വേഷങ്ങള്‍ ജന്മങ്ങള്‍.. വേഷം മാറാന്‍ നിമിഷങ്ങള്‍


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടി പോയ കാലം മുതല്‍ ഇന്ത്യ അങ്ങനെയുള്ള രൂപത്തില്‍ തുടരുകയാണ്. കൂടെ സ്വതന്ത്രമായ പാക്കിസ്ഥാന്‍ ഏകാധിപത്യവും ജനാധിപത്യവും പട്ടാളഭരണവുമെല്ലാം ചേര്‍ന്ന അവിയല്‍ ഭരണ സമ്പ്രദായം പരീക്ഷിക്കുമ്പോഴും ഇന്ത്യ ശക്തമായ ജനാധിപത്യ രീതിയില്‍ തുടരുകയായിരുന്നു. മഹത്തായ ജനാധിപത്യം നിലനിര്‍ത്താന്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്നും ഒഴുക്കിവിടുന്നത്. കേന്ദ്രത്തിലേക്ക് മാത്രമല്ല, സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കുമെല്ലാം ഇതേ പരമ്പരയാണ് നടക്കുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ജനാധിപത്യത്തെയാണ് ചിലര്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സമകാലികമായ വാര്‍ത്തകള്‍ ശ്രദ്ധിച്ചു നോക്കുക. ലോക്പാല്‍ ബില്‍ കരട് സമിതിയില്‍ ആളുവേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അത് അനുവദിച്ചു കൊടുത്തപ്പോള്‍ തങ്ങളുടെ ആവശ്യങ്ങളുള്ള അതേ ബില്‍ തന്നെ പാസ്സാക്കിയേ പറ്റൂ എന്നായി അടുത്ത ആവശ്യം. നാലോ അഞ്ചോ പേര്‍ ചേര്‍ന്നുണ്ടാക്കുന്ന അജണ്ട കണ്ണും പൂട്ടി സ്വീകരിക്കാനാണെങ്കില്‍ കോടിക്കണക്കിന് ആളുകള്‍ ബാലറ്റുപെട്ടിയില്‍ ആത്മവിശ്വാസത്തോടെ ചെയ്തിട്ട വോട്ടുകള്‍ക്ക് എന്താണ് വില? പാര്‍ലമെന്റിലേക്ക് കോട്ടും സൂട്ടുമണിഞ്ഞ് തീവണ്ടി കയറിയ ജനപ്രതിനിധികളുടെ നിലവാരം എന്താണ്?
ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധികള്‍ക്ക് നിരവധി കുറ്റങ്ങളും കുറവുകളുമുണ്ടാകുമായിരിക്കും. എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും അവര്‍ ജനങ്ങളുടെ പ്രതിനിധികളാണ്. പൗരസമിതി എന്നൊരു പേരുണ്ടെങ്കില്‍ മാത്രം അവര്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്ന സമിതിയാകുമോ? അണ്ണാ ഹസാരെയും കിരണ്‍ബേദിയും ഭൂഷണ്‍ കുടുംബങ്ങളുമൊക്കെ മാത്രം ചേര്‍ന്ന് ഇന്ത്യയുടെ ഭരണഘടനയേയും പാര്‍ലമെന്റിനേയും വെല്ലുവിളിക്കണമോ എന്ന ചോദ്യത്തിന് അതിന് അനുവദിക്കരുത് എന്ന് ഉത്തരം പറയുന്നിടത്താണ് ജനാധിപത്യം നിലനില്‍ക്കുക. അല്ലെങ്കില്‍ അവിയല്‍ ഭരണം നടത്താനുള്ള കെല്‍പ് പോലും ഇന്ത്യാ മഹാരാജ്യത്ത് അവശേഷിച്ചെന്ന് വരില്ല.
