Wednesday, July 28, 2010

മലര്‍വാടി ആര്‍ട്‌സ് ക്ലബ്


മലര്‍വാടി എന്ന വാക്ക് വല്ലാത്തൊരു ഗൃഹാതുരയാണ്. ഒന്നുമില്ല. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് സ്ഥിരമായി വായിച്ചിരുന്ന കുട്ടികളുടെ മാസികയുടെ പേര് അതായിരുന്നു. മൂസപ്പോലീസും പൂച്ചപ്പോലീസും പിന്നീട് പട്ടാളം പൈലിയുമൊക്കെ മനസ്സില്‍ കൂടുകൂട്ടിയ കാലം. കൗമാര കാലത്ത് മലര്‍വാടി ബാലസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചതും ആ ഗൃഹാതുരതയുടെ കാരണമാകാം. അതിന്റെ പശ്ചാതലത്തിലാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം കണ്ടത്.
ചലച്ചിത്ര താരം ശ്രീനിവാസന്റെ മകന്‍ വിനീതിന്റെ (ഉത്തര മലബാറിലെ മൂന്നാം വിനീത്) വളര്‍ച്ച മറ്റു രണ്ടു വിനീതുമാരേയും പോലെ ഞാന്‍ നേരിട്ടു കാണുന്നുണ്ടായിരുന്നല്ലോ. ഒന്നാം വിനീതിനേയും രണ്ടാം വിനീതിനേയും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, മൂന്നാം വിനീത് എന്റെ കൂടി പേനയ്ക്കു മുമ്പിലൂടെയാണ് വളര്‍ന്നു പോയത്.
ചലച്ചിത്ര നിരൂപകന്മാരേയും വിമര്‍ശകരേയും പോലെ ഒരു ചിത്രത്തെ ഫ്രെയിം ടു ഫ്രെയിമായും ഷോട്ട് ബൈ ഷോട്ടായും സീന്‍ ബൈ സീനായും മറ്റൊരു ആങ്കിളില്‍ വീക്ഷിച്ചും പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുമൊന്നും മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനെ നിരൂപിക്കാന്‍ ഞാനില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തെ ഒരു തലശ്ശേരിക്കാരന്റെ കാഴ്ചയില്‍ കാണാനാണ് എനിക്കിഷ്ടം.
തലശ്ശേരിക്കടുത്തുള്ള മനശ്ശേരി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തലശ്ശേരി ഉത്തര മലബാറിലാണെങ്കിലും ചിത്രത്തില്‍ തിരുവനന്തപുരവും കൊച്ചിയും മനശ്ശേരിയും തലശ്ശേരിയുമൊക്കെ ഏകദേശം അടുത്തടുത്തുള്ള പ്രദേശങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവിടെ സ്ഥലകാലങ്ങള്‍ക്ക് പ്രസക്തിയില്ല. കഥയും കഥാപാത്രങ്ങളുമാണ് താരം.
മനശ്ശേരിയിലെ അഞ്ച് യുവാക്കളാണ് പ്രധാന കഥാപാത്രങ്ങള്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ് അവര്‍. ലേബര്‍ പാര്‍ട്ടി (സി പി എം?) പ്രവര്‍ത്തകര്‍ കൂടിയാണ് യുവാക്കള്‍. ലേബര്‍ പാര്‍ട്ടിയുടെ ഹര്‍ത്താലിന് കെ എസ് എസിന്റെ (ആര്‍ എസ് എസ്?) സഹായത്തോടെ കട തുറക്കാനെത്തിയവന്റെ സ്‌കൂട്ടര്‍ കത്തിച്ചു കളയുന്നുണ്ട് മലര്‍വാടി സംഘം.
തലശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലേയും സി പി എം- ആര്‍ എസ് എസ് സംഘര്‍ഷത്തെ കൃത്യമായ അളവില്‍ വരച്ചു ചേര്‍ക്കാനും എന്നാല്‍ കാഴ്ചക്കാരന് രാഷ്ട്രീയ സന്ദേഹങ്ങളില്ലാതെ ചിത്രം കണ്ടിരിക്കാനുമുള്ള അനുപാതത്തിലാണ് വിനീത് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ഒരു സിനിമ പോലെ അവസാനം എന്താകുമെന്ന് ആദ്യമേ തന്നെ പ്രേക്ഷകന് തിരിച്ചറിയാന്‍ കഴിയുന്നതു പോലെ മലര്‍വാടിയുടെ കഥാഗതിയിലും എന്താണ് സംഭവിക്കുകയെന്ന് മനസ്സിലാക്കാനാവുന്നുണ്ട്. എങ്കിലും രചനയും സംവിധാനവും നിര്‍വ്വഹിച്ച വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പ്രധാന കഥാപാത്രങ്ങളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളായതിനാല്‍ അതിനെയൊക്കെ മറക്കാവുന്നതേയുള്ളു. നെടുമുടി വേണു, ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനിവാസന്‍ എന്നിവര്‍ മാത്രമാണ് സിനിമയിലെ പതിവു മുഖങ്ങള്‍. മറ്റെല്ലാവരും വെള്ളിത്തിരയിലെ പുതിയ മുഖങ്ങളാണ്.
ഒറ്റപ്പാലത്തും പാഞ്ഞാളിലുമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് ചിത്രീകരിച്ചതെങ്കിലും തലശ്ശേരി, കണ്ണൂര്‍, മാഹി പ്രദേശങ്ങള്‍ സിനിമയില്‍ മികച്ച രീതിയില്‍ കടന്നു വരുന്നുണ്ട്. ഈ പ്രദേശങ്ങളിലെ സുന്ദരമായ ഭാഗങ്ങള്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മൊയ്തു പാലവും മുഴപ്പിലങ്ങാട് പാലവും മാഹി പാലവുമൊക്കെ ഗാനചിത്രീകരണത്തില്‍ സുന്ദരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് വിനീത്. മാഹിയെ മദ്യത്തിന്റെ പേരില്‍ മഹത്വവത്ക്കരിക്കാന്‍ ശ്രമിച്ചതുമാത്രമാണ് ഈ ചിത്രത്തോടുള്ള വിയോജിപ്പ്.
തലശ്ശേരി ഭാഗത്തുള്ള പ്രാദേശിക ഭാഷയില്‍ ഒരു പാട്ടുപോലുമുണ്ട് ഈ ചിത്രത്തില്‍. മംഗലം കൂടാനുള്ള ചങ്ങായിമാരുടെ പാട്ട് വരികള്‍കൊണ്ടും ചിത്രീകരണം കൊണ്ടും ശ്രദ്ധേയമായി. ഒടുവില്‍ തലശ്ശേരി മഹോത്സവത്തോടെയാണ് സിനിമ അവസാനിക്കുന്നത്.
സത്യം പറയട്ടെ, ഒരു തലശ്ശേരിക്കാരന്‍ എന്ന നിലയില്‍ വിനീത് ശ്രീനിവാസനോട് ആദരവാണ് തോന്നിയത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് വിനീതിന് കഴിഞ്ഞു. മാത്രമല്ല. വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ സ്വന്തം നാടിനേയും നാട്ടുകാരേയും മറന്നില്ല, ഈ പയ്യന്‍. അച്ഛനെ പോലെ തന്നെ ഈ മകനും.
വിനീത് ശ്രീനിവാസനും വിജയ് യേശുദാസിനുമൊന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടതില്ല. കാരണം അവര്‍ക്കു കൂടി വേണ്ടിയുള്ള ബുദ്ധിമുട്ടുകള്‍ അവരുടെ പിതാക്കന്മാര്‍ പണ്ട് അനുഭവിച്ചിട്ടുണ്ട്. എങ്കിലും, പിതാവിന്റെ വഴികളില്‍ നിന്നും വ്യത്യസ്തനാകാന്‍ വിനീത് ശ്രമിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍.

