ഞാനും നിങ്ങളുമല്ല, നമ്മളാണ് ഓണം


സിനിമാ താരവും സംവിധായകനും കഥാകൃത്തുമായ മധുപാല്‍ ഓണത്തെ കാണുന്നത് വേറൊരു തലത്തിലാണ്. മിത്തും ജീവിതവും യാഥാര്‍ഥ്യവും ചരിത്രവും കാഴ്ചപ്പാടുകളുമൊക്കെ കൂടിക്കുഴഞ്ഞ് ബൗധികതലത്തിലും ആത്മീയതലത്തിലും മധുപാല്‍ ഓണത്തെ കാണുന്നു.

? ഓണക്കാലത്തേയും സാഹിത്യത്തേയും എങ്ങനെയാണ് കാണുന്നത്?
മലയാളത്തില്‍ സാഹിത്യം പുഷ്ടിപ്പെടുന്ന സമയമാണ് ഓണക്കാലം. വാര്‍ഷികപ്പതിപ്പുകള്‍, ഓണപ്പതിപ്പുകള്‍... ആ രീതിയില്‍ എല്ലാ അച്ചടി മാധ്യമങ്ങളും തങ്ങളുടെ പതിപ്പുകള്‍ ഇറക്കാറുണ്ട്. സാഹിത്യത്തില്‍ ഓണമുള്ളതുപോലെ ഓണത്തിന് സാഹിത്യവുമുണ്ട്. കഥകളിലും കവിതകളിലുമൊക്കെ നിരവധി തവണ എഴുതപ്പെട്ട ആഘോഷമാണ് ഓണക്കാലം.

? ഓണം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?
ഓണം എഴുത്തിനെ സ്വാധീനിക്കുന്ന രീതി ഉണ്ടായിട്ടില്ല. ഓണപ്പതിപ്പുകളിലോ വാര്‍ഷികപ്പതിപ്പുകളിലോ കഥ എഴുതുക എന്നത് എന്റെ രീതിയല്ല. എനിക്ക് കിട്ടുന്ന സമത്ത് എഴുതിവെച്ചവ കൊടുക്കുന്നു എന്നുമാത്രം. നേരത്തെ എഴുതിവെച്ചവ ഓണക്കാലത്തെ വാര്‍ഷികപ്പതിപ്പുകളിലും മറ്റും കൊടുക്കുന്നു എന്നുമാത്രമേയുള്ളു. ഓണക്കാലത്തേക്ക് വേണ്ടിയോ വാര്‍ഷികപ്പതിപ്പുകള്‍ക്കു വേണ്ടിയോ ആവശ്യപ്പെട്ടാല്‍ പെട്ടെന്ന് എഴുതിക്കൊടുക്കുക എന്ന പ്രവണതയില്ല. വര്‍ഷത്തില്‍ മൂന്ന് കഥകളെങ്കിലും എഴുതാന്‍ കഴിഞ്ഞാല്‍ ഭാഗ്യമായി എന്നാണ് ഞാന്‍ കരുതുന്നത്. ഈ വര്‍ഷം അങ്ങനെ മൂന്ന് കഥകള്‍ എഴുതിക്കഴിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കേരളകൗമുദിയുടേയും വര്‍ത്തമാനത്തിന്റേയും ഓണപ്പതിപ്പുകളിലും കഥകള്‍ നല്കി. ഓണം കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ. കാര്‍ഷിക വിളയുടെ രീതിയില്‍ ജൈവപരമായും സ്വാധീനിക്കുന്നുണ്ടാകാം. നമ്മെകൊണ്ട് സാധിക്കുന്ന കാര്യം വിത്തിടുക എന്നുള്ളതാണ്.

? സിനിമ, യാത്ര തുടങ്ങിയ തിരക്കുകള്‍ക്കിടയില്‍ എങ്ങനെയാണ് കഥയെഴുത്ത് നടക്കുന്നത്?
തിരക്കിന്റെ കാലത്ത് കഥയെഴുതുക എന്നതല്ല രീതി. യാത്രകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയൊക്കെയായി മുമ്പോട്ട് പോകുമ്പോഴും നമ്മുടെ മനസ്സില്‍ തോന്നുന്ന ആശയം കടലാസിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.

