Sunday, June 12, 2011

അഹമ്മദിന്റെ മകന്‍ സലീം


വെള്ളിത്തിര സ്വപ്നംകണ്ടു നടന്ന ബാലന് ദേശീയ പുരസ്‌ക്കാരം. ബാറ്ററികൊണ്ട് ബള്‍ബ് കത്തിച്ച് അതിനു മുമ്പില്‍ ലെന്‍സും ഫിലിമും വെച്ച് ചുമരിലേക്ക് വെളിച്ചമടിച്ച് സിനിമയാണ് കാണിക്കുന്നതെന്നായിരുന്നു ചെറുപ്പത്തില്‍ അവന്‍ പറഞ്ഞു നടന്നിരുന്നത്. മട്ടന്നൂരിലെ ടാക്കീസുകളായ ആനന്ദിലും പ്രിയയിലും സിനിമ കണ്ട പരിചയം മാത്രമായിരുന്നു അവന് അക്കാലത്ത് സിനിമയോടുള്ള ബന്ധം. ആനന്ദ് ടാക്കീസ് പിന്നീടെപ്പോഴോ സഹീനയായി.
തെരുവുകളില്‍ ഒട്ടിച്ച സിനിമാ പോസ്റ്ററുകളും ആവേശത്തോടെ നോക്കിയ കാലം. ആനന്ദിലും പ്രിയയിലും വരുന്ന സിനിമകള്‍ക്കപ്പുറത്ത് നഗരത്തില്‍, തലശ്ശേരിയിലും കണ്ണൂരിലും കുറേ തിയേറ്ററുകളുണ്ടെന്നും പുതിയ സിനിമകള്‍ അവിടെയാണ് പ്രദര്‍ശനത്തിനെത്തുകയെന്നും അവന്‍ മനസ്സിലാക്കിയത് പിന്നീടായിരുന്നു. അതോടെ സിനിമ തേടിയുള്ള ഓട്ടം തലശ്ശേരിയിലേക്കും കണ്ണൂരിലേക്കുമായി. അവന്‍ പിന്നീട് തന്റെ തട്ടകം എറണാകുളത്തേക്ക് മാറ്റി. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ മോഹത്തിന് ചെറിയ ചെറിയ കാല്‍വെപ്പുകള്‍ വെച്ചു. ഒടുവിലവന്‍ ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുടെ സ്വപ്നങ്ങളായ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്‌ക്കാരവും നേടി. അവനാട് സലീം- അഹമ്മദിന്റെ മകന്‍ സലീം.
ആദാമിന്റെ മകന്‍ അബു എന്ന കന്നിച്ചിത്രത്തിലൂടെ പുരസ്‌ക്കാരങ്ങളുടെ പെരുമഴയാണ് സലീം എന്ന യുവാവിനെ തേടിയെത്തിയത്. അതുവരെ ആരും അറിയാതിരുന്ന സലീം അഹമ്മദ് പെട്ടെന്നൊരുനാള്‍ പ്രശസ്തനായി. അറിയുന്നവരും അറിയാത്തവരും തേടി വരുന്നവനായി. പത്രക്കാര്‍ ഒഴിഞ്ഞ നേരമില്ലെന്നായി.
മട്ടന്നൂര്‍ പാലോട്ടുപള്ളിയിലെ തായോത്ത് പുതിയ പുരയില്‍ എന്ന ടി പി ഹൗസില്‍ അഹമ്മദിന്റേയും ആസ്യോമ്മയുടേയും ഒന്‍പതു മക്കളിലൊരാളാണ് സലീം അഹമ്മദ്. ചെറുപ്പം മുതലേ സിനിമയായിരുന്നു സ്വപ്നം. കോളെജ് പഠന കാലത്ത് മിമിക്രിയിലായിരുന്നു ഹരം. അങ്ങനെയാണ് കൂട്ടുകാരുമായി ചേര്‍ന്ന് കണ്ണൂര്‍ ചാപ്ലിന്‍സ് ഇന്ത്യ എന്നൊരു മിമിക്രി ട്രൂപ്പ് ഉണ്ടാക്കിയത്. ചാപ്ലിന്‍സ് ഇന്ത്യ അവതരിപ്പിക്കുന്ന മിമിക്‌സ് പരേഡുകളുടെ സ്‌ക്രിപ്റ്റ് എഴുതിയത് സലീം തന്നെയായിരുന്നു. ഈ സ്‌ക്രിപ്റ്റുകളുടെ ബലത്തിലാണ് സലീം പിന്നീട് എറണാകുളത്ത് ടെലിവിഷനിലെ കോമഡി പരിപാടികളുടെ സ്‌ക്രിപ്റ്റുകള്‍ എഴുതിത്തുടങ്ങിയത്. സൂര്യാ ടി വിയില്‍ സംപ്രേഷണം ചെയ്തിരുന്ന രസികരാജാ നമ്പര്‍വണ്‍ പോലുള്ളവ സലീം അഹമ്മദിന്റേതായിരുന്നു.
തന്നെ വിവാഹം കഴിക്കുന്ന കാലത്ത് സലീം മിമിക്രിക്കാരനായിരുന്നുവെന്ന് ഭാര്യ മഫീദ ഓര്‍ക്കുന്നു. പതിനൊന്ന് വര്‍ഷം മുമ്പ് വിവാഹം നടക്കുമ്പോള്‍ മഫീദ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ഭര്‍ത്താവിന്റെ സിനിമാ മോഹത്തെ കുറിച്ച് ഉമ്മ പറഞ്ഞുള്ള അറിവുകളാണ് മഫീദയ്ക്കുള്ളത്. ഒരു കാര്യം ഓര്‍മയുണ്ട്. തന്റെ വിവാഹ കാലത്ത് സിനിമാ നടന്‍ റഹ്മാന്റെ ഫാന്‍ ആയിരുന്നു സലീം. മുറിയില്‍ റഹ്മാന്റെ കുറേ ഫോട്ടോകള്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. റഹ്മാനോടൊപ്പം നിന്ന ഫോട്ടോയുണ്ട്. പിന്നീടെപ്പോഴോ ആ ചിത്രങ്ങളെല്ലാം ഇല്ലാതായി.
ദേശീയ പുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് ശേഷം ടി പി ഹൗസില്‍ ആളൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. പത്രങ്ങളായ പത്രങ്ങളില്‍ നിന്നും ചാനലുകളായ ചാനലുകളില്‍ നിന്നും ആളുകള്‍ എത്തിക്കൊണ്ടിരുന്നു. രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വരുന്നു. ടെലിഫോണ്‍ നിര്‍ത്താതെ മണിയടിക്കുന്നു. അറിയുന്നവര്‍ മാത്രമല്ല, അറിയാത്തവരും തേടി വരുന്നു. സലീമിന്റെ പുരസ്‌ക്കാര ലബ്ധിയില്‍ സന്തോഷം പ്രകടിപ്പിച്ച് വീട്ടിലെത്തുന്നവരെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനാണ് വീട്ടുകാര്‍ക്കിഷ്ടം. മട്ടന്നൂരില്‍ മുഴുവന്‍ സലീമിന്റെ ഫോട്ടോകള്‍ പതിച്ച വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കലാസമിതികളും സാംസ്‌ക്കാരിക സംഘടനകളുമെല്ലാം സലീം അഹമ്മദിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സുകള്‍ പതിച്ചിട്ടുണ്ട്. പണ്ട്, സിനിമാ പോസ്റ്ററുകളില്‍ നസീറിനേയും ജയനേയും മധുവിനേയും മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കണ്ട അതേ കൗതുകത്തോടെ ഇപ്പോള്‍ സലീമാണുള്ളത്.
ടി പി ഹൗസിനു മുമ്പിലുള്ള റോഡിലൂടെ അനൗണ്‍സ്‌മെന്റ് ജീപ്പ് കടന്നു പോകുന്നു. മട്ടന്നൂര്‍ പ്രിയദര്‍ശിനി കലാസംഘത്തിന്റെ വാര്‍ഷിക പരിപാടികളുടെ സമാപനം അനൗണ്‍സ് ചെയ്യുന്ന ജീപ്പില്‍ നിന്നും പുറത്തേക്കു വരുന്നത് മട്ടന്നൂരിന്റെ യശസ്സുയര്‍ത്തിയ, ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍ സലീം അഹമ്മദിന് സ്വീകരണം നല്കുന്നു എന്നാണ്. സ്വന്തം വീട്ടിനു മുമ്പിലൂടെ അനൗണ്‍സ്‌മെന്റ് ജീപ്പ് കടന്നുപോകുമ്പോഴും സലീം അഹമ്മദിനും വീട്ടുകാര്‍ക്കും ഭാവമാറ്റമൊന്നുമില്ല.
ടി പി ഹൗസിലെ താമസം കൂട്ടുകുടുംബമായാണ്. സലീമിന്റെ സഹോദരങ്ങളും അവരുടെ ഭാര്യമാരുമെല്ലാം ഈ വീട്ടില്‍ തന്നെയുണ്ട്. സഹോദരികളെ കെട്ടിച്ചയച്ചിരിക്കുന്നു. സഹോദരങ്ങളില്‍ ചിലര്‍ ഇതിനു ചുറ്റുവട്ടത്തു തന്നെയാണ് വീടെടുത്തിരിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചുള്ള പ്രതീതി.
അലന്‍ സഹറും അമല്‍ സഹറുമാണ് സലീം അഹമ്മദിന്റെ മക്കള്‍. ബഷീര്‍, റസാക്ക്, ശമീര്‍, സഹീര്‍, മൈമൂനത്ത്, റുഖിയ, സല്‍മ, സനീറ എന്നിവര്‍ സഹോദരങ്ങള്‍.


