Thursday, October 7, 2010

രാജപാഥകള്‍ തയ്യാറായി; ഇനി വനിതകളുടെ കാലം


''ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ വനിതാ സംവരണമാണ് അതിന് (രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍) കളമൊരുക്കിയത്. ഭര്‍ത്താവ് രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ആളാണ്. സംവരണം വന്നപ്പോള്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ പറ്റാതായി. അങ്ങനെയാണ് എനിക്ക് ചാന്‍സ് കിട്ടിയത്. നീ മത്സരിക്ക്, ജയിച്ചാന്‍ ഞാന്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അദ്ദേഹത്തിന്റെ ബിനാമിയായി നിര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, ജയിച്ച ശേഷം ഞാന്‍ തന്നെ കാര്യങ്ങള്‍ എല്ലാം ചെയ്യാന്‍ തുടങ്ങി. വീട് വിട്ട് വെളിയില്‍ പോകാന്‍ കിട്ടിയ സന്ദര്‍ഭമായിരുന്നു അത്. ഒരുപാട് പേരെ കാണാം. പല സ്ഥലങ്ങളില്‍ പോകാം. വല്ലാത്ത ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു. അത്രയും കാലം വീട്ടിനുള്ളില്‍, മൂടിയ കതകുകള്‍ക്കുള്ളില്‍ കഴിഞ്ഞ എനിക്ക് അത് വലിയ കാര്യമായിരുന്നു. ഒരുപാട് കാലമായി ഞാന്‍ ആഗ്രഹിക്കുന്ന സംഗതിയായിരുന്നു പുറത്തേക്കുള്ള യാത്രകള്‍. അതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ സ്വയം ചെയ്തു. ഭര്‍ത്താവിന് എന്നെ മനസ്സിലാകുമായിരുന്നു. അദ്ദേഹം ജോലി ചെയ്യാന്‍ എന്നെ അനുവദിച്ചു. ഒന്നിലും ഇടപെട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഞാന്‍ മത്സരിച്ചത്. മൂന്ന് വര്‍ഷം കഴിഞ്ഞ് ഡി എം കെയില്‍ ചേര്‍ന്നു. പാര്‍ട്ടി ടിക്കറ്റില്‍ പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. നന്നായി വര്‍ക്ക് ചെയ്‌തെങ്കിലും 1500 വോട്ടിന് തോറ്റു.''
(സല്‍മ- തമിഴ് എഴുത്തുകാരിയും തിരുച്ചി ജില്ലയിലെ പൊന്നംപട്ടി സ്‌പെഷ്യല്‍ പഞ്ചായത്തിന്റെ അധ്യക്ഷയുമായിരുന്നു സല്‍മ എന്ന രാജാത്തി റുഖിയ. ഇപ്പോള്‍ തമിഴ്‌നാട് സാമൂഹ്യ ക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍).

