Sunday, August 29, 2010

മുത്തങ്ങയില്‍ നിന്ന് വെള്ളാരങ്കുന്നിലേക്കുള്ള ദൂരം

എളുപ്പത്തില്‍ ഉത്തരം പറയാനാണെങ്കില്‍ ചോദ്യം ഇതാണ് - വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും വെള്ളാരങ്കുന്നിലേക്ക് എത്രദൂരമുണ്ടാകും? റോഡ് മാര്‍ഗ്ഗമാണെങ്കില്‍ അന്‍പത് കിലോമീറ്ററില്‍ താഴെ എന്ന് ഒറ്റവാക്കില്‍ പറഞ്ഞൊഴിയാം. അത് വയനാടിന്റെ ഭൂമിശാസ്ത്രം അറിയുന്നവര്‍ക്ക് മാത്രം. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാതലം അറിയുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ മുത്തങ്ങ വനഭൂമിയില്‍ നിന്നും കല്പറ്റ നഗരത്തിലെ വെള്ളാരങ്കുന്നിലേക്കുള്ള ദൂരം അത്രയൊന്നുമല്ല.
1992- 93 കാലത്ത് മുത്തങ്ങ വനഭൂമിയില്‍ അവകാശം സ്ഥാപിച്ച സി കെ ജാനുവിന്റേയും എം ഗീതാനന്ദന്റേയും ആദിവാസി ഗോത്രമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് 2010ല്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ വെള്ളാരങ്കുന്നില്‍ അവകാശം സ്ഥാപിച്ചത്. ആദ്യത്തേത് കൊടുവനംമാണെങ്കില്‍ രണ്ടാമത്തേത് നഗരത്തിനു സമീപത്തെ 'കുഞ്ഞുമല'യാണെന്ന് മാത്രം. മുത്തങ്ങയുടെ അവകാശികള്‍ സര്‍ക്കാരും വനം വകുപ്പുമാണെങ്കില്‍ വെള്ളാരങ്കുന്നിന് മുദ്രക്കടലാസില്‍ പേരുള്ള ഉടമസ്ഥരുണ്ട്.
വയനാട്ടിലെ ആദിവാസികളായ ആദിവാസികള്‍ മുഴുവന്‍ മണ്ണും വീടും കിട്ടുമെന്ന് കരുതി സി കെ ജാനുവിനോടൊപ്പം പോയ്ക്കളയുമെന്ന ഭയംകൊണ്ടാണ് സി പി എം ആദിവാസി ക്ഷേമ സമിതി രൂപപ്പെടുത്തിയത്. ജാനു മുത്തങ്ങയില്‍ തോറ്റപ്പോള്‍ കുറേ ആദിവാസികളെ ചേര്‍ത്ത് സി പി എം വയനാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ അതേരീതിയില്‍ കയ്യേറ്റം നടത്തിയിരുന്നു. അതിന്റെയെല്ലാം അവസ്ഥ ഇപ്പോള്‍ എന്താണെന്ന് അറിയണമെങ്കില്‍ ആദിവാസി ക്ഷേമ സമിതിയുടെ പഴയകാല നേതാക്കളോട് തന്നെ ചോദിക്കേണ്ടി വരും.
സി കെ ജാനുവും സംഘവും മുത്തങ്ങ കയ്യേറുമ്പോള്‍ സെക്രട്ടറിയേറ്റിന്റെ ചക്രം തിരിച്ചുകൊണ്ടിരുന്നത് ഇന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രിയായ എ കെ ആന്റണിയായിരുന്നു. അന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇന്നത്തെ മുഖ്യമന്ത്രിയായ സഖാവ് വി എസ് അച്യുതാനന്ദനും. ഭരണകക്ഷിയായ യു ഡി എഫിനോടൊ പ്രതിപക്ഷ കക്ഷിയായ എല്‍ ഡി എഫിനോടൊ അക്കാലത്ത് സി കെ ജാനുവിന് യാതൊരു അനുകൂല മനസ്ഥിതിയുമുണ്ടായിരുന്നില്ല. അതുകൊണ്ട് മുത്തങ്ങയല്ല, അതിനേക്കാള്‍ കൊടും വനമുണ്ടെങ്കില്‍ അവിടേയും കയ്യേറി അധികാരം സ്ഥാപിക്കാന്‍ സി കെ ജാനുവും എം ഗീതാനന്ദനും ശ്രീരാമന്‍ കൊയ്യോനും നയിച്ച ആദിവാസി ഗോത്രമഹാസഭയ്ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അവരുടെ ആവശ്യം ആദിവാസികള്‍ക്ക് ഭൂമി കിട്ടുക എന്നതു മാത്രമായിരുന്നു.
എന്നാല്‍ വെള്ളാരങ്കുന്നില്‍ കയ്യേറ്റം നടത്തുമ്പോള്‍ ആദിവാസി ക്ഷേമ സമിതി എന്ന സംഘടനയ്ക്ക് സി പി എമ്മുമായി തീര്‍ത്തും വിധേയത്വമുണ്ടെന്ന് മാത്രമല്ല, സെക്രട്ടറിയേറ്റ് തിരിയുന്നതു പോലും അവരുടെ നേതാക്കളുടെ ഇച്ഛയ്ക്കനുസരണമാണ് എന്ന അനുകൂല ഘടകവുമുണ്ട്. അതുകൊണ്ടുതന്നെ ഭൂമി കൈയ്യേറിയാല്‍ എളുപ്പത്തിലല്ലെങ്കിലും തങ്ങള്‍ക്ക് പകരം ഭൂമി കിട്ടുമെന്ന് ആദിവാസി ക്ഷേമ സമിതിയുടെ നേതാക്കള്‍ക്ക് നന്നായി അറിയാമായിരുന്നു. അല്ലെങ്കില്‍ സി പി എം നേതാക്കള്‍ അവരെ ധരിപ്പിച്ചിരുന്നു. ഭൂമി കിട്ടാനാണെങ്കില്‍ കൊമ്പനാനകള്‍ വിഹരിക്കുന്ന മുത്തങ്ങ വനത്തിനു പകരം നഗര സൗകര്യങ്ങളെല്ലാമുള്ള വെള്ളാരങ്കുന്ന് ആകട്ടെയെന്ന് കരുതിയതില്‍ തെറ്റില്ല.
സമര ഭൂമിയില്‍ ദിനങ്ങള്‍ കഴിയുന്നതിനിടയിലാണ് ആഗസ്ത് 31ന് മുമ്പ് കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്കുന്നത്. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അത് താങ്ങാവുന്നതിന് അപ്പുറത്തുള്ള വിധിയായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ പോഷക സംഘടന നടത്തുന്ന സമരത്തെ അതേ ഭരണക്കാരുടെ പൊലീസ് എടുത്തെറിയുക എന്നുപറഞ്ഞാല്‍ അത് സങ്കല്‍പ്പിക്കാവുന്നതിന് അപ്പുറമാണ്. മുത്തങ്ങയിലേതുപൊലെ വെടിവെപ്പു പോലും ഉണ്ടായേക്കാവുന്ന സന്ദര്‍ഭമാണത്. എതിര്‍ഭാഗത്ത് പൊലീസാണെന്ന് കണ്ടാല്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് അത് തങ്ങളുടെ പൊലീസാണെന്ന കാര്യം മറന്നു പോകും. അങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ മുത്തങ്ങയില്‍ ആദിവാസിയായ ജോഗിയും പൊലീസുകാരന്‍ വിനോദുമാണ് കൊല്ലപ്പെട്ടതെങ്കില്‍ വെള്ളാരങ്കുന്നില്‍ അവസ്ഥ വേറെയാകും. അങ്ങനെയാണെങ്കില്‍ മുത്തങ്ങയെ കുറിച്ച് വാതോരാതെ പറഞ്ഞതു മുഴുവന്‍ ഇല്ലാതായിപ്പോകും. എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തുണ്ട് വഴി? സി പി എമ്മല്ലേ പാര്‍ട്ടി, ബുദ്ധി കൂടിപ്പോയ പ്രശ്‌നമല്ലേ ഉണ്ടാകൂ.
പഴയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി ഭരണം നടത്തുമ്പോള്‍ പഴയ യു ഡി എഫ് സര്‍ക്കാറിനെ എതിര്‍ത്തതില്‍ ഇനിയൊരു ആദിവാസി വെടിവെപ്പ് മാത്രമേ നടക്കാന്‍ ബാക്കിയുള്ളു. ബാക്കിയെല്ലാം പലിശയും പിഴപ്പലിശയും കൂട്ടുപലിശയും ചേര്‍ത്ത് നടന്നു കഴിഞ്ഞു. എ കെ ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച എല്ലാകാര്യങ്ങളും അച്യുതാനന്ദന്‍ സഖാവ് ഒറ്റക്ക് തന്നെ ചെയ്തു തീര്‍ത്തു. കൂടെയുള്ള മന്ത്രിമാര്‍ തങ്ങളാലാവും വിധം ചീത്തപ്പേര് പിന്നേയും മോശമാക്കിയിട്ടുണ്ട്. അത്തരമൊരു അവസരത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കൂടി വരുന്നത്. ഇനി വെളുക്കാന്‍ തേച്ചത് പാണ്ഡ് മാത്രമല്ല, വെള്ള പെയിന്റ് ഉണ്ടാക്കാനുള്ള മെഷീന്‍ തന്നെയാകേണ്ടെന്ന് സി പി എം കരുതിയതിന്റെ ഫലമാണ് ആദിവാസി ക്ഷേമ സമിതി നേതാക്കളുമായി നടത്തുന്ന ചര്‍ച്ച.
മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ ഒരു മാന്യമായ സമരമൊഴിപ്പിക്കലാണ് നിലവില്‍ സി പി എം ആഗ്രഹിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്കും സി പി എമ്മിനും ആദിവാസി ക്ഷേമ സമിതിക്കും അറിയാം, ഇനി വരാനിരിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അതിന്റെ പേരില്‍ രണ്ടുമാസങ്ങള്‍ കഴിഞ്ഞു പോകും. പിന്നെയുള്ള ഒരു മാസക്കാലം എന്തെങ്കിലും തട്ടും തരികിടയും പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കാം. ഒന്നു തട്ടിയും മുട്ടിയും നിന്നാല്‍ ഭരണം അവസാനിക്കാറാകുമ്പോഴേക്കും ഭൂമി വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി വെക്കുകയോ, അസംബ്ലി തെരഞ്ഞെടുപ്പിന്റെ പേരില്‍ അടുത്ത മന്ത്രിസഭയിലേക്ക് തട്ടുകയോ ചെയ്യാം. അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷം മറ്റൊരു സമരത്തിനുള്ള വകുപ്പുമായി. കയ്യേറ്റക്കാര്‍ ഇപ്പോള്‍ ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ കോടതി ഉത്തരവ് പ്രകാരം ബലമായി ഒഴിപ്പിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് പറഞ്ഞത് പറ്റിക്കുന്നതു തന്നെ!
അപ്പോള്‍ ഇനിയാണ് തുടക്കത്തില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം ആവശ്യമുള്ളത്. ശരിക്കും മുത്തങ്ങയില്‍ നിന്നും വെള്ളാരങ്കുന്നിലേക്ക് എത്രദൂരമുണ്ട്.

*************************************************************************************

ജഗതി ശ്രീകുമാറിന്റെ തീരുമാനം അഭിനന്ദനാര്‍ഹമാണ്. സിക്കിം, ഭൂട്ടാന്‍ സംസ്ഥാന ലോട്ടറികളുടെ പരസ്യത്തില്‍ നിന്നും പിന്മാറുകയാണെന്ന അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വാക്കുകളാണെന്ന് പറയാനും ജഗതി മറന്നില്ല. പണത്തിന് വേണ്ടി മാത്രമായിരുന്നു താന്‍ ലോട്ടറി പരസ്യത്തില്‍ അഭിനയിച്ചതെന്നും വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ് അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തിലുണ്ടാക്കുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഒപ്പം, ഒരു വരികൂടി ജഗതി കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലുള്ളവര്‍ പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ പണം മാത്രമല്ല, അത്തരം പരസ്യങ്ങളുടെ വിശ്വാസ്യതയും സമൂഹത്തിലുണ്ടാക്കുന്ന ഫലങ്ങളും കൂടി പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ സഹപ്രവര്‍ത്തകരും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ജഗതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീ പീഡന കേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരു പരിപാടിയില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നും വിട്ടുനിന്നയാളാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരം ഒരുപക്ഷെ ജഗതി ശ്രീകുമാറായിരിക്കും. ഹാസ്യമായാലും ഗൗരവമായാലും അതിനുമപ്പുറം ഏത് വേഷത്തിലായാലും തന്റേതായ ഒരു ടച്ച് നല്കാന്‍ മിടുക്കനാണ് ജഗതി ശ്രീകുമാര്‍. 'സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിനെ' നവരസവും അഭിനയവും പഠിപ്പിക്കാനെത്തുന്ന അധ്യാപകന്‍ മാത്രം മതി ജഗതിയിലെ പ്രതിഭയെ തിരിച്ചറിയാന്‍. എന്നിട്ടും ഒരു കേസിന്റെ പേരില്‍ മുഖ്യമന്ത്രി ജഗതിക്കെതിരെ തിരിഞ്ഞപ്പോള്‍ അതിലെ ന്യായങ്ങളും അന്യായങ്ങളും ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഒരു ചോദ്യം മാത്രമായിരുന്നു ഉയര്‍ന്നിരുന്നത്. മികച്ച നടനുള്ള പുരസ്‌ക്കാരം ജഗതിക്ക് കിട്ടിയിരുന്നെങ്കില്‍ മുഖ്യമന്ത്രി അവാര്‍ഡ് നല്കുമായിരുന്നില്ലേ എന്ന്. ഭാഗ്യമോ നിര്‍ഭാഗ്യമോ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കിടയില്‍ ജഗതിക്ക് മികച്ച നടനുള്ള പുരസ്‌ക്കാരം നേടാനായില്ല.
അങ്ങനെയാണ് ലോട്ടറി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അടിവരയിട്ട് തന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജഗതി ഒരുമ്പെട്ടത്. അത് തുറന്നു പറയാനും അദ്ദേഹം മടി കാട്ടിയില്ല. വി എസ് അച്യുതാനന്ദന്‍ ലോട്ടറിക്കെതിരെ നടത്തിയ പ്രസ്താവന കേരളീയ മനഃസാക്ഷിയില്‍ ഉയര്‍ത്തിയ ചോദ്യം ജഗതി ശ്രീകുമാര്‍ കുറച്ചുകൂടി ശക്തമാക്കി. എന്തായാലും സമൂഹം ആദരിക്കുന്ന ഒരു കലാകാരന്‍ എന്ന നിലയില്‍ തീര്‍ത്തും ഉത്തമമായ നിലപാടാണ് ജഗതിയില്‍ നിന്നും ഉണ്ടായത്. സ്ത്രീ പീഡനക്കേസില്‍ ജഗതിയെ വിമര്‍ശിച്ച മുഖ്യമന്ത്രി ലോട്ടറി നിലപാടില്‍ ജഗതിയെ അഭിനന്ദിക്കുക കൂടി ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മികച്ചതായേനേ