? ചെറുപ്പത്തിലെ ഓണം എങ്ങനെയായിരുന്നു?
പാലക്കാടായിരുന്നു എന്റെ ചെറുപ്പകാലം. അവിടെ പൂക്കളിറുത്തും പൂക്കളമിട്ടുമുള്ളതുമായിരുന്നു. ഇപ്പോള്‍ പതിനഞ്ച് വയസ്സായ കുട്ടികള്‍ മുതലാണ് ഓണം നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ടാകുക. ഗുണ്ടല്‍പേട്ടിലേയും പൊള്ളാച്ചിയിലേയും നാഗര്‍കോവിലിലേയും പൂക്കളാണ് അവരുടെ ഓണത്തിന് കളമൊരുക്കാനിടുന്നത്. തുമ്പയും കാശിത്തുമ്പയുമൊക്കെ ഉള്‍പ്പെടെയുള്ളവ ധാരാളമായി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. ഇപ്പോള്‍ ഓണപ്പൂക്കളമൊരുക്കാനായി മണലിന് പോലും നിറം കൊടുക്കുന്നതു പോലും കാണുന്നുണ്ട്. പൂക്കളത്തില്‍ പൂക്കള്‍ എന്ന സങ്കല്‍പം തന്നെ നഷ്ടപ്പെട്ട ബാലികാ ബാലന്മാരുടെ ഓണക്കാലമാണിത്. റെഡിമെയ്ഡില്‍ പ്ലാസ്റ്റിക് പൂക്കളത്തിലെ ഡിസൈനിലെ ഷേഡുകളില്‍ പൂക്കളും കളര്‍ മണലും നിരത്തലാണ് ഇപ്പോഴത്തെ ഓണം.
മൊത്തം ഒറ്റപ്പട്ടണമായ കേരളത്തില്‍ ഫ്‌ളാറ്റുകളില്‍ നിലം ശരിയാക്കാനോ ചാണകം മെഴുകാനോ കഴിയില്ലല്ലോ. മണ്ണില്ലാതായതോടെ മുറ്റവുമില്ലല്ലോ. പൂക്കള്‍ പറിച്ച് ഓണപ്പൂക്കളമിട്ടിരുന്നു എന്നതൊക്കെ നൊസ്റ്റാള്‍ജിക് സംഭവങ്ങളായി മാറി. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോയാല്‍ ഈയൊരുവസ്ഥ ഇപ്പോള്‍ കാണാന്‍ കഴിയുമായിരിക്കും. അത്തരമൊരു വല്ലാത്ത കാലത്തിലൂടെ പോകുമ്പോള്‍ ഓണം നമ്മള്‍ നൊസ്റ്റാള്‍ജിക്ക് സംഭവമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ ജനതയോട് നമ്മള്‍ ഇങ്ങനെയൊരു കാലമുണ്ടായിരുന്നു എന്നുപറയുകയാണ് ചെയ്യുക. ഓണം ഒരു കഥപോലെ ആക്കി അതിനെ മിത്താക്കി മാറ്റി, ആ മിത്തിനെ തന്നെ നമ്മള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. നമുക്ക് മണ്ണുമായും പ്രകൃതിയുമായുള്ള അടുപ്പം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മള്‍ പഴയ കാലത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല എന്നതാണ് വാസ്തവം. ഓണം എന്ന സങ്കല്‍പം വളരെ രസകരമായതാണ്. നമ്മളെല്ലാം ഒരു ത്രിത്വത്തിന്റെ ഭാഗമാണ്.