നമ്മുടെ രാജ്യം അഴിമതി രഹിതമാകണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരുമൊക്കെ അഴിമതിയില്‍ നിന്നും മുക്തരാകണം. ആരെങ്കിലും അഴിമതി നടത്താനുള്ള കാര്യങ്ങള്‍ ചിന്തിക്കുമ്പോഴേക്കും അവര്‍ പിടിയിലാകണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുമില്ല. എന്നുകരുതി നടക്കാത്ത കാര്യങ്ങള്‍ സ്വപ്നം കണ്ടിട്ട് കാര്യവുമില്ലല്ലോ. നടക്കുന്ന കാര്യങ്ങളെ കുറിച്ച് പാര്‍ലമെന്റ് കൂലങ്കുശമായി ചര്‍ച്ച ചെയ്ത് നിയമം പാസ്സാക്കിയിട്ടുണ്ട്. നിയമം ഇല്ലാത്തതല്ലല്ലോ ലോകത്തിലെ കുഴപ്പങ്ങള്‍ക്ക് കാരണം.
പാര്‍ലമെന്റാണ് നിയമ നിര്‍മാണ സഭ. അല്ലാതെ ജന്തര്‍മന്ദിറിലേയും രാംലീല മൈതാനത്തേയും പുല്‍മേടുകളിലും തണലിടങ്ങളിലുമിരുന്ന് ആര്‍ക്കെങ്കിലും തോന്നുന്ന കുറേ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ആരും ജനാധിപത്യമെന്ന് വിളിക്കാറില്ല.
രാഷ്ട്രീയക്കാരുടെ വമ്പും കൊമ്പും സഹിക്കാത്തതുകൊണ്ടാകാം അണ്ണാ ഹസാരെ പറയുന്നതിന്റെ ശരിയായ അര്‍ഥം മനസ്സിലാകുന്നില്ലെങ്കിലും കുറേപേര്‍ അദ്ദേഹത്തിന് പിറകിലുണ്ട്. കുറേകാലമായി സഹിക്കേണ്ടി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് ഒരു പണികൊടുക്കണം എന്നും നാട്ടുകാരില്‍ ചിലരൊക്കെ ചിന്തിച്ചിട്ടുണ്ടാകണം. അവരായിരിക്കണം ജനലോക്പാല്‍ വന്നാലും ഇല്ലെങ്കിലും നിരാഹാര സത്യാഗ്രഹം കെങ്കേമമാക്കാന്‍ ചെണ്ടയും കുഴലുമായി പന്തലില്‍ ആടിപ്പാടുന്നത്. എല്ലാം ആഘോഷമാക്കുന്ന കാലത്ത് അണ്ണയുടെ നിരാഹാരവും ആഘോഷമായില്ലെങ്കിലേ അത്ഭുതമുള്ളു.
കള്ളപ്പണം സര്‍ക്കാര്‍ തിരികെപ്പിടിച്ചാല്‍ ഇന്ത്യ സ്വര്‍ഗ്ഗരാജ്യമാകുമെന്നാണ് അണ്ണാ ഹസാരെയെ പിന്തുണക്കുന്നവര്‍ കരുതിവെച്ചിരിക്കുന്നത്. ചെണ്ടയും കൊണ്ട് ആടിപ്പാടുന്നവരെ ഇങ്ങനെയാണ് ആരൊക്കെയോ ചേര്‍ന്ന് ധരിപ്പിച്ചിരിക്കുന്നത്.
