വര്‍ണ്ണ ചിത്രങ്ങളില്‍ ജീവിതത്തിന് നിറം കൊടുക്കുന്നവര്‍



പ്രകൃതി മനോഹരമായ ഇടുക്കിയില്‍ നിന്നും വര്‍ണ്ണത്തില്‍ ചാലിച്ച ഭംഗിയുള്ള ചിത്രങ്ങളുമായി അവര്‍ നിങ്ങളെ തേടിയെത്തും. അവരുടെ സംഘത്തില്‍ എട്ടോ പത്തോ പേരുണ്ടാകും. കാഞ്ഞങ്ങാട്ടോ തലശ്ശേരിയിലോ കോഴിക്കോടോ മഞ്ചേരിയിലോ ആലുവയിലോ തൃപ്രയാറിലോ കിളിമാനൂരിലോ ചങ്ങനാശ്ശേരിയിലോ മുണ്ടക്കയത്തോ മാവേലിക്കരയിലോ കട്ടപ്പനയിലോ ഒക്കെ ക്യാംപ് ചെയ്യുന്ന അവരെ നിങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. കൈയ്യില്‍ വര്‍ണ്ണ ചിത്രങ്ങളും പിടിച്ച് നിങ്ങളുടെ ഓഫീസില്‍ ഒരു തവണയെങ്കിലും അവരില്‍ ആരെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടാകും. ''സര്‍, ചിത്രങ്ങള്‍ വേണോ'' എന്ന ചോദ്യക്കാരനെ വെറുതെയെങ്കിലും ശ്രദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അവരുടെ കൈയ്യില്‍ നിരവധി ചിത്രങ്ങളുണ്ടാകും- പ്രകൃതി ദൃശ്യങ്ങള്‍, എണ്ണഛായാ ചിത്രങ്ങള്‍, ദേശീയ നേതാക്കള്‍, ദൈവങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മൃഗങ്ങള്‍, കുട്ടികള്‍, ചരിത്ര സ്മാരകങ്ങള്‍, ഭൂപടം..... നോക്കുന്നയാളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ചിത്രമെങ്കിലും അവരുടെ കൈയ്യില്‍ കണ്ടെത്താന്‍ കഴിയും.
ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാണ് തങ്ങളുടെ ജീവിത മാര്‍ഗ്ഗമായി ചിത്രങ്ങളുടെ വില്‍പന തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍ വില്‍ക്കുന്ന എത്രയെങ്കിലും പേരെ നഗരങ്ങളിലെ തെരുവുകളില്‍ കണ്ടെത്താമെങ്കിലും നിങ്ങളെ തേടി ഓഫീസിലെത്തുന്നവര്‍ ഇവര്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ് മുരിക്കാശ്ശേരിയിലെ യുവാക്കള്‍ തങ്ങളുടെ ജീവതമാര്‍ഗ്ഗമായി സ്വയംതൊഴിലില്‍ ചിത്രങ്ങളുടെ വില്‍പന കണ്ടെത്തിയത്. കഠിനമായി പണിയെടുത്താല്‍ ജീവിക്കാനുള്ള വക കിട്ടുമെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഏറെ സ്വാതന്ത്ര്യമുണ്ടെന്നതും മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യേണ്ടെന്ന ഗുണവും ഇതിനുണ്ട്.

