒന്നോ രണ്ടോ പെരുന്നാളുകള്‍ക്ക് മാത്രം പുതിയ കുപ്പായമെടുക്കുന്ന കാലമായിരുന്നല്ലോ അത്. ചിലപ്പോള്‍ ചെറിയ പെരുന്നാളിനെടുത്ത വസ്ത്രം അലക്കി മടക്കി അടുത്ത പെരുന്നാളിനേക്ക് കാത്തുവെക്കും.

പെരുന്നാള്‍ തലേന്ന് നാരങ്ങാപ്പുറം പള്ളിയില്‍ നിന്നും മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് കേള്‍ക്കുമ്പോള്‍ കൊറ്റിയത്തെ സുബൈര്‍ക്കാനോട് പ്രത്യേകമൊരു സ്‌നേഹം തോന്നും. ആ ബാങ്കിന് വല്ലാത്തൊരു മധുരമാണ്. അവസാനത്തെ നോമ്പ് തുറക്കാനുള്ള ഈത്തപ്പഴത്തേക്കാളും നാരങ്ങവെള്ളത്തേക്കാളും ഒരിത്തിരി കൂടുതല്‍ മധുരം. നാരങ്ങാപ്പുറം പള്ളിയിലെ ഹൗളിലെ വെള്ളത്തിന് അന്ന് തണുപ്പ് കൂടുതലായിരിക്കും. കുട്ടിക്കാലത്തിന്റെ ആഹ്ലാദപ്പെരുന്നാളിന്റെ സുഖമുള്ള തണുപ്പ്. കാലിന് അസുഖമുള്ള സുബൈര്‍ക്ക വലിയ ടോര്‍ച്ചും കൈയിലെടുത്ത് മുടന്തി നടക്കുന്നത് വര്‍ഷങ്ങളെത്രയോ കഴിഞ്ഞിട്ടും കണ്‍മുമ്പിലുണ്ട്.

ഞങ്ങള്‍ കുട്ടികള്‍ നോമ്പിന്റെ അവസാന പത്തിലാണ് പെരുന്നാളിലേക്കുള്ള ദൂരം കണക്കുകൂട്ടുന്നതെങ്കില്‍ വലിയ പെരുന്നാളിന്റെ പിറ്റേന്നു മുതല്‍ അടുത്ത നോമ്പിലേക്കും ചെറിയ പെരുന്നാളിലേക്കുമുള്ളദിവസങ്ങള്‍ എണ്ണിത്തുടങ്ങുന്ന മനുഷ്യനായിരുന്നു ആബൂട്ടിക്ക. പെരുന്നാളുകളൊന്നും ആ മനുഷ്യന്റെ ജീവിതത്തില്‍ ആഘോഷത്തിന്റെ മത്താപ്പുകള്‍ കത്തിച്ചിട്ടുണ്ടാവില്ല. എന്നാലും അയാള്‍ എണ്ണിത്തീര്‍ക്കും. ദുല്‍ഹജ്ജ് 11 മുതല്‍ എണ്ണം തുടങ്ങും. മുഹര്‍റത്തിന് ഇനി ഇത്ര ദിവസം, സഫര്‍, റബീഉല്‍ അവ്വല്‍....... റജബ്, ശഅബാന്‍, പിന്നെ റമദാന്‍, അതിനു പിന്നില്‍ ശവ്വാല്‍.... ചെറിയ പെരുന്നാളിന്റെ പിറ്റേന്ന്, ശവ്വാല്‍ രണ്ടിന് തുടങ്ങും ദുല്‍ഖഅദിലേക്കും ദുല്‍ഹജ്ജ് പത്തിലേക്കുമുള്ള ദിവസങ്ങള്‍ എണ്ണിയെടുക്കാന്‍....
