'ലൈഫ്' മോഡല്‍



കാലം കടന്നു പോയത് ഈ മനുഷ്യന്‍ അറിഞ്ഞിട്ടേയില്ല. മുഖം നിറയെ നിസ്സംഗ ഭാവമാണ്. നെറ്റിയിലെ വരകള്‍ക്ക് അനുഭവങ്ങളുടെ തീവ്രത. പച്ചനിറം കലര്‍ന്ന ആ കണ്ണുകളിലെ ഒന്നുമില്ലായ്മാ ഭാവം എത്രയോ ചിത്രങ്ങളില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ടാകും. കവിളുകള്‍ വലിഞ്ഞു മുറുകിയിട്ടുണ്ടെങ്കിലും മനസ്സിന് അത്രയൊന്നും മുറുക്കങ്ങളില്ലെന്ന് തോന്നുന്ന പെരുമാറ്റം. വരുന്നതെല്ലാം വരുന്നേടത്ത് വെച്ച് കാണാം എന്ന സാഹസികതയല്ല, എന്തുചെയ്താലും ഇല്ലെങ്കിലും അവയെല്ലാം തന്നേയും കടന്ന് പോയ്ക്കുള്ളുമെന്ന നിസ്സംഗത. ഇത് പയ്യോളി കീഴൂര്‍ തച്ചംകുന്നില്‍ വലിയ പറമ്പില്‍ മമ്മദ് എന്ന എഴുപത്തിനാലുകാരന്‍. ഇങ്ങനെയൊന്നും പറഞ്ഞാല്‍ പയ്യോളിയില്‍ ഇയാള്‍ തിരിച്ചറിയില്ല. (എങ്ങനെ പറഞ്ഞാലും പയ്യോളിക്ക് മമ്മദ് അപരിചിതനാണ്.). നേരെ തലശ്ശേരിയിലെത്തുക, എന്നിട്ട് ചാന്‍സ് മമ്മദ്ക്കയെ അന്വേഷിക്കുക. ഉത്തരം റെഡി. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഇയാള്‍ തലശ്ശേരിയിലെ ഓരോ നിമിഷത്തിനും സാക്ഷിയായുണ്ട്.
പയ്യോളി മാപ്പിള സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നാണ് മമ്മദ്ക്ക പറയുന്നത്. എന്നിട്ടൊരുനാളില്‍ ഒരു പുറപ്പെടല്‍ നടത്തി. പയ്യോളിയില്‍ നിന്ന് തലശ്ശേരിയിലേക്ക്. മമ്മദിന്റെ തലവര മാറ്റിയ പുറപ്പെടല്‍. പിന്നീട് തലശ്ശേരിയിലേക്കുള്ള പുറപ്പെടലുകളായി മമ്മദിന്റെ ഓരോ പ്രഭാതങ്ങളും. പയ്യോളിയിലേക്കുള്ള മടക്ക യാത്രകളായി സായാഹ്നങ്ങളോരോന്നും. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ വണ്ടി കുറേ കാലങ്ങളായി മമ്മദില്ലാതെ പയ്യോളിയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരാറില്ല. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വൈകുന്നേരത്തെ പാസഞ്ചറിനും തലശ്ശേരിക്കും പയ്യോളിക്കുമിടയില്‍ മമ്മദിനെ കൂടാതൊരു യാത്ര ചിന്തിക്കാനാവില്ല.