ഫോട്ടോ: കെ ശശി ചന്ദ്രിക

Sunday, June 5, 2011

മരുഭൂമിയുടെ ആത്മകഥ പറഞ്ഞ മലയാളി
മമ്പാട്ടെ കാട്ടില്‍ പാറപ്പുറത്ത് കിടന്നുറങ്ങുമ്പോള്‍ പെയ്ത മഴ മുഴുവനും കൊണ്ട് ഒരു രാത്രി തണുത്ത് വിറച്ച് നിസ്സഹായനായി കഴിഞ്ഞതുപോലെ, ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ അടിയില്‍ ഗ്ലാസ് പാകിയ ബോട്ടില്‍ നിന്ന് കടല്‍പ്പുറ്റുകള്‍ കണ്ട് കണ്ട് കടലിലേക്ക് ചാടി ഉപ്പുവെള്ളത്തില്‍ കണ്ണുകള്‍ നീറിപ്പിടഞ്ഞതുപോലെ, യാത്രയുടെ ഉന്മാദം ഇത്തരം ചില അനുഭവങ്ങളിലേക്ക് നയിക്കുക സ്വാഭാവികം. മുസൈഖിറയിലും മറ്റൊന്നല്ല സംഭവിച്ചത്.
(മണല്‍ക്കെണിയിലെ മിടിപ്പ്- മരുഭൂമിയുടെ ആത്മകഥ)


ചെറിയ പ്രായം മുതലേ യാത്ര ഇഷ്ടപ്പെട്ട ആളായിരുന്നു വി മുസഫര്‍ അഹമ്മദ്. കൗമാരത്തിലും യൗവനത്തിന്റെ തുടക്കത്തിലും മരങ്ങളുള്ള കാടാണ് മുസഫറിനെ ആകര്‍ഷിച്ചതെങ്കില്‍ ജീവിത യാത്ര ഗള്‍ഫിലെത്തിച്ചപ്പോള്‍ മരുഭൂമിയുടെ മണല്‍ക്കാടാണ് അവിടെ ഇഷ്ടമായത്. ജോലിയുടെ ഭാഗമായും അല്ലാതെയും നടത്തിയ മരുഭൂ സഞ്ചാരങ്ങള്‍ രേഖപ്പെടുത്തിവെച്ചപ്പോള്‍ മരുഭൂമിയില്ലാത്ത മലയാളത്തിന് അതൊരു സഞ്ചാര സാഹിത്യമായി. ഭാരതപ്പുഴയും പെരിയാറും ചന്ദ്രഗിരിപ്പുഴയും മനസ്സില്‍കൊണ്ടു നടക്കുന്ന മലയാളി മരുഭൂമിയുടെ ആത്മകഥ അറിഞ്ഞത് അങ്ങനെയായിരുന്നു. മുസഫറിന്റെ മണല്‍ക്കാട്ടിലൂടേയും പൊടിക്കാറ്റിലൂടെയുമുള്ള യാത്രകളാണ് ഒടുവില്‍ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും മികച്ച യാത്രാ വിവരണത്തിനുള്ള 2010ലെ പുരസ്‌ക്കാരത്തിലേക്ക് നയിച്ചത്.
സഊദി അറേബ്യയില്‍ മലയാളം ന്യൂസില്‍ പത്രാധിപ സമിതി അംഗമായ വി മുസഫര്‍ അഹമ്മദ് 25 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് അദ്ദേഹവുമായി സംസാരിച്ചത്. പെരിന്തല്‍മണ്ണ വീനസ് ലോഡ്ജ് റോഡിലെ 'മെഹ്ഫിലി'രുന്ന് അദ്ദേഹം തന്റെ ജീവിത യാത്ര പങ്കുവെക്കുന്നു.

? വെള്ളത്തിനു വേണ്ടിയുള്ള യുദ്ധത്തോടെയായിരുന്നല്ലോ മരുഭൂമിയുടെ ആത്മകഥ തുടങ്ങുന്നത്. ഹര്‍ബുല്‍ മാഅ് (വെള്ളത്തിനുവേണ്ടിയുള്ള യുദ്ധം) എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത് അപ്പോഴാണെന്നും പറയുന്നുണ്ട്. ശരിക്കും ആ പദത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞുവോ? ജലസമൃദ്ധമെന്ന് കരുതുന്ന കേരളത്തിലും കിണറിനേയും പൈപ്പിനേയുമൊക്കെ ചൊല്ലി കലഹങ്ങളുണ്ടാകാറില്ലേ?
= വെള്ളം വിലകൂടിയ സാധനമായി മാറുന്നുവെന്ന് നേരത്തെ തന്നെ സൂചനകളുണ്ടല്ലോ. പ്രവാചകന്റെ കാലത്തിനു മുമ്പുതന്നെ അറേബ്യയില്‍ കിണറും വെള്ളവുമൊക്കെ ഏറെ വിലപ്പെട്ടതായിതന്നെയാണ് പരിഗണിച്ചിരുന്നത്. മരുഭൂമിയില്‍ വെള്ളത്തിനു വേണ്ടിയുള്ള പ്രശ്‌നങ്ങള്‍ തീഷ്ണമാണ്. അറബ് ഗോത്രങ്ങള്‍ തമ്മില്‍ ഒരു കിണറിനോ വെള്ളത്തിന്റെ ഉടമസ്ഥതയ്‌ക്കോ വേണ്ടി വര്‍ഷങ്ങളോളം യുദ്ധം ചെയ്യാറുണ്ട്.

