Saturday, August 7, 2010

'റോസാപ്പൂച്ചട്ടിയില്‍' ആരവങ്ങള്‍ അവസാനിക്കുന്നില്ല
(എ പി അബ്ദുല്ലക്കുട്ടിയുടെ എം പിക്കും എം എല്‍ എയ്ക്കും ഇടയിലെ 'സംഘര്‍ഷ' കാലഘട്ടത്തില്‍ 'പുടവ' വനിതാ മാസികയ്ക്ക് വേണ്ടി തയ്യാറാക്കിയത്)
കണ്ണൂര്‍ പള്ളിക്കുന്നിലെ 'റോസ് പോട്ട്'. ഈ വീടിന് മുമ്പില്‍ അഡ്വ. എ പി അബ്ദുല്ലക്കുട്ടിയെന്നോ ഡോ. വി എന്‍ റോസിനയെന്നോ ബോര്‍ഡ് തൂങ്ങുന്നില്ല. ഈ വീട്ടിലെ വക്കീല്‍ കക്ഷികളെ സ്വീകരിക്കാറില്ല. ഇവിടുത്തെ ഡോക്ടര്‍ പുതിയതെരുവിലാണ് ക്ലിനിക്ക് നടത്തുന്നത്- റോസ് ക്ലിനിക്ക്.
'ഇബാദത്ത് എടക്കാതെ കറാമത്ത് കിട്ടിയ' കഥയാണ് അബ്ദുല്ലക്കുട്ടിയുടെ പുതിയ അവസ്ഥയെ അദ്ദേഹത്തിന്റെ ഉമ്മ വിശേഷിപ്പിക്കുന്നത്. 'നീ ഇപ്പോഴാണ് വലിയ നേതാവായത്. പൊലീസൂം തോക്കുമൊക്കെ ഇപ്പോഴാണല്ലോ ഉള്ളത്' എന്ന ഉമ്മയുടെ തമാശ കലര്‍ന്ന വാചകത്തോടെയാണ് അബ്ദുല്ലക്കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്. പണ്ട് ജില്ലാ പഞ്ചായത്ത് അംഗമായപ്പോഴും രണ്ടു തവണ എം പിയായപ്പോഴുമൊന്നും എ പി അബ്ദുല്ലക്കുട്ടി എന്ന 'അത്ഭുതക്കുട്ടിക്ക്' പൊലീസ് കാവലുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ വീട്ടിനു മുമ്പില്‍ പൊലീസ് കാവല്‍ നില്‍ക്കുന്നുണ്ട്. പോകുന്ന ഇടങ്ങളിലെല്ലാം സെക്യൂരിറ്റിയുണ്ട്. പാര്‍ലമെന്റ് അംഗമല്ലാത്ത അബ്ദുല്ലക്കുട്ടക്കാണ് പാര്‍ലമെന്റ് അംഗമായിരുന്ന അബ്ദുല്ലക്കുട്ടിയേക്കാള്‍ 'വില'.
എം പിയായിരുന്ന കാലത്തേക്കാള്‍ തിരക്കാണ് എം പിയല്ലാത്ത അബ്ദുല്ലക്കുട്ടിക്ക്. സി പി എമ്മില്‍ നിന്നും പുറത്തേക്ക് പോയി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അബ്ദുല്ലക്കുട്ടിയുടെ തിരക്ക് പിന്നേയും വര്‍ധിച്ചു. നേരത്തെ കണ്ണൂരിലും പരിസരങ്ങളിലും ദല്‍ഹിയുമായിരുന്നു പ്രവര്‍ത്തന കേന്ദ്രമെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു വേണ്ടി കേരളം മുഴുവന്‍ സഞ്ചരിക്കേണ്ടി വരുന്നു. കോണ്‍ഗ്രസിന്റേയും മുസ്‌ലിം ലീഗിന്റേയും നിരവധി പരിപാടികളില്‍ പങ്കെടുക്കാനുണ്ട്. എന്തായാലും തിരക്കോട് തിരക്ക്. ആളെ കാണാന്‍ പോലും കിട്ടാത്ത അവസ്ഥ.
