വിദ്യാ കാലത്തെ കുറിച്ച് ഇവര്‍ക്കും ചിലത് പറയാനുണ്ട്



പിന്നേയും ഒരു സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നു. പാഠ്യപദ്ധതിയെ കുറിച്ചും അതിന്റെ ഗഹനതയെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്നത് മുതിര്‍ന്നവരും ബുദ്ധിജീവികളെന്ന് കരുതുന്നവരുമാണ്. തങ്ങള്‍ പഠിക്കുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ആരും ചിന്തിക്കാറില്ല. പാഠങ്ങളേയും പഠന രീതികളേയും കുറിച്ചും അതിന്റെ ലാളിത്യത്തേയും ബുദ്ധിമുട്ടുകളേയും കുറിച്ചും അനുഭവത്തിലൂടെ പറയാനാവുക അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്. പഠനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് അധ്യാപകര്‍ എന്തെങ്കിലും പറയാറുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അതിന് അവസരം ലഭിക്കാറില്ല. വിദ്യാര്‍ഥി സംഘടനകള്‍ പോലും ഈ കാര്യം ചര്‍ച്ചയാക്കാറില്ല.
തങ്ങളുടെ പഠനത്തേയും പാഠ്യപദ്ധതിയേയും കുറിച്ച് സംസാരിക്കുകയാണ് ഏതാനും വിദ്യാര്‍ഥികള്‍. പുടവ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ മനസ്സ് തുറക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍:

ഐനു നുഹ
മഞ്ചേരിക്ക് സമീപം പാപ്പിനിപ്പാറ സ്വദേശി. പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു. ഊര്‍ങ്ങാട്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ടി ഹംസയുടേയും സമിയ ടീച്ചറുടേയും മകള്‍. വായനയില്‍ താത്പര്യം.

ഡല്‍ന നിവേദിത
സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ഥിനി. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് ജീവനക്കാരന്‍ പ്രിന്‍സിന്റേയും പൊന്നമ്മയുടേയും മകള്‍. പ്രഥമ കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ഡല്‍ന എഴുപതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. മാതൃഭൂമി, പച്ചക്കുതിര, കേരള കൗമുദി, മാധ്യമം, ഇന്ത്യാ വീക്ക്‌ലി എന്നിവയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴവില്ലും കിളികളും എന്ന കവിതാ സമാഹാരം 2006ല്‍ ഒലീവ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ പുസ്തകമായ മൂന്നാം കണ്ണിന്റെ പണിപ്പുരയില്‍.

അജയ്‌ലാല്‍
കോഴിക്കോട് ചാലപ്പുറം ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥി. ഓട്ടോറിക്ഷ ഡ്രൈവറായ വേണുഗോപാല്‍ എന്ന മണിയുടേയും വര്‍ത്തമാനത്തില്‍ അറ്റന്ററായ രമയുടേയും മകന്‍. നാടകം, ഫുട്ബാള്‍, ബാസ്‌ക്കറ്റ്ബാള്‍ എന്നിവയില്‍ താത്പര്യം.

ശമ്മാസ് അബ്ദുല്ല
മുക്കം സ്വദേശി. കൊടിയത്തൂര്‍ ബി ടി എം എച്ച് എസില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോടെ എസ് എസ് എല്‍ സി വിജയം. മൂര്‍ഖനാട് ഹൈസ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്ലയുടേയും കൊടിയത്തൂര്‍ ഹൈസ്‌കൂള്‍ അധ്യാപിക ഖദീജയുടേയും മകന്‍. കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് നടന്ന സാമൂഹ്യശാസ്ത്രം പ്രസംഗ മത്സരത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്.

നിഹാന്‍ അബ്ദുല്ല
തിക്കോടി സ്വദേശി. ഏഴാം തരം വിദ്യാര്‍ഥി. ബിസിനസുകാരനായ നിസാറിന്റേയും ശമീമയുടേയും മകന്‍. വായിക്കാനും എഴുതാനും താത്പര്യമുള്ള നിഹാന്‍ പ്രകൃതിയെ കുറിച്ചുള്ള കുറിപ്പുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അക്താബ് റോഷന്‍
ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയായ അക്താബ് തിക്കോടി സ്വദേശി. തിരൂരങ്ങാടി ജി എച്ച് എസ് എസ് അധ്യാപകന്‍ അബ്ദുല്‍ ഗഫൂറിന്റേയും ചിങ്ങവനം സി കെ ജി സ്‌കൂള്‍ അധ്യാപിക അയിഷാബിയുടേയും മകന്‍. സൈക്കിളിംഗിലും വായനയിലും താത്പര്യം.

ഇഫ്‌റത്ത് റഹ്മാന്‍
കോഴിക്കോട് കണ്ണഞ്ചേരി അഭയത്തില്‍ ബിസിനസുകാരനായ അബ്ദുറഹ്മാന്റേയും സുലേഖയുടേയും മകള്‍. പ്ലസ് ടു കഴിഞ്ഞു. പാട്ടുപാടാനും എഴുതാനും താത്പര്യം. സി ഐ ഇ ആര്‍ സംസ്ഥാന മത്സരത്തില്‍ വ്യക്തിഗത ചാംപ്യന്‍ഷിപ്പ് നേടി. ചിത്രരചനാ മത്സരത്തിലും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം.

