Sunday, June 12, 2011

അഹമ്മദിന്റെ മകന്‍ സലീം


വെള്ളിത്തിര സ്വപ്നംകണ്ടു നടന്ന ബാലന് ദേശീയ പുരസ്‌ക്കാരം. ബാറ്ററികൊണ്ട് ബള്‍ബ് കത്തിച്ച് അതിനു മുമ്പില്‍ ലെന്‍സും ഫിലിമും വെച്ച് ചുമരിലേക്ക് വെളിച്ചമടിച്ച് സിനിമയാണ് കാണിക്കുന്നതെന്നായിരുന്നു ചെറുപ്പത്തില്‍ അവന്‍ പറഞ്ഞു നടന്നിരുന്നത്. മട്ടന്നൂരിലെ ടാക്കീസുകളായ ആനന്ദിലും പ്രിയയിലും സിനിമ കണ്ട പരിചയം മാത്രമായിരുന്നു അവന് അക്കാലത്ത് സിനിമയോടുള്ള ബന്ധം. ആനന്ദ് ടാക്കീസ് പിന്നീടെപ്പോഴോ സഹീനയായി.
തെരുവുകളില്‍ ഒട്ടിച്ച സിനിമാ പോസ്റ്ററുകളും ആവേശത്തോടെ നോക്കിയ കാലം. ആനന്ദിലും പ്രിയയിലും വരുന്ന സിനിമകള്‍ക്കപ്പുറത്ത് നഗരത്തില്‍, തലശ്ശേരിയിലും കണ്ണൂരിലും കുറേ തിയേറ്ററുകളുണ്ടെന്നും പുതിയ സിനിമകള്‍ അവിടെയാണ് പ്രദര്‍ശനത്തിനെത്തുകയെന്നും അവന്‍ മനസ്സിലാക്കിയത് പിന്നീടായിരുന്നു. അതോടെ സിനിമ തേടിയുള്ള ഓട്ടം തലശ്ശേരിയിലേക്കും കണ്ണൂരിലേക്കുമായി. അവന്‍ പിന്നീട് തന്റെ തട്ടകം എറണാകുളത്തേക്ക് മാറ്റി. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ മോഹത്തിന് ചെറിയ ചെറിയ കാല്‍വെപ്പുകള്‍ വെച്ചു. ഒടുവിലവന്‍ ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുടെ സ്വപ്നങ്ങളായ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്‌ക്കാരവും നേടി. അവനാട് സലീം- അഹമ്മദിന്റെ മകന്‍ സലീം.
ആദാമിന്റെ മകന്‍ അബു എന്ന കന്നിച്ചിത്രത്തിലൂടെ പുരസ്‌ക്കാരങ്ങളുടെ പെരുമഴയാണ് സലീം എന്ന യുവാവിനെ തേടിയെത്തിയത്. അതുവരെ ആരും അറിയാതിരുന്ന സലീം അഹമ്മദ് പെട്ടെന്നൊരുനാള്‍ പ്രശസ്തനായി. അറിയുന്നവരും അറിയാത്തവരും തേടി വരുന്നവനായി. പത്രക്കാര്‍ ഒഴിഞ്ഞ നേരമില്ലെന്നായി.
മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ തായോത്ത് പുതിയ പുരയില്‍ എന്ന ടി പി ഹൗസില്‍ അഹമ്മദിന്റേയും ആസ്യോമ്മയുടേയും ഒന്‍പതു മക്കളിലൊരാളാണ് സലീം അഹമ്മദ്. ചെറുപ്പം മുതലേ സിനിമയായിരുന്നു സ്വപ്നം. കോളെജ് പഠന കാലത്ത് മിമിക്രിയിലായിരുന്നു ഹരം. അങ്ങനെയാണ് കൂട്ടുകാരുമായി ചേര്‍ന്ന് കണ്ണൂര്‍ ചാപ്ലിന്‍സ് ഇന്ത്യ എന്നൊരു മിമിക്രി ട്രൂപ്പ് ഉണ്ടാക്കിയത്. ചാപ്ലിന്‍സ് ഇന്ത്യ അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡുകളുടെ സ്‌ക്രിപ്റ്റ് എഴുതിയത് സലീം തന്നെയായിരുന്നു. ഈ സ്‌ക്രിപ്റ്റുകളുടെ ബലത്തിലാണ് സലീം പിന്നീട് എറണാകുളത്ത് ടെലിവിഷനിലെ കോമഡി പരിപാടികളുടെ സ്‌ക്രിപ്റ്റുകള്‍ എഴുതിത്തുടങ്ങിയത്. സൂര്യാ ടി വിയില്‍ സംപ്രേഷണം ചെയ്തിരുന്ന രസികരാജാ നമ്പര്‍വണ്‍ പോലുള്ളവ സലീം അഹമ്മദിന്റേതായിരുന്നു.