ഒരു പെരുന്നാളില്‍ നിന്ന് മറ്റൊരു പെരുന്നാളിലേക്കുള്ള ദിവസങ്ങളായിരുന്നു ആബൂട്ടിക്കയുടെ ജീവിതം. ഒരു നോമ്പില്‍ നിന്നും അടുത്ത വര്‍ഷത്തെ റമദാനിലേക്കായിരുന്നു ആ മനുഷ്യന്‍ ജീവിച്ചിരുന്നത്. ഓരോ ദിവസവും അയാള്‍ അടുത്ത നോമ്പിലേക്കും പെരുന്നാളിലേക്കുമുള്ള നാളുകള്‍ എണ്ണിക്കുറക്കും.

അറിയാന്‍ വഴിയില്ല, ഈ മനുഷ്യനെ. ഒരു ചരിത്രത്തിലും ഇത്തരക്കാരായ ആളുകളെ രേഖപ്പെടുത്താറില്ല. ചരിത്രം 'മഹാന്മാരുടേത്' മാത്രമാണല്ലോ. തടിച്ച പ്രകൃതം, ഓരോ കൈകാലുകള്‍ മന്തുരോഗം വന്ന് വീര്‍ത്തത്, മൊട്ടയടിച്ച തല, ഏറെ ഉച്ചത്തിലുള്ള സംസാരം, വെളുത്ത നിറത്തിലുള്ള മുണ്ടിന്റേയും ഷര്‍ട്ടിന്റേയും മുഷിഞ്ഞ രൂപം, ഒന്നിനു മുകളില്‍ ഒന്നായി രണ്ടോ മൂന്നോ കുപ്പായങ്ങള്‍ ധരിച്ചിട്ടുണ്ടാകും, തലയില്‍ക്കെട്ട്... ഇത്രയുമായാല്‍ ആബൂട്ടിക്കയുടെ രൂപമായി- കാക്കാറമ്പത്ത് ആബൂട്ടിയായി.
പണ്ടേതോ കാലത്ത്, എല്ലാ പള്ളികളിലേയും പോലെ, നാരങ്ങാപ്പുറം പള്ളിയിലും കിണറ്റില്‍ നിന്നും വെള്ളം കോരി ഹൗളില്‍ നിറക്കുന്ന കാലം. അന്ന്, വിശ്വാസികളായ വിശ്വാസികള്‍ മുഴുവനും നമസ്‌ക്കരിക്കാനായി അംഗശുദ്ധി വരുത്തിയിരുന്നത് ആബൂട്ടിക്ക കിണറ്റില്‍ നിന്നും കോരി പാത്തി വഴി ഒഴുക്കിവിട്ട വെള്ളത്തിലായിരുന്നു. പാറകൊണ്ട് താഴ്ത്തിക്കെട്ടിയ ഹൗളിലെ വെള്ളത്തിന് വല്ലാത്ത തണുപ്പായിരിക്കും. വയ്യാത്ത കൈയ്യും കാലും കൊണ്ട് അയാള്‍ കോരിയൊഴിച്ച വെള്ളത്തിന് കണക്കുണ്ടായിരിക്കില്ല.

പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ 'സ്മാരകശിലകളില്‍' ഇതുപോലൊരു കഥാപാത്രമുണ്ട്. ഏത്തം വലിച്ച് ഹൗളിലേക്ക് വെള്ളം കോരി ഒഴിക്കുന്ന മനുഷ്യന്‍- എറമുള്ളാന്‍.

കാലം മാറി. കിണറ്റില്‍ നിന്നും മോട്ടോര്‍ വഴി വെള്ളം ഹൗളിലേക്ക് പമ്പ് ചെയ്തു തുടങ്ങി. ഹൗളിന്റെ രൂപവും മാറി. പാറകൊണ്ട് താഴ്ത്തിക്കെട്ടിയിരുന്ന ഹൗള്‍ നികത്തി കല്ലുകൊണ്ട് ഉയര്‍ത്തിക്കെട്ടി വെള്ളം തടഞ്ഞിട്ടു. അക്കാലമായതോടെ ആബൂട്ടിക്കയുടെ വെള്ളം കോരലും നിന്നു. അക്കാലത്തായിരിക്കണം അയാള്‍ വീടുകളില്‍ സാധനങ്ങള്‍ വാങ്ങിക്കൊടുത്ത് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തിയത്.