അണ്ണാ അനുകൂലികള്‍ ഫേസ് ബുക്കില്‍ പ്രചരിപ്പിക്കുന്ന ഒരു സുന്ദര മനോഹര മനോജ്ഞ വാക്യമിതാ: 'നിങ്ങള്‍ക്കറിയോ, കള്ളപ്പണം തിരികെപ്പിടിച്ചാല്‍ എന്താണുണ്ടാവുകയെന്ന്. 1456 ലക്ഷം കോടി രൂപ ഇന്ത്യയില്‍ മടങ്ങിയെത്തും. അതോടെ ഇന്ത്യ സാമ്പത്തികമായി ഒന്നാം സ്ഥാനത്തെത്തും. ഇന്ത്യയിലെ എല്ലാ ജില്ലകള്‍ക്കും 60000 കോടി രൂപ ലഭിക്കും. ഓരോ ഗ്രാമത്തിനും കിട്ടുക 100 കോടി രൂപ വീതം. അടുത്ത ഇരുപത് വര്‍ഷത്തേക്ക് ആരും നികുതി അടക്കേണ്ടി വരില്ല. പെട്രോള്‍ വില 20 രൂപയാകും. ഡീസലിന് അഞ്ച് രൂപയാകും. പാലിന് വെറും എട്ട് രൂപ. ഈ വിപ്ലവത്തില്‍ നിങ്ങള്‍ നേരിട്ട് പങ്കെടുക്കേണ്ടതില്ല. അണ്ണാ ഹസാരെയെ പിന്തുണച്ചാല്‍ മാത്രം മതി. പത്ത് ഇന്ത്യക്കാര്‍ക്കെങ്കിലും ഈ സന്ദേശം അയച്ചുകൊടുത്താല്‍ മതി. നല്ലൊരു ഇന്ത്യക്കും ഭാവിക്കും വേണ്ടി ഞാന്‍ ആ കാര്യം പ്രവര്‍ത്തിച്ചിരിക്കുന്നു. ജയ്ഹിന്ദ്.' ഈജിപ്തിലും തുണീഷ്യയിലും ഈജിപ്തിലുമൊക്കെ നടന്ന മുല്ലപ്പൂ വിപ്ലവത്തിന്റേയും ബഹറൈനിലെ മുത്ത് വിപ്ലവത്തിന്റേയുമൊക്കെ ചുവടുപിടിച്ചാണ് ഇന്ത്യയില്‍ ഹസാരെ വിപ്ലവത്തിന് ശ്രമം നടത്തുന്നത്. ഫേസ് ബുക്കിലും ടെലിവിഷന്‍ ചാനലുകളിലും നിറഞ്ഞു നിന്ന് ജനമനസ്സുകളിലേക്ക് അരാഷ്ട്രീയവാദം കടത്തിവിടാനാണ് ഇതിനു പിറകിലുള്ളവര്‍ ശ്രമിക്കുന്നത്.
അണ്ണാ ഹസാരെയെ കുറ്റപ്പെടുത്താനാവില്ല. അദ്ദേഹം നിഷ്‌കളങ്കനാണ്. മഴയും വെള്ളവും കിട്ടാതെ വലഞ്ഞ ഗ്രാമത്തെ ജലസമൃദ്ധവും കൃഷിയിടവുമാക്കി മാറ്റിയ മനുഷ്യനാണ് അദ്ദേഹം. ആളുകള്‍ വെറുതെ അഭിപ്രായം പറഞ്ഞും വിമര്‍ശനമുന്നയിച്ചും നേരംകൊല്ലുമ്പോള്‍ അണ്ണാഹസാരെ പ്രവര്‍ത്തിച്ചു കാണിക്കുകയായിരുന്നു. പണ്ടൊരു ഗാന്ധിയുണ്ടായിരുന്നു എന്ന് പാഠപുസ്തകത്താളില്‍ നിന്നുമാത്രം മനസ്സിലാക്കിയ ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് പുതിയൊരു ഗാന്ധിയെ നേരില്‍ കാണാന്‍ കഴിഞ്ഞു. ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയിലെ തിരക്കിട്ട നടത്തം പാസ്സാക്കുന്ന അര്‍ധ നഗ്നനായ ഫക്കീറിനു പകരം നല്ല വേഷം ധരിച്ച് തലയില്‍ തൊപ്പിവെച്ച് നിശ്ചയദാര്‍ഢ്യത്തോടെ സംസാരിക്കുന്ന പുതിയ ഗാന്ധിയുണ്ടായി.