എം പി സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞാല്‍ തനിക്കും മക്കള്‍ക്കും ഭര്‍ത്താവിനെ കാണാന്‍ കിട്ടുമെന്നും വീട്ടുകാര്യങ്ങള്‍ അദ്ദേഹം നോക്കിനടത്തുമെന്നും ഡോ. റോസിന ആഗ്രഹിച്ചിരുന്നു. പക്ഷേ, 'ഇബാദത്തെടുക്കാതെ കറാമത്ത് കിട്ടിയ' മനുഷ്യന് എവിടെയുണ്ട് നേരം? റോസിനയുടെ പരാതികളോട് അബ്ദുല്ലക്കുട്ടിക്ക് പറയാന്‍ മറുപടികളുണ്ട്- പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഒരാള്‍ക്ക് അയാള്‍ വിചാരിച്ചാല്‍ പോലും ജനങ്ങളില്‍ നിന്നും മാറി നിന്നുള്ള ജീവിതം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ നാറാത്ത് എന്ന ഗ്രാമത്തിലെ ടി പി മൊയ്തീന്റേയും എ പി സൈനബയുടേയും മകനാണ് എ പി അബ്ദുല്ലക്കുട്ടി. മാതാപിതാക്കളേയും സഹോദരങ്ങളേയും കുറിച്ച് ചോദിച്ചാല്‍ അദ്ദേഹത്തിന് പറയാനൊരു രസികന്‍ മറുപടിയുണ്ട്- 'ഒരേട്ടന്‍, ഒരേച്ചി, ഒരനിയന്‍, ഒരനിയത്തി, ഒരുപ്പ, ഒരുമ്മ- ഇങ്ങനെ എല്ലാം ഓരോന്നുവീതം. പടച്ചവന്റെ അനുഗ്രഹംകൊണ്ടും ഉമ്മ എന്നെ നടുമധ്യത്തില്‍ പെറ്റതുകൊണ്ടും എല്ലാവരേയും ഓരോന്നു വീതം കിട്ടിയ സന്തോഷമുള്ള ഒരാള്‍'.
മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് നാറാത്ത്. മലബാറിലെ മറ്റ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയെല്ലാം പോലെ പത്താം ക്ലാസ് കഴിയുന്നതോടെ ഗള്‍ഫിലേക്ക് പറക്കുകയെന്നതായിരുന്നു നാറാത്തുകാരുടേയും ലക്ഷ്യം. എസ് എസ് എല്‍ സി കഴിഞ്ഞതോടെ അബ്ദുല്ലക്കുട്ടിയേയും ഗള്‍ഫിലേക്ക് അയക്കാനായിരുന്നു ഉപ്പ ആഗ്രഹിച്ചിരുന്നത്. എന്‍ജിനിയറായ മൂത്ത സഹോദരന്‍ എസ് എസ് എല്‍ സി കഴിഞ്ഞ അബ്ദുല്ലക്കുട്ടിക്ക് ഒരു ഉപദേശം കൊടുത്തു. എല്ലാവരേയും പോലെ കോളെജിലേക്ക് പോകേണ്ടതില്ല. ഐ ടി ഐയില്‍ ചേര്‍ന്ന് ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ പഠിക്കുക. പ്ലാനും എസ്റ്റിമേറ്റും വരയാന്‍ പഠിച്ചാല്‍ മാത്രം മതി. ഗള്‍ഫിലെത്തിയാല്‍ തൊഴില്‍ ഉറപ്പ്. അങ്ങനെയാണ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളെജില്‍ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്ത് ചേര്‍ന്നിരുന്ന പയ്യന്‍ കണ്ണൂര്‍ ഐ ടി ഐയില്‍ മനസ്സില്ലാ മനസ്സോടെ എത്തിയത്. അവിടെയാണ് അബ്ദുല്ലക്കുട്ടിയെന്ന നാടറിഞ്ഞ നേതാവ് പിറന്നത്.
ഐ ടി ഐയില്‍ എത്തിയതോടെ എസ് എഫ് ഐയില്‍ ചേര്‍ന്ന അബ്ദുല്ലക്കുട്ടിക്ക് പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. എസ് എഫ് ഐ നേതൃത്വത്തിലേക്ക് ഉയര്‍ന്ന അബ്ദുല്ലക്കുട്ടി സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനെതിരെ സമര രംഗത്തിറങ്ങി. അടിയും ജയില്‍വാസവും ജീവിതത്തെ മാറ്റിമറിച്ചു. ഐ ടി ഐ പഠനം പൂര്‍ത്തിയാക്കാനായില്ല. പിന്നീട് കണ്ണൂര്‍ എസ് എന്‍ കോളെജില്‍ ചേര്‍ന്ന് പ്രീഡിഗ്രിയും ബി എ മലയാളവും. അതിനു പിറകെ തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും എല്‍ എല്‍ ബി. 1996ല്‍ വളപട്ടണം ഡിവിഷനില്‍ നിന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ അംഗം. 1999ലും 2004ലും കണ്ണൂരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ അംഗത്വം. അതിനിടയില്‍ 1999ല്‍ എന്റോള്‍ ചെയ്തു.