Tuesday, August 24, 2010

ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ലഹൈദരബാദ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ചെയര്‍മാനാണ് സോഷ്യല്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ. ഇന്ത്യന്‍ ജാതി സമ്പ്രദായത്തിനെതിരെ ആശയസമരം നടത്താന്‍ മുന്‍പന്തിയിലുള്ള കാഞ്ച ഐലയ്യ ഹിന്ദുത്വത്തിനെതിരെയുള്ള സമര പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന പേരിലാണ് ഏറെ അറിയപ്പെടുന്നത്. 1952 ഒക്‌ടോബര്‍ അഞ്ചിന് ആന്ധ്രപ്രദേശിലെ വാറങ്കല്‍ ജില്ലയിലെ പപ്പയ്യാപ്പേട്ട് ഗ്രാമത്തില്‍ കുറുമ ഗൊല്ലയെന്ന പിന്നാക്ക വിഭാഗത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബ തൊഴില്‍ ആടിനെ മേയ്ക്കലായിരുന്നു. സംവരണാടിസ്ഥാനത്തില്‍ സീറ്റ് ലഭിച്ചതുകൊണ്ടുമാത്രമാണ് കാഞ്ച ഐലയ്യക്ക് പഠനം തുടരാനായത്. ബിരുദതലം വരെ തെലുങ്ക് മീഡിയത്തിലായിരുന്നു പഠനം.
1985ല്‍ ആന്ധ്രയിലെ മഹാബുബ്‌നഗര്‍ ജില്ലയില്‍ ദാരിദ്ര്യത്തെ തുടര്‍ന്ന് പട്ടിണി മരണമുണ്ടായപ്പോള്‍ അദ്ദേഹം സൗജന്യ ഭക്ഷണശാലകള്‍ ആരംഭിച്ചു. പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയുള്ള ഭക്ഷണശാലകളിലൂടെ ജാതീയതക്കും ദലിത് പിന്നാക്കാവസ്ഥക്കുമെതിരെ പ്രചരണം നടത്തി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഡോ. കാഞ്ച ഐലയ്യ ഇന്ത്യയിലെ തൊട്ടുകൂടായ്മയ്ക്കും ജാതീയതയ്ക്കും നിരക്ഷരതക്കുമെതിരെ പൊരുതുകയാണ്.
ഹൈദരബാദ് ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന്റെ പി എച്ച് ഡി തീസിസ് ഗൗതമ ബുദ്ധന്റെ പൊളിറ്റിക്കല്‍ ഫിലോസഫിയെ കുറിച്ചായിരുന്നു. ദലിത് ബഹുജന പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ച ഐലയ്യ, ഡോ. ജോസഫ് ഡിസൂസയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സിലുമായി ചേര്‍ന്നും പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദലിദ് ഫ്രീഡം നെറ്റ്‌വര്‍ക്കുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് കാഞ്ച. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ദലിത് ഫ്രീഡം നെറ്റ്‌വര്‍ക്കാണ്. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവായ കാഞ്ച ഐലയ്യ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും തുടര്‍ച്ചയായി ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്. ദലിത് ബഹുജന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഹിന്ദുത്വത്തിനെതിരെ എഴുതിയ 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല' എന്ന 1996ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ബെസ്റ്റ് സെല്ലറായിരുന്നു. ഗോഡ് ആസ് പൊളിറ്റിക്കല്‍ ഫിലോസഫര്‍: ബുദ്ധാസ് ചാലഞ്ച് ടു ബ്രാഹ്മണിസം, എ ഹോളോ ഷെല്‍, ദി സ്റ്റേറ്റ് ആന്റ് റിപ്രസ്സീവ് കള്‍ച്ചര്‍, മനതത്വം (ഞങ്ങളുടെ തത്വചിന്ത-തെലുങ്ക്), ബഫലോ നാഷണലിസം: എ ക്രിട്ടിക്ക് ഓഫ് സ്പിരിച്യുല്‍ ഫാഷിസം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

കാഞ്ച ഐലയ്യയുടെ പുസ്തകം ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല ചിത്രീകരിക്കുന്നത് ദലിതുകളുടേയും മറ്റു പിന്നാക്ക വിഭാഗങ്ങളുടേയും ജീവിതാനുഭവങ്ങളുടെ പശ്ചാതലത്തിലാണ്. അനുമോദനങ്ങള്‍ പോലെ നിരവധി പ്രതികൂല അഭിപ്രായങ്ങളും നേടിയ പുസ്തകമാണ് ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല.
താന്‍ ഏറെ അനുഭവിച്ച ജാതി സമ്പ്രദായങ്ങള്‍ക്കെതിരേ ശക്തമായ പോരാട്ടത്തിന്റെ പാതയിലാണ് കാഞ്ച. ചണ്ടാളന്മാരും ആദിവാസികളും ഹിന്ദു വിഭാഗത്തില്‍പ്പെടുന്നില്ലെന്ന് വാദിക്കുന്ന കാഞ്ച തന്റെ രക്ഷിതാക്കളോ മറ്റു പിന്നാക്ക ജാതിയില്‍പെടുന്നവരോ ഹിന്ദുക്കളാണെന്ന് കരുതിയിരുന്നില്ലെന്നും പറയുന്നുണ്ട്.
ആഗസ്ത് 25ന് ഹൈദരബാദിലെ ആന്ധ്രപ്രദേശ് സെക്രട്ടറിയേറ്റിന് സമീപത്തെ ലുംബിനി പാര്‍ക്കിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിലും കോത്തി പ്രദേശത്തെ ഗോകുല്‍ ചാറ്റ് ഷോപ്പിലും സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ കാഞ്ച ഐലയ്യ തലശ്ശേരിയിലായിരുന്നു. അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇസ്‌ലാമിക് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഹൈദരബാദ് സ്‌ഫോടനങ്ങളുടെ പശ്ചാതലത്തില്‍ 2007 ആഗസ്ത് 26ന് വര്‍ത്തമാനത്തിന് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്:

? തുടക്കം ഹൈദരബാദ് സ്‌ഫോടനങ്ങളെ കുറിച്ച് തന്നെയാകട്ടെ. സ്‌ഫോടനങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
= ഹൈദരബാദ് സ്‌ഫോടനങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയി. ഹൈദരബാദില്‍ നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. നേരത്തെ ബി ജെ പി ഭരണകാലത്തും ഇവിടെ സ്‌ഫോടനമുണ്ടായിരുന്നു.

? മക്കാ മസ്ജിദിലും സ്‌ഫോടനമുണ്ടായിരുന്നല്ലോ. അതിനു പിന്നിലും മുസ്‌ലിം തീവ്രവാദി സംഘടനകളാണെന്നാണ് പറയപ്പെടുന്നത്.
= നേരത്തെ മക്കാ മസ്ജിദില്‍ ബോംബ് വെച്ചത് മുസ്‌ലിംകളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, കേരളത്തിലേതു പോലെയല്ല ഹൈദരബാദിലേയോ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയോ മുസ്‌ലിംകളുടെ അവസ്ഥ. അവിടുത്തുകാര്‍ കേരളത്തിലെ മുസ്‌ലിംകളേക്കാള്‍ കടുത്ത യാഥാസ്ഥിതികരാണ്. അതുകൊണ്ട് തന്നെ മസ്ജിദില്‍ സ്‌ഫോടനം നടത്തുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായപ്പോള്‍ പൊലിസ് വളരെ വേഗത്തില്‍ നടപടികള്‍ എടുത്തിരുന്നു. മുസ്‌ലിം തീവ്രവാദികള്‍ എന്തിനാണ് മസ്ജിദില്‍ സ്‌ഫോടനമുണ്ടാക്കിയത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. മക്കാ മസ്ജിദില്‍ സ്‌ഫോടനം നടന്നപ്പോള്‍ ഹിന്ദു- മുസ്‌ലിം കലാപം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിപ്പോയി. ബി ജെ പിയും സംഘപരിവാര്‍ സംഘടനകളും കലാപത്തിന് കോപ്പ് കൂട്ടിയിരുന്നെങ്കിലും അത് പാളിപ്പോവുകയായിരുന്നു. ഇപ്പോഴുണ്ടായ സ്‌ഫോടനം മുതലെടുക്കാനാണ് ഇനി ഇത്തരം സംഘടനകള്‍ ശ്രമിക്കുക. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു വേണ്ടി ഇത്തരം സംഭവങ്ങള്‍ ഉപയോഗപ്പെടുത്തി സംഘപരിവാരം പ്രചരണം നടത്തും.

? അങ്ങനെയെങ്കില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആരായിരിക്കും? അത് എങ്ങനെയാണ് കണ്ടെത്താനാവുക?
= മുസ്‌ലിംകളും ദലിതുകളും യോജിക്കാന്‍ കഴിയുന്ന മേഖലകളില്‍ പരസ്പരം സഹകരിച്ച് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ ആന്ധ്രപ്രദേശിലുള്ളത്. ഇങ്ങനെ പോയാല്‍ അധികാരം പോലും കൈയ്യാളാന്‍ കഴിയുന്ന വിധത്തിലേക്ക് ഇത് വളരും. ഒരുപക്ഷെ അത്തരമൊരു കാര്യത്തില്‍ അസഹിഷ്ണുതയുള്ള ആരെങ്കിലുമായിരിക്കും ഹൈദരബാദിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ഇത് ആരാണ് ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. ആന്ധ്രപ്രദേശില്‍ ഇപ്പോള്‍ നടക്കുന്ന ദലിത് പിന്നാക്ക മുസ്‌ലിം ഐക്യത്തിന് വെല്ലുവിളിയായിരിക്കും ഇത്തരം സ്‌ഫോടനങ്ങള്‍. ദലിതുകളും പിന്നാക്കക്കാരും കൊല്ലപ്പെടുകയും സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ മുസ്‌ലിംകളാണെന്ന് സംശയിക്കുകയും ചെയ്താല്‍ ഇത്തരം കൂട്ടായ്മകളെ അത് പ്രതികൂലമായി ബാധിക്കും. ഈ കാര്യങ്ങള്‍ മനസ്സിലാക്കി വേണം ഹൈദരബാദ് സ്‌ഫോടനത്തെ വിലയിരുത്താന്‍.

? ഇത്തരം സ്‌ഫോടനങ്ങള്‍ക്കു പിറകില്‍ മുസ്‌ലിം സംഘടനകളാണെങ്കില്‍ എന്തുചെയ്യാന്‍ കഴിയും?
= എന്റെ കാഴ്ചപ്പാടില്‍ മുസ്‌ലിം ബുദ്ധിജീവികള്‍ ഈ കാര്യത്തില്‍ കുറച്ചു കൂടി കാര്യക്ഷമത കാണിക്കണം. കാരണം രാജ്യത്ത് പലയിടങ്ങളിലായി സ്‌ഫോടനങ്ങള്‍ നടക്കുകയും അതെല്ലാം മുസ്‌ലിം നാമധാരികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത മുസ്‌ലിം ബുദ്ധിജീവികള്‍ക്കുണ്ട്. സര്‍ക്കാറിന്റെ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ മുറപോലെ മുമ്പോട്ട് പോകട്ടെ. മുസ്‌ലിം ബുദ്ധിജീവികള്‍ക്ക് എന്തുകൊണ്ട് സമാന്തരമായി അന്വേഷണം നടത്തിക്കൂടാ. പ്രത്യേകമായ അന്വേഷണ സംഘത്തെ നിയോഗിച്ച് കാര്യങ്ങള്‍ പഠിക്കാനുള്ള ഉത്തരവാദിത്വം അവര്‍ പ്രകടിപ്പിക്കണം. സ്‌ഫോടനങ്ങളെ കുറിച്ച് പഠിക്കുകയും അതിന് പിന്നിലുള്ളവര്‍ ആരാണെന്ന് കണ്ടെത്തുകയും ചെയ്യണം. മുസ്‌ലിംകളല്ല ഇതിന് പിന്നിലെങ്കില്‍ അത് പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇനി മുസ്‌ലിം തീവ്രവാദി സംഘടനകളാണ് ഇവയ്ക്കു പിറകിലെങ്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാനുള്ള ബാധ്യതയും മുസ്‌ലിം ബുദ്ധിജീവികള്‍ക്കുണ്ട്. തീവ്രവാദി സംഘങ്ങളുമായി സംസാരിക്കാനും അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും കഴിയണം. മാത്രമല്ല രാജ്യത്തുടനീളം സഞ്ചരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബോധവത്ക്കരണവും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യണം. മാത്രമല്ല തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തുന്നതിന് പകരം ജനാധിപത്യപരമായ രീതികള്‍ അവലംബിക്കുകയും വേണം.

? ഇന്ത്യയിലെ പുതിയ വിവാദം അമേരിക്കയുമായുള്ള 1 2 3 ആണവ കരാറിനെ കുറിച്ചാണ്.
= ഹൈദരബാദ് സ്‌ഫോടനങ്ങളെ വേണമെങ്കില്‍ ഈ കരാറുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഇന്ത്യയുടെ അമേരിക്കയുമായുള്ള ആണവ കരാറിന് എതിരേയുള്ള വികാരമായി ഹൈദരബാദ് സ്‌ഫോടനത്തെ ചിത്രീകരിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ കരാര്‍ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യയുടെ ശ്രദ്ധതിരിക്കാനുള്ള അവസ്ഥയ്ക്കും സ്‌ഫോടനങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പ്രധാന സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. കേന്ദ്രസര്‍ക്കാറിനെതിരെയുള്ള വികാരം പ്രകടിപ്പിക്കാന്‍ മികച്ച സ്ഥലമായി തീവ്രവാദികള്‍ ഹൈദരബാദിനെ തെരഞ്ഞെടുത്തെന്ന് വേണമെങ്കില്‍ പറയാം. പക്ഷേ, അതിനുമപ്പുറം സ്‌ഫോടനം നടത്തി കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്.