അബ്ദുല്‍ അസീസിന്റെ കഥ ഉദാഹരണമായെടുക്കാം
മുരിക്കാശ്ശേരി മുളന്താനത്ത് ഹൗസില്‍ എം എ അബ്ദുല്‍ അസീസിന്റെ കടന്നു വരവ് സാമ്പത്തികമായി അത്രയൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്നാണ്. ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിലെ ഏക ആണ്‍തരിയായതിനാല്‍ ചെറുപ്പത്തിലേ കുടുംബത്തിന്റെ ഭാരമുണ്ടായിരുന്നു. പഠനകാലത്തു തന്നെ കൂലിപ്പണിയെടുത്താണ് അസീസ് ജീവിതം മുന്നോട്ടു നീക്കിയത്. എസ് എസ് എല്‍ സി പരീക്ഷയുടെ കാലത്ത് സഹോദരി ആരിഫയുടെ വിവാഹം വന്നതോടെ പഠനം മുടങ്ങി. അതോടെ ജീവിതത്തിന്റെ വലിയ ചിത്രത്തിലേക്ക് അസീസ് സ്വയമിറങ്ങി. ഇടുക്കിയുടെ പ്രകൃതി ദൃശ്യത്തില്‍ പറമ്പിലും മറ്റും കൂലിപ്പണിയെടുക്കുന്ന അസീസിന്റെ ചിത്രമാണ് ആദ്യമുണ്ടായത്. പറമ്പ് കിളച്ചും മറ്റും ജീവിതം മുന്നോട്ട് നീക്കുന്നതിനിടയിലാണ് കൂട്ടുകാര്‍ ചിത്രങ്ങള്‍ വില്‍ക്കാന്‍ ക്ഷണിച്ചത്. ഒന്നുമില്ലെങ്കിലും കുറേ നാടുകള്‍ കാണാം, കൂലിപ്പണിയെടുത്താല്‍ കിട്ടുന്നത്രയും വരുമാനവുമുണ്ടാകുമെന്ന മോഹന വാഗ്ദാനത്തില്‍ അസീസ് ചിത്രങ്ങളുമായി മലയിറങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ചിത്ര വില്‍പന രംഗത്ത് സജീവമായുള്ള മുപ്പതുകാരനായ അസീസ് ഇപ്പോള്‍ അഭിമാനത്തോടെ പറയും: ''ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഈ ചിത്രങ്ങള്‍ വിറ്റാണ് അതുണ്ടാക്കിയത്. ജീവിതത്തില്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതൊക്കെ ചിത്രങ്ങള്‍ തന്നതാണ്''. ചിത്ര വില്‍പനയാണ് തന്റെ തൊഴിലെന്ന് പറയുമ്പോള്‍ അസീസ് ആയിരം നാവുള്ള അനന്തനാകും. അസീസ് മാത്രമല്ല, ഹാരിസ് വാഴപ്പറമ്പിലും അന്‍സാര്‍ ആച്ചേരിയും സി എം തൗഫീഖുമൊക്കെ ഇതേ കാര്യം തന്നെ ആവര്‍ത്തിക്കും. ചിത്രങ്ങളുമായി കേരളം മുഴുവന്‍ കറങ്ങുന്ന ഇവരുടെ സംഘത്തിലെ എല്ലാവരും പറയുക ഇതേ കാര്യമായിരിക്കും. കേരളം ചുറ്റുന്നതിനിടയില്‍ ഉമ്മ ഹാജറയേയും ഭാര്യ മൈമൂനയേയും മകന്‍ മുഹമ്മദ് ആഷിക്കിനേയും കാണാന്‍ രണ്ടാഴ്ച കൂടമ്പോള്‍ അസീസ് മുരിക്കാശ്ശേരിയിലെത്തും. അസീസിനെ പോലെ സംഘത്തിലെ മറ്റുള്ളവരും ഓരോരുത്തരായി വിവിധ ഇടവേളകളില്‍ വീട്ടിലെത്തി മടങ്ങും.

