ക്ലാസ്സ്മേറ്റ്‌സ്




വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന യുവത്വം പാടിത്തീര്‍ക്കുന്നു.
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം...

വീട്ടില്‍ പണിയൊതുക്കി, മകളുടെ കുട്ടിയെ അടുത്ത വീട്ടിലാക്കി, സൊറ പറഞ്ഞ്, കയറ്റം കയറി, വിശാലമായ കുന്നിന്‍പുറത്തെ വളര്‍ന്നുപൊങ്ങിയ പുല്ലുകള്‍ വകഞ്ഞുമാറ്റി, കംബ്ലാരി ഇ കെ നായനാര്‍ സ്മാരക വായനശാലയിലെ അക്ഷയ ക്ലാസ്സ് മുറിയില്‍ മൂവര്‍ സംഘമെത്തിയത് പഠിക്കാനാണ്- കംപ്യൂട്ടര്‍ പഠിക്കാന്‍! കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനു സമീപം വള്ള്യാട് പട്ടികവര്‍ഗ്ഗ കോളനിയിലെ 66 വയസ്സുകാരി എം ചിയ്യയിയും 60 വയസ്സുള്ള കിഴക്കെ പുരയില്‍ ജാനകിയും 52കാരി പെരിങ്കൊളവന്‍ നാരായണിയും ക്ലാസ്‌മേറ്റ്‌സാണ്. വെറും ക്ലാസ്സ്‌മേറ്റ്‌സല്ല- ഇ ക്ലാസ്‌മേറ്റ്‌സ്. മൂന്നു പേരും ഒരുമിച്ചാണ് കംപ്യൂട്ടര്‍ ക്ലാസ്സിനു പോയിരുന്നത്. മുമ്പൊരിക്കലും അവര്‍ പഠിക്കാന്‍ പോയിട്ടില്ല, സ്‌കൂളിലും കുടിപ്പള്ളിക്കൂടകത്തിലുമൊന്നും അവര്‍ പഠിച്ചിട്ടേയില്ല. പിന്നെ, ഇപ്പോഴെന്താണിങ്ങനെ!
ചീയ്യയിയുടേയും ജാനകിയുടേയും നാരായണിയുടേയും മക്കളൊക്കെ സ്‌കൂളിലും കോളെജിലും പോയിട്ടുണ്ട്. എന്നാല്‍ അവരാരും കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. അമ്മമാര്‍ക്കാകട്ടെ സ്‌കൂള്‍ വിദ്യാഭ്യാസം തീരെയില്ലെങ്കിലും മക്കളെ കവച്ചു വെക്കാന്‍ അവര്‍ കംപ്യൂട്ടര്‍ പഠിച്ചിട്ടുണ്ട്.

കംപ്യൂട്ടര്‍ കാണാനൊരു മോഹം
അമ്മമാര്‍ക്ക് ആദ്യമുണ്ടായിരുന്ന ആഗ്രഹം കംപ്യൂട്ടര്‍ കാണണമെന്നുമാത്രമായിരുന്നു. കംപ്യൂട്ടര്‍ പഠിക്കാന്‍ അമ്മയ്ക്ക് കണ്ണ് കാണില്ലെന്ന് മക്കള്‍ പറഞ്ഞ് കളിയാക്കി. അപ്പോള്‍ ചിയ്യയിക്ക് തോന്നിയത് കംപ്യൂട്ടര്‍ പഠിക്കാനല്ലല്ലോ കാണാനല്ലേ പോകുന്നത് എന്നായിരുന്നു. കംപ്യൂട്ടര്‍ കാണാനുള്ള ആഗ്രഹം പഠിക്കുന്നതിലേക്ക് വഴിമാറിയപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ കംപ്യൂട്ടര്‍ സാക്ഷരത കൈവരിച്ചു. അക്ഷയ പദ്ധതിക്കു കീഴില്‍ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരത കൈവരിച്ച പഞ്ചായത്തായി കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം മാറി.
