Saturday, August 21, 2010

പൂക്കാരി പെണ്ണുങ്ങള്‍


വടക്കോട്ടേക്കുള്ള രാത്രിവണ്ടിക്ക് എപ്പോഴും ചീഞ്ഞ നാറ്റമാണ്. അര്‍ധരാത്രിയോടെ എത്തുന്ന തീവണ്ടിയിലെ യാത്രക്കാരില്‍ ഏറിയപങ്കും പാതി മയക്കത്തിലായിരിക്കും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വണ്ടിക്ക് ആദ്യം അനുഭവപ്പെടുക തമിഴന്റെ മണമാണ്. പഴകിയ ഇരുമ്പിന്റെ പരമ്പരാഗത തീവണ്ടി മണത്തിനപ്പുറമാണ് അത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞുമൊക്കെ ഉറങ്ങുന്ന തമിഴന്മാരും തമിഴത്തികളും. മുകളിലെ ബെര്‍ത്തില്‍ പാന്‍ വായിലിട്ട് ചവച്ച് ഉറക്കത്തിലോ ഉണര്‍ച്ചയിലോ എന്നറിയാതെ ജോലിയും തേടി കേരളത്തിലേക്ക് വരുന്ന ബീഹാറികളും ബംഗാളികളും. തീവണ്ടിയുടെ വെറും നിലത്ത് സ്വയമറിയാതെ ഉറങ്ങുന്നവര്‍. ഉറക്കെ കരയുന്ന കുഞ്ഞിനെ താരാട്ടുപാടാന്‍ ബര്‍ത്തുകള്‍ ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൊട്ടില്‍. ഭിക്ഷക്കാരും തെരുവ് തെണ്ടികളും വേശ്യകളും ആരുമറിയാതെ നാടുവിടുന്നവരുമെല്ലാമുണ്ടാകും കാലുകുത്താന്‍ ഇടമില്ലാത്ത ബോഗിയില്‍. എല്ലാം ചേരുമ്പോള്‍ വടക്കോട്ടേക്കുള്ള രാത്രി വണ്ടിയുടെ ചിത്രമായി. ഇതേ വണ്ടിയുടെ തെക്കന്‍ യാത്രയിലും തിരക്ക് ഇതുപോലെ തന്നെ.
അന്ന്, നേരത്തെ എത്തിയ തീവണ്ടിയില്‍ യാത്രക്കാരും കുറവായിരുന്നു. അവധി ദിവസത്തിന്റെ ആലസ്യത്തില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരിക്കണം പതിവ് യാത്രക്കാര്‍. പകുതി ഉറക്കത്തോടെയും പാതിരാവിന്റെ തളര്‍ച്ചയോടെയും കമ്പാര്‍ട്ട്‌മെന്റിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ എത്തിപ്പോയത് പുതിയ ലോകത്തായിരുന്നു- വസന്തം പെയ്തിറങ്ങിയ തീവണ്ടി. മുല്ലയും റോസും പിന്നെ പേരറിയാത്ത എത്രയോ പൂക്കളും ബെര്‍ത്തായ ബെര്‍ത്തുകളിലെല്ലാം നിറഞ്ഞു കിടക്കുന്നു. എല്ലാ പൂക്കളുടേയും സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോള്‍ രാത്രി വണ്ടിയുടെ ചീഞ്ഞമണം എങ്ങോട്ടോ പോയൊളിച്ചിരിക്കുന്നു.
തീവണ്ടി മുറിയില്‍ പരന്നുകിടക്കുന്ന പൂവായ പൂവിന്റെയെല്ലാം ഉടമകള്‍ രണ്ടു പെണ്ണുങ്ങളാണ്. അതിലൊരാളുടെ പേര് ശാന്തിയെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി. മറ്റെയാളുടെ പേരെന്താണാവോ? എന്തെങ്കിലുമാകട്ടെ, അവര്‍ കാഴ്ചക്കാര്‍ക്ക് പൂക്കാരിപ്പെണ്ണുങ്ങളാണ്.
മദിരാശിയില്‍ നിന്നും വരുന്ന തീവണ്ടിയില്‍ സേലത്തു നിന്നായിരിക്കും ഇവര്‍ കയറിയിട്ടുണ്ടാവുക. നാല്പത് വയസ്സിന് താഴെ മാത്രമേ ഇരുവര്‍ക്കും പ്രായമുള്ളു. ഒരു പേനയുടെ പരസ്യ വാചകം പോലെ 'ഒരല്പം കൂടുതല്‍ ബോള്‍ഡാ'യിരുന്നു ഇരുവരും. പൂക്കള്‍ തൊടാന്‍ ശ്രമിക്കുന്നവരെ വാക്കുകളുടെ ഉറുമിവീശി നിലംപരിശാക്കുന്നുണ്ട് രണ്ടുപേരും. തീവണ്ടി നിര്‍ത്തുന്ന സ്റ്റേഷനായ സ്റ്റേഷനുകളിലെല്ലാം ഇവര്‍ പൂക്കള്‍ ഇറക്കുന്നുണ്ടായിരുന്നു. ഇവരുടെ പൂക്കളാണ് കേരളത്തിലെ കല്ല്യാണ മണ്ഡപങ്ങളെ അണിയിച്ചൊരുക്കുന്നത്, മണവാട്ടികളെ സുന്ദരികളാക്കുന്നത്. രാത്രികളില്‍ നിന്ന് പകലുകളിലേക്കുള്ള ഇവരുടെ യാത്രകളായിരിക്കണം കേരളത്തിലെ കാറ്റിന് പൂക്കളുടെ സുഗന്ധം നല്കുന്നത്.