അബ്ദുറഹ്മാന്‍ അഖീലെന്ന അറബിയോടൊപ്പം അദ്ദേത്തിന്റെ അഞ്ചേക്കര്‍ ഈന്തപ്പന തോട്ടം കാണാന്‍ പോയപ്പോഴാണ് സംഭവം. അഖീലും സമീപത്തെ സ്ഥലത്തിന്റെ ഉടമസ്ഥരും തമ്മില്‍ കിണറിനെ ചൊല്ലിതര്‍ക്കമുണ്ട്. അദ്ദേഹത്തോടൊപ്പം പോയി സ്ഥലം കാണുകയും കിണറിന്റെ ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ അടുത്ത സ്ഥലത്തിന്റെ ഉടമസ്ഥര്‍ തെറ്റിദ്ധരിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ആക്രമണത്തിന് കാരണം തോട്ടത്തിലെ കിണറാണ്. ഒന്നര നൂറ്റാണ്ടോളമായി ആ കിണര്‍ സംബന്ധിച്ച തര്‍ക്കമുണ്ട്. തോട്ടം എനിക്ക് കൈമാറി വരുന്നത് എന്റെ പിതാമഹന്മാരില്‍ നിന്നാണ്. അവരുടെ കാലംതൊട്ടേ ഈ കിണര്‍ ആരുടേതാണെന്നത് സംബന്ധിച്ച തര്‍ക്കമുണ്ട്. തോട്ടത്തിന്റെ അതിര്‍ത്തി പങ്കിടുന്നയാള്‍ കിണര്‍ അയാളുടേതാണെന്ന് പറയുന്നു. രേഖകള്‍ അനുസരിച്ച് കിണറും വെള്ളവും ഞങ്ങളുടേതാണ്. (ഹര്‍ബുല്‍ മാഅ്- മരുഭൂമിയുടെ ആത്മകഥ).
അന്ന് അവിടെനിന്നും മര്‍ദ്ദനമേല്‍ക്കാന്‍ ഇട വന്നതിന് ഇപ്പോള്‍ ഫോണ്‍ ചെയ്താലും അഖീല്‍ ക്ഷമ ചോദിക്കാറുണ്ട്.
? മരുഭൂമിയുടെ ആത്മകഥ പോലെ തന്നെ താങ്കള്‍ മരുഭൂമിയുടെ കഥയും എഴുതിയിട്ടുണ്ട്. 'ചെന്നായടക്കം' എന്ന കഥയില്‍ ആത്മാംശമുണ്ടോ?
= ചെന്നായടക്കത്തിന്റെ കഥാംശം ഉണ്ടാക്കിയതാണ്. അറിയാവുന്ന ചില സന്ദര്‍ഭങ്ങള്‍ കൂട്ടിയോജിപ്പിച്ച് കഥ സൃഷ്ടിക്കുകയായിരുന്നു. ചെന്നായക്കൂട്ടത്തെ തുരത്താന്‍ വേണ്ടി ഒരു ചെന്നായയെ കൊന്ന് കെട്ടിത്തൂക്കുന്ന രീതി മരുഭൂമിയിലുണ്ട്. യാമ്പൂവില്‍ ഇങ്ങനെ നടക്കുന്നതായി അറബ് പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അറബ് യാഥാര്‍ഥ്യങ്ങളും നമ്മുടെ യാഥാര്‍ഥ്യങ്ങളും കൂട്ടിച്ചേര്‍ത്താണ് ആ കഥ രചിച്ചത്.
ക്ലേശം നിറഞ്ഞ ജോലികള്‍ ചെയ്തിട്ടാണ് മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നത്. നാട്ടിലുള്ളവര്‍ കാണാറുള്ളത് ഗള്‍ഫുകാരന്റെ അവധിക്കാലം മാത്രമാണ്. കുറഞ്ഞ നാളുകളുടെ ആഹ്ലാദത്തിന് അവന്‍ ഭയങ്കരമായി ക്ലേശിക്കുന്നുണ്ട്. ചെന്നായയെ കൊന്ന് തൂക്കിയിട്ട് കാവലിരിക്കുന്ന മനുഷ്യന്‍ അവിടെ ഇരുന്നുതന്നെയാണ് ഭക്ഷണം കഴിക്കുന്നത്. നാടുവിട്ടാല്‍ എന്തുജോലി ചെയ്യാനും നമ്മള്‍ തയ്യാറാവാറുണ്ട്. ഭൂപ്രകൃതി പോലെയാണ് മനുഷ്യന്റെ മനസ്സും.
? ഇത്രയും കാലത്തിനിടയില്‍ എത്രയോ മലയാളികള്‍ അറേബ്യന്‍ നാടുകളില്‍ ജോലി ചെയ്തു. എന്നിട്ടും മലയാളത്തിലേക്ക് അറേബ്യയുടെ പരിഛേദം കടന്നുവന്നത് വളരെ അപൂര്‍വ്വമായി മാത്രമാണ്. മരുഭൂമിയുടെ ആത്മകഥയും ബെന്യാമീന്റെ ആടുജീവിതവും ഒരുപക്ഷേ അതിന് മാറ്റമുണ്ടാക്കിയേക്കുമോ?
= ലക്ഷക്കണക്കിന് മലയാളികള്‍ അവിടെ ജോലി ചെയ്തിട്ടുണ്ട്. എഴുത്തുകാര്‍ പോലും നാടുവിട്ടു പോയവന്റെ ഗൃഹാതുരതകളും മറ്റും മാത്രമാണ് ചിത്രീകരിച്ചത്. ടി വി കൊച്ചുബാവ പോലും ഗള്‍ഫ് പ്രമേയമായി 'ഇറച്ചിയേറ്' എന്നൊരു കഥമാത്രമാണ് എഴുതിയത്.
മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന് ഏകദേശം അരനൂറ്റാണ്ട് പ്രായമുണ്ടെന്ന് പറയുന്നു. ഒരുപക്ഷേ ആദ്യകാലത്ത് കുടിയേറിയവരില്‍ പലരും നിരക്ഷരരോ അര്‍ധ സാക്ഷരരോ ആയിരുന്നതായിരിക്കാം ഇത്തരത്തിലൊരു മരുഭൂ രേഖപ്പെടുത്തല്‍ നടക്കാതെ പോയത്. ലിഖിത സാഹിത്യം അവര്‍ക്ക് തോന്നിയിട്ടുണ്ടാവില്ലായിരിക്കാം. മാത്രമല്ല, വിദ്യാഭ്യാസമില്ല എന്ന ഭയം അവരെ അലട്ടിയിട്ടുണ്ടാകാം.
കോഴിക്കോട് യൂണിവേഴ്‌സിറ്റിക്കു സമീപത്തെ ചേലേമ്പ്രയിലെ മുസ്തഫ ഹാജി മാപ്പിള ഖലാസി കഥ പറയുന്നു എന്ന പേരില്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് കാലം ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവാസിയായി നിരവധി തൊഴിലുകളെടുത്ത് കഴിഞ്ഞ ഒരാളുടെ കഥയാണത്. തനിക്ക് വിദ്യാഭ്യാസമില്ലെന്ന ഭയം അദ്ദേഹത്തെ അലട്ടുമ്പോഴും അനുഭവം വിവരിക്കുന്നു എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ ഭയം തന്നെയായിരിക്കാം അക്കാലത്തെ സാധാരണ മലയാളിയേയും എഴുത്തില്‍ നിന്നും അകറ്റുകയും അലട്ടുകയും ചെയ്തത്.
മതവുമായി ബന്ധപ്പെടുത്തിയാണ് മലയാളി അറബ് ലോകത്തെ കണ്ടിട്ടുള്ളത്. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമുണ്ടെങ്കിലും ലോകത്തെ വലിയ തോതില്‍ സ്വാധീനിച്ച സംസ്‌ക്കാരം എന്ന നിലയില്‍ കാണേണ്ടതുണ്ട്.
മലയാളികളെല്ലാം ഗള്‍ഫില്‍ എത്തിയിട്ടുള്ളത് ജോലി ചെയ്ത് പണം സമ്പാദിച്ച് കുടുംബത്തെ പോറ്റാനാണ്. അങ്ങനെയുള്ളവര്‍ക്ക് യാത്രക്കു വേണ്ടിയും മരുഭൂമി കാണാനും പണം നീക്കിവെക്കാന്‍ കഴിയില്ല. അത്തരമൊരു നീക്കിവെയ്പ് നാട്ടില്‍ ബാധിക്കും. കുട്ടിയുടെ പഠനം, ഉമ്മയുടെ ചികിത്സ, ഭാര്യയുടെ ഗര്‍ഭം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളായിരിക്കും മലയാളിക്കു മുമ്പിലുള്ളത്. ഗള്‍ഫിലെത്തിയ മലയാളികളൊക്കെ മരുഭൂമി കാണാന്‍ പോയിരുന്നെങ്കില്‍ കേരളത്തിലേക്ക് പണം വരുമായിരുന്നില്ലല്ലോ.
അതിനിടയില്‍ പറയേണ്ടുന്ന കാര്യം ഇതൊക്കെ കാണാന്‍ സൗകര്യമുള്ളവരും ഉണ്ടെങ്കിലും അവര്‍ അതിനൊന്നും തയ്യാറാവുന്നില്ലെന്നാണ്. അവധി ആഘോഷിക്കാന്‍ അവരൊരുപക്ഷേ യൂറോപ്പിലേക്ക് ആയിരിക്കും പോവുക. മക്കയും മദീനയും കാണുക എന്നതിനപ്പുറത്ത് സാധാരണ മുസ്‌ലിം മലയാളിക്ക് ഗള്‍ഫിനെ കാണുന്നതില്‍ താത്പര്യമില്ല.
മറ്റുള്ളവര്‍ക്ക് പഠിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ അവിടെയുണ്ട്. അതിന് ആരും താത്പര്യം കാണിക്കുന്നില്ല. എന്നിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകനായിരിക്കണം ഇത്രം കാഴ്ചകള്‍ക്ക് സൗകര്യമൊരുക്കിയത്.
? ചെറുപ്പം മുതലേ കാടുകാണാനും യാത്ര പോകുന്നതിനേയും കുറിച്ച് മരുഭൂമിയുടെ ആത്മകഥയുടെ ആമുഖത്തില്‍ പറയുന്നുണ്ട്.
= ചെറിയ പ്രായം മുതലേ യാത്ര ഇഷ്ടപ്പെട്ടിരുന്നു. യാത്രയെ പലരും ബുദ്ധിമുട്ടായാണ് കാണാറുള്ളത്. പല യാത്രകളും അനിശ്ചിതത്വത്തിലേക്കാണ്. അനിശ്ചിത്വത്തിലേക്കുള്ള യാത്രകളില്‍ മലയാളികള്‍ മാത്രമല്ല, ലോകത്തിലെ പല സമൂഹങ്ങളും താത്പര്യം കാണിക്കാറില്ല.
? മരുഭൂമിയുടെ ആത്മകഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് വളരെ കാല്‍പ്പനികമായാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ ഇസ്‌ലാമിനേയും മതത്തേയും കുറിച്ച് പറയുന്ന ഭാഗങ്ങളെയാവട്ടെ ഗൗരവത്തോടെ സമീപിച്ചിരിക്കുന്നു. എന്താണ് ഇതിന് കാരണം?
= മനുഷ്യ സ്വഭാവം കാണിക്കുന്ന പ്രകൃതിയെ അന്വേഷിക്കുന്നിടത്താണ് കാല്‍പ്പനികത വരുന്നത്. മരുഭൂമിയില്‍ നിന്നും ഉണ്ടായിട്ടുള്ള മതങ്ങള്‍ മനുഷ്യ വംശത്തിന് നല്കിയ കാഴ്ചപ്പാടുകളെ ഗൗരവത്തോടെയാണ് കാണുകയും പഠിക്കുകയും എഴുതുകയും ചെയ്യേണ്ടത്. മതത്തെ കുറിച്ച് കൂടുതല്‍ അറിയുന്ന പണ്ഡിതനല്ല ഞാന്‍. എങ്കിലും എനിക്ക് സാധ്യമാകുന്ന ഗൗരവത്തില്‍ കാണാന്‍ ശ്രമിക്കുകയാണ് ചെയ്തത്. മരുഭൂ പ്രകൃതിയില്‍ നിന്നും ഉണ്ടായിട്ടുള്ള മതങ്ങളും തത്വശാസ്ത്രങ്ങളും മനുഷ്യരാശിയെ പല കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ആ ബഹുമാനം കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും.

മലപ്പുറം ജില്ലയിലെ വിവിധ പാരലല്‍ കോളെജുകളില്‍ അഞ്ച് വര്‍ഷം അധ്യാപകനായിരുന്ന മുസഫര്‍ അഹമ്മദ് ആറു വര്‍ഷക്കാലം മാധ്യമം ദിനപത്രത്തില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായിരുന്നു. വെള്ളാഞ്ചോല മൊയ്തൂട്ടിയുടേയും പച്ചീരി സൈനബയുടേയും മകനാണ് മുസഫര്‍ അഹമ്മദ്. അധ്യാപികയായ ഉമ്മുകുല്‍സുവാണ് ഭാര്യ. സഫര്‍, റസല്‍ എന്നിവര്‍ മക്കളും.