സ്‌കൂളിലെ ആദ്യനാളിലേക്കൊരു മടക്കയാത്ര
ഡല്‍ന നിവേദിത: സുല്‍ത്താന്‍ ബത്തേരിക്കു സമീപത്തെ കുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിനോടനുബന്ധിച്ച പ്രീ പ്രൈമറി ക്ലാസ്സിലാണ് ആദ്യം പോയത്. സ്‌കൂളില്‍ പോകുന്നതിനും ഒരാഴ്ച മുമ്പുതന്നെ പുതിയ കുടയും ബാഗുമൊക്കെ വാങ്ങിവെച്ചിരുന്നു. കുടയ്ക്കും ബാഗിനുമൊക്കെ കൊതിപ്പിക്കുന്ന മണമുണ്ടായിരുന്നു. അമ്മയോടൊപ്പമാണ് ആദ്യദിവസം സ്‌കൂളില്‍ പോയത്. ലാലി ടീച്ചറുടെ ക്ലാസ്സ്. സ്‌കൂളിലെത്തുന്ന പുതിയ കുട്ടികള്‍ക്കായി ടീച്ചര്‍ ബലൂണ്‍ കരുതിവെച്ചിരുന്നു. ആദ്യക്ലാസ്സില്‍ ഭയങ്കര സന്തോഷമാണ് തോന്നിയത്. കളിക്കാന്‍ കുറേ കളിപ്പാട്ടങ്ങളും കിട്ടി. ലാലി ടീച്ചര്‍ അടുത്തു നില്‍ക്കുമ്പോഴെല്ലാം ടീച്ചറുടെ സാരിയില്‍ തൊടാനാണ് തോന്നിയത്. വൈകിട്ട് അമ്മ വന്നാണ് തിരികെ വീട്ടിലേക്ക് കൊണ്ടുപോയത്.
ഐനു നുഹ: ഒന്നാം ക്ലാസ്സിലെ ആദ്യ ദിനത്തില്‍ ആരുടെ കൂടെയാണ് സ്‌കൂളിലേക്ക് പോയതെന്ന് ഓര്‍മ്മയില്ല. ചുമരിനോട് ചേര്‍ന്ന് ബെഞ്ചുകളിട്ടതാണ് ക്ലാസ്സ് മുറി. ഡസ്‌കുകളൊന്നും ഉണ്ടായിരുന്നില്ല. സ്ലേറ്റും കൈയ്യില്‍ പിടിച്ച് ചുമരിനോട് ചാരിയിരുന്നത് ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. സുബൈര്‍ സാറായിരുന്നു അധ്യാപകന്‍. അദ്ദേഹം ബോര്‍ഡില്‍ എന്തൊക്കെയോ എഴുതിയിരുന്നെന്ന് തോന്നുന്നു. പഴയ ഓടിട്ട കെട്ടിടത്തിലെ ക്ലാസ്സ് മുറിയില്‍ ബലൂണ്‍ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ആദ്യത്തെ ഒരാഴ്ചക്കാലം പുതിയ കുട്ടികള്‍ക്കെല്ലാം മിഠായി കിട്ടിയിരുന്നു. അടുത്ത കൂട്ടുകാരി മുഹ്‌സിന നന്നായി പഠിക്കുന്നവളാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. നന്നായി പഠിക്കുന്നതുകൊണ്ട് എനിക്ക് അവളോട് അസൂയയുണ്ടായിരുന്നു. ഞങ്ങളുടെ സ്‌കൂളിന്റെ പഴയ ക്ലാസ്സ് മുറി ഇപ്പോള്‍ പൊളിച്ചു നീക്കി. ഈ വര്‍ഷം മുതല്‍ പുതിയ കെട്ടിടത്തിലായിരിക്കും ക്ലാസ്സുകള്‍. ഈ വര്‍ഷം വരുന്ന പുതിയ കുട്ടികളെ സ്വീകരിക്കാന്‍ എവിടെയാണ് ബലൂണ്‍ കെട്ടിത്തൂക്കുകയെന്ന് ചിന്തിച്ച് ശരിക്കും ഞാന്‍ വിഷമിച്ചു പോകുന്നുണ്ട്.
അജയ്‌ലാല്‍: ആദ്യ ദിവസം സ്‌കൂളില്‍ കൊണ്ടാക്കിയത് അച്ഛനായിരുന്നു. വീട്ടില്‍ നിന്നും ആദ്യമായാണ് വിട്ടുനില്‍ക്കുന്നത്. ഒന്നാം ക്ലാസ്സിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാന്‍ വത്സല ടീച്ചറുണ്ടായിരുന്നു. ക്ലാസ്സ് മുറിയിലെ ബെഞ്ചിലിരുന്നപ്പോള്‍ സമീപത്തുണ്ടായിരുന്നത് നല്ല ഉയരമുള്ള കുട്ടിയായിരുന്നു. അവനോട് എനിക്ക് അസൂയയാണ് തോന്നിയത്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അവന്റെ അമ്മയ്ക്ക് തിരുവനന്തപുരത്തേക്ക് മാറ്റമായപ്പോഴാണ് അവര്‍ പോയത്. അതുവരെ അവനായിരുന്നു എന്റെ നല്ല സുഹൃത്ത്. ആദ്യം പഠനത്തില്‍ താത്പര്യമില്ലായിരുന്നെങ്കിലും ടീച്ചറും സഹപാഠികളും ചേര്‍ന്ന് പഠിക്കാനുള്ള മനസ്സുണ്ടാക്കിയത്. കലാകായിക രംഗങ്ങളിലും താത്പര്യമുണ്ടാക്കിയത് എല്‍ പി ക്ലാസ്സുകളായിരുന്നു. ആദ്യ ദിവസം ക്ലാസ്സിലെത്തിയപ്പോള്‍ കുറേ കുട്ടികളെ കണ്ടപ്പോള്‍ ആദ്യം പേടിയാണ് തോന്നിയത്.
