Tuesday, January 4, 2011

രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും കാലയവനികയിലേക്ക്


രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും വിട പറയുന്നു. തലശ്ശേരിയിലെ പൗരാണിക മുസ്‌ലിം തറവാടുകളിലൊന്നായ കരിയാടന്‍ ഹൗസ് പൊളിച്ചു തുടങ്ങി. ഇതോടെ തലശ്ശേരിയില്‍ തലയുയര്‍ത്തി നിന്ന മുസ്‌ലിം തറവാടുകളുടെ എണ്ണം അംഗുലീപരിമിതമായി.
രണ്ട് നൂറ്റാണ്ടു മുമ്പ് പണിത ഭവനം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിയിട്ട നിലയിലായിരുന്നു. 2007 തുടക്കത്തില്‍ വില്‍പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും 2009 പകുതിയോടെയാണ് പൂര്‍ത്തിയായത്. തറവാട്ടിലെ അംഗങ്ങളുടെ വില്‍പ്പന റജിസ്‌ട്രേഷന്‍ 2007ല്‍ ആരംഭിക്കുകയും 2009 അവസാനിക്കുന്നതിനു മുമ്പ് മുഴുവന്‍ അംഗങ്ങളുടേയും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. വീട് വില്‍ക്കുമ്പോള്‍ ഇരുന്നൂറിലേറെ അംഗങ്ങളാണ് ഉണ്ടായിരുന്നത്.
രണ്ട് നൂറ്റാണ്ടു മുമ്പ് തലശ്ശേരിക്ക് സമീപത്തെ കരിയാട് പ്രദേശത്തു നിന്നും രണ്ട് സഹോദരിമാരും ഒരു സഹോദരനും മതം മാറി ഇസ്‌ലാം സ്വീകരിച്ച് തലശ്ശേരിയിലെത്തിയാണ് കരിയാടന്‍ ഹൗസ് പണിതതെന്നാണ് പറയപ്പെടുന്നത്. നായര്‍ തറവാടുകളുടെ മാതൃകയില്‍ പണിത വീടിന് പടിപ്പുരയും നടുമുറ്റവും ഉള്‍പ്പെടെയുണ്ടായിരുന്നു.
12 കിടപ്പുമുറികള്‍, 12 പത്തായങ്ങള്‍, ആറ് അകത്തളങ്ങള്‍, രണ്ട് കിണറുകള്‍, താഴെയും മുകളിലുമായി മൂന്ന് അടുക്കളകള്‍, മൂന്ന് കലവറകള്‍ എന്നിവ തറവാട്ടിലുണ്ടായിരുന്നു. പഴയ മുസ്‌ലിം വീടുകളുടെ പ്രത്യേകതയായ ഒരേ സമയം ജനലായും ഇരിപ്പിടമായും ഉപയോഗിക്കാവുന്ന രണ്ട് കടത്താപ്പകളാണ് ഇവിടെ ഉള്ളത്. വര്‍ണ്ണക്കണ്ണാടികള്‍ ഘടിപ്പിച്ച ജനാലകള്‍ പഴയ രീതിയുടെ പ്രത്യേകതകളായിരുന്നു.
മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നിരുന്ന ഇവിടെ സ്ത്രീകള്‍ക്കും അവരുടെ മക്കള്‍ക്കുമാണ് അവകാശമെങ്കിലും സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം പുരുഷന്മാര്‍ക്കായിരുന്നു.
പഴയ കാലത്ത് മദിരാശിയിലും കൊല്‍ക്കത്തയിലും ബിസിനസ് രംഗത്ത് ശ്രദ്ധേയരായിരുന്നു കരിയാടന്‍മാര്‍. മലയാള മനോരമ കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ കെ അബൂബക്കര്‍, മലയാള മനോരമ എച്ച് ആര്‍ വിഭാഗം തലവന്‍ കെ ഉബൈദുല്ല, പ്രവാസ ജീവിതങ്ങളെ കുറിച്ച് നിരവധി ഷോര്‍ട്ട് സിനിമകള്‍ സംവിധാനം ചെയ്ത മുഷ്ത്താഖ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ തറവാടായ ഈ വീട്ടില്‍ തന്നെയാണ് കാല്‍നൂറ്റാണ്ടിലേറെ കാലം മുസ്‌ലിം ലീഗിന്റെ രാജ്യസഭാ അംഗമായിരുന്ന ബി വി അബ്ദുല്ലക്കോയയും ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ആലിക്കുഞ്ഞിയും വിവാഹം ചെയ്തത്.
തലശ്ശേരി നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീടും പറമ്പും വാങ്ങിയവര്‍ തറവാട് പൊളിച്ചു വില്‍ക്കാനായി മറ്റൊരു വിഭാഗത്തിന് ഏല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. 2011 ജനുവരി ഒന്നിനാണ് വീട് പൊളിക്കല്‍ തുടങ്ങിയത്.

No comments:

Post a Comment

Followers

About Me

My photo
thalassery, muslim/ kerala, India