അവസരങ്ങളുടെ ജാലകങ്ങളല്ല, രാജപാഥകളാണ് തയ്യാറായിക്കഴിഞ്ഞിട്ടുള്ളത്. പുരുഷ മേധാവിത്വമെന്ന ഫെമിനിസ്റ്റ് കരച്ചിലുകള്‍ക്കപ്പുറത്താണ് ഇപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്. ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ജില്ലാ പഞ്ചായത്തുകളും കോര്‍പറേഷനുകളും ഇനി വനിതകള്‍ക്ക് സ്വന്തം. അധികാരത്തിന്റെ ഇടനാഴികളില്‍ ഇനി മുഴങ്ങുക പാദസരങ്ങളുടേയും കൈവളകളുടേയും കിലുക്കമായിരിക്കും.
ഇത്രയും കാലം അവഗണിക്കപ്പെട്ടവരെന്നും പിന്‍തള്ളപ്പെട്ടവരെന്നും പരിതപിച്ചിരുന്ന വനിതകളാണ് രാജ്യത്തിന്റെ വിധി നിര്‍ണ്ണയത്തിലും പുരോഗമനത്തിലും നിര്‍ണായകമായ പങ്ക് വഹിക്കുക. നേരത്തെ മുപ്പത്തി മൂന്ന് ശതമാനം സംവരണം ഉണ്ടായപ്പോള്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതാ പ്രാതിനിധ്യം ഏറെ വര്‍ധിച്ചിരുന്നു. ആദ്യകാലത്തെ അമ്പരപ്പുകള്‍ക്ക് ശേഷം വനിതകള്‍ ശക്തമായി മുന്നേറുന്നതാണ് ഇക്കാലയളവിനുള്ളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കണ്ട കാഴ്ച. സ്ത്രീകള്‍ ഭരണ രംഗത്തെത്തിയാല്‍ സ്വജന പക്ഷപാതവും അഴിമതിയും കുറയുമെന്ന ഗുണങ്ങള്‍ എടുത്തു പറയപ്പെട്ടിരുന്നുവെങ്കിലും പിന്‍സീറ്റ് ഡ്രൈവിംഗിന്റെ തിക്ത ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
പുരുഷന്മാര്‍ ഭരണം കൈകാര്യം ചെയ്തിരുന്നപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി ഇടപെടലുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ വനിതകള്‍ രംഗത്തെത്തിയതോടെ ചിലയിടങ്ങളിലെങ്കിലും പാര്‍ട്ടിയോടൊപ്പം ഭര്‍ത്താവിന്റേയും കൈകടത്തലുകള്‍ ഭരണത്തെ സ്വാധീനിച്ചുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. കൂടാതെ ഒന്നും രണ്ടും പറഞ്ഞ് പല കാര്യങ്ങളിലും 'ഉടക്ക് വെക്കാന്‍' ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ധിക്കുമെന്നും ആദ്യകാല നിഗമനങ്ങളില്‍ ചിലതാണ്.
ഏതാനും പഞ്ചായത്തുകളിലോ നഗരസഭകളിലോ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ എല്ലായിടത്തും ഇതായിരുന്നില്ല സ്ഥിതി. ഭരണത്തിലെ ആദ്യ നാളുകള്‍ പിന്നിട്ടപ്പോള്‍ തന്നെ വനിതകള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവതികളായ കാഴ്ചയാണ് കാണാനായത്. അതുകൊണ്ടുതന്നെ എല്ലാ രംഗങ്ങളിലും മാറ്റങ്ങളും പ്രത്യക്ഷപ്പെടുകയുണ്ടായി. എന്താണ് ഭരണം എന്നുമാത്രമല്ല, എന്തല്ല ഭരണം എന്നുകൂടി അവര്‍ അനുഭവത്തിലൂടെ പഠിക്കുകയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണത്തിനായി പാര്‍ലമെന്റ് ബില്‍ പാസ്സാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. രാഷ്ട്രപതി പ്രതിഭാ സിംഗ് പട്ടേലിന്റേയും ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറിന്റേയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടേയും പിന്മുറക്കാരാണ് ഒക്‌ടോബര്‍ 23നും 25നും കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലൂടെ രംഗത്തു വരിക. ഒക്‌ടോബര്‍ 27ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ രംഗത്തു വരുമ്പോഴും വനിതാ മുന്നേറ്റത്തിന്റെ പുതിയ അധ്യായങ്ങളായിരിക്കും രചിക്കപ്പെടുക.
അന്‍പത് ശതമാനം വനിതാ സംവരണമാണ് കേന്ദ്രം പാസ്സാക്കിയ ബില്ലിലുള്ളതെങ്കിലും കേരളത്തില്‍ അതിലേറെയായിരിക്കും വനിതകളുടെ പ്രാതിനിധ്യം. ഇതേതുടര്‍ന്ന് നാട്ടില്‍ പ്രചരിക്കുന്ന ഒരു തമാശയുണ്ട്- ഇനി പുരുഷന്മാര്‍ക്കായിരിക്കും സംവരണം ആവശ്യമായി വരികയെന്ന്! അതെന്തായാലും ഇനി ഓരോ വീട്ടമ്മയും ചിലപ്പോള്‍ ഒരു ഭരണകര്‍ത്താവായിരിക്കും. വീട് നന്നായി ഭരിക്കുന്ന സ്ത്രീയ്ക്ക് നാടും നന്നായി ഭരിക്കാനാവുമെന്ന് തെളിയിക്കാനുള്ള നാളുകളാണ് വരാനിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനേയും അതില്‍ വനിതാ സംവരണ ബില്‍ ചെലുത്തിയ/ ചെലുത്തുന്ന സ്വാധീനത്തേയും കുറിച്ച് ഏതാനും പേര്‍ പ്രതികരിക്കുന്നു.