തന്നെ വിവാഹം കഴിക്കുന്ന കാലത്ത് സലീം മിമിക്രിക്കാരനായിരുന്നുവെന്ന് ഭാര്യ മഫീദ ഓര്‍ക്കുന്നു. പതിനൊന്ന് വര്‍ഷം മുമ്പ് വിവാഹം നടക്കുമ്പോള്‍ മഫീദ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ഭര്‍ത്താവിന്റെ സിനിമാ മോഹത്തെ കുറിച്ച് ഉമ്മ പറഞ്ഞുള്ള അറിവുകളാണ് മഫീദയ്ക്കുള്ളത്. ഒരു കാര്യം ഓര്‍മയുണ്ട്. തന്റെ വിവാഹ കാലത്ത് സിനിമാ നടന്‍ റഹ്മാന്റെ ഫാന്‍ ആയിരുന്നു സലീം. മുറിയില്‍ റഹ്മാന്റെ കുറേ ഫോട്ടോകള്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. റഹ്മാനോടൊപ്പം നിന്ന ഫോട്ടോയുണ്ട്. പിന്നീടെപ്പോഴോ ആ ചിത്രങ്ങളെല്ലാം ഇല്ലാതായി.
ദേശീയ പുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് ശേഷം ടി പി ഹൗസില്‍ ആളൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. പത്രങ്ങളായ പത്രങ്ങളില്‍ നിന്നും ചാനലുകളായ ചാനലുകളില്‍ നിന്നും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വരുന്നു. ടെലിഫോണ്‍ നിര്‍ത്താതെ മണിയടിക്കുന്നു. അറിയുന്നവര്‍ മാത്രമല്ല, അറിയാത്തവരും തേടി വരുന്നു. സലീമിന്റെ പുരസ്‌ക്കാര ലബ്ധിയില്‍ സന്തോഷം പ്രകടിപ്പിച്ച് വീട്ടിലെത്തുന്നവരെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനാണ് വീട്ടുകാര്‍ക്കിഷ്ടം. മട്ടന്നൂരില്‍ മുഴുവന്‍ സലീമിന്റെ ഫോട്ടോകള്‍ പതിച്ച വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കലാസമിതികളും സാംസ്‌ക്കാരിക സംഘടനകളുമെല്ലാം സലീം അഹമ്മദിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സുകള്‍ പതിച്ചിട്ടുണ്ട്. പണ്ട്, സിനിമാ പോസ്റ്ററുകളില്‍ നസീറിനേയും ജയനേയും മധുവിനേയും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കണ്ട അതേ കൗതുകത്തോടെ ഇപ്പോള്‍ സലീമാണുള്ളത്.
ടി പി ഹൗസിനു മുമ്പിലുള്ള റോഡിലൂടെ അനൗണ്‍സ്‌മെന്റ് ജീപ്പ് കടന്നു പോകുന്നു. മട്ടന്നൂര്‍ പ്രിയദര്‍ശിനി കലാസംഘത്തിന്റെ വാര്‍ഷിക പരിപാടികളുടെ സമാപനം അനൗണ്‍സ് ചെയ്യുന്ന ജീപ്പില്‍ നിന്നും പുറത്തേക്കു വരുന്നത് മട്ടന്നൂരിന്റെ യശസ്സുയര്‍ത്തിയ, ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലീം അഹമ്മദിന് സ്വീകരണം നല്കുന്നു എന്നാണ്. സ്വന്തം വീട്ടിനു മുമ്പിലൂടെ അനൗണ്‍സ്‌മെന്റ് ജീപ്പ് കടന്നുപോകുമ്പോഴും സലീം അഹമ്മദിനും വീട്ടുകാര്‍ക്കും ഭാവമാറ്റമൊന്നുമില്ല.
ടി പി ഹൗസിലെ താമസം കൂട്ടുകുടുംബമായാണ്. സലീമിന്റെ സഹോദരങ്ങളും അവരുടെ ഭാര്യമാരുമെല്ലാം ഈ വീട്ടില്‍ തന്നെയുണ്ട്. സഹോദരികളെ കെട്ടിച്ചയച്ചിരിക്കുന്നു. സഹോദരങ്ങളില്‍ ചിലര്‍ ഇതിനു ചുറ്റുവട്ടത്തു തന്നെയാണ് വീടെടുത്തിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചുള്ള പ്രതീതി.
അലന്‍ സഹറും അമല്‍ സഹറുമാണ് സലീം അഹമ്മദിന്റെ മക്കള്‍. ബഷീര്‍, റസാക്ക്, ശമീര്‍, സഹീര്‍, മൈമൂനത്ത്, റുഖിയ, സല്‍മ, സനീറ എന്നിവര്‍ സഹോദരങ്ങള്‍.


ഫോട്ടോ: കെ ശശി ചന്ദ്രിക

2 comments:

  1. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ വായിച്ചു.
    വളരെ നന്നായിട്ടുണ്ട്.
    സംസാരവും എഴുത്തും.

    ReplyDelete

Followers

About Me

My photo
thalassery, muslim/ kerala, India