? ഈയ്യിടെ പുറത്തിറങ്ങിയ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ താന്‍ അസുഖബാധിതനായി കിടക്കുമ്പോള്‍ സഹായിക്കാന്‍ മുന്‍കൈ എടുത്ത ഒരു മുസഫര്‍ അഹമ്മദിനെ ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ശരത്ചന്ദ്ര മറാഠേ ഓര്‍ക്കുന്നുണ്ട്. താങ്കള്‍ തന്നെയാണോ ആ മുസഫര്‍ അഹമ്മദ്. മറവി ബാധയ്ക്കിടയിലും അദ്ദേഹം ആ പേര് ഓര്‍ത്തുവെച്ചിരിക്കുന്നു.
= ശരത്ചന്ദ്ര മറാഠേ എന്റെ പേര് ഓര്‍ത്തുവെച്ചത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. മാധ്യമത്തില്‍ കോഴിക്കോട് ജോലി ചെയ്യുന്ന കാലത്താണ് സംഭവം. സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്നാല്‍ പല ലൈവ് ഷോകള്‍ക്കും അക്കാലത്ത് പോകാറുണ്ടായിരുന്നു. വീടിന് മെഹ്ഫില്‍ എന്ന് പേരിട്ടതു പോലും ഈ സംഗീതം പ്രേമം മൂലമാണ്. ഹിന്ദുസ്ഥാനി സംഗീതത്തേയും സംഗീതജ്ഞരേയും കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് ആരും ശ്രദ്ധിക്കാനില്ലാതെ ശരത്ചന്ദ്ര മറാഠേ അസുഖം ബാധിച്ച് കിടപ്പിലാണെന്ന് അറിഞ്ഞത്. അദ്ദേഹത്തെ കണ്ടതിനു ശേഷം സഹായിക്കണമെന്നാവശ്യപ്പെട്ട പലരേയും സമീപിച്ചു. ജേര്‍ണലിസ്റ്റ് ട്രെയിനി മാത്രമായ എനിക്ക് സാമ്പത്തിക സഹായം നല്കാന്‍ കഴിയുന്നതിന് പരിമിതി ഉണ്ടായിരുന്നല്ലോ. അങ്ങനെയാണ് പത്രത്തില്‍ എഴുതിയതും മറ്റു പത്രക്കാരെ അദ്ദേഹത്തെ കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചതും. വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് മറാഠേയിലേക്ക് നാടിന്റെ ശ്രദ്ധ പോയത്.
? മലയാളിയുടെ ഗള്‍ഫില്‍ നിന്നുള്ള പിന്മടക്കത്തെ കുറിച്ചാണ് രണ്ടാഴ്ച മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയത്. ശരിക്കും ഗള്‍ഫ് നാടുകളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മടങ്ങാനുള്ള സമയമായിത്തുടങ്ങിയോ?
= ഗള്‍ഫില്‍ നിന്നുള്ള മടക്കത്തിന്റെ പ്രതിഭാസത്തെ ചൂണ്ടിക്കാണിക്കാനാണ് ലേഖനത്തില്‍ ശ്രമിച്ചത്. ഗള്‍ഫിന്റെ ഘടനയിലും മാറ്റം വരികയാണ്. അത് അറബ് ലോകത്തെ പ്രശ്‌നസങ്കീര്‍ണമാക്കി മാറ്റുന്നുണ്ട്. പല സര്‍ക്കാരുകളും സ്വദേശിവത്ക്കരണത്തിന് മുന്‍ഗണന നല്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്‌കില്‍ ആവശ്യമുള്ള ജോലികളെയായിരിക്കും സ്വദേശി വത്ക്കരണം ബാധിക്കുക. മുമ്പുള്ള പല മടക്ക യാത്രകളിലും സര്‍ക്കാരും സാമൂഹ്യ വ്യവസ്ഥകളുമൊന്നും മലയാളിക്ക് സംരക്ഷണം നല്കിയിട്ടില്ല. ഗള്‍ഫ് മടക്കക്കാരെ കേരളീയ സാമൂഹ്യഘടന എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് കണ്ടറിയേണ്ടതുണ്ട്. ഗുജറാത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പല വിമാനങ്ങളും റദ്ദാക്കി. അപ്പോള്‍ നാട്ടില്‍ കുടുങ്ങിപ്പോയവരെ സഹായിക്കാന്‍ പോലും സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ല. സാമൂഹ്യപ്രശ്‌നം എന്ന നിലയില്‍ ഗള്‍ഫുകാരനെ സര്‍ക്കാര്‍ സംരക്ഷിക്കാറില്ല. ഗള്‍ഫില്‍ നിന്നുള്ള മടക്കത്തിന്റെ എത്രയോ ഇരട്ടിയായിരിക്കും കേരളത്തില്‍ അത് ഏല്‍പ്പിക്കുന്ന ആഘാതം.
? മരുഭൂമിയുടെ ആത്മകഥ പൂര്‍ത്തിയാക്കാന്‍ എത്രകാലമെടുത്തു?
= എട്ടു വര്‍ഷത്തെ യാത്രകളില്‍ നിന്നും കണ്ടെത്തിയതും നിഗമനങ്ങളില്‍ എത്തിയതുമാണ് മരുഭൂമിയുടെ ആത്മകഥ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കമല്‍റാം സജീവിന്റേയും കറന്റ് ബുക്‌സ് മാനേജര്‍ ജോയിയുടേയും ആറ്റൂര്‍ രവിവര്‍മയുടേയുമൊക്കെ പ്രചോദനമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇങ്ങനെയൊരു പുസ്തകം എഴുതുമായിരുന്നില്ല.
? ഇത്രയും കാലത്തെ പ്രവാസം എന്താണ് നല്‍കിയത്?
= കൂടുതല്‍ നല്ല മനുഷ്യനാകാന്‍ എന്നെ പഠിപ്പിച്ചത് പ്രവാസമാണ്. ഒരു പാകിസ്താനിയുടെ കൂടെ ജോലി ചെയ്യാനോ താമസിക്കാനോ നമസ്‌ക്കരിക്കാനോ നമുക്ക് പ്രയാസം തോന്നില്ല. മനുഷ്യനില്‍ വലിയ തോതിലുള്ള സാഹോദര്യമാണ് പ്രവാസം നല്കുന്നത്.
ലോകത്ത് പലയിടങ്ങളിലും പ്രവാസങ്ങള്‍ നടക്കാറുണ്ട്. പക്ഷേ അതില്‍ ഭൂരിപക്ഷവും കുടുംബങ്ങളോടൊപ്പമായിരിക്കും. ഗള്‍ഫില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് മാത്രമാണ് കുടുംബത്തെ നാട്ടില്‍ ഉപേക്ഷിക്കേണ്ടി വരുന്നത്. ഭര്‍ത്താവിന്റെ സാമീപ്യമില്ലാത്ത ഭാര്യയും പിതാവിന്റെ സാന്നിധ്യമില്ലാത്ത മക്കളും ഇവരാരുടേയും സാമീപ്യവും സാന്നിധ്യവുമില്ലാതെ ഭര്‍ത്താവും പിതാവുമൊക്കെയായുള്ള അവരുടെ ജീവിതം മരുഭൂമിയേക്കാള്‍ വലിയ രഹസ്യമാണ്. അത് എങ്ങനെ സാധിക്കുന്നു എന്നതാണ് ഗള്‍ഫ് പ്രവാസം ഉണ്ടാക്കിയിട്ടുള്ള വലിയ ചോദ്യം. ഉത്തരമില്ലാത്തതിനാല്‍ അത് പ്രഹേളികയായി നിലനില്‍ക്കുന്നു. ഈ പ്രഹേളിക തന്നെയാണ് കേരളത്തെ നിലനിര്‍ത്തുന്നതും.
പ്രവാസി ഉത്പാദനക്ഷമമമല്ലാത്ത രീതിയില്‍ വീട് നിര്‍മാണത്തിന് അമിതമായി പണം ചെലവഴിക്കുന്നുവെന്നാണ് സാധാരണയുള്ള പ്രധാന ആരോപണം. വിമര്‍ശനത്തില്‍ കഴമ്പുണ്ടായിരിക്കാം. എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ക്കോ സാമൂഹ്യശാസ്ത്രജ്ഞര്‍ക്കോ മനസ്സിലാവാത്ത ഒരു കാര്യമുണ്ട്. ഓരോരുത്തരും പ്രവാസിയാവുന്നതു തന്നെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനാണ്. പ്രവാസിയുടെ ജോലിയെ വിലയിരുത്തി അയാളുടെ സ്വപ്നങ്ങളെ അളക്കരുത്. അവിടെയാണ് സാമ്പത്തിക വിദഗ്ധരുടേയും സാമൂഹ്യശാസ്ത്രജ്ഞരുടേയും അളവുകോലുകള്‍ തെറ്റിപ്പോവുക. ഒരു സ്‌കെയിലിലും നില്‍ക്കാത്ത സംഗതിയാണത്.
പ്രവാസത്തിലും കുടിയേറ്റത്തിലുമൊക്കെ ഒരുപാട് ആളുകള്‍ പരാജയപ്പെടുന്നുണ്ട്. കുറേപേര്‍ വിജയിക്കുന്നുമുണ്ട്. എന്നാല്‍ വിജയിയും പരാജിതനും ഒരേപോലെ ഏതെങ്കിലും തരത്തില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നുണ്ട്.
പ്രവാസംകൊണ്ട് ഒരുപാട് കാര്യങ്ങള്‍ നഷ്ടമായിട്ടുണ്ടാകാം. ഈ നഷ്ടങ്ങളെയെല്ലാം മറികടക്കാനാവുന്നത് മനുഷ്യനായി മാറുന്ന പ്രക്രിയയിലൂടെയാണ്. ഞാന്‍ നല്ല മനുഷ്യനായി എന്ന അഭിമാനമാണ് എനിക്കുള്ളത്.

മലബാറുകാരന്റെ തഹരീര്‍ ചത്വരമാണ് കരിപ്പൂര്‍ വിമാനത്താവളം. ആ തഹരീര്‍ ചത്വരവും യഥാര്‍ഥ തഹരീര്‍ ചത്വരവും തമ്മിലുള്ള ബലാബലത്തില്‍ ആര് ജയിക്കുന്നു എന്നാണ് നോക്കിക്കാണാനുള്ളത്. മലയാളി പ്രവാസിയുടെ ഭാവിയും ആ ബലാബത്തിന്റെ ഫലത്തിന് അനുസരിച്ചായിരിക്കും.

Friday, June 3, 2011

ഇന്റലക്ച്വല്‍ ജാഡകള്‍ എന്നെ ആകര്‍ഷിച്ചിട്ടില്ലഗ്രാമത്തില്‍ എല്ലാവര്‍ക്കും നന്മ ചെയ്യുന്നവനായിരുന്നു ആദാമിന്റെ മകന്‍ അബു. മാലാഖമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പേര് വന്നവന്‍. പഴയ മലയാള പാഠാവലിയില്‍ രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കാനുള്ള പാഠം.