പിറകോട്ടേക്ക് ഓടുന്ന ഓര്‍മ്മകള്‍
പൂക്കാരികളെ കണ്ടപ്പോള്‍ ഓര്‍മ്മകള്‍ ഓടിയത് പിറകോട്ടേക്കായിരുന്നു. നാല് വര്‍ഷത്തിലേറെ പിറകിലേക്ക്. സ്ഥലം: കേരള- കര്‍ണ്ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ട്. കേരളത്തിലെ ഓണക്കാലം ഗുണ്ടല്‍പേട്ടിലെ കര്‍ഷകര്‍ക്ക് ശരിക്കും 'തിരുവോണ'ക്കാലമാണ്. മലയാളിയുടെ വീടിനു മുമ്പില്‍ ഒരുങ്ങുന്ന ഓണപ്പൂക്കളങ്ങളുടെ വലിയൊരു സംഭാവന ഗുണ്ടല്‍പേട്ടില്‍നിന്നുള്ളതാണ്.
ദേശീയപാതയ്ക്ക് ഇരുവശവും നീണ്ടുപരന്നു കിടക്കുന്ന പൂപ്പാടങ്ങള്‍. അവിടെ നിറയെ പൂത്തുകിടക്കുന്ന ചെണ്ടുമല്ലിപ്പൂക്കള്‍. അതിനിടയില്‍ പൂ പറിക്കുന്ന കറുത്ത ദേഹങ്ങള്‍. മഞ്ഞപ്പൂക്കളുടെ നിറവസന്തത്തിനിടയില്‍ വെളുത്ത പല്ലുകള്‍ കാണിച്ച് വിടര്‍ന്നു ചിരിക്കുന്ന കറുത്ത മനുഷ്യര്‍.
എന്തായിരുന്നു അവളുടെ പേര്? ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഫോട്ടോഗ്രാഫര്‍ അജിലാലിന്റെ ക്യാമറയ്ക്ക് മുമ്പില്‍ പൂക്കാരിയുടെ സകല ഭാവങ്ങളോടെയും അവള്‍ നിന്നു. നീണ്ടുമെലിഞ്ഞ രൂപത്തില്‍ വെളുത്ത പല്ലുകളായിരുന്നു അവളുടെ ഐഡന്റിറ്റി. മുഖത്ത് എപ്പോഴും ചിരിയുടെ അലയൊലികള്‍. കന്നഡയില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു ആ പെണ്‍കുട്ടി.
(ബ്ലോഗില്‍ ചേര്‍ക്കാനായി ഗുണ്ടല്‍പ്പേട്ടിലെ ആ പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് വേണ്ടി അജിലാലിനെ വിളിച്ചു. അജി അയച്ചു തന്ന ഫോട്ടോയില്‍ അവളുടെ പേരുണ്ടായിരുന്നു- ഭാഗ്യം. കേരളത്തിലെ ഓണം അവള്‍ക്ക് സ്വന്തം പേരുപോലെ ഭാഗ്യമാണ്- ജീവിതത്തിന്റെ ഭാഗ്യം.)

