മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും


മഴയാണത്രെ മണ്ണിലും മനസ്സിലും. കനത്തു പെയ്യുന്ന മഴയെ കുറിച്ച് ആരാണ് പറഞ്ഞത്? കരഞ്ഞു പെയ്യുന്ന മഴയെ കുറിച്ച് പറഞ്ഞത് അശ്രഫ് ആഡൂരാണ്.
'മഴ ചെരിഞ്ഞ് വീഴുകയാണ്. ഇളംകാറ്റില്‍ ഇളകിയാടുന്ന മഴനാരുകള്‍ അറ്റുപോയ പട്ടത്തിന്റെ നൂല് പോലെ പിടയ്ക്കുകയാണ്. ആകാശം കറുത്തിട്ടുണ്ട്. കരിമേഘങ്ങള്‍ ആട്ടിന്‍ പറ്റങ്ങളെപ്പോലെ മെല്ലെ മെല്ലെ ചന്തത്തില്‍ നീങ്ങുന്നു. എന്നാവും അവയുടെ പനിനീര്‍ക്കുടം ഉടയുക... മഴക്കുഞ്ഞുങ്ങള്‍ പിറക്കുക...' (കരഞ്ഞുപെയ്യുന്ന മഴ).
കറുത്തിരുണ്ട ആകാശവും പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളുമൊക്കെ മലയാളിക്ക് സുപരിചിത ദൃശ്യങ്ങളാണ്. ജൂണ്‍ പിറക്കുന്നതോടെ, സ്‌കൂള്‍ തുറക്കുമെന്നും മഴ പെയ്തിറങ്ങുമെന്നും അറിയാത്തവര്‍ ആരാണുള്ളത്? പെയ്തിറങ്ങിയ മഴത്തുള്ളികള്‍ക്കിടയിലൂടെ നനഞ്ഞ വസ്ത്രങ്ങളുമായി സ്‌കൂളില്‍ പോകാത്തവര്‍ ആരാണുണ്ടാവുക? മഴ മലയാളിയുടെ ഗൃഹാതുരമായ സ്മരണയാണത്.
*** **** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ആകാശത്തു നിന്നും പെയ്തിറങ്ങുന്ന അനുഗ്രഹ വര്‍ഷം. മഴയെ കുറിച്ച് കേള്‍ക്കുന്ന ഓരോ അനുഗ്രഹ വാക്കുകള്‍ക്കിടയിലും ഓര്‍മ്മയിലെത്താറുള്ള ഒരു കഥയുണ്ട്. നസറുദ്ദീന്‍ ഹോജയുടെ പ്രശസ്തമായ കഥ. ആ കഥ ഇങ്ങനെയായിരുന്നു:
ഒരു ദിവസം മഴ പെയ്യുന്നതും നോക്കി ഹോജ വീട്ടിനു മുമ്പില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ഹോജയുടെ അയല്‍വാസി മഴയത്ത് നനഞ്ഞൊലിച്ച് വീട്ടിലേക്ക് ഓടുന്നതുകണ്ടത്. ഉടന്‍ വന്നു ഹോജയുടെ പ്രതികരണം: 'സുഹൃത്തേ നീയെന്താണിങ്ങനെ ഓടുന്നത്. മഴ അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് അറിഞ്ഞൂകൂടേ? താങ്കള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്നും ഓടിയൊളിക്കുകയാണോ?'
പാവം അയല്‍ക്കാരന്‍. ഹോജ പറഞ്ഞതു കേട്ടതോടെ മഴ മുഴുവന്‍ നനഞ്ഞ് സാവകാശത്തില്‍ വീട്ടിലേക്ക് നടന്നുപോയി.
മറ്റൊരു ദിവസം മഴ പെയ്തപ്പോള്‍ അയല്‍വാസി വീട്ടിനുമുമ്പിലും ഹോജ മഴയത്തുമായിരുന്നു. മഴയില്‍ വീട്ടിലേക്ക് ഓടുകയായിരുന്ന ഹോജയോട് അയല്‍വാസി ചോദിച്ചു: 'ഹോജാ, മഴ അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് പറഞ്ഞ താങ്കളിപ്പോള്‍ മഴയില്‍ നിന്നും ഓടിയൊളിക്കുകയാണോ?'
ഉരുളക്കുപ്പേരിയായിരുന്നു ഹോജയുടെ മറുപടി: 'സുഹൃത്തേ, അല്ലാഹുവിന്റെ അനുഗ്രഹം കൂടുതല്‍ കൂടുതല്‍ ലഭിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഓടുന്നത്. നടന്നാല്‍ അത് കിട്ടുന്നത് കുറയുമല്ലോ?'
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

