കവിത പെയ്യുന്ന വീട്ടില്‍ ഷുക്കൂറും ആയിഷയുമുണ്ട്


മീന്‍ വില്‍പ്പനക്കാരന്റെ കുടുംബത്തിന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പിന് മൂന്നര മണിക്കോ നാലു മണിക്കോ ആയിരിക്കും. ഇരിക്കൂറിലെ ഷുക്കൂര്‍ പെടയങ്ങോടിന്റെ ജീവിതവും ആരംഭിക്കുന്നത് ആ സമയത്തു തന്നെയാണ്. ഭാര്യ ആയിഷയും നാലു മക്കളും അടങ്ങുന്ന ഷുക്കൂറിന്റെ കുടുംബം. ഇരിക്കൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട 10 വിദ്യാര്‍ഥികളും പഠിച്ചിരുന്ന നാരായണ വിലാസം എ എല്‍ പി സ്‌കൂളിനു മുമ്പിലെ ചെമ്മണ്‍ പാതയിലൂടെ കുറച്ചു ദൂരം പോയാല്‍ കാണുന്ന ചെത്തിത്തേക്കാത്ത വീട്ടില്‍ ഷുക്കൂര്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. സമ്പാദ്യങ്ങളില്ലെങ്കിലും ആ വീട്ടിന് സമാധാനമുണ്ടെന്ന് കാണുന്ന മാത്രയില്‍ ആരും തിരിച്ചറിയും. പുലര്‍ച്ചെ നാലു മണിയോടെ പ്ലാസ്റ്റിക്ക് പെട്ടിയുമായി കണ്ണൂരിലെ ആയിക്കരയിലേക്ക് പോകുന്ന ഷുക്കൂര്‍ മീനെല്ലാം വിറ്റ് ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തുക. ആയിക്കരയില്‍ നിന്നും കുട്ട നിറയെ മീനുമായി ഇരിക്കൂറില്‍ മടങ്ങിയെത്തിയാല്‍ പിന്നെ പത്തു കിലോമീറ്ററോളം കയറ്റിറക്കങ്ങളിലൂടെ നടത്തം. മീനേ... കൂയ്..... ഷുക്കൂറിന്റെ ശബ്ദം ഇരിക്കൂറിലെ വഴികളില്‍ മുഴങ്ങുമ്പോള്‍ ഏതൊക്കെയോ വീടുകള്‍ക്കു മുമ്പില്‍ വീട്ടമ്മമാര്‍ കാത്തുനില്‍ക്കുന്നുണ്ടാകും. അയിലയായാലും മത്തിയായാലും അയക്കൂറയായാലും അവരുടെ വീടുകളില്‍ ഷുക്കൂറിന്റെ പെട്ടിയിലെ മീനാണ് കറിവെക്കുക.
ഇരിക്കൂറിലെ പാതയോരങ്ങളില്‍ മാത്രമല്ല കണ്ണൂരിന്റെ ആകാശവീഥികളിലും ചിലപ്പോഴെങ്കിലും ഷുക്കൂറിന്റെ ശബ്ദമുണ്ടാകാറുണ്ട്. കണ്ണൂര്‍ ആകാശവാണിയില്‍ ഷുക്കൂര്‍ കവിതകള്‍ ആലപിക്കാറുണ്ട്. ആഴങ്ങളിലെ ജീവിതമെന്ന പേരില്‍ ഷുക്കൂര്‍ പെടയങ്ങോടിന്റെ കവിതാ സമാഹാരം പായല്‍ ബുക്‌സ് ഈയ്യിടെയാണ് പുറത്തിറക്കിയത്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഷുക്കൂറിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008ലെ അറ്റലസ് കൈരളി കവിതാ പുരസ്‌ക്കാരം നേടിയിരുന്നു ഷുക്കൂര്‍.
ഭാര്യ ആയിഷയെ പോലെ മക്കളായ താഹി എന്ന താഹിറും ആറ്റബിയെന്ന തഫ്‌സീറയും ഇക്കു എന്ന ഇക്ബാലും ബാവയെന്ന ബഷീറും ഷുക്കൂറിന്റെ കവിതാ നിരൂപകരാണ്. ഷുക്കൂര്‍ എഴുതുന്ന കവിതകളുടെ ആദ്യ വായനക്കാരിയാണ് ആയിഷ. ബാപ്പ എഴുതിയ കവിതകള്‍ പുസ്തകത്തിലേക്ക് പകര്‍ത്തുന്ന ജോലി തഫ്‌സീറക്കാണ്. മുമ്പ് കവിതകള്‍ സൂക്ഷിക്കേണ്ടുന്ന ജോലി ആയിഷക്കായിരുന്നു.