ചെറുപ്പത്തില്‍ അബ്ദുല്ലക്കുട്ടി നാറാത്ത് അറിയപ്പെട്ടിരുന്നത് 'പള്ളിയില്‍ അവുല്ല' എന്നായിരുന്നു. എല്ലാ സമയത്തും പള്ളിയുമായുള്ള ബന്ധമാണ് അബ്ദുല്ലക്കുട്ടിയെന്ന നാട്ടുകാരുടേയും വീട്ടുകാരുടേയും അവുല്ലയെ പള്ളിയില്‍ അവുല്ലയാക്കിയത്. അബ്ദുല്ലക്കുട്ടിയെ പള്ളിയില്‍ വയദ് പറയുന്ന മുസ്‌ല്യാരുകുട്ടി ആക്കണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. ഉമ്മ ആഗ്രഹിച്ചതു പോലെ മകന്‍ നാടായ നാട്ടിലെല്ലാം പ്രസംഗിച്ചു നടന്നു, പക്ഷേ, മതമായിരുന്നില്ല രാഷ്ട്രീയമായിരുന്നെന്ന് മാത്രം.
കോണ്‍ഗ്രസുകാരനായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഉപ്പ. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ്. ഒന്‍പത് വയസ്സുകാരനായ അബ്ദുല്ലക്കുട്ടിയെ പുലര്‍ച്ചെ വിളിച്ചുണര്‍ത്തിച്ച് ഉപ്പ അടുത്തുള്ള രാമുണ്ണിയുടെ വീട്ടില്‍ പോയി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാര്‍ത്ത അറിഞ്ഞുവരാന്‍ അയച്ചു. അക്കാലത്ത് അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വൈദ്യുതിയും റേഡിയോയുമൊന്നും ഉണ്ടായിരുന്നില്ല. തറവാട്ടു വളപ്പിലെ കുടികിടപ്പുകാരനായിരുന്നു രാമുണ്ണി. ബീഡിത്തൊഴിലാളിയും കമ്മ്യൂണിസ്റ്റുകാരനുമായ രാമുണ്ണി അബ്ദുല്ലക്കുട്ടിക്ക് വാര്‍ത്ത പറഞ്ഞു കൊടുത്തു: 'പോയിട്ടു പറ നിന്റെ ഉപ്പാനോട്, ഓള് തോറ്റ് തുന്നംപാടി'. ഇതറിഞ്ഞ ഉപ്പ മരിച്ച വാര്‍ത്ത കേട്ടപോലെ ഒറ്റ ഇരുപ്പായിരുന്നെന്ന് അബ്ദുല്ലക്കുട്ടി ഓര്‍ക്കുന്നു. പിന്നീട് രണ്ടു ദിവസം അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പോലും താത്പര്യം കാണിച്ചിരുന്നില്ല.
ഇന്ദിരാഗാന്ധിയോട് ഉപ്പയ്ക്കുള്ള ആദരവിനും രാമുണ്ണിയേട്ടനുള്ള വിരോധത്തിനുമിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ വളര്‍ച്ച. കമ്മ്യൂണിസ്റ്റ് പ്രാദേശിക നേതാക്കളുടെ പാലുപോലുള്ള പെരുമാറ്റത്തില്‍ ആകര്‍ഷിക്കപ്പെട്ടാണ് താന്‍ കമ്മ്യൂണിസത്തിലേക്കെത്തിയതെന്ന് അബ്ദുല്ലക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.
ചെറിയ ടൗണായ പുതിയതെരുവിലെ അഞ്ച് ദന്തല്‍ ക്ലിനിക്കിലൊന്നാണ് ഡോ. റോസിനയുടേത്. പുതിയ തെരുവിലെ ഏക വനിതാ ദന്തിസ്റ്റിന് ക്ലിനിക്കില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റോസ് ക്ലിനിക്ക് ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് രസകരമായ സംഭവമുണ്ടായത്. ക്ലിനിക്കിന് സമീപത്തെ ചര്‍ച്ചില്‍ നിന്നും ഫാദര്‍ വന്ന് ഡോക്ടറോട് പറഞ്ഞു: 'ഡോ. റോസിനയെ പള്ളിയിലൊന്നും കാണുന്നില്ലല്ലോ. ഞായറാഴ്ചയെങ്കിലും പള്ളിയില്‍ വന്നുകൂടെ.' ഡോ. റോസിന ക്രിസ്ത്യാനിയാണെന്ന് കരുതിയായിരുന്നു ഫാദര്‍ അങ്ങനെ ചോദിച്ചത്. 