സംഗീതം പോലെ ആസ്വദിക്കാനൊരു ജീവിതം


ലതാ മങ്കേഷ്‌ക്കറിന്റെ പാട്ടുകേള്‍ക്കുന്ന അതേ ആസ്വാദനത്തോടെ വായിച്ചു തീര്‍ക്കാനാവും ജമാല്‍ കൊച്ചങ്ങാടിയുടെ ലതാ മങ്കേഷ്‌ക്കര്‍ സംഗീതവും ജീവിതവും എന്ന പുസ്‌തകം. നീണ്ടകാലത്തെ തയ്യാറെടുപ്പുകള്‍ക്കും പഠനത്തിനും ശേഷം തയ്യാറാക്കിയ ഈ പുസ്‌തകം തീര്‍ച്ചയായും ഇന്ത്യയുടെ വാനമ്പാടിയെ കുറിച്ച്‌ മലയാളത്തിലുള്ള ഏറ്റവും മികച്ച ഗ്രന്ഥമാണ്‌.
ഗോവയിലെ മങ്കേഷി ഗ്രാമത്തില്‍ നിന്നും ലോകസംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക്‌ കുടിയേറിയതാണ്‌ ലതയുടെ നാമം. ലതാ മങ്കേഷ്‌ക്കറെ കുറിച്ചുള്ള തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതകളും അറിയണമെന്ന്‌ ആഗ്രഹിക്കുന്നവരെ ഈ ഗ്രന്ഥം തൃപ്‌തിപ്പെടുത്തില്ലെന്ന്‌ മുഖവുരയിലൊരിടത്ത്‌ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ ലത എന്ന നാദത്തിന്റെ ജീവിതം തുറന്ന പുസ്‌തകം പോലെ ഇതില്‍ വെളിപ്പെട്ടു കിടക്കുന്നുണ്ട്‌. ഓര്‍മയിലെ ലതാ മങ്കേഷ്‌ക്കര്‍ക്ക്‌ തങ്കമ്മായിയുടെ രൂപവും ശബ്‌ദവും മുല്ലപ്പൂവിന്റെ മണവുമാണെന്നാണ്‌ പുസ്‌തകത്തിന്റെ അവതാരികയില്‍ രവിമേനോന്‍ എഴുതിയിരിക്കുന്നത്‌. അവരുടെ ഗാനങ്ങള്‍ കേള്‍ക്കുന്ന ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണത്‌. ഓരോരുത്തരുടേയും കുടുംബത്തിലെ തങ്കമ്മായിക്കു തുല്യമായിരിക്കണം ലതാജി.
മങ്കേഷിയെന്ന സ്വന്തം ഗ്രാമത്തിന്റെ പേര്‌ പരിഷ്‌ക്കരിച്ചാണ്‌ ദീനാനാഥ്‌ സ്വന്തം പേരിനോട്‌ മങ്കേഷ്‌ക്കര്‍ ചേര്‍ത്തത്‌. ഇത്‌ പിന്നീട്‌ ഇന്ത്യന്‍ സംഗീതത്തിന്റെ പര്യായപദമായി മാറുമെന്ന്‌ അദ്ദേഹം ഓര്‍ത്തിട്ടുപോലുമുണ്ടാകില്ല. അദ്ദേഹത്തിന്റെ മക്കള്‍ ലതയും മീനയും ഉഷയും ഹൃദയനാഥുമൊക്കെ ഇതേ പാത പിന്തുടര്‍ന്ന്‌ തങ്ങളുടെ പേരിനു പിന്നില്‍ മങ്കേഷ്‌ക്കര്‍ ചേര്‍ത്തു. ആശാ ഭോസ്ലേ മാത്രമാണ്‌ ഇതില്‍ നിന്ന്‌ വഴിമാറിപ്പോയത്‌.
