രണ്ടു പെരുന്നാള്‍ കഥകള്‍



ഒന്ന്
കൂട്ടുകുടുംബങ്ങളുടെ പെരുന്നാള്‍
പെരുന്നാള്‍ തലേന്ന് രാത്രി വലിയ വീട് മുഴുവന്‍ വെളിച്ചമായിരിക്കും. നാളെ കുടുംബത്തിലെ മുഴുവനാളുകളും ഒത്തുചേരുന്ന സന്തോഷമായിരിക്കും തറവാട്ടിന്. പെരുന്നാള്‍ തലേന്ന് രാത്രി വീട് ഉറങ്ങുമ്പോള്‍ ഏറെ വൈകിയിരിക്കും. കുട്ടികളുടെ കശപിശയും പെരുന്നാള്‍ വസ്ത്രങ്ങള്‍ എടുത്തുവെക്കലും സ്ത്രീകളുടെ പെരുന്നാള്‍ ഒരുക്കവുമൊക്കെ കഴിയുമ്പോഴേക്കും നേരം ഏറെ വൈകിയിട്ടുണ്ടാകും.
നോമ്പിന്റെ അവസാന നാളില്‍ മഗ്‌രിബ് ബാങ്ക് കഴിയുമ്പോഴേക്കും ആകാശത്തിന് വല്ലാത്ത ചോപ്പ് നിറമായിരിക്കും. വീട്ടിലെ 'പെണ്ണുങ്ങള്‍' (വടക്കേ മലബാറില്‍ സ്ത്രീകളെ പെണ്ണുങ്ങള്‍ എന്നാണ് പറയുക, മലപ്പുറത്ത് അതിന് ഭാര്യ എന്ന അര്‍ഥവും) കൈയ്യിലണിയുന്ന മൈലാഞ്ചി പോലെ വല്ലാത്ത ചോപ്പ്. നോമ്പ് തുറന്നു കഴിഞ്ഞയുടന്‍ തക്ബീറിന്റെ മന്ത്രധ്വനികളായി. ആണ്‍കുട്ടികള്‍ പടക്കം പൊട്ടിച്ച് രസിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പട പുറത്തേ 'നീറായി'യിലെ (അടുക്കള) അമ്മിയില്‍ മൈലാഞ്ചി അരക്കുന്ന തിരക്കിലായിരിക്കും. രാത്രി മുഴുവന്‍ മൈലാഞ്ചി കൈകളിലിട്ട്, മൊഞ്ചുള്ള വിരലുകളിലെ ചോപ്പ് മുഴുവന്‍ കിടക്കയ്ക്കും പായയ്ക്കും കൂടി നല്കിയാലേ അവര്‍ക്ക് പെരുന്നാള് പൂര്‍ണ്ണമാവുകയുള്ളു.
പെരുന്നാള്‍ മാസം കണ്ടെന്ന വിവരം വരുമ്പോഴായിരിക്കും പെണ്‍കുട്ടികള്‍ കൂട്ടമായി വളപ്പിലെ വലിയ മൈലാഞ്ചിച്ചെടിയില്‍ നിന്നും ഇലകള്‍ പറിച്ചെടുക്കുക. മുറത്തില്‍ കൂട്ടിവെക്കുന്ന മൈലാഞ്ചിയിലകളെല്ലാം തണ്ടില്‍ നിന്നും വേര്‍തിരിച്ചെടുത്ത്, കഴുകി അമ്മിയില്‍ അരച്ചെടുക്കുമ്പോള്‍ ഒരു പച്ചമണം പരക്കും. മൈലാഞ്ചി അരക്കുന്ന പെണ്‍കുട്ടിയുടെ കൈകള്‍ മുഴുവന്‍ ചുവന്ന് പോയിട്ടുണ്ടാകും. ബാക്കി ആരും അരച്ച മൈലാഞ്ചി തൊടുകയേയില്ല. തൊട്ടാല്‍ ആ ഭാഗം ചുവക്കുമെന്നും പിന്നെ കൈയ്യിന്റെ മൊഞ്ച് പോയിപ്പോകുമെന്നുമായിരിക്കണം അവരുടെ പേടി. ഭംഗിയില്‍ മൈലാഞ്ചി അണിയിക്കാനറിയാവുന്നവര്‍ ആ കൂട്ടത്തില്‍ തന്നെയുണ്ടാകും. ആ സമയത്ത് അവര്‍ക്കായിരിക്കും കൂടുതല്‍ ഡിമാന്റ്.
