ശരിക്കും മാണിക്യക്കല്ല്


പഴയൊരു കഥയാണ്, രണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കഥ
തലശ്ശേരി നഗരത്തിലൂടേയും കടല്‍ത്തീരത്തു കൂടെയും കുതിരവണ്ടിയില്‍ സഞ്ചരിച്ച ഒരു മനുഷ്യനുണ്ടയിരുന്നു. എഡ്വേര്‍ഡ് ബ്രണ്ണന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നാട്ടുകാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ ബ്രണ്ണന്‍ സായ്പ് എന്നുവിളിച്ചു.
കുതിര വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്ക് മധുര മിഠായികളും പണവും അദ്ദേഹം നല്കി. തലശ്ശേരിയിലെ പാവങ്ങള്‍ക്ക് അദ്ദേഹത്തെ ജീവനായിരുന്നു; അദ്ദേഹത്തിന് തിരിച്ചും.
ഈ കഥയുടെ തുടക്കം ഇവിടെയൊന്നുമല്ല. അങ്ങ് ലണ്ടനിലാണ്. 1784ലാണ് എഡ്വേര്‍ഡ് ബ്രണ്ണന്‍ ലണ്ടനില്‍ ജനിച്ചത്. 1810ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈന്‍ സര്‍വീസസിലേക്ക് മാറ്റം കിട്ടി കപ്പലില്‍ കേബിന്‍ ബോയ് ആയി. അക്കാലത്താണ് ബ്രണ്ണന്‍ ജോലി ചെയ്തിരുന്ന കപ്പല്‍ തലശ്ശേരിക്ക് സമീപം അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. തലശ്ശേരി തീരത്തെ മീന്‍പിടുത്തക്കാരാണ് ബ്രണ്ണനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.
തലശ്ശേരിയിലെത്തിയതോടെ ബ്രണ്ണന്റെ ജീവിതവും തലശ്ശേരിയുടെ ചരിത്രവും മാറിമറിഞ്ഞു. തലശ്ശേരിയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ മാറ്റം കുറിച്ച പേരായി മാറി എഡ്വേര്‍ഡ് ബ്രണ്ണന്റേത്.
ജീവന്‍ തിരിച്ചു കിട്ടിയ തീരത്തിന് അദ്ദേഹം നല്‍കിയത് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന ഒരു സമ്മാനമായിരുന്നു. നാട്ടുകാരുടെ മക്കള്‍ക്ക് സൗജന്യമായി ഇംഗ്ലീഷ് പഠിക്കാനുള്ള വിദ്യാലയം. പിന്നീടത് വളര്‍ന്ന് ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കോളെജുമൊക്കെ മാറിയത് ചരിത്രം. ബ്രണ്ണന്റെ നാമധേയത്തില്‍ സ്‌കൂളായി തലശ്ശേരി നഗരമധ്യത്തിലും കോളെജായി ധര്‍മടത്തും അത് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
രണ്ടാം ജീവിതം കിട്ടിയ തീരത്തു നിന്നും പിന്നീടൊരിക്കലും അദ്ദേഹം മടങ്ങിപ്പോയില്ല. മരണം എഡ്വേര്‍ഡ് ബ്രണ്ണനെ എക്കാലത്തേക്കും തലശ്ശേരിക്കാരനാക്കി. തലശ്ശേരി കടലിന് വിളിപ്പാടകലെ പഴയ ഇംഗ്ലീഷ് ചര്‍ച്ചിലെ സെമിത്തേരിയിലാണ് ബ്രണ്ണന്റെ ശവകുടീരമുള്ളത്. സ്‌കൂളിനും സാമൂഹ്യസേവനത്തിനും നീക്കിവെച്ചതില്‍ ബാക്കിയുള്ള പണം കൊണ്ട് ബ്രണ്ണന്‍ തന്നെ പണിതതാണ് ഈ ചര്‍ച്ചും.

