Monday, September 26, 2011

നോമ്പിലേക്കും പെരുന്നാളിലേക്കും കൈവിരലെണ്ണിയ മനുഷ്യന്‍


പെരുന്നാളിന്റെ ഓര്‍മ്മകള്‍ ചെന്നുമുട്ടുന്നത് രണ്ടാളുകളിലാണ്. ഒന്ന് ആബൂട്ടിക്ക. രണ്ടാമത്തേക്ക് സുബൈര്‍ക്ക.
നാരാങ്ങാപ്പുറം പള്ളിയിലെ കിണറ്റില്‍ നിന്നും ഹൗളിലേക്ക് വെള്ളം കോരി ഒഴിച്ചും വീടുകളില്‍ സാധനങ്ങള്‍ വാങ്ങിക്കൊടുത്തും ജീവിച്ചിരുന്ന ആളായിരുന്നു ആബൂട്ടിക്ക. സുബൈര്‍ക്കയാകട്ടെ നാരങ്ങാപ്പുറം പള്ളിയില്‍ ബാങ്ക് കൊടുത്തിരുന്നയാളും. രണ്ടുപേരും മരിച്ചുപോയി. ഏതുബാങ്ക് കേട്ടാലും അതിന്റെ ഓര്‍മ്മകള്‍ എത്തിച്ചേരുക കൊറ്റിയത്തെ സുബൈര്‍ക്കയിലാണ്. എല്ലാ പെരുന്നാളിന്റേയും ഓര്‍മ്മകള്‍ക്കിടയില്‍ ആബൂട്ടിക്കയും കടന്നുവരും. പെരുന്നാള്‍ ഓര്‍മ്മകളുടെ നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറം മങ്ങിയ കാഴ്ചകള്‍ പോലെയോ നൊമ്പരപ്പെടുത്തുന്ന ചിന്തകള്‍ പോലെയോ രണ്ടു ചിത്രങ്ങള്‍....

മാനത്ത് ശവ്വാലമ്പിളി പിറക്കുന്നതിനും എത്രയോ ദിവസങ്ങള്‍ക്കു മുമ്പുതന്നെ മനസ്സില്‍ പെരുന്നാള്‍ പിറ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. നോമ്പിന്റെ അവസാന പത്തിലാണ് തിരക്കോടുതിരക്കുണ്ടാകുക. ഞങ്ങള്‍ കുട്ടികള്‍ കൈവിരലില്‍ എണ്ണിത്തുടങ്ങും. പത്ത്, ഒന്‍പത്, എട്ട്, ഏഴ്...... ഇരുപത്തിയൊന്‍പാതമത്തെ നോമ്പിലൊരു കണ്‍ഫ്യൂഷന്‍ കടന്നുകയറും. പെരുന്നാള്‍ നാളെയാകുമോ മറ്റന്നാളായിരിക്കുമോ... മാസം കാണാന്‍ പോകുന്നവര്‍ക്ക് ഇരുപത്തിയൊന്‍പതാം നോമ്പിനു തന്നെ കണ്ടാലെന്താ? മുപ്പതു നോമ്പിന്റെ പെരുന്നാളിനേക്കാള്‍ ആവേശം ഇരുപത്തിയൊന്‍പത് കഴിഞ്ഞുവരുന്ന പെരുന്നാളിനാണ്. സകല നാടകീയതകളും നിറഞ്ഞ മാസം കാണലും അതുകഴിഞ്ഞുള്ള പ്രഖ്യാപനങ്ങളുമൊക്കെ എത്തുമ്പോഴേക്കും നേരം പാതിരയോടടുക്കും. സമയം വല്ലാതെയങ്ങ് പുരോഗമിക്കുമ്പോള്‍, എന്നാല്‍ നോമ്പ് മുപ്പതുതന്നെയാവട്ടെയെന്ന് മനസ്സില്‍ പറയും. അപ്പോഴായിരിക്കും ഏതെങ്കിലുമൊരു 'കൂട്ടായി'യിലോ 'ബേപ്പൂരി'ലോ മാസം കണ്ടെന്ന വിവരം വരിക. അക്കാലത്ത്, കൂട്ടായിയും ബേപ്പൂരുമൊക്കെ, ഞങ്ങള്‍ കുട്ടികള്‍ക്ക് അമേരിക്കയേക്കാള്‍ ദൂരത്തുള്ള ദേശങ്ങളായിരുന്നു.
പെരുന്നാള്‍ തലേന്ന് 'മോന്തി'ക്കാണ് ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ പുതിയ കുപ്പായത്തെ കുറിച്ച് തര്‍ക്കം നടത്തുക. എന്റേത് നല്ലതെന്ന ഓരോരുത്തരുടേയും വാശിയും മത്സരവും. നാളെ ഇടുമ്പോള്‍ കാണാല്ലോയെന്ന വെല്ലുവിളി.... ഒന്നോ രണ്ടോ പെരുന്നാളുകള്‍ക്ക് മാത്രം പുതിയ കുപ്പായമെടുക്കുന്ന കാലമായിരുന്നല്ലോ അത്. ചിലപ്പോള്‍ ചെറിയ പെരുന്നാളിനെടുത്ത വസ്ത്രം അലക്കി മടക്കി അടുത്ത പെരുന്നാളിനേക്ക് കാത്തുവെക്കും.

പെരുന്നാള്‍ തലേന്ന് നാരങ്ങാപ്പുറം പള്ളിയില്‍ നിന്നും മഗ്‌രിബ് ബാങ്ക് കൊടുക്കുന്നത് കേള്‍ക്കുമ്പോള്‍ കൊറ്റിയത്തെ സുബൈര്‍ക്കാനോട് പ്രത്യേകമൊരു സ്‌നേഹം തോന്നും. ആ ബാങ്കിന് വല്ലാത്തൊരു മധുരമാണ്. അവസാനത്തെ നോമ്പ് തുറക്കാനുള്ള ഈത്തപ്പഴത്തേക്കാളും നാരങ്ങവെള്ളത്തേക്കാളും ഒരിത്തിരി കൂടുതല്‍ മധുരം. നാരങ്ങാപ്പുറം പള്ളിയിലെ ഹൗളിലെ വെള്ളത്തിന് അന്ന് തണുപ്പ് കൂടുതലായിരിക്കും. കുട്ടിക്കാലത്തിന്റെ ആഹ്ലാദപ്പെരുന്നാളിന്റെ സുഖമുള്ള തണുപ്പ്. കാലിന് അസുഖമുള്ള സുബൈര്‍ക്ക വലിയ ടോര്‍ച്ചും കൈയിലെടുത്ത് മുടന്തി നടക്കുന്നത് വര്‍ഷങ്ങളെത്രയോ കഴിഞ്ഞിട്ടും കണ്‍മുമ്പിലുണ്ട്.

ഞങ്ങള്‍ കുട്ടികള്‍ നോമ്പിന്റെ അവസാന പത്തിലാണ് പെരുന്നാളിലേക്കുള്ള ദൂരം കണക്കുകൂട്ടുന്നതെങ്കില്‍ വലിയ പെരുന്നാളിന്റെ പിറ്റേന്നു മുതല്‍ അടുത്ത നോമ്പിലേക്കും ചെറിയ പെരുന്നാളിലേക്കുമുള്ളദിവസങ്ങള്‍ എണ്ണിത്തുടങ്ങുന്ന മനുഷ്യനായിരുന്നു ആബൂട്ടിക്ക. പെരുന്നാളുകളൊന്നും ആ മനുഷ്യന്റെ ജീവിതത്തില്‍ ആഘോഷത്തിന്റെ മത്താപ്പുകള്‍ കത്തിച്ചിട്ടുണ്ടാവില്ല. എന്നാലും അയാള്‍ എണ്ണിത്തീര്‍ക്കും. ദുല്‍ഹജ്ജ് 11 മുതല്‍ എണ്ണം തുടങ്ങും. മുഹര്‍റത്തിന് ഇനി ഇത്ര ദിവസം, സഫര്‍, റബീഉല്‍ അവ്വല്‍....... റജബ്, ശഅബാന്‍, പിന്നെ റമദാന്‍, അതിനു പിന്നില്‍ ശവ്വാല്‍.... ചെറിയ പെരുന്നാളിന്റെ പിറ്റേന്ന്, ശവ്വാല്‍ രണ്ടിന് തുടങ്ങും ദുല്‍ഖഅദിലേക്കും ദുല്‍ഹജ്ജ് പത്തിലേക്കുമുള്ള ദിവസങ്ങള്‍ എണ്ണിയെടുക്കാന്‍....
ഒരു പെരുന്നാളില്‍ നിന്ന് മറ്റൊരു പെരുന്നാളിലേക്കുള്ള ദിവസങ്ങളായിരുന്നു ആബൂട്ടിക്കയുടെ ജീവിതം. ഒരു നോമ്പില്‍ നിന്നും അടുത്ത വര്‍ഷത്തെ റമദാനിലേക്കായിരുന്നു ആ മനുഷ്യന്‍ ജീവിച്ചിരുന്നത്. ഓരോ ദിവസവും അയാള്‍ അടുത്ത നോമ്പിലേക്കും പെരുന്നാളിലേക്കുമുള്ള നാളുകള്‍ എണ്ണിക്കുറക്കും.