3 comments:

  1. വെറും ഭോഷ്കു,തലശ്ശേരിയെക്കുറിച്ചു പറഞ്ഞു,അല്ലങ്കി ഷൂട്ടു ചെയ്തു എന്നതിനര്‍ഥം നല്ല സിനിമ എന്നാണോ...., എനിക്കറിയില്ല. വലിയ ഒരു പ്രകടനമൊന്നും പ്രതീക്ഷിക്കേണ്ട,അച്ചന്റെ നിഴലില്‍ കുറച്ചു കാലം. മകന്‍ സിനിമയില്‍ പാടിയതു അറിഞ്ഞില്ല എന്ന് അച്ചനും, അച്ചന്‍ അറിഞ്ഞിരുന്നെങ്കില്‍ സമ്മതിക്കില്ലയിരുന്ന് എന്നു മകനും,(കാലം 2003, സിനിമ കിളിചുണ്ടന്‍ മാന്‍ബഴം) ഒരു കാലത്തു പറഞ്ഞു നടന്നിരുന്നു രണ്ടു പേരും. എന്തായാലും,അതിന്നും വിശ്വസിക്കന്‍ എന്നെക്കിട്ടില്ല....

    ReplyDelete
  2. പറഞ്ഞത് നല്ല സിനിമ എന്നല്ല, തലശ്ശേരിക്കാരന്റെ കാഴ്ചയില്‍ കാണുന്നു എന്നുമാത്രമാണ്.

    ReplyDelete
  3. അങ്ങനെ ഞാന്‍ കണ്ടു....നിങ്ങളൊക്കെ കൊട്ടിഘൊഷിച്ച മലര്‍വാടി ആര്‍റ്റ്സു ക്ളബു....പയ്യന്‍ ആദ്യം തന്നെ മറ്റു സിനിമകളുടെ കോപ്പിയാണെന്നു തുറന്നു സമ്മതിച്ചതിനാല്‍ , ആ വിഷയത്തില്‍ ഞാനൊന്നും പറയുന്നില. പിന്നെ സിനിമ, അടിത്തറ ഇല്ലാത്ത കഥാപാത്രങ്ങളും വളരെ സാധാരണ കഥാ സന്ദര്‍ഭങ്ങളും...പിന്നെ ക്ലയ്മാക്ക്സ്, റോക്കോണ്‍ എന്ന ഹിന്ദി സിനിമയുടെ വികലമായ അനുകരണം. വെറുതെ പറയുന്നതല്ല, മലര്‍വാടി ഒരു നല്ല സിനിമയല്ല, അതിനെ അനാവശ്യമായി പുകഴ്ത്തി , എന്തെങ്കിലും കഴിവു വിനീതില്‍ സംവിധായകന്‍ എന്ന രീതിയില്‍ ഉണ്ടെങ്കില്‍ വെറുതെ എല്ലാവരും കൂടി നശിപ്പിക്കേണ്ട.....സംവിധാനം എന്നു പറയുന്നത് സ്റ്റാര്‍ട്ട് കട്ട് ആക്ഷന്‍ പറയല്‍ അല്ല...

    ReplyDelete

Followers

About Me

My photo
thalassery, muslim/ kerala, India