? താങ്കള്‍ എങ്ങനെയാണ് ആണവകരാറിനെ കാണുന്നത്?
= ഇന്ത്യ അമേരിക്കയുമായി 1 2 3 കരാറില്‍ ഒപ്പിടുന്നത് സ്വമേധയാ അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരുടേയോ സമ്മര്‍ദ്ധ ഫലമായാണ് ഇതിന് തുനിഞ്ഞിട്ടുള്ളത്. കുറേ കടലാസുകള്‍ മുമ്പില്‍ വെച്ച് ഭീഷണിപ്പെടുത്തി അതിലൊപ്പിട്, ഇതിലൊപ്പിട് എന്ന രീതിയിലാണെന്നു തോന്നുന്നു ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥ. ഒരുപക്ഷേ ഇന്ത്യന്‍ ഭരണാധികാരികള്‍ ചില കാര്യങ്ങളില്‍ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ടാകാം.

? താങ്കള്‍ ഹിന്ദുത്വത്തെ വല്ലാതെ വിമര്‍ശിക്കുന്നുണ്ടല്ലോ?
= ഞാന്‍ ഹിന്ദുത്വത്തെ വെറുക്കുന്നുണ്ട്. ഹിന്ദുത്വം ഞങ്ങളുടേതല്ല. ഞങ്ങള്‍ക്കെതിരാണത്. ഞങ്ങള്‍ ഹിന്ദുക്കളായാല്‍ ബ്രാഹ്മണന്‍മാര്‍ മതഗ്രന്ഥങ്ങള്‍ മാറ്റുമെന്നും ഞങ്ങളുടെ ഭക്ഷണ രീതിയിലും ദൈവത്തിലും ദൈവവിശ്വാസത്തിലും മാറ്റങ്ങള്‍ വരുത്തുമെന്നും ഉറപ്പാണ്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ നോക്കൂ. അവര്‍ ആയുധങ്ങള്‍ ധരിച്ചിട്ടുണ്ട്. ഞങ്ങള്‍ വായിച്ചറിഞ്ഞിട്ടുള്ളത് ഹിന്ദു ദൈവങ്ങള്‍ ഞങ്ങളുടെ പൂര്‍വ്വികരെ വധിച്ചിട്ടുണ്ടെന്നാണ്. ഞാനെങ്ങനെയാണ് കൊലയാളികളെ പ്രകീര്‍ത്തിക്കുക. ഇതെന്തൊരു മതമാണ്. ഇവിടെ പ്രധാനപ്പെട്ട് മൂന്ന് മതങ്ങളുണ്ട്- ബുദ്ധ, ക്രൈസ്തവ, ഇസ്‌ലാം. ഈ മതങ്ങളെല്ലാം പ്രവാചകന്മാരിലൂടേയും അവരുടെ സമൂഹത്തിനു വേണ്ടിയുള്ള സഹനത്തിലൂടേയുമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഈ മതങ്ങളൊന്നും അവരുടെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ദൈവത്തിന്റെ കാലില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. എന്റെ കാഴ്ചപ്പാടില്‍ ഹിന്ദുത്വം മതമല്ല. മതമെന്നാല്‍ ഉയര്‍ന്ന സാമൂഹികമായ ശക്തി പ്രദാനം ചെയ്യുന്നതായിരിക്കണം. ഹിന്ദുത്വത്തില്‍ ദൈവികമായ യാതൊന്നുമില്ല. ബ്രാഹ്മണന്‍മാരും ബനിയകളും ക്ഷത്രിയന്മാരുമൊക്കെ ആരാധിക്കുന്നത് ആക്രമണോത്സുകതയുള്ള ദൈവങ്ങളെയാണ്. അതാകട്ടെ ശൂദ്രന്മാര്‍ക്കും ചണ്ഡാളന്മാര്‍ക്കും ആദിവാസികള്‍ക്കുമൊക്കെ എതിരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും. ഹിന്ദുത്വം വെറും ആരാധനാ സമ്പ്രദായത്തിനപ്പുറം ഒരു മതമാണെങ്കില്‍ അതിന് ജനങ്ങള്‍ക്കെല്ലാം തുല്യാവകാശം നല്കുന്ന വേദഗ്രന്ഥം വേണം. നാല് ജാതികള്‍ സൃഷ്ടിച്ചെന്ന് പറയുന്ന ഭഗവത്ഗീത തുല്യാവകാശം നല്കുന്നില്ലല്ലോ. പിന്നാക്ക ഹിന്ദുക്കള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളാണെന്ന് വിശ്വസിക്കുന്നില്ല. ഋഗ്വേദത്തിന്റേയും ഭഗവത്ഗീതയുടേയും അടിസ്ഥാനത്തില്‍ ശുദ്രന്മാര്‍ ദൈവത്തിന്റെ കാലില്‍ നിന്നും ബ്രാഹ്മണന്‍മാര്‍ തലയില്‍ നിന്നുമാണ് ഉണ്ടായത്. എന്റെ വിശ്വാസ പ്രകാരം വേദങ്ങള്‍ ദൈവികമല്ല, ബ്രാഹ്മണര്‍ സൃഷ്ടിച്ചതാണത്.

? ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെ അവസ്ഥ എന്താണ്?
= ഇന്ത്യയിലോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലോ ഹിന്ദുത്വം വളരുന്നില്ല. അത് മരിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വര്‍ധിച്ചു വരികയാണ്. അതിന് ഒരു പ്രധാന കാരണം ഹിന്ദുത്വത്തിലെ ജാതിയതയാണ്. മുസ്‌ലിംകള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം വളരുന്നുണ്ടെങ്കിലും മറ്റു പലയിടങ്ങളിലും അത് നില്‍ക്കുന്നിടത്തു തന്നെയാണുള്ളത്. ക്രിസ്ത്യാനിറ്റി വ്യാപിക്കുന്നിടത്ത് ഇസ്‌ലാം വളരുന്നില്ല. ആഗോളാടിസ്ഥാനത്തില്‍ ഇസ്‌ലാം ഇത്തരമൊരു അവസ്ഥ അഭിമുഖീകരിക്കുന്നുണ്ട്.

? ഇന്ത്യന്‍ മുസ്‌ലിംകളെ പൊതുവെ എങ്ങനെ വിലയിരുത്തുന്നു?
= മുസ്‌ലിംകള്‍ മറ്റു പലകാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. എന്തുകൊണ്ട് അവര്‍ക്ക് തങ്ങളുടെ മതത്തിലെ ശാസ്ത്രീയ തത്വങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൂടാ. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ എയ്ഡ്‌സ് തീര്‍ത്തും കുറവാണ്. മുസ്‌ലിംകള്‍ക്കിടയിലെ സുന്നത്ത് കര്‍മ്മമാണ് അതിന് പ്രധാന കാരണം. എല്ലാ മത- ജാതി വിഭാഗങ്ങളും പിന്തുടരേണ്ട ഒരു ശാസ്ത്രീയ കാര്യമാണ് ലിംഗഛേദം. പലപ്പോഴും മുസ്‌ലിംകളെ ഇതിന്റെ പേരില്‍ മറ്റുള്ളവര്‍ ആക്ഷേപിക്കാറുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയത അവരാരും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. മതത്തിലുള്ള കാര്യങ്ങള്‍ സമൂഹവുമായി പങ്ക് വെക്കാന്‍ ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

? ഇന്ത്യയിലെ പിന്നാക്കക്കാരിലെ വിദ്യാഭ്യാസത്തെ കുറിച്ച്?
= പിന്നാക്ക വിഭാഗങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഇംഗ്ലീഷ് പഠിച്ച് തങ്ങളുടെ നില ഭദ്രമാക്കുക എന്നതാണ്. പ്രാദേശിക ഭാഷകള്‍ മരിക്കുകയോ ജീവിക്കുകയോ ചെയ്യട്ടെ. ഇംഗ്ലീഷാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ് പറയുന്നവര്‍ക്ക് എല്ലായിടത്തും വിലയുണ്ട്. മുസ്‌ലിംകളുടെ മദ്‌റസകളും മറ്റും ഇത്തരം പഠനങ്ങള്‍ക്കു കൂടി ഉപയോഗിക്കേണം.

? പൊലിസ് സേനയിലും അതുപോലുള്ള തന്ത്രപ്രധാനമായ മേഖലകളിലും പിന്നാക്കക്കാരുടെ അഭാവമാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുള്ളതെന്ന് പറയാറുണ്ട്. താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
= പൊലിസ് സേനയിലും അതുപോലുള്ളവയിലും ഹിന്ദുത്വത്തിന്റെ പ്രതിനിധികള്‍ക്ക് നല്ല സ്വാധീനമുണ്ട്. ഈയ്യിടെ അറിഞ്ഞ ഒരു വാര്‍ത്ത തൃച്ചിയിലെ ഒരു പൊലിസ് സൂപ്രണ്ടിനെ കുറിച്ചാണ്. ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള തിരച്ചില്‍ ശക്തമാക്കിയ അദ്ദേഹം മികച്ച പൊലിസ് ഓഫിസറെന്ന പേര് സമ്പാദിച്ചിരുന്നത്രെ. തൃച്ചിയിലെ ഒരിടത്തു നിന്നും അദ്ദേഹം 10 കാറുകളിലായി സൂക്ഷിച്ച ആയുധങ്ങള്‍ റെയിഡിനിടയില്‍ കണ്ടെടുത്തത് വലിയ വാര്‍ത്തയായിരുന്നു. ഒടുവിലാണ് കണ്ടെത്തിയത് അദ്ദേഹം തന്നെയാണ് പ്രസ്തുത ഓപ്പറേഷനു വേണ്ടി ആളുകളെ ഏര്‍പ്പാട് ചെയ്ത് കാറുകള്‍ എത്തിച്ചതെന്ന്. അത്രയും നിഗൂഢമായും നീചമനസ്സോടെയുമാണ് ഇന്ത്യയിലെ പല പൊലിസ് ഓഫിസര്‍മാരും പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ നിന്ന് എങ്ങനെയാണ് നീതി പ്രതീക്ഷിക്കാനാവുക.

Saturday, August 21, 2010

പൂക്കാരി പെണ്ണുങ്ങള്‍


വടക്കോട്ടേക്കുള്ള രാത്രിവണ്ടിക്ക് എപ്പോഴും ചീഞ്ഞ നാറ്റമാണ്. അര്‍ധരാത്രിയോടെ എത്തുന്ന തീവണ്ടിയിലെ യാത്രക്കാരില്‍ ഏറിയപങ്കും പാതി മയക്കത്തിലായിരിക്കും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വണ്ടിക്ക് ആദ്യം അനുഭവപ്പെടുക തമിഴന്റെ മണമാണ്. പഴകിയ ഇരുമ്പിന്റെ പരമ്പരാഗത തീവണ്ടി മണത്തിനപ്പുറമാണ് അത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞുമൊക്കെ ഉറങ്ങുന്ന തമിഴന്മാരും തമിഴത്തികളും. മുകളിലെ ബെര്‍ത്തില്‍ പാന്‍ വായിലിട്ട് ചവച്ച് ഉറക്കത്തിലോ ഉണര്‍ച്ചയിലോ എന്നറിയാതെ ജോലിയും തേടി കേരളത്തിലേക്ക് വരുന്ന ബീഹാറികളും ബംഗാളികളും. തീവണ്ടിയുടെ വെറും നിലത്ത് സ്വയമറിയാതെ ഉറങ്ങുന്നവര്‍. ഉറക്കെ കരയുന്ന കുഞ്ഞിനെ താരാട്ടുപാടാന്‍ ബര്‍ത്തുകള്‍ ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൊട്ടില്‍. ഭിക്ഷക്കാരും തെരുവ് തെണ്ടികളും വേശ്യകളും ആരുമറിയാതെ നാടുവിടുന്നവരുമെല്ലാമുണ്ടാകും കാലുകുത്താന്‍ ഇടമില്ലാത്ത ബോഗിയില്‍. എല്ലാം ചേരുമ്പോള്‍ വടക്കോട്ടേക്കുള്ള രാത്രി വണ്ടിയുടെ ചിത്രമായി. ഇതേ വണ്ടിയുടെ തെക്കന്‍ യാത്രയിലും തിരക്ക് ഇതുപോലെ തന്നെ.
അന്ന്, നേരത്തെ എത്തിയ തീവണ്ടിയില്‍ യാത്രക്കാരും കുറവായിരുന്നു. അവധി ദിവസത്തിന്റെ ആലസ്യത്തില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരിക്കണം പതിവ് യാത്രക്കാര്‍. പകുതി ഉറക്കത്തോടെയും പാതിരാവിന്റെ തളര്‍ച്ചയോടെയും കമ്പാര്‍ട്ട്‌മെന്റിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ എത്തിപ്പോയത് പുതിയ ലോകത്തായിരുന്നു- വസന്തം പെയ്തിറങ്ങിയ തീവണ്ടി. മുല്ലയും റോസും പിന്നെ പേരറിയാത്ത എത്രയോ പൂക്കളും ബെര്‍ത്തായ ബെര്‍ത്തുകളിലെല്ലാം നിറഞ്ഞു കിടക്കുന്നു. എല്ലാ പൂക്കളുടേയും സുഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയപ്പോള്‍ രാത്രി വണ്ടിയുടെ ചീഞ്ഞമണം എങ്ങോട്ടോ പോയൊളിച്ചിരിക്കുന്നു.
തീവണ്ടി മുറിയില്‍ പരന്നുകിടക്കുന്ന പൂവായ പൂവിന്റെയെല്ലാം ഉടമകള്‍ രണ്ടു പെണ്ണുങ്ങളാണ്. അതിലൊരാളുടെ പേര് ശാന്തിയെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി. മറ്റെയാളുടെ പേരെന്താണാവോ? എന്തെങ്കിലുമാകട്ടെ, അവര്‍ കാഴ്ചക്കാര്‍ക്ക് പൂക്കാരിപ്പെണ്ണുങ്ങളാണ്.
മദിരാശിയില്‍ നിന്നും വരുന്ന തീവണ്ടിയില്‍ സേലത്തു നിന്നായിരിക്കും ഇവര്‍ കയറിയിട്ടുണ്ടാവുക. നാല്പത് വയസ്സിന് താഴെ മാത്രമേ ഇരുവര്‍ക്കും പ്രായമുള്ളു. ഒരു പേനയുടെ പരസ്യ വാചകം പോലെ 'ഒരല്പം കൂടുതല്‍ ബോള്‍ഡാ'യിരുന്നു ഇരുവരും. പൂക്കള്‍ തൊടാന്‍ ശ്രമിക്കുന്നവരെ വാക്കുകളുടെ ഉറുമിവീശി നിലംപരിശാക്കുന്നുണ്ട് രണ്ടുപേരും. തീവണ്ടി നിര്‍ത്തുന്ന സ്റ്റേഷനായ സ്റ്റേഷനുകളിലെല്ലാം ഇവര്‍ പൂക്കള്‍ ഇറക്കുന്നുണ്ടായിരുന്നു. ഇവരുടെ പൂക്കളാണ് കേരളത്തിലെ കല്ല്യാണ മണ്ഡപങ്ങളെ അണിയിച്ചൊരുക്കുന്നത്, മണവാട്ടികളെ സുന്ദരികളാക്കുന്നത്. രാത്രികളില്‍ നിന്ന് പകലുകളിലേക്കുള്ള ഇവരുടെ യാത്രകളായിരിക്കണം കേരളത്തിലെ കാറ്റിന് പൂക്കളുടെ സുഗന്ധം നല്കുന്നത്.