അറിയാന്‍ വഴിയില്ല, ഈ മനുഷ്യനെ. ഒരു ചരിത്രത്തിലും ഇത്തരക്കാരായ ആളുകളെ രേഖപ്പെടുത്താറില്ല. ചരിത്രം 'മഹാന്മാരുടേത്' മാത്രമാണല്ലോ. തടിച്ച പ്രകൃതം, ഓരോ കൈകാലുകള്‍ മന്തുരോഗം വന്ന് വീര്‍ത്തത്, മൊട്ടയടിച്ച തല, ഏറെ ഉച്ചത്തിലുള്ള സംസാരം, വെളുത്ത നിറത്തിലുള്ള മുണ്ടിന്റേയും ഷര്‍ട്ടിന്റേയും മുഷിഞ്ഞ രൂപം, ഒന്നിനു മുകളില്‍ ഒന്നായി രണ്ടോ മൂന്നോ കുപ്പായങ്ങള്‍ ധരിച്ചിട്ടുണ്ടാകും, തലയില്‍ക്കെട്ട്... ഇത്രയുമായാല്‍ ആബൂട്ടിക്കയുടെ രൂപമായി- കാക്കാറമ്പത്ത് ആബൂട്ടിയായി.
പണ്ടേതോ കാലത്ത്, എല്ലാ പള്ളികളിലേയും പോലെ, നാരങ്ങാപ്പുറം പള്ളിയിലും കിണറ്റില്‍ നിന്നും വെള്ളം കോരി ഹൗളില്‍ നിറക്കുന്ന കാലം. അന്ന്, വിശ്വാസികളായ വിശ്വാസികള്‍ മുഴുവനും നമസ്‌ക്കരിക്കാനായി അംഗശുദ്ധി വരുത്തിയിരുന്നത് ആബൂട്ടിക്ക കിണറ്റില്‍ നിന്നും കോരി പാത്തി വഴി ഒഴുക്കിവിട്ട വെള്ളത്തിലായിരുന്നു. പാറകൊണ്ട് താഴ്ത്തിക്കെട്ടിയ ഹൗളിലെ വെള്ളത്തിന് വല്ലാത്ത തണുപ്പായിരിക്കും. വയ്യാത്ത കൈയ്യും കാലും കൊണ്ട് അയാള്‍ കോരിയൊഴിച്ച വെള്ളത്തിന് കണക്കുണ്ടായിരിക്കില്ല.

പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ 'സ്മാരകശിലകളില്‍' ഇതുപോലൊരു കഥാപാത്രമുണ്ട്. ഏത്തം വലിച്ച് ഹൗളിലേക്ക് വെള്ളം കോരി ഒഴിക്കുന്ന മനുഷ്യന്‍- എറമുള്ളാന്‍.

കാലം മാറി. കിണറ്റില്‍ നിന്നും മോട്ടോര്‍ വഴി വെള്ളം ഹൗളിലേക്ക് പമ്പ് ചെയ്തു തുടങ്ങി. ഹൗളിന്റെ രൂപവും മാറി. പാറകൊണ്ട് താഴ്ത്തിക്കെട്ടിയിരുന്ന ഹൗള്‍ നികത്തി കല്ലുകൊണ്ട് ഉയര്‍ത്തിക്കെട്ടി വെള്ളം തടഞ്ഞിട്ടു. അക്കാലമായതോടെ ആബൂട്ടിക്കയുടെ വെള്ളം കോരലും നിന്നു. അക്കാലത്തായിരിക്കണം അയാള്‍ വീടുകളില്‍ സാധനങ്ങള്‍ വാങ്ങിക്കൊടുത്ത് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തിയത്.
അന്ന്, തറവാട്ടില്‍ അന്‍പതോളം പേരാണ് താമസിച്ചിരുന്നത്. തറവാടിന്റെ അകത്തളങ്ങളില്‍ ഇരുട്ട് കനം തൂങ്ങി നിന്നിരുന്നു. എട്ട് മാസം മുമ്പ് പൊളിക്കുമ്പോഴും, പൂട്ടിയിട്ട തറവാട്ടുവീട്ടിനകത്തെ മുറികളില്‍ ഇരുട്ട് കൂടുകൂട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇളക്കിയെടുത്ത ഓടിന്റേയും കല്ലിന്റേയും വിടവിലൂടെ വെളിച്ചം കടന്നാക്രമണം നടത്തിയപ്പോഴാണ് തറവാട് ശൂന്യസ്ഥലിയിലേക്ക് അപ്രത്യക്ഷമായിപ്പോയത്. ഇന്നിപ്പോള്‍ നിരപ്പായ സ്ഥലത്ത് വലിയൊരു വീടിന്റെ അസ്ഥികൂടം മാത്രം.
ഒരേക്കറോളം സ്ഥലത്ത് വിശാലമായിക്കിടന്നിരുന്നു ഞങ്ങളുടെ തറവാട്. റോഡില്‍ നിന്നും തറവാട്ടു മുറ്റത്തേക്ക് കയറാന്‍ പടിപ്പുര കടക്കണം. ഇരുവശവും വിശാലമായ രണ്ട് മുറികളുണ്ടായിരുന്നു പടിപ്പുരയ്ക്ക്. പടിപ്പുരയ്ക്കപ്പുറം വലിയ മുറ്റം. അതുകടന്നാല്‍ മുല്ലാപ്പുറമെന്ന് വിശേഷിപ്പിക്കുന്ന വരാന്ത. അവിടെ രണ്ട് ഭാഗങ്ങളില്‍ വലിയ തിണകള്‍ (ബഡാപ്പുറങ്ങള്‍). വരാന്തയിലെ ആനക്കാലുകള്‍ പോലുള്ള വലിയ തൂണുകളോട് അടുപ്പിച്ച് നീളമുള്ള രണ്ട് ചാരുബെഞ്ചുകള്‍. ബഡാപ്പുറത്തിനോടും അകം ചുമരിനോടും ചേര്‍ന്ന് പിന്നേയും രണ്ട് നീളന്‍ ബെഞ്ചുകള്‍. അതിലൊന്നിലായിരുന്നു ആബൂട്ടിക്കയുടെ കിടപ്പ്.
പ്രദേശത്തെ വീടുകളില്‍ സാധനങ്ങള്‍ വാങ്ങി വന്നു കഴിഞ്ഞാല്‍ പിന്നെ, കുറേ സമയം ബെഞ്ചിനു മുകളില്‍ കിടന്ന് കണക്കു കൂട്ടലായിരുന്നു മൂപ്പരുടെ പണി. ഈ സമയത്താണ് നോമ്പില്‍ നിന്നും നോമ്പിലേക്കും ഇന്നില്‍ നിന്നും പെരുന്നാളിലേക്കുമുള്ള ദിവസങ്ങളുടെ എണ്ണം അദ്ദേഹം കൃത്യമായി പറഞ്ഞിരുന്നത്. വിരലുകള്‍ മടക്കി മാസങ്ങളും ദിവസങ്ങളും എണ്ണുമ്പോള്‍, ഞങ്ങള്‍ കുട്ടികള്‍ കൗതുകത്തോടെ ചുറ്റും കൂടിയിരുന്നു. ലോകം 'ബൈഷ്‌ക്കോപ്പാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 'ബയോസ്‌ക്കോപ്പ്' എന്നതിനെയാണ് അദ്ദേഹം ബൈഷ്‌ക്കോപ്പെന്ന് പറഞ്ഞിരുന്നത്. ബയോസ്‌ക്കോപ്പെന്നാല്‍ സിനിമയെന്നാണ് അര്‍ഥമെന്ന് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ്, ഞങ്ങള്‍, കുട്ടികള്‍ തിരിച്ചറിഞ്ഞത്.

