Friday, November 26, 2010

സദാനന്ദന്റെ 'സമയം'


അങ്ങനെ അവരെല്ലാം ചേര്‍ന്ന് അയാളെ വിഡ്ഡിയാക്കി
എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആ തീവണ്ടിയില്‍ അന്ന് സദാനന്ദന്‍ മാത്രമായിരുന്നില്ല യാത്ര ചെയ്തത്. മനസ്സില്‍ സ്വരുക്കൂട്ടിവെച്ച കുറേ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടി ഉണ്ടായിരുന്നു തീവണ്ടിയില്‍ അയാളുടെ കൂടെ. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമയും എറണാകുളത്ത് വിവിധ കമ്പനികളില്‍ ജോലിയും ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രണര്‍ഷിപ്പ് ട്രെയിനിംഗും പിന്നെ ആത്മവിശ്വാസവുമാണ് അക്കാലത്ത് സദാനന്ദന്റെ കൈവശമുണ്ടായിരുന്നത്. നെയ്ത്തുകാരനായ എളമ്പിലായി കുഞ്ഞമ്പുവിന്റേയും ശാരദയുടേയും ഒന്‍പത് മക്കളില്‍ മൂന്നാമനായ എളമ്പിലായി സദാനന്ദന്‍ എന്ന 25കാരന് വ്യവസായ സ്ഥാപനം തുടങ്ങാന്‍ ഇതില്‍ക്കൂടുതലൊന്നും ആവശ്യമുണ്ടായിരുന്നില്ല.

ഒരു കഥ ഇവിടെ തുടങ്ങുന്നു
1978 ഡിസംബര്‍ 20. തോട്ടടയില്‍ 12 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ കെട്ടിടം പണിത് സ്വപ്നക്കൂടൊരുക്കിയ സദാനന്ദന്റെ വ്യവസായം തുടങ്ങിയത് അന്നായിരുന്നു. ടീ ചെസ്റ്റ് മെറ്റല്‍ ഫിറ്റിംഗ്‌സായിരുന്നു സദാനന്ദന്റെ വിസുശ്രീ ഇന്‍ഡസ്ട്രീസില്‍ നിന്നും ഉത്പാദനം നടത്തിയത്. ചായപ്പൊടി പെട്ടികള്‍ക്ക് ബലം കിട്ടാന്‍ അടിക്കുന്ന ടിന്‍ കോട്ട് ചെയ്ത ഇരുമ്പ് പട്ടയാണ് ടീ ചെസ്റ്റ് മെറ്റല്‍ ഫിറ്റിംഗ്‌സ്. ബ്രീഫ് കെയ്‌സിനും സ്യൂട്ട്‌കെയ്‌സിനും ഉപയോഗിക്കുന്ന അലൂമിനിയം ബീഡിംഗ്‌സും ഇവിടുത്തെ ഉത്പന്നമായിരുന്നു. സഹോദരിമാരായ വിജയലക്ഷ്മിയുടേയും സുജാതയുടേയും ശ്രീലതയുടേയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് വിസുശ്രീയെന്ന പേര് സദാനന്ദന്‍ കണ്ടെത്തിയത്.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും സിഡ്‌കോയില്‍ നിന്നും പണം വായ്പയെടുത്താണ് സ്ഥാപനം തുടങ്ങിയത്. പത്തോളം തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. ആദ്യകാലത്ത് ഏറെ ലാഭത്തോടെ മുന്നോട്ടുപോയ സ്ഥാപനത്തിന് പിന്നെ പറയാന്‍ ഏറെ കഥകളുണ്ടായി, സദാനന്ദന്റെ ജീവിതത്തിനും. വെറും 101 ദിവസത്തിന്റെ വ്യത്യാസത്തിലാണ് ആദ്യം സര്‍ക്കാര്‍ സദാനന്ദനെ വഞ്ചിച്ചു കളഞ്ഞത്. 