പിറകോട്ടേക്ക് ഓടുന്ന ഓര്‍മ്മകള്‍
പൂക്കാരികളെ കണ്ടപ്പോള്‍ ഓര്‍മ്മകള്‍ ഓടിയത് പിറകോട്ടേക്കായിരുന്നു. നാല് വര്‍ഷത്തിലേറെ പിറകിലേക്ക്. സ്ഥലം: കേരള- കര്‍ണ്ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പേട്ട്. കേരളത്തിലെ ഓണക്കാലം ഗുണ്ടല്‍പേട്ടിലെ കര്‍ഷകര്‍ക്ക് ശരിക്കും 'തിരുവോണ'ക്കാലമാണ്. മലയാളിയുടെ വീടിനു മുമ്പില്‍ ഒരുങ്ങുന്ന ഓണപ്പൂക്കളങ്ങളുടെ വലിയൊരു സംഭാവന ഗുണ്ടല്‍പേട്ടില്‍നിന്നുള്ളതാണ്.
ദേശീയപാതയ്ക്ക് ഇരുവശവും നീണ്ടുപരന്നു കിടക്കുന്ന പൂപ്പാടങ്ങള്‍. അവിടെ നിറയെ പൂത്തുകിടക്കുന്ന ചെണ്ടുമല്ലിപ്പൂക്കള്‍. അതിനിടയില്‍ പൂ പറിക്കുന്ന കറുത്ത ദേഹങ്ങള്‍. മഞ്ഞപ്പൂക്കളുടെ നിറവസന്തത്തിനിടയില്‍ വെളുത്ത പല്ലുകള്‍ കാണിച്ച് വിടര്‍ന്നു ചിരിക്കുന്ന കറുത്ത മനുഷ്യര്‍.
എന്തായിരുന്നു അവളുടെ പേര്? ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഫോട്ടോഗ്രാഫര്‍ അജിലാലിന്റെ ക്യാമറയ്ക്ക് മുമ്പില്‍ പൂക്കാരിയുടെ സകല ഭാവങ്ങളോടെയും അവള്‍ നിന്നു. നീണ്ടുമെലിഞ്ഞ രൂപത്തില്‍ വെളുത്ത പല്ലുകളായിരുന്നു അവളുടെ ഐഡന്റിറ്റി. മുഖത്ത് എപ്പോഴും ചിരിയുടെ അലയൊലികള്‍. കന്നഡയില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു ആ പെണ്‍കുട്ടി.
(ബ്ലോഗില്‍ ചേര്‍ക്കാനായി ഗുണ്ടല്‍പ്പേട്ടിലെ ആ പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് വേണ്ടി അജിലാലിനെ വിളിച്ചു. അജി അയച്ചു തന്ന ഫോട്ടോയില്‍ അവളുടെ പേരുണ്ടായിരുന്നു- ഭാഗ്യം. കേരളത്തിലെ ഓണം അവള്‍ക്ക് സ്വന്തം പേരുപോലെ ഭാഗ്യമാണ്- ജീവിതത്തിന്റെ ഭാഗ്യം.)

തീവണ്ടി ഇപ്പോഴും മുമ്പോട്ടേക്ക് തന്നെ
യാത്രക്കിടയില്‍ ആരാണ് പൂവുകള്‍ തൊട്ടതെന്നറിയില്ല. പേരറിയാത്ത ആ സ്ത്രീയാണ് ഉച്ചത്തില്‍ സംസാരിക്കുന്നത്. പൂക്കള്‍ തൊട്ടവനെ കള്ളന്‍ എന്നുറക്കെ വിളിച്ചു പറഞ്ഞ് അവള്‍ യാത്രക്കാരുടെ മുഴുവന്‍ ശ്രദ്ധയും ആകര്‍ഷിച്ചു. കുറേപേര്‍ അവളോടൊപ്പം ചേര്‍ന്നപ്പോള്‍ വേറെ കുറേ പേര്‍ തമിഴ് വികാരത്തിന് എതിരായിരുന്നു. തീവണ്ടിയില്‍ ഒച്ചവെക്കുന്നത് ആരെടി എന്നായിരുന്നു മുഖമില്ലാത്ത ഒരാളുടെ ചോദ്യം. പക്ഷേ, വിട്ടുകൊടുക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. ഒന്നിനു പിറകെ ഒന്നായി അവള്‍ക്കറിയാവുന്ന തെറിപ്പദങ്ങളെല്ലാം പരീക്ഷിച്ചു ആ 'ബോള്‍ഡായ' സ്ത്രീ.
തീവണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ രണ്ട് തമിഴ് സ്ത്രീകളും ചേര്‍ന്ന് കുറേ പൂക്കെട്ടുകളെടുത്ത് ഇറക്കിവെച്ചു. പിന്നെ, ആരെയോ മൊബൈലില്‍ വിളിച്ച് സംസാരിച്ചു. ആ പുവ് കച്ചവടത്തിന് കൊണ്ടുപോകുന്ന ആളെയായിരിക്കണം അവര്‍ വിളിച്ചിട്ടുണ്ടാവുക. അയാള്‍ പുലര്‍ച്ചെ സ്റ്റേഷനിലെത്തി പൂക്കെട്ടുകളെടുക്കുവോളം അവ അവിടെ സുഗന്ധം പരത്തി നില്‍ക്കുമായിരിക്കും.

എന്റെ സ്റ്റേഷന്‍ എത്തുകയാണല്ലോ
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. കമ്പാര്‍ട്ട്‌മെന്റിലെ എല്ലാ ജനാലകളിലും ഷട്ടര്‍ താഴ്ത്തിയപ്പോള്‍ പൂക്കളുടെ മണം മുഴുവന്‍ അവിടെ തങ്ങിനിന്നു. ഉറക്കച്ചടവോടെ പൂക്കാരികള്‍ രണ്ടുപേരും സീറ്റില്‍ ചടഞ്ഞിരിക്കുന്നുണ്ടായിരുന്നു.
ഇനി എനിക്ക് ഇറങ്ങാനുള്ള സ്ഥലമായി. അവിടേയും പൂക്കാരികള്‍ കെട്ടുകള്‍ ഇറക്കിവെച്ചു. അതിനിടയില്‍ കമ്പാര്‍ട്ട്‌മെന്റിലെ ആരെയോ അവര്‍ ചീത്ത പറയുന്നുണ്ടായിരുന്നു. പൂവിന്റെ സുഗന്ധം പൂക്കാരികളുടെ വാക്കുകള്‍ക്കുണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലെ പൂപ്പാടങ്ങളില്‍ വിരിഞ്ഞ കുറേ പൂക്കള്‍- അവ നാളെ രാവിലെ ബസ് സ്റ്റാന്റിലെ പൂ വില്‍പ്പനക്കാര്‍ ആര്‍ക്കൊക്കെയോ വില്‍ക്കും. റെയില്‍വേ സ്റ്റേഷനില്‍ ഇപ്പോള്‍ അനാഥമായതുപോലെ കിടക്കുന്ന ഈ പൂക്കള്‍ ഓര്‍ഡര്‍ ചെയ്തവര്‍ എവിടെയോ ഉറങ്ങുന്നുണ്ട്. ഇവ അണിഞ്ഞ് കതിര്‍മണ്ഡപത്തിലേക്ക് വലതുകാല്‍ വെക്കേണ്ടുന്ന മണവാട്ടികള്‍ ഏതൊക്കെയോ വീടുകളില്‍ സുന്ദര സ്വപ്നവും കണ്ട് ഉറങ്ങാതെ കിടക്കുന്നുണ്ടാകും.
എന്നേയും പൂക്കളേയും വിട്ട് തീവണ്ടി യാത്ര തുടര്‍ന്നു; പൂക്കാരികളും. ഞാനും നടന്നകന്നു. ഇനി പൂക്കള്‍ മാത്രം.