തീവണ്ടി ഇപ്പോഴും മുമ്പോട്ടേക്ക് തന്നെ
യാത്രക്കിടയില്‍ ആരാണ് പൂവുകള്‍ തൊട്ടതെന്നറിയില്ല. പേരറിയാത്ത ആ സ്ത്രീയാണ് ഉച്ചത്തില്‍ സംസാരിക്കുന്നത്. പൂക്കള്‍ തൊട്ടവനെ കള്ളന്‍ എന്നുറക്കെ വിളിച്ചു പറഞ്ഞ് അവള്‍ യാത്രക്കാരുടെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചു. കുറേപേര്‍ അവളോടൊപ്പം ചേര്‍ന്നപ്പോള്‍ വേറെ കുറേ പേര്‍ തമിഴ് വികാരത്തിന് എതിരായിരുന്നു. തീവണ്ടിയില്‍ ഒച്ചവെക്കുന്നത് ആരെടി എന്നായിരുന്നു മുഖമില്ലാത്ത ഒരാളുടെ ചോദ്യം. പക്ഷേ, വിട്ടുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. ഒന്നിനു പിറകെ ഒന്നായി അവള്‍ക്കറിയാവുന്ന തെറിപ്പദങ്ങളെല്ലാം പരീക്ഷിച്ചു ആ 'ബോള്‍ഡായ' സ്ത്രീ.
തീവണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ രണ്ട് തമിഴ് സ്ത്രീകളും ചേര്‍ന്ന് കുറേ പൂക്കെട്ടുകളെടുത്ത് ഇറക്കിവെച്ചു. പിന്നെ, ആരെയോ മൊബൈലില്‍ വിളിച്ച് സംസാരിച്ചു. ആ പുവ് കച്ചവടത്തിന് കൊണ്ടുപോകുന്ന ആളെയായിരിക്കണം അവര്‍ വിളിച്ചിട്ടുണ്ടാവുക. അയാള്‍ പുലര്‍ച്ചെ സ്റ്റേഷനിലെത്തി പൂക്കെട്ടുകളെടുക്കുവോളം അവ അവിടെ സുഗന്ധം പരത്തി നില്‍ക്കുമായിരിക്കും.

എന്റെ സ്റ്റേഷന്‍ എത്തുകയാണല്ലോ
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. കമ്പാര്‍ട്ട്‌മെന്റിലെ എല്ലാ ജനാലകളിലും ഷട്ടര്‍ താഴ്ത്തിയപ്പോള്‍ പൂക്കളുടെ മണം മുഴുവന്‍ അവിടെ തങ്ങിനിന്നു. ഉറക്കച്ചടവോടെ പൂക്കാരികള്‍ രണ്ടുപേരും സീറ്റില്‍ ചടഞ്ഞിരിക്കുന്നുണ്ടായിരുന്നു.
ഇനി എനിക്ക് ഇറങ്ങാനുള്ള സ്ഥലമായി. അവിടേയും പൂക്കാരികള്‍ കെട്ടുകള്‍ ഇറക്കിവെച്ചു. അതിനിടയില്‍ കമ്പാര്‍ട്ട്‌മെന്റിലെ ആരെയോ അവര്‍ ചീത്ത പറയുന്നുണ്ടായിരുന്നു. പൂവിന്റെ സുഗന്ധം പൂക്കാരികളുടെ വാക്കുകള്‍ക്കുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ പൂപ്പാടങ്ങളില്‍ വിരിഞ്ഞ കുറേ പൂക്കള്‍- അവ നാളെ രാവിലെ ബസ് സ്റ്റാന്റിലെ പൂ വില്‍പ്പനക്കാര്‍ ആര്‍ക്കൊക്കെയോ വില്‍ക്കും. റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ അനാഥമായതുപോലെ കിടക്കുന്ന ഈ പൂക്കള്‍ ഓര്‍ഡര്‍ ചെയ്തവര്‍ എവിടെയോ ഉറങ്ങുന്നുണ്ട്. ഇവ അണിഞ്ഞ് കതിര്‍മണ്ഡപത്തിലേക്ക് വലതുകാല്‍ വെക്കേണ്ടുന്ന മണവാട്ടികള്‍ ഏതൊക്കെയോ വീടുകളില്‍ സുന്ദര സ്വപ്നവും കണ്ട് ഉറങ്ങാതെ കിടക്കുന്നുണ്ടാകും.
എന്നേയും പൂക്കളേയും വിട്ട് തീവണ്ടി യാത്ര തുടര്‍ന്നു; പൂക്കാരികളും. ഞാനും നടന്നകന്നു. ഇനി പൂക്കള്‍ മാത്രം.

ചിത്രം: അജിലാല്‍

3 comments:

 1. മനോഹരമായിരിക്കുന്നു. ആശം സകൾ

  ReplyDelete
 2. Mr. Mujeeb, I read your blog.Its realy heart touchng.Your writings giving us a sweet and greenish feeling in heart.It bringing our sweet kerala feel in heart evntho we r in this desert.Waiting for your another creation.All the best for your reports.

  ReplyDelete
 3. മുജീബ്‌
  പോസ്‌റ്റ്‌ ഗംഭീരമായി! കൂള്‍, നൈസ്‌ എന്നൊക്കെയാണ്‌ വിശേഷിപ്പിക്കാന്‍ തോന്നുന്നത്‌. ദീര്‍ഘമല്ലാത്തതിനാല്‍ പൂക്കളുടെ സുഗന്ധമുള്ള ഈ കുറിപ്പിന്റെ ആസ്വാദ്യതയേറി.

  ReplyDelete

Followers

About Me

My photo
thalassery, muslim/ kerala, India