മലയാള സാഹിത്യത്തില്‍ മഴ കടന്നുവരുന്ന നിരവധി കഥകളും കവിതകളുമുണ്ട്. മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട അവസ്ഥയാണല്ലോ മഴ. അതുകൊണ്ടുതന്നെ മഴ പറയാതെ ഒരു കഥയെങ്കിലും എഴുതാതിരിക്കാനാവില്ല കഥാകൃത്തുക്കള്‍ക്ക്.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി പത്മനാഭന്റെ ഭാവിയിലേക്ക് എന്ന കഥയില്‍ ഇങ്ങനെ പറയുന്നു:
'കഴിയുന്ന വേഗത്തില്‍ വെളിയിലെത്താന്‍ ആളുകള്‍ ബദ്ധപ്പെടുമ്പോള്‍ ആ കമ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ രാജന്‍ സംശയിച്ചു നില്‍ക്കുകയായിരുന്നു. മഴ അപ്പോഴും പെയ്തുകൊണ്ടിരുന്നു. ആ യുവതി അവിടെത്തന്നെ ഇരിക്കുകയാണ്. രാജന്‍ എന്താണ് പറയേണ്ടത്?
മഴ ഇപ്പോഴൊന്നും തീരുമെന്ന് തോന്നുന്നില്ല.
ആ യുവതി ചിന്തയിലാണ്ടപോലെ കാണപ്പെട്ടു.
അതൊരാവശ്യമാണ്. തപിച്ച ഈ ഭൂമി ജലകണങ്ങള്‍ വീണുകുതിരട്ടെ! എന്നാല്‍ മാത്രമേ പുതിയൊരു ജീവിതത്തിന്റെ പച്ച നാളെ നമുക്കിവിടെ കാണുവാന്‍ കഴിയുകയുള്ളു.'

മലയാളിയുടെ ജീവിതത്തില്‍ മാത്രമല്ല കഥയിലും കവിതയിലുമൊക്കെ മഴ, പെയ്യുന്നതുപോലെ പ്രത്യക്ഷപ്പെടാറുണ്ട്. മഴക്കഥകളും മഴക്കവിതകളും ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. ചിലപ്പോള്‍ ആഞ്ഞുപെയ്യുന്ന മഴ, മറ്റു ചിലപ്പോള്‍ ചാറിപ്പോകുന്ന മഴ, വേറെ ചിലപ്പോള്‍ പനിനീര്‍ കുടയുന്നതുപോലെ വന്നുകടന്നുപോകും. മഴയ്ക്ക് വിവിധ ഭാവങ്ങളാണ്.
വയനാട്ടില്‍ പഴയ കാലത്ത് മഴ തോരാതെ പെയ്തിരുന്നതായി പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. നൂലൂപോലെ പെയ്തുകൊണ്ടിരിക്കുന്ന മഴ വയനാടിന്റെ മാത്രം പ്രത്യേകതയായിരുന്നു. ആ മഴയൊക്കെ ഇപ്പോള്‍ ഇല്ലാതായി. റോഡിന്റെ ഒരു വശത്ത് മഴ പെയ്യുമ്പോള്‍ മറുവശത്ത് ഒരു തുള്ളിയും വീഴാത്ത കാലമാണിപ്പോള്‍. വയനാടും ഏറെ മാറിപ്പോയിരിക്കുന്നു.