പുറത്തേ നീറായിയില്‍ മൈലാഞ്ചി അരക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൂട്ടായി തറവാട്ടിലെ തീരെ ചെറിയ ആണ്‍കുട്ടികളുണ്ടാകും. അവര്‍ക്ക് പടക്കം പൊട്ടുന്ന ഒച്ച പേടിയായതിനാല്‍ പെണ്‍കുട്ടികളോടൊപ്പമായിരിക്കും കൂടുക. മാത്രമല്ല, ഇത്താത്തമാരോടൊപ്പം കൂട്ടുകൂടിയാല്‍ തട്ടി നടക്കാനും പുന്നാരം പറയാനും ആളുണ്ടാകും.
നോമ്പ് ഇരുപതിലെത്തുമ്പോഴേക്കു തന്നെ കുട്ടികള്‍ പെരുന്നാളെത്താന്‍ ബാക്കിയുള്ള ദിവസങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. നോമ്പ് 29ല്‍ അവസാനിക്കാനായിരിക്കും കുട്ടികള്‍ക്ക് താത്പര്യം. റമദാന്‍ 29ല്‍ അവസാനിക്കുന്നതിന് തറവാട്ടില്‍ പ്രത്യേക രസമായിരിക്കും. കുറേ കുട്ടികള്‍, ഒച്ചപ്പാട്, ബഹളം, മാസം കണ്ടെന്ന വിവരം വരുന്നുണ്ടോയെന്ന കാത്തിരിപ്പ്.... പെരുന്നാള്‍ ആകുമോ ഇല്ലേയെന്ന വല്ലാത്ത സുഖമുള്ള കാത്തിരിപ്പ്....
നോമ്പിന്റെ അവസാന നാളുകളില്‍ കുട്ടികളെല്ലാം തറവാട്ടിന്റെ 'മുല്ലാപ്പുറത്ത്' (വരാന്ത) ഒന്നിച്ചുകൂടും. മുല്ലാപ്പുറത്തെ 'തണ'യിലും (കോഴിക്കോട്ടുകാര്‍ ഇതിനെ ബഡാപ്പുറമെന്ന് വിളിക്കുന്നു) രണ്ടാള്‍ നീളമുള്ള ബെഞ്ചുകളിലും 'തള'ത്തിലെ പത്തായത്തിനു മുകളിലുമൊക്കെ തമ്പടിച്ച് കഥ പറഞ്ഞും കടംകഥ പറഞ്ഞും നേരം പോക്കും. പെരുന്നാള്‍ വസ്ത്രത്തെ കുറിച്ച് മേനി പറഞ്ഞും എടുത്ത നോമ്പുകളുടെ എണ്ണം പറഞ്ഞ് ആരാണ് കേമന്‍/കേമിയെന്ന് തീരുമാനിക്കലുമൊക്കെയായി കുട്ടികളുടെ ദിവസം തീരും. അപ്പോള്‍ അടുക്കളയില്‍ 'പെണ്ണുങ്ങള്‍' (വടക്കേ മലബാറില്‍ സ്ത്രീകളെ പൊതുവെ പെണ്ണുങ്ങള്‍ എന്നാണ് പറയുക) അവസാന നോമ്പ് തുറക്കുവേണ്ടി ഒരുക്കുന്ന അപ്പത്തരങ്ങളുടെ തിരക്കിലായിരിക്കും. ഉന്നക്കായിയും പെട്ടപ്പത്തിലും ഇറച്ചിപ്പത്തിലും കട്‌ലെറ്റും പോളയുമൊക്കെയായി അടുക്കള സുഗന്ധങ്ങളുടെ പരീക്ഷണശാലയായിരിക്കും.