അതേപാഠമാണ് വകഭേദങ്ങളോടെ ആദാമിന്റെ മകന്‍ അബുവായി വെള്ളിത്തിരയില്‍ എത്തുന്നത്. ആദാമിനും അബുവിനും മാറ്റമുണ്ടാകുമായിരിക്കും. അബുവിന്റെ കഥയും മാറിപ്പോയിട്ടുണ്ടാകും. പക്ഷേ അബുവിന്റെ മനസ്സിന് മാറ്റമില്ല. സലീം അഹമ്മദ് എന്ന മുപ്പത്തിയൊമ്പതുകാരന്‍ കന്നിച്ചിത്രത്തിലൂടെ സ്വപ്ന നേട്ടം കൊയ്തത് ഇതേ അബുവിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ്. തന്റെ ജന്മനാടായ മട്ടന്നൂരിലും ചുറ്റുവട്ടത്തും കണ്ട നന്മയുള്ള കുറേ മനുഷ്യരെ ഈ മനുഷ്യന്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് പകര്‍ത്തി. അവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആദാമിന്റെ മകന്‍ അബു തന്നെയായിരുന്നു. ഓരോ നന്മയിലും ഓരോ അബു ഉണ്ടാകുമായിരിക്കണം.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പാലോട്ട്പള്ളി ടി പി ഹൗസില്‍ മരക്കച്ചവടക്കാരനായിരുന്ന അഹമ്മദിന്റേയും ആസ്യോമ്മയുടേയും മകനാണ് സലീം അഹമ്മദ്- ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ ആദാമിന്റെ മകന്‍ അബുവിന്റെ സംവിധായകന്‍.
അവാര്‍ഡ് തിളക്കത്തില്‍, തിരക്കിന്റെ ഉച്ച നേരത്താണ് ടി പി ഹൗസിന്റെ സ്വീകരണ മുറിയില്‍ സലീം അഹമ്മദിനെ കണ്ടത്. എറണാകുളത്തു നിന്നും അദ്ദേഹം എത്തിയതേ ഉണ്ടായിരുന്നുള്ളു. ദേശീയ പുരസ്‌കാരത്തിന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങി.

? പുതിയ സംവിധായകരും നിര്‍മാതാക്കളും വെല്ലുവിളി നേരിടുന്നുണ്ടോ?
= മുടക്കുമുതല്‍ തിരിച്ചു പിടിക്കുക എന്നതാണ് സിനിമയിലെ വലിയ ഘടകം. അതിന്റെ ഫോര്‍മുലകളാണ് എല്ലാവരും അന്വേഷിക്കുന്നത്. സാറ്റലൈറ്റ് കോപ്പികള്‍ എത്ര തുകയ്ക്ക് വില്‍ക്കാനാവും എന്നാണ് ആദ്യം അന്വേഷിക്കുക. മുടക്കു മുതല്‍ തന്നെയാണ് പ്രധാന വെല്ലുവിളി.
എന്റെ സിനിമയ്ക്ക് വേണ്ടി എന്റൊപ്പം നില്‍ക്കുന്ന നിര്‍മാതാവിനെ കണ്ടെത്തുകയെന്നതാണ് മറ്റൊരു വെല്ലുവിളി. സംവിധായകനെ പോലെ നിര്‍മാതാവിനും സിനിമാ സങ്കല്‍പ്പങ്ങളുണ്ടാകും. ഇത്രാമത്തെ മിനുട്ടില്‍ പാട്ട് വരണം, ഇന്റര്‍വെല്‍ ഇത്രാം മിനുട്ടിലായിരിക്കണം എന്നൊക്കെ വിചാരിക്കുന്ന നിര്‍മാതാക്കളും ഏറെയുണ്ട്.
ആദാമിന്റെ മകന്‍ അബുവില്‍ നായകന്‍ 75ഉം നായിക 65ഉം വയസ്സുള്ളവരാണ്. അത്തരക്കാരെ വെച്ച് സിനിമ ചെയ്യുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് പണം തിരികെ ലഭിക്കുമെന്ന വിശ്വാസം വേണം. റിലീസിംഗും വലിയ വെല്ലുവിളിയാണ്. സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ക്കാണ് തിയേറ്ററുകള്‍ പോലും ലഭിക്കുകയുള്ളു.

? പുതിയ സംവിധായകനായിട്ടും സലീംകുമാര്‍, മധു അമ്പാട്ട്, സറീന വഹാബ് തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ചു. ആദാമിന്റെ മകന്‍ അബുവാകട്ടെ കമേഴ്‌സ്യലുമല്ല. എന്തായിരുന്നു ധൈര്യത്തിന് കാരണം?
= നിങ്ങള്‍ക്ക് ആരുടെ മുമ്പിലും പോകാം, നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍! ആദാമിന്റെ മകന്‍ അബുവെന്ന സിനിമാക്കഥയില്‍ കാര്യമുണ്ടെന്ന് അവര്‍ക്ക് തോന്നി. അങ്ങനെ ബോധ്യപ്പെട്ടതുകൊണ്ടാണ് അതില്‍ സഹകരിക്കാന്‍ സലീംകുമാറും മധു അമ്പാട്ടും സറീന വഹാബുമൊക്കെ തയ്യാറായത്.
സിനിമയുടെ കഥ കേട്ടയുടന്‍ മധു അമ്പാട്ട് എനിക്ക് കൈ തരികയാണ് ചെയ്തത്. അദ്ദേഹം സിനിമയില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ്. ഞാന്‍ പറഞ്ഞ കഥയില്‍ സിനിമയുണ്ടെന്നും അതിന് അനുയോജ്യമായ ദൃശ്യങ്ങളുണ്ടെന്നുമാണ് മധു അമ്പാട്ട് എന്നോട് പറഞ്ഞത്.
ഇത്തരമൊരു കഥയുമായി പ്രമുഖരെ സമീപിക്കുമ്പോള്‍ എനിക്കുതന്നെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. മാത്രമല്ല, ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ ഞാന്‍ തന്നെയായിരുന്നു.

? നിര്‍മാതാവുമായി ബന്ധപ്പെട്ട വിവാദം എന്തായിരുന്നു?
= അത്തരമൊരു വിവാദത്തിന് കാരണം തെറ്റിദ്ധാരണമൂലമുണ്ടായ പ്രശ്‌നമാണത്. ഒരുപക്ഷെ സഹനിര്‍മാതാവായ അദ്ദേഹത്തിന് പബ്ലിസിറ്റി കുറഞ്ഞുപോകുമോ എന്ന് വിചാരിച്ചിട്ടുണ്ടാകാം. ദേശീയ പുരസ്‌ക്കാരത്തിന് ചിത്രം അയക്കുമ്പോള്‍, അപേക്ഷാ ഫോറത്തില്‍ നിര്‍മാതാവിന്റെ കോളത്തില്‍ ഒരാളുടെ പേര് മാത്രമേ ചേര്‍ക്കാന്‍ കഴിയുകയുള്ളു. എത്ര നിര്‍മാതാക്കളുണ്ടെങ്കിലും ഒരാള്‍ക്ക് മാത്രമേ അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിയുകയുള്ളു. മധു അമ്പാട്ടിന്റെ ചെന്നൈയിലെ ഓഫിസില്‍ നിന്നാണ് അവാര്‍ഡനുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് അയച്ചത്. ഒരാളുടെ പേര് എഴുതാന്‍ മാത്രം അനുവാദമുണ്ടായിരുന്നതിനാല്‍ അതില്‍ എന്റെ പേര് ചേര്‍ത്തു എന്നേയുള്ളു. അത് അഷറഫ് ബേഡിയെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. സംസ്ഥാന പുരസ്‌ക്കാരത്തിനാകട്ടെ എത്ര നിര്‍മാതാക്കളുടേയും പേര് എഴുതാനുള്ള അനുമതിയുണ്ട്. അതില്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്. സംസ്ഥാന പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പേരും പറഞ്ഞിരുന്നു.

? അബുവായി അഭിനയിക്കാന്‍ സലീംകുമാര്‍ തന്നെ വേണമെന്ന നിര്‍ബന്ധം എന്തായിരുന്നു?
= അബു എന്ന എന്റെ സങ്കല്‍പംതന്നെ സലീംകുമാറായിരുന്നു. ലാല്‍ജോസിന്റെ അച്ഛനുറങ്ങാത്ത വീട്, കേരള കഫേയില്‍ അന്‍വര്‍ റഷീദിന്റെ ദി ബ്രിഡ്ജ് എന്നീ സിനിമകളിലെ സലീംകുമാറിന്റെ അഭിനയം എന്നെ സ്വാധീനിച്ചിരുന്നു.

? ഇതുവരെ മലയാള സിനിമ അറിയാതിരുന്ന സലീം അഹമ്മദ് പെട്ടെന്നാണ് വെള്ളിവെളിച്ചത്തില്‍ എത്തിയിട്ടുള്ളത്? എന്തുതോന്നുന്നു?
= കലാകാരനെ സംബന്ധിച്ചിടത്തോളം സൃഷ്ടി തിരിച്ചറിയുക എന്നതുതന്നെയാണ് വലിയ കാര്യം. എന്റെ സൃഷ്ടിയെ സമൂഹം തിരിച്ചറിഞ്ഞു എന്നതു തന്നെയാണ് ഈ അംഗീകാരങ്ങള്‍ക്കെല്ലാം കാരണം.

സിനിമ ചെയ്യാന്‍ കാലമായെന്ന് തോന്നി

? സിനിമയിലേക്കുള്ള പ്രവേശം എങ്ങനെയായിരുന്നു?
= തീവ്രമായ സിനിമാ മോഹം എന്റെ മനസ്സിലുണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷത്തോളമായി ദൃശ്യമാധ്യമ രംഗത്താണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ സിനിമ ചെയ്യാനായി രണ്ടു വര്‍ഷം മുമ്പാണ് ഞാന്‍ ഇറങ്ങിത്തിരിച്ചത്. സൂര്യാ ടി വിയില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്ന, മുകേഷ് അവതരിപ്പിക്കുന്ന ഡീല്‍ ഓര്‍ നോ ഡീലില്‍ ജോലി ചെയ്യാനായി സംവിധായകന്‍ ബി സി നൗഫല്‍ വിളിക്കുകയുണ്ടായി. പ്രസ്തുത പരിപാടിയെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചതിന് ശേഷമാണ് ഞാന്‍ സിനിമയിലേക്ക് ഇറങ്ങുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞത്. സാമ്പത്തിക നേട്ടമായിരുന്നു നോക്കിയിരുന്നതെങ്കില്‍ ഡീല്‍ ഓര്‍ നോ ഡീലില്‍ സഹകരിക്കുകയായിരുന്നു എനിക്ക് നല്ലത്. എന്നാല്‍ എന്റെ സിനിമ ചെയ്യാനുള്ള സമയം ആയെന്ന തോന്നലുണ്ടായെന്ന് മാത്രമല്ല, ഇനിയും വൈകിയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തോന്നി. അങ്ങനെയാണ് മിനി സ്‌ക്രീനിന്റെ ലോകത്തു നിന്നും ബിഗ് സ്‌ക്രീനിലേക്ക് ഇറങ്ങിത്തിരിച്ചത്.
ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ ഭാര്യക്ക് താത്പര്യം എറണാകുളത്ത് ഫ്‌ളാറ്റ് എടുക്കാനായിരുന്നു. സിനിമ ചെയ്യാനുള്ള എന്റെ ഉറച്ച തീരുമാനത്തെ പിന്നീട് അവള്‍ പിന്തുണക്കുകയാണുണ്ടായത്. അതുകൊണ്ടിപ്പോള്‍ എനിക്കു സിനിമയുമായി, ഒരുപക്ഷേ എറണാകുളത്ത് ഫ്‌ളാറ്റും ആയേക്കും.