'എത്ര ടിക്കാറ്റാ ഞാനെന്റെ പൊരേലെ മൂലക്കിട്ടിരിക്കുന്നത്. ആരും ചോയിക്കലില്ല. അതോണ്ട് കൊടുക്കലൂല്ല'- മമ്മദ്ക്ക നിഷ്‌കളങ്കനായി പറഞ്ഞു. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സംസാരിച്ചു തുടങ്ങുമ്പോള്‍ ഇയാള്‍ ടിക്കറ്റെടുത്താണോ യാത്ര ചെയ്യാറുള്ളത് എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷെ, അത് മാന്യമായി തീര്‍ത്തു തന്നു ആ മനുഷ്യന്‍. കീശയില്‍ നിന്നെടുത്തു കാണിച്ച ടിക്കറ്റില്‍ പയ്യോളിയില്‍ നിന്നും തലശ്ശേരി വരെ അഞ്ചു രൂപ രേഖപ്പെടുത്തിയിരിക്കുന്നു. വൈകിട്ടും ഇതേ അഞ്ചു രൂപ. പയ്യോളിയില്‍ തീവണ്ടിയിറങ്ങിയാല്‍ പേരമ്പ്രക്കു പോകുന്ന ബസ്സില്‍ നാല് രൂപ പോയിന്റുണ്ട് വീട്ടിലേക്ക്. ബസ്സു കിട്ടാത്ത ദിവസങ്ങളില്‍ ട്രിപ്പടിക്കുന്ന ഓട്ടോയില്‍ അഞ്ച് രൂപ കൊടുത്ത് പോകേണ്ടി വരും. എങ്ങനെയായാലും എല്ലാ ദിവസവും തലശ്ശേരിയില്‍ വന്നു പോകുന്നതിന് ഇയാള്‍ക്ക് ചെലവ് ഇരുപത് രൂപ. യാത്രക്കും ജീവിതത്തിനുമുള്ള ചെലവുകള്‍ തലശ്ശേരിയില്‍ വന്നിട്ട് വേണം ഇയാള്‍ക്ക് കിട്ടാന്‍. പിന്നെങ്ങനെ മമ്മദ്ക്കാക്ക് തലശ്ശേരി വിട്ടുപോകാന്‍ കഴിയും.
ഓര്‍മ്മകളുടെ അങ്ങേ അറ്റത്ത് മമ്മദ്ക്കയ്ക്ക് അറിയാവുന്നത് ഒരുനാള്‍ തലശ്ശേരിയിലേക്ക് വന്നുവെന്ന് മാത്രമാണ്. പണിയന്വേഷിച്ചായിരുന്നു യാത്രയെന്നും അറിയാം. അന്നത്തെ പതിനാലുകാരന് ഇന്നിലേക്കെത്തുമ്പോള്‍ എഴുപത്തിനാലാണ് പ്രായം. അന്ന് ജോലി കിട്ടുമെന്ന ഒരു പ്രതീക്ഷയായിരുന്നു കൈമുതല്‍. ഇന്നും ആ പ്രതീക്ഷയ്‌ക്കൊന്നും യാതൊരു മങ്ങലുമില്ല. തനിക്ക് ജീവിക്കാനുള്ള പണം കിട്ടിയേക്കും.
അക്കാലത്ത് ഓരോരുത്തരോടും ജോലി ചോദിച്ചു ആ കൗമാരക്കാരന്‍. ഒരു ചാന്‍സ് തരുമോ? ഒരു ചാന്‍സുണ്ടാകുമോ? അങ്ങനെ ചാന്‍സുകള്‍ ചോദിച്ചു നടന്ന അയാള്‍ തലശ്ശേരിക്ക് ചാന്‍സായി. മമ്മദ് എന്ന തന്റെ പേര് അയാളെപ്പോലെ തലശ്ശേരിയും മറന്നു. ഓര്‍മ്മകളൊന്നും വലുതായി സൂക്ഷിക്കാത്ത മമ്മദ്ക്കാക്ക് സ്വന്തം പേരും മറവിയിലേക്ക് മാഞ്ഞുപോയി.
എന്തൊക്കെയോ കുഞ്ഞു ജോലികളുമായി കുറേനാള്‍. അക്കാലത്ത് വല്ലപ്പോഴുമായിരുന്നു നാട്ടില്‍ പോയിരുന്നത്. തലശ്ശേരിയില്‍ തന്നെ കിടന്നുറങ്ങി. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന പുലര്‍ച്ചെകളില്‍ കിട്ടിയ ജോലികളൊക്കെ ചെയ്തു. അക്കാലത്തൊരിക്കലാണ് ബാലന്‍ മാഷെ പരിചയപ്പെട്ടത്. മമ്മദിന്റെ തലവര മാറ്റിയ പരിചയമായിരുന്നു അത്.