ജീവിതത്തില്‍ പേനയും പെന്‍സിലുമെടുത്ത് എഴിതിയിട്ടില്ലാത്ത ചീയ്യയിയും ജാനകിയും നാരായണിയുമെല്ലാം കീബോര്‍ഡും മൗസും ഉപയോഗിച്ച് സാക്ഷരരായി. എഴുതാനും വായിക്കാനും പഠിച്ചില്ലെങ്കിലും കംപ്യൂട്ടര്‍ എന്താണെന്ന സാമാന്യ വിവരം കിട്ടി. കംപ്യൂട്ടര്‍ കണ്ടപ്പോഴുള്ള ആഹ്ലാദം അത് പഠിക്കാനുള്ള ആഗ്രഹമായി മാറിയപ്പോള്‍ ചീയ്യയി മെല്ലെ മെല്ലെ കീബോര്‍ഡില്‍ വിരലുകളമര്‍ത്തി. മൗസ് ഉപയോഗിച്ച് കൈയ്യടക്കം വരുത്തി. പിന്നെ കംപ്യൂട്ടറിനെ ഇഷ്ടപ്പെട്ടു. കംപ്യൂട്ടറിനോട് സൗഹൃദം കാണിച്ചു. ഒടുവില്‍ കംപ്യൂട്ടറും ചിയ്യയിയോട് സൗഹൃദം കാണിച്ചു. അങ്ങനെ ചിയ്യയി കേരളത്തിന്റെ ചരിത്രത്തില്‍ ഇടം പിടിച്ചു. കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച മലപ്പുറത്തുകാരി ചേലക്കാടന്‍ ആയിഷയെ പോലെ ചിയ്യയിയും ചരിത്രമായി. കേരളത്തിലെ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരത കൈവരിച്ച ആദ്യഗ്രാമപഞ്ചായത്തായി ശ്രീകണ്ഠപുരത്തെ പ്രഖ്യാപിച്ചത് ചിയ്യയി ആയിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി പി കെ ശ്രീമതിയും കെ സി ജോസഫ് എം എല്‍ എയും കേരള സ്റ്റേറ്റ് അക്ഷയ പ്രൊജക്ട് ഡയറക്ടര്‍ ടി കെ മന്‍സൂറും പിന്നെ നിരവധി പ്രസംഗകരും നിറഞ്ഞ വേദിയില്‍, തന്റെ നാട്ടുകാരായ ആയിരക്കണക്കിന് ആളുകള്‍ക്കു മുമ്പില്‍, ലോകത്തേക്ക് തുറന്നുവെച്ച ക്യാമറക്കണ്ണുകളെ സാക്ഷി നിര്‍ത്തി ചിയ്യയി പ്രസംഗിച്ചു: 'ബഹുമാനപ്പെട്ട അധ്യക്ഷന്‍ കെ സി ജോസഫ്, ആരോഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചര്‍.......' സ്‌കൂളില്‍ പോയി പഠിച്ചിട്ടാല്ലത്തു പോലെ ചീയ്യയി അതിനു മുമ്പൊരിക്കലും സ്റ്റേജിലും കയറിയിരുന്നില്ല. മൈക്കിനു മുമ്പില്‍ നിന്നിരുന്നില്ല. എന്നിട്ടും ചിയ്യയി എന്ന പട്ടികവര്‍ഗ്ഗക്കാരിയായ അറുപത്തിയാറു വയസ്സുകാരി ചെറിയ വിറയലോടെ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇതാ എന്റെ ഗ്രാമം കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍ സാക്ഷരഗ്രാമമായിരിക്കുന്നു. അക്ഷയ അംബാസിഡര്‍ മമ്മൂട്ടി പറയുന്നതു പോലെ അക്ഷയ അറിവിന്റെ ജാലകം ഞങ്ങളിതാ തുറന്നിട്ടിരിക്കുന്നു.