'ഞങ്ങള്‍ ഞായറാഴ്ച പള്ളിയില്‍ പോകാറില്ല അച്ചോ' എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ബന്ദ്- ഹര്‍ത്താല്‍ വിരുദ്ധ നിലപാട്, ഉംറ, ഈദ് നമസ്‌ക്കാരം, നരേന്ദ്രമോഡിയുടെ വികസനത്തെ കുറിച്ചുള്ള പരാമര്‍ശം എന്നിവയിലൂടെയാണ് അബ്ദുല്ലക്കുട്ടി സി പി എമ്മിന് അനഭിമതനായത്. അങ്ങനെയാണ് പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തലും സസ്‌പെന്‍ഷനും പുറത്താക്കലുമുണ്ടായത്. പാര്‍ട്ടി നേതൃത്വത്തിലിരിക്കെ ഉംറ ചെയ്ത അബ്ദുല്ലക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുസ്‌ലിം പ്രതിഷേധം ഭയന്ന് സി പി എമ്മിന് കഴിഞ്ഞിരുന്നില്ല. പെരുന്നാള്‍ ദിവസം കണ്ണൂര്‍ ടൗണിലെ ഐ എസ് എം നേതൃത്വത്തിലുള്ള ഈദ്ഗാഹില്‍ പങ്കെടുത്തതിനും പാര്‍ട്ടിക്ക് നിശ്ശബ്ദത പാലിക്കേണ്ടി വന്നു. പക്ഷേ വികസന സ്വപ്നങ്ങളേയും നരേന്ദ്രമോഡിയേയും കൂട്ടിക്കെട്ടിയപ്പോള്‍ അത് അവസരമാക്കി പാര്‍ട്ടി നടപടി സ്വീകരിക്കുകയായിരുന്നു. അങ്ങനെ ദീര്‍ഘകാലത്തെ സി പി എം ബന്ധത്തില്‍ നിന്നും അബ്ദുല്ലക്കുട്ടി എന്ന അത്ഭുതക്കുട്ടി പുറത്തേക്ക് കടന്നു. ഇതിനു ശേഷമാണ് ഉമ്മ തന്റെ മകന് ഇബാദത്ത് എടുക്കാതെ കറാമത്ത് കിട്ടിയ കഥ പറഞ്ഞ് കളിയാക്കിയത്.
സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള തന്റെ മാറ്റം കാലുമാറ്റമല്ല കാഴ്ചപ്പാട് മാറ്റമാണെന്ന് അബ്ദുല്ലക്കുട്ടി പറയുമ്പോള്‍ അതില്‍ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാന്‍ നിരവധി ന്യായങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ പോഴത്തരങ്ങളാണ് തന്നെ അതില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടി അറിയാതെ രഹസ്യമായാണ് ഉംറയ്ക്ക് പോയത്. പക്ഷേ, അത് പുറത്തറിഞ്ഞപ്പോള്‍ ഉര്‍വ്വശീ ശാപം ഉപകാരമായി. ഭൗതികവാദത്തിനും ആത്മീയതയ്ക്കുമിടയില്‍ കുറച്ചു കാലമായി വലിയ ആത്മസംഘര്‍ഷമായിരുന്നു അനുഭവിച്ചിരുന്നത്. മകന്റെ സുന്നത്ത് കര്‍മ്മം, കുട്ടികളുടെ മതപഠനം തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടിരുന്നു. ഒരു ന്യൂനപക്ഷ സഖാവിന് പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരും, അപ്പോള്‍ പിന്നെ തീരുമാനമെടുക്കാതെ വയ്യ. അതുകൊണ്ടു തന്നെ പാര്‍ട്ടിയേയും തന്റെ മനഃസാക്ഷിയേയും വഞ്ചിക്കാത്ത തീരുമാനമാണ് സ്വീകരിച്ചതെന്നും കാഴ്ചപ്പാട് മാറുകമാത്രമാണ് ഉണ്ടായതെന്നും അബ്ദുല്ലക്കുട്ടി വിശദീകരിക്കുന്നു.
പാര്‍ട്ടിയും കാഴ്ചപ്പാടും മാറിയപ്പോള്‍ അബ്ദുല്ലക്കുട്ടിയും വീടും ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ കാറിനു നേരെ കല്ലേറ്, മറ്റൊരിക്കല്‍ വീട്ടിനു നേരെ ബോംബേറ്- എന്നാലും മാനസികമായി തകരാനും ഇതെല്ലാം ചിന്തിച്ചിരിക്കാനും അബ്ദുല്ലക്കുട്ടിക്ക് നേരമില്ല. തന്റെ കാര്യത്തില്‍ ഉമ്മയേക്കാള്‍ ധൈര്യം ഭാര്യക്കാണെന്ന് അബ്ദുല്ലക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.
അബ്ദുല്ലക്കുട്ടിക്കും റോസിനയ്ക്കും രണ്ടു മക്കളാണുള്ളത്. നാലാം തരത്തില്‍ പഠിക്കുന്ന അമന്‍ റോസും യു കെ ജി വിദ്യാര്‍ഥിനിയായ തമന്ന അബ്ദുല്ലയും.

No comments:

Post a Comment

Followers

About Me

My photo
thalassery, muslim/ kerala, India