അന്ന്, തറവാട്ടില്‍ അന്‍പതോളം പേരാണ് താമസിച്ചിരുന്നത്. തറവാടിന്റെ അകത്തളങ്ങളില്‍ ഇരുട്ട് കനം തൂങ്ങി നിന്നിരുന്നു. എട്ട് മാസം മുമ്പ് പൊളിക്കുമ്പോഴും, പൂട്ടിയിട്ട തറവാട്ടുവീട്ടിനകത്തെ മുറികളില്‍ ഇരുട്ട് കൂടുകൂട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇളക്കിയെടുത്ത ഓടിന്റേയും കല്ലിന്റേയും വിടവിലൂടെ വെളിച്ചം കടന്നാക്രമണം നടത്തിയപ്പോഴാണ് തറവാട് ശൂന്യസ്ഥലിയിലേക്ക് അപ്രത്യക്ഷമായിപ്പോയത്. ഇന്നിപ്പോള്‍ നിരപ്പായ സ്ഥലത്ത് വലിയൊരു വീടിന്റെ അസ്ഥികൂടം മാത്രം.
ഒരേക്കറോളം സ്ഥലത്ത് വിശാലമായിക്കിടന്നിരുന്നു ഞങ്ങളുടെ തറവാട്. റോഡില്‍ നിന്നും തറവാട്ടു മുറ്റത്തേക്ക് കയറാന്‍ പടിപ്പുര കടക്കണം. ഇരുവശവും വിശാലമായ രണ്ട് മുറികളുണ്ടായിരുന്നു പടിപ്പുരയ്ക്ക്. പടിപ്പുരയ്ക്കപ്പുറം വലിയ മുറ്റം. അതുകടന്നാല്‍ മുല്ലാപ്പുറമെന്ന് വിശേഷിപ്പിക്കുന്ന വരാന്ത. അവിടെ രണ്ട് ഭാഗങ്ങളില്‍ വലിയ തിണകള്‍ (ബഡാപ്പുറങ്ങള്‍). വരാന്തയിലെ ആനക്കാലുകള്‍ പോലുള്ള വലിയ തൂണുകളോട് അടുപ്പിച്ച് നീളമുള്ള രണ്ട് ചാരുബെഞ്ചുകള്‍. ബഡാപ്പുറത്തിനോടും അകം ചുമരിനോടും ചേര്‍ന്ന് പിന്നേയും രണ്ട് നീളന്‍ ബെഞ്ചുകള്‍. അതിലൊന്നിലായിരുന്നു ആബൂട്ടിക്കയുടെ കിടപ്പ്.
പ്രദേശത്തെ വീടുകളില്‍ സാധനങ്ങള്‍ വാങ്ങി വന്നു കഴിഞ്ഞാല്‍ പിന്നെ, കുറേ സമയം ബെഞ്ചിനു മുകളില്‍ കിടന്ന് കണക്കു കൂട്ടലായിരുന്നു മൂപ്പരുടെ പണി. ഈ സമയത്താണ് നോമ്പില്‍ നിന്നും നോമ്പിലേക്കും ഇന്നില്‍ നിന്നും പെരുന്നാളിലേക്കുമുള്ള ദിവസങ്ങളുടെ എണ്ണം അദ്ദേഹം കൃത്യമായി പറഞ്ഞിരുന്നത്. വിരലുകള്‍ മടക്കി മാസങ്ങളും ദിവസങ്ങളും എണ്ണുമ്പോള്‍, ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ ചുറ്റും കൂടിയിരുന്നു. ലോകം 'ബൈഷ്‌ക്കോപ്പാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 'ബയോസ്‌ക്കോപ്പ്' എന്നതിനെയാണ് അദ്ദേഹം ബൈഷ്‌ക്കോപ്പെന്ന് പറഞ്ഞിരുന്നത്. ബയോസ്‌ക്കോപ്പെന്നാല്‍ സിനിമയെന്നാണ് അര്‍ഥമെന്ന് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ്, ഞങ്ങള്‍, കുട്ടികള്‍ തിരിച്ചറിഞ്ഞത്.