എന്‍ പി മുഹമ്മദിന്റെ ഒരു കഥയുണ്ട്. മുഹമ്മദിന്റെ ജനനം എന്നാണ് അതിന്റെ പേര്. കഥ കാണുക:
'മഴയോട് ചോദിക്ക: ആകാശത്തുനിന്നു കടിച്ചു മുരളുന്നതും കണ്ണീരായി കരയിലും കടലിലും വീഴുന്നതും പുകയായി ആകാശം തേടുന്നതും (പിന്നീട്) മണ്ണിലേക്ക് ഊര്‍ന്നിറങ്ങി കാണാതാവുന്നതും ആരുടെ ശക്തി കൊണ്ടാണ്?
മഴ അല്ലാഹുവെ കീര്‍ത്തിക്കുന്നു.
അവന്‍ പരമകാരുണികനും സര്‍വലോക രക്ഷിതാവുമാകുന്നു.
അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും അഗാധജ്ഞാനമുള്ളവനാകുന്നു.'
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

അടുത്ത കാലത്ത് മലയാള നോവല്‍ സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന പുസ്തകമാണ് ബിന്യാമീന്റെ ആടുജീവിതം. മരുഭൂമിയില്‍ ആടുകളോടൊപ്പം ഒറ്റപ്പെട്ടുപോകുന്ന നജീബ് ഒരു മഴയത്ത് ആഹ്ലാദിക്കുകയാണ്. നജീബിന്റെ അറബിയാകട്ടെ മഴയെ പേടിച്ച് വാഹനവുമായി മസാറ വിട്ടുപോയ്ക്കളയുകയും ചെയ്യുന്നു. മഴ കനത്തു പെയ്ത അന്നുരാത്രിയില്‍ നജീബ് ശരിക്കും ആസ്വദിക്കുകയായിരുന്നു. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലാതിരുന്ന ഒരുവന് മഴ വലിയൊരു പ്രതീക്ഷ നല്കിയതുപോലെ.
മഴത്തുള്ളികള്‍ ദേഹത്തേക്ക് വീണപ്പോഴാണ് നജീബ് അതിന്റെ വേദനയറിയുന്നത്. കുളിച്ചിട്ടും നഖവും മുടിയും മുറിച്ചിട്ടും മാസങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. ശരീരം വെള്ളം കാണാത്ത ദിവസങ്ങള്‍. ആ നാളുകളിലൊന്നിലാണ് മരുഭൂമിയില്‍ മഴ കനത്തു പെയ്തത്. മസാറയ്ക്ക് സമീപം തമ്പില്‍ ഉറങ്ങുകയായിരുന്ന അറബി മഴപെയ്ത്തും ഇടിമിന്നലും കണ്ട് പേടിച്ചു വിറച്ചുപോയി. അയാള്‍ നജീബിനെ ആദ്യമായി പേരുചൊല്ലി വിളിച്ചത് ആ മഴപ്പെയ്ത്തിലെ പേടിയിലായിരുന്നു. തന്റെ തമ്പിലേക്ക് നജീബിനെ വളിച്ചുകയറ്റിയതും ആ മഴയില്‍ മാത്രമായിരുന്നു. എന്നിട്ടും പേടികൂടിയപ്പോള്‍ അയാള്‍ തന്റെ വാഹനവുമായി വീട്ടിലേക്ക് മടങ്ങിപ്പോയ്ക്കളഞ്ഞു.
അന്നുരാത്രി മുഴുവന്‍ നജീബ് മഴയത്ത് ആഹ്ലാദിച്ചു. നജീബ് മാത്രമല്ല, തന്നോടൊപ്പം യാത്രവന്ന സമീപത്തെ മസാറയിലെ മലയാളിയും ആ മഴയെ ആഹ്ലാദത്തോടെയാണ് വരവേറ്റത്. മൂര്‍ദ്ദാവിലേക്ക് ആഞ്ഞുപതിച്ച മഴത്തുള്ളിക്ക് എത്രമാത്രം വേദയുണ്ടാക്കാനാകുമെന്നും നജീബ് അന്നാണറിഞ്ഞത്. ദേഹത്തെ ചെളി മുഴുവന്‍ മഴ കഴുകിക്കളഞ്ഞ രാത്രി.