ശമ്മാസ് അബ്ദുല്ല: ഉമ്മയോടൊപ്പമായിരുന്നു ആദ്യത്തെ സ്‌കൂള്‍ യാത്ര. ബലൂണും മിഠായിയുമൊക്കെ ആദ്യ ദിവസം കിട്ടിയതായി ഓര്‍മ്മയുണ്ട്. സ്‌കൂളിലെ ആദ്യ ദിവസത്തിന് വലിയ പ്രൗഢിയൊന്നുമുള്ളതായി ഓര്‍മ്മയിലില്ല. ബേനസീറ ടീച്ചര്‍ പാട്ടുപാടിയതും അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ജഗപോക്കിരികള്‍ കരഞ്ഞു തളര്‍ന്നതും ആ ദിവസത്തിന്റെ പ്രത്യേകതയായി ഓര്‍മ്മയുണ്ട്. ഇടിവെട്ടിയാല്‍ പേടിക്കുന്ന ഒരു കൂട്ടുകാരനെ ഓര്‍ക്കുന്നുണ്ട്. ഇടിയും മിന്നലുമുണ്ടായാല്‍ കൂട്ടുകാരന്റെ ഏട്ടനോ സഹോദരിയോ അവന് പിറകില്‍ ക്ലാസ്സില്‍ കാവല്‍ നില്‍ക്കാറുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയങ്കര രസം തോന്നുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയാലാണ് ഇടിയും മഴയുമുണ്ടാകുന്നതെങ്കില്‍ കൂട്ടുകാരനെ പിന്നീട്, സ്‌കൂളിന്റെ വഴിയിലേ കാണുകയില്ല. കണ്ണിലുറ്റിക്കുന്ന മരുന്നിന്റെ ചെറിയ കുപ്പിയില്‍ വീട്ടില്‍ നിന്നും വെള്ളം കൊണ്ടുവരുന്ന മറ്റൊരു സഹപാഠിയുമുണ്ട് എനിക്ക്. ഒരു പെന്‍സില്‍ കൊടുത്താല്‍ രണ്ടുതുള്ളി വെള്ളം സ്ലേറ്റ് മയക്കാന്‍ കൊടുക്കുമായിരുന്നു അവന്‍. എന്നേക്കാള്‍ തണ്ടും തടിയുമുണ്ടായിരുന്ന അവന്റെ സഹായിയായി കൂടിയത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരുന്നു.
നിഹാന്‍ അബ്ദുല്ല: കളിക്കാന്‍ പോകാമെന്നു പറഞ്ഞ് ഉമ്മ ഒരു ദിവസം രാവിലെ കൂട്ടിക്കൊണ്ടുപോയത് സ്‌കൂളിലേക്കായിരുന്നു. ഉമ്മ വിളിച്ചു കൊണ്ടുപോകുന്ന നേരത്തും ഞാന്‍ കളിക്കുകയായിരുന്നു. ജ്യോതി ടീച്ചറുടെ ക്ലാസ്സിലെത്തിയപ്പോഴാണ് സ്‌കൂളാണെന്ന് തിരിച്ചറിഞ്ഞത്. സ്‌കൂളില്‍ പോകാനൊന്നും എനിക്ക് ഇഷ്ടമില്ലായിരുന്നു. കളിക്കാനുള്ള ആവേശത്തില്‍ പോയത് സ്‌കൂളിലെത്തിയപ്പോള്‍ ഭയങ്കര ദേഷ്യമാണ് തോന്നിയത്. ആ ദേഷ്യം മുഴുവന്‍ അടുത്തിരിക്കുന്ന കുട്ടിയോടാണ് തീര്‍ത്തത്. അവനെ ഞാന്‍ പിടിച്ചടിച്ചു. ക്ലാസ്സില്‍ കുട്ടികളുടെ ബട്ടനുകളും പൊട്ടിക്കുന്നതും കുപ്പായം പിടിച്ചു വലിക്കുന്നതുമൊക്കെ എന്റെ പതിവായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് എന്നെ ഭയങ്കര പേടിയായിരുന്നു.
അക്തബ് റോഷന്‍: നഴ്‌സറി ക്ലാസ്സില്‍ ചേര്‍ത്തപ്പോള്‍ ആദ്യ ദിവസം തന്നെ ഞാന്‍ പഠനം മതിയാക്കി. ആരാണ് സ്‌കൂളില്‍ കൊണ്ടാക്കിയതെന്നൊന്നും ഓര്‍മ്മയില്ല. ക്ലാസ്സ് മുറിയിലെ ചെറിയ കസേരയില്‍ ജ്യോതി ടീച്ചര്‍ ഇരുത്തിയ ആദ്യദിനം. ആ കസേരകളില്‍ കൂട്ടുകാരോടൊത്ത് മറിഞ്ഞു കളിച്ചതാണ് നഴ്‌സറിയുടെ ഓര്‍മ്മ. രാവിലെ കുട്ടികളെ ക്ലാസ്സില്‍ കൊണ്ടാക്കിയവരെല്ലാം മടങ്ങിയോടെ ടീച്ചര്‍ വാതിലടച്ചു. നായ വരുമെന്നായിരുന്നു ടീച്ചര്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്തോ ആവശ്യത്തിന് (അതോ ഫോണ്‍ ചെയ്യാനോ) ടീച്ചര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങിയ തക്കത്തിന് ഉമ്മായെന്ന് നിലവിളിച്ച് നഴ്‌സറിക്ക് പുറത്തേക്ക് ഞാന്‍ ഓടി. പിന്നൊരിക്കല്‍ ഉപ്പയുടെ പെങ്ങളോടൊപ്പവും അവിടെ എത്തിയെങ്കിലും ആ ഭാഗത്തേക്ക് പോകാനേ കൂട്ടാക്കിയില്ല. നഴ്‌സറിയില്‍ പോകുന്നത് നിര്‍ത്തിയത് പരിഹരിക്കാന്‍ പിറ്റേ വര്‍ഷവും അതിനു പിറ്റേ വര്‍ഷവും വത്സല ടീച്ചറുടെ ഒന്നാം ക്ലാസ്സിലിരുന്ന് പ്രായശ്ചിതം ചെയ്തു. ഒന്നാം ക്ലാസ്സിലെ ആദ്യത്തെ ദിവസം ടീച്ചറായ ഉമ്മയോടൊപ്പമാണ് സ്‌കൂളില്‍ പോയത്. ഹെഡ്മാസ്റ്റര്‍ ഹുസൈന്‍ മാസ്റ്റര്‍ പല നിറങ്ങളിലുള്ള പേന തന്നിരുന്നു എനിക്ക്.