1979 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ബജറ്റില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏഴ് വര്‍ഷത്തേക്ക് നികുതി ഇളവ് നല്കി. പുതിയ ബജറ്റ് നിലവില്‍ വരുമ്പോള്‍ സദാനന്ദന്റെ സ്ഥാപനത്തിന് 101 ദിവസം മാത്രമായിരുന്നു പ്രായം. അതേ സമയത്ത് തുടങ്ങിയ മറ്റു പല ചെറുകിട വ്യവസായികളും ബില്ലിലും മറ്റും കൃത്രിമം കാണിച്ചും പേര് മാറ്റിയുമൊക്കെ നികുതി ഇളവ് അനുഭവിച്ചപ്പോള്‍ ഗാന്ധിസത്തിന്റെ പിന്‍ബലംകൊണ്ടു മാത്രം ഈ മനുഷ്യന്‍ കനത്ത നികുതിയുമായി കമ്പോളത്തില്‍ പിടിച്ചു നില്‌ക്കേണ്ടി വന്നു. പ്രധാന വിപണന മേഖലയായ നീലഗിരിയില്‍ എല്ലാ ഇളവുകളോടെയും ഇതേ വ്യവസായം മറ്റൊരാള്‍ തുറന്നപ്പോള്‍ സദാനന്ദന്റെ കച്ചവടമെല്ലാം ആ വഴിയിലേക്കു പോയി. അങ്ങനെയാണ് ഐ എസ് ഐ മുദ്രയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാമെന്ന് സദാനന്ദന്‍ ചിന്തിച്ചു തുടങ്ങിയത്.

ഐ എസ് ഐ അഥവാ ഇയാള്‍ സമയം കളഞ്ഞ ഇനം
ഐ എസ് ഐ മുദ്രയ്ക്കു വേണ്ടി അപേക്ഷ കൊടുത്തപ്പോള്‍ 1979 ഒക്‌ടോബറില്‍ ലൈസന്‍സ് കിട്ടി. എന്നാല്‍ വിസുശ്രീക്ക് ടീ ചെസ്റ്റ് മെറ്റലിന് ഐ എസ് ഐ മുദ്രയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ അത്തരം ഉത്പാദനം നടന്നുമില്ല. 1982 ആഗസ്ത് മാസത്തിലാണ് ഐ എസ് ഐ നിലവാരമുള്ള ഉത്പന്നത്തിന് അനുയോജ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചെയ്യാനുള്ള ഓഫര്‍ വിസുശ്രീക്ക് ലഭിച്ചത്. അസംസ്‌കൃത വസ്തുക്കള്‍ 50 ടണ്ണെങ്കിലും ഇറക്കുമതി ചെയ്യേണ്ടതുള്ളതിനാല്‍ ലെറ്റര്‍ ഓഫ് ക്രഡിറ്റിനു വേണ്ടി തനിക്ക് പ്രവര്‍ത്തന മൂലധന വായ്പ നല്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ തന്നെ സദാനന്ദന്‍ സമീപിച്ചു. എന്നാല്‍ ഏറെ നാളത്തെ അലച്ചിലിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സദാനന്ദന് ലെറ്റര്‍ ഓഫ് ക്രഡിറ്റ് നല്കുമ്പോള്‍ അത് ഇറക്കുമതി ലൈസന്‍സിന്റെ അവസാന ദിവസമായിരുന്നു. മാത്രമല്ല 50 ടണ്ണിന് അപേക്ഷ നല്കിയയാള്‍ക്ക് അനുവദിച്ചത് 30 ടണ്ണിനുള്ള അനുമതി മാത്രവും. മറ്റൊരു കെടുതി കൂടി ബാങ്ക് ചെയ്തുവെച്ചു. താന്‍ സെക്യൂരിറ്റിയായി ബാങ്കിന് നല്കിയ തുക കണക്കിലെടുക്കാതെ ദൈനംദിന ആവശ്യങ്ങള്‍ക്കായി അക്കൗണ്ടിലുണ്ടായിരുന്ന 20,000 രൂപ കൂടി അനുവാദം ചോദിക്കാതെ ബാങ്ക് സെക്യൂരിറ്റി ഇനത്തിലേക്ക് പിടിച്ചു. അതോടെ കൂനിന്മേല്‍ കുരു പോലെയായി സദാനന്ദന്റേയും വിസുശ്രീയുടേയും അവസ്ഥ. സ്ഥാപനം സ്തംഭനത്തിലേക്ക് പോകാന്‍ പിന്നെ ഏറെ നാളുകളൊന്നും വേണ്ടി വന്നില്ല.