നജീബിനോടൊപ്പം വായനക്കാരനും അന്നുരാത്രിയിലെ മരുഭൂമഴയില്‍ നനഞ്ഞു കുളിച്ചുപോകും.
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും മികച്ച യാത്രാ വിവരണത്തിനുള്ള 2010ലെ പുരസ്‌ക്കാരത്തിന് അര്‍ഹമായ മരുഭൂമിയുടെ ആത്മകഥയില്‍ വി മുസഫര്‍ അഹമ്മദ് മരുഭൂമിയിലെ മഴയെ കുറിച്ച് മനോഹരമായി വിവരിക്കുന്നുണ്ട്. മലയാളിയുടെ മനസ്സിലുള്ള മഴയല്ല മരുഭൂമിയിലെ മഴ. മലയാളിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിഞ്ഞേക്കില്ല ആ മഴ.
'ഉച്ച കഴിഞ്ഞപ്പോള്‍ മാനത്ത് മഴയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മഴ പെയ്യാന്‍ സാധ്യതയില്ലാത്ത കാലമാണ്. അതിനാല്‍ മാനം വെറുതെ ഇരുളുകയാണെന്ന് തോന്നി. പൊടുന്നനെ അല്‍ നഫൂദ് മരുഭൂമിയില്‍ നിന്ന് സൂര്യവെളിച്ചം അപ്രത്യക്ഷമായി. ആകാശം അതിന്റെ നിഴലുടുപ്പായ മഴയെ തുറന്നുവിട്ടു. അല്‍പ്പം ശക്തമായിത്തന്നെ മഴ പെയ്തു. മരുഭൂമിയുടെ നടുക്ക് നില്‍ക്കുമ്പോള്‍ മഴ കാണുന്നത് ആദ്യമാണ്.
മഴയുടെ ആദ്യ തുള്ളികള്‍ വീണുതുടങ്ങിയപ്പോള്‍ തന്നെ മരുഭൂമി അതിന്റെ വായ തുറന്നുപിടിച്ചു. വെള്ളത്തെ മണല്‍പ്പരപ്പ് വലിച്ചു കുടിക്കാന്‍ തുടങ്ങി. അത്രയും ദാഹിച്ച് കിടക്കുകയായിരിക്കണം മരുപ്രദേശം. 20 മിനുട്ട് പെയ്ത മഴയെ അത് കുടിച്ചു വറ്റിച്ചു. ഒരു തുള്ളി വെള്ളം പോലും പുറത്തുവിടാതെ. നാട്ടില്‍ പുതുമഴയില്‍ പാറ്റകള്‍ പൊടിയുന്നതിനെ ഓര്‍മിപ്പിച്ചുകൊണ്ട് ആ നനവില്‍ വണ്ടുകളെപ്പോലെ തോന്നിച്ച ചില പ്രാണികള്‍ പാറി നടന്നു. തേളുകള്‍ നനഞ്ഞ മണലില്‍ കുഴിച്ച് ഒളിച്ചു താമസിക്കാനുള്ള വീടുകള്‍ പണിതുകൊണ്ടിരുന്നു.
ഏറെ നാളത്തെ ചൂടും വിയര്‍പ്പും തുടച്ചുമാറ്റി അല്‍ രജാജിലെ കല്ലുകളും ആ മഴയില്‍ കുളിച്ചു തണുത്തു. ഇനി ഒരു മഴ വരുംവരെ അവയ്ക്ക് കുളിക്കാനാവില്ല. കുളിച്ചൊരുങ്ങി പുറത്തേക്ക് നടക്കാന്‍ അവ തയ്യാറെടുക്കുകയാണോ എന്ന് തോന്നിച്ചു. ഇല്ല, അവയ്ക്ക് ചലിക്കാനാവില്ല. മരുഭൂമിയില്‍ പൂണ്ടുനില്‍ക്കുന്നത് തുടരാതെ അവയ്‌ക്കൊന്നും ചെയ്യാനില്ല.' (മരുഭൂമിയുടെ ആത്മകഥ- ഭാഷയില്ലാത്ത വാക്കുകള്‍ എന്ന അധ്യായത്തില്‍ നിന്ന്).
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