ചിത്രവിദ്യാര്‍ഥികളുടെ മോഡല്‍
കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ചിത്രകലാ അധ്യാപകനാണ് ബാലന്‍ മാഷ്. അദ്ദേഹം പറഞ്ഞിട്ടാണ് ഒരു നാള്‍ മമ്മദ് സ്‌കൂളിലെത്തിയത്. അവിടെ കുട്ടികള്‍ക്കുള്ള ലൈഫ് മോഡലായിരുന്നു അദ്ദേഹം. അക്കാലത്ത് നാരങ്ങാപ്പുറത്ത് 'മാടത്തിന്റെ' മുകളിലായിരുന്നത്രെ ചിത്രകലാ വിദ്യാലയം. പിന്നീടത് ചിറക്കരയിലേക്ക് മാറ്റി. എവിടെയായിരുന്നു സ്‌കൂളെന്ന വലിയ ഓര്‍മ്മകളൊന്നും ഈ മനുഷ്യനില്ല. എന്നാല്‍ അവിടെ വിജയന്‍ മാഷും കരുണന്‍ മാഷും സത്യന്‍ മാഷും വേണുമാഷുമുണ്ടെന്ന് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. പഠിച്ചു പോയവരെ ആരേയും ഓര്‍മ്മയില്ല. ആരെങ്കിലും മമ്മദ്ക്കയല്ലേയെന്നു ചോദിച്ചാല്‍ നിങ്ങല്‍ ചിത്രം വര പഠിച്ചിരുന്നല്ലേയെന്ന മറുചോദ്യം മാത്രമാണ് ഈ മനുഷ്യന്‍ ഉന്നയിക്കുക.
തിങ്കളും ചൊവ്വയുമാണ് മോഡലിന് ജോലിയുണ്ടാവുക. രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നീളുന്ന ജോലി. ഇതിന് എഴുപത് രൂപയായിരുന്നു പ്രതിഫലം കിട്ടിയിരുന്നത്. അനങ്ങാതെ നില്‍ക്കുന്ന മൂന്ന് മണിക്കൂര്‍. അങ്ങനെ വര്‍ഷങ്ങളോളം നിന്ന നില്‍പ്പില്‍ മമ്മദ് നിരവധി കുട്ടികള്‍ക്ക് മാതൃകയായി. അക്കാലത്ത് (ഇക്കാലത്തും) മലബാറിലെ ഏറെ ശ്രദ്ധേയമായ ചിത്രകലാ വിദ്യാലയമാണ് കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്. പ്രമേഹ രോഗം വര്‍ധിച്ചപ്പോള്‍ നിന്നനില്‍പ്പില്‍ ഉറങ്ങിത്തുടങ്ങിയപ്പോഴാണ് ലൈഫ് മോഡലില്‍ നിന്നും മമ്മദിനെ ഒഴിവാക്കിയത്.
തനിക്ക് മോഡലിന്റെ പണി വീണ്ടും കിട്ടിയാല്‍ തരക്കേടില്ലെന്ന അഭിപ്രായമുണ്ട് മമ്മദിന്. മാത്രമല്ല, തനിക്ക് എന്തെങ്കിലുമൊരു പെന്‍ഷന്‍ കിട്ടിയിരുന്നെങ്കില്‍ ആളുകളോടൊക്കെ ഇങ്ങനെ ചോദിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.