പ്രകൃതി ഭംഗിയുടെ നാട്ടില്‍ നിന്ന് ചിത്രങ്ങളുടെ ഭംഗിയിലേക്ക്
തൃശൂരിലെ കുന്ദംകുളം സ്വദേശി തോമസ് ചേട്ടനില്‍ നിന്നാണ് മുരിക്കാശ്ശേരി ചിത്രവില്‍പനക്കാരുടെ ചരിത്രം ആരംഭിക്കുന്നത്. ഏകദേശം പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇതിന്റെ തുടക്കം. തോമസ് ചേട്ടന്റെ സഹായിയായിരുന്ന ആലുവക്കാരന്‍ ബഷീര്‍ക്കയാണ് മുരിക്കാശ്ശേരിക്കാര്‍ക്ക് ചിത്രങ്ങള്‍ പരിചയപ്പെടുത്തിയത്. ബഷീര്‍ക്കയോടൊപ്പം കച്ചവടത്തിനിറങ്ങിയ മുരിക്കാശ്ശേരിയിലെ ഷഹീര്‍ പിന്നെ തന്റെ പ്രദേശത്തെ ഓരോരോ യുവാക്കളെയായി ജോലിയിലേക്കെടുത്തു. അങ്ങനെയങ്ങനെ മുരിക്കാശ്ശേരിക്കാരുടെ ഊണും ഉറക്കവും ചിത്രങ്ങളുടെ കൂടെയായി. നിരവധി യുവാക്കള്‍ തങ്ങളുടെ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയത് ഇതിലൂടെയായി. ഇതിനകം നൂറിലേറെ യൂവാക്കള്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ ശമ്പളവും ജീവിത സൗകര്യങ്ങളും കിട്ടുന്നതോടെ ഓരോരുത്തരായി ചിത്ര വില്‍പന നിര്‍ത്തുമെങ്കിലും പകരം മറ്റാരെങ്കിലും സംഘത്തില്‍ ചേരും. അങ്ങനെ മുരിക്കാശ്ശേരിയുടെ ചിത്ര ചരിത്രം രണ്ടു പതിറ്റാണ്ടായി തുടരുന്നു. മുരിക്കാശ്ശേരിയിലെ 18നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ ഭൂരിഭാഗവും ചിത്രവില്‍പനയുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം കറങ്ങിയിട്ടുണ്ടാകും. മുരിക്കാശ്ശേരിക്കാരെ ചിത്രങ്ങളിലേക്കാകര്‍ഷിച്ച തോമസ് ചേട്ടന്‍ ഇപ്പോള്‍ ചിത്രങ്ങളുടെ മൊത്തക്കച്ചവടക്കാരനാണ്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും തങ്ങള്‍ ചിത്രവുമായി കറങ്ങിയിട്ടുണ്ടെന്ന് പറയുന്ന സംഘം കര്‍ണ്ണാടക, തമിഴ്‌നാട്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലും തങ്ങളുടെ ചിത്രങ്ങളുമായി പോയിട്ടുണ്ട്. മലയാളത്തിനു പുറമേ കന്നഡ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനും അത്യാവശ്യം വായിക്കാനുമൊക്കെ ഇവര്‍ സ്വയം പഠിച്ചിട്ടുണ്ട്. പലരും ചിത്ര വില്‍പന ഒഴിവാക്കി ഡ്രൈവറായും ഉത്സവപ്പറമ്പുകളിലെ ഫാന്‍സി കട നടത്തിപ്പുകാരായും പഴക്കച്ചവടക്കാരുമായൊക്കെ വിവിധ വേഷങ്ങള്‍ കെട്ടിയിട്ടുണ്ടെങ്കിലും ഒടുവില്‍ ചിത്ര വില്‍പനയിലേക്ക് തന്നെ തിരിച്ചെത്തും. തങ്ങള്‍ക്ക് ആശ്വാസത്തിന്റെ തുരുത്താണ് ഈ ചിത്രങ്ങളെന്നാണ് യുവാക്കളുടെ പക്ഷം. അപൂര്‍വ്വമായല്ലാതെ ഇവര്‍ വീടുകളിലേക്ക് ചിത്രങ്ങളുമായി കയറാറില്ല. ഓഫീസുകള്‍, സ്‌കൂളുകള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ കച്ചവടം കേന്ദ്രീകരിച്ചിരിക്കുന്നത്.