വീട്ടിനു മുമ്പിലെ ചെറിയ സ്ഥലത്ത് പൂക്കളുടേയും പച്ചക്കറികളുടേയും ചെടികള്‍. വീട്ടിനു മുമ്പിലെ വാതിലില്‍ ചെറിയ ചെറിയ പൂക്കളുടെ ചിത്രം. വീട്ടുകാരുടെ മനസ്സുപോലെ എല്ലായിടത്തും പൂക്കള്‍ മയം.

ഷുക്കൂറിന്റെ ജീവിതം
ആറാം ക്ലാസ്സില്‍ രണ്ട് മാസം മാത്രം പോയതാണ് ഷുക്കൂറിന്റെ വിദ്യാഭ്യാസ ചരിത്രം. പഠിത്തം നിര്‍ത്തിയ കാലത്ത് കശുവണ്ടി പെറുക്കി വില്‍ക്കലായിരുന്നു ഷുക്കൂറിന്റെ ആദ്യജോലി. പിന്നീട് മണ്ണ് ചുമക്കലായി പണി. അതിനു ശേഷം കൈക്കോട്ട് പണിയും കല്ലുകൊത്തു പണിയുമായി. കല്ലുകൊത്താന്‍ യന്ത്രം വന്നതോടെ പണി പോയി. കല്ലുതട്ടലായി അതിനു ശേഷം ജോലി. അതിനിടയില്‍ പൊടിയും കാറ്റും ചൂടും വെയിലുമടിച്ച് ടൈഫോയ്ഡ് ബാധിച്ച് കിടപ്പിലായി. മാസങ്ങള്‍ക്കു ശേഷം അസുഖം മാറിയപ്പോള്‍ ചെയ്യാന്‍ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ജീവിതം പ്രതിസന്ധിയിലായെന്ന് തോന്നിയപ്പോഴാണ് ആദ്യം ടൗണില്‍ പോയി മീന്‍ വാങ്ങി വില്‍പ്പന നടത്തിയത്. പിന്നീട് മീന്‍ വില്‍പ്പനയായി ജീവിതം.
പഞ്ചാര മുഹമ്മദിന്റേയും നഫീസയുടേയും പന്ത്രണ്ട് മക്കളില്‍ ഏഴാമനായ ഷുക്കൂറിന് ജീവിതത്തില്‍ ഏറെയൊന്നും പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ജീവിതം എത്ര പ്രതിസന്ധിയിലായിരുന്നെങ്കിലും ഷുക്കൂറിന്റെ മനസ്സില്‍ നിറയെ കവിതകള്‍ ഉണ്ടായിരുന്നു. ആരുമതിനെ കവിത എന്നു പേരുവിളിച്ചില്ലെങ്കിലും ഷുക്കൂര്‍ തനിക്ക് തോന്നിയ വരികള്‍ എപ്പോഴൊക്കെയോ കടലാസില്‍ പകര്‍ത്തിയിരുന്നു. ഒരിക്കലെഴുതിയ വരികള്‍ കണ്ണൂര്‍ ആകാശവാണിയിലേക്ക് അയച്ചപ്പോള്‍ അവരത് ലളിതഗാനമെന്ന പേരില്‍ പ്രക്ഷേപണം ചെയ്തു. കവിത തലക്കു പിടിച്ച് നടക്കുന്ന കാലത്ത് ആടിനെ മേയ്ച്ച് പുഴക്കരയിലെത്തിയിരുന്ന പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടപ്പോള്‍ അവളെ വിവാഹം ചെയ്തു. അങ്ങനെ ആയിഷ ഷുക്കൂറിന്റെ കവിതയായി.