? പഠനകാലത്തെ കുറിച്ച് പറയാമോ?
= മട്ടന്നൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിലും ഹൈസ്‌കൂളിലും പഠനം. പഴശ്ശിരാജ എന്‍ എസ് എസ് കോളെജില്‍ ബി കോം. അതിനുശേഷം എറണാകുളത്ത് അയാട്ട കോഴ്‌സ് പഠിച്ചു. അയാട്ടക്ക് ശേഷം ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സില്‍ ട്രാഫിക്ക് അസിസ്റ്റന്റായി അഞ്ച് വര്‍ഷം ജോലി ചെയ്തു. അവിടെ നിന്നും കോഴിക്കോട് അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയില്‍ ഒരു വര്‍ഷത്തെ ജോലി.
മട്ടന്നൂരില്‍ നിന്നും എറണാകുളത്തേക്കുള്ള പറിച്ചു നടലില്‍ അയാട്ട ഒരു കാരണമായെന്നു മാത്രമേയുള്ളു. സിനിമ തന്നെയായിരുന്നു എന്റെയുള്ളില്‍ ഉണ്ടായിരുന്നത്.
കണ്ണൂര്‍ ചാപ്ലിന്‍സ് ഇന്ത്യ എന്ന പേരില്‍ ഞങ്ങളൊരു മിമിക്രി ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ നിരവധി സ്റ്റേജുകളില്‍ മിമിക്രി അവതരിപ്പിച്ചു. ചാപ്ലിന്‍സ് ഇന്ത്യയുടെ മിമിക്രി സ്‌കിറ്റുകളില്‍ പലതും ഞാന്‍ തന്നെയാണ് രചിച്ചിരുന്നത്. അക്കാലത്ത് പലരും വിചാരിച്ചിരുന്നത് ഞാനൊരു നടനാകും എന്നായിരുന്നു. കോഴിക്കോട് സര്‍വകലാശാല കലോത്സവങ്ങളില്‍ മിമിക്രി വിജയിയായിരുന്നു അക്കാലത്ത്.

? ടെലിവിഷന്‍ പരിപാടികള്‍?
= സൂര്യ ടി വിയില്‍ രസികരാജ എന്ന പരിപാടിക്കുവേണ്ടി സ്‌ക്രിപ്റ്റുകള്‍ എഴുതി. ഇതിനകം കോമഡി പരിപാടികള്‍ക്കു വേണ്ടി അഞ്ഞൂറോളം സ്‌ക്രിപ്റ്റുകള്‍ എഴുതിയിട്ടുണ്ട്. ജി എസ് വിജയന്‍ സംവിധാനം ചെയ്ത സുരേഷ്‌ഗോപി ചിത്രമായ സാഫല്യത്തിന് വേണ്ടി സഹസംവിധാകയനായി പ്രവര്‍ത്തിച്ചിരുന്നു. സഹസംവിധായകനായി പ്രവര്‍ത്തിച്ച ഏക സിനിമയും ഇതാണ്.

? മിമിക്രിയും കോമഡിയുമൊക്കെയായി നടക്കുമ്പോള്‍ കുടുംബത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നു?
= വീട്ടുകാരുടെ ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് കിട്ടിയിരുന്നത്. കോളെജില്‍ പഠിക്കുന്ന കാലം മുതല്‍ മിമിക്രി കളിച്ചും മറ്റും ഞാന്‍ പണം സമ്പാദിച്ചിരുന്നു. അതുകൊണ്ടുതന്നെ കലാപ്രവര്‍ത്തനത്തിനു പോയി എല്ലാം നഷ്ടപ്പെടുത്തുന്നു എന്ന പരാതി വീട്ടുകാര്‍ക്ക് ഇല്ലായിരുന്നു. ഇപ്പോള്‍ സിനിമ ചെയ്തതു പോലും കഴിഞ്ഞ പത്തു പന്ത്രണ്ട് വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍ നിന്നും സമ്പാദിച്ച പണംകൊണ്ടാണ്.

? സംസ്ഥാന- ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ പ്രമുഖരുടെ പ്രതികരണം എങ്ങനെയായിരുന്നു?
= വി എസ് അച്യുതാനന്ദന്‍, പ്രിയദര്‍ശന്‍, ബ്ലെസി, ഡോ. ബിജു, ശരത്, മധുപാല്‍ തുടങ്ങി നിരവധി പേര്‍ വിളിച്ചിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും നല്ല പ്രതികരണമാണ് ഉണ്ടായത്.

? അവാര്‍ഡുകളും ആദരവുകളും പലപ്പോഴും കോക്കസിന്റെ ഭാഗമാണെന്ന് പറയാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡിലൂടെ ജൂറി അത്തരമൊരു ചീത്തപ്പേരില്‍ നിന്നും രക്ഷപ്പെടുന്നുണ്ടോ?
= കോക്കസുകളായിരുന്നു പുരസ്‌ക്കാര നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയിരുന്നതെങ്കില്‍ ആദാമിന്റെ മകന്‍ അബുവിന് ഒരിക്കലും അവാര്‍ഡുകള്‍ കിട്ടുമായിരുന്നില്ല. ആദ്യമായി ചെയ്ത സിനിമയ്ക്ക് ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്, സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഒരേ ആള്‍ക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം... തുടങ്ങി നിരവധി അപൂര്‍വ്വതകള്‍ ആദാമിന്റെ അബുവിനുണ്ട്. അത് ഏതൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യ പുരസ്‌ക്കാരം സജീവിന്റേത്

? അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
= പുരസ്‌ക്കാരത്തിനു വേണ്ടി ആദ്യമായി സമര്‍പ്പിച്ചത് തിരുവനന്തപുരത്ത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിനായിരുന്നു. ആ സമയത്ത് ചിത്രം ഫിലിം പ്രിന്റിലേക്ക് പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ട് ഡി വി ഡിയാക്കിയാണ് ക്രിട്ടിക്‌സ് അവാര്‍ഡിന് കൊടുത്തത്. ചിത്രം പ്രദര്‍ശിപ്പിച്ച ദിവസം രാത്രി ഒരു സജീവ് എന്നയാള്‍ എന്നെ വിളിച്ചു. ഡോക്യുമെന്ററികളൊക്കെ ചെയ്യുന്നയാള്‍ എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ആരോടൊക്കെയോ വിളിച്ചന്വേഷിച്ച് എന്റെ നമ്പര്‍ തപ്പിപ്പിടിച്ചാണ് അദ്ദേഹം രാത്രി എന്നെ വിളിച്ചത്. അന്ന് അദ്ദേഹം പറഞ്ഞത് ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ്. സിനിമ കണ്ടതിനു ശേഷം ആകെ ഡിസ്‌ട്രേബ്ഡ് ആയിരിക്കുന്നെന്നാണ് സജീവ് പറഞ്ഞത്. ആരാണ് നിങ്ങള്‍, എവിടെയായിരുന്നു ഇത്രയും കാലം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പൊതുസമൂഹത്തില്‍ നിന്നും എനിക്ക് ലഭിച്ച ആദ്യത്തെ പ്രതികരണമായിരുന്നു അത്. ആദ്യത്തെ അവാര്‍ഡും അതുതന്നെ. ആദ്യം സജീവ് പറഞ്ഞതുതന്നെയാണ് പിന്നീട് ഓരോരുത്തരായി പറഞ്ഞത്. ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചപ്പോള്‍ വീണ്ടും സജീവ് വിളിച്ചു. ആ മനുഷ്യനെ ഞാന്‍ ഇതുവരേയും കണ്ടിട്ടില്ല.
അവാര്‍ഡ് പ്രതീക്ഷ ഉണ്ടായിരുന്നില്ലെങ്കിലും ശ്രദ്ധിക്കപ്പെടുമെന്ന് തോന്നിയിരുന്നു. എന്റെ മനസ്സിലുള്ള സിനിമയാണ് എന്റെ സിനിമ. എന്റെ ഗ്രാമത്തിന്റെ സിനിമയും അതിന്റെ നന്മയുമെല്ലാം എന്നെപോലെ സിനിമ കാണുന്നവര്‍ക്കും ഇഷ്ടപ്പെടുമെന്ന് തോന്നിയിരുന്നു. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ മാത്രമാണ് സിനിമ പറഞ്ഞിട്ടുള്ളത്.