കാലം കറങ്ങിത്തിരിഞ്ഞ ഏതോ സമയത്താണ് ആബൂട്ടിക്കയുടെ കിടത്തം നാരങ്ങാപ്പുറം പള്ളിക്കു സമീപത്തെ യൂസുഫിയ മദ്‌റസയുടെ ചേരിയിലേക്ക് മാറിയത്. കാറ്റിലും മഴയിലും വെയിലുമെല്ലാം ആ മനുഷ്യന്‍ വല്ലാതെ കഷ്ടപ്പെട്ട് തണുത്തു വിറച്ചും വിയര്‍ത്തൊലിച്ചും അവിടെ കിടന്നു. എപ്പോഴെങ്കിലുമൊക്കെ ആരൊക്കെയോ കൊണ്ടുകൊടുക്കുന്ന ഭക്ഷണം കഴിച്ച്, പനിച്ചു വിറച്ചും കാഴ്ചയില്ലാതെയും ആരോടും പരിഭവം പറയാതെ ആയുസ്സിന്റ പുസ്തകത്തിലെ ബാക്കിയുള്ള താളുകള്‍ അയാള്‍ മറിച്ചു തീര്‍ത്തു. ഉമ്മയുടെ നിര്‍ബന്ധം തീരെ സഹിക്കാതാവുമ്പോള്‍, ചില രാത്രികളില്‍, ആബൂട്ടിക്കക്ക് ഞാനും ഭക്ഷണം എത്തിച്ചുകൊടുത്തിട്ടുണ്ട്.
എല്ലാ രാത്രികളിലും ഉമ്മ, ആബൂട്ടിക്കാക്കുള്ള ഭക്ഷണം എടുത്തുവെക്കുമെങ്കിലും അതുകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഭക്ഷണപ്പൊതി കൊണ്ടുകൊടുക്കാന്‍ ഉമ്മ എത്രയോ തവണ എന്നോട് കെഞ്ചി പറഞ്ഞിട്ടുണ്ട്, വിശക്കുന്നവന് ഭക്ഷണം എത്തിച്ചുകൊടുക്കേണ്ടതിന്റെ കടമ പറഞ്ഞു തന്നിട്ടുണ്ട്, അതിന്റെ പുണ്യം പറഞ്ഞിട്ടുണ്ട്!! പട്ടിണിയുടെ അവസ്ഥ അറിയാത്തതു കൊണ്ടായിരിക്കണം, അക്കാലത്ത്, ഉമ്മ പറഞ്ഞത് പല ദിസവങ്ങളിലും ഞാന്‍ അനുസരിച്ചതേ ഇല്ലായിരുന്നു. രാത്രികാലങ്ങളില്‍ നാരങ്ങാപ്പുറം മദ്‌റസയ്ക്കടുത്ത് തമ്പടിക്കുന്ന 'പിരാന്തന്‍ മൊയ്തു'വിനേയും എനിക്ക് പേടിയായിരുന്നു. ഉമ്മയോട് അനുസരണക്കേട് കാണിച്ചതിന് ഒരു കാരണം മൊയ്തുക്ക അവിടെയുണ്ടാകുമെന്ന പേടി തന്നെയാണ്. ഭക്ഷണെപ്പാതിയുമായി ഞാന്‍ പോകില്ലെന്ന് തോന്നുന്ന ചില രാത്രികളില്‍, അനിയനെ പറഞ്ഞയിച്ചിരുന്നു ഉമ്മ. അവന്‍ തീരെ ചെറുതായിരുന്നതുകൊണ്ടും വഴിയിലെവിടേയും വെളിച്ചമില്ലാത്തതുകൊണ്ടും അവനെ ഒറ്റയ്ക്ക് അയക്കാന്‍ ഉമ്മയ്ക്ക് പേടിയായിരുന്നു. പിരാന്തന്‍ മൊയ്തുക്കാനെ അവനും പേടിച്ചിരുന്നു. ഞങ്ങളിലാരെങ്കിലും, ഭക്ഷണപ്പൊതിയുമായി പോകാതിരുന്ന രാത്രികളിലെല്ലാം, അതുകാത്തുകിടന്ന് ആബൂട്ടിക്ക വിശന്ന വയറോടെ നേരം വെളുപ്പിച്ചിട്ടുണ്ടാകും. ഇശാ ബാങ്കില്‍ നിന്നു സുബ്ഹി ബാങ്കിലേക്കുള്ള ദൂരം അളന്നെടുത്തിട്ടുണ്ടാകും.
അക്കാലത്തെ കുട്ടികള്‍, ഞങ്ങള്‍, കുറച്ചു മുതിര്‍ന്നപ്പോഴത്തെ ഒരു ബലി പെരുന്നാള്‍ രാത്രിയാണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആബൂട്ടിക്ക മരണത്തിന്റെ തണുപ്പിലേക്ക് നടന്നു പോയത്. ഓരോ പെരുന്നാളിനെ കുറിച്ചും ആ മനുഷ്യന്‍ കണക്കുകള്‍ കൂട്ടിയിടുമ്പോള്‍ തന്റെ മരണ തിയ്യതിയാണ് രേഖപ്പെടുത്തിവെക്കുന്നതെന്ന് അയാള്‍ അറിഞ്ഞിട്ടുണ്ടാകില്ല. പുതുവസ്ത്രം അണിഞ്ഞ് (ശരിക്കും അറിയില്ല, അദ്ദേഹം അന്ന് പുതുവസ്ത്രം അണിഞ്ഞിരുന്നോ? ആവോ, ഉണ്ടാവില്ല!), പെരുന്നാള്‍ നമസ്‌ക്കാരം കാത്തിരുന്ന ഒരു മനുഷ്യന്‍ പഴയ ജുമുഅത്ത് പള്ളിയിലെ ഖബര്‍സ്ഥാനില്‍, ജീവിതത്തിലാദ്യമായി 'സ്വന്തം വീട്' കണ്ടെത്തി.
എത്രയോ രാത്രികള്‍ വിശന്ന് വെളുപ്പിച്ച ആബൂട്ടിക്ക എനിക്ക് തിരിച്ചറിവിന്റെ പാഠങ്ങള്‍ നല്കിയത് അദ്ദേഹം മരിച്ച് പിന്നേയും കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്ന രണ്ടേ മുക്കാല്‍ വര്‍ഷം. അതില്‍ ചില നാളുകളില്‍ കൊടും തണുപ്പിലെ വിശന്നു വലഞ്ഞ രാത്രികളിലെല്ലാം ആബൂട്ടിക്കയെ ഓര്‍ത്തുപോയിരുന്നു, ആ മനുഷ്യന്‍ അനുഭവിച്ച 'വയറ്റിന്റെ കാളല്‍' തിരിച്ചറിഞ്ഞിരുന്നു. വുളു വരുത്താനെന്ന വ്യാജേന പള്ളിയിലെ ഹൗളില്‍ നിന്നും വെള്ളം കുടിച്ച എത്രയോ രാത്രികളും പകലുകളും കടന്നുപോയിട്ടുണ്ട്. വിശപ്പിന്റെ വല്ലാത്ത കൊളുത്തി വലിക്കല്‍ അനുഭവിച്ചപ്പോഴൊക്കെ മനസ്സില്‍ ആബൂട്ടിക്ക കടന്നു വന്നു. യൂസുഫിയ മദ്‌റസയുടെ ചേരിയില്‍ തണുപ്പിലും മഴയിലും വിശന്ന് കിടന്ന ഒരു മനുഷ്യന്റെ ദയനീയത ശരിക്കും തിരിച്ചറിഞ്ഞത് അക്കാലത്താണ്. അനാഥനും നിരാലംബനുമായ ഒരു മനുഷ്യന് ഭക്ഷണമെത്തിച്ചുകൊടുക്കാന്‍ ഉമ്മ നല്കാറുള്ള ഉപദേശങ്ങള്‍ ഓര്‍മ്മയിലേക്ക് തള്ളിയെത്തി എന്നോട് കലമ്പല്‍ കൂട്ടിയതും കല്പറ്റയിലെ തണുത്ത രാത്രികളിലായിരുന്നു. വയനാട്ടിലെ എത്ര രാത്രികളാണ് ഉറങ്ങാനാവാതെ ഓര്‍മ്മകള്‍ എന്നെ തിരിച്ചും മറിച്ചും കിടത്തിയത്!
വല്ലപ്പോഴുമെങ്കിലും ആബൂട്ടിക്കക്ക് ഭക്ഷണമെത്തിച്ചു കൊടുക്കാന്‍ സന്മസ് കാണിച്ചതു കൊണ്ടായിരിക്കണം, വിശന്നുറങ്ങിയതിന്റെ പിറ്റേന്ന് രാവിലെ ദൈവം എന്റെ മുമ്പില്‍ സോമനെ പ്രത്യക്ഷപ്പെടുത്തി തന്നിട്ടുണ്ടാവുക. എവിടുന്നൊക്കെയോ നുള്ളിപ്പെറുക്കിയ കുറച്ചു പണവുമായി പുലര്‍ച്ചെ ഓഫിസിനു മുമ്പിലെത്തുന്ന സോമന്റെ ആദ്യചോദ്യം 'എല്ലിഷ്ടാ, നീ വല്ലതും കഴിച്ചോ' എന്നായിരിക്കും. കുട്ടേട്ടന്റെ ഉന്തുവണ്ടി കടയിലെ ദോശയായും ഗീത ഹോട്ടലിലെ ആവി പറക്കുന്ന നെയ്‌റോസ്റ്റായുമൊക്കെ എന്റെ വിശപ്പ് സോമന്റെ ഹൃദയ വിശാലതയ്ക്ക് മുമ്പില്‍ ഇല്ലാതായിപ്പോയിട്ടുണ്ട്.
ആരോടും പരിഭവം പറയാതെ നന്മകള്‍ മാത്രം ചെയ്ത് ഇല്ലാതായിപ്പോയ ആബൂട്ടിക്കയുടേത് ഒരു ജന്മം. നക്‌സല്‍ പ്രവര്‍ത്തകന്റെ റോളില്‍ കാട്ടിലും മേട്ടിലും കോഴിക്കോട്ടേയും കണ്ണൂരിലേയുമൊക്കെ ജയിലുകളിലും ജീവിതം കഴിക്കുകയും, പിന്നീടൊരിക്കല്‍, എന്നോട് യാത്ര പറഞ്ഞ് എങ്ങോട്ടേക്ക് പോയിമറഞ്ഞ്, ഒരു വിവരവുമില്ലാതിരിക്കുകയും ചെയ്ത സോമന്റേത് മറ്റൊരു ജന്മവും.
പെരുന്നാള്‍ ഓര്‍മ്മയാണ്. ഒരു മാസം നോമ്പെടുത്തതിന്റെ ഓര്‍മ്മ. ഒരുപാടുകാലം ജീവിച്ചതിന്റെ ഓര്‍മ.