കവിത നിറയുന്ന വീട്
കവിത എഴുതുന്നത് ഷുക്കൂറാണെങ്കിലും അതിന്റെ മറ്റു കാര്യങ്ങളൊക്കെ ചെയ്യുന്നത് ആയിഷയും മക്കളും ചേര്‍ന്നാണ്. എഴുതി വെച്ച കവിത വായിക്കുന്നതും സൂക്ഷിക്കുന്നതും ഏതെങ്കിലും മാസികകള്‍ക്ക് അയച്ചുകൊടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതും ആയിഷയാണ്. കവിത പകര്‍ത്തി എഴുതലാണ് തഫ്‌സീറയുടെ ജോലി. ഇളയ മകന്‍ ബഷീറാണ് ഉപ്പയുടെ ഏറ്റവും വലിയ വിമര്‍ശകന്‍. താഹിറും ഇക്ബാലും ഉപ്പയുടെ കവിതകള്‍ ഒന്നൊഴിയാതെ വായിക്കും.
ആയിഷയെന്ന പേര് ഒരു ദിവസം എത്ര തവണ വിളിക്കുമെന്ന് ഷുക്കൂറിന് തന്നെ അറിയില്ല. എന്തെങ്കിലും എടുക്കാനായാലും അഭിപ്രായം ചോദിക്കാനായാലും പറയാനായാലും ഷുക്കൂറിന്റെ നാവില്‍ ആദ്യം ആയിഷയെന്ന പേരാണ് ഉയരുക. ഷുക്കൂര്‍ കവിതയുമായി നടക്കുന്നത് അലോസരപ്പെടുത്താറില്ലെന്ന് ആയിഷ. അവര്‍ക്ക് ഭര്‍ത്താവിനെ കുറിച്ചുള്ള ഏക പരാതി എവിടെയെങ്കിലും പോയാല്‍ തങ്ങളെ വിളിച്ച് വിവരം പറയില്ലെന്നതാണ്. കവിയായ ഭര്‍ത്താവിനോടൊപ്പം ജീവിക്കുന്നതിനാലാവണം തനിക്ക് ജീവിതത്തെ കുറിച്ച് ദാര്‍ശനികമായൊന്നും പറയാനില്ലെന്നും ആയിഷ സത്യവാങ്മൂലം നല്കുന്നു. പിന്നെ, ഇത്രയും കാലത്തെ ജീവിതം ചിലപ്പോള്‍ ദാരിദ്ര്യം നിറഞ്ഞതായിരിക്കാം, പക്ഷേ, ഏറെ സമാധാനപരമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജീവിതം ഇത്രയൊന്നും തിരക്കേറിയതാകുന്നതിന് മുമ്പ്, ആയിഷ നിറയെ പുസ്തകങ്ങള്‍ വായിച്ചിരുന്നു. ലൈബ്രറിയില്‍ നിന്നും ഷുക്കൂര്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ആയിഷ ഒന്നൊഴിയാതെ വായിച്ചു തീര്‍ത്തു. ഇപ്പോള്‍ പക്ഷേ, വായിക്കാന്‍ കഴിയുന്നില്ല. അടുപ്പിനു മുമ്പില്‍ നിന്നും മാറാന്‍ കഴിയാത്ത പണിയെ എന്തുപേരിട്ടാണ് വിളിക്കുകയെന്നാണ് ആയിഷയുടെ ചോദ്യം.
എറണാകുളത്ത് ഓട്ടോ ടീമെന്ന മാരുതി സര്‍വ്വീസ് സെന്ററിലാണ് മൂത്തമകന്‍ താഹിര്‍ ജോലി ചെയ്യുന്നത്. ബി എ ഇംഗ്ലീഷ് മെയിന്‍ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് തഫ്‌സീറ. പ്ലസ് ടു കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് ഇക്ബാല്‍. ബഷീര്‍ ഒന്‍പതാം ക്ലാസ്സിലേക്ക് വിജയിച്ചിരിക്കുകയാണ്. പണ്ടെന്നോ വായിച്ച ലക്ഷദ്വീപിനെ കുറിച്ചുള്ള നോവലിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് ആറ്റബി. ഇതില്‍ ഇഷ്ടം തോന്നിയാണ് ഷുക്കൂര്‍ മകളെ ആറ്റബിയെന്ന് വിളിച്ചു തുടങ്ങിയത്.