? ആദാമിന്റെ മകന്‍ അബു മെലോഡ്രാമയാണെന്ന് ആരോപണമുണ്ടല്ലോ? ഇത്തരത്തിലുള്ള മെലോഡ്രാമകള്‍ക്ക് അവാര്‍ഡ് നല്കരുതെന്നാണ് ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞത്. സിനിമയുടെ കഥ മോഷണമാണെന്നും ആരോപണം ഉയരുകയുണ്ടായി.
= ആദാമിന്റെ മകന്‍ അബു മെലോഡ്രാമയാണെന്നും അതിന്റെ കഥ മോഷണമാണെന്നും പറയണമെങ്കില്‍ ആദ്യം ആ സിനിമ കാണേണ്ടതില്ലേ. ഇവരാരും സിനിമ കണ്ടിട്ടില്ലല്ലോ. ജൂണ്‍ പത്തിനോ പതിനേഴിനോ ആദാമിന്റെ മകന്‍ അബു റിലീസ് ചെയ്യും. അപ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ. എന്നിട്ട് പറയുക.
എന്റെ സിനിമയിലെ അബു നന്മയുള്ള കഥാപാത്രമാണ്. ഈ സിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ ഇല്ല. ഗ്രാമവും ഗ്രാമത്തിന്റെ നന്മയുമൊക്കെയാണ് ഇതിലെ പ്രമേയം. മാത്രമല്ല, പരിസ്ഥിതിയുമായി ബന്ധപ്പെട്ടും ഏതാനും പാഠങ്ങളും ഈ സിനിമയില്‍ പറയാന്‍ ശ്രമിച്ചിട്ടുണ്ട്.
എന്റെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലത്തെ അധ്വാനമാണ് ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളത്. ഒരിക്കലും തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ലാത്ത ഒരു മേഖലയിലേക്ക് പണം നിക്ഷേപിക്കുക എന്നത് റിസ്‌ക് തന്നെയായിരുന്നു.

? അവാര്‍ഡ് ജൂറിയില്‍ മലയാളികള്‍ ഇത്താത്തതുകൊണ്ടാണ് ദേശീയ പുരസ്‌ക്കാരത്തിന് കാരണം എന്നാണല്ലോ സലീംകുമാര്‍ പറഞ്ഞത്. തമാശയ്ക്ക് വേണ്ടി പറഞ്ഞ ആ കാര്യം സീരിയസ് ആയിപ്പോയെന്ന് അദ്ദേഹം പിന്നീട് തിരുത്തുകയും ചെയ്തു. ദിലീപും ഇതേ അര്‍ഥത്തില്‍ സംസാരിച്ചിട്ടുണ്ട്. അനുഭവങ്ങളില്‍ നിന്നായിരിക്കില്ലേ സലീംകുമാറും ദിലീപുമൊക്കെ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക?
= നന്നായി തമാശ പറയുന്നവര്‍ ഉപയോഗിക്കുന്ന കൗണ്ടര്‍ ഡയലോഗ് എന്ന് മാത്രമാണ് സലീംകുമാറിന്റെ അഭിപ്രായത്തെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുപക്ഷെ അദ്ദേഹത്തിന് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരിക്കാം.

? പുതുമുഖം എന്നനിലയില്‍ പരിമിതികള്‍ അനുഭവപ്പെട്ടിരുന്നോ?
= പണം മുടക്കുന്നവരില്‍ ഒരാള്‍ ഞാനായിരുന്നതിനാല്‍ ഇഷ്ടപ്പെട്ട രീതിയില്‍ സിനിമ ചെയ്യാന്‍ കഴിഞ്ഞു. കടം വാങ്ങിയിട്ടാെണങ്കിലും ചിത്രം പൂര്‍ത്തിയാക്കാനായതും മനസ്സിന്റെ ഇഷ്ടത്തിന് അനുസരിച്ച് തയ്യാറാക്കാന്‍ കഴിഞ്ഞതും ഞാന്‍ കൂടി നിര്‍മാതാവായതുകൊണ്ടാണ്. ഒരുകോടി ഇരുപത് ലക്ഷം രൂപയോളമാണ് ആദാമിന്റെ മകന്‍ അബുവിന് ചെലവായത്. തൃശൂരായിരുന്നു ലൊക്കേഷന്‍. എനിക്ക് സിനിമ ചെയ്യാന്‍ കഴിയുമെന്ന് ആദാമിന്റെ മകന്‍ അബുവിലൂടെ തെളിയിക്കാന്‍ കഴിഞ്ഞെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ അടുത്ത ചിത്രത്തിന് നല്ല നിര്‍മാതാക്കളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

? ? സൂപ്പര്‍താരം ധനുഷ് ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച നിരവധി തമിഴ് സിനിമകള്‍ അടുത്തകാലത്ത് ചിത്രീകരിച്ചത് കണ്ണൂരിലും തലശ്ശേരിലുമാണ്. പിന്നെന്താണ് മലയാള സിനിമയ്ക്ക് വടക്കേ മലബാറിനോട് ഇത്ര വിവേചനം?
= എന്റെ ഗ്രാമത്തില്‍ നടക്കുന്ന കഥയായിരുന്നു ആദാമിന്റെ മകന്‍ അബുവിന്റേതെങ്കിലും സിനിമ ഷൂട്ട് ചെയ്തത് തൃശൂരില്‍ വെച്ചായിരുന്നു. മട്ടന്നൂരില്‍ ചെയ്യണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഇവിടെ അതിന് അനുസരിച്ച സൗകര്യങ്ങളുള്ള ഹോട്ടലുകളോ സിനിമാ യൂണിറ്റുകളോ ഇല്ലല്ലോ. മാത്രമല്ല, പെട്ടെന്ന് എന്തെങ്കിലും ആവശ്യമുണ്ടായാല്‍ സാധനങ്ങള്‍ എടുക്കാന്‍ എറണാകുളം വരെ പോകേണ്ടി വരും. ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങിയാല്‍ ലക്ഷങ്ങളാണ് നഷ്ടം വരിക. അത്തരമൊരു അവസ്ഥയില്‍ ലൊക്കേഷന്‍ തൃശൂരിലേക്ക് മാറ്റുകയായിരുന്നു. തമിഴ് സിനിമ പോലുള്ള വന്‍ ബജറ്റുള്ള സിനിമകള്‍ക്ക് എവിടെ പോയും ചിത്രീകരിക്കാം. അവര്‍ വിദേശത്ത് ചിത്രീകരിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുക. എന്നാല്‍ മട്ടന്നൂര്‍ പോലൊരു പ്രദേശത്ത് യൂണിറ്റ് എത്തിക്കാനും താരങ്ങളെ അക്കമഡേറ്റ് ചെയ്യാനുമൊക്കെ ഇപ്പോഴും പ്രയാസം തന്നെയാണ്. അടിസ്ഥാന കാര്യങ്ങളും സൗകര്യങ്ങളും അടുത്തുണ്ടാവുക എന്നതാണ് ചെറിയ ബജറ്റ് ചിത്രങ്ങള്‍ക്ക് എപ്പോഴും നല്ലത്.

? വടക്കേ മലബാറില്‍ നിന്നും സിനിമാ രംഗത്തെത്തിയവര്‍ വളരെ കുറവാണ്. ശ്രീനിവാസന്‍, വിനീത്, വിനീത് കുമാര്‍, കാവ്യാമാധവന്‍, സനൂഷ... തീര്‍ന്നു. മട്ടന്നൂരിലെ പാലോട്ട്പള്ളി പോലൊരു ഗ്രാമത്തില്‍ നിന്നും സിനിമയിലേക്ക് എത്തപ്പെടാനുള്ള വഴി എന്താണ്?
= മുമ്പ് മട്ടന്നൂരില്‍ രണ്ട് തിയേറ്ററുകള്‍ ഉണ്ടായിരുന്നു. ആനന്ദും പ്രിയയും. ആനന്ദ പിന്നീട് സഹീനയായി. ഇപ്പോള്‍ രണ്ടുമില്ല. പൂട്ടിപ്പോയി. മാത്രമല്ല, മട്ടന്നൂര്‍ റിലീസിംഗ് കേന്ദ്രവുമല്ല. റിലീസ് ചെയ്യുന്ന സിനിമ കാണണമെങ്കില്‍ കണ്ണൂരിലോ തലശ്ശേരിയിലോ പോകണം. നമ്മുടെ നാട്ടില്‍ സിനിമ ചെയ്യാന്‍ മാത്രമല്ല, സിനിമ കാണാനുമുള്ള സൗകര്യങ്ങള്‍ വളരെ കുറവാണ്.

അടുത്ത പദ്ധതി

? എന്താണ് അടുത്ത പൊജക്ട്?
= സിനിമ ചെയ്യാനുള്ള ആഗ്രഹവുമായി മിനി സ്‌ക്രീനില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ എന്റെ മനസ്സില്‍ പത്തോ പന്ത്രണ്ടോ ആശയങ്ങള്‍ ഉണ്ടായിരുന്നു. ആദ്യ സിനിമ ഏതാവണമെന്ന ചിന്തയില്‍ അവയില്‍ മൂന്നെണ്ണം തെരഞ്ഞെടുത്തു. മൂന്ന് ആശയങ്ങള്‍ക്കും സ്‌ക്രിപ്റ്റ് ചെയ്തു. ഒടുവിലാണ് ആദാമിന്റെ മകന്‍ അബുവിനെ തെരഞ്ഞെടുത്തത്. അടുത്ത സിനിമയ്ക്കുള്ള പദ്ധതികള്‍ നടന്നുവരുന്നുണ്ട്. എഴുതിവെച്ച ബാക്കി രണ്ട് സ്‌ക്രിപ്റ്റുകള്‍ തന്നെയാവണം അടുത്ത സിനിമ എന്നൊന്നുമില്ല. ചിലപ്പോള്‍ അത് മറ്റൊരു ആശയമായിരിക്കും. ഇപ്പോള്‍ പറയാറായിട്ടില്ലെന്നേയുള്ളു. എന്തായാലും അടുത്ത ചിത്രവും ഒരു ഗ്രാമവും അവിടുത്തെ നന്മകളുമൊക്കെ തന്നെയാണ്.