1929 സെപ്‌തംബര്‍ 28ന്‌ ലതയുടെ ജനനം മുതല്‍ 2009 വരെയുള്ള കാലഘട്ടം മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്‌ ജമാല്‍ കൊച്ചങ്ങാടി തന്റെ പുസ്‌തകത്തില്‍. ബാലതാരമായി സിനിമയിലെത്തിയ ലത പിന്നീട്‌ സംഗീത ലോകത്ത്‌ ചുവടുറപ്പിക്കുന്ന കാഴ്‌ചയാണ്‌ കാണാനാകുന്നത്‌. നേര്‍ത്ത നാദമുള്ള പെണ്‍കുട്ടിയെ ആദ്യം തഴഞ്ഞവര്‍ക്കു പോലും പിന്നീട്‌ അംഗീകരിക്കേണ്ടി വന്നത്‌ വിധി വൈപരിത്യം. ഗാനത്തിന്റെ ആത്മാവിലലിഞ്ഞ്‌ പാടാന്‍ ലതയോളം പോന്നവര്‍ അക്കാലത്തുണ്ടായില്ല; പിന്നീടുമുണ്ടായില്ല.
ലതയുടെ ജീവിത വഴികളെല്ലാം പറഞ്ഞുകൊണ്ട്‌ പുരോഗമിക്കുന്ന പുസ്‌തകത്തില്‍ അവരുടെ മനോഹരമായ ഗാനങ്ങളുടെ പശ്ചാതലങ്ങളും വിവരിക്കുന്നുണ്ട്‌. ലതയും ഗാനരചയിതാക്കളും സംഗീത സംവിധായകരുമായുള്ള കെമിസ്‌ട്രി അതിശയോക്തിയില്ലാതെയാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌.
സംഗീതത്തിന്‌ വേണ്ടി എന്തുത്യാഗത്തിനും തയ്യാറാവുന്നതായിരുന്നു ലതയുടെ ജീവിതം. ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു: `റെക്കോര്‍ഡിങിനു കേബിനില്‍ നില്‍ക്കുമ്പോള്‍ ലത ഓര്‍മിപ്പിച്ചു. യൂസഫ്‌ ഭയ്യാ, ഞാന്‍ ഉര്‍ദു പഠിക്കാന്‍ കാരണം അങ്ങാണ്‌, ഓര്‍മയുണ്ടോ?
ദിലീപ്‌ മറന്നുപോയിരുന്നു. പക്ഷേ ലതയ്‌ക്ക്‌ മറക്കാനാവുമായിരുന്നില്ല. 1947-ല്‍ അനില്‍ ബിശ്വാസും താനും ട്രയിനില്‍ സഞ്ചരിക്കുന്നു. നാളത്തെ ഗായികയെന്നു പറഞ്ഞ്‌ അനില്‌ദാ ദിലീപിന്‌ തന്നെ പരിചയപ്പെടുത്തുന്നു. ഉടനെ ഉണ്ടായ പ്രതികരണം മനസ്സില്‍ തട്ടുന്ന വിധത്തിലായിരുന്നു. ഒരു മറാത്തി പെണ്‍കുട്ടിക്ക്‌ എങ്ങനെ ഹിന്ദി, ഉര്‍ദു വാക്കുകള്‍ ശരിയായി ഉച്ചരിക്കാനാവും?
എങ്ങനെയും ഉര്‍ദു പഠിക്കുക. പിന്നീട്‌ ലതയ്‌ക്ക്‌ വാശിയായി. അത്‌ പഠിച്ചതിന്റെ ഗുണം അവരുടെ ഗാനങ്ങളിലും പ്രതിഫലിച്ചു.
പതിറ്റാണ്ടുകളിലെ ബന്ധത്തിലൂടെ ലത പിന്നീട്‌ ദിലീപിനെ രാഖി സഹോദരനാക്കി- ദിലീപിനെ ലത രാഖി അണിയിക്കുന്ന ചിത്രം ഇലസ്‌ട്രേറ്റഡ്‌ വീക്കിലിയില്‍ കവര്‍ ഫോട്ടോ ആയിട്ടാണ്‌ പ്രസിദ്ധീകരിച്ചത്‌.'