എത്ര വൈകിയാലും പെരുന്നാളിന് കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും അതിരാവിലെ എഴുന്നേല്‍ക്കും. പെരുന്നാള്‍ തലേന്ന് വീട്ടിലെ സ്ത്രീകള്‍ ഉറങ്ങുന്നതും എഴുന്നേല്‍ക്കുന്നതുമൊക്കെ അടുക്കളയിലാണെന്നു തോന്നും അവരുടെ ഒരുക്കങ്ങള്‍ കണ്ടാല്‍. പുലര്‍ച്ചെ മുതല്‍ മുട്ടമാല വലിക്കലായിരിക്കും അവരുടെ ഹോബി. അല്‍സയും ബിരിയാണിയുമൊക്കെ ഈദ്ഗാഹില്‍ പോയി മടങ്ങിയതിനു ശേഷം ചെയ്താല്‍ മതിയെങ്കിലും വിശേഷ ഭക്ഷണങ്ങള്‍ക്കിടയിലെ രാജാവായ മുട്ടമാലയെ നേരത്തെ തന്നെ ചെയ്തുവെക്കണം. ഇല്ലെങ്കില്‍ സമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയാതെ വരും.
'ചോളി' (കുളിമുറി)യിലെ വലിയ ചെമ്പില്‍ നിറയെ വെള്ളം ചൂടാക്കിവെച്ചിട്ടുണ്ടാകും. ആരാദ്യം കുളിക്കുമെന്നതായിരിക്കും രാവിലത്തെ ആദ്യത്തെ സൈദ്ധാന്തിക പ്രശ്‌നം. ഞാനാദ്യം, ഞാനാദ്യമെന്ന പല്ലവിക്കിടയില്‍ ആരൊക്കെയോ പിന്നാലെ പിന്നാലെ കുളിച്ചു തീര്‍ക്കും. പുതുവസ്ത്രമണിഞ്ഞും സുഗന്ധദ്രവ്യം പൂശിയും ഈദ്ഗാഹിലേക്കുള്ള യാത്ര പല പല സംഘങ്ങളായിട്ടായിരുന്നു. എല്ലാവരും ഒന്നിച്ചു പോയാല്‍ ഒന്നുകില്‍ ഓട്ടോ കിട്ടില്ല, കിട്ടുന്ന വാഹനത്തില്‍ എത്രപേര്‍ കയറിയാലും അതിന്റെ ഇരട്ടിയും അതിലേറെയും ആളുകള്‍ പുറത്തുണ്ടാകും. എല്ലാവരും ഒന്നിച്ചു നടക്കുകയാണെങ്കില്‍ ഒരു ജാഥയ്ക്കും പൊതുസമ്മേളനത്തിനുമുള്ള ആളുകളുണ്ടാകും. അതുകൊണ്ടുതന്നെ ഈദ്ഗാഹില്‍ സമയത്തിന് എത്തുകയില്ല. പണി തീരുന്നവര്‍ ഒറ്റയ്ക്കും കൂട്ടായുമാണ് ഈദ്ഗാഹിലേക്ക് തിരിക്കുക.