ഇഫ്‌റത്ത് റഹ്മാന്‍: സ്‌കൂളില്‍ പോകാന്‍ ഇഷ്ടമില്ലാതിരുന്നു എനിക്ക്. എത്ര കരഞ്ഞ് ബഹളമുണ്ടാക്കിയിട്ടും ഉപ്പ ക്ലാസ്സിലെത്തിച്ചു. സാന്‍ട്രാ മിസാണ് ഒന്നാം ക്ലാസ്സിലെ ടീച്ചറെങ്കിലും അനിതാ മിസ്സിനെയായിരുന്നു കൂടുതല്‍ ഇഷ്ടം. ആരോടും പെട്ടെന്ന് കമ്പനി കൂടാത്ത ഞാന്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ലാസ്സുമായി ഇണങ്ങിച്ചേര്‍ന്നത്.

സ്‌കൂള്‍ കാലത്തുണ്ടൊരു മറക്കാനാവാത്ത അനുഭവം
ഞങ്ങള്‍ കുറേ പോക്കിരികള്‍ ചേര്‍ന്ന് ആദ്യമായി സ്റ്റേജില്‍ കയറിയത് മറക്കാനാവാത്ത അനുഭവമായിരുന്നു- ശമ്മാസ് അബ്ദുല്ല പറഞ്ഞു തുടങ്ങി. നഴ്‌സറി കലോത്സവത്തിന് വേണ്ടി ഗ്രൂപ്പ് ഡാന്‍സും സംഘഗാനവുമൊക്കെ പഠിച്ച് തയ്യാറായി നിന്നു. ജുബ്ബ ധരിച്ചായിരുന്നു സംഘനൃത്തം. എന്നെ സലീന ടീച്ചര്‍ ഒരുക്കിയത് ഇന്നലെയെന്ന പോലെ ഓര്‍മ്മയുണ്ട്. സ്റ്റേജില്‍ കയറി ഡാന്‍സ് ചെയ്യുമ്പോള്‍ കുട്ടികള്‍ പരസ്പരം കൈകള്‍ മുട്ടിപ്പോകുകയും അസൗകര്യമാവുകയും ചെയ്തു. ഏറെ ബുദ്ധിമുട്ടിയതുകൊണ്ടാവണം സൗകര്യത്തിന് വേണ്ടി ഞാന്‍ വേദിക്ക് പുറം തിരിഞ്ഞു നിന്ന് നൃത്തം ചെയ്തു. അതോടെ എല്ലാ കുട്ടികള്‍ക്കും നല്ല സൗകര്യം കിട്ടി. ഞാനാണ് തിരിഞ്ഞു നിന്നതെന്ന് മനസ്സിലായ ബന്ധുക്കള്‍ പിന്നീട് പലപ്പോഴും ഈ പേരില്‍ എന്നെ കളിയാക്കാറുണ്ടായിരുന്നു. ശമ്മാസിന് പഴയ കാലത്തേക്ക് തിരിച്ചു പോയതുപോലൊരു മുഖഭാവം. തീരുന്നില്ല നഴ്‌സറി കലോത്സവത്തിന്റെ അനുഭവം. സംഘഗാനത്തിനുവേണ്ടി ശമ്മാസ് കൊണ്ടുവന്ന വേഷം വേറൊരു കുട്ടി അണിഞ്ഞ് വേദിയില്‍ കയറാന്‍ തയ്യാറായി. അതോടെ ഇടഞ്ഞ കുഞ്ഞു ശമ്മാസ് തന്റെ കുപ്പായം ഇപ്പോള്‍ തന്നെ വേണമെന്ന് പറഞ്ഞ് ടീച്ചറോട് ശണ്ഠകൂടി. ഒടുവില്‍ ശിഷ്യന്റെ വാശിയെ ചായയും ബിസ്‌ക്കറ്റുമൊക്കെ നല്കിയാണ് ടീച്ചര്‍ അലിയിച്ചു കളഞ്ഞത്.