തന്നെ പോലെ ആത്മാര്‍ഥമായും നിഷ്‌കളങ്കമായും പ്രവര്‍ത്തിക്കുന്ന കുറേ പേരാണ് തനിക്കു ചുറ്റും ഉള്ളത് എന്നായിരിക്കണം നിഷ്‌കളങ്കനായ അണ്ണാ ഹസാരെ ചിന്തിക്കുന്നുണ്ടാവുക. അത്രയൊന്നും നിഷ്‌കളങ്കമല്ലാത്ത ചില ലക്ഷ്യങ്ങളുള്ളവര്‍ തന്നെ ചുറ്റിക്കറങ്ങുന്ന കാര്യം അദ്ദേഹം ആലോചിക്കുന്നുപോലുമുണ്ടാവില്ല. നിരാഹാരവും ജയിലും ഹസാരെക്ക്, നേട്ടവും ഗുണവും തങ്ങള്‍ക്ക് എന്നതാണ് അത്തരക്കാരുടെ മുദ്രാവാക്യം.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചാല്‍ ലാഭം നേടാന്‍ കഴിയുന്ന ആരെങ്കിലുമൊക്കെ അണ്ണാ ഹസാരെയുടെ സമരം തീവ്രമാക്കുന്നതിന് പിറകിലുണ്ടാകാന്‍ സാധ്യതയുണ്ട്. തുണീഷ്യയിലും ഈജിപ്തിലും നടന്നത് ഇന്ത്യയിലും നടക്കുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലുമൊക്കെ ലാഭങ്ങള്‍ ഉണ്ടായിരിക്കണം. പാവം ഹസാരെക്ക് ഇത് മനസ്സിലാകില്ല. എന്നുകരുതി കൊമ്പും കുഴലും വിളിച്ചൂതി ആഹ്ലാദം പ്രകടിപ്പിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നവരില്ലാതിരിക്കില്ലല്ലോ. നിരാഹാരം കിടക്കുന്ന ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പാട്ടുപാടി കൂട്ടുകൂടുന്നതാണ് രാജ്യസ്‌നേഹമെന്ന് ചിലര്‍ കരുതി വെച്ചിരിക്കുന്നു. അവര്‍ക്കാകട്ടെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യവും കൊടുക്കുന്നുണ്ട്. ജന്ദര്‍മന്ദറിലും രാംലീല മൈതാനത്തും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ നാട് നന്നാവുമെന്നാണ് പാവങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നത്. അവരറിയുന്നില്ലല്ലോ, തങ്ങള്‍ ആരുടേയോ കൈകളിലെ ചരടില്ലാ പാവകളാണെന്നോ. ആരോ എഴുതിയ തിരക്കഥയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കുന്ന പാവം അഭിനേതാക്കള്‍. അപ്രധാന വേഷങ്ങളില്‍ അവര്‍ മറഞ്ഞു പോകുമ്പോള്‍ ചിലര്‍ നേടാനുള്ളത് നേടും. അങ്ങനെ സംഭവിച്ചാല്‍ ശാശ്വതമായ നഷ്ടം സംഭവിക്കുക നമ്മുടെ നാടിന് മാത്രമായിരിക്കും, ഫലം കാത്തിരിക്കുന്നുണ്ട്. അതിന്റെ കെടുതികള്‍ ദൂരവ്യാപകമായിരിക്കുമെന്ന് മാത്രം.

വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
21-08-2011

അഭിപ്രായങ്ങള്‍

  1. മാധ്യമം പത്രത്തില്‍ ഹസാരെയേ പറ്റി ഒരു എസ്സെ ഉണ്ടായിരുന്നു .. ദുരൂഹമായ ഒരു കഥാപാത്രമാണ് ഹസാരെ എന്ന് ..
    കലാപങ്ങളും , സ്ഫോടനങ്ങളും നടക്കുമ്പോള്‍ എവിടെയായിരുന്നു ഈ ഗാന്ധി ..?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