പെരുന്നാള്‍ നമസ്‌ക്കാരം കഴിയുന്നതോടെ പലരും പലവഴിക്കാകും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും കൂട്ടുകാരെ കാണാനുമൊക്കെയായി എല്ലാവരും പിരിഞ്ഞു പോകുമ്പോള്‍ അടുക്കള പിന്നേയും ഭക്ഷണത്തിരക്കിലേക്ക് പോയിട്ടുണ്ടാകും. ഒരുഭാഗത്ത് കോഴി ബിരിയാണിയുടെ സുഗന്ധംമുണ്ടാകുമ്പോള്‍ മറ്റൊരിടത്ത് അല്‍സ കടയുകയായിരിക്കും, ഒരിടത്ത് പുഡ്ഡിംഗ് ഉണ്ടാക്കാനുള്ള തിരക്കാണെങ്കില്‍ കുട്ടികളുടെ കൂട്ടായ്മയ്ക്ക് അതെല്ലാം അപ്പോഴപ്പോള്‍ രുചിച്ചു നോക്കാനും കട്ടുതിന്നാനുമുള്ള കൊതിയായിരിക്കും.
ഉച്ച ഭക്ഷണത്തിനാണ് പിന്നീട് എല്ലാവരും ഒത്തുകൂടുക. വട്ടത്തില്‍ 'സുപ്ര'യിട്ട് അതിന് ചുറ്റും എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോളുള്ള രുചി പെരുന്നാളിന് മാത്രം അവകാശപ്പെട്ടതായിരിക്കും. ഭക്ഷണം പരസ്പരം പാത്രത്തിലിട്ടുകൊടുത്തും ഒരാളുടെ പ്ലേറ്റിലുള്ളത് മറ്റൊരാള്‍ അടിച്ചുമാറ്റിയുമൊക്കെയുള്ള പെരുന്നാള്‍ കൂട്ടായ്മയില്‍ 'ഫോര്‍മാലിറ്റി'കള്‍ ഉണ്ടായിരുന്നില്ല. ഭക്ഷണത്തിനു ശേഷം പാട്ടുപാടിയും പരസ്പരം കളിയാക്കിയും മിമിക്രി അവതരിപ്പിച്ചുമൊക്കെ കൊഴുക്കുന്ന കലാപരിപാടികള്‍.... സ്റ്റേജ് പോലെ ഉയരത്തിലുള്ള തണയും പത്തായവുമൊക്കെ തറവാടുകളുടെ മാത്രം പ്രത്യേകതയായിരുന്നു. കുട്ടികള്‍ സഭാകമ്പമില്ലാതെ സദസ്സിനെ അഭിമുഖീകരിക്കാന്‍ ആദ്യം പഠിക്കുന്നത് ഇവിടെ നിന്നായിരിക്കും.
തലശ്ശേരിയില്‍ പെരുന്നാളുകള്‍ക്ക് പ്രത്യേക രസമായിരിക്കും. പഴയ കുറേ മുസ്‌ലിം തറവാടുകള്‍. അവിടങ്ങളിലെല്ലാം പെരുന്നാളിന് ഒരേപോലുള്ള ഒരുക്കങ്ങള്‍.... ഭക്ഷണ വൈവിധ്യത്തിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍.... ഇന്ത്യയില്‍ ആദ്യം ക്രിക്കറ്റ് കളിച്ച അതേ മൈതാനി തന്നെയാണ് കേരളത്തിലെ ആദ്യത്തെ ഈദ്ഗാഹും. മൈതാനിക്കു മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഇന്തോ സാരസന്‍ മാതൃകയിലുള്ള ജുമുഅത്ത് പള്ളി. പുല്‍മൈതാനിയില്‍ നിരത്തി വിരിച്ച നമസ്‌ക്കാരപ്പായകള്‍ക്കപ്പുറത്ത് മനസ്സുകളുടെ ഐക്യപ്പെടല്‍... ഇപ്പോള്‍ ഇവിടെ കുറേ തറവാടുകള്‍ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. കൂട്ടുകുടുംബങ്ങളുടെ ജീവിതം കഥകള്‍ മാത്രമായിക്കൊണ്ടിരിക്കുന്ന ഒരു കാലം. ഒന്നിച്ചു കൂടി, പങ്കുവെക്കലുകളുടെ രസങ്ങള്‍ക്കപ്പുറം മനസ്സുകളുടെ അടുപ്പങ്ങളിലൂടെ ഒരു പെരുന്നാള്‍ കൂടി...