മുഹമ്മദ്‌ റഫിയും ലതാ മങ്കേഷ്‌ക്കറും ചേര്‍ന്ന്‌ പാടിയ യുഗ്മഗാനങ്ങള്‍ ഏറെയും ഹിറ്റുകളായിട്ടും പ്രതിഫലവുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍ ഇരുവരും തെറ്റിപ്പിരിഞ്ഞ കഥയും പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌. ഗാനരചയിതാക്കള്‍ക്കും സംഗീത സംവിധായകര്‍ക്കുമെന്നപോലെ ഗായകര്‍ക്കും റോയല്‍റ്റി കിട്ടണമെന്ന ലതയുടെ വാദത്തെ അംഗീകരിക്കാന്‍ റഫി തയ്യാറായിരുന്നില്ല. നിര്‍മാതാക്കള്‍ക്ക്‌ തങ്ങള്‍ക്ക്‌ പണം നല്‌കുന്നതോടെ ആ പാട്ടിന്റെ റോയല്‍റ്റി അവസാനിച്ചെന്ന പക്ഷക്കാരനായിരുന്നു റഫി സാഹിബ്‌. ഈ വിവാദങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സംഗീതത്തിന്‌ നഷ്‌ടപ്പെട്ടത്‌ മികച്ച ഗാനങ്ങളായിരുന്നെന്ന പരിദേവനത്തോടെയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ ഈ വിവാദത്തെ നോക്കിക്കണ്ടത്‌. പിന്നീട്‌ ഇരുവരും തമ്മില്‍ യോജിച്ച കാര്യത്തെ കുറിച്ച്‌ വിശദീകരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവിന്റെ മനസ്സില്‍ മാത്രമല്ല വരികളിലും സന്തോഷത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കണ്ടെത്താനാവും.
ലതാ മങ്കേഷ്‌ക്കറെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ സംഗീത സംവിധായകരെ കുറിച്ച്‌ വിശദമായി പറയുന്ന അതേ അളവില്‍ തന്നെ അവരോട്‌ വെറുപ്പ്‌ വെച്ചുപുലര്‍ത്തുകയോ അവസരം നല്‌കാതിരിക്കുകയോ ചെയ്‌ത സംവിധാകയകരേയും ജമാല്‍ കൊച്ചങ്ങാടി ചൂണ്ടിക്കാട്ടുന്നുണ്ട്‌. ആശാ ഭോസ്ലേ എന്ന സഹോദരിയുമായി ലതയ്‌ക്കുണ്ടായിരുന്ന അടുപ്പം പോലെ തന്നെ ഏറെ (കു)പ്രസിദ്ധമാണ്‌ അവരുമായുള്ള അകല്‍ച്ചയും. ലതയും ആശയും പ്രതിയോഗികളായിരുന്നോ എന്ന സംശയം പോലും പാട്ടിന്റെ ആരാധകര്‍ക്കുണ്ടായിരുന്നു. അത്തരമൊരു സംശയത്തിനിടയില്‍ പോലും അവര്‍ തമ്മില്‍ അകലാനുണ്ടായ കാരണങ്ങള്‍ ഗോസിപ്പുകള്‍ക്കപ്പുറത്തുള്ള യാഥാര്‍ഥ്യമായി കടന്നു വരുന്നു.
അമിതാബ്‌ ബച്ചന്റെ അഭിപ്രായമാണ്‌ ശരി. `ചില വിദേശ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു: ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട്‌; താജ്‌മഹലും ലതാമങ്കേഷ്‌ക്കറും ഒഴികെ. ശരിയാണ്‌, ഈ സഹസ്രാബ്‌ദത്തിന്റെ ശബ്‌ദമാണ്‌ ലത.'
ഇന്ത്യ ആദരിക്കുന്ന ലതാ മങ്കേഷ്‌ക്കര്‍ എന്ന മഹത്‌ വ്യക്തിയെ ഇതിനേക്കാള്‍ മനോഹരമായി മലയാളത്തില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. ലതയുടെ ഗാനം പോലെ മനോഹരമാണ്‌ ജമാല്‍ കൊച്ചങ്ങാടിയുടെ ലതാ മങ്കേഷ്‌ക്കര്‍ സംഗീതവും ജീവിതവും എന്ന പുസ്‌തകം. മനുഷ്യന്‍ മനുഷ്യന്റെ ശബ്‌ദം സംഗീതം പോലെ കേള്‍ക്കുന്ന പുസ്‌തകം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