സ്‌കൂള്‍ കാലത്തെ സങ്കടപ്പെടുത്തുന്ന രണ്ട് അനുഭവങ്ങള്‍ ഐനു നൂഹയ്ക്ക് ഇപ്പോഴും കൂടെയുണ്ട്. ഏഴാം ക്ലാസ്സിലെ പരീക്ഷയാണ് നൂഹയ്ക്ക് മറയ്ക്കാന്‍ കഴിയാത്ത ഒരു സ്‌കൂള്‍ അനുഭവം സമ്മാനിച്ചത്. പരീക്ഷയ്ക്ക് തൊട്ടപ്പുറത്തുണ്ടായിരുന്ന ആറാം ക്ലാസ്സിലെ കുട്ടി സംശയം ചോദിച്ചപ്പോള്‍ ഒന്നുമോര്‍ക്കാതെ നൂഹ ചോദ്യപേപ്പറില്‍ ഉത്തരമെഴുതി നല്കി. ആ സംഭവം അന്നുതന്നെ മറക്കുകയും ചെയ്തു. എന്നാല്‍ കഥ ഗതിമാറിയത് അധ്യാപകന്‍ പരീക്ഷാ പേപ്പര്‍ നോക്കിയതിന് ശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സമയത്തായിരുന്നു. ആറാം ക്ലാസ്സിലെ ഒരു കുട്ടി വന്ന് നൂഹയെ സ്റ്റാഫ് റൂമിലേക്ക് വിളിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പൊല്ലാപ്പിനെ കുറിച്ചൊന്നും ഓര്‍ത്തിരുന്നില്ല. സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ ആറാം ക്ലാസ്സിലെ കുട്ടിക്ക് ഉത്തരം എഴുതിക്കൊടുത്തുവോ എന്നായിരുന്നു മലയാളം സെക്കന്റ് എടുക്കുന്ന ഷമീല്‍ സാറിന്റെ ചോദ്യം. തെറ്റ് സമ്മതിക്കാന്‍ നൂഹ തയ്യാറായിരുന്നു. പക്ഷേ, മറ്റൊരു കുട്ടിക്കും താനാണ് ഉത്തരം എഴുതിക്കൊടുത്തതെന്ന മാഷിന്റെ അഭിപ്രായം നൂഹയെ കരയിക്കുകതന്നെ ചെയ്തു. ചെയ്യാത്ത തെറ്റിന് കുറ്റം സമ്മതിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. അതിനു ശേഷം പരീക്ഷാ ഹാളില്‍ ആരുവിളിച്ചാലും തിരിഞ്ഞു നോക്കാറില്ലെങ്കിലും കുട്ടികളുടെ സൈക്കോളജി അറിയാമെന്നൊക്കെ പറയുന്ന അധ്യാപകരെ ഒറ്റയടിക്ക് അംഗീകരിക്കാന്‍ നൂഹ ഇപ്പോഴും തയ്യാറല്ല. പത്താം ക്ലാസ്സില്‍ വിജയഭേരി ഉള്ളതിനാല്‍ ഒന്‍പത് മണിക്ക് മുമ്പ് തന്നെ ക്ലാസ്സില്‍ എത്തിയിരിക്കണമെന്നായിരുന്നു നിയമം. വീട്ടില്‍ നിന്നും രണ്ടു ബസ്സുകള്‍ മാറിക്കയറി സ്‌കൂളിലെത്തേണ്ടിയിരുന്ന പത്താം ക്ലാസ്സുകാരി ഒരു ദിവസം മാത്രം വൈകി എത്തിയപ്പോള്‍ അധ്യാപിക പുറത്തു നിര്‍ത്തുകയും പ്രധാനാധ്യാപികയെ കാണാന്‍ പറയുകയും ചെയ്തു. (പാപ്പിനിപ്പാറയില്‍ ഗതാഗത സൗകര്യം കുറവാണെന്നും ഏറെ ആളുകള്‍ക്കും ആ പ്രദേശം അറിയില്ലെന്നും നൂഹയുടെ പക്ഷം) ഇത് തന്നോട് കാണിച്ച പക്ഷപാതമായിട്ടാണ് പതിനഞ്ചുകാരി പെണ്‍കുട്ടിക്ക് അനുഭവപ്പെട്ടത്. അതും തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചുവെന്ന് പറയുമ്പോള്‍ നൂഹ പിന്നേയും കരച്ചിലിന്റെ വക്കത്തെത്തുന്നു.
അജയ്‌ലാലിന്റെ സ്‌കൂള്‍ ഓര്‍മ്മകളില്‍ അധ്യാപകര്‍ തന്നോട് കാണിച്ച സ്‌നേഹത്തെ കുറിച്ചാണ് ഏറെയുള്ളത്. നാലില്‍ നിന്നും ജയിച്ച് അഞ്ചിലേക്ക് പുതിയ സ്‌കൂളിലെത്തിയപ്പോള്‍ പ്രമീള ടീച്ചര്‍ തന്നെ അറിയാമെന്ന് പറഞ്ഞത് കുറച്ചൊന്നുമല്ല അജയിനെ അത്ഭുതപ്പെടുത്തിയത്. തന്റെ പഴയ സ്‌കൂളിലെ നാലാം ക്ലാസ്സിലെ ടീച്ചര്‍ തന്നെ കുറിച്ച് പ്രമീള ടീച്ചര്‍ക്ക് നേരത്തെ തന്നെ പറഞ്ഞുകൊടുത്തിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ അജയ് പിന്നേയും അത്ഭുതപ്പെട്ടു. തനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അധ്യാപകര്‍ ഏറെ ശ്രമങ്ങള്‍ നടത്തിയതും കളി പഠിപ്പിക്കാന്‍ അധ്യാപകരില്ലാഞ്ഞിട്ടും ബാസ്‌ക്കറ്റ് ബാള്‍ ഫൈനലിലെത്തിയപ്പോള്‍ കളി കാണാന്‍ അധ്യാപകര്‍ മുഴുവന്‍ മാനാഞ്ചിറയില്‍ എത്തിയതും അജയുടെ ഓര്‍മ്മകളിലെ നല്ല നിമിഷങ്ങളാണ്.
സ്വന്തം സ്‌കൂളില്‍ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും മുമ്പില്‍ സ്വന്തം കവിതാ സമാഹാരം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതാണ് ഡല്‍ന നിവേദിത മനസ്സിന്റെ പച്ചപ്പില്‍ കാത്തുവെക്കുന്നത്. സ്‌കൂള്‍ ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സിനു മുമ്പില്‍ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ കൃഷ്ണപ്രസാദും കഥാകൃത്ത് അര്‍ഷാദ് ബത്തേരിയും മഴവില്ലും കിളികളും പ്രകാശനം ചെയ്തത് ഡല്‍നയോടൊപ്പം സ്‌കൂള്‍ മുഴുവന്‍ ആഘോഷിച്ചു. ആറാം ക്ലാസ്സിലേയും ഏഴാം ക്ലാസ്സിലേയും ചോദ്യപേപ്പറുകളില്‍ ഡല്‍നയുടെ കവിതയില്‍ നിന്നുള്ള ചോദ്യങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷം അധ്യാപക അവാര്‍ഡ് നേടിയ കുപ്പാടി യു പി സ്‌കൂള്‍ അധ്യാപിക കസ്തൂരി ടീച്ചറാണ് തനിക്ക് ഏറെ പ്രോത്സാഹനവും പ്രചോദനവും നല്കിയതെന്നും ഡല്‍ന അഭിമാനത്തോടെ പറയുന്നു. സാധാരണ എല്ലാ അധ്യാപകരേയും പോലെ ക്ലാസ്സ് മുറിയില്‍ ഇരുത്തിയല്ല കസ്തൂരി ടീച്ചര്‍ പാഠങ്ങള്‍ പഠിപ്പിക്കുക. പ്രകൃതിയുടെ മടിത്തട്ടാണ് ടീച്ചറുടെ ക്ലാസ്സ് മുറി.