സിമന്റും ഛായവും തേച്ചിട്ടില്ലെങ്കിലും അടച്ചുറപ്പുള്ള വീട്ടില്‍ ഷുക്കൂറും കുടുംബവും ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവര്‍ക്ക് വരുംകാലത്തെ കുറിച്ച് ഏറെ പ്രതീക്ഷകളുമുണ്ട്. കിടപ്പുമുറിയിലെ ചുമരില്‍ അടിച്ചുവെച്ച ആണിയില്‍ തൂക്കിയ പ്ലാസ്റ്റിക്ക് കവറില്‍ ഷുക്കൂറിന്റെ കവിതകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കവിതകള്‍ പ്രസിദ്ധീകരിച്ചു വന്ന ആനുകാലികങ്ങളും അവിടേയും ഇവിടേയുമായിട്ടുണ്ട്.
ഷുക്കൂറിനേയും കുടുംബത്തേയും കാണാന്‍ ഇരിക്കൂറിലെ അവരുടെ വീട്ടിലെത്തിയത് രാവിലെയായിരുന്നു. സംസാരിക്കുന്നതിന് മുമ്പ് പ്രാതല്‍ കഴിക്കണമെന്നതായിരുന്നു ഷുക്കൂറിന്റേയും ആയിഷയുടേയും നിര്‍ബന്ധം. ഇരിക്കൂറിന്റെ ആതിഥ്യ മര്യാദ ഇറച്ചി വരട്ടിയതും അരി ഒറോട്ടിയുമായി മുമ്പിലെത്തിയപ്പോള്‍ സ്‌നേഹത്തിന്റേയും ബന്ധങ്ങളുടേയും പുതിയ മുഖമാണ് അവിടെ കണ്ടത്.

താനെഴുതുന്ന വരികളില്ലെല്ലാം ആയിഷയുണ്ടെന്ന് ഷുക്കൂറിനറിയാം. ആയിഷയില്ലാതെ ഷുക്കൂറിന് കവിതയില്ലത്രേ, ജീവിത വഴികളുമില്ലത്രേ.
''നനഞ്ഞ കൈലേസില്‍
തുന്നിച്ചേര്‍ത്തത്
പ്രിയതമയുടെ സ്വപ്നം
കവിതകള്‍ തൂക്കിവില്‍ക്കപ്പെടാം
പക്ഷേ
സ്വപ്നങ്ങള്‍ക്ക് വില പറയരുത്.
സൂര്യന്‍ കിഴക്കുണരുവോളം
കാവലിരിക്കാം
തൂലിക കടം ചോദിക്കയുമരുത്.
പ്രിയേ നമുക്കീ തുരുത്തില്‍
സ്വപ്നങ്ങളെ കുറിച്ചും
കവിതകളെ കുറിച്ചും പുലരുവോളം
കഥപറഞ്ഞിരിക്കാം.'' (- മറന്നു പോവുന്നത്)

''എങ്കിലും
അവളെന്നെങ്കിലും
വാങ്ങാന്‍ പറയുമായിരിക്കും
കള്ളികളില്ലാത്ത
ചോരചുവപ്പില്ലാത്ത
എനിക്കും നിനക്കും
കവിതയെഴുതി തീര്‍ക്കാന്‍
ഒരു പുതു കലണ്ടര്‍'' (- കലണ്ടര്‍)

കവിതയുടെ കിനാവുകളും നിലാവെളിച്ചവും നിറഞ്ഞ ജീവിത വഴിയില്‍ ആയിഷയും ഷുക്കൂറും ഇപ്പോള്‍ സ്വപ്നം കാണുന്നത് മകളുടെ വിവാഹത്തെ കുറിച്ചാണ്, മക്കളുടെ ജോലിയേയും പഠനത്തേയും കുറിച്ചാണ്. പത്തുസെന്റ് സ്ഥലത്തെ വീട്ടിനു ചുറ്റുമുള്ള പൂക്കളേയും ചെടികളേയും കുറിച്ചാണ്. വീടിനു പുറത്ത് ഒരു മൂലയില്‍ മീന്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്ക് പെട്ടി കഴുകി വെടിപ്പാക്കി വെച്ചിട്ടുണ്ട്. ഇരിക്കൂറിലെ വീടുകളില്‍ തീന്മേശയിലെത്താനുള്ള മീന്‍ ഈ കുട്ടയിലാണ് യാത്ര തിരിക്കേണ്ടത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