'മഴ കത്തി കഴുകി വന്നെന്റെ
മനസ്സിലെ തീയും കെടുത്തി
മരുതലങ്ങളില്‍ മഴത്തുള്ളി വെന്തു
പുഴകളില്‍ കുഞ്ഞുങ്ങള്‍പോല്‍ മഴ തുള്ളുന്നു.
ചുഴികളില്‍ നെഞ്ചിടിപ്പായി
ഞരമ്പുകളില്‍ പെയ്തുതോരുന്നു
മഴ
മരണം
മരുനിലക്കാഴ്ചകള്‍'.
(മഴ- രാഘവന്‍ അത്തോളി)
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

മഴ തോരാതെ പെയ്ത ഒരു വൈകുന്നേരം ഇപ്പോഴും ഓര്‍മയുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പൊരു മഴക്കാലമാണ്. വയനാട്ടിലെ വൈത്തിരിയിലെ മല മുകളില്‍ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞത് അക്കാലത്തെ വര്‍ത്തമാനം വൈത്തിരി ഏജന്റ് കരുണേട്ടനാണ്. മലമുകളിലെ നീലക്കുറിഞ്ഞിയും തേടി തേലിയത്തോട്ടത്തിനു നടുവിലൂടെ ഞാനും അഷറഫ് ചേരാപുരവും മണിക്കൂറുകളോളമാണ് മലമുകളിലേക്ക് നടന്നു കയറിയത്. കോടമഞ്ഞുള്ള ദിവസമായിരുന്നു അത്. മലയിലെ കാട്ടിലെവിടെയോ ഒറ്റക്കൊമ്പന്‍ ഇറങ്ങിയിട്ടുമുണ്ടത്രേ. പക്ഷേ, നീലക്കുറിഞ്ഞി ലക്ഷ്യമാക്കിയുള്ള യാത്രയില്‍ അതൊന്നും തടസ്സമായി തോന്നിയിരുന്നില്ല. ഒടുവില്‍ വഴിതെറ്റി എത്തിയത് വെള്ളച്ചാട്ടത്തിനു നടുവിലാണ്. വഴിയറിഞ്ഞും അറിയാതേയും അവിടുന്ന് വീണ്ടും നീലക്കുറിഞ്ഞി മലയിലേക്ക്. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും നേരം വൈകിത്തുടങ്ങിയിരുന്നു. മാനം കറുത്തിരുണ്ടിരുന്നു. മലയിറങ്ങുമ്പോള്‍, തേയിലത്തോട്ടത്തിന് നടുവിലൂടെ നടക്കുമ്പോള്‍ ആ കര്‍ക്കിടകം മുഴുവന്‍ ഞങ്ങളുടെ മേലേക്ക് തിമിര്‍ത്തു പെയ്തു. നനുത്ത മണ്ണിലെ അട്ടകള്‍ ഞങ്ങളുടെ കാലുകളില്‍ ചോരകുടിച്ചു തടിച്ചു.
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

ഒരു കുടം വെള്ളം
തലയില്‍
ഒന്നിച്ചു കമഴ്ത്തിയാല്‍
മുടിക്കുറ്റി നോവും
ശ്വാസം പിടയ്ക്കും
മൂളിപ്പാട്ടു-
മുറിഞ്ഞൊലിച്ചു
വഴുക്കും.