കംപ്യൂട്ടറില്‍ മാങ്ങ പറിച്ചു, ജീവിതത്തില്‍ റബ്ബര്‍ പാലെടുത്തു
ശ്രീകണ്ഠപുരം ടൗണില്‍ നിന്നും കയറ്റവും ഇറക്കവുമുള്ള വഴികളിലൂടെ, മലയിലെ കുണ്ടും കുഴിയും നിറഞ്ഞ പാതകളിലൂടെ, ഇരുഭാഗത്തും കല്‍പണകളുള്ള മലമ്പാത ചെന്ന് ചേരുന്നത് പട്ടികവര്‍ഗ്ഗ കോളനികളിലാണ്. മാവിലന്‍ സമുദായ അംഗങ്ങള്‍ താമസിക്കുന്ന കംബ്ലാരിയും വള്ള്യാടുമാണ് ഇവിടുത്തെ കോളനികള്‍. അക്ഷയ പ്രഖ്യാപനം നടത്തിയ ചീയ്യയിയുടെ വീട് ചോദിച്ചപ്പോള്‍ മൂന്നുംകൂടിയ വഴിയിലെ ഹോട്ടലിലുള്ളവര്‍ കൂടെയൊരു പയ്യനെ അയച്ചു തന്നു. പത്താം ക്ലാസ്സില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്കു പോകുന്ന പയ്യന്‍. അവന്റെ കൂടെ ടാറിട്ട റോഡിറങ്ങി, മഴക്കാലത്ത് വെള്ളമൊഴുകുന്നതും വേനലിലും മഴയിലും വഴിയായുപയോഗിക്കുന്നതുമായ കുഞ്ഞിടവഴിയിലൂടെ നടന്ന്, റബ്ബര്‍ മരങ്ങള്‍ക്കിടയിലെ തണുപ്പിലൂടെ കടന്ന് ചീയ്യയിയുടെ വീട്ടിലെത്തി. തണുത്ത അന്തരീക്ഷത്തിനു നടുവിലെ വീട്ടില്‍ കോരന്‍ മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. കണ്ണിന് ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ പണിക്കു പോകാനാകാതെ വീട്ടില്‍ വിശ്രമിക്കുന്ന കോരേട്ടന്‍ ചീയ്യയിയുടെ ഭര്‍ത്താവാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ ചീയ്യയി വന്നു. റബ്ബര്‍ കറ പുരണ്ട മുണ്ടും മുഴുക്കൈയ്യന്‍ കുപ്പായവുമിട്ട്, കൈയ്യില്‍ റബ്ബര്‍ പാല്‍ ശേഖരിച്ച പാത്രവുമായാണ് അവരെത്തിയത്. കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ഗ്രാമ പ്രഖ്യാപനം നടത്തിയ ചീയ്യയിക്ക് പ്രഖ്യാപനം നടത്തിയ 2006 നവംബര്‍ 11ന് മുമ്പും ശേഷവും ഒരേ ഭാവം. വീട്ടിനകത്ത് കയറി വേഷം മാറി മുണ്ടും ബ്ലൗസും തോര്‍ത്തുമണിഞ്ഞെത്തിയ ചീയ്യയി കംപ്യൂട്ടര്‍ പഠിച്ചതിനെ കുറിച്ച് പറഞ്ഞു തുടങ്ങി.