പുടവ വനിതാ മാസിക സെപ്തംബര്‍ 2011

Saturday, September 17, 2011

ഐറിഷ് സിനിമയിലെ മലയാളിത്തിളക്കംനീല്‍ ആംസ്‌ട്രോങും എഡ്വില്‍ ആല്‍ഡ്രിനും മൈക്കിള്‍ കോളിന്‍സും ചന്ദ്രനിലിറങ്ങിയപ്പോള്‍ അവരെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ അവിടെയൊരു മലയാളി ഉണ്ടായിരുന്നത്രെ! എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും ചേര്‍ന്ന് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കി കൊടികുത്തുമ്പോള്‍ അവിടേയും അവര്‍ക്ക് ചായ കൊടുക്കാനും സ്വീകരിക്കാനും ഒരു മലയാളി ഉണ്ടായിരുന്നത്രെ. ഇതൊക്കെ ലോകത്തെല്ലായിടത്തും മലയാളിയുണ്ടെന്ന 'കാര്യം' പറയാനുള്ള കഥകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്- ഐറിഷ് സിനിമയില്‍ പോലും!
ബിജു നായരെ പരിചയപ്പെടുക. കോഴിക്കോട് സ്വദേശി. എന്നാല്‍ ഐറിഷ് സിനിമയാണ് അദ്ദേഹത്തിന്റെ തട്ടകം. ഒരു മലയാള സിനിമയിലും മലയാളം സീരിയലിലും അദ്ദേഹം വേഷമിട്ടിട്ടുണ്ടെങ്കിലും ഐറിഷ് ചിത്രങ്ങളും സീരിയലുകളുമാണ് പ്രധാനം. വിദേശ ഭാഷയിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമായി വളരുകയാണ് ഈ മലയാളി യുവാവ്.
രണ്ടാഴ്ച മുമ്പൊരു നാള്‍. നിര്‍മാതാവ് ഫ്‌ളോറിയന്‍, സംവിധായകന്‍ സ്റ്റീവന്‍ എന്നിവരോടൊപ്പം ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപത്തെ കോഫി ഷോപ്പില്‍ ഇരിക്കുകയായിരുന്ന ബിജുവിനെ തേടി വിദ്യാര്‍ഥികളുടെ ഒരുപട തന്നെ എത്തി. രണ്ടു പ്രമുഖരേയും കടത്തിവെട്ടി വിദ്യാര്‍ഥികള്‍ ആരാധനയോടെ അടുത്തുകൂടി ഹായ് ബിജു എന്നു വിളിച്ചപ്പോള്‍ ഞെട്ടിയത് നിര്‍മാതാവും സംവിധായകനുമല്ല, ബിജു തന്നെയായിരുന്നു. ഏതാനും സിനിമകളിലേയും സീരിയലുകളിലേയും വേഷം തന്നെ ഇത്രയും ജനപ്രിയനാക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നില്ല. ഫ്‌ളോറിയനും സ്റ്റീവനും അത് നേരത്തെ മനസ്സിലാക്കിയതുകൊണ്ട് കുട്ടികളുടെ ആഹ്ലാദപ്രകടനത്തെ അവര്‍ ഹൃദയം തുറന്ന് ആസ്വദിക്കുകയായിരുന്നു. ഷോപ്പിംഗ് മാളുകളിലും യാത്രയിലുമൊക്കെ തിരിച്ചറിയപ്പെട്ടു തുടങ്ങിയ ഈ മലയാളി യുവാവ് ഐറിഷ് ജനതയുടെ ആദരവിന്റെ ആഴം മനസ്സിലാക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമാണ് തന്നെ വളരെ വേഗത്തില്‍ തിരിച്ചറിയുന്നതെന്നും ബിജു നായര്‍ പറയുന്നു. സ്വകാര്യത നഷ്ടപ്പെട്ടുതുടങ്ങുമ്പോഴും ഒരു ജനതയുടെ സ്‌നേഹമാണ് ആസ്വദിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.

സ്റ്റാര്‍ട്ട്
മാണി സി കാപ്പന്‍ നിര്‍മ്മിച്ച് ജോഷി മാത്യു സംവിധാനം ചെയ്ത മാന്‍ ഓഫ് ദ് മാച്ച് എന്ന ചിത്രത്തിലായിരുന്നു ബിജു നായരുടെ അരങ്ങേറ്റം. വിദ്യാര്‍ഥി നേതാവിന്റെ വേഷമായിരുന്നു മാന്‍ ദ് മാച്ചില്‍. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും ഇതേ സിനിമയിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.
സിനിമയുടെ നീളം കൂടിപ്പോയതോടെ ബിജുവിന്റെ വേഷത്തില്‍ കുറേഭാഗം എഡിറ്റിംഗ് ടേബിളില്‍ മുറിഞ്ഞു വീണു. ഏതാനും സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വിദ്യാര്‍ഥി നേതാവായി ബിജു. പക്ഷേ, വെള്ളിത്തിരയ്ക്ക് അങ്ങനെയങ്ങ് ബിജുവിനെ ഒഴിവാക്കാനാവില്ലായിരുന്നു. അക്ബര്‍ കക്കട്ടിലിന്റെ 'അധ്യാപകന്റെ ഡയറി' മുഹമ്മദ് കുട്ടി സംവിധാനം ചെയ്ത് തിരുവനന്തപുരം ദൂരദര്‍ശന്‍ 'സ്‌കൂള്‍ ഡയറി' എന്ന പേരില്‍ സീരിയലാക്കിയപ്പോഴാണ് ബിജു നായര്‍ വീണ്ടും ക്യാമറയ്ക്കു മുമ്പിലെത്തിയത്. അതില്‍ എം ആര്‍ ഗോപകുമാര്‍ അവതരിപ്പിച്ച കുഞ്ഞിരാമന്‍ മാഷുടെ മകനായ ദിവാകരന്റെ വേഷമായിരുന്നു ബിജു നായര്‍ക്ക്. മലയാളം സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും തത്ക്കാലത്തേക്ക് വിട പറഞ്ഞെങ്കിലും കോളെജ് പഠനത്തിന് ശേഷം യു കെയിലേക്ക് പറന്ന ബിജു നായര്‍ ഐറിഷ് സിനിമകളിലും സീരിയലുകളിലും ഒന്നിനു പിറകെ ഒന്നായി വേഷമിട്ടു. ഇതിനകം അഞ്ച് സിനിമ/ സീരിയലുകളില്‍ അഭിനയം പൂര്‍ത്തിയാക്കിയ ബിജുവിനെ തേടി ഐറിഷില്‍ തന്നെയുള്ള രണ്ട് ബിഗ് ബജറ്റ് പ്രൊജക്ടുകള്‍, മലയാളം, കന്നഡ, തമിഴ് ചലച്ചിത്ര പദ്ധതികള്‍ വന്നുനില്‍ക്കുന്നുണ്ട്. ഇതില്‍ കന്നഡ, തമിഴ് സിനിമകള്‍ റുമാനിയയില്‍ ചിത്രീകരിക്കുമ്പോള്‍ മലയാളം അടുത്ത വര്‍ഷം നാട്ടില്‍ വരുമ്പോഴാണ് ഷൂട്ടിംഗ് നടത്തുക.