കഥയില്‍ വഴിത്തിരിവുണ്ടാക്കിയ കപ്പലപകടം
തലശ്ശേരിയിലെത്തിയ ബ്രണ്ണന് മദിരാശി ഗവണ്‍മെന്റ് സ്റ്റൈപ്പന്റായി മാസത്തില്‍ 100 രൂപ അനുവദിച്ചു. 1824ല്‍ തലശ്ശേരി പോര്‍ട്ട് ഓഫിസില്‍ മാസ്റ്റര്‍ അറ്റന്‍ഡറായി നിയമിക്കപ്പെട്ട ബ്രണ്ണന്‍ നീണ്ട 35 വര്‍ഷക്കാലം ഈ ജോലിയില്‍ തുടര്‍ന്നു.
തന്റെ കര്‍മമണ്ഡലം തലശ്ശേരിയാണെന്ന് തിരിച്ചറിഞ്ഞ ബ്രണ്ണന്‍ സായ്പ് ജോലി ചെയ്ത് ബാക്കി സമയം വെറുതെ കളയാന്‍ മെനക്കെട്ടില്ല. പകരം 1846ല്‍ ടെലിച്ചറി സാധുജന ഫണ്ട് എന്ന പേരില്‍ 3000 രൂപയുമായി സാമൂഹ്യ സേവനം ആരംഭിച്ചു. പിന്നീട് 27000 രൂപയും കൂടി അതോടൊപ്പം കൂട്ടിച്ചേര്‍ത്ത് ബ്രണ്ണന്‍ എന്‍ഡോവ്‌മെന്റാക്കി മാറ്റി. തലശ്ശേരിയിലെ സാധു ജനങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഈ തുക ഉപയോഗപ്പെടുത്തിയത്. തന്റെ അവസാന കാലത്ത് ജീവിത സമ്പാദ്യമായിരുന്ന ഒന്നര ലക്ഷം രൂപ തലശ്ശേരി കുട്ടികള്‍ക്ക് വര്‍ണഭേദങ്ങള്‍ക്കതീതമായി ആധുനിക രീതിയില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാനും ഒരു ആശുപത്രി സ്ഥാപിക്കാനുമായി നീക്കിവെച്ചു. എഡ്വേര്‍ഡ് ബ്രണ്ണന്‍ തന്റെ വില്‍പത്രത്തില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തു.
1859ല്‍ ബ്രണ്ണന്‍ സായ്പ് മരണപ്പെട്ടു. 1861ലാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള സൗജന്യ വിദ്യാഭ്യാസത്തിനുള്ള സ്‌കൂള്‍ സ്ഥാപിച്ചത്. 1866ല്‍ ബാസല്‍ ജര്‍മന്‍ മിഷന്‍ സ്‌കൂളുമായി സംയോജിപ്പിച്ച ഈ വിദ്യാലയം 1868ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. 1871ല്‍ ബാസല്‍ മിഷന്‍ സ്‌കൂളിന്റെ നടത്തിപ്പ് കയ്യൊഴിഞ്ഞു. 1883ല്‍ ജില്ലാ ഗവണ്‍മെന്റ് സ്‌കൂളായി മാറിയ ഈ വിദ്യാലയം 1884ല്‍ തലശ്ശേരി നഗരസഭ ഏറ്റെടുത്തു. പത്ത് വര്‍ഷത്തിനു ശേഷം ബ്രണ്ണന്‍ കോളെജ് ആയി വളര്‍ന്ന വിദ്യാലയം കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലുള്ള ആദ്യത്തെ കോളെജായിരുന്നു. 1949ല്‍ കോളെജില്‍ നിന്നും വേര്‍പെടുത്തിയ സ്‌കൂളിനെ ചിറക്കരയിലേക്ക് മാറ്റിയെങ്കിലും 1958ല്‍ കോളെജ് ധര്‍മടത്തേക്ക് പോയതോടെ പഴയ കെട്ടിടത്തിലേക്ക് തിരിച്ചെത്തി.