'കംപ്യൂട്ട്‌റ്ന്ന് കേട്ട്‌ട്ടേയുള്ളു. നമ്മള് കണ്ട്ട്ടില്ലാലോ. അതോണ്ട് കാണണന്നു കരുതിയാ ആദ്യം പോയത്. വള്ള്യാട് അതുല്യ കുടുംബശ്രീയിലെ അംഗമായതിനാല്‍ കംപ്യൂട്ടര്‍ പടിക്കണംന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞപ്പോ അതങ്ങ് ചെയ്തു. ഇതുവരെ ഇസ്‌കൂളിലൊന്നും പോയിട്ട്ല്ലാലോ, അതോണ്ട് പേടിയായിരുന്നു. അക്ഷരങ്ങളൊന്നും അറിയില്ല. മണലെഴുത്ത് മാത്രാണ് പടിച്ചത്. എന്നാ കംപ്യൂട്ട്‌റ് പടിച്ചു തൊടങ്ങിയപ്പോ നല്ലരസം തോന്നി. ഞാനും ജാനകീം നാരായണീം കംപ്യൂട്ടറിന്റെ രസങ്ങള് പറഞ്ഞപ്പളാ കോളനീലെ മറ്റു പെണ്ണുങ്ങക്കും ഇത് പടിക്കണംന്ന് തോന്നിയത്. നമ്മള് കംപ്യൂട്ടറില്‍ മാങ്ങപറിച്ചു, നെല്ല് കോഴി തിന്നാതെയും കോഴീനെ കുറുക്കന്‍ പിടിക്കാതെയും വീട്ടിന്റകത്ത് എത്തിക്കാന്‍ പടിച്ചു, പൂക്കള മത്സരം, തോണി കടത്തല്‍, ഒറ്റ ഇരട്ട.... അങ്ങനെ കൊറേ പടിച്ചു. കംപ്യൂട്ടറില്‍ പേര് അടിക്കാന്‍ പടിപ്പിക്കുമ്പോ എനിക്ക് സുഖല്ലായിരുന്നു. അതോണ്ട് പടിക്കാന്‍ കഴിഞ്ഞില്ല. കളിച്ചും പടിച്ചും നാളുകള്‍ കഴിഞ്ഞ് കംപ്യൂട്ട്‌റ് പോയപ്പം സങ്കടം തോന്നി. പരിപാടിക്ക് പ്രസംഗിക്കണമെന്നു പറഞ്ഞപ്പം പേടിച്ചിരുന്നു. ഇതുവരെ സ്റ്റേജിലൊന്നും കാരീറ്റില്ലാലോ, അതോണ്ടായിരുന്നു പേടി. കംപ്യൂട്ടര്‍ തുടര്‍ന്ന് പടിക്കാന്‍ പഞ്ചായത്ത് എന്തെങ്കിലും ചെയ്തു തരുമായിരിക്കും. ഇത്രയധികം ബുദ്ധിമുട്ടി പടിച്ചതല്ലേ.' ചീയ്യേയിക്ക് പ്രതീക്ഷ.
'നമ്മളിത്രയൊന്നും പ്രതീക്ഷിച്ചില്ലാലോ. യുനെസ്‌ക്കോയുടെ ആളുകള് രണ്ട് പ്രാവശ്യം വന്നിരുന്നു. (എന്താണ് യുനസ്‌ക്കോയെന്ന് ചീയ്യയിക്ക് അറിയില്ല- അന്നും ഇന്നും!). ഡല്‍ഹിയില്‍ നിന്നും ഒരാള്‍ വന്നിരുന്നു. അക്ഷയയുടെ ഹമീദ്കുട്ടിയും പിന്നെ ടീച്ചറും നല്ല താത്പര്യമെടുത്തിരുന്നു.' (ടീച്ചറിന്റെ പേര് മറന്നുപോയി. മുസ്‌ലിമിന്റെ പേരായതുകൊണ്ട് അത്ര ഓര്‍മ്മയില്ലെന്ന് ചീയ്യയി).
ജാനകിക്കും കംപ്യൂട്ടറിനെ കുറിച്ച് പറയുമ്പോള്‍ അടുത്ത ബന്ധത്തിലെ ആരെയോ കുറിച്ച് പറയുന്നതു പോലെ. 'കംപ്യൂട്ടര്‍ പടിക്കാന്‍ തുടങ്ങിയപ്പോള്‍ വിഷമമായിരുന്നു. അതു പോയപ്പോഴും വിഷമമായി. ഇനിയും പടിക്കണമെന്നുണ്ട്.' മുഖം നിറയെ ചിരിച്ചുകൊണ്ടാണ് ജാനകിയുടെ സംസാരം. മൗസ്, കീബോര്‍ഡ്, മോണിറ്റര്‍, സി ഡി, ഫ്‌ളോപ്പി.... ഇതില്‍ കുറേ പേരുകള്‍ ഓര്‍മ്മയുണ്ട്. 'വളഞ്ഞ പേരുകള്‍' മറന്നുപോയത്രെ.