രണ്ടു

പെരുന്നാള്‍ കിനാവുകള്‍

ആലി ഹാജി പള്ളിയില്‍ നിന്നാണ് തുടങ്ങുക. തക്ബീര്‍ ചൊല്ലി ഒരുകൂട്ടം ആളുകള്‍ ജുമുഅത്ത് പള്ളിയിലേക്ക് നടക്കും. അക്കൂട്ടത്തില്‍ വമ്പന്മാരെല്ലാരുമുണ്ടാകും. കാലം അതാണ്. വേണമെങ്കില്‍ പഴമയുടെ, പൊട്ടിപ്പൊളിഞ്ഞ പ്രതീതിയുണ്ടാക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫിലിമില്‍ പകര്‍ത്താവുന്ന രംഗങ്ങള്‍. പക്ഷേ ഇതെല്ലാം ഇന്നുള്ളതിനേക്കാള്‍ മികച്ച തെളിച്ചമുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാണ് പകര്‍ത്തേണ്ടത്. കാരണം അക്കാലമായിരുന്നു തലശ്ശേരിയുടെ ഏറ്റവും തെളിച്ചമുള്ള പെരുന്നാള്‍ കാലം.
അന്ന് സ്റ്റേഡിയം ജുമുഅത്ത് പള്ളി എന്ന പഴയ ജുമുഅത്ത് പള്ളിയില്‍ മാത്രമായിരുന്നു ഈദ്ഗാഹ് ഉണ്ടായിരുന്നത്. തലശ്ശേരിയില്‍ മാത്രമല്ല, കേരളത്തില്‍ ആകെയുള്ള ഈദ്ഗാഹ് അതാണ്.
പെരുന്നാളിന് മുമ്പ്, നോമ്പുകാലത്ത്, പാനീസും കൈയ്യില്‍ തൂക്കി അത്താഴം ബാബമാര്‍ സഞ്ചരിച്ച വഴികളിലൂടെ പെരുന്നാള്‍ രാത്രി തക്ബീര്‍ ചൊല്ലി നീങ്ങുക ചെറു സംഘങ്ങളായിരിക്കും. റോഡില്‍ നിന്നും പടിപ്പുര കടന്നെത്തുന്ന ആലിഹാജി പള്ളിയിലെ പാറകൊണ്ടുള്ള ഹൗളില്‍ തണുത്ത വെള്ളമായിരിക്കും. ആലിഹാജി പള്ളിയിലേത് മാത്രമല്ല, ഓടത്തില്‍ പള്ളിയിലെ ഹൗളിലും നാരങ്ങാപ്പുറം പള്ളിയിലെ ഹൗളിലുമെല്ലാം അക്കാലത്ത് അത്രയും തണുപ്പുള്ള വെള്ളം തന്നെയാണ് ഉണ്ടായിരുന്നത്. അക്കാലത്തിന്റെ തലശ്ശേരിക്കും നനുത്ത്, സുഖമുള്ള തണുപ്പ് നല്കുന്ന ഓര്‍മ്മക്കാലമാണ്.
തലശ്ശേരി ജുമുഅത്ത് പള്ളിക്ക് ആയിരം കൊല്ലത്തിലേറെ പഴക്കമുണ്ട്. ഇപ്പോള്‍ കാണുന്നതു പോലെ ജുമുഅത്ത് പള്ളി പണ്ടും മനോഹരമായിരിക്കണം. ഇന്തോ- സാരസന്‍ മാതൃകയില്‍ നിര്‍മ്മിച്ച കേരളത്തിലെ അപൂര്‍വ്വം പള്ളികളിലൊന്ന്. മാലിക് ഇബ്‌നു ദിനാറിന്റെ കാലത്തു തന്നെ ഈ പള്ളി നിര്‍മ്മിച്ചിരിക്കണം- കേരളത്തിലെ ആദ്യകാല പള്ളികളിലൊന്ന്. അറബി മലയാളം സാഹിത്യ വായനക്കാരെ കുടുകുടെ ചിരിപ്പിച്ച കുഞ്ഞായന്‍ മുസ്‌ല്യാരുടെ ഖബര്‍ ഈ പള്ളിപ്പറമ്പിലാണുള്ളത്.