കാലം കറങ്ങിത്തിരിഞ്ഞ ഏതോ സമയത്താണ് ആബൂട്ടിക്കയുടെ കിടത്തം നാരങ്ങാപ്പുറം പള്ളിക്കു സമീപത്തെ യൂസുഫിയ മദ്‌റസയുടെ ചേരിയിലേക്ക് മാറിയത്. കാറ്റിലും മഴയിലും വെയിലുമെല്ലാം ആ മനുഷ്യന്‍ വല്ലാതെ കഷ്ടപ്പെട്ട് തണുത്തു വിറച്ചും വിയര്‍ത്തൊലിച്ചും അവിടെ കിടന്നു. എപ്പോഴെങ്കിലുമൊക്കെ ആരൊക്കെയോ കൊണ്ടുകൊടുക്കുന്ന ഭക്ഷണം കഴിച്ച്, പനിച്ചു വിറച്ചും കാഴ്ചയില്ലാതെയും ആരോടും പരിഭവം പറയാതെ ആയുസ്സിന്റ പുസ്തകത്തിലെ ബാക്കിയുള്ള താളുകള്‍ അയാള്‍ മറിച്ചു തീര്‍ത്തു. ഉമ്മയുടെ നിര്‍ബന്ധം തീരെ സഹിക്കാതാവുമ്പോള്‍, ചില രാത്രികളില്‍, ആബൂട്ടിക്കക്ക് ഞാനും ഭക്ഷണം എത്തിച്ചുകൊടുത്തിട്ടുണ്ട്.
എല്ലാ രാത്രികളിലും ഉമ്മ, ആബൂട്ടിക്കാക്കുള്ള ഭക്ഷണം എടുത്തുവെക്കുമെങ്കിലും അതുകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഭക്ഷണപ്പൊതി കൊണ്ടുകൊടുക്കാന്‍ ഉമ്മ എത്രയോ തവണ എന്നോട് കെഞ്ചി പറഞ്ഞിട്ടുണ്ട്, വിശക്കുന്നവന് ഭക്ഷണം എത്തിച്ചുകൊടുക്കേണ്ടതിന്റെ കടമ പറഞ്ഞു തന്നിട്ടുണ്ട്, അതിന്റെ പുണ്യം പറഞ്ഞിട്ടുണ്ട്!! പട്ടിണിയുടെ അവസ്ഥ അറിയാത്തതു കൊണ്ടായിരിക്കണം, അക്കാലത്ത്, ഉമ്മ പറഞ്ഞത് പല ദിസവങ്ങളിലും ഞാന്‍ അനുസരിച്ചതേ ഇല്ലായിരുന്നു. രാത്രികാലങ്ങളില്‍ നാരങ്ങാപ്പുറം മദ്‌റസയ്ക്കടുത്ത് തമ്പടിക്കുന്ന 'പിരാന്തന്‍ മൊയ്തു'വിനേയും എനിക്ക് പേടിയായിരുന്നു. ഉമ്മയോട് അനുസരണക്കേട് കാണിച്ചതിന് ഒരു കാരണം മൊയ്തുക്ക അവിടെയുണ്ടാകുമെന്ന പേടി തന്നെയാണ്. ഭക്ഷണെപ്പാതിയുമായി ഞാന്‍ പോകില്ലെന്ന് തോന്നുന്ന ചില രാത്രികളില്‍, അനിയനെ പറഞ്ഞയിച്ചിരുന്നു ഉമ്മ. അവന്‍ തീരെ ചെറുതായിരുന്നതുകൊണ്ടും വഴിയിലെവിടേയും വെളിച്ചമില്ലാത്തതുകൊണ്ടും അവനെ ഒറ്റയ്ക്ക് അയക്കാന്‍ ഉമ്മയ്ക്ക് പേടിയായിരുന്നു. പിരാന്തന്‍ മൊയ്തുക്കാനെ അവനും പേടിച്ചിരുന്നു. ഞങ്ങളിലാരെങ്കിലും, ഭക്ഷണപ്പൊതിയുമായി പോകാതിരുന്ന രാത്രികളിലെല്ലാം, അതുകാത്തുകിടന്ന് ആബൂട്ടിക്ക വിശന്ന വയറോടെ നേരം വെളുപ്പിച്ചിട്ടുണ്ടാകും. ഇശാ ബാങ്കില്‍ നിന്നു സുബ്ഹി ബാങ്കിലേക്കുള്ള ദൂരം അളന്നെടുത്തിട്ടുണ്ടാകും.