ക്യാമറ
കീരോണ്‍ ജെ വാല്‍ഷ് സംവിധാനം ചെയ്ത് ഐറിഷ് ചാനലായ ആര്‍ ടി ഇ സംപ്രേഷണം ചെയ്ത ഐറിഷ് സീരിയലായ സാവേജ് ഐ, സൈമണ്‍ മാസേ സംവിധാനം ചെയ്ത ഐറിഷ് സീരിയല്‍ റോ (ആര്‍ ടി ഇ ചാനലിലെ നമ്പര്‍ വണ്‍ സീരിയലായിരുന്നു ഇത്), സ്റ്റീവ് ബാറോണ്‍ സംവിധാനം ചെയ്ത സിനിമ ട്രഷര്‍ ഐലന്റ്, കോണര്‍ സ്ലാറ്ററി സംവിധാനം ചെയ്ത ന സ്‌കോയിറ്റീര്‍ (നോ വേ ഔട്ട്), ആന്‍ഡ്രീ ആണ്ടനോഫ് സംവിധാനം ചെയ്ത ബള്‍ഗേറിയന്‍ ഷോര്‍ട്ട് ഫിലിമായ ഈഗോ ട്രിപ്, സ്റ്റീവന്‍ പാട്രിക്കും ഫ്‌ലോറിയന്‍ സാപ്രയും ചേര്‍ന്നൊരുക്കിയ ഐറിഷ് ചിത്രമായ ക്ലൗണ്‍സ് എന്നിവയിലാണ് ബിജു നായര്‍ ഇതിനകം വേഷമിട്ടത്. ട്രഷര്‍ ഐലന്റില്‍ ബിജു നായരെ കൂടാതെ ഇന്ത്യക്കാരനായ മധുര്‍ മിത്തലും (സ്ലം ഡോഗ് മില്യനയര്‍) അഭിനയിച്ചിരുന്നു. സ്റ്റീവന്‍ ബ്രാഡി സംവിധാനം ചെയ്ത ലിസ എന്ന ടെലി ഫിലിം ഉടന്‍ പ്രമുഖ ഐറിഷ് ചാനല്‍ സംപ്രേഷണം ചെയ്യാനിരിക്കുകയാണ്.

ആക്ഷന്‍
2005ല്‍ യു കെയില്‍ എത്തിയതോടെയാണ് ബിജു നായര്‍ ജോലിയോടൊപ്പം തന്റെ രക്തത്തിലുള്ള സിനിമയേയും ശരിക്കും തിരിച്ചറിഞ്ഞത്. എത്ര പറിച്ചെറിഞ്ഞാലും കളയാന്‍ സാധിക്കാത്ത ചിലത് രക്തത്തിലുള്ളതുപോലെ! സിനിമ ബിജുവിന്റെ സിരകളില്‍ രക്തത്തേക്കാള്‍ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ മലയാളത്തില്‍ ഒരു സിനിമയില്‍ ഏതാനും സീനുകളില്‍ മാത്രം മുഖം കാണിച്ച ഒരാള്‍ എങ്ങനെയാണ് വിദേശ ഭാഷാ സിനിമയില്‍ അവിഭാജ്യ ഘടകമാവുക.
നിരവധി കമ്പനികളില്‍ ജോലി ചെയ്ത ബിജു നായര്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിംഗ് നടത്തിയതാണ് ജീവിതത്തിലെ വിഴിത്തിരിവായത്. ട്രെയിനിംഗിന്റെ ഭാഗമായി പാരിസിലേക്കുള്ള ഒരു വിമാന യാത്രയിലാണ് റുമാനിയന്‍ സിനിമാ നിര്‍മാതാവ് ഫ്‌ലോറിയനെ പരിചയപ്പെട്ടത്. കാമുകിയോടൊപ്പം യാത്ര പോവുകയായിരുന്ന ഫ്‌ളോറിയന്‍ ബിജുവിലെ നടനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞു. അതോടെയാണ് ആര്‍ക്ക് ലൈറ്റുകളുടെ വെളിച്ചം ബിജുവിന്റെ ജീവിതത്തിന്റെ ഭാഗമായത്. പിന്നീട് ഫ്‌ളോറിയന്റെ അടുത്ത സുഹൃത്തായി മാറി ബിജു. ഫ്‌ലോറിയന്റെ ഫേസ് ബുക്കില്‍ സഹോദരന്റെ സ്ഥാനത്തുള്ളത് ബിജു നായരുടെ പേരാണ്. സിനിമയെ മാത്രം സ്വപ്നം കാണുന്ന ഫ്‌ളോറിയന് ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഇരുന്നൂറു കോടിയിലേറെയാണ് ആസ്തി!

ക്യാമറയ്ക്കപ്പുറത്തൊരു ബിജുവുണ്ട്
മലപ്പുറത്തെ പരേതനായ കെ പി ഗോപാലകൃഷ്ണന്റേയും തദ്ദേശ സ്വയംഭരണ വകുപ്പിലെ സൂപ്രണ്ടായിരുന്ന കോഴിക്കോട് സ്വദേശി പി പ്രേമയുടേയും മകനാണ് ബിജു നായര്‍. നിലമ്പൂരിലായിരുന്നു ജനനമെങ്കിലും കോഴിക്കോട്ടാണ് പഠിച്ചതും വളര്‍ന്നതും. സ്‌കൂള്‍തല ക്വിസ്, ലളിതഗാന മത്സരങ്ങളില്‍ മികവ് പുലര്‍ത്തിയിരുന്ന ബിജു അച്ഛന്റെ മരണത്തോടെ പിറകോട്ടടിക്കുകയായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്റെ അടുത്ത സുഹൃത്തായിരുന്ന മുന്‍മന്ത്രി എ സി ഷണ്‍മുഖദാസിന്റെ അവസരോചിത ഇടപെടലുകളാണ് ബിജുവിനെ വീണ്ടും കലയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ബിജുവിനും ഇടമുണ്ടായിരുന്നു. എ സി ഷണ്‍മുഖദാസുമായുള്ള ബന്ധമാണ് മാന്‍ ഓഫ് ദ് മാച്ച് എന്ന സിനിമയിലേക്കുള്ള ബിജുവിന്റെ പ്രവേശനത്തിനു തന്നെ കാരണം.
ബിജു നായര്‍ക്ക് സിനിമയുമായുള്ള ബന്ധം കേവലം അഭിനയത്തിന്റേത് മാത്രമല്ല. ബിജുവിന്റെ കുടുംബത്തിനും സിനിമാ ബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍ ബേബി (സ്വാമിനാഥന്‍ പിള്ള)യാണ് ബിജുവിന്റെ ബന്ധുവായ സത്യവതിയെ വിവാഹം ചെയ്തത്. നാല്‍പതിലേറെ സിനിമകള്‍ സംവിധാനം ചെയ്ത ബേബിയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ലിസ, അനുപല്ലവി, മനുഷ്യമൃഗം തുടങ്ങിയ പേരുകള്‍ മാത്രം മതി. ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന അജിത്, ബിസിനസുകാരനായ രാജീവ് എന്നിവരാണ് ബിജുവിന്റെ സഹോദരങ്ങള്‍. കൊച്ചി സ്വദേശിയും യു കെയില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥയുമായ സ്മിത നായരാണ് ബിജു നായരുടെ ഭാര്യ. അലോക് കാര്‍ത്തിക് ഏക മകനാണ്.
ഐറിഷ് സിനിമകളില്‍ അഭിനയിക്കുമ്പോഴും ജീവിതം വിദേശത്ത് നയിക്കുമ്പോഴും ഇന്ത്യയുമായും ഇന്ത്യന്‍ സിനിമയുമായുള്ള ബന്ധം ബിജുവിന് തുടരാനാവുന്നുണ്ട്. മലയാള സിനിമയിലേത് ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലെ സിനിമാ പ്രവര്‍ത്തകര്‍ ബിജു നായരുടെ ഉറ്റ സുഹൃത്തുക്കളാണ്. മധുര്‍മിട്ടല്‍, തമിഴ് നിര്‍മാതാവ് കുഞ്ഞുമോന്റെ മകനും നിര്‍മാതാവുമായ എബി കുഞ്ഞുമോന്‍, മധുപാല്‍, ഉദയ, നരേന്‍, ബിജുമേനോന്‍, സുധീഷ്, മുന്ന, സത്താര്‍, സീമ, അംബിക, രമ്യാനമ്പീശന്‍, ഭാവന, ജയാനന്‍ വിന്‍സെന്റ്, അജയന്‍ വിന്‍സെന്റ്, രാമചന്ദ്രഭയ്യ, ശ്രീകുട്ടന്‍, ദീപന്‍ മമ്മാസ്, ഷാജിയെം, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ബിജു നായരുടെ അടുത്ത സുഹൃത്തുക്കളാണ്.
നാട്ടിലെത്തിയാല്‍ അഭിനയിക്കാനുള്ള ഒരു മലയാളം ഓഫര്‍ ഇപ്പോള്‍ തന്നെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. മലയാളത്തിനു പുറമേ കന്നഡ, തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെടാനുള്ള തയ്യാറെടുപ്പിലാണ് ബിജു നായര്‍. അതോടെ ഐറിഷ് ജനത തിരിച്ചറിയുന്ന ഇന്ത്യക്കാരനെ മലയാളികളും തിരിച്ചറിയും. ചെറൂട്ടി റോഡിലൂടേയും മിഠായി തെരുവിലൂടെയും മറൈന്‍ ഡ്രൈവിലൂടേയും ഇപ്പോള്‍ നടന്നു പോകാനുള്ള ബിജുവിന്റെ സ്വാതന്ത്ര്യം അതോടെ ഇല്ലാതാകും. തമിഴിലെ പ്രശസ്ത ക്യാമറാമാനായ രവിന്ദര്‍ മൂണ്ട്രാം പൗര്‍ണമിക്ക് ശേഷം റുമാനിയയില്‍ വെച്ച് ചിത്രീകരിക്കുന്ന ചിത്രം, തമിഴ് നിര്‍മാതാവ് കെ ടി കുഞ്ഞുമോന്റെ മകന്‍ എബി കുഞ്ഞുമോനും ഫ്‌ലോറിയനും ചേര്‍ന്ന് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രം തുടങ്ങിയവയാണ് ഉടന്‍ ചിത്രീകരിക്കാനിരിക്കുന്നത്. സ്റ്റീവാന്‍ ക്ലാനിന്റെ ബിഗ് ബജറ്റ് ചിത്രമായ ലണ്ടനും ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പിലാണ്.
അയര്‍ലന്റിലെ തലസ്ഥാന നഗരിയിലെ പ്രശസ്ത സിനിമാ പ്രവര്‍ത്തകരുടെ സംഗമ കേന്ദ്രമായ ഡബ്ലിന്‍ ഷുഗര്‍ ക്ലബ്ബില്‍ രണ്ടാഴ്ച മുമ്പ് നടന്ന ഷോര്‍ട്ട് ഡേ ഫിലിം ഫെസ്റ്റിവലില്‍ സാപ്ര ഫിലിംസിന്റെ പ്രത്യേക അപ്പ്രീസിയേഷന്‍ പുരസ്‌ക്കാരത്തിന് ബിജു നായരാണ് അര്‍ഹനായത്. റുമാനിയന്‍/ ഐറിഷ് നിര്‍മ്മാതാവ് ഫ്‌ലോറിയന്‍ സാപ്രയില്‍ നിന്നുമാണ് ബിജു പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.
മദിരാശിയില്‍ വീട് നിര്‍മാണം നടക്കുന്നുണ്ടെങ്കിലും കഴിയുന്നത്ര കാലം ഐറിഷ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയണമെന്നുതന്നെയാണ് ബിജു നായര്‍ ആഗ്രഹിക്കുന്നത്. സൗഹൃദങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് ഈ യുവാവിന്റെ വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നുണ്ട്.
ദൈവം തരുന്നതിനെയെല്ലാം ബോണസായി കരുതുകയാണെങ്കില്‍ സന്തോഷിക്കാനല്ലാതെ സങ്കടപ്പെടാന്‍ എവിടുണ്ട് സമയം എന്നതാണ് ബിജു നായര്‍ എന്ന ഐറിഷ് നടന്റെ/ മലയാളി യുവാവിന്റെ മോട്ടോ.