മുരിക്കാശ്ശേരിക്കാര്‍ മാത്രം എങ്ങനെ.....
മുരിക്കാശ്ശേരിക്കാര്‍ മാത്രം എങ്ങനെ ഈ കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന സംശയം സ്വാഭാവികം. അതിനുള്ള ഉത്തരം അവര്‍ തന്നെ പറയട്ടെ: '' ഇടുക്കിയില്‍ വ്യവസായങ്ങളും തൊഴില്‍ സാധ്യതകളുമില്ലാത്തതിനാല്‍ മറ്റെന്തെങ്കിലും വഴികള്‍ നോക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നുള്ളു. മാത്രമല്ല, ഞങ്ങള്‍ മുരിക്കാശ്ശേരിയിലെ പലര്‍ക്കും ഏക്കറു കണക്കിന് സ്ഥലമോ കൃഷിയോ കച്ചവടമോ ഉണ്ടായിരുന്നില്ല. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. ഗള്‍ഫ് സ്വാധീനവും ഈ പ്രദേശത്ത് വളരെ അപൂര്‍വ്വമാണ്. അങ്ങനെയാണ് ഈ തൊഴില്‍ കണ്ടെത്തിയത്.''
ദിവസേന നിരവധി കിലോമീറ്ററുകള്‍ വാഹനത്തില്‍ സഞ്ചരിച്ചും അഞ്ച് കിലോമീറ്ററോളം നടന്നുമാണ് ഇവര്‍ കച്ചവടം നടത്തുന്നത്. ചിത്രങ്ങള്‍ വില്‍ക്കാന്‍ പോകുമ്പോള്‍ ഉപഭോക്താക്കള്‍ മാന്യമായാണ് പെരുമാറാറുള്ളതെന്ന് യുവാക്കള്‍ സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല പലരും സ്വയം തൊഴില്‍ കണ്ടെത്തിയ തങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

ഒരു നാള്‍ മംഗലാപുരത്തും കാസര്‍ക്കോടും ആലുവയിലും......
ചിത്രങ്ങള്‍ വില്‍ക്കാന്‍ നടക്കുമ്പോള്‍ പൊലീസുകാരും മാന്യമായി പെരുമാറാറുണ്ടെങ്കിലും രാത്രിയില്‍ ചിത്രങ്ങളുടെ കെട്ടുമായി നഗരത്തില്‍ കണ്ടാല്‍ അവരുടെ സ്വഭാവം മാറുമെന്ന് യുവാക്കള്‍. ഒരിക്കല്‍ ചിത്രങ്ങളുടെ കെട്ടുകളുമായി മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പൊലീസുകാരന്‍ നിര്‍ബന്ധിച്ച് 100 രൂപ വാങ്ങിയ കഥയാണ് ഒരാള്‍ക്ക് പറയാനുള്ളത്. മറ്റൊരാള്‍ പറഞ്ഞത് കാസര്‍ക്കോട്ടെ പൊലീസിന്റെ കഥയാണ്. ചിത്രങ്ങളുടെ കെട്ടുകളുമായി അര്‍ദ്ധരാത്രി കാസര്‍ക്കോട് നഗരത്തിലൂടെ ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോഴാണ് പൊലീസ് ജീപ്പ് മുമ്പില്‍ വന്ന് ബ്രേക്കിട്ടത്. പിന്നെ ഒരു കിലോമീറ്റര്‍ ദൂരം വരെ ചിത്രക്കെട്ടുകളും താങ്ങിപ്പിടിച്ച് ജീപ്പിനു മുമ്പിലൂടെ ഓടാന്‍ പറഞ്ഞുവത്രെ. കിലോക്കണക്കിന് ഭാരവും തൂക്കി കൈകള്‍ രണ്ടും വേദനിച്ച് ഏറെ ദൂരം ഓടിയെന്ന