എ ദേവകി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വയനാട്)
നേരത്തെ മുപ്പത്തി മൂന്ന് ശതമാനം വനിതാ സംവരണം വന്നപ്പോള്‍ തന്നെ അത് നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇനിയിപ്പോള്‍ അന്‍പത് ശതമാനം സംവരണം നിലവില്‍ വന്നതോടെ ഭരണതലത്തിലും അല്ലാതെയുമുളള പുരുഷ മേധാവിത്വത്തില്‍ നിന്നുള്ള മോചനമാകും സംഭവിക്കുക. ശരിക്കും പറഞ്ഞാല്‍ അന്‍പതിനും മുകളിലായിരിക്കും ഇനി അധികാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ ശതമാനം.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നേരത്തെ, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുണ്ടായിട്ടും പലപ്പോഴും അംഗീകരിക്കപ്പെടാത്ത അവസ്ഥയുണ്ടായിരുന്നു. അത് ശരിക്കും ഒരു പ്രശ്‌നമായിരുന്നു. ഇനി അതിനൊരു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധികാരത്തിലേറുന്നത് സ്ത്രീകളാണെങ്കില്‍ സത്യസന്ധമായ രീതിയിലും അഴിമതി വളരെയേറെ കുറച്ചുകൊണ്ടും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. സ്ത്രീകളാണ് തലപ്പത്ത് എന്നതിനാല്‍ ഒരുപക്ഷേ, ആദ്യഘട്ടത്തല്‍ പല കാര്യങ്ങളിലും ഉദ്യോഗസ്ഥ മേധാവിത്വം ഉണ്ടാകുമായിരിക്കാം. പക്ഷേ, സ്ഥാനമാനങ്ങളും പദവിയും അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് എനിക്ക് അനുഭവത്തില്‍ നിന്നും മനസ്സിലായത്. മാത്രമല്ല, കഴിവുള്ളവരെ അംഗീകരിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ മടി കാണിക്കാറില്ല. അഹങ്കാരത്തിന്റെ പേരില്‍ ചിലരെങ്കിലും സ്ത്രീകളെ അംഗീകരിക്കാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അവരുടെ അഹങ്കാരമല്ലാതെ മറ്റൊന്നുമല്ലല്ലോ.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നാലോ അഞ്ചോ മാസം മാത്രമാണ് എനിക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്. അപ്പോഴേക്കും ജില്ലാ പഞ്ചായത്തിന്റെ കാലാവധി കഴിഞ്ഞ് പുതിയ തെരഞ്ഞെടുപ്പായി. എങ്കിലും ഉദ്യോഗസ്ഥരില്‍ നിന്നും നല്ല പിന്തുണയാണ് എനിക്ക് കിട്ടിയിരുന്നത്. അതുകൊണ്ടുതന്നെ നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞെന്നാണ് കരുതുന്നത്.
സംവരണത്തിലൂടെയല്ലാതെ കേരളത്തില്‍ അധികാരത്തിലെത്തിയ ആദ്യത്തെ ആദിവാസി വനിതയാണ് ഞാന്‍. തീര്‍ച്ചയായും അക്കാര്യത്തില്‍ ഞാന്‍ മുസ്‌ലിം ലീഗിനോടാണ് കടപ്പെട്ടിരിക്കുന്നത്. ഒരു നേതാവിനു കീഴില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍ അവര്‍ക്ക് കോണ്‍ഗ്രസിനോട് മറ്റെന്തെങ്കിലും വിലപേശി വാങ്ങാന്‍ കഴിയുമായിരുന്നിട്ടും ആദിവാസി പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി ശക്തമായി വാദിച്ച് നേടിയെടുത്ത് അവര്‍ നല്കിയതാണ് എന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.
സ്ത്രീ എന്ന നിലയില്‍ ആദിവാസികളുടേയും ന്യൂനപക്ഷങ്ങളുടേയും ക്ഷേമത്തിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി വയനാട്ടില്‍ ഒരു വ്യവസായ പദ്ധതിയാണ് എന്റെ സ്വപ്ങ്ങളിലൊന്ന്. തൊഴില്‍, സ്ഥലം, വീട് എന്നിവയാണ് ജനങ്ങള്‍ അടിസ്ഥാനപരമായി ആഗ്രഹിക്കുന്നത്. അത് അവര്‍ക്ക് നിറവേറ്റി കൊടുക്കാനായാല്‍ എല്ലാ കാര്യങ്ങളിലും താനേ വികസനം വരും. അത് നിറവേറ്റാനാണ് എന്റെ ശ്രമം.
ചുരുങ്ങിയ കാലത്തിനുള്ളില്‍ ആദിവാസി, ടൂറിസം മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചുവെന്നാണ് എന്റെ കണക്കുകൂട്ടല്‍. ടൂറിസത്തിന്റെ കാര്യത്തില്‍, ഹോം സ്റ്റേയും മറ്റുമുണ്ടാകുമ്പോഴാണ് സെക്‌സ് ടൂറിസം പോലുള്ളവ വളരുന്നത്. അതുകൊണ്ടുതന്നെ പരമ്പരാഗതമായും പാരിസ്ഥിതിക സൗഹൃദവുമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ഒരു ടൂറിസം വികസനമാണ് എന്റെ സ്വപ്നം. വയനാട്ടിലെ ടൂറിസം വികസനത്തെ ഏറ്റവും എതിര്‍ക്കുന്നവര്‍ ഒരുപക്ഷെ ആദിവാസികളായിരിക്കും. കാരണം ടൂറിസംകൊണ്ട് അവര്‍ക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല ദോഷങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വനിത എന്ന നിലയിലും ആദിവാസി എന്ന നിലയിലും ന്യൂനപക്ഷ വിഭാഗം എന്ന നിലയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന ലബ്ധിയിലൂടെ എനിക്ക് കുറച്ചെന്തെങ്കിലും പ്രവര്‍ത്തിക്കാനായിട്ടുണ്ട്, അതിലേറെ പ്രവര്‍ത്തിക്കാന്‍ ബാക്കിയുണ്ടെന്ന തിരിച്ചറിവും ഉണ്ട്.