ചന്ദ്രനിലും എവറസ്റ്റിലും മാത്രമല്ല, അയര്‍ലന്റിലെ തിയേറ്ററിലും ചെന്നാല്‍ നിങ്ങളെ സ്വീകരിക്കാന്‍ അവിടൊരു മലയാളിയുണ്ടാവും. ചിരിച്ചുകൊണ്ട് മലയാളം പറഞ്ഞ് അയാള്‍ നിങ്ങളെ സ്വീകരിച്ചിരുത്തും, എന്നിട്ട് ഐറിഷ് വെള്ളിത്തിരയിലേക്ക് നടന്നു കയറും. അപ്പോള്‍ നിങ്ങള്‍ അത്ഭുതത്തോടെ അയാളെ നോക്കും. തലക്കനമൊട്ടുമില്ലാതെ, അയാള്‍ വെള്ളിത്തിരയില്‍ തന്റെ വേഷം തനിമയോടെ ചെയ്യാനുള്ള ശ്രദ്ധയിലായിരിക്കും അപ്പോള്‍ അയാള്‍. ആ യുവാവിനെ നിങ്ങള്‍ സ്‌നേഹത്തോടെ ബിജു നായര്‍ എന്ന് പേര് ചൊല്ലി വിളിക്കും.

bijupournami@gmail.com
km.kmrahman@gmail.com

വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
18-09-2011

Friday, September 9, 2011

ഞാനും നിങ്ങളുമല്ല, നമ്മളാണ് ഓണം


സിനിമാ താരവും സംവിധായകനും കഥാകൃത്തുമായ മധുപാല്‍ ഓണത്തെ കാണുന്നത് വേറൊരു തലത്തിലാണ്. മിത്തും ജീവിതവും യാഥാര്‍ഥ്യവും ചരിത്രവും കാഴ്ചപ്പാടുകളുമൊക്കെ കൂടിക്കുഴഞ്ഞ് ബൗധികതലത്തിലും ആത്മീയതലത്തിലും മധുപാല്‍ ഓണത്തെ കാണുന്നു.

? ഓണക്കാലത്തേയും സാഹിത്യത്തേയും എങ്ങനെയാണ് കാണുന്നത്?
മലയാളത്തില്‍ സാഹിത്യം പുഷ്ടിപ്പെടുന്ന സമയമാണ് ഓണക്കാലം. വാര്‍ഷികപ്പതിപ്പുകള്‍, ഓണപ്പതിപ്പുകള്‍... ആ രീതിയില്‍ എല്ലാ അച്ചടി മാധ്യമങ്ങളും തങ്ങളുടെ പതിപ്പുകള്‍ ഇറക്കാറുണ്ട്. സാഹിത്യത്തില്‍ ഓണമുള്ളതുപോലെ ഓണത്തിന് സാഹിത്യവുമുണ്ട്. കഥകളിലും കവിതകളിലുമൊക്കെ നിരവധി തവണ എഴുതപ്പെട്ട ആഘോഷമാണ് ഓണക്കാലം.

? ഓണം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?
ഓണം എഴുത്തിനെ സ്വാധീനിക്കുന്ന രീതി ഉണ്ടായിട്ടില്ല. ഓണപ്പതിപ്പുകളിലോ വാര്‍ഷികപ്പതിപ്പുകളിലോ കഥ എഴുതുക എന്നത് എന്റെ രീതിയല്ല. എനിക്ക് കിട്ടുന്ന സമത്ത് എഴുതിവെച്ചവ കൊടുക്കുന്നു എന്നുമാത്രം. നേരത്തെ എഴുതിവെച്ചവ ഓണക്കാലത്തെ വാര്‍ഷികപ്പതിപ്പുകളിലും മറ്റും കൊടുക്കുന്നു എന്നുമാത്രമേയുള്ളു. ഓണക്കാലത്തേക്ക് വേണ്ടിയോ വാര്‍ഷികപ്പതിപ്പുകള്‍ക്കു വേണ്ടിയോ ആവശ്യപ്പെട്ടാല്‍ പെട്ടെന്ന് എഴുതിക്കൊടുക്കുക എന്ന പ്രവണതയില്ല. വര്‍ഷത്തില്‍ മൂന്ന് കഥകളെങ്കിലും എഴുതാന്‍ കഴിഞ്ഞാല്‍ ഭാഗ്യമായി എന്നാണ് ഞാന്‍ കരുതുന്നത്. ഈ വര്‍ഷം അങ്ങനെ മൂന്ന് കഥകള്‍ എഴുതിക്കഴിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിലും കേരളകൗമുദിയുടേയും വര്‍ത്തമാനത്തിന്റേയും ഓണപ്പതിപ്പുകളിലും കഥകള്‍ നല്കി. ഓണം കൃഷിയുമായി ബന്ധപ്പെട്ടതാണല്ലോ. കാര്‍ഷിക വിളയുടെ രീതിയില്‍ ജൈവപരമായും സ്വാധീനിക്കുന്നുണ്ടാകാം. നമ്മെകൊണ്ട് സാധിക്കുന്ന കാര്യം വിത്തിടുക എന്നുള്ളതാണ്.

? സിനിമ, യാത്ര തുടങ്ങിയ തിരക്കുകള്‍ക്കിടയില്‍ എങ്ങനെയാണ് കഥയെഴുത്ത് നടക്കുന്നത്?
തിരക്കിന്റെ കാലത്ത് കഥയെഴുതുക എന്നതല്ല രീതി. യാത്രകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവയൊക്കെയായി മുമ്പോട്ട് പോകുമ്പോഴും നമ്മുടെ മനസ്സില്‍ തോന്നുന്ന ആശയം കടലാസിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.

? ചെറുപ്പത്തിലെ ഓണം എങ്ങനെയായിരുന്നു?
പാലക്കാടായിരുന്നു എന്റെ ചെറുപ്പകാലം. അവിടെ പൂക്കളിറുത്തും പൂക്കളമിട്ടുമുള്ളതുമായിരുന്നു. ഇപ്പോള്‍ പതിനഞ്ച് വയസ്സായ കുട്ടികള്‍ മുതലാണ് ഓണം നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ടാകുക. ഗുണ്ടല്‍പേട്ടിലേയും പൊള്ളാച്ചിയിലേയും നാഗര്‍കോവിലിലേയും പൂക്കളാണ് അവരുടെ ഓണത്തിന് കളമൊരുക്കാനിടുന്നത്. തുമ്പയും കാശിത്തുമ്പയുമൊക്കെ ഉള്‍പ്പെടെയുള്ളവ ധാരാളമായി ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. ഇപ്പോള്‍ ഓണപ്പൂക്കളമൊരുക്കാനായി മണലിന് പോലും നിറം കൊടുക്കുന്നതു പോലും കാണുന്നുണ്ട്. പൂക്കളത്തില്‍ പൂക്കള്‍ എന്ന സങ്കല്‍പം തന്നെ നഷ്ടപ്പെട്ട ബാലികാ ബാലന്മാരുടെ ഓണക്കാലമാണിത്. റെഡിമെയ്ഡില്‍ പ്ലാസ്റ്റിക് പൂക്കളത്തിലെ ഡിസൈനിലെ ഷേഡുകളില്‍ പൂക്കളും കളര്‍ മണലും നിരത്തലാണ് ഇപ്പോഴത്തെ ഓണം.
മൊത്തം ഒറ്റപ്പട്ടണമായ കേരളത്തില്‍ ഫ്‌ളാറ്റുകളില്‍ നിലം ശരിയാക്കാനോ ചാണകം മെഴുകാനോ കഴിയില്ലല്ലോ. മണ്ണില്ലാതായതോടെ മുറ്റവുമില്ലല്ലോ. പൂക്കള്‍ പറിച്ച് ഓണപ്പൂക്കളമിട്ടിരുന്നു എന്നതൊക്കെ നൊസ്റ്റാള്‍ജിക് സംഭവങ്ങളായി മാറി. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പോയാല്‍ ഈയൊരുവസ്ഥ ഇപ്പോള്‍ കാണാന്‍ കഴിയുമായിരിക്കും. അത്തരമൊരു വല്ലാത്ത കാലത്തിലൂടെ പോകുമ്പോള്‍ ഓണം നമ്മള്‍ നൊസ്റ്റാള്‍ജിക്ക് സംഭവമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ ജനതയോട് നമ്മള്‍ ഇങ്ങനെയൊരു കാലമുണ്ടായിരുന്നു എന്നുപറയുകയാണ് ചെയ്യുക. ഓണം ഒരു കഥപോലെ ആക്കി അതിനെ മിത്താക്കി മാറ്റി, ആ മിത്തിനെ തന്നെ നമ്മള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. നമുക്ക് മണ്ണുമായും പ്രകൃതിയുമായുള്ള അടുപ്പം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മള്‍ പഴയ കാലത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല എന്നതാണ് വാസ്തവം. ഓണം എന്ന സങ്കല്‍പം വളരെ രസകരമായതാണ്. നമ്മളെല്ലാം ഒരു ത്രിത്വത്തിന്റെ ഭാഗമാണ്.

? എങ്ങനെയാണ് ത്രിത്വവുമായി ബന്ധപ്പെടുന്നത്?
ത്രിത്വം സങ്കല്‍പം ഓണവുമായി ബന്ധപ്പെടുന്നുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരം, മൂന്നടി മണ്ണ്... ബ്രഹ്മ, വിഷ്ണു മഹേശ്വരന്‍...
ഓണം ശരിക്കു പറഞ്ഞാല്‍ മിത്തിന്റെ ഭാഗമാണ്. ബൗധിക തലത്തില്‍ ആലോചിക്കുമ്പോള്‍ മഹാബലി എന്ന സങ്കല്‍പം തന്നെ വലിയ സംഭവമാണ്. നമ്മുടെ കാലത്ത് മഹാത്മാ ഗാന്ധി രാമരാജ്യം സങ്കല്‍പം ഉണ്ടാക്കിയിട്ടുണ്ട്. ഉള്‍ക്കാഴ്ചയുടെ ഭൗതിക പുരോഗതിയാണ് ഭാരതം ലക്ഷ്യമാക്കേണ്ടത്.
ദശാവതാരം സങ്കല്‍പത്തില്‍ മഹാബലിയുടെ അവതാരം കഴിഞ്ഞാണ് രാമന്റെ അവതാരമുണ്ടാകുന്നത്. ദശാവതാരത്തില്‍ വാമനന്‍ സൂക്ഷ്മതയുടെ പ്രതീകമാണ്. താണു നില്‍ക്കാന്‍ പഠിപ്പിച്ചതിന്റെ പ്രകടമായ ഏറ്റവും വലിയ ഭാവം. കുഞ്ഞുണ്ണിയുടെ കവിത പോലെ പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്നരീതി. പൊക്കമില്ലായ്മയുടെ പൊക്കം അളക്കാന്‍ പറ്റുന്ന വലിയ ആഘോഷത്തിന്റെ ഭാഗമാണ്. മഹാഭാരതത്തില്‍ ഏറ്റവും വലിയ ദാനശീലന്‍ കര്‍ണനാണ്. എന്നാല്‍ അതിനു മുമ്പാണ് മഹാബലി കടന്നു വരുന്നത്.
മൂന്നടി മണ്ണാണ് വാമനന്‍ ചോദിച്ചത്. ഒരടി ജനിക്കാനും ഒരടി ഇരിക്കാനും ഒരടി മരിക്കാനും. ഇതാണ് അടിസ്ഥാനം. നമ്മുടെ ജീവിതത്തില്‍ മണ്ണില്ലാത്തവര്‍ക്ക് ഇത് ശരിക്കും മനസ്സിലാകും. അവന് ജനിക്കാനും ജീവിക്കാനും മരിക്കാനും ഇടമില്ലെന്നതാണ് അവസ്ഥ. പ്രസവിക്കാന്‍ മാത്രമല്ല, ശവം മറവ് ചെയ്യാനും നമുക്ക് സ്ഥലം വേണം. ഏറ്റവും പ്രാചീനമായ സംസ്‌ക്കാരത്തിന്റെ ഭാഗമാണത്. മണ്ണില്‍ നിന്ന് ജനിക്കുന്ന ജീവികള്‍ മണ്ണിലേക്ക് തന്നെ മടങ്ങുന്ന അവസ്ഥ.
സമ്പത്തിന്റെ അധികാരം പോലും ഇല്ലാതാക്കാനാണ് ഒരു കുറുകിയ മനുഷ്യന്‍ ശ്രമിച്ചത്. തന്റെ സമ്പത്തുകൊണ്ട് അഹങ്കാരം ശമിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മഹാബലി സ്വന്തം തല കുനിച്ചു കൊടുത്തത്. മഹാബലി എന്നത് ആത്മബലി തന്നെയായി മാറുകയാണ്. ഇതില്‍ വളരെ രസകരമായി മനസ്സിലാക്കേണ്ട കാര്യമുണ്ട്. വാമനന്റെ വലിപ്പം നോക്കുമ്പോള്‍ ഇന്നത്തെ നമ്മുടെ ഭരണാധികാരികളുടെ മാനസിക വലുപ്പം നോക്കണം. സ്വന്തം ശരീരം പോലും, പറഞ്ഞ വാക്ക് സത്യസന്ധമാക്കാന്‍ അര്‍പ്പിക്കുന്ന ഒരു ശരീരമാണത്.
ദശാവതാരത്തിലെ പരശുരാമ കഥയ്ക്ക് മുമ്പാണ് വാമനന്‍ കടന്നു വരുന്നത്. അപ്പോള്‍ കേരളോത്പത്തി എന്നത് എങ്ങനെയാണെന്ന് ചിന്തിക്കേണ്ടി വരും. ഒരു കെട്ടുകഥയേക്കാള്‍ ഉപരി രാമായണത്തിലേയും മഹാഭാരതത്തിലേയും കഥകളിലെ കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇടങ്ങള്‍ ഉണ്ട്.
മണ്ണും മനുഷ്യനുമായി ബന്ധപ്പെട്ടതാണ് ഓണക്കഥ. ഒരു തലത്തില്‍ നിന്നും മറ്റൊരു തലത്തിലേക്കാണ് ഈ കഥ പോകുന്നത്. മഹാബലിയുടെ തലകുനിക്കല്‍ വേണമെങ്കില്‍ ഭൗതിക തലത്തില്‍ പരാജയമാണ്. പക്ഷേ, ശരിക്കു പറഞ്ഞാല്‍ അത് സ്വയം ഡിവൈന്‍ ആണ്. സ്വയം തിരിച്ചറിയലാണത്. മനുഷ്യന്‍, ചക്രവര്‍ത്തി, ഭൂമി എന്നിവയില്‍ നിന്നുള്ള മുക്തിയാണ് ഈ കഥ. മൂര്‍ത്തവും സൂക്ഷ്മവുമായ അവസ്ഥയാണ് ഈ കഥ പ്രദാനം ചെയ്യുന്നത്. വരുന്ന തലമുറകളിലേക്ക് ഇത്തരം അനുഷ്ഠാനങ്ങളെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നത് പോലെ പറയുന്നില്ല. പുതിയ തലമുറയ്ക്ക് വിവരങ്ങള്‍ ആര്‍ജ്ജിക്കാന്‍ വകുപ്പുകള്‍ ധാരാളമുണ്ടായിട്ടു പോലും പറയാന്‍ കഴിയുന്നില്ല. ഗൂഗ്‌ളില്‍ കയറി വെറുതെ ഒരക്ഷരം അടിക്കുമ്പോള്‍ ഒരു നൂറായിരം കാര്യങ്ങള്‍ വരും. അക്ഷരങ്ങളുടെ സങ്കലനങ്ങളില്‍ നിന്നുകൊണ്ട് ഒരായിരം കാര്യങ്ങള്‍ വരുമ്പോള്‍ ഏതാണ് വേണ്ടതെന്ന് എന്ന് തിരിച്ചറിയാനുള്ള കാര്യം അവര്‍ക്ക് കിട്ടുന്നുണ്ടാകും. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണം എന്ന അറിവ് ആര്‍ജ്ജിക്കേണ്ടതുണ്ട്.
ജീവിക്കുന്ന മണ്ണും ആകാശവും നമ്മള്‍ കാണുന്നു. ഇതിനിടയ്ക്കുള്ള ജീവിതവും നമ്മള്‍ കാണുന്നുണ്ട്.
നമ്മുടെ അറിവിനും അപ്പുറത്തേക്കുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമം നടത്തുന്നില്ല. പണ്ട് എല്ലാ കാര്യങ്ങളേ കുറിച്ചും അറിയാമായിരുന്നു. ഇന്നാല്‍ ഇന്ന് സ്‌പെഷ്യലൈസ്ഡ് ആകുകയാണ്. പൂര്‍വ്വികര്‍ക്ക് മഴയേയും വെയിലിനേയും വെയിലിന്റെ ചൂടിനേയും കുറിച്ച് അറിയാമായിരുന്നു. വൃഷ്ടിയേയും അതിവൃഷ്ടിയേയും കുറിച്ച് അറിയാം. എന്നാല്‍ ഇന്ന് ഇതൊന്നും വിശാലമായി അറിയില്ല. പണ്ടു കാലത്ത് കിണറിന് സ്ഥാനം നിര്‍ണയിക്കുന്നവര്‍ ഇവിടെ കുഴിച്ചാല്‍ വെള്ളമുണ്ടാകും എന്ന അവസ്ഥ അവന്‍ എങ്ങനെയാണ് കണ്ടെത്തിയതും മനസ്സിലാക്കിയതും. മറ്റുള്ളവര്‍ക്കില്ലാത്ത ദൈവികത്വമുള്ള ആളുകളാണ് എല്ലാവരും. അത് നമ്മള്‍ ഈശ്വരന്റെ, പടച്ചവന്റെ ആളുകള്‍ ആയതുകൊണ്ട്. പടച്ചവന്‍ എന്നാല്‍ സൃഷ്ടിച്ചവന്‍ എന്നുതന്നെയാണ് അര്‍ഥം.
അത് മനസ്സിലാക്കി കഴിഞ്ഞാല്‍ നമ്മുടെ കഴിവുകള്‍ മനസ്സിലാകും. സൃഷ്ടി, സ്ഥിതി, സംഹാരം എന്നതുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു. എന്റെ മനസ്സിലുള്ളത് എഴുതി കടലാക്കി അത് അച്ചടിച്ച് മറ്റൊരാള്‍ വായിക്കുമ്പോള്‍ അയാളുടെ മനസ്സിലാണ് മറ്റൊരു നിര്‍മാണം നടക്കുന്നത്.
ഒന്നിനെ ചവിട്ടിത്താഴ്ത്തമ്പോള്‍ അത് ഇല്ലാതാകുന്നു എന്നല്ല, അത് മടങ്ങി വരുന്നു എന്നാണ് കാണാന്‍ കഴിയുക. ഒരു വര വരക്കുമ്പോള്‍ അത് അവിടെ തീരുന്നില്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇന്ത്യന്‍ പുരാണത്തിലെ അസുരന്മാര്‍ എന്നത് ബാബിലോണിയക്കാരായാരിക്കാം. അവിടുത്തെ അസീറിയക്കാരെയാണ് അസുരന്മാര്‍ എന്ന് വിളിക്കുന്നത്. അസീറിയയില്‍ വ്യാപകമായി ഉള്ള പേരാണ് ബലി എന്നത്. ശരിക്കും പറഞ്ഞാല്‍ കൃഷി ഭൂമി തേടി നടത്തിയ അയനങ്ങളാണ് ഈ കഥകളൊക്കെ. യാത്രകള്‍ക്കകത്ത് ഉണ്ടാകുന്ന കഥകള്‍, ഒരിടത്ത് നടന്നതോ വേറെ ഒരിടത്ത് സംഭവിച്ചതോ ആയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന ബൗധിക പാഥേയങ്ങളാണ് ഓണത്തിന്റേത് ഉള്‍പ്പെടെയുള്ള കഥകള്‍.
ലോകത്തിന്റെ കഥകള്‍ തന്നെയാണ് ഓണത്തിന്റേയും കഥകള്‍. ഞാന്‍ എന്ന് പറയുന്നതിനപ്പുറം അതിന്റെ പരമപ്രധാനമായ വളര്‍ച്ചയായ നമ്മള്‍ എന്ന നിലക്കാണ്. നമ്മള്‍ എന്ന രീതിയിലാണ് ഓണത്തെ കാണേണ്ടത്. ഞാനും നിങ്ങളുമല്ല നമ്മളാണ് ഓണ സങ്കല്‍പ്പത്തിന്റെ കാതല്‍. ഞാനും നീയും വിട്ട് നമ്മളിലേക്ക് മാറിയാല്‍ ഓണമെന്ന സത്യം പ്രാവര്‍ത്തികമാണ്.