സ്‌കൂള്‍ യുവജനോത്സവത്തില്‍ ആലപിക്കാനുള്ള സംഘഗാനത്തിന് പാട്ട് സംഘടിപ്പിക്കണമെന്ന രജിതാ മിസ്സിന്റെ ആവശ്യം ആദ്യം ഗൗരവമായെടുക്കാതിരുന്ന ഓര്‍മ്മകളിലേക്ക് കടന്നപ്പോള്‍ ഇഫ്‌റത്തിനേയും പിന്നേയും കരച്ചില്‍ വന്നു. എവിടുന്നാണ് പാട്ട് കിട്ടുകയെന്ന് അറിയില്ലാത്തതുകൊണ്ടുതന്നെ രജിതാ മിസ്സിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ കുറേ ദിവസം അന്വേഷിച്ചു, കിട്ടിയില്ല, നാളെ കിട്ടും തുടങ്ങിയ മറുപടികള്‍ പറഞ്ഞ് തടിതപ്പിയെങ്കിലും ഒടുവില്‍ ഇഫ്‌റത്ത് അനുഭവിക്കുകതന്നെ ചെയ്തു. യുവജനോത്സവത്തിന് എട്ട് ദിവസം മാത്രം ബാക്കിയിരിക്കേ പ്രയര്‍ ഹാളില്‍ നടന്ന ഖവാലി പ്രാക്ടീസ് കാണാന്‍ പോയപ്പോള്‍ രജിതാ മിസ് പിടികൂടുകയും പാട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് ഇഫ്‌റത്ത് ടീച്ചറോട് കയര്‍ത്തെങ്കിലും (ആ ദിവസം ഓര്‍മ്മയില്‍ വന്നതുകൊണ്ടോ എന്തോ, പിന്നേയും ഇഫ്‌റത്ത് ഏതാനും നിമിഷം കരഞ്ഞു തീര്‍ത്തു) ക്ലാസ്സിലെത്തി പൊട്ടിക്കരഞ്ഞു. പിന്നീട് സഹപാഠികളാണ് പാട്ട് സംഘടിപ്പിച്ചുകൊടുത്തത്. അതുപാടി രണ്ടാം സ്ഥാനം നേടി ഇഫ്‌റത്തും സംഘവും. അതോടെ രജിതാ മിസ്സിന്റെ മനസ്സും ആര്‍ദ്രമായിപ്പോയെന്ന് ഇഫ്‌റത്ത്.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടോയിലറ്റില്‍ കുടുങ്ങിപ്പോയ സഹപാഠിയെ രക്ഷപ്പെടുത്തിയ കഥയാണ് നിഹാന്‍ അബ്ദുല്ലയുടെ വീരസാഹസികതയില്‍ തങ്ങി നില്‍ക്കുന്നത്. ഹരികൃഷ്ണനായിരുന്നു അടുത്ത കൂട്ടുകാരന്‍. സ്‌കൂള്‍ വിട്ടതിനുശേഷം ഗ്രൗണ്ടില്‍ കളിക്കുമ്പോഴാണ് ഹരിക്ക് ടോയ്‌ലറ്റില്‍ പോകണമെന്ന് തോന്നിയത്. പക്ഷേ, ടോയിലറ്റില്‍ പോയ സുഹൃത്ത് ഏറെ കഴിഞ്ഞിട്ടും മടങ്ങാത്തതുകണ്ടാണ് നിഹാന് പന്തികേട് തോന്നിയത്. അപ്പോഴേക്കും സ്‌കൂള്‍ പൂട്ടി എല്ലാവരും പോയിരുന്നു. ഹരികൃഷ്ണനെ ഉറക്കെ വിളിച്ച് നടന്ന നിഹാന്‍ ഒടുവില്‍ ടോയിലറ്റില്‍ നിന്നും അവന്റെ മറുശബ്ദം കേട്ടു. വാതില്‍ പൂട്ടിപ്പോയി താന്‍ ടോയ്‌ലറ്റില്‍ കുടുങ്ങി എന്നായിരുന്നു ഹരിയുടെ നിലവിളി. പിന്നെ നിഹാന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ സ്‌കൂളിന്റെ മുകള്‍ നിലയിലേക്ക് തപ്പിപ്പിടിച്ച് കയറി ടോയ്‌ലറ്റിന്റെ വാതില്‍ കമ്പെടുത്ത് അടിച്ച് പൊട്ടിച്ച് കൂട്ടുകാരനെ പുറത്തേക്കെത്തിച്ചു നിഹാന്‍. ടോയ്‌ലറ്റിന്റെ വാതില്‍ ആരാണ് അടിച്ചു തകര്‍ത്തതെന്ന് ഇപ്പോഴും സ്‌കൂള്‍ അധികൃതര്‍ക്ക് അറിയില്ല.

വിദ്യാഭ്യാസത്തില്‍ ഇവര്‍ക്കും ചിലര്‍ക്ക് പറയാനുണ്ട്
പ്രവര്‍ത്തനാധിഷ്ഠിത ക്ലാസ്സ് മുറിയില്‍ കുട്ടികള്‍ക്ക് എന്തൊക്കെയോ ചെയ്യാനുണ്ട്. അങ്ങനെയെങ്കില്‍ അതേ കുറിച്ച് അവര്‍ക്ക് പലതും പറയാനുമുണ്ടാകും. എന്താകും കുട്ടികള്‍ക്ക് ഇതേ കുറിച്ചുള്ള അഭിപ്രായങ്ങള്‍?
വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ അധ്യാപകര്‍ പാഠഭാഗം വായിച്ച് നോട്ട്‌സ് തരുന്ന ഓര്‍മ്മയുണ്ട് അജയ്‌ലാലിന്. ഹൈസ്‌കൂളിലെത്തിയതോടെ പ്രൊജക്ട് വര്‍ക്കുകളും മറ്റുമായി. അതോടെ നിരീക്ഷിക്കാനും റഫര്‍ ചെയ്യാനുമാണ് അധ്യാപകര്‍ പറയുന്നത്. ഇത് വ്യക്തിത്വ വികസനത്തിന് ഏറെ സഹായിക്കുന്നുണ്ട് എന്ന അഭിപ്രായം അജയിനുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മനസ്സിലായത് എന്താണെന്ന് പറയാനാണ് അധ്യാപകര്‍ പറയാറുള്ളത്. അതില്‍ നിന്നും പോരായ്മകള്‍ നികത്തിയാണ് അധ്യാപകര്‍ ക്ലാസ്സില്‍ ക്രോഡീകരിച്ച് പാഠം അവതരിപ്പിക്കുക. നേരത്തെ കാണാപ്പാഠം പഠിച്ചപ്പോള്‍ നിറയെ കണ്‍ഫ്യൂഷനായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏറെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടിയും വന്നിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. അറിഞ്ഞും അനുഭവിച്ചുമാണ് ഇപ്പോള്‍ പഠിക്കുന്നത്. അതുകൊണ്ടുതന്നെ ആസ്വദിക്കാനും കഴിയുന്നു.
എന്നാല്‍ അജയ്‌ലാലിന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും പിന്തുണക്കാന്‍ തയ്യാറല്ല ശമ്മാസ് അബ്ദുല്ല. പഴയ രീതിയില്‍ നിന്നും പുതിയ രീതിയിലേക്കുള്ള മാറ്റം അധ്യാപകര്‍ക്ക് മുഴുവനായും ഉള്‍ക്കൊള്ളാനും ഇഴുകിച്ചേരാനും കഴിഞ്ഞിട്ടില്ല. അധ്യാപകരുടെ ഇന്‍ സര്‍വ്വീസ് കോഴ്‌സുകളില്‍ കിട്ടുന്ന പാഠങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കാറുള്ളത് എന്നാണ് ശമ്മാസിന്റെ അഭിപ്രായം. അധ്യാപകര്‍ക്ക് യോജിക്കാന്‍ കഴിയാത്ത ഭാഗങ്ങള്‍ പോലും അടിച്ചേല്‍പ്പിക്കാനാണ് അവരുടെ ശ്രമം. എല്ലാ അധ്യാപകരും ഇങ്ങനെയല്ലെങ്കിലും കൂടുതല്‍ പേരും ഇങ്ങനെ തന്നെയാണെന്ന് ശമ്മാസ് നിരീക്ഷിക്കുന്നു. പ്രൊജക്ടിന്റേയും നിരീക്ഷണത്തിന്റേയുമൊക്കെ പേരില്‍ കുറേ സമയം പാഴാക്കുന്നുണ്ടെന്നും ശമ്മാസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ കുറച്ചു മാസം മാത്രമാണ് ഗ്രൂപ്പ് വര്‍ക്കും മറ്റുമായി ഊര്‍ജ്ജിത പ്രവര്‍ത്തനമുണ്ടാവുക. ഹിമാലയ പര്‍വ്വതത്തിന്റെ ഉയരം കുറച്ച് അതിനെ കീഴടക്കിക്കാനാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം ശ്രമിക്കുന്നത്- ശമ്മാസ് പറഞ്ഞു നിര്‍ത്തുന്നു.
പ്രൊജക്ടുകളും ഗ്രൂപ്പ് ചര്‍ച്ചകളുമൊക്കെ നടത്താന്‍ സ്‌കൂള്‍ വിട്ടു കഴിഞ്ഞാലും അധ്യാപകരില്ലാത്തപ്പോഴും ഉച്ച ഭക്ഷണത്തിനു ശേഷവുമൊക്കെ സമയം കണ്ടെത്തണമെന്നാണ് ഡല്‍നയ്ക്ക് പറയാനുള്ളത്.
സാധാരണ സ്‌കൂളുകളില്‍ കൂടുതല്‍ സമയം പ്രൊജക്ടുകളും മറ്റും ചെയ്യാന്‍ വിനിയോഗിക്കേണ്ടി വരുന്നുണ്ടെങ്കിലും സി ബി എസ് ഇ സ്‌കൂളുകളില്‍ പഴയ സമ്പ്രദായം തന്നെയാണ് തുടരുന്നതെന്നും ഇഫ്‌റത്ത് പറഞ്ഞു. എന്നാലും പൊതുവിദ്യാഭ്യാസത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് പൊതുവിജ്ഞാനം കൂടുതലെന്നും ഇഫ്‌റത്ത് കൂട്ടിച്ചേര്‍ക്കുന്നു.

അവധികളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍
ഏഴാം ക്ലാസ്സ് വരെയുള്ള അവധിക്കാലമാണ് ഇഫ്‌റത്തിന് അവധിക്കാലമായി അനുഭവപ്പെട്ടത്. കളിയും ചിരിയും ചോറും കൂട്ടാനും വെച്ചു കളിയുമൊക്കെയുള്ള കാലം. പിന്നീട് വ്യക്തിത്വ ക്ലാസ്സുകളും ടി വിയുമൊക്കെഅവധിക്കാലം അപഹരിച്ചു തുടങ്ങി. പിന്നീടെപ്പോഴോ അവധിക്കാലവും കളിക്കാനാവാതെ പഠിക്കാന്‍ മാത്രമുള്ളതായി.