ഒരു പരിശോധന; തെറ്റിന്റേയും ശരിയുടേയും ന്യായം
അന്‍പത് ടണ്ണിന് പകരം 30 ടണ്‍ ഇറക്കുമതി ചെയ്യാന്‍ മാത്രം ലെറ്റര്‍ ഓഫ് ക്രഡിറ്റ് ഹാജരാക്കിയതിനാല്‍ ലഭിക്കേണ്ടിയിരുന്ന 0.22 എം എം കനമുള്ള അസംസ്‌കൃത വസ്തു വിസുശ്രീയ്ക്ക് ലഭിച്ചില്ല. മാത്രമല്ല ഓര്‍ഡര്‍ നല്കി 45 ദിവസത്തിനകം ലഭിക്കേണ്ടിയിരുന്ന അസംസ്‌കൃത വസ്തു കമ്പനിയിലെത്തുമ്പോള്‍ അഞ്ച് മാസം കഴിഞ്ഞിരുന്നു. കരാര്‍ പ്രകാരം ഉത്പന്നങ്ങള്‍ കൊടുക്കാന്‍ നിര്‍ബന്ധിതനായതിനാല്‍ വില കൂടിയതും കനം കൂടിയതുമായ മെറ്റീരിയല്‍ ഉപയോഗിച്ച് ഐ എസ് ഐ ഉത്പന്നങ്ങള്‍ ഉണ്ടാക്കേണ്ടി വന്നു. ഉത്പാദനം തുടങ്ങിയതോടെ 1983 ഏപ്രില്‍ 19ന് ഐ എസ് ഐ പരിശോധനയ്ക്കായി ഡപ്യൂട്ടി ഡയറക്ടര്‍ കല്ല്യാണ സുന്ദരം എത്തി. ഐ എസ് ഐ നിഷ്‌ക്കര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍ കനമുള്ള അസംസ്‌കൃത വസ്തു ഉപയോഗിച്ചാണ് ഉത്പാദനം നടത്തിയതെങ്കിലും ഉദ്യോഗസ്ഥന്‍ കനക്കുറവാണ് രേഖപ്പെടുത്തിയത്. അതോടെ അന്നുതന്നെ ഉത്പന്നങ്ങളില്‍ ഐ എസ് ഐ മുദ്ര ചാര്‍ത്താനുള്ള അധികാരം നിഷേധിക്കുകയും ചെയ്തു. സാമ്പിള്‍ പരിശോധനയ്ക്ക് ഐ എസ് ഐയുടെ മദിരാശിയിലെ സതേണ്‍ റീജിയണല്‍ ലബോറട്ടറിയിലേക്ക് അയച്ചെങ്കിലും പരിശോധനാ റിപ്പോര്‍ട്ട് വിസുശ്രീക്ക് നല്കാന്‍ അധികൃതര്‍ തയ്യാറായില്ല. ലബോറട്ടറി റിപ്പോര്‍ട്ടുകള്‍ അതേപോലെ ലൈസന്‍സികള്‍ക്ക് അയച്ചുകൊടുക്കരുതെന്ന് നിര്‍ദ്ദേശമുണ്ടെന്നായിരുന്നു ഇതിന് അവര്‍ പറഞ്ഞ ന്യായം. എന്നാല്‍ പിന്നീട് നടന്ന ഒരു സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് സദാനന്ദന് നേരിട്ട് കിട്ടിയിരുന്നെന്നറിയുമ്പോഴാണ് ഇതിലെ കള്ളക്കളി വെളിച്ചത്ത് വരുന്നത്. മാത്രമല്ല മറ്റൊരാവശ്യത്തിന് തിരുവനന്തപുരത്തെ ഐ എസ് ഐ ബ്രാഞ്ച് ഓഫീസില്‍ പോയപ്പോള്‍ അവിടെ തന്റെ പരിശോധനാ റിപ്പോര്‍ട്ട് കാണുകയും ഉദ്യോഗസ്ഥന്റേതാണ് വീഴ്ചയെന്ന് മനസ്സിലാവുകയുമായിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ വരുത്തിയ വീഴ്ച സദാനന്ദന് നഷ്ടപ്പെടുത്തിയത് ലക്ഷങ്ങള്‍ മാത്രമായിരുന്നില്ല, തന്റേയും കുടുംബത്തിന്റേയും ജീവിത മാര്‍ഗ്ഗം കൂടിയായിരുന്നു. ഐ എസ് ഐ മുദ്രയുള്ള ഉത്പന്നത്തിന്റെ മൂന്ന് ലക്ഷം രൂപയുടെ ഓര്‍ഡര്‍ മുഴുവന്‍ അതോടെ ഇല്ലാതായി. ഐ എസ് ഐ അവകാശം നിഷേധിച്ചതായി ഐ എസ് ഐ പ്രസിദ്ധീകരണങ്ങള്‍ മുഖേനയും മറ്റ് ഉത്പാദകരിലൂടെയും വാര്‍ത്ത പരന്നു. രണ്ട് മാസം കൊണ്ട് ഉത്പാദനം നടത്തി വിപണിയില്‍ എത്തിക്കേണ്ടിയിരുന്ന സാധനങ്ങള്‍ പിന്നീട് രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ് സദാനന്ദന് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞത്.
1985 ജനുവരിയില്‍ വിസുശ്രീയെ ജില്ലാ വ്യവസായ കേന്ദ്രം പീഡിത വ്യവസായമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് പുനരുദ്ധാരണത്തിന് കിറ്റ്‌കോ തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം നല്കിയെങ്കിലും പ്രവര്‍ത്തന മൂലധനം ബാങ്ക് നിഷേധിക്കുകയും ചെയ്തു. വ്യവസായ വകുപ്പിന്റേയും ജില്ലാ കലക്ടറുടേയും നേതൃത്വത്തില്‍ വ്യവസായ പുനരുദ്ധാരണത്തിന് നിരവധി യോഗങ്ങള്‍ ചേര്‍ന്നപ്പോഴെല്ലാം ബാങ്കിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് 1989 വരേയുള്ള കാലയളവില്‍ എല്ലാ ശ്രമങ്ങളും നിഷ്ഫലമായി. മാത്രമല്ല അരലക്ഷത്തില്‍ താഴെയുള്ള കടം വസൂലാക്കാന്‍ തലശ്ശേരി കോടതിയില്‍ ബാങ്ക് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കേസ് വാദിക്കുന്നതില്‍ നിന്ന് സദാനന്ദനെ പിന്തിരിപ്പിക്കാന്‍ ബാങ്ക് നയപരമായി പെരുമാറുകയും ചെയ്തു. വിസുശ്രീയുടെ പുനരുദ്ധാരണത്തിന് ശ്രമം നടക്കുമ്പോള്‍ 1990ല്‍ സദാനന്ദന്‍ ബാങ്കിന് ജാമ്യം നല്കിയിരുന്ന തന്റെ 42.25 സെന്റ് സ്ഥലം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ കണക്കില്‍ വിറ്റു. വ്യവസായ സ്ഥാപനത്തില്‍ അരലക്ഷത്തിലേറെ രൂപയുടെ സ്റ്റോക്ക് ബാങ്കിന് എടുക്കാമായിരുന്നിട്ടും അതിന് ശ്രമിക്കാതെയാണ് അഞ്ച് ലക്ഷത്തിലേറെ രൂപ അന്ന് വിലയുള്ള സ്ഥലത്തിനുമേല്‍ കൈവെച്ചത്. അക്കാലത്ത് സെന്റിന് പതിനായിരത്തിലേറെ രൂപ വില വരുന്ന സ്ഥലം വെറും 52,000 രൂപയ്ക്കാണ് ബാങ്ക് വിറ്റു തുലച്ചത്. ന്യായമായും കമ്പോളവിലയില്‍ വിറ്റഴിച്ച് ബാക്കി പണം സദാനന്ദന് നല്കാനുള്ള ബാധ്യത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂര്‍ എസ് ഐ ബി ബ്രാഞ്ചിന് ഉണ്ടായിരുന്നു.