ആകാശക്കലം
ആരോ
കമഴ്ത്തുന്നുണ്ട്.
അതു
ഇഴകളായ് ചീന്തി
തിരികളായ് വന്നേ
തൊടുകയുള്ളു

ഏറ്റ- വെയിലിനെയെല്ലാം
ഒപ്പിയെടുക്കുന്ന
നനവിന്റെ നൂലുകള്‍
ആരോ
വലിയ വീഴ്ചകളെ
എടുത്തു
തലനാരുവണ്ണം
പകുത്ത്
തലയെടുപ്പില്‍
തൂവല്‍ കനമായി
വച്ചുതരുന്നുണ്ട്.

അകത്തു
മഴയുള്ള
ആരോ.
(മഴയുടെ കനം- വീരാന്‍കുട്ടി)
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

അടുത്ത മഴയുടെ ആരംഭത്തിനു മുമ്പേ കാര്യസ്ഥന്‍ വിവരമറിയിച്ചു. കെട്ടിമേയുന്നില്ലാത്രെ. തന്നെ ചോര്‍ന്നൊലിച്ച് വീഴട്ടെ എന്നാണ് ഏമാന്‍ പറയുന്നത്.
വാടക മുന്‍കൂര്‍ വാങ്ങാന്‍ കാര്യസ്ഥന്‍ മടിച്ചു. അയാള്‍ നിര്‍ബന്ധിച്ച് കൊടുത്തു.
മഴ വന്നു. കാറ്റിന്റെ മൂളക്കം ആദ്യം വയലും കടന്ന് കവുങ്ങുകള്‍ക്കിടയിലൂടെ വന്നു. പിന്നീട് ചാറല്‍ മഴയായി. അതിന് കനംകൂടി. വരുച്ചാലുകളില്‍ മഴവെള്ളം ഒത്തുകൂടി. കവുങ്ങുകളും വാഴകളും കുതിര്‍ന്നുവിറച്ചു.
അകത്തിരിക്കെ ഭീതിയോടെ അയാള്‍ കണ്ടു. പൊളിഞ്ഞ ഭിത്തിയുടെ വിടവിലൂടെ മണ്ണുകുതിര്‍ന്നു ചോര്‍ന്ന മഴവെള്ളം ചോരപോലെ അകത്തേക്ക് കുത്തിയൊഴുകി. ഉടമസ്ഥന്‍ ആഗ്രഹിച്ചപോലെ എല്ലാം തകര്‍ന്ന് നിലം പറ്റുകയാണോ? ഇറയത്തുനിന്ന് വൈക്കുല്‍ പറന്നു. ചുവന്നു കലങ്ങിയ വെള്ളം വിടവിലൂടെ കുത്തിയൊഴുകുന്നു. അയാള്‍ മഴ നനഞ്ഞുനിന്ന് മുറ്റത്തു നിന്ന് മണ്ണുകുഴച്ചെടുത്ത് ഉരുട്ടിക്കൂട്ടി ചുവരിലെ വിടവടച്ചു. മേല്‍പ്പുരയില്‍ നിന്ന് കുത്തിയൊഴുകുന്ന വെള്ളത്തിന് ചുവട്ടില്‍ അടുക്കളയിലെ പാത്രങ്ങള്‍ നിരത്തി. കാറ്റടിച്ചു കയറിയ വെള്ളം തുണിമുക്കി തുടച്ചുകളഞ്ഞു.
മഴയുടെ ഇരമ്പം നിന്നു. കരഞ്ഞു തളര്‍ന്ന കുഞ്ഞിന്റെ രോദനം പോലെ കാറ്റിന്റെ അവസാനത്തെ മൂളലുകള്‍ ബാക്കി നിന്നു.
(അഭയം വീണ്ടും- എം ടി വാസുദേവന്‍ നായര്‍)
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