? ബാല്യത്തിന്റെ ഓണം പോലെ കൗമാരം/ കോളെജ്?
ഓരോ പ്രാവശ്യവും ഞാന്‍ സ്വയം എന്നെതന്നെ രൂപപ്പെടുത്തി എടുക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അവസ്ഥകളില്‍ നിന്നാണ്. പാലക്കാട്ടെ പറളി പോലുള്ള പ്രദേശത്ത് പൂവിറുക്കാന്‍ പോയതും പൂവിട്ടതും എന്നതിനപ്പുറം ഓണക്കാലം എനിക്ക് കൂടുതല്‍ സന്തോഷം തരുന്നത് കൂടുതല്‍ സിനിമകള്‍ റിലീസാകുന്ന കാലമാണ് എന്നതാണ്. സിനിമ കാണുന്നത് ശ്വാസം കഴിക്കുന്നതു പോലെയുള്ള പ്രവര്‍ത്തിയായതിനാല്‍ സിനിമാ റിലീസ് എനിക്ക് ആഹ്ലാദം പകരുന്നു. ദിവസവും ഓരോ സിനിമയെങ്കിലും ഞാന്‍ കാണാറുണ്ട്. ഒരു ദിവസം മൂന്ന് പുതിയ സിനിമകളൊക്കെ കാണാന്‍ കഴിയുന്ന കാലമാണ് ഓണക്കാലം. വിഷുവിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്യുക ഓണത്തിനാണ്. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ തലപ്പാവ് റിലീസ് ചെയ്തതും 2008ലെ ഓണത്തിനായിരുന്നു. അതും ഭയങ്കര സന്തോഷമാണ്.
വായിക്കാനും സിനിമ കാണാനുമുള്ള കാലം കൂടിയാണ് ഓണം.
ഇറങ്ങുന്ന എല്ലാ ഓണപ്പതിപ്പുകളിലും കഥ എഴുതുന്ന കഥാകൃത്തുക്കളെ എനിക്കറിയാം. അങ്ങനെ എഴുതാന്‍ കഴിയുന്നവന്‍ മഹാഭാഗ്യവാനാണ്. നൂറുമേനി വിളയിച്ച കര്‍ഷകനാണവന്‍. അവനാണ് കര്‍ഷകശ്രീ അവാര്‍ഡ് കൊടുക്കേണ്ടത്.

? മധുപാല്‍ എന്ന ചലച്ചിത്രതാരത്തിന്റെ ഈ വര്‍ഷത്തെ ഓണം എങ്ങനെയാണ്?
ഈ വര്‍ഷത്തെ ഓണത്തിന് ആഘോഷങ്ങളില്ല. ഭാര്യയുടെ അമ്മ മരിച്ചിട്ട് ഒരു മാസം ആകുന്നേയുള്ളു. എങ്കിലും ഇന്ത്യാ വിഷനില്‍ ഓണവില്ല് എന്ന ഒരു പരിപാടി ഞാന്‍ ആങ്കര്‍ ചെയ്യുന്നുണ്ട്. ഓണനാളുകളില്‍ ചിലപ്പോള്‍ ഞാനൊരു ടെലിവിഷന്‍ സിനിമയുടെ സംവിധാനത്തിലായിരിക്കും.

വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
04-09-2011

Followers

About Me

My photo
thalassery, muslim/ kerala, India