സങ്കടത്തിലാണ് അയാള്‍. ഇതുപോലെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ മാത്രമല്ല സന്തോഷിപ്പിക്കുന്ന സംഭവങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അബ്ദുല്‍ അസീസ് ആലുവയില്‍ കച്ചവടം ചെയ്യുന്ന സമയം. ചിത്രങ്ങള്‍ വിറ്റു നടക്കുന്നതിനിടയിലാണ് അസീസിന് പനി വന്നത്. ക്ഷീണവും തളര്‍ച്ചയും കൊണ്ട് ഏറെ ദൂരം നടക്കാന്‍ കഴിയാതിരുന്ന അസീസിന് അന്ന് കച്ചവടവും കുറവായിരുന്നു. ഏറെ നടന്ന് തളര്‍ന്ന് ഒരു പാടവരമ്പിലിരുന്ന് ഉറങ്ങിപ്പോയതു മാത്രമേ അയാള്‍ക്ക് ഓര്‍മ്മയുള്ളു. കുറച്ചു കഴിഞ്ഞ് ഒരു മധ്യവയസ്‌ക്കന്‍ കുലുക്കി ഉണര്‍ത്തിയപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്. പനിക്കുന്നതു കണ്ട വഴിയാത്രക്കാരന്‍ അസീസിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ഭക്ഷണം കൊടുത്തു. മാത്രമല്ല രണ്ടു ചിത്രങ്ങള്‍ കൂടി വാങ്ങിയതിനു ശേഷമേ പറഞ്ഞു വിട്ടുള്ളു.

ഒടുവില്‍
ദിവസേന നൂറിലേറെ ചിത്രങ്ങളും താങ്ങിയാണ് ഇവര്‍ ഓരോ ദേശങ്ങളും താണ്ടുന്നത്. ദേശപ്പെരുമകളും ചരിത്രങ്ങളും ഇവര്‍ നടന്നു തീര്‍ക്കുമ്പോള്‍ ഏതൊക്കെയോ ചുമരുകളില്‍ ഇവര്‍ വിറ്റ ചിത്രങ്ങള്‍ തൂങ്ങുന്നുണ്ടാകും. ചിത്രത്തിന്റെ മനോഹാരിതയെ കുറിച്ച് ആളുകള്‍ വാതോരാതെ സംസാരിക്കുമ്പോഴും അവ വില്‍ക്കാന്‍ കിലോമീറ്ററുകളോളം വെയിലും മഴയും ഏറ്റുവാങ്ങിയ കുറേ യുവാക്കളെ കുറിച്ച് ആരും ചിന്തിക്കുന്നുണ്ടാകില്ല.

ദൂരെയൊരിടത്ത്
കൈയ്യില്‍ ചിത്രങ്ങളുമായി, ദേശങ്ങള്‍ താണ്ടി അവരിപ്പോഴെത്തിയത് ഒരു പുഴയോരത്താണ്. അവിടെ പ്രണയം പങ്കുവെക്കുന്ന രണ്ടുപേര്‍ക്ക് താജ്മഹല്‍ കൈമാറി അവര്‍ വെയില്‍ മുറിച്ചു കടന്നു പോയി. പുഴയോരത്തെ പ്രണയാതുരമായ സായാഹ്നത്തിലിരുന്ന് അവള്‍ താജ്മഹല്‍ നോക്കി അവനോട് പറഞ്ഞു: ''നീ എനിക്ക് ഇതുപോലൊരു സ്മാരകം പണിതു തരാമോ ?''. അവന്‍ അവളെ സ്‌നേഹത്തോടെ നോക്കുമ്പോള്‍ അവര്‍ക്കിടയില്‍ താജ്മഹലിന്റെ സമീപത്തുകൂടെ പ്രണയത്തിന്റെ ഒരു യമുനാനദി ഒഴുകിപ്പോകുന്നുണ്ടായിരുന്നു. പുഴ മുറിച്ചു കടന്ന അവര്‍ അടുത്ത ചിത്രം വില്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു അപ്പോള്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