അഡ്വ. കെ പി മറിയുമ്മ (മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്)
മുപ്പത്തിമൂന്ന് ശതമാനം വനിതാ സംവരണം നിലവിലുണ്ടായിരുന്ന സ്ഥാനത്തു നിന്നും ഇപ്പോള്‍ 17 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്താനോ പുതിയവര്‍ അധികാരത്തിലേറിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വര്‍ധിച്ച തോതില്‍ ഉണ്ടാകുമെന്നോ കരുതുന്നില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്തംബര്‍ പകുതി കഴിയുമ്പോഴേക്കും ഞങ്ങള്‍ മലപ്പുറം ജില്ലയില്‍ മാത്രം 16 മണ്ഡലങ്ങളില്‍ നേതൃത്വ പരിശീലന ക്ലാസുകളും വ്യക്തിത്വ വികസന ക്ലാസുകളുമെല്ലാം നല്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ പഴയതില്‍ നിന്നും ഏറെ മെച്ചപ്പെട്ട അവസ്ഥയാണ്. മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വനിതാ സംഘടനകള്‍ ഉണ്ടെന്ന് മാത്രമല്ല, അവയെല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. മലപ്പുറം ജില്ലാ തലത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി വനിതാ ലീഗ് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തിലാകട്ടെ വനിതാ ലീഗ് നിലവില്‍ വന്നിട്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം ഇരുപത് വര്‍ഷത്തോളമായി രാഷ്ട്രീയ രംഗത്തുള്ള വ്യക്തിയാണ് ഞാന്‍. കുടുംബ ജീവിതവും വക്കീല്‍ പണിയുമായി മുമ്പോട്ട് പോകുമ്പോള്‍ ഭര്‍ത്താവും ഭര്‍തൃപിതാവുമൊക്കെ നിര്‍ബന്ധിച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. സമൂഹത്തിനും സമുദായത്തിനും ഏറെ നല്‍കാനുണ്ടെന്നും അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞ് അവര്‍ നല്കിയ ഉപദേശമാണ് എനിക്കുള്ള പ്രചോദനം.
സംവരണത്തിലൂടേയും അല്ലാതെയും അധികാരത്തിലേറുന്ന സ്ത്രീകളില്‍ പത്ത് ശതമാനം ഒരുപക്ഷേ കഴിവ് കുറഞ്ഞവരായിരിക്കാം. പക്ഷേ, ബാക്കിയുള്ള തൊണ്ണൂറ് ശതമാനത്തിന്റെ കാര്യം അങ്ങനെയല്ലല്ലോ. ഇപ്പോള്‍തന്നെ സ്ഥാനാര്‍ഥിയാകാനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും വനിതകള്‍ക്കിടയില്‍ നല്ല തിക്കും തിരക്കും അനുഭവപ്പെടുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നേരത്തെ പലരും ആരോപിച്ചിരുന്നതുപോലെ മുസ്‌ലിം സ്ത്രീകള്‍ രംഗത്തുണ്ടാവില്ലെന്ന പ്രചരണമൊക്കെ വിലപ്പോകാതെ വന്നിരിക്കുകയാണ്.
തന്റെ മക്കളെ പോലെതന്നെ എല്ലാ കുട്ടികളേയും ഒരേ കണ്ണോടെ കാണാന്‍ അല്ലാഹു സ്ത്രീകള്‍ക്ക് കഴിവ് നല്കിയിട്ടുണ്ട്. അത് പ്രകൃതി നിയമമാണ്. മാതൃഹൃദയത്തിന് ദൈവം നല്കിയ ഈ കഴിവ് ജനാധിപത്യ സംവിധാനത്തില്‍ സ്ത്രീകള്‍ ഭരണത്തിലേറുമ്പോള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്.
നേരത്തെ ഞാനൊക്കെ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ വിദ്യാഭ്യാസവും കഴിവുമുള്ള നാല്‍പത് ശതമാനം സ്ത്രീകള്‍ മാത്രമായിരിക്കാം രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് നൂറ് ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് പുരുഷന്മാരേക്കാള്‍ വിദ്യാഭ്യാസമുണ്ട്. അതുകൊണ്ടുതന്നെ പക്വതയോടെയും പാകതയോടെയും കാര്യങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സ്ത്രീ എന്ന നിലയിലുള്ള അച്ചടക്കം പാലിച്ചുകൊണ്ടും അല്ലാഹു സ്ത്രീകള്‍ക്ക് നല്കിയ അനുഗ്രഹത്തെ സ്തുതിച്ചുകൊണ്ടും പ്രവര്‍ത്തിക്കണമെന്നാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്. മാത്രമല്ല, തിന്മക്കെതിരെ പോരാടി നന്മയുടെ വിജയം ഉറപ്പാക്കണമെന്നും അല്ലാഹു ഇതൊരു സ്വാലിഹായ അമലാക്കിത്തീര്‍ത്ത് ദൈവത്തിന്റെ കോടതിയിലും ഉത്തരം പറയാന്‍ കഴിയുന്ന വിധത്തിലാക്കട്ടെയെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.