'ചേച്ചിമാരെ ഒരു കാര്യം ചോദിച്ചോട്ടെ, കംപ്യൂട്ടര്‍ പഠിച്ചല്ലോ, ശരിക്കും സ്‌കൂളില്‍ പോകാന്‍ തോന്നുന്നുണ്ടോ?' ചോദ്യം കേട്ടപ്പോള്‍ ചീയ്യയിയും ജാനകിയും ഒരുമിച്ച് ഉത്തരം പറഞ്ഞു. 'അയ്യോ, ഇസ്‌കൂളി പോകാന്‍ തോന്നുന്നുണ്ടോന്നോ..?'
കംബ്ലാരിയിലെ ഇ കെ നായനാര്‍ സ്മാരക വായനശാലയില്‍ അക്ഷയ പദ്ധതിയുടെ ഭാഗമായി കുറച്ചു കാലം കൂടി കംപ്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ ഇനിയും പഠിക്കാമായിരുന്നത്രെ അവര്‍ക്ക്. സ്‌കൂളിലും കോളെജിലും പഠിച്ചിരുന്ന കാലം ഓര്‍മ്മിക്കാന്‍ യുവതലമുറയ്ക്ക് ഓട്ടോഗ്രാഫുകളുണ്ടായിരുന്നു. അതു മറിച്ചു നോക്കി പഴയ കാര്യങ്ങള്‍ ചുണ്ടിലൊരു നേരിയ ചിരിയോടെ ഓര്‍ത്തെടുക്കാമായിരുന്നു. ചീയ്യയിക്കും ജാനകിക്കും നാരായണിക്കുമൊന്നും അക്ഷയയില്‍ പഠിച്ചതിന് ഓട്ടോഗ്രാഫില്ലല്ലോ. അവര്‍ കുടുംബശ്രീ യോഗത്തിന് ഒത്തുകൂടുമ്പോള്‍ പഴയ കംപ്യൂട്ടര്‍ ക്ലാസ്സിലെ രസം പറയും. കിണറ്റിന്‍ കരയിലെ പരദൂഷണ സദസ്സിലും കുളിക്കടവിലേയും അലക്കുനേരത്തേയും വാചകമടിയിലും അവരുടെ നാവില്‍ കംപ്യൂട്ടറാണ് വരിക. അവരുടെ മനസ്സിലും ചിന്തയിലും നിറയെ ഇപ്പോള്‍ കംപ്യൂട്ടറാണ്. പണ്ടെന്നോ അനുഭവിക്കാതെ നഷ്ടപ്പെട്ടു പോയ വിദ്യാലയക്കാലം കുറച്ചുനാളെങ്കിലും തിരിച്ചു നല്കിയത് കംപ്യൂട്ടറായിരുന്നല്ലോ.

പഠന കാലത്തിന്റെ ആഹ്ലാദത്തില്‍ വെള്ളിത്തിരയിലെ യുവത്വം ആടിപ്പാടി മറയും. യഥാര്‍ഥത്തില്‍ ചില ജീവിതങ്ങളുണ്ട്, തങ്ങളുടെ ഏതാനും ദിവസത്തെ പഠനം ബാക്കിയുള്ള കാലത്തേക്ക് മുഴുവനുള്ള ഊര്‍ജ്ജ പ്രസരണ സ്വപ്നങ്ങളായി നിലനിര്‍ത്തുന്ന ചില ജീവിതങ്ങള്‍. അവയാണ് ചീയ്യയിയുടേയും ജാനകിയുടേയും നാരായണിയുടേയുമക്കെ.

കാണാതൊരു കിളിയെങ്ങോ കൊഞ്ചുന്നതു പോലെ
കണ്ണീരിനു കൈപ്പില്ലെന്നറിയുന്നതുപോലെ
പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം.

ചിത്രങ്ങള്‍: എം വി സുമേഷ്‌

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