മോഡലിന്റെ അനുഭവങ്ങള്‍
പയ്യോളിയിലെ സൂപ്പിയുടേയും മറിയത്തിന്റേയും മൂന്ന് മക്കളില്‍ മൂത്തവന് ജീവിതത്തെ കുറിച്ച് അത്രയൊന്നും സ്വപ്നങ്ങളുണ്ടായിരുന്നില്ല. പടച്ചോനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് ഇയാള്‍ എന്നോ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഉപ്പയ്ക്ക് സിംഗപ്പൂരില്‍ പോകലായിരുന്നു പണിയെന്ന് മമ്മദിന് ഓര്‍മ്മയുണ്ട്. അന്ന് കുറച്ചു സ്ഥലമൊക്കെ വാങ്ങിച്ചിരുന്നു. പക്ഷെ, പിന്നീട് ഉപ്പ നാട്ടിലേക്ക് മടങ്ങി വന്ന് ദാരിദ്ര്യത്തിലേക്ക് ആണ്ടു പോയപ്പോള്‍ ഉപ്പയും ഉമ്മയുടെ ആങ്ങളയും ചേര്‍ന്ന് സ്ഥലമെല്ലാം വിറ്റെന്നും മമ്മദ്ക്ക ഓര്‍ത്തെടുക്കുന്നു. താമസിക്കുന്ന വീട് മാത്രമാണ് ഇപ്പോഴത്തെ സ്വത്ത്. അതുതന്നെ പണ്ട്, ഉപ്പ എടുത്തിട്ടത്. അവിടെ മമ്മദ്ക്കയും അനിയന്‍ പോക്കറും അനിയന്റെ ഭാര്യയും രണ്ട് മക്കളുമാണ് താമസം. സഹോദരി ഖദീസ മറ്റൊരു വീട്ടിലാണ്. രോഗിയായ തന്റേയും സഹോദരങ്ങളുടേയും ജീവിതത്തെ കുറിച്ച് മമ്മദ്ക്കയ്ക്ക് കുറേ പറയാനുണ്ട്.
രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് മമ്മദ്ക്ക. എന്നിട്ടെന്താ. രണ്ടുപേരും തന്നെ വിട്ടുപോയെന്ന് അദ്ദേഹം. എനിക്ക് പണിയൊന്നുമില്ലാലോ. എനിക്ക് ചിലവിനൊന്നും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ രണ്ടുപേരും തന്നെ വിട്ടുപോയി- മുഖഭാവത്തില്‍ മാത്രമല്ല, വാക്കുകളിലും നിസ്സംഗതയുണ്ടായിരുന്നു. അവരുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പോലും ഏറെ പണിപ്പെട്ടു അദ്ദേഹം. ഖദീശയും ഹലീമയുമായിരുന്നു തന്റെ ഭാര്യമാരുടെ പേരുകളെന്ന് കുറേ പണിപ്പെട്ട് അദ്ദേഹം ഓര്‍ത്തെടുത്തു.
ലൈഫ് മോഡലിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്രം വാര്‍ത്തകൊടുത്തപ്പോള്‍ തുടങ്ങിയതാണ് മമ്മദ്ക്കയുടെ നഷ്ടം. മോഡലല്ലേ, എത്ര പണം കിട്ടും ഓരോ തവണയും, ഈ പൈസയെല്ലാം ബാങ്കിലിട്ടിരിക്കുകയാണോ തുടങ്ങിയ കമന്റുകളായിരുന്നു ആളുകളില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നത്. ലക്ഷങ്ങളാണ് ഓരോ മോഡലും വാങ്ങിയിരുന്ന പ്രതിഫലമെന്ന് മമ്മദ്ക്കയ്ക്ക് അന്നുമറിയില്ല, ഇന്നുമറിയില്ല. ആളുകള്‍ തന്നെ 'മക്കാറാക്കുക'യാണെന്നാണ് ഈ മനുഷ്യന്‍ എല്ലായ്‌പോഴും വിചാരിക്കുന്നത്.