? എങ്ങനെയാണ് ത്രിത്വവുമായി ബന്ധപ്പെടുന്നത്?
ത്രിത്വം സങ്കല്‍പം ഓണവുമായി ബന്ധപ്പെടുന്നുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരം, മൂന്നടി മണ്ണ്... ബ്രഹ്മ, വിഷ്ണു മഹേശ്വരന്‍...
ഓണം ശരിക്കു പറഞ്ഞാല്‍ മിത്തിന്റെ ഭാഗമാണ്. ബൗധിക തലത്തില്‍ ആലോചിക്കുമ്പോള്‍ മഹാബലി എന്ന സങ്കല്‍പം തന്നെ വലിയ സംഭവമാണ്. നമ്മുടെ കാലത്ത് മഹാത്മാ ഗാന്ധി രാമരാജ്യം സങ്കല്‍പം ഉണ്ടാക്കിയിട്ടുണ്ട്. ഉള്‍ക്കാഴ്ചയുടെ ഭൗതിക പുരോഗതിയാണ് ഭാരതം ലക്ഷ്യമാക്കേണ്ടത്.
ദശാവതാരം സങ്കല്‍പത്തില്‍ മഹാബലിയുടെ അവതാരം കഴിഞ്ഞാണ് രാമന്റെ അവതാരമുണ്ടാകുന്നത്. ദശാവതാരത്തില്‍ വാമനന്‍ സൂക്ഷ്മതയുടെ പ്രതീകമാണ്. താണു നില്‍ക്കാന്‍ പഠിപ്പിച്ചതിന്റെ പ്രകടമായ ഏറ്റവും വലിയ ഭാവം. കുഞ്ഞുണ്ണിയുടെ കവിത പോലെ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നരീതി. പൊക്കമില്ലായ്മയുടെ പൊക്കം അളക്കാന്‍ പറ്റുന്ന വലിയ ആഘോഷത്തിന്റെ ഭാഗമാണ്. മഹാഭാരതത്തില്‍ ഏറ്റവും വലിയ ദാനശീലന്‍ കര്‍ണനാണ്. എന്നാല്‍ അതിനു മുമ്പാണ് മഹാബലി കടന്നു വരുന്നത്.
മൂന്നടി മണ്ണാണ് വാമനന്‍ ചോദിച്ചത്. ഒരടി ജനിക്കാനും ഒരടി ഇരിക്കാനും ഒരടി മരിക്കാനും. ഇതാണ് അടിസ്ഥാനം. നമ്മുടെ ജീവിതത്തില്‍ മണ്ണില്ലാത്തവര്‍ക്ക് ഇത് ശരിക്കും മനസ്സിലാകും. അവന് ജനിക്കാനും ജീവിക്കാനും മരിക്കാനും ഇടമില്ലെന്നതാണ് അവസ്ഥ. പ്രസവിക്കാന്‍ മാത്രമല്ല, ശവം മറവ് ചെയ്യാനും നമുക്ക് സ്ഥലം വേണം. ഏറ്റവും പ്രാചീനമായ സംസ്‌ക്കാരത്തിന്റെ ഭാഗമാണത്. മണ്ണില്‍ നിന്ന് ജനിക്കുന്ന ജീവികള്‍ മണ്ണിലേക്ക് തന്നെ മടങ്ങുന്ന അവസ്ഥ.
സമ്പത്തിന്റെ അധികാരം പോലും ഇല്ലാതാക്കാനാണ് ഒരു കുറുകിയ മനുഷ്യന്‍ ശ്രമിച്ചത്. തന്റെ സമ്പത്തുകൊണ്ട് അഹങ്കാരം ശമിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മഹാബലി സ്വന്തം തല കുനിച്ചു കൊടുത്തത്. മഹാബലി എന്നത് ആത്മബലി തന്നെയായി മാറുകയാണ്. ഇതില്‍ വളരെ രസകരമായി മനസ്സിലാക്കേണ്ട കാര്യമുണ്ട്. വാമനന്റെ വലിപ്പം നോക്കുമ്പോള്‍ ഇന്നത്തെ നമ്മുടെ ഭരണാധികാരികളുടെ മാനസിക വലുപ്പം നോക്കണം. സ്വന്തം ശരീരം പോലും, പറഞ്ഞ വാക്ക് സത്യസന്ധമാക്കാന്‍ അര്‍പ്പിക്കുന്ന ഒരു ശരീരമാണത്.
ദശാവതാരത്തിലെ പരശുരാമ കഥയ്ക്ക് മുമ്പാണ് വാമനന്‍ കടന്നു വരുന്നത്. അപ്പോള്‍ കേരളോത്പത്തി എന്നത് എങ്ങനെയാണെന്ന് ചിന്തിക്കേണ്ടി വരും. ഒരു കെട്ടുകഥയേക്കാള്‍ ഉപരി രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകളിലെ കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇടങ്ങള്‍ ഉണ്ട്.
മണ്ണും മനുഷ്യനുമായി ബന്ധപ്പെട്ടതാണ് ഓണക്കഥ. ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലേക്കാണ് ഈ കഥ പോകുന്നത്. മഹാബലിയുടെ തലകുനിക്കല്‍ വേണമെങ്കില്‍ ഭൗതിക തലത്തില്‍ പരാജയമാണ്. പക്ഷേ, ശരിക്കു പറഞ്ഞാല്‍ അത് സ്വയം ഡിവൈന്‍ ആണ്. സ്വയം തിരിച്ചറിയലാണത്. മനുഷ്യന്‍, ചക്രവര്‍ത്തി, ഭൂമി എന്നിവയില്‍ നിന്നുള്ള മുക്തിയാണ് ഈ കഥ. മൂര്‍ത്തവും സൂക്ഷ്മവുമായ അവസ്ഥയാണ് ഈ കഥ പ്രദാനം ചെയ്യുന്നത്. വരുന്ന തലമുറകളിലേക്ക് ഇത്തരം