അവധിക്കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഡല്‍നയ്ക്ക് കുട്ടികളെ പോലെ കളിക്കാനാണ് തോന്നുന്നത്. ആദിവാസി കുട്ടികള്‍ക്ക് അവധിക്കാലം ഏറെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നെന്ന് ഡല്‍ന കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളില്‍ നിന്നും ഉച്ചക്കഞ്ഞിയും യൂണിഫോമും ഗ്രാന്റുമൊക്കെ കിട്ടുന്ന ആദിവാസി കുട്ടികള്‍ക്ക് അവധിക്കാലത്തിന്റെ രണ്ടു മാസം ഒന്നും കിട്ടില്ലെന്ന വിഷമമാണ് ഡല്‍നയ്ക്ക്. വളപ്പൊട്ടുകളും മയിപ്പീലിത്തുണ്ടുകളും കാത്തുവെച്ച ബാല്യം തന്റെ കൂട്ടുകാരില്‍പ്പോലും പലര്‍ക്കുമുണ്ടായില്ലെന്ന് ഡല്‍ന അറിയുന്നുണ്ട്. ഇടുക്കിയിലെ കുടുംബ വീട്ടില്‍ പോയതും വേമ്പനാട്ട് കായലില്‍ ബോട്ട് യാത്ര നടത്തിയതും ഡല്‍നയുടെ കഴിഞ്ഞ അവധിക്കാലത്തിന്റെ ഓര്‍മ്മകളാണ്.
വേഗതയുള്ള ജീവിത കാലത്ത് ഗ്രാമത്തിലെ കൂട്ടുകാരുടെ അവധിക്കാല വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ പോലുള്ള നഗരവാസികള്‍ക്ക് കൊതിതോന്നുമെന്നാണ് അജയിന് പറയാനുള്ളത്. ബാസ്‌ക്കറ്റ് ബാളും അത്‌ലറ്റിക്കും, ഫുട്ബാളുമൊക്കെ ചേര്‍ന്ന് അടിച്ചു പൊളിക്കുന്ന അവധിക്കാലമായിരുന്നു അജയിനോടൊപ്പം കഴിഞ്ഞു പോയത്. അതിനിടയില്‍ പുസ്തകങ്ങള്‍ വായിക്കാനും ഇംഗ്ലീഷ്, ഹിന്ദി വ്യാകരണങ്ങള്‍ പഠിക്കാനും അജയ് സമയം കണ്ടെത്തിയിരുന്നു.
ഐനു നൂഹ പുസ്തകങ്ങള്‍ വായിച്ചാണ് എസ് എസ് എല്‍ സിക്കു ശേഷമുള്ള അവധിക്കാലം ചെലവഴിച്ചത്. എന്‍ട്രന്‍സ് കോച്ചിംഗുകള്‍ക്കോ വ്യക്തിത്വ വികസന ക്ലാസ്സുകള്‍ക്കോ പോകാന്‍ നൂഹ ഇഷ്ടപ്പെട്ടിരുന്നില്ല. യയാതി, ഇതോ മനുഷ്യന്‍, രണ്ടാം നമ്പര്‍, എല്ലാം മായ്ക്കുന്ന കടല്‍, ഷര്‍ലക്ക് ഹോംസ്, മക്കയിലേക്കുള്ള പാത തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഇതിനകം നുഹ വായിച്ചു തീര്‍ത്തു; പത്രങ്ങളും മാസികകളും വേറേയും. വീട്ടിലെ മാവിന് താഴെ കൊമ്പില്ലാത്തതു കൊണ്ടുമാത്രമാണ് അതില്‍ കയറാതിരുന്നത്. അല്ലെങ്കില്‍ അതും പരീക്ഷിച്ചേനേ. കൃഷിയോട് താത്പര്യമുള്ള നുഹയ്ക്ക് പച്ചക്കറിത്തോട്ടം നനക്കലും ഇഷ്ടവിഷയമാണ്.
ബാലശാസ്ത്ര നോവലായ ആലിപ്പഴവും ഹെയ്തിയും ജനാലക്കരികിലെ വികൃതിക്കുട്ടിയായ ടോട്ടോചാനെ വായിച്ചതുമെല്ലാം അക്താബ് റോഷന്റെ അവധിക്കാല വിനോദങ്ങളായിരുന്നു. സൈലന്റ് വാലിയിലേക്ക് നടത്തിയ യാത്രയും അക്താബിന് മറക്കാനാവുന്നില്ല.
ഡാര്‍വിന്‍ സിദ്ധാന്തത്തെ കുറിച്ച് വായിച്ചതും എഴുതിയതുമാണ് നിഹാന്‍ അബ്ദുല്ലയ്ക്ക് മറക്കാനാവാത്തത്. പിന്നെ, മാങ്ങക്ക് കല്ലെറിഞ്ഞതും നിഹാന്‍ ഓര്‍ത്തുവെച്ചിട്ടുണ്ട്.
പഠനം മാര്‍ക്ക് വാങ്ങാന്‍ മാത്രമാണെന്ന നുഹയുടെ അഭിപ്രായത്തെ ശരിവെച്ച് അവധിക്കാലം ഒരു വര്‍ഷമാക്കണമെന്ന നിഹാന്റെ അഭിപ്രായം കൂട്ടച്ചിരി പടര്‍ത്തിയപ്പോള്‍ രണ്ട് മണിക്കൂര്‍ കൂട്ടംകൂടി സംസാരിച്ച ചങ്ങാതിക്കൂട്ടത്തിന് പിരിയാന്‍ സമയമായിരുന്നു.

അഭിപ്രായങ്ങള്‍

  1. അവഗണിക്കപ്പെടുന്നവയെ അടയാളപ്പെടുത്തുന്നതിനു അഭിനന്ദനങ്ങള്‍ ... ഞങ്ങള്‍ക്ക് കഴിയാത്തത് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നു അറിയുന്നതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