അക്കാലത്തെ കുട്ടികള്‍, ഞങ്ങള്‍, കുറച്ചു മുതിര്‍ന്നപ്പോഴത്തെ ഒരു ബലി പെരുന്നാള്‍ രാത്രിയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആബൂട്ടിക്ക മരണത്തിന്റെ തണുപ്പിലേക്ക് നടന്നു പോയത്. ഓരോ പെരുന്നാളിനെ കുറിച്ചും ആ മനുഷ്യന്‍ കണക്കുകള്‍ കൂട്ടിയിടുമ്പോള്‍ തന്റെ മരണ തിയ്യതിയാണ് രേഖപ്പെടുത്തിവെക്കുന്നതെന്ന് അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല. പുതുവസ്ത്രം അണിഞ്ഞ് (ശരിക്കും അറിയില്ല, അദ്ദേഹം അന്ന് പുതുവസ്ത്രം അണിഞ്ഞിരുന്നോ? ആവോ, ഉണ്ടാവില്ല!), പെരുന്നാള്‍ നമസ്‌ക്കാരം കാത്തിരുന്ന ഒരു മനുഷ്യന്‍ പഴയ ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍, ജീവിതത്തിലാദ്യമായി 'സ്വന്തം വീട്' കണ്ടെത്തി.
എത്രയോ രാത്രികള്‍ വിശന്ന് വെളുപ്പിച്ച ആബൂട്ടിക്ക എനിക്ക് തിരിച്ചറിവിന്റെ പാഠങ്ങള്‍ നല്കിയത് അദ്ദേഹം മരിച്ച് പിന്നേയും കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്ന രണ്ടേ മുക്കാല്‍ വര്‍ഷം. അതില്‍ ചില നാളുകളില്‍ കൊടും തണുപ്പിലെ വിശന്നു വലഞ്ഞ രാത്രികളിലെല്ലാം ആബൂട്ടിക്കയെ ഓര്‍ത്തുപോയിരുന്നു, ആ മനുഷ്യന്‍ അനുഭവിച്ച 'വയറ്റിന്റെ കാളല്‍' തിരിച്ചറിഞ്ഞിരുന്നു. വുളു വരുത്താനെന്ന വ്യാജേന പള്ളിയിലെ ഹൗളില്‍ നിന്നും വെള്ളം കുടിച്ച എത്രയോ രാത്രികളും പകലുകളും കടന്നുപോയിട്ടുണ്ട്. വിശപ്പിന്റെ വല്ലാത്ത കൊളുത്തി വലിക്കല്‍ അനുഭവിച്ചപ്പോഴൊക്കെ മനസ്സില്‍ ആബൂട്ടിക്ക കടന്നു വന്നു. യൂസുഫിയ മദ്‌റസയുടെ ചേരിയില്‍ തണുപ്പിലും മഴയിലും വിശന്ന് കിടന്ന ഒരു മനുഷ്യന്റെ ദയനീയത ശരിക്കും തിരിച്ചറിഞ്ഞത് അക്കാലത്താണ്. അനാഥനും നിരാലംബനുമായ ഒരു മനുഷ്യന് ഭക്ഷണമെത്തിച്ചുകൊടുക്കാന്‍ ഉമ്മ നല്കാറുള്ള ഉപദേശങ്ങള്‍ ഓര്‍മ്മയിലേക്ക് തള്ളിയെത്തി എന്നോട് കലമ്പല്‍ കൂട്ടിയതും കല്പറ്റയിലെ തണുത്ത രാത്രികളിലായിരുന്നു. വയനാട്ടിലെ എത്ര രാത്രികളാണ് ഉറങ്ങാനാവാതെ ഓര്‍മ്മകള്‍ എന്നെ തിരിച്ചും മറിച്ചും കിടത്തിയത്!