ചെറുപ്പത്തിലാണ് തറവാട്ടിലെ വലിയ മുറ്റത്ത് നിര്‍ത്താതെ പെയ്യുന്ന മഴ ചെറിയൊരു പുഴയുണ്ടാക്കും. ഒഴുകിപ്പോകുന്ന വെള്ളത്തിലേക്ക് കടലാസു തോണികള്‍ ഇറക്കുമ്പോള്‍ ഭയങ്കര ആവേശമായിരിക്കും. മഴവെള്ളപ്പുഴയില്‍ കുടുങ്ങിപ്പോയ ഉറുമ്പുകള്‍ കടലാസുതോണിയില്‍ കയറി രക്ഷപ്പെടുമെന്ന് വെറുതെ വ്യാമോഹിക്കും. പക്ഷേ, കുറച്ചുദൂരം ഒഴുകിനടക്കുന്ന കടലാസുതോണി നനഞ്ഞു കുതിര്‍ന്ന് വെള്ളത്തില്‍ മുങ്ങും. മഴ തോര്‍ന്ന് വെള്ളം തീരുമ്പോള്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍ കടലാസ് തോണി മുറ്റത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ കിടക്കുന്നുണ്ടാകും.
മനസ്സിന്റെ ഒരു മൂലയില്‍ ഇപ്പോഴും ആ കടലാസ് തോണി കിടക്കുന്നുണ്ടോ? അതില്‍ ഏതെങ്കിലുമൊക്കെ ഉറുമ്പ് പിടിച്ചു കയറി മഴപ്പുഴയില്‍ നിന്ന് രക്ഷപ്പെടുന്നുണ്ടാകുമോ? ബാല്യങ്ങള്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക് ഇതൊക്കെ മനസ്സിലാകുന്നുണ്ടാകുമോ? ആര്‍ക്കറിയാം.
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

മഴ നിര്‍ത്താതെ പെയ്ത് വലയില്‍ വെള്ളം പെരുകി. ഉച്ച കഴിഞ്ഞു. അപ്പോഴും അകലെ പുഴക്കരയില്‍ അവള്‍ നില്‍ക്കുന്നത് അയാള്‍ക്ക് കാണാമായിരുന്നു....
അമ്മാമന്റെ കൈ പിടിച്ച് അവള്‍ ഒതുക്കുകല്ലുകള്‍ കയറി.
ചന്ദ്രികയെ കണ്ട് ലീലയ്ക്ക് സഹിച്ചില്ല. ആകെ നനഞ്ഞു കുതിര്‍ന്നിരുന്നു. സാരിയുടെ അറ്റം നിലത്തു മഴ വെള്ളത്തില്‍ ഇഴയുന്നുണ്ടായിരുന്നു. മുടി അഴിഞ്ഞു കിടന്നിരുന്നു.
നിയ്യെവിടെയായിരുന്നു ഇത്രനേരം?
ചന്ദ്രിക ഒന്നും പറയാതെ അകത്തേക്ക് നടന്നു. അവര്‍ പിറകെ ചെന്നു.
എവിടെ നിന്റെ പുസ്തകം?
കൈയില്‍ പുസ്തകം ഉണ്ടായിരുന്നില്ല. എവിടെ വെച്ചു എന്ന് അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല.
പൊഴക്കരേല് ഇരിക്ക്യാരുന്നു. മഴേത്ത്.
അമ്മാവന്‍ ഷര്‍ട്ടൂരിയിട്ടു. അയാള്‍ തലയില്‍ നിന്നും പിരടിയില്‍ നിന്നും മഴവെള്ളം തോര്‍ത്തുകൊണ്ടു തുടച്ചു.
വിളിച്ചാല് വരേണ്ടേ? പറഞ്ഞാല് കേക്കേണ്ടേ?
(മയ്യഴിപ്പുഴയുടെ തീരങ്ങളില്‍- എം മുകുന്ദന്‍)
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