സ്റ്റേഡിയം പള്ളിയുടെ മതിലിനോട് ചേര്‍ന്ന് നിര്‍മിച്ച മിംബര്‍. രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണ് അവിടെ ഖുതുബ നടക്കുക. പെരുന്നാളിന് തൊട്ടുമുമ്പ് പെയിന്റടിച്ച് മിംബര്‍ മനോഹരമാക്കിയിട്ടുണ്ടാകും. താത്കാലികമായി കെട്ടിയുയര്‍ത്തുന്ന കുട പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷമുള്ള ഖുതുബ പറയുമ്പോള്‍ ഖതീബിനെ വെയിലില്‍ നിന്നും രക്ഷപ്പെടുത്തും. പെരുന്നാള്‍ നമസ്‌ക്കാരത്തിനെത്തുന്നവരുടെ ശരീരത്തിന്റെ പിറകുവശം വിയര്‍ത്തൊലിക്കുമ്പോള്‍ ഖത്തീബിന്റെ മുഖത്തായിരിക്കും സൂര്യവെളിച്ചം മുഴുവന്‍.
കേരളത്തിലെ ആദ്യത്തെ ഈദ്ഗാഹിന് ആദ്യത്തെ ക്രിക്കറ്റ് മൈതാനം സാക്ഷി. ചരിത്രം ചില കാത്തുവെപ്പുകളുടേത് കൂടിയാണ്. പന്തുരുളുന്ന പച്ച മൈതാനിയില്‍ അന്ന് രാവിലെ കളിയുണ്ടാവില്ല. പകരം വിശ്വാസികള്‍ക്ക് ആ സ്ഥലം വിട്ടുകൊടുക്കും. അത് തലശ്ശേരിയുടെ മഹത്തായ സാംസ്‌ക്കാരിക പൈതൃകം. മുസ്‌ലിംകള്‍ നമസ്‌ക്കരിക്കുമ്പോള്‍ ചുറ്റുവട്ടത്ത് അന്യമതസ്ഥര്‍ വന്നിരിക്കുന്നുണ്ടാകും. അവര്‍ പെരുന്നാള്‍ ഖുതുബയും കഴിഞ്ഞാണ് മടങ്ങിപ്പോവുക. വൈകിട്ട് അതേ മൈതാനിയില്‍ ഈദ് സംഗമം. അക്കാലത്തെ തലശ്ശേരിയുടെ സാംസ്‌ക്കാരിക പൈതൃകം അതായിരുന്നു. പെരുന്നാള്‍ നമസ്‌ക്കാരം പോലെതന്നെ തലശ്ശേരിക്കാര്‍ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു പെരുന്നാള്‍ സാംസ്‌ക്കാരിക സംഗമവും. അവിടെ പ്രസംഗിക്കാനെത്തിയിരുന്നത് ഓരോ മേഖലയിലേയും മികച്ചവരായിരുന്നു.
സ്റ്റേഡിയത്തിനപ്പുറത്ത്, ജുമാ മസ്ജിദിനു പിറകില്‍ തിരയടിച്ചു കയറുന്ന അറബിക്കടല്‍. കടല്‍ സംഗീതത്തിന്റെ തണുപ്പും വെയില്‍ സൂര്യന്റെ കരുത്തുമറിയുന്ന പ്രഭാതങ്ങളാണ് പെരുന്നാളുകള്‍ക്ക്.