ചിത്രം: അജിലാല്‍

Thursday, August 19, 2010

നാടകാന്തം അറസ്റ്റ്


അബ്ദുന്നാസര്‍ മഅ്ദനി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ട് കാലമാകുന്നു. ഈ കാലം കൊണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു പേരായി മാറാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ 'വളര്‍ച്ച' സൂചിപ്പിക്കുന്നത്. ആദ്യകാലത്ത് മനോഹരമായ ശൈലിയില്‍ മതപ്രസംഗവും പിന്നീട് അതിനേക്കാള്‍ നല്ല ശൈലിയില്‍ ഉശിരന്‍ പ്രസംഗങ്ങളും നടത്തിയ മഅ്ദനി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രയില്‍ 'കരിമ്പൂച്ചകളെ' കൂടെക്കൂട്ടിയും സമൂഹത്തെ 'ഞെട്ടിച്ചിരുന്നു'. അതേ മഅ്ദനിയാണ് പിന്നീട് കേരളത്തിന്റേയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടേയും മുമ്പില്‍ ഗംഭീരമായൊരു ചോദ്യചിഹ്നമായി മാറിയത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഇന്ത്യയുടെ അടിസ്ഥാന നീതിശാസ്ത്രം. പക്ഷേ, വിചാരണ കൂടാതെ ഒരാളെ എത്രകാലം തടവിലിടാമെന്നതിന് ഇവിടെ കൈയ്യും കണക്കുമില്ല. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് അന്തമാന്‍ ജയിലില്‍ അകപ്പെട്ടവരെ പോലെ യാതൊരു അന്തവും കുന്തവുമില്ലാത്ത ശിക്ഷാ വിധിയായിരുന്നു അബ്ദുന്നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍ കാത്തിരുന്നത്. എന്നാല്‍ ഒടുവില്‍ എല്ലാ നടപടികളും കഴിഞ്ഞ് വിധി വന്നപ്പോള്‍ മഅ്ദനി നിരപരാധിയായിരുന്നു. അപ്പോള്‍ കഴിഞ്ഞു പോയ ഒന്‍പതര വര്‍ഷത്തിന് ഏത് നിയമ സംഹിതയിലാണ് പ്രായശ്ചിതമുള്ളത് എന്ന ചോദ്യം ന്യായമാണെങ്കിലും ഉറക്കെ ചോദിച്ചു കൂടായിരുന്നു. കാരണം ആരുടെ പക്കലും ഉത്തരമുണ്ടായിരുന്നില്ല.
താന്‍ സമൂഹത്തോട് തെറ്റ് ചെയ്തുപോയിരുന്നെന്നും കഴിഞ്ഞ കാലത്തെ ചെയ്തികള്‍ക്ക് സമൂഹം മാപ്പ് തരണമെന്നും ഇതേ മഅ്ദനി തന്നെയാണ് ആവശ്യപ്പെട്ടത്. ഇനിയത് ആവര്‍ത്തിക്കില്ലെന്ന് മാത്രമല്ല, തന്റെ ശിഷ്ടകാലം സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നും ആണയിട്ട അദ്ദേഹം തന്റെ ഒരു കാല്‍ ബോംബിട്ട് തകര്‍ത്തവര്‍ക്ക് മാപ്പ് കൊടുക്കാനും തയ്യാറായിരുന്നു. ഒരു മനുഷ്യന്‍ പ്രായശ്ചിത്തവുമായി മുമ്പോട്ട് വന്നാല്‍ പിന്നീട് അയാളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മതവിധി. എന്നാല്‍ മഅ്ദനിയുടെ കാര്യത്തില്‍ ആ നീതിയും ലഭിച്ചില്ല. പിന്നീട് കശ്മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നാല് മലയാളികളുടെ ചെയ്തികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് വീണ്ടും മഅ്ദനിക്ക് കാരാഗൃഹത്തിനുള്ള വഴിയൊരുക്കിയത്. ഇതില്‍ താന്‍ നിരപരാധിയാണെന്ന് അദ്ദേഹം ആണയിടുന്നുണ്ടെങ്കിലും അത് തെളിയക്കാനുള്ള അവസരങ്ങള്‍ വരുന്നേയുള്ളു. പക്ഷേ, ഏതൊരാളേയും അപരാധിയാക്കി വിലങ്ങണിയിക്കാന്‍ കെല്‍പ്പുള്ളവരുടെ നാട്ടില്‍ നീതിയും അനീതിയും കണ്ണുകെട്ടിയ ശില്‍പത്തിന്റെ ഏതുത്രാസിനു മുമ്പിലാണ് തൂക്കപ്പെടുക എന്നതാണ് കാര്യം.
അബ്ദുന്നാസര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളത്തിലും പിറകേ ഇന്ത്യന്‍ മാധ്യമങ്ങളിലും സജീവ ചര്‍ച്ചാവിഷയമാണ്. അറസ്റ്റിലാകുമോ, കീഴടങ്ങുമോ എന്നതായിരുന്നു നെടുനാളത്തെ പ്രധാന ചര്‍ച്ചാ വിഷയം. ചാനലുകളായ ചാനലുകള്‍ മുഴുവന്‍ കിട്ടാവുന്ന സകല പ്രഗത്ഭരേയും ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചു. മഅ്ദനിയെ അറസ്റ്റു ചെയ്താല്‍ കേരളം തിളച്ചു മറിയുമോ, പിടിച്ചാല്‍ കിട്ടാത്ത വിധം വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുമോ എന്നൊക്കെ തിരിച്ചും മറിച്ചും ചര്‍ച്ച ചെയ്തവര്‍ക്ക് അറിയാതെ പോയത് കേരളത്തിന്റെ മനഃസാക്ഷിയായിരുന്നു. മഅ്ദനിയെ എന്നല്ല, കുറ്റം ചെയ്ത ആരെ പിടികൂടിയാലും ഒരു ചുക്കും ഇവിടെ സംഭവിക്കില്ലായിരുന്നു. പക്ഷേ, ഒരാളെ കുറ്റവാളി എന്ന് വിശേഷിപ്പിക്കണമെങ്കില്‍ കോടതി അയാള്‍ക്കെതിരെ വിധിക്കണമെന്ന ചെറിയ ന്യായം ബാക്കിയുണ്ടായിരുന്നു. എന്നിട്ടും അതെല്ലാം മറന്നേക്കൂ എന്ന മട്ടില്‍ ഒരു കൊടും കുറ്റവാളിയോടെന്ന പോലെയാണ് സമൂഹത്തില്‍ പലരും (പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ) പെരുമാറിയത്. തങ്ങള്‍ ഉദ്ദേശിച്ചയാള്‍ കുറ്റവാളിയോ നിരപരാധിയോ ആകണമെന്ന വല്ലാത്തൊരു വാശി ഈ അടുത്ത കാലത്തായി മാധ്യമങ്ങള്‍ വല്ലാതെ പ്രകടിപ്പിക്കുന്നത്. കുറ്റപത്രം തയ്യാറാക്കുന്നതും വിചാരണ നടത്തുന്നതും ഒടുവില്‍ വിധി പറയുന്നതുമെല്ലാം ഇത്തരം മാധ്യമങ്ങളാണ്. ആദ്യത്തെ ആവേശത്തിന് പറയുന്ന കാര്യങ്ങള്‍ പിന്നീട് തിരുത്തേണ്ട ഗതി ഉണ്ടാകാറുണ്ടെങ്കിലും ഇത്തരക്കാരൊന്നും പിന്നീട് ആരോടും മാപ്പു പറഞ്ഞതായി കേട്ടറിവ് പോലുമില്ല. അങ്ങനെയാണെങ്കില്‍ ചെയ്ത തെറ്റിന് പരസ്യമായി മാപ്പ് പറഞ്ഞ മഅ്ദനിയാണ് ഇവരേക്കാള്‍ കേമന്‍.
നാടകാന്തം കവിത്വമെന്നാണ് ചൊല്ല്. എന്നാലിപ്പോള്‍ നാടകാന്തം അറസ്റ്റായിരിക്കുന്നു. സിനിമയായിരുന്നെങ്കില്‍ ചിത്രീകരണത്തിനിടയില്‍ തിരക്കഥയില്‍ എത്ര മാറ്റങ്ങളും വരുത്താം. പ്രദര്‍ശനത്തിനെത്തിയാലും വെട്ടിയൊട്ടിക്കലും കൂട്ടിച്ചേര്‍ക്കലുമൊക്കെ നടത്താനാവും. പക്ഷേ, നാടകത്തെ സംബന്ധിച്ചിടത്തോളം സ്റ്റേജില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ എഡിറ്റിംഗ് ബുദ്ധിമുട്ടുള്ള സംഗതിയാണ്. അങ്ങനെയാകുമ്പോള്‍ ആരുടെ രചനയ്‌ക്കൊത്തായിരിക്കാം മഅ്ദനി നാടകം അരങ്ങേറിയിട്ടുണ്ടാവുക? കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി യുവാക്കളെ കുറിച്ചുള്ള അന്വേഷണം ബംഗ്ലാദേശിലുള്ള തടിയന്റവിട നസീര്‍ വരെ എത്തുകയും അവിടുന്നിങ്ങോട്ട് അബ്ദുന്നാസര്‍ മഅ്ദനിയിലേക്കൊരു പാലം പണിയുകയുമായിരുന്നു. കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പോയവരെ കുറിച്ചുള്ള കേസ് ഒടുവില്‍ ബങ്കളൂരുവിലെ സ്‌ഫോടനത്തില്‍ എത്തിച്ചേര്‍ന്ന് ഒന്നുമല്ലാതായി പോകുന്നതിന് പിന്നില്‍ മറ്റെന്തു കാര്യമാണുള്ളത്.
അബ്ദുന്നാസര്‍ മഅ്ദനി കേരളം മുഴുവന്‍ കാടിളക്കിയ ഒരു കാലമുണ്ടായിരുന്നു. എന്നിട്ടും അയാള്‍ക്കെതിരെ കേരളത്തില്‍ വലിയ തോതില്‍ കേസും അറസ്റ്റുമൊന്നുമുണ്ടായില്ല. രണ്ടു തവണയും പിടിയിലാകുന്നത് അയല്‍ സംസ്ഥാനങ്ങളിലെ കേസുകളിലാണ്. കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ആവശ്യം പോലെ തെളിവുകള്‍ നിരത്തിയിട്ടു പോലും ഒടുവില്‍ മഅ്ദനിയെ നിരപരാധിയെന്നാണ് കോടതി വിധിച്ചത്. എന്നാല്‍ ഇപ്പോഴാകട്ടെ മുഴുവന്‍ സമയവും പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന മഅ്ദനി പൊലീസുകാര്‍ അറിയാതെ കുടകില്‍ പോയി തടിയന്റവിട നസീറുമായി സ്‌ഫോടനത്തിന് പദ്ധതികളിട്ടു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ നിയമപാലകരുടെ നേരെ നോക്കി പല്ലിളിക്കുന്നതിനും അവരെ അവഹേളിക്കുന്നതിനും തുല്യമാണത്. കാരണം പൊലീസ് അനുഗമിക്കുന്ന ഒരാള്‍ അവരെ കബളിപ്പിച്ചുവെന്നു പറഞ്ഞാല്‍ പൊലീസിന് അതിലും വലിയ നാണക്കേട് വരാനില്ല. അതല്ല, പൊലീസ് കൂടി അറിഞ്ഞാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ ഇവിടെ ആരേയും വിശ്വസിക്കാന്‍ കഴിയാതായിരിക്കുന്നു എന്നല്ലേ അര്‍ഥം. രണ്ടായാലും നാട്ടിലെ സമാധാനം നഷ്ടപ്പെട്ടു എന്നാണ് ചുരുക്കം. പൊലീസുകാര്‍ കൂടി അറിഞ്ഞാണ് മഅ്ദനി കുടകില്‍ പോയി തടിയന്റവിട നസീറുമായി ചര്‍ച്ച നടത്തിയതെന്നാണ് കഴിഞ്ഞ ദിവസം ഒരു പത്രം വെണ്ടക്ക നിരത്തിയത്. മഅ്ദനിക്ക് വേണ്ടി പൊലീസ് ഈ രേഖകളെല്ലാം നശിപ്പിച്ചു കളയുകയും ചെയ്തുവത്രേ. നന്നായിപ്പോയി. ബൈലൈന്‍ സ്റ്റോറികളുടെ എണ്ണം പെരുപ്പിക്കാന്‍ വേണ്ടി ഒരു സമൂഹത്തെ മുഴുവന്‍ സൂചി മുനയില്‍ നിര്‍ത്തരുതെന്നേ ഇത്തരക്കാരോട് പറയാനുള്ളു.
അബ്ദുന്നാസര്‍ മഅ്ദനി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. അതില്‍ രണ്ടു തരമില്ല. അയാള്‍ നിരപരാധിയാണെങ്കില്‍ ഇത്രയും നാള്‍ കളിച്ച നാടകത്തിന് ആരെങ്കിലും മറുപടി പറയുമോ ആവോ? അതുണ്ടാകില്ല. നാട്ടില്‍ വര്‍ഗ്ഗീയതയും കുഴപ്പങ്ങളും ഉണ്ടാക്കാന്‍ ശ്രമിച്ചവരില്‍ ഒരു മഅ്ദനിയുടെ മാത്രം പേരല്ലല്ലോ കാണാനുണ്ടാവുക. അതിന് പ്രവീണ്‍ തൊഗാഡിയ എന്നോ നരേന്ദ്ര മോഡി എന്നോ പ്രജ്ഞാസിംഗ് ഠാക്കൂര്‍ എന്നോ മുത്തലിക്ക് എന്നോ ഒക്കെയും പേരുകള്‍ നല്‍കാനാകും. പക്ഷേ, അക്കാര്യത്തെ കുറിച്ച് ആരും മിണ്ടാറില്ലെന്ന് മാത്രം.

Wednesday, August 18, 2010

ഒരു തട്ടുകടക്കാരന്‍ ജീവിതം പറയുന്ന വിധം


നീണ്ട 19 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു പാതിരാത്രിയില്‍ സെക്കന്റ് ഷോയും കഴിഞ്ഞ് മടങ്ങിയേടത്താണ് കണ്ണൂര്‍ ചൊവ്വ തിലാന്നൂര്‍ പറമ്പത്ത് മൈലാഞ്ചിയില്‍ നാസറിന്റെ ജീവിതത്തിന് മാറ്റം വന്നത്. ചൊവ്വ പ്രതിഭാ കോളെജില്‍ നിന്നും തേര്‍ഡ് ഗ്രൂപ്പില്‍ പ്രീഡിഗ്രി പാസ്സായി നില്‍ക്കുന്ന പയ്യന്‍ കവിതാ തിയേറ്ററില്‍ 1921 സിനിമയുടെ സെക്കന്റ് ഷോ കഴിഞ്ഞതോടെ കണ്ണൂരില്‍ നാലാളറിയുന്ന നാസറായി, പിന്നെ പിന്നെ നാസര്‍ക്കയായി.... പുട്ടിന്റേയും ബീഫിന്റേയും പത്തിലിന്റേയും ചിക്കന്‍ പാര്‍ട്‌സിന്റേയും കല്ലുമ്മക്കായ പൊരിച്ചതിന്റേയും സ്വാദൂറുന്ന മറ്റൊരു പേരായി.
നാസറിന്റെ സഹോദരന്‍ മുജീബിന്റെ ഭാര്യയുടെ പിതാവ് അബ്ദുറഹ്മാന്‍ കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്നുണ്ടായിരുന്നു. 1921ലെ മമ്മൂട്ടിയുടെ അബ്ദുല്‍ ഖാദറും രതീഷിന്റെ ലവക്കുട്ടിയുമൊക്കെ നല്കിയ ആവേശം നാസറിന്റെ സിരകളിലൂടെ തട്ടുകടയിലെ ജോലിയിലേക്ക് പ്രവേശിച്ചു. അതോടെ നാസര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി.
സായാഹ്നത്തിലെ ചെരിഞ്ഞു പതിക്കുന്ന വെയില്‍. ആകാശത്തേക്ക് തുറന്നുവെച്ച രണ്ട് കൈകളില്‍ നിന്നും പറന്നുയരുന്ന പ്രാവിന്റെ ശില്‍പം റോഡിനു മധ്യത്തില്‍ സ്ഥാപിച്ച കാല്‍ടെക്‌സ് ജംഗ്ഷന്‍. നീണ്ട ഇലകളുള്ള മൂന്ന് മരങ്ങള്‍ റോഡരികില്‍ തണല്‍ വിരിച്ച് നില്‍ക്കുന്നുണ്ട്. മരങ്ങള്‍ക്കിപ്പുറത്ത്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് കെട്ടിടത്തിനോരത്ത് നിരത്തി നിര്‍ത്തിയിരിക്കുന്ന മുന്നോ നാലോ തട്ടുകടകള്‍. അവിടങ്ങളിലൊക്കെ അടുപ്പിനും ജീവിതത്തിനും ചൂട് തുടങ്ങുന്നേയുള്ളു. ഒരു ഭാഗത്ത് ചിക്കന്‍ പാര്‍ട്‌സുകള്‍ മുറിച്ച് വൃത്തിയാക്കുന്നുണ്ടാകും, കൂട്ടിയിട്ട ഉള്ളി മുറിച്ചിടുന്ന തിരക്ക്, പത്തിലുണ്ടാക്കാനുള്ള മാവ് കുഴക്കുന്നയാള്‍ വേറൊരു ഭാഗത്ത്.... തട്ടുകടയില്‍ തിരക്ക് കൂടുന്നതിന് മുമ്പ് വെയിലേല്‍ക്കാതെ മാറി നിന്ന് നാസര്‍ തന്റെ കഥ പറഞ്ഞു.

നാസര്‍ കഥ പറയുന്നു
അബ്ദുറഹ്മാനിക്കാന്റെ കൂടെ മൂന്ന് കൊല്ലമുണ്ടായിരുന്നു. അതിനു ശേഷം ഞാന്‍ സ്വന്തമായി കട തുടങ്ങി. തട്ടുകട തുടങ്ങാന്‍ മുപ്പത്തി അയ്യായിരത്തോളം രൂപയാണ് ചെലവ് വന്നത്. അക്കാലത്ത് ഇന്നത്തെ പോലെയല്ല, വൈകിട്ട് മൂന്ന് മണിക്ക് തുടങ്ങിയാല്‍ പുലരുന്നതു വരെ തട്ടുകട പ്രവര്‍ത്തിക്കും. ഇപ്പോള്‍ രാത്രി 11 മണി ആകുമ്പോഴേക്കും അടക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ പൊലീസ് അടപ്പിക്കും. വൈകുന്നേരത്തെ അതേ ആവേശത്തില്‍ വേണം പുലരുന്നതു വരെ ജോലി ചെയ്യാന്‍. പുലരുമ്പോഴേക്കും തളര്‍ന്നിട്ടുണ്ടാകും. പിന്നെ ഉച്ചവരെ വീട്ടില്‍ കിടന്നുറങ്ങും. പിന്നേയും വൈകുന്നേരം ജോലി. കടയിട്ട് രണ്ടാഴ്ചയായപ്പോഴാണ് ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു സംഭവമുണ്ടായത്.
അന്നൊരുനാള്‍ രാത്രി മുസ്‌ലിം ലീഗ് നേതാവ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയോടൊപ്പം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വന്നു. നാസറിന്റെ സ്‌പെഷ്യലായ പുട്ട് ബിരിയാണിയായിരുന്നു ശിഹാബ് തങ്ങള്‍ കഴിച്ചത്. അന്നത്തെ രാത്രി ഇന്നലെയെന്ന പോലെ ഓര്‍മ്മയുണ്ടെന്ന് നാസര്‍.
ഭക്ഷണം കഴിച്ച ശിഹാബ് തങ്ങള്‍ സന്തോഷത്തോടെ 100 രൂപ എടുത്തുതന്നു. ആ പണം ഉപയോഗിക്കരുതെന്നും സൂക്ഷിക്കണമെന്നും പറഞ്ഞു. ശിഹാബ് തങ്ങള്‍ പറഞ്ഞതുകൊണ്ട് നാസര്‍ ഇപ്പോഴും അത് അനുസരിക്കുന്നു. അന്ന് അദ്ദേഹം നല്കിയ 100 രൂപ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