മഴയനുഭവങ്ങളുള്ള എത്രയോ ഭാഗങ്ങള്‍ ചരിത്രത്തിലുണ്ട്. മഴയെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
അല്ലെങ്കില്‍, അവരുടെ ഉപമ ആകാശത്തുനിന്ന് (ഒഴുകിവരുന്ന) ഒരു പെരുമഴ പോലെയാകുന്നു. അതില്‍ അന്ധകാരങ്ങളും ഇടിയും മിന്നലുമുണ്ട്.
ഇടിവാളുകള്‍ നിമിത്തം മരണത്തെ ഭയന്ന് അവര്‍ (ആ മഴയില്‍ പെട്ടവര്‍) തങ്ങളുടെ വിരലുകളെ തങ്ങളുടെ ചെവിയില്‍ ഇടുന്നു!
അല്ലാഹു അവിശ്വാസികളെ വലയം ചെയ്യുന്നവനാകുന്നു.
(വിശുദ്ധ ഖുര്‍ആന്‍ 2:19)
*** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** ***

നൂഹ് നബിയുടെ കപ്പലിനെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് നിര്‍ത്താതെ പെയ്ത മഴയുമായി ബന്ധപ്പെട്ടാണല്ലോ. പ്രവാചകന്‍ നൂഹ് തന്റെ ജനതയില്‍ വിശ്വസിച്ചവരോട് കപ്പലില്‍ കയറാന്‍ ആജ്ഞാപിക്കുകയും പക്ഷി-മൃഗാദികളില്‍ നിന്ന് ഓരോ ഇണകളെ തന്നോടൊപ്പം കൂട്ടുകയും ചെയ്തു. ഏഴ് രാത്രിയും ഏഴ് പകലും നിര്‍ത്താതെ പെയ്ത മഴ നൂഹ് നബിയുടെ സമുദായത്തിനുള്ള പരീക്ഷണമായിരുന്നു. വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും അവിശ്വാസികളെ ശിക്ഷിക്കുകയും ചെയ്തു അല്ലാഹു ആ മഴയിലൂടെ.
*******************************************************************************

മഴക്കാറുകളില്‍ നിന്നു കുത്തി ഒഴുകുന്ന വെള്ളം (മഴയും) നാം ഇറക്കി.
അതുകൊണ്ടു നാം ധാന്യവും സസ്യവും (ഉത്പാദിപ്പിച്ച്) വെളിക്കു വരുത്തുവാന്‍ വേണ്ടി
ഇടതിങ്ങിയ തോട്ടങ്ങളും (വെളിക്കു വരുത്തുവാന്‍)
(വിശുദ്ധ ഖുര്‍ആന്‍ 78: 14-16)
*******************************************************************************

നിങ്ങള്‍ക്ക് മഴ വര്‍ഷിക്കുന്നവന്‍ ആരാണ്? മേഘങ്ങളില്‍ നിന്നും അവന്‍ ജലം ഇറക്കിയില്ലായിരുന്നെങ്കില്‍ ആരാണ് നിങ്ങള്‍ക്ക് വെള്ളം തരികയെന്ന് അല്ലാഹു ചോദിക്കുന്നുണ്ട്.
*******************************************************************************

കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തില്‍ അമര്‍ന്നു പോകുന്ന എത്രയോ നഗരങ്ങളുണ്ട്. അത്രയും കാലം സുഖമായി ജീവിച്ചിരുന്നവര്‍ പെട്ടെന്നൊരുനാള്‍ മഴ കനത്തു പെയ്യുന്നതോടെ വെള്ളപ്പൊക്കത്തില്‍ ആ നഗരം ജീവിക്കാന്‍ കഴിയാത്ത വിധത്തിലായിത്തീരുന്നു.
മഴ അനുഗ്രഹമാണ്. നമ്മളറിയാതെ നമുക്കു ചുറ്റും പെയ്തുതീരുന്ന അനുഗ്രഹം!

പുടവ വനിതാ മാസിക ജൂലൈ 2011

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