എന്റേത് കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍

? കൊമേഴ്‌സ്യല്‍ സിനിമ ആയിരിക്കില്ലെന്ന് ചുരുക്കം?
= ആര്‍ട്ട് എന്നും കൊമേഴ്‌സ്യല്‍ എന്നും കാറ്റഗറൈസ് ചെയ്യപ്പെടുന്നതില്‍ താത്പര്യമില്ല. മുടക്കു മുതല്‍ തിരിച്ചു പിടിക്കുന്ന സിനിമയാണ് കൊമേഴ്‌സ്യല്‍ സിനിമകളെങ്കില്‍ ആദാമിന്റെ മകന്‍ അബു കൊമേഴ്‌സ്യല്‍ ചിത്രമാണ്.
ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ബോയിംഗ് ബോയിംഗ് ആണ്. തിയേറ്ററില്‍ നിന്നും സി ഡി വെച്ചുമൊക്കെ നൂറിലേറെ തവണ ആ സിനിമ കണ്ടിട്ടുണ്ടാകും. പൊന്മുട്ടയിടുന്ന താറാവും തൂവാനത്തുമ്പികളുമൊക്കെയാണ് ഇഷ്ടമുള്ള മറ്റു ചിത്രങ്ങള്‍.

? സലീംകുമാര്‍ എന്ന നടന്‍ പുരസ്‌ക്കാരം അര്‍ഹിക്കുന്നുണ്ട് എന്ന് മലയാളിക്ക് തോന്നിയിട്ടുണ്ടാവുമോ? അതുകൊണ്ടായിരിക്കുമോ മലയാളികള്‍ മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങളെ ആഹ്ലാദത്തോടെ സ്വീകരിച്ചത്?
= ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ച ദിവസം സലീംകുമാര്‍ അഭിനയിച്ച ഒരു സിനിമയ്ക്ക് എറണാകുളത്തെ ഒരു തിയേറ്ററില്‍ ഫസ്റ്റ് ഷോയ്ക്ക് അദ്ദേഹത്തിന്റെ രംഗമെത്തിയപ്പോള്‍ കാണികള്‍ മുഴുവന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചുവെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹം പുരസ്‌ക്കാരത്തിന് അര്‍ഹനാണെന്ന് മലയാളികള്‍ വിശ്വസിക്കുന്നുണ്ടാകാം.

? വ്യക്തി എന്ന നിലയില്‍ സലീംകുമാര്‍?
= സാധാരണക്കാരന്റെ മനസ്സുള്ള ആളാണ് അദ്ദേഹം. ഇമോഷനുകള്‍ക്കും ബന്ധങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന ഒരാള്‍. മുപ്പത്തിയൊന്ന് ദിവസമാണ് ആദാമിന്റെ മകന്‍ അബു ഷൂട്ട് ചെയ്തത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചു നാളുകളായപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ഹജ്ജ് എന്നുപറഞ്ഞാല്‍ ഇങ്ങനെയൊക്കെയുണ്ടല്ലേ. ഞാന്‍ കരുതി വെറുതെ ജിദ്ദയില്‍ പോയി വരലാണെന്ന്. എനിക്കും ഹജ്ജിന് പോകാന്‍ കഴിയുമോ എന്നാണ് ഷൂട്ടിംഗിനിടയില്‍ സലീംകുമാര്‍ എന്നോട് ചോദിച്ചത്. അങ്ങനെയാണ് ഹജ്ജിന് പോകാന്‍ കഴിയാത്ത ഒരു ദരിദ്രന് ഈ വര്‍ഷം ഹജ്ജിനുള്ള പണം മുടക്കാന്‍ അദ്ദേഹം മനസ്സ് കാണിച്ചത്. ഏറ്റവും അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ സലീംകുമാര്‍ ഡോ. എം കെ മുനീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍ എനിക്ക് വാക്കുകള്‍ കിട്ടാതെ പോയി. എന്നാല്‍ സലീംകുമാര്‍ പൊട്ടിക്കരയുകയാണ് ചെയ്തത്. സാധാരണക്കാരന്റെ മനസ്സുള്ള മനുഷ്യനാണ് അദ്ദേഹം.

? ഹജ്ജിന്റെ കാര്യത്തിലും വിവാദം ഉണ്ടായല്ലോ. സിനിമയില്‍ നിന്നും സമ്പാദിച്ച പണംകൊണ്ട് ഒരാളെ ഹജ്ജിന് അയക്കുന്നത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി?
= സൂര്യാ ടി വിയില്‍ ജൂണ്‍ നാലിന് സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡീല്‍ ഓര്‍ നോ ഡീല്‍ പരിപാടിയില്‍ ഇതേ ചോദ്യം മുകേഷ് സലീംകുമാറിനോട് ചോദിക്കുന്നുണ്ട്. അതിന് അദ്ദേഹം കൃത്യമായി മറുപടി പറഞ്ഞിട്ടുമുണ്ട്. ടെലിവിഷന്‍ പരിപാടിയില്‍ നിന്നും സമ്മാനമായി ലഭിച്ച ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് അദ്ദേഹം ഹജ്ജിനായി മാറ്റിവെച്ചിട്ടുള്ളത്. തന്റെ ആഗ്രഹമാണ് മറ്റൊരാളിലൂടെ സാധിക്കുന്നത് എന്നാണ് ഹജ്ജിനെ കുറിച്ച് സലീംകുമാര്‍ പ്രതികരിച്ചിട്ടുള്ളത്.

? സ്വന്തം സിനിമയില്‍ മികച്ച നടനും മികച്ച ക്യാമറാമാനുമൊക്കെ ഉണ്ടായപ്പോഴും സംവിധായകനായി തെരഞ്ഞെടുക്കപ്പെടാതിരുന്നതില്‍ നിരാശയുണ്ടോ?
= യാതൊരു നിരാശയുമില്ല. മികച്ച സംവിധായകനുള്ള അവാര്‍ഡിന് എന്നേയും പരിഗണിച്ചിരുന്നു.

? ദേശീയ പുരസ്‌ക്കാരം ലഭിച്ചതുകൊണ്ടാണോ രണ്ടാമത് പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്?
= ദേശീയ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാന അവാര്‍ഡിനുള്ള ലിസ്റ്റ് ആയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

? സിനിമ? വായന?
= ഓര്‍മവെച്ച നാള്‍ മുതല്‍ സിനിമ കാണുന്നുണ്ട്. പരന്ന വായനയും നടത്താറുണ്ട്. സക്കറിയയാണ് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍. ഒരോരുത്തര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ ഇഷ്ടപ്പെട്ട രീതിയില്‍ അറിയിക്കാനണല്ലോ ശ്രമിക്കുക. എനിക്ക് പറയാനുള്ള കാര്യങ്ങളാണ് ഞാന്‍ സിനിമയിലൂടെ പറയുന്നത്.
എന്റെ സിനിമയിലേക്ക് എനിക്ക് എത്താന്‍ കഴിഞ്ഞത് മറ്റുള്ളവരുടെ സിനിമയിലൂടെയാണ്. രണ്ടായിരത്തിലേറെ സിനിമകളുടെ ഡി വി ഡി കലക്ഷന്‍ കൈയ്യിലുണ്ട്. ദിവസവും മുന്നോ നാലോ സിനിമകള്‍ കണ്ടിരുന്ന കാലമുണ്ടായിരുന്നു.
സാധാരണക്കാരന്റെ രീതിയിലാണ് സിനിമയെ കുറിച്ച് ഞാന്‍ ആലോചിക്കുന്നത്. ഇന്റലക്ച്വല്‍ ജാഡകള്‍ ഇല്ല. ബുദ്ധിജീവി ചിന്തകള്‍ എനിക്കില്ല. ജനങ്ങള്‍ക്ക് മനസ്സിലാവുന്നതാണ് എന്റെ സിനിമ. എന്റെ ഏരിയ അതാണ്. ഞാന്‍ സാധാരണക്കാരനാണ്. അനാവശ്യമായ ഒരു സീന്‍ പോലും സിനിമയില്‍ ഉണ്ടാവരുതെന്നാണ് ആഗ്രഹം. തുറന്നുവെച്ച ക്യാമറയില്‍ ശബ്ദമില്ലാതെ കടന്നുപോകുന്ന രംഗങ്ങള്‍ എന്റെ സ്വപ്നത്തിലുള്ളതല്ല.

? സിനിമയില്‍ എത്താനുള്ള സമയം വൈകിപ്പോയെന്ന് തോന്നുന്നുണ്ടോ?
നേരത്തെ എത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ എനിക്ക് ഇത്തരത്തിലൊരു സിനിമ ചെയ്യാനോ പുരസ്‌ക്കാരങ്ങള്‍ നേടാനോ കഴിയുമായിരുന്നില്ല.

? ആദാമിന്റെ മകന്‍ അബു എന്ന പേരിലൊരു പാഠം പഠിക്കാനുണ്ടായിരുന്നു സ്‌കൂളില്‍?
= ഉവ്വ്. ആ പാഠഭാഗം തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള എന്റെ പ്രചോദനം. നന്മയുള്ള ആ അബു എന്നെ ഏറെ സ്വാധീനിച്ചിരുന്നു.

നല്ല സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം

? പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നിരിക്കുന്നു. ദേശീയ- സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ച സിനിമയുടെ സംവിധായകനെന്ന നിലയ്ക്ക് സര്‍ക്കാര്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കും. അങ്ങനെയെങ്കില്‍ സര്‍ക്കാരിനോട് എന്താണ് നിര്‍ദ്ദേശിക്കാനുള്ളത്?
= ഗണേഷ് കുമാറാണല്ലോ മന്ത്രി. അദ്ദേഹം സിനിമയില്‍ നിന്നും വരുന്ന ആളാണ്. എന്റേത് ഉള്‍പ്പെടെ, നല്ല സിനിമകള്‍ക്ക് ടാക്‌സ് ഫ്രീ ആക്കണമെന്നാണ് പറയാനുള്ള ഒരുകാര്യം. എന്നെപോലൊരാളെ 2011 മെയ് 19 വരെ ആര്‍ക്കും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പുരസ്‌ക്കാരം ലഭിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമ തിയേറ്ററില്‍ വന്നുപോകുന്നതും ചിലപ്പോള്‍ ആരും അറിയണമെന്നില്ല. പുതിയവര്‍ ഉള്‍പ്പെടെ സ്വന്തമായി സിനിമ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്താനുള്ള സൗകര്യങ്ങള്‍ ചെയ്തുതരണമെന്നും പറയാനുണ്ട്.

Followers

About Me

My photo
thalassery, muslim/ kerala, India