നാസറേ രണ്ട് പുട്ട് ബിരിയാണി....
ആ അവിടെ രണ്ട് പുട്ട് ബിരിയാണി കൊടുക്ക്.... നാസര്‍ക്കാ പുട്ടും മുട്ടേം വേണം.... അവിടെന്താ വേണ്ടത് പത്തിലും ചിക്കന്‍ പാര്‍ട്‌സുമെടുത്താലോ.... കുറേ നാളായല്ലോ കണ്ടിട്ട് വെള്ളാപ്പവും മുട്ടറോസ്റ്റുമായാലോ...... നല്ലൊരു ചായയും കല്ലുമ്മക്കായ പൊരിച്ചതും കൊടുക്ക്..... സന്ധ്യയാകുന്നതോടെ നാസറിന്റെ കടയില്‍ ഇങ്ങനെയുള്ള ശബ്ദങ്ങളാണ് കേള്‍ക്കുക. പുട്ടും കല്ലുമ്മക്കായ ഫ്രൈയോ ലിവര്‍ ഫ്രൈയോ ഒന്നിച്ച് ചേര്‍ത്ത് കുരുമുളകും ഉള്ളിയുമൊക്കെ കൂട്ടിക്കലര്‍ത്തി ഫ്രൈ പാനില്‍ ഒരിക്കല്‍ കൂടി ചൂടാക്കി എടുക്കുന്ന ഐറ്റമാണ് പുട്ട് ബിരിയാണി. പുട്ട് പൊടിച്ചിട്ട് മുട്ടയും ചേര്‍ത്ത് പാനിലൊന്ന് കുഴച്ചെടുത്താല്‍ പുട്ടും മുട്ടയും റെഡി. നെയ്പത്തില്‍ മുറിച്ച് ചിക്കന്‍ പാര്‍ട്ട്‌സും നന്നായൊന്ന് ചേര്‍ത്ത് ഉള്ളിയും വിതറി വിശക്കുന്നവന്റെ മുമ്പിലെത്തുപ്പോള്‍ അതിന് വല്ലാത്തൊരു രുചി. പുട്ട്, പൊറോട്ട, വെള്ളാപ്പം, ഇടിയപ്പം, പത്തില്‍, കപ്പ, ബീഫ് ഫ്രൈ, ലിവര്‍ ഫ്രൈ, ബീഫ് കറി, കടലക്കറി, ചിക്കന്‍ ലിവര്‍, ചിക്കന്‍ പാര്‍ട്‌സ്, കല്ലുമ്മക്കായ ഫ്രൈ, മുട്ടറോസ്റ്റ്, കല്ലുമ്മക്കായ പൊരിച്ചത്, ബ്രഡും ഓംലെറ്റും തുടങ്ങി നിരവധി ഇനങ്ങള്‍ ഇവിടെയുണ്ടാകും. ഭക്ഷണങ്ങളെല്ലാം കണ്‍മുമ്പില്‍ നിന്നുമുണ്ടാക്കുന്നതുകൊണ്ടും വളരെ വേഗത്തില്‍ കഴിച്ചു പോകാമെന്നതും രുചിയുടെ താജ്മഹല്‍ സൃഷ്ടിക്കുന്നതും കൂടുതല്‍ ആളുകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നു.

കല്ലുമ്മക്കായ ഫ്രൈ; ഒന്നല്ല 16 പ്ലേറ്റ്
ജോക്കര്‍ സിനിമയുടെ ലൊക്കേഷനും അന്വേഷിച്ച് ലോഹിതദാസും സംഘവും ഒരുനാള്‍ കണ്ണൂരിലെത്തി. ലൊക്കേഷന്‍ ഇഷ്ടപ്പെടാതെ രാത്രി മടങ്ങുമ്പോഴാണ് വിശപ്പ് തീര്‍ക്കാന്‍ കാല്‍ടെക്‌സില്‍ ഇറങ്ങിയത്. ലോഹിതദാസിനോടൊപ്പം നിര്‍മ്മാതാവ് മിലന്‍ ജലീല്‍, മിമിക്‌സ്-ചലച്ചിത്രതാരം നാദിര്‍ഷ, മറ്റ് പേരറിയാത്ത ചിലരൊക്കെയുമുണ്ടായിരുന്നു. മറ്റു ഭക്ഷണങ്ങള്‍ കഴിച്ച ലോഹിതദാസിനോടും സംഘത്തോടും നാസര്‍ കല്ലുമ്മക്കായ ഫ്രൈയെ കുറിച്ച് പറഞ്ഞു. നേരത്തെ കഴിച്ച് ശീലമില്ലാത്തതിനാല്‍ ആദ്യം ലോഹിതദാസിനും സംഘത്തിനും വലിയ താത്പര്യം തോന്നിയില്ലത്രെ. എന്നാല്‍ ഒരു പ്ലേറ്റ് കഴിച്ചു നോക്കൂ എന്ന നാസറിന്റെ നിര്‍ബന്ധത്തിന് അവര്‍ വഴങ്ങി. രുചി ഇഷ്ടപ്പെട്ടപ്പോള്‍ എല്ലാവരും ചേര്‍ന്ന് എട്ട് പ്ലേറ്റ് കല്ലുമ്മക്കായ ഫ്രൈ വാങ്ങി. മറ്റൊരു എട്ടെണ്ണം പാര്‍സലാക്കാന്‍ പറഞ്ഞു. ഇത്രയും റോഡരികിലെ തട്ടുകടയില്‍ നടന്നത്. പാര്‍സല്‍ പൊതിഞ്ഞെടുത്ത് ലോഹിതദാസും സംഘവും വന്ന ക്വാളിസില്‍ കൊണ്ടുവെക്കാന്‍ ചെന്നപ്പോഴാണ് നാസര്‍ ശരിക്കും ഞെട്ടിയത്. കറുത്ത ഗ്ലാസ്സിട്ട വാഹനത്തിനകത്തിരുന്ന് നടന്‍ ദിലീപ് ചിരിക്കുന്നു. ഇത്രയും നേരം ദിലീപ് ക്വാളിസിലുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. ഒച്ചവെക്കരുതെന്നും ആളുകൂടിയാല്‍ ബുദ്ധിമുട്ടാകുമെന്നുമുള്ള ദിലീപിന്റെ അഭ്യര്‍ഥന മാനിച്ച് നാസര്‍ മിണ്ടാതിരുന്നു. നാസറിന്റെ പുട്ടും കല്ലുമ്മക്കായ ഫ്രൈയും ക്വാളിസിലിരുന്ന് ദിലീപ് ആരുമറിയാതെ കഴിച്ചു.
വേറൊരു ദിവസത്തെ സന്ധ്യാ സമയവും നാസര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട്. കടയില്‍ തിരക്ക് തുടങ്ങി വരുന്നേയുള്ളു. അപ്പോഴാണ് ജംഗ്ഷനില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രത്യക്ഷപ്പെടുന്നത്. 'അദ്ദേഹം കുറച്ചു സമയം തട്ടുകടകളെല്ലാം വീക്ഷിക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. എല്ലാ കടകളും നോക്കിയതിനു ശേഷം കൈതപ്രം നേരെ ഇങ്ങോട്ടേക്ക് വന്നു. പുട്ടും കടലക്കറിയുമാണ് അദ്ദേഹം ഇവിടെ നിന്നും കഴിച്ചത്. മാത്രമല്ല കുറച്ചപ്പുറമുണ്ടായിരുന്ന, വിശന്നു വലഞ്ഞ ഒരാള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു കൈതപ്രം'.

വെയില്‍ പിന്നേയും താണിട്ടുണ്ട്. നാസറിന്റെ കടയ്ക്കു മുമ്പില്‍ നിന്നും നോക്കുമ്പോള്‍ കലക്ടറേറ്റിനു പിറകില്‍ ഒളിക്കാനുള്ള ശ്രമത്തിലാണ് സൂര്യന്‍. അബ്ദുല്ലയും ജൂനിയര്‍ നാസറും ഹസ്സനും ഇര്‍ഷാദും സാദിഖും അടങ്ങുന്ന നാസറിന്റെ ഐവര്‍ സംഘം തിരക്കിലാണ്. ഇവരെല്ലാം ജോലിക്കാര്‍ എന്നതിലേറെ നാസറിന്റെ സുഹൃത്തുക്കളാണ്. ഓരോരുത്തരും സ്വന്തം കട പോലെയാണ് കൈകാര്യം ചെയ്യുന്നത്. സൗഹൃദവും തൊഴിലും ഒത്തുചേരുന്ന ഇവിടെ ആര്‍ക്കും ദിവസക്കൂലിയല്ല, ലാഭവിഹിതമാണ് കിട്ടുക. അതുകൊണ്ടുതന്നെ എല്ലാവരും അത്യുത്സാഹത്തിലാണ്. ഇന്ന് കിട്ടുന്ന ലാഭം തന്റേത് കൂടിയാണെന്ന് അവര്‍ക്കെല്ലാവര്‍ക്കുമറിയാം.
പറയുന്നതിനിടയില്‍ നാസറിന്റെ കുസൃതി നിറഞ്ഞ നോട്ടം. എല്ലായ്‌പോഴും ലാഭം കിട്ടുമെന്നൊന്നും വിചാരിക്കേണ്ട. ആയിരത്തിലേറെ രൂപ നഷ്ടം വന്ന ദിവസങ്ങളുമുണ്ടായിട്ടുണ്ട്. നഗരമധ്യത്തിലെ തട്ടുകടക്കാരന് കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴും കുട്ടിത്തം വിടാത്ത ഭാവത്തോടെയായിരുന്നു ഉത്തരം. ഇവിടുത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഞങ്ങളെയെല്ലാം അറിയാം. അതുകൊണ്ട് ആരും പ്രശ്‌നങ്ങള്‍ക്ക് വന്നിട്ടില്ല. ഒരു രാത്രി കലക്ടറേറ്റ് മൈതാനിയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം കൊടുത്ത ദിവസം ചെറിയ സംഘര്‍ഷമുണ്ടായി. അപ്പോള്‍ കുറേ നേരം കട അടച്ചിട്ട് മാറി നിന്നു. സമയം കഴിഞ്ഞപ്പോള്‍ വീണ്ടും തുറന്നു. ആരും പ്രശ്‌നമുണ്ടാക്കിയിട്ടില്ല.

ഓസിയടിക്കുന്നവരെ കൈയ്യോടെ പിടിക്കുന്ന വിധം
തിരക്കുള്ള നേരത്ത് കൂടുതല്‍ തിരക്കാക്കുന്നവര്‍ പണം തരാതെ മുങ്ങുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ അവരെ നോട്ട് ചെയ്തുവെക്കും. ശ്രദ്ധ തെറ്റുന്ന ഏതെങ്കിലും സമയത്ത് അവര്‍ മുങ്ങിയാല്‍ പെട്ടെന്നൊരു അന്വേഷണം നടത്തും. ബസ് സ്റ്റോപ്പിലും സമീപത്തുമൊക്കെ. ഒരിക്കല്‍ പണം തരാതെ മുങ്ങിയ ആളെ ബസ്സില്‍ നിന്നും പിടികൂടി പണം വാങ്ങിയിട്ടുണ്ട്. വിശന്നു വലഞ്ഞു വരുന്നവരോട് വിവരങ്ങള്‍ അന്വേഷിച്ച് അര്‍ഹതയുള്ളവരാണെങ്കില്‍ അവര്‍ക്ക് ഭക്ഷണം നല്കാറുണ്ട്. ആരേയും ആട്ടിപ്പായിക്കാറില്ലെന്ന് പറയുമ്പോള്‍ നാസറിന്റെ കണ്ണുകളില്‍ വയറു നിറഞ്ഞവന്റെ സംതൃപ്തി.
മലയാളത്തിനു പുറമേ ഹിന്ദിയും തമിഴും കന്നഡയും തെലുങ്കും അത്യാവശ്യം ഇംഗ്ലീഷും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനാല്‍ പിടിച്ചു നില്‍ക്കാനാവുന്നുണ്ടെന്ന് നാസര്‍. തെരുവ് ഗുണ്ടകളോ ഗുണ്ടാ പിരിവുകാരോ ബുദ്ധിമുട്ടിക്കാറില്ല.
പയ്യാമ്പലത്തെ ദിനേശ് ബീഡി ഓഫിസില്‍ ഹെഡ് ക്ലര്‍ക്കായിരുന്ന പരേതനായ മുഹമ്മദ് കോയയുടേയും ഹലീമയുടേയും മൂന്ന് മക്കളില്‍ രണ്ടാമനാണ് നാസര്‍. സഊദിയില്‍ ജോലി ചെയ്യുന്ന മുജീബും ബി എഡ് ബിരുദധാരി സാജിതയുമാണ് സഹോദരങ്ങള്‍. മൈമൂനയാണ് ഭാര്യ. നജ, അഫ്‌ലഹ് മക്കളാണ്.
ഉമ്മയും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനു പുറമേ തന്റെ സഹപ്രവര്‍ത്തകരായ അഞ്ച് പേരുടെ കുടുംബങ്ങളും പുലരുന്നത് ഈ തട്ടുകടിയിലൂടെയാണെന്ന് നാസറിന് നല്ല ബോധ്യമുണ്ട്. മാത്രമല്ല, കല്ലുമ്മക്കായ കൊണ്ടുവരുന്ന റംലയുടേയും പാര്‍വ്വതിയുടേയും കപ്പ നല്കുന്ന മാധവിയുടേയും പുട്ടുമായെത്തുന്ന സൈനബയുടേയും ഹലീമയുടേയും വെള്ളാപ്പവുമായെത്തുന്ന സമീറിന്റേയും വെള്ളം കൊണ്ടുവരുന്ന നസീറിന്റേയുമൊക്കെ കുടുംബങ്ങള്‍ ജീവിച്ചു പോകാന്‍ തന്റെ തട്ടുകട നിമിത്തമാകുന്നുവെന്നത് ഈ 36കാരനെ സന്തുഷ്ടനാക്കുന്നു..

വര്‍ഷങ്ങള്‍ക്കു മുമ്പൊരുനാള്‍ മുംബൈയിലെ തെരുവ്. ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാന്‍ പോയതായിരുന്നു നാസര്‍. വഴിയില്‍ കണ്ടുമുട്ടിയ ഒരാള്‍ പെട്ടെന്ന് തിരിഞ്ഞ് നിന്നു ചോദിച്ചു: നാസര്‍ക്കയല്ലേ, കാല്‍ടെക്‌സില്‍ തട്ടുകട നടത്തുന്ന......