പിന്നീട് കേസുകളുടെ കാലം
ഇരുപത് വര്‍ഷമായി ഇ സദാനന്ദന്‍ കേസുകളുടെ ലോകത്താണ്. നീളന്‍ തുണി സഞ്ചിയും തോളില്‍ തൂക്കി ഇയാള്‍ സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് തികയുന്നു. തലശ്ശേരി സബ് കോടതി, ഹൈക്കോടതി, സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ തിരുവനന്തപുരം, നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട്‌സ് റിഡ്‌റസല്‍ കമ്മീഷന്‍ ന്യൂദല്‍ഹി തുടങ്ങിയ ഇടങ്ങളിലൊക്കെ വിസുശ്രീയുടെ കേസുകള്‍ വാദം കേട്ടിട്ടുണ്ട്. പല കോടതികളിലും ഇയാള്‍ക്ക് വാദിക്കാന്‍ വക്കീലുണ്ടായിരുന്നില്ല. തന്റെ ന്യായങ്ങളൊന്നും കേള്‍ക്കാന്‍ ഉപഭോക്തൃ കോടതികള്‍ തയ്യാറായില്ലെന്നാണ് സദാനന്ദന്‍ പരിഭവിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന്റെ ഓരോ മുക്കിനും മൂലയ്ക്കും സദാനന്ദനെ അറിയാമായിരുന്നു. അത്രയേറെ തവണ അയാള്‍ തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് അവിടെ ചെന്നിട്ടുണ്ട്. 1997ല്‍ മാര്‍ച്ച് ആറിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം സീബ്രക്രോസിലൂടെ റോഡ് മുറിച്ചുകടക്കുമ്പോള്‍ ചീറിപ്പാഞ്ഞു വന്ന ഒരു ബൈക്ക് സദാനന്ദനെ ഇടിച്ചു തെറിപ്പിച്ചു. ഇടതുകാലിന്റെ രണ്ട് എല്ലുകള്‍ പൊട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും മംഗലാപുരം സിറ്റി ആശുപത്രിയിലുമായി ഏറെക്കാലം ചികിത്സയില്‍ കഴിഞ്ഞു ഈ മനുഷ്യന്‍. കാലിന് ശസ്ത്രക്രിയ നടത്തിയ ശേഷം ക്രച്ചസിന്റെ സഹായത്തോടെ പിന്നേയും തിരുവനന്തപുരത്തെത്തിയെങ്കിലും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ അധികാരകേന്ദ്രങ്ങളുടെ കനത്ത മുഖങ്ങള്‍ക്ക് ദയയുടെ ചിത്രം അന്യമായിരുന്നു.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും 1,44,000 രൂപ വായ്പയെടുത്തതില്‍ 1983-84 കാലഘട്ടം വരെ കൃത്യമായി തിരിച്ചടവ് നടന്നു. പിന്നീട് വ്യവസായം തകര്‍ന്നതോടെ പണമടക്കലും മുടങ്ങി. അതോടെ നോട്ടീസുകളുടെ വരവായി. റവന്യൂ റിക്കവറിക്ക് ഉത്തരവായി. വിസുശ്രീയെന്ന 35 ലക്ഷത്തിലേറെ രൂപ വിലയുള്ള സ്ഥാപനം രണ്ടര ലക്ഷം രൂപയ്ക്ക് മറ്റൊരു സ്വകാര്യവ്യക്തിക്ക് കൈമാറി. വിസുശ്രീ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് 6,74,857 രൂപ അടക്കാനുണ്ടെന്ന് 1998 മെയ് 21ന് അയച്ച കത്തില്‍ പറയുന്നു. അതേ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 1998 ജൂലൈ 24ന് അയച്ച മറ്റൊരു കത്തില്‍ 1,16,000 രൂപ അടക്കാനുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചത്. അപ്പോള്‍ ബാക്കി അഞ്ചര ലക്ഷത്തിലേറെ രൂപ എവിടെയെന്ന് ആര്‍ക്കുമറിയില്ല. സദാനന്ദന്റെ കണക്കു പ്രകാരമാകട്ടെ 1995 ജൂണ്‍ 23ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ കത്ത് പ്രകാരം പ്രത്യേക പലിശ ഇളവായ ഒന്നര ശതമാനം കഴിച്ച് 50,991.07 രൂപയാണ് ഉണ്ടായിരുന്നത്. കത്തിലെ നിബന്ധനകള്‍ പാലിച്ച് ഈ തുകയ്ക്ക് ഇയാള്‍1995 ജൂലൈ ഏഴിന് ചെക്ക് നല്കി തന്റെ ഭാഗം ക്ലിയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
വ്യവസായ സ്ഥാപനം പ്രവര്‍ത്തിക്കാത്ത കാലഘട്ടത്തില്‍ പോലും വില്‍പ്പന നികുതി ആവശ്യപ്പെട്ടാണ് അധികൃതര്‍ ഇയാളെ 'സഹായിച്ചത്'. പ്രവര്‍ത്തിച്ച കാലത്തെ കണക്കുകള്‍ കൂട്ടിയാണ് പ്രവര്‍ത്തിക്കാത്ത കാലത്തിന് വില്‍പ്പന നികുതിക്കാര്‍ വിലയിട്ടത്. 1982-87 കാലഘട്ടത്തിലെ നികുതി ഇനത്തില്‍ 57,000 രൂപയിലേറെ തുക ഇപ്പോഴും അടക്കാനുണ്ടെന്നാണ് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പറയുന്നത്. അത് റവന്യൂ റിക്കവറിക്ക് നോട്ടീസ് വരികയും ചെയ്തു. ഈ തുക സംസ്ഥാന ഭരണകൂടം എഴുതിത്തള്ളുമെന്ന പ്രതീക്ഷ ഇയാള്‍ക്കുണ്ട്.

സദാനന്ദന്റെ ജീവിതത്തില്‍ ഇപ്പോള്‍....
ഏറെ മോഹങ്ങളുമായി തുടങ്ങിയ വ്യവസായ സ്ഥാപനം ഇപ്പോള്‍ ആരുടേയോ കൈവശമാണ്. തന്റെ സ്ഥലങ്ങളെല്ലാം നഷ്ടപ്പെട്ടതും വാഹനപാകടത്തില്‍ പരുക്കേറ്റതുമാണ് സ്വയം തൊഴില്‍ തേടിയിറങ്ങിയ ഇയാള്‍ക്കുണ്ടായ ലാഭങ്ങള്‍. ഒടുവില്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിനും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നിവേദനം നല്കി. തന്റെ 25 ാം വയസ്സില്‍ തുടങ്ങിയ വിസുശ്രീ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനവുമായി ഇപ്പോഴും കെട്ടിമറിയുകയാണ് ഈ മനുഷ്യന്‍. 1975ല്‍ ജെ ടി എസില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറായും 1977ല്‍ ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറായും ജോലി ചെയ്ത സദാനന്ദന് ഇപ്പോള്‍ സ്വന്തമായി വിലാസം പോലുമില്ല. ഇയാളുടെ ഭാര്യയും മക്കളും അവരുടെ വീട്ടില്‍ സദാനന്ദന്‍ ബന്ധുവീടുകളിലും സ്‌നേഹിതന്മാരുടെ വീടുകളിലും മാറിമാറിയും താമസിക്കുന്ന ഒരു അവസ്ഥയിലാണ് കഴിയുന്നത്. മക്കളുടെ ഉപരിപഠനത്തിനു പോലും ഏറെ പ്രയാസപ്പെടുമ്പോഴും നല്ലകാലത്തിന്റെ പൊന്‍പുലരി തനിക്കു മുമ്പില്‍ പൊട്ടിവിടരുമെന്ന് തന്നെയാണ് ഇയാള്‍ പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment

Followers

About Me

My photo
thalassery, muslim/ kerala, India