വല്ലപ്പോഴുമെങ്കിലും ആബൂട്ടിക്കക്ക് ഭക്ഷണമെത്തിച്ചു കൊടുക്കാന്‍ സന്മസ് കാണിച്ചതു കൊണ്ടായിരിക്കണം, വിശന്നുറങ്ങിയതിന്റെ പിറ്റേന്ന് രാവിലെ ദൈവം എന്റെ മുമ്പില്‍ സോമനെ പ്രത്യക്ഷപ്പെടുത്തി തന്നിട്ടുണ്ടാവുക. എവിടുന്നൊക്കെയോ നുള്ളിപ്പെറുക്കിയ കുറച്ചു പണവുമായി പുലര്‍ച്ചെ ഓഫിസിനു മുമ്പിലെത്തുന്ന സോമന്റെ ആദ്യചോദ്യം 'എല്ലിഷ്ടാ, നീ വല്ലതും കഴിച്ചോ' എന്നായിരിക്കും. കുട്ടേട്ടന്റെ ഉന്തുവണ്ടി കടയിലെ ദോശയായും ഗീത ഹോട്ടലിലെ ആവി പറക്കുന്ന നെയ്‌റോസ്റ്റായുമൊക്കെ എന്റെ വിശപ്പ് സോമന്റെ ഹൃദയ വിശാലതയ്ക്ക് മുമ്പില്‍ ഇല്ലാതായിപ്പോയിട്ടുണ്ട്.
ആരോടും പരിഭവം പറയാതെ നന്മകള്‍ മാത്രം ചെയ്ത് ഇല്ലാതായിപ്പോയ ആബൂട്ടിക്കയുടേത് ഒരു ജന്മം. നക്‌സല്‍ പ്രവര്‍ത്തകന്റെ റോളില്‍ കാട്ടിലും മേട്ടിലും കോഴിക്കോട്ടേയും കണ്ണൂരിലേയുമൊക്കെ ജയിലുകളിലും ജീവിതം കഴിക്കുകയും, പിന്നീടൊരിക്കല്‍, എന്നോട് യാത്ര പറഞ്ഞ് എങ്ങോട്ടേക്ക് പോയിമറഞ്ഞ്, ഒരു വിവരവുമില്ലാതിരിക്കുകയും ചെയ്ത സോമന്റേത് മറ്റൊരു ജന്മവും.
പെരുന്നാള്‍ ഓര്‍മ്മയാണ്. ഒരു മാസം നോമ്പെടുത്തതിന്റെ ഓര്‍മ്മ. ഒരുപാടുകാലം ജീവിച്ചതിന്റെ ഓര്‍മ.


പുടവ വനിതാ മാസിക സെപ്തംബര്‍ 2011

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