വഴിയരികിലെ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ചിരിച്ചും കളിച്ചും നില്‍ക്കുന്ന മോഡലുകള്‍ എത്ര പ്രതിഫലം വാങ്ങുന്നുണ്ടെന്ന് മമ്മദ്ക്കയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതം ആഢംബര മാസികകള്‍ കവര്‍ സ്റ്റോറിയാക്കുന്നുണ്ടെന്നും ഇയാള്‍ക്കറിയില്ല. അവരൊക്കെ അനുഭവിക്കുന്ന ടെന്‍ഷനുകളെ കുറിച്ച് മാസികകള്‍ വല്ലാതെ വ്യാകുലപ്പെടുമ്പോള്‍ ഇവിടെയൊരാള്‍ക്ക് ജീവിതത്തെ കുറിച്ചു തന്നെ ബേജാറുകളില്ല.
പണ്ട് പണ്ടൊരു കാലത്ത്, പത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഉയരമേറിയ സ്റ്റൂളില്‍ വടിയും കുത്തിപ്പിടിച്ച് മമ്മദ്ക്ക നിന്നിരുന്നു. അന്ന് ചിത്രം വര പഠിക്കാനെത്തിയ കുറേ കുട്ടികള്‍ അയാളെ കടലാസുകളിലേക്ക് പകര്‍ത്തിയിരുന്നു. മടക്കിക്കുത്തിയ മുണ്ടും കുപ്പായമിടാത്ത ശരീരവും മനുഷ്യ ശരീര വര പഠനത്തിനുള്ള മാര്‍ഗ്ഗമായിരുന്നു. ഫൈനാര്‍ട്‌സില്‍ രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ പഠനമാണ് ശരീരം വരയ്ക്കല്‍. മമ്മദ്ക്കയുടെ ശരീരം വരച്ചു പഠിച്ച കുട്ടികളില്‍ കുറേപേര്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരോ ചിത്രകാരന്മാരോ ആണ്. വല്ലപ്പോഴുമൊക്കെ തലശ്ശേരിയിലൂടെയുള്ള യാത്രകളില്‍ അവര്‍ മമ്മദ്ക്കയെ കണ്ടുമുട്ടാറുണ്ട്. അപ്പോഴൊക്കെ സ്‌നേഹത്തോടെ അടുത്തു വന്ന് കുശലം പറയും. ചായ കുടിക്കാനായി എന്തെങ്കിലും കാശും നല്കും. ഇങ്ങനെ ആരെങ്കിലും സ്‌നേഹത്തോടെ കൊടുക്കുന്ന ചില്ലറകളിലാണ് മമ്മദ്ക്കയുടെ ജീവിതം.
വൈകിട്ട് തലശ്ശേരിയില്‍ നിന്നും പയ്യോളിയിലെ വീട്ടിലേക്ക് പോകുമ്പോള്‍ എന്തെങ്കിലും വാങ്ങണം. വീട്ടില്‍ വയ്യാതെ ഇരിക്കുന്ന അനിയനുണ്ട്. തൊട്ടടുത്ത് സുഖമില്ലാതെ കിടക്കുന്ന അനിയത്തിയുണ്ട്. മമ്മദ്ക്കയുടെ ജീവിതത്തില്‍ വരയോ വര്‍ണ്ണമോ ഇല്ലെങ്കിലും ഇയാള്‍ കുറേ പേരുടെ വര നിര്‍ണ്ണയിച്ചിട്ടുണ്ട്. തലവരയും ജീവതവരയും... അതുതന്നെ ഇയാളുടെ ജീവിതം.

ചിത്രങ്ങള്‍: റിയാസ് തലശ്ശേരി

അഭിപ്രായങ്ങള്‍

  1. As-salaamu Alaykum mujeeb,

    Your article about mammadka was interesting. I used to go to chirakkara arts school when I was in school and remember how he used to stand day long. I remember karunakaran sir and venu sir, who were guides to school children. When I saw the photo in your blog I remembered him, and then from your article got full details about his story. Feel pity to know about his state now..

    With Regards,
    Shafeek,
    ShaPlus Software,
    http://www.shaplus.com

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