2515 തിരുവനന്തപുരം-ഗോഹട്ടി സൂപ്പര്‍ഫാസ്റ്റ്





''യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ഗോഹട്ടി വരെ പോകുന്ന 2515ാം നമ്പര്‍ തിരുവനന്തപുരം- ഗോഹട്ടി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് 12 മണി 45 മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറപ്പെടുന്നതാണ്''. അനൗണ്‍സ്‌മെന്റ് മലയാളത്തിലാണെങ്കിലും ഈ തീവണ്ടിയില്‍ പോകാനുള്ള യാത്രക്കാര്‍ ഏറെയും മലയാളികളല്ല. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നതു മുതല്‍ സൂചികുത്താന്‍ ഇടമില്ലാതെ യാത്ര തുടങ്ങുന്ന ഒരു തീവണ്ടിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്.
''പറഞ്ഞല്ലോ, എന്റെ പേര് തിരുവനന്തപുരം- ഗോഹട്ടി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. ഇത് ഗോഹട്ടിയിലേക്കുള്ള യാത്ര. ഞായറാഴ്ചകളില്‍ എന്റെ പതിവ് ഷെഡ്യൂള്‍ ഉച്ചക്ക് 12.45നാണ്. ഇവിടുന്ന് പുറപ്പെട്ട് നാലാം ദിവസം അതായത് ബുധനാഴ്ച പുലര്‍ച്ചെ 5.50ന് ഗോഹട്ടിയിലെത്തും. അസമിലെ മഞ്ഞും തണുപ്പും മഴയും വെള്ളപ്പൊക്കവും വരള്‍ച്ചയുമൊക്കെ ഏറ്റ് അവിടെ തന്നെ കിടക്കാമെന്നും കിതപ്പകറ്റാമെന്നും കരുതിയെങ്കില്‍ തെറ്റി. രാവിലെ ആറര മണിയോടെ ഗോഹട്ടി സ്റ്റേഷനോട് വിട പറഞ്ഞ് തിരുവനന്തപുരത്തേക്ക് മടക്കയാത്ര തുടങ്ങണം. പക്ഷേ, പോകുന്നതിനേക്കാള്‍ ഒരു സുഖമുള്ളത് വെള്ളിയാഴ്ചയോടെ മടങ്ങിയെത്താമെന്നാണ്. പിന്നെ രണ്ടു ദിവസം പൂര്‍ണ്ണ വിശ്രമം.
തിരുവനന്തപുരത്തു നിന്നും 51 സ്റ്റേഷനുകളുടെ ഹൃദയത്തുടിപ്പും ഹൃദയമിടിപ്പും കണ്ണീര്‍ കാഴ്ചകളുമൊക്കെ കണ്ട് 3552 കിലോമീറ്ററുകള്‍ താണ്ടിയാണ് ഗോഹട്ടിയിലെത്തേണ്ടതെങ്കില്‍ തിരിച്ചു വരുമ്പോള്‍ 49 റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമേ സ്റ്റോപ്പുള്ളു. മാത്രമല്ല 3540 കിലോമീറ്റര്‍ ഓടിയാല്‍ മതി. ഞാന്‍ ഒരല്‍പ്പം തിക്കും തിരക്കുമുള്ള തീവണ്ടിയാണേ. എന്റെ റിസര്‍വേഷന്‍ നില അറിയണോ. എങ്കില്‍ കേട്ടോളു സ്ലീപ്പല്‍ ക്ലാസ്സില്‍ ഒരു സീറ്റ് പോലും ഒഴിവില്ല. വെയിറ്റിംഗ് ലിസ്റ്റ് ആവട്ടെ 300 വരെ എത്തി നില്‍ക്കുന്നുമുണ്ട്. എ സി കോച്ചിന്റെ കാര്യവും ഏകദേശം ഇങ്ങനെതന്നെ. വെയിറ്റിംഗ് ലിസ്റ്റില്‍ ചെറിയ കുറവുണ്ടെന്ന് മാത്രം. അന്‍പതും എഴുപതും പേരൊക്കെയേ ഓരോ ആഴ്ചയും എയര്‍കണ്ടീഷനു വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുള്ളു.
ഗോഹട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയും ഇതുപോലെ തന്നെയാണേ. സ്ലീപ്പര്‍ ക്ലാസ്സില്‍ വെയിറ്റിംഗ് ലിസ്റ്റ് 202 വരെയൊക്കെ ആയിട്ടുണ്ട്. എ സി കോച്ചിലാകട്ടെ അന്‍പതും എഴുപതുമൊക്കെത്തന്നെയാണ് കണക്ക്.
അതേയ്, ഞാന്‍ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല. എന്റെ ഓട്ടത്തിന്റേയും യാത്രക്കാരുടേയും തിരക്കിനെ കുറിച്ച് സൂചിപ്പിച്ചെന്നേയുള്ളു. വണ്ടീ, വണ്ടീ നിന്നെ പോലെ വയറിലെനിക്കും തീയാണേ എന്ന പാട്ടുകേട്ടിട്ടില്ലേ, അതുപോലെ വയറിലും നെഞ്ചിലും നിറയെ തീയുമായി കുറേ യാത്രക്കാര്‍ എന്റെ ഉള്ളിലുണ്ട്. അവരെയൊന്ന് പരിചയപ്പെടാം''

രബിയും പരീഖും കഥ പറയുന്നു

രബിയേയും പരീഖിനേയും പിന്നെ അതുപോലുള്ള നാലോ അഞ്ചോ പേരും സുഖമായി നില്‍ക്കുന്നതുകണ്ടാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗോഹട്ടി എക്‌സ്പ്രസ് നിര്‍ത്തിയ ഇടവേളയ്ക്കിടയില്‍ പരിചയപ്പെട്ടത്. യാത്രക്കാരെ കുത്തിനിറച്ചുള്ള ജനറല്‍ ബോഗിയില്‍ ഇവര്‍മാത്രം എങ്ങനെ ഇത്ര സുഖമായി നില്‍ക്കുന്നു എന്ന അത്ഭുതക്കാഴ്ചയാണ് അവരിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. പിന്നീടാണ് മനസ്സിലായത് തീവണ്ടിയുടെ കക്കൂസിനകത്താണ് ഇഷ്ടന്മാരുടെ നില്‍പ്പ്. ഇനി മൂന്ന് ദിവസത്തേക്ക് തീറ്റയും കുടിയും കിടപ്പുമെല്ലാം ഇവിടെതന്നെ. കക്കൂസിന്റെ ജനല്‍ മറ പൊളിച്ചെടുത്ത് ക്ലോസറ്റിനു മുകളില്‍ അടപ്പാക്കിയിട്ടുണ്ട് വിരുതന്മാര്‍.
അറിയുന്ന ഹിന്ദിയും അറിയാത്ത മലയാളവുമെല്ലാം കൂട്ടിക്കലര്