കെ അജിത (പ്രസിഡന്റ്, അന്വേഷി)
വനിതാ സംവരണ ബില്ല് പാസ്സാക്കിയതോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് നിരവധി സാധ്യതകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്ത്രീകള്‍ അധികാരത്തിലേറുന്നതോടെ അഴിമതിയും സ്വജന പക്ഷപാതവുമൊക്കെ കുറയുമെന്ന് കരുതുന്നുണ്ടെങ്കിലും പിന്‍സീറ്റ് ഡ്രൈവിംഗ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും തന്നെ സ്ഥാനാര്‍ഥിയാക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ലെന്നത് വാസ്തവമാണ്.
രാഷ്ട്രീയ താത്പര്യത്തിന് മാത്രമല്ല, ചിലപ്പോള്‍ ഭര്‍ത്താക്കന്മാരുടെ താത്പര്യത്തിനും എതിരായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആദ്യഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും അവയെല്ലാം തരണം ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച പരിശീലനങ്ങളും മറ്റും നല്‌കേണ്ടി വരും.
രാഷ്ട്രീയവും അതിലെ കള്ളങ്ങളും അറിയാതെ വരുന്നവരായിരിക്കും ഭൂരിപക്ഷം സ്ത്രീകളും എന്നതിനാല്‍ എന്തായാലും അതിന്റെയൊരു പുതുമയുണ്ടാകുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ.
''ഒരെഴുത്തുകാരി എന്ന നിലയില്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അത് വളരെ പ്രയാസകരമാണ്. അത് എനിക്ക് നന്നായി ഫീല്‍ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ വളരെയധികം പ്രയാസം തോന്നാറുണ്ട്. എന്തിനാണ് ഞാന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് എന്ന് തോന്നും. ഞാനെന്റെ സമയം പാഴാക്കിക്കളയുകയല്ലേ എന്ന് ചിന്തിക്കും. എന്നാല്‍ ചില നേരങ്ങളില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ മറിച്ചും ചിന്തിക്കും. ഉദാഹരണത്തിന് ചില സ്ത്രീകളൊക്കെ വന്ന് എന്തെങ്കിലും സഹായമൊക്കെ ചോദിക്കുമ്പോള്‍, അവരെ സഹായിക്കാന്‍ സാധിക്കുമ്പോള്‍, അവര്‍ക്കു വേണ്ടി ചില കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാന്‍ കഴിയുമ്പോള്‍ വലിയ സന്തോഷം, സംതൃപ്തിയൊക്കെ തോന്നും. ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. എഴുത്തുകാരി എന്ന നിലയില്‍ സ്ത്രീകളുടെ ദുരവസ്ഥയെ കുറിച്ച് ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാന്‍ പറ്റുമായിരിക്കും. രാഷ്ട്രീയത്തില്‍ ഇരിക്കുന്നതുകൊണ്ട് എനിക്ക് അവര്‍ക്കായി ഇതുപോലെ എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ പറ്റും. അങ്ങനെ ചിലതൊക്കെ ചെയ്യാന്‍ സാധിക്കുമ്പോള്‍ സന്തോഷമാണ്. രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്.'' (സല്‍മ)

No comments:

Post a Comment

Followers

About Me

My photo
thalassery, muslim/ kerala, India