അനുഷ്ഠാനങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നത് പോലെ പറയുന്നില്ല. പുതിയ തലമുറയ്ക്ക് വിവരങ്ങള്‍ ആര്‍ജ്ജിക്കാന്‍ വകുപ്പുകള്‍ ധാരാളമുണ്ടായിട്ടു പോലും പറയാന്‍ കഴിയുന്നില്ല. ഗൂഗ്‌ളില്‍ കയറി വെറുതെ ഒരക്ഷരം അടിക്കുമ്പോള്‍ ഒരു നൂറായിരം കാര്യങ്ങള്‍ വരും. അക്ഷരങ്ങളുടെ സങ്കലനങ്ങളില്‍ നിന്നുകൊണ്ട് ഒരായിരം കാര്യങ്ങള്‍ വരുമ്പോള്‍ ഏതാണ് വേണ്ടതെന്ന് എന്ന് തിരിച്ചറിയാനുള്ള കാര്യം അവര്‍ക്ക് കിട്ടുന്നുണ്ടാകും. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണം എന്ന അറിവ് ആര്‍ജ്ജിക്കേണ്ടതുണ്ട്.
ജീവിക്കുന്ന മണ്ണും ആകാശവും നമ്മള്‍ കാണുന്നു. ഇതിനിടയ്ക്കുള്ള ജീവിതവും നമ്മള്‍ കാണുന്നുണ്ട്.
നമ്മുടെ അറിവിനും അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമം നടത്തുന്നില്ല. പണ്ട് എല്ലാ കാര്യങ്ങളേ കുറിച്ചും അറിയാമായിരുന്നു. ഇന്നാല്‍ ഇന്ന് സ്‌പെഷ്യലൈസ്ഡ് ആകുകയാണ്. പൂര്‍വ്വികര്‍ക്ക് മഴയേയും വെയിലിനേയും വെയിലിന്റെ ചൂടിനേയും കുറിച്ച് അറിയാമായിരുന്നു. വൃഷ്ടിയേയും അതിവൃഷ്ടിയേയും കുറിച്ച് അറിയാം. എന്നാല്‍ ഇന്ന് ഇതൊന്നും വിശാലമായി അറിയില്ല. പണ്ടു കാലത്ത് കിണറിന് സ്ഥാനം നിര്‍ണയിക്കുന്നവര്‍ ഇവിടെ കുഴിച്ചാല്‍ വെള്ളമുണ്ടാകും എന്ന അവസ്ഥ അവന്‍ എങ്ങനെയാണ് കണ്ടെത്തിയതും മനസ്സിലാക്കിയതും. മറ്റുള്ളവര്‍ക്കില്ലാത്ത ദൈവികത്വമുള്ള ആളുകളാണ് എല്ലാവരും. അത് നമ്മള്‍ ഈശ്വരന്റെ, പടച്ചവന്റെ ആളുകള്‍ ആയതുകൊണ്ട്. പടച്ചവന്‍ എന്നാല്‍ സൃഷ്ടിച്ചവന്‍ എന്നുതന്നെയാണ് അര്‍ഥം.
അത് മനസ്സിലാക്കി കഴിഞ്ഞാല്‍ നമ്മുടെ കഴിവുകള്‍ മനസ്സിലാകും. സൃഷ്ടി, സ്ഥിതി, സംഹാരം എന്നതുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. എന്റെ മനസ്സിലുള്ളത് എഴുതി കടലാക്കി അത് അച്ചടിച്ച് മറ്റൊരാള്‍ വായിക്കുമ്പോള്‍ അയാളുടെ മനസ്സിലാണ് മറ്റൊരു നിര്‍മാണം നടക്കുന്നത്.
ഒന്നിനെ ചവിട്ടിത്താഴ്ത്തമ്പോള്‍ അത് ഇല്ലാതാകുന്നു എന്നല്ല, അത് മടങ്ങി വരുന്നു എന്നാണ് കാണാന്‍ കഴിയുക. ഒരു വര വരക്കുമ്പോള്‍ അത് അവിടെ തീരുന്നില്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇന്ത്യന്‍ പുരാണത്തിലെ അസുരന്മാര്‍ എന്നത് ബാബിലോണിയക്കാരായാരിക്കാം. അവിടുത്തെ അസീറിയക്കാരെയാണ് അസുരന്മാര്‍ എന്ന് വിളിക്കുന്നത്. അസീറിയയില്‍ വ്യാപകമായി ഉള്ള പേരാണ് ബലി എന്നത്. ശരിക്കും പറഞ്ഞാല്‍ കൃഷി ഭൂമി തേടി നടത്തിയ അയനങ്ങളാണ് ഈ കഥകളൊക്കെ. യാത്രകള്‍ക്കകത്ത് ഉണ്ടാകുന്ന കഥകള്‍, ഒരിടത്ത് നടന്നതോ വേറെ ഒരിടത്ത് സംഭവിച്ചതോ ആയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ബൗധിക പാഥേയങ്ങളാണ് ഓണത്തിന്റേത് ഉള്‍പ്പെടെയുള്ള കഥകള്‍.
ലോകത്തിന്റെ കഥകള്‍ തന്നെയാണ് ഓണത്തിന്റേയും കഥകള്‍. ഞാന്‍ എന്ന് പറയുന്നതിനപ്പുറം അതിന്റെ പരമപ്രധാനമായ വളര്‍ച്ചയായ നമ്മള്‍ എന്ന നിലക്കാണ്. നമ്മള്‍ എന്ന രീതിയിലാണ് ഓണത്തെ കാണേണ്ടത്. ഞാനും നിങ്ങളുമല്ല നമ്മളാണ് ഓണ സങ്കല്‍പ്പത്തിന്റെ കാതല്‍. ഞാനും നീയും വിട്ട് നമ്മളിലേക്ക് മാറിയാല്‍ ഓണമെന്ന സത്യം പ്രാവര്‍ത്തികമാണ്.