കാലം മാറുന്നു. പഴയ ആലിഹാജി പള്ളി ഇപ്പോഴും മെയിന്‍ റോഡിലുണ്ട്. അവിടുത്തെ ഹൗളില്‍ ഇപ്പോഴും ആ തണുത്ത വെള്ളംതന്നെയാണുള്ളത്. പഴമയുടെ പ്രൗഢിയും തലയെടുപ്പോടെ ഇവിടെയുണ്ട്. മച്ചില്‍ തൂങ്ങുന്ന സ്ഫടിക വിളക്കുകള്‍, കൊത്തുപണിയുടെ സൗന്ദര്യം, നിലത്തു പാകിയ കല്ലുകള്‍... എല്ലാം ഇപ്പോഴും പഴയതുപോലെ തന്നെ. 'ഹനഫി' നിലപാടുകള്‍ തുടരുന്ന പള്ളിയാണെങ്കിലും 'ശാഫി'കള്‍ക്കൊന്നും അതിനോട് ഇഷ്ടക്കേട് ഉണ്ടായിരുന്നില്ല.
ആലി ഹാജി പള്ളിയില്‍ നിന്നും സ്റ്റേഡിയം പള്ളിയിലേക്കുള്ള തക്ബീര്‍ ജാഥകള്‍ ഇപ്പോള്‍ ഇല്ല. ഈദ് ഗാഹില്‍ കാല്‍നടയായി നമസ്‌ക്കാരത്തിന് പോകുന്നവരും കുറവ്. എല്ലാവരും ഇപ്പോള്‍ വാഹനത്തിലാണ് യാത്ര. ഈദ്ഗാഹിന് പുറത്ത് വാഹനങ്ങളുടെ നീണ്ട നിര. നഗരത്തിലെ കുരുങ്ങിക്കുഴയുന്ന ട്രാഫിക്ക് നിയന്ത്രിക്കാന്‍ പൊലീസുകാരുടെ പട. ഈദ് മുബാറക്കിന്റെ അഭിവാദ്യക്കൈമാറ്റത്തിലെ സ്‌നേഹാശ്ലേഷങ്ങള്‍.
ഒരു പെരുന്നാല്‍ കൂടി കാലത്തിനു പിന്നിലേക്ക് മറയുന്നു. മാസം കണ്ടോ എന്നറിയാനുള്ള തലേരാത്രിയുടെ കാത്തിരിപ്പിനാണ് പെരുന്നാള്‍ പകലിനേക്കാള്‍ രസം. ഈദ് നമസ്‌ക്കാരം കഴിയുന്നതോടെ പെരുന്നാള്‍ രസവും തീരുന്നു.
കാലം ഉരുണ്ടു തീരുമ്പോള്‍ ചന്ദ്രന്‍ ആകാശക്കോണില്‍ പ്രത്യക്ഷപ്പെട്ട് ചിരിക്കുന്നുണ്ടാകും. വെളിച്ചം വിതറാന്‍ സൂര്യനുമുണ്ടാകും. മനുഷ്യന്‍ മാത്രം തലമുറകള്‍ മാറിമാറിത്തീരും. അതിനിടയില്‍ ജീവാംശങ്ങളില്‍ ഒളിപ്പിച്ചുവെച്ച കുറേ ഓര്‍മ്മകള്‍ കൈമാറിപ്പോകുന്നുണ്ടാകണം. അവിടെ ഒരോ പെരുന്നാളിനും ആലിഹാജി പള്ളിയില്‍ നിന്നും ജുമാ മസ്ജിദിലേക്ക് തക്ബീര്‍ ചൊല്ലി നടന്നു പോകുന്നവരുണ്ടാകും. വമ്പന്മാര്‍ക്കു പിറകില്‍ ആവേശത്തോടെ തക്ബീര്‍ ചൊല്ലുന്ന കുട്ടികളുണ്ടാവും. ഇരുണ്ട വഴികളില്‍ നടന്നു പോകുന്നയാളുടെ കൈകളില്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന പാനീസിന്റെ വെളിച്ചമുണ്ടാകും. നീണ്ട നിഴലുകളുണ്ടാകും. പിന്നെ, കുറേ പെരുന്നാള്‍ കിനാക്കളും....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