ചരിത്രം വഴി മാറുന്നു
സ്‌കൂളിന്റെ ചരിത്രം തലശ്ശേരിയുടെ വിദ്യാഭ്യാസ ചരിത്രം കൂടിയായിരുന്നു. പക്ഷേ, കാലം മാറിയപ്പോള്‍ ബ്രണ്ണന്‍ 'പഠിക്കാത്തവരുടെ' മാത്രം വിദ്യാലയമായി. അടുത്തുള്ള മറ്റു സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും എട്ടാം ക്ലാസിലേക്കും പ്രവേശ പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുത്ത് എസ് എസ് എല്‍ സിക്ക് മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ 'ആര്‍ക്കും വേണ്ടാത്ത' കുറേ കുട്ടികളുടെ കേന്ദ്രമായി ബ്രണ്ണന്‍. കുറേക്കൊല്ലം തോറ്റ് തോറ്റ് സ്‌കൂള്‍ വിട്ടുപോകുന്നവര്‍ മാത്രമായി അവിടുത്തെ വിദ്യാര്‍ഥികള്‍. എസ് എസ് എല്‍ സിയുടെ വിജയശതമാനം കുറഞ്ഞ് കുറഞ്ഞ് പിന്നീട് കുറയാനില്ലാത്ത വിധം പൂജ്യത്തിലേക്ക് താഴ്ന്നു.
പൂജ്യന്മാരുടെ കൂട്ടമായി ബ്രണ്ണന്‍ താഴേക്ക് വീണതോടെയാണ് തലശ്ശേരിക്കാരുടെ പഴയ ബ്രണ്ണന്‍ സായ്പിനോടുള്ള സ്‌നേഹവും ബഹുമാനവും സടകുടഞ്ഞെഴുന്നേറ്റത്. എല്ലാവരേയും സൗജന്യമായി പഠിപ്പിക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ മാറ്റിവെച്ച ഒരു വലിയ മനുഷ്യന്‍ തലശ്ശേരിയെ സ്‌നേഹിച്ചതു പോലെ തലശ്ശേരിക്കാരും അദ്ദേഹത്തിന് തിരിച്ചു നല്കാന്‍ തയ്യാറായി. അങ്ങനെ കൂട്ടായ്മ രൂപപ്പെട്ടു. അധ്യാപകരുടെ, രക്ഷകര്‍ത്താക്കളുടെ, പൂര്‍വ്വ വിദ്യാര്‍ഥികളുടെ, നല്ലവരായ തലശ്ശേരിക്കാരുടെ കൂട്ടായ്മ... ആ കൂട്ടായ്മ ബ്രണ്ണന് പുതിയ ചരിത്രം രചിച്ചു. രാത്രിയും പകലുമില്ലാതെ കുട്ടികളെ പഠിപ്പിച്ചു. രക്ഷിതാക്കളും സംഘാടക സമിതിയും മാറിമാറി കുട്ടികള്‍ക്ക് കൂട്ടുനിന്നു. നേരവും കാലവുമില്ലാതെ പഠിപ്പിക്കാന്‍ അധ്യാപകര്‍ തയ്യാറായി. ഒരു സമൂഹം മുഴുവന്‍ തങ്ങളുടെ കൂടെയുണ്ടെന്നറിഞ്ഞപ്പോള്‍ പഠിപ്പില്‍ ഏറ്റവും പിറകിലായിരുന്ന കുട്ടിപോലും ആഞ്ഞുപിടിച്ചു. അങ്ങനെ... അങ്ങനെ.... പൂജ്യത്തില്‍ നിന്ന് ബ്രണ്ണന്റെ വിജയശതമാനം നൂറിലേക്കെത്തി. അപ്പുറത്തേയും ഇപ്പുറത്തേയും സ്‌കൂളുകള്‍ പ്രവേശ പരീക്ഷ നടത്തി അരിച്ചെടുത്ത കുട്ടികളെ എസ് എസ് എല്‍ സിക്ക് ജയിപ്പിച്ച് വലിയ മേനി നടിച്ചപ്പോള്‍ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മുഴുവന്‍ പഠിപ്പിച്ച് ജയിപ്പിച്ച് ബ്രണ്ണന്‍ ഹൈസ്‌കൂള്‍ മാതൃക കാണിച്ചു. എഡ്വേര്‍ഡ് ബ്രണ്ണനെന്ന മഹാനോട് നന്ദി കാണിച്ചു.
വിജയ ശതമാനത്തിലെ തിളക്കം ബ്രണ്ണന് ഹയര്‍ സെക്കന്‍ഡറിയിലേക്ക് വഴി തുറന്നുകൊടുത്തു. താഴേ ക്ലാസ്സുമുതല്‍ ആരംഭിക്കാനുള്ള അനുമതി ലഭിച്ചു; കൂടെ ഇംഗ്ലീഷ് മീഡിയവും. ഒരുകാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന ബ്രണ്ണന്‍ സ്‌കൂളില്‍ ഒരു സീറ്റ് കിട്ടാനുള്ള പിടിവലിയായി.

മാണിക്യക്കല്ല്
ഈയ്യിടെ മലയാളത്തില്‍ ഒരു സിനിമ പുറത്തിറങ്ങി. എന്‍ മോഹനന്‍ രചനയും സംവിധാനവും നിര്‍വഹിച്ച, പൃഥ്വിരാജ് നായകനായ മാണിക്യക്കല്ല്. ബ്രണ്ണന്‍ സ്‌കൂളിന്റെ കഥയാണ് സിനിമാ ഭാഷ്യം രചിച്ച് വെള്ളിത്തിരയിലെത്തിയത്. ഒരു വിദ്യാലയം എങ്ങനെ ഒരു നാടിന്റെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടത്തുന്നുവെന്ന് ബ്രണ്ണന്‍ കാണിച്ചു തരുന്നു.
തലശ്ശേരി കോട്ടക്കു പിറകിലെ നവീകരിച്ച ഇംഗ്ലീഷ് ചര്‍ച്ചിന്റെ സെമിത്തേരിയിലെ കല്ലറയ്ക്കുള്ളില്‍ ബ്രണ്ണന്‍ സായ്പിന്റെ മൃതദേഹത്തിന്റെ പൊടിപോലും ചിലപ്പോള്‍ ബാക്കിയുണ്ടാവില്ല. പക്ഷേ, ആ മനുഷ്യന്‍ നട്ടുനനച്ച വലിയൊരു വിദ്യാലയം നഗരമധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

വര്‍ത്തമാനം ആഴ്ചപ്പതിപ്പ്
17-07-2011

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