? ബാല്യത്തിന്റെ ഓണം പോലെ കൗമാരം/ കോളെജ്?
ഓരോ പ്രാവശ്യവും ഞാന്‍ സ്വയം എന്നെതന്നെ രൂപപ്പെടുത്തി എടുക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവസ്ഥകളില്‍ നിന്നാണ്. പാലക്കാട്ടെ പറളി പോലുള്ള പ്രദേശത്ത് പൂവിറുക്കാന്‍ പോയതും പൂവിട്ടതും എന്നതിനപ്പുറം ഓണക്കാലം എനിക്ക് കൂടുതല്‍ സന്തോഷം തരുന്നത് കൂടുതല്‍ സിനിമകള്‍ റിലീസാകുന്ന കാലമാണ് എന്നതാണ്. സിനിമ കാണുന്നത് ശ്വാസം കഴിക്കുന്നതു പോലെയുള്ള പ്രവര്‍ത്തിയായതിനാല്‍ സിനിമാ റിലീസ് എനിക്ക് ആഹ്ലാദം പകരുന്നു. ദിവസവും ഓരോ സിനിമയെങ്കിലും ഞാന്‍ കാണാറുണ്ട്. ഒരു ദിവസം മൂന്ന് പുതിയ സിനിമകളൊക്കെ കാണാന്‍ കഴിയുന്ന കാലമാണ് ഓണക്കാലം. വിഷുവിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യുക ഓണത്തിനാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ തലപ്പാവ് റിലീസ് ചെയ്തതും 2008ലെ ഓണത്തിനായിരുന്നു. അതും ഭയങ്കര സന്തോഷമാണ്.
വായിക്കാനും സിനിമ കാണാനുമുള്ള കാലം കൂടിയാണ് ഓണം.
ഇറങ്ങുന്ന എല്ലാ ഓണപ്പതിപ്പുകളിലും കഥ എഴുതുന്ന കഥാകൃത്തുക്കളെ എനിക്കറിയാം. അങ്ങനെ എഴുതാന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണ്. നൂറുമേനി വിളയിച്ച കര്‍ഷകനാണവന്‍. അവനാണ് കര്‍ഷകശ്രീ അവാര്‍ഡ് കൊടുക്കേണ്ടത്.

? മധുപാല്‍ എന്ന ചലച്ചിത്രതാരത്തിന്റെ ഈ വര്‍ഷത്തെ ഓണം എങ്ങനെയാണ്?
ഈ വര്‍ഷത്തെ ഓണത്തിന് ആഘോഷങ്ങളില്ല. ഭാര്യയുടെ അമ്മ മരിച്ചിട്ട് ഒരു മാസം ആകുന്നേയുള്ളു. എങ്കിലും ഇന്ത്യാ വിഷനില്‍ ഓണവില്ല് എന്ന ഒരു പരിപാടി ഞാന്‍ ആങ്കര്‍ ചെയ്യുന്നുണ്ട്. ഓണനാളുകളില്‍ ചിലപ്പോള്‍ ഞാനൊരു ടെലിവിഷന്‍ സിനിമയുടെ സംവിധാനത്തിലായിരിക്കും.

വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
04-09-2011

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