Saturday, August 7, 2010

'റോസാപ്പൂച്ചട്ടിയില്‍' ആരവങ്ങള്‍ അവസാനിക്കുന്നില്ല
(എ പി അബ്ദുല്ലക്കുട്ടിയുടെ എം പിക്കും എം എല്‍ എയ്ക്കും ഇടയിലെ 'സംഘര്‍ഷ' കാലഘട്ടത്തില്‍ 'പുടവ' വനിതാ മാസികയ്ക്ക് വേണ്ടി തയ്യാറാക്കിയത്)
കണ്ണൂര്‍ പള്ളിക്കുന്നിലെ 'റോസ് പോട്ട്'. ഈ വീടിന് മുമ്പില്‍ അഡ്വ. എ പി അബ്ദുല്ലക്കുട്ടിയെന്നോ ഡോ. വി എന്‍ റോസിനയെന്നോ ബോര്‍ഡ് തൂങ്ങുന്നില്ല. ഈ വീട്ടിലെ വക്കീല്‍ കക്ഷികളെ സ്വീകരിക്കാറില്ല. ഇവിടുത്തെ ഡോക്ടര്‍ പുതിയതെരുവിലാണ് ക്ലിനിക്ക് നടത്തുന്നത്- റോസ് ക്ലിനിക്ക്.
'ഇബാദത്ത് എടക്കാതെ കറാമത്ത് കിട്ടിയ' കഥയാണ് അബ്ദുല്ലക്കുട്ടിയുടെ പുതിയ അവസ്ഥയെ അദ്ദേഹത്തിന്റെ ഉമ്മ വിശേഷിപ്പിക്കുന്നത്. 'നീ ഇപ്പോഴാണ് വലിയ നേതാവായത്. പൊലീസൂം തോക്കുമൊക്കെ ഇപ്പോഴാണല്ലോ ഉള്ളത്' എന്ന ഉമ്മയുടെ തമാശ കലര്‍ന്ന വാചകത്തോടെയാണ് അബ്ദുല്ലക്കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്. പണ്ട് ജില്ലാ പഞ്ചായത്ത് അംഗമായപ്പോഴും രണ്ടു തവണ എം പിയായപ്പോഴുമൊന്നും എ പി അബ്ദുല്ലക്കുട്ടി എന്ന 'അത്ഭുതക്കുട്ടിക്ക്' പൊലീസ് കാവലുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ വീട്ടിനു മുമ്പില്‍ പൊലീസ് കാവല്‍ നില്‍ക്കുന്നുണ്ട്. പോകുന്ന ഇടങ്ങളിലെല്ലാം സെക്യൂരിറ്റിയുണ്ട്. പാര്‍ലമെന്റ് അംഗമല്ലാത്ത അബ്ദുല്ലക്കുട്ടക്കാണ് പാര്‍ലമെന്റ് അംഗമായിരുന്ന അബ്ദുല്ലക്കുട്ടിയേക്കാള്‍ 'വില'.
എം പിയായിരുന്ന കാലത്തേക്കാള്‍ തിരക്കാണ് എം പിയല്ലാത്ത അബ്ദുല്ലക്കുട്ടിക്ക്. സി പി എമ്മില്‍ നിന്നും പുറത്തേക്ക് പോയി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അബ്ദുല്ലക്കുട്ടിയുടെ തിരക്ക് പിന്നേയും വര്‍ധിച്ചു. നേരത്തെ കണ്ണൂരിലും പരിസരങ്ങളിലും ദല്‍ഹിയുമായിരുന്നു പ്രവര്‍ത്തന കേന്ദ്രമെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു വേണ്ടി കേരളം മുഴുവന്‍ സഞ്ചരിക്കേണ്ടി വരുന്നു. കോണ്‍ഗ്രസിന്റേയും മുസ്‌ലിം ലീഗിന്റേയും നിരവധി പരിപാടികളില്‍ പങ്കെടുക്കാനുണ്ട്. എന്തായാലും തിരക്കോട് തിരക്ക്. ആളെ കാണാന്‍ പോലും കിട്ടാത്ത അവസ്ഥ.
എം പി സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞാല്‍ തനിക്കും മക്കള്‍ക്കും ഭര്‍ത്താവിനെ കാണാന്‍ കിട്ടുമെന്നും വീട്ടുകാര്യങ്ങള്‍ അദ്ദേഹം നോക്കിനടത്തുമെന്നും ഡോ. റോസിന ആഗ്രഹിച്ചിരുന്നു. പക്ഷേ, 'ഇബാദത്തെടുക്കാതെ കറാമത്ത് കിട്ടിയ' മനുഷ്യന് എവിടെയുണ്ട് നേരം? റോസിനയുടെ പരാതികളോട് അബ്ദുല്ലക്കുട്ടിക്ക് പറയാന്‍ മറുപടികളുണ്ട്- പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഒരാള്‍ക്ക് അയാള്‍ വിചാരിച്ചാല്‍ പോലും ജനങ്ങളില്‍ നിന്നും മാറി നിന്നുള്ള ജീവിതം ഉണ്ടാവുമെന്ന് തോന്നുന്നില്ല.
കണ്ണൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ നാറാത്ത് എന്ന ഗ്രാമത്തിലെ ടി പി മൊയ്തീന്റേയും എ പി സൈനബയുടേയും മകനാണ് എ പി അബ്ദുല്ലക്കുട്ടി. മാതാപിതാക്കളേയും സഹോദരങ്ങളേയും കുറിച്ച് ചോദിച്ചാല്‍ അദ്ദേഹത്തിന് പറയാനൊരു രസികന്‍ മറുപടിയുണ്ട്- 'ഒരേട്ടന്‍, ഒരേച്ചി, ഒരനിയന്‍, ഒരനിയത്തി, ഒരുപ്പ, ഒരുമ്മ- ഇങ്ങനെ എല്ലാം ഓരോന്നുവീതം. പടച്ചവന്റെ അനുഗ്രഹംകൊണ്ടും ഉമ്മ എന്നെ നടുമധ്യത്തില്‍ പെറ്റതുകൊണ്ടും എല്ലാവരേയും ഓരോന്നു വീതം കിട്ടിയ സന്തോഷമുള്ള ഒരാള്‍'.
മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് നാറാത്ത്. മലബാറിലെ മറ്റ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെയെല്ലാം പോലെ പത്താം ക്ലാസ് കഴിയുന്നതോടെ ഗള്‍ഫിലേക്ക് പറക്കുകയെന്നതായിരുന്നു നാറാത്തുകാരുടേയും ലക്ഷ്യം. എസ് എസ് എല്‍ സി കഴിഞ്ഞതോടെ അബ്ദുല്ലക്കുട്ടിയേയും ഗള്‍ഫിലേക്ക് അയക്കാനായിരുന്നു ഉപ്പ ആഗ്രഹിച്ചിരുന്നത്. എന്‍ജിനിയറായ മൂത്ത സഹോദരന്‍ എസ് എസ് എല്‍ സി കഴിഞ്ഞ അബ്ദുല്ലക്കുട്ടിക്ക് ഒരു ഉപദേശം കൊടുത്തു. എല്ലാവരേയും പോലെ കോളെജിലേക്ക് പോകേണ്ടതില്ല. ഐ ടി ഐയില്‍ ചേര്‍ന്ന് ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ പഠിക്കുക. പ്ലാനും എസ്റ്റിമേറ്റും വരയാന്‍ പഠിച്ചാല്‍ മാത്രം മതി. ഗള്‍ഫിലെത്തിയാല്‍ തൊഴില്‍ ഉറപ്പ്. അങ്ങനെയാണ് തളിപ്പറമ്പ് സര്‍ സയ്യിദ് കോളെജില്‍ പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പെടുത്ത് ചേര്‍ന്നിരുന്ന പയ്യന്‍ കണ്ണൂര്‍ ഐ ടി ഐയില്‍ മനസ്സില്ലാ മനസ്സോടെ എത്തിയത്. അവിടെയാണ് അബ്ദുല്ലക്കുട്ടിയെന്ന നാടറിഞ്ഞ നേതാവ് പിറന്നത്.
ഐ ടി ഐയില്‍ എത്തിയതോടെ എസ് എഫ് ഐയില്‍ ചേര്‍ന്ന അബ്ദുല്ലക്കുട്ടിക്ക് പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. എസ് എഫ് ഐ നേതൃത്വത്തിലേക്ക് ഉയര്‍ന്ന അബ്ദുല്ലക്കുട്ടി സ്വകാര്യ മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിനെതിരെ സമര രംഗത്തിറങ്ങി. അടിയും ജയില്‍വാസവും ജീവിതത്തെ മാറ്റിമറിച്ചു. ഐ ടി ഐ പഠനം പൂര്‍ത്തിയാക്കാനായില്ല. പിന്നീട് കണ്ണൂര്‍ എസ് എന്‍ കോളെജില്‍ ചേര്‍ന്ന് പ്രീഡിഗ്രിയും ബി എ മലയാളവും. അതിനു പിറകെ തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും എല്‍ എല്‍ ബി. 1996ല്‍ വളപട്ടണം ഡിവിഷനില്‍ നിന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ അംഗം. 1999ലും 2004ലും കണ്ണൂരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ അംഗത്വം. അതിനിടയില്‍ 1999ല്‍ എന്റോള്‍ ചെയ്തു.
ചെറുപ്പത്തില്‍ അബ്ദുല്ലക്കുട്ടി നാറാത്ത് അറിയപ്പെട്ടിരുന്നത് 'പള്ളിയില്‍ അവുല്ല' എന്നായിരുന്നു. എല്ലാ സമയത്തും പള്ളിയുമായുള്ള ബന്ധമാണ് അബ്ദുല്ലക്കുട്ടിയെന്ന നാട്ടുകാരുടേയും വീട്ടുകാരുടേയും അവുല്ലയെ പള്ളിയില്‍ അവുല്ലയാക്കിയത്. അബ്ദുല്ലക്കുട്ടിയെ പള്ളിയില്‍ വയദ് പറയുന്ന മുസ്‌ല്യാരുകുട്ടി ആക്കണമെന്നായിരുന്നു ഉമ്മയുടെ ആഗ്രഹം. ഉമ്മ ആഗ്രഹിച്ചതു പോലെ മകന്‍ നാടായ നാട്ടിലെല്ലാം പ്രസംഗിച്ചു നടന്നു, പക്ഷേ, മതമായിരുന്നില്ല രാഷ്ട്രീയമായിരുന്നെന്ന് മാത്രം.
കോണ്‍ഗ്രസുകാരനായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ഉപ്പ. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ്. ഒന്‍പത് വയസ്സുകാരനായ അബ്ദുല്ലക്കുട്ടിയെ പുലര്‍ച്ചെ വിളിച്ചുണര്‍ത്തിച്ച് ഉപ്പ അടുത്തുള്ള രാമുണ്ണിയുടെ വീട്ടില്‍ പോയി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാര്‍ത്ത അറിഞ്ഞുവരാന്‍ അയച്ചു. അക്കാലത്ത് അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വൈദ്യുതിയും റേഡിയോയുമൊന്നും ഉണ്ടായിരുന്നില്ല. തറവാട്ടു വളപ്പിലെ കുടികിടപ്പുകാരനായിരുന്നു രാമുണ്ണി. ബീഡിത്തൊഴിലാളിയും കമ്മ്യൂണിസ്റ്റുകാരനുമായ രാമുണ്ണി അബ്ദുല്ലക്കുട്ടിക്ക് വാര്‍ത്ത പറഞ്ഞു കൊടുത്തു: 'പോയിട്ടു പറ നിന്റെ ഉപ്പാനോട്, ഓള് തോറ്റ് തുന്നംപാടി'. ഇതറിഞ്ഞ ഉപ്പ മരിച്ച വാര്‍ത്ത കേട്ടപോലെ ഒറ്റ ഇരുപ്പായിരുന്നെന്ന് അബ്ദുല്ലക്കുട്ടി ഓര്‍ക്കുന്നു. പിന്നീട് രണ്ടു ദിവസം അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പോലും താത്പര്യം കാണിച്ചിരുന്നില്ല.
ഇന്ദിരാഗാന്ധിയോട് ഉപ്പയ്ക്കുള്ള ആദരവിനും രാമുണ്ണിയേട്ടനുള്ള വിരോധത്തിനുമിടയിലാണ് അബ്ദുല്ലക്കുട്ടിയുടെ വളര്‍ച്ച. കമ്മ്യൂണിസ്റ്റ് പ്രാദേശിക നേതാക്കളുടെ പാലുപോലുള്ള പെരുമാറ്റത്തില്‍ ആകര്‍ഷിക്കപ്പെട്ടാണ് താന്‍ കമ്മ്യൂണിസത്തിലേക്കെത്തിയതെന്ന് അബ്ദുല്ലക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.
ചെറിയ ടൗണായ പുതിയതെരുവിലെ അഞ്ച് ദന്തല്‍ ക്ലിനിക്കിലൊന്നാണ് ഡോ. റോസിനയുടേത്. പുതിയ തെരുവിലെ ഏക വനിതാ ദന്തിസ്റ്റിന് ക്ലിനിക്കില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. റോസ് ക്ലിനിക്ക് ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് രസകരമായ സംഭവമുണ്ടായത്. ക്ലിനിക്കിന് സമീപത്തെ ചര്‍ച്ചില്‍ നിന്നും ഫാദര്‍ വന്ന് ഡോക്ടറോട് പറഞ്ഞു: 'ഡോ. റോസിനയെ പള്ളിയിലൊന്നും കാണുന്നില്ലല്ലോ. ഞായറാഴ്ചയെങ്കിലും പള്ളിയില്‍ വന്നുകൂടെ.' ഡോ. റോസിന ക്രിസ്ത്യാനിയാണെന്ന് കരുതിയായിരുന്നു ഫാദര്‍ അങ്ങനെ ചോദിച്ചത്. 'ഞങ്ങള്‍ ഞായറാഴ്ച പള്ളിയില്‍ പോകാറില്ല അച്ചോ' എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ബന്ദ്- ഹര്‍ത്താല്‍ വിരുദ്ധ നിലപാട്, ഉംറ, ഈദ് നമസ്‌ക്കാരം, നരേന്ദ്രമോഡിയുടെ വികസനത്തെ കുറിച്ചുള്ള പരാമര്‍ശം എന്നിവയിലൂടെയാണ് അബ്ദുല്ലക്കുട്ടി സി പി എമ്മിന് അനഭിമതനായത്. അങ്ങനെയാണ് പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തലും സസ്‌പെന്‍ഷനും പുറത്താക്കലുമുണ്ടായത്. പാര്‍ട്ടി നേതൃത്വത്തിലിരിക്കെ ഉംറ ചെയ്ത അബ്ദുല്ലക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ മുസ്‌ലിം പ്രതിഷേധം ഭയന്ന് സി പി എമ്മിന് കഴിഞ്ഞിരുന്നില്ല. പെരുന്നാള്‍ ദിവസം കണ്ണൂര്‍ ടൗണിലെ ഐ എസ് എം നേതൃത്വത്തിലുള്ള ഈദ്ഗാഹില്‍ പങ്കെടുത്തതിനും പാര്‍ട്ടിക്ക് നിശ്ശബ്ദത പാലിക്കേണ്ടി വന്നു. പക്ഷേ വികസന സ്വപ്നങ്ങളേയും നരേന്ദ്രമോഡിയേയും കൂട്ടിക്കെട്ടിയപ്പോള്‍ അത് അവസരമാക്കി പാര്‍ട്ടി നടപടി സ്വീകരിക്കുകയായിരുന്നു. അങ്ങനെ ദീര്‍ഘകാലത്തെ സി പി എം ബന്ധത്തില്‍ നിന്നും അബ്ദുല്ലക്കുട്ടി എന്ന അത്ഭുതക്കുട്ടി പുറത്തേക്ക് കടന്നു. ഇതിനു ശേഷമാണ് ഉമ്മ തന്റെ മകന് ഇബാദത്ത് എടുക്കാതെ കറാമത്ത് കിട്ടിയ കഥ പറഞ്ഞ് കളിയാക്കിയത്.
സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള തന്റെ മാറ്റം കാലുമാറ്റമല്ല കാഴ്ചപ്പാട് മാറ്റമാണെന്ന് അബ്ദുല്ലക്കുട്ടി പറയുമ്പോള്‍ അതില്‍ അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാന്‍ നിരവധി ന്യായങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെ പോഴത്തരങ്ങളാണ് തന്നെ അതില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടി അറിയാതെ രഹസ്യമായാണ് ഉംറയ്ക്ക് പോയത്. പക്ഷേ, അത് പുറത്തറിഞ്ഞപ്പോള്‍ ഉര്‍വ്വശീ ശാപം ഉപകാരമായി. ഭൗതികവാദത്തിനും ആത്മീയതയ്ക്കുമിടയില്‍ കുറച്ചു കാലമായി വലിയ ആത്മസംഘര്‍ഷമായിരുന്നു അനുഭവിച്ചിരുന്നത്. മകന്റെ സുന്നത്ത് കര്‍മ്മം, കുട്ടികളുടെ മതപഠനം തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടിരുന്നു. ഒരു ന്യൂനപക്ഷ സഖാവിന് പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരും, അപ്പോള്‍ പിന്നെ തീരുമാനമെടുക്കാതെ വയ്യ. അതുകൊണ്ടു തന്നെ പാര്‍ട്ടിയേയും തന്റെ മനഃസാക്ഷിയേയും വഞ്ചിക്കാത്ത തീരുമാനമാണ് സ്വീകരിച്ചതെന്നും കാഴ്ചപ്പാട് മാറുകമാത്രമാണ് ഉണ്ടായതെന്നും അബ്ദുല്ലക്കുട്ടി വിശദീകരിക്കുന്നു.
പാര്‍ട്ടിയും കാഴ്ചപ്പാടും മാറിയപ്പോള്‍ അബ്ദുല്ലക്കുട്ടിയും വീടും ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ കാറിനു നേരെ കല്ലേറ്, മറ്റൊരിക്കല്‍ വീട്ടിനു നേരെ ബോംബേറ്- എന്നാലും മാനസികമായി തകരാനും ഇതെല്ലാം ചിന്തിച്ചിരിക്കാനും അബ്ദുല്ലക്കുട്ടിക്ക് നേരമില്ല. തന്റെ കാര്യത്തില്‍ ഉമ്മയേക്കാള്‍ ധൈര്യം ഭാര്യക്കാണെന്ന് അബ്ദുല്ലക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.
അബ്ദുല്ലക്കുട്ടിക്കും റോസിനയ്ക്കും രണ്ടു മക്കളാണുള്ളത്. നാലാം തരത്തില്‍ പഠിക്കുന്ന അമന്‍ റോസും യു കെ ജി വിദ്യാര്‍ഥിനിയായ തമന്ന അബ്ദുല്ലയും.

Sunday, August 1, 2010

ഒരു ജീവിതം കൊണ്ട് പല ജന്മങ്ങള്‍ഇത് ഒരു ഭാസ്‌ക്കരേട്ടന്റെ മാത്രം കഥയല്ല, അതുകൊണ്ടുതന്നെ കാര്‍ത്യായനിയുടേതും മാത്രമല്ല. നാട്ടില്‍ പണിയില്ലെന്ന് പറഞ്ഞ് അലഞ്ഞു തിരിയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ജീവിത കഥ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുഞ്ഞുകുട്ടി പരാധീനതകളുമായി കടന്നു വന്ന് കേരളത്തില്‍ 'ദുബൈ' തീര്‍ക്കുന്നവരുടം ഇതിലെ കഥാപാത്രങ്ങളായിരിക്കും.
അരനൂറ്റാണ്ടു മുമ്പാണ് ഭാസ്‌ക്കരനെന്ന 16കാരന്‍ പി ഡബ്ല്യു ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ എ എന്‍ രാമകൃഷ്ണന്‍ തലശ്ശേരിയിലെത്തിയത്. കോഴിക്കോട്ടുകാരന്‍ എന്‍ജിനിയറുടെ വീട്ടുജോലിക്കാരനായി തലശ്ശേരിയിലെത്തിയ ഭാസ്‌ക്കരന്‍ വടകര സ്വദേശിയായിരുന്നു.
അക്കാലത്ത് തലശ്ശേരി കടല്‍പ്പാലത്തിന്റെ പ്രതാപങ്ങള്‍ അസ്തമിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു. ഒരുകാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കും മലബാറിലെ ചരക്കുകള്‍ തങ്ങളുടെ നാടുകളിലേക്ക് എത്തിക്കാന്‍ ഏറെ സഹായിച്ചിരുന്ന കടല്‍പ്പാലം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ പ്രതാപങ്ങളുടെ അവശേഷിപ്പ് മാത്രമായി മാറിയിരുന്നു. അറബിക്കടലിലേക്ക് തള്ളിനില്‍ക്കുന്ന പാലത്തില്‍ ചരക്കുകള്‍ കരയില്‍ നിന്നും ബോട്ടിലേക്കോ ചെറിയ കപ്പലുകളിലേക്കോ കയറ്റാന്‍ നീളന്‍ കൈകളുള്ള നാല് ക്രെയിനുകള്‍ ഉണ്ടായിരുന്നു. കടപ്പുറത്ത് നീണ്ടു കിടക്കുന്ന ഗുദാമുകളില്‍ (ഗോഡൗണ്‍) നിന്നും ചരക്കുകള്‍ പാലത്തിലെത്തിക്കാന്‍ പൂഴിയില്‍ ആഴ്ന്നു കിടന്നിരുന്ന റയിലുകള്‍ ഉണ്ടായിരുന്നു. ആ കാലത്ത് കടപ്പുറമെന്നാല്‍ കാറ്റുകൊള്ളാനും സായാഹ്നങ്ങള്‍ ചെലവഴിക്കാനും മാത്രമുള്ള ഇടങ്ങളായിരുന്നില്ല; കച്ചവട കേന്ദ്രങ്ങള്‍ കൂടിയായിരുന്നു.
കടല്‍പ്പാലം നന്നാക്കാനായിരുന്നു പി ഡബ്ല്യു ഡി എന്‍ജിനിയറുടെ നിയോഗം. തന്റെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന 'ചെക്കനേയും' എന്‍ജിനിയര്‍ പണിക്കാരോടൊപ്പം കൂട്ടി. അങ്ങനെ ആദ്യം പാലം നന്നാക്കുന്നതിലും പിന്നീട് പാലത്തിലെ ക്രെയിനുകളും റയിലുകളും ഓരോന്നോരായി അഴിച്ചു മാറ്റുന്നതിലും ഭാസ്‌ക്കരന്‍ പങ്കാളിയായി. അങ്ങനെ അറബിക്കടലിലെ തലശ്ശേരിക്കാറ്റേറ്റ് ഭാസ്‌ക്കരനും ഇവിടുത്തുകാരനായി. എന്‍ജിനിയര്‍ സ്ഥലംമാറ്റമായി മടങ്ങിപ്പോയപ്പോഴും ഭാസ്‌ക്കരന്‍ തലശ്ശേരി വിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം പേരാമ്പ്രക്ക് സമീപം ഇരിങ്ങത്തുള്ള കാര്‍ത്യായനിയെ വിവാഹം കഴിച്ച് തലശ്ശേരിയില്‍ തന്നെ വീടുണ്ടാക്കി ഇവിടെ തന്നെ കഴിഞ്ഞു. അങ്ങനെ ഭാസ്‌ക്കരനും കാര്‍ത്യായനിയും തലശ്ശേരിക്കാരായി.
നാടന്‍ പണികള്‍ എടുക്കുന്നവരോടൊപ്പം ജോലി ചെയ്തുപഠിച്ച ഭാസ്‌ക്കരന്‍ പണികള്‍ ഓരോന്നായി പഠിച്ചെടുത്തു. വീടുകളുടെ ഓട് ചായ്ക്കല്‍, മരം മുറിക്കല്‍, തെങ്ങു തുറക്കല്‍, തെങ്ങില്‍ കയറല്‍, കണ്ടംകൊത്തല്‍ തുടങ്ങിയവ പഠിച്ചെടുത്തു. താന്‍ ജോലിക്കു പോയ സ്ഥലങ്ങളിലെല്ലാം ഭാര്യയേയും കൂടെക്കൂട്ടി. ഭാസ്‌ക്കരന്റെ കൈയ്യാളായി കാര്‍ത്യായനി. അങ്ങനെ അവര്‍ 'മെയ്ഡ് ഫോര്‍ ഈച്ച് അദറായി'.
കേരളത്തിലെവിടേയും നാടന്‍ പണികള്‍ക്ക് ആളെ കിട്ടുന്നില്ലെന്നതാണ് അവസ്ഥ. തെങ്ങില്‍ കയറാനും ഓടുമാറ്റാനുമൊന്നും പുതിയ തലമുറയില്‍ ആരും തയ്യാറാകുന്നില്ല. എല്ലാവര്‍ക്കും 'വൈറ്റ കോളര്‍ ജോലി'യോടാണ് ആഭിമുഖ്യം. പി എസ് സി പരീക്ഷകള്‍ക്ക് പരിശീലനം നടത്തിയും മെഡിസിനും എന്‍ജിനിയറിംഗിനും പ്രവേശന പരീക്ഷാ പരിശീലനങ്ങള്‍ക്ക് പോയും കാലം കഴിക്കാനാണ് മലയാളി യുവതലമുറയുടെ വിധി. അതിനിടയില്‍ നാടുവിട്ടു പോകുന്നവര്‍ മാത്രം കൈമെയ് മറന്ന് അധ്വാനിക്കുന്നു. ബസ്സും ലോറിയും പോലുള്ള വാഹനങ്ങള്‍ ഓടിക്കുന്നവരും ശരീരം വിയര്‍ത്ത് പണിയെടുക്കുന്നു. കലുങ്കിലും ബസ് സ്റ്റോപ്പിലും നിന്ന് നേരം കളയുകയും വായ്‌നോക്കിയും ഉത്സവപ്പറമ്പില്‍ അടിയുണ്ടാക്കിയും കാലം കഴിക്കുകയും ചെയ്യുന്ന തലമുറ ഒരുപണിയും ചെയ്യാതെ തൊഴിലെടുക്കാന്‍ 'അണ്ണാച്ചി'കളെ കാത്തിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളില്‍ അണിചേരാനും ബോംബുണ്ടാക്കാനും മലയാളി യുവത്വങ്ങള്‍ കാലം ചെലവഴിക്കുമ്പോള്‍ തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും ഒറിസയിലും ബീഹാറിലേയും തൊഴില്‍ തേടി എത്തുന്നവരേയും കാത്തിരിക്കുകയാണ് ഇത്തരം ജോലികള്‍ക്ക് മലയാളികള്‍.
ഭാര്യ മാത്രമല്ല, മൂത്ത മകനും സഹായത്തിനുണ്ടായിരുന്നു ഭാസ്‌ക്കരന്. മരം മുറിക്കാനും തേങ്ങ പറിക്കാനും ഓട് ചായ്ക്കാനുമൊക്കെ കൂടെയുണ്ടായിരുന്ന മകന്‍ വലിയ സഹായമായിരുന്നു അച്ഛന്. പക്ഷേ, വിധിയുടെ വൈപരീത്യം പോലെ ഒരു തെങ്ങ് മുറിക്കുന്നതിനിടയില്‍ കുറ്റിയറ്റ് വീണ് പത്ത് വര്‍ഷം മുമ്പ് 23ാം വയസ്സില്‍ മകന്‍ മരിച്ചു. 2000ല്‍ ലോകം അവസാനിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നെന്ന് ഭാസ്‌ക്കരന്‍. ഒടുവില്‍ അവസാനിച്ചു പോയത് തങ്ങള്‍ക്കാണെന്നും അദ്ദേഹം. മരിച്ച മകനെ കൂടാതെ കെ എസ് ആര്‍ ടി സിയില്‍ എം പാനലില്‍ ഡ്രൈവറായ മറ്റൊരു മകനും രണ്ടു പെണ്‍മക്കളുമുണ്ട് ഭാസ്‌ക്കരനും കാര്‍ത്യായനിക്കും.
ഇത്തരം ജോലികള്‍ക്ക് പുതിയ തലമുറയിലെ ആളുകള്‍ കടന്നുവരുന്നില്ലെന്ന അഭിപ്രായമുണ്ട് ഭാസ്‌ക്കരന്. വെയില്‍ പൊള്ളുന്ന പണിയായതിനാലാണ് പലര്‍ക്കും ഇതിലേക്ക് കടന്നു വരാന്‍ മടിയുള്ളത്. ഓട് മേഞ്ഞ കെട്ടിടങ്ങള്‍ കുറഞ്ഞു വരുന്ന കാലത്ത് പണിയില്ലാതാകുമെന്നാണ് പൊതുവെ കരുതപ്പെടാറുള്ളതെങ്കിലും അവസ്ഥ മറിച്ചാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളില്‍ ഓടു മേയുകയെന്നതാണ് പുതിയ രീതി.

ചിത്രങ്ങള്‍: സുഹൈല്‍ കരിയാടന്‍

Followers

About Me

My photo
thalassery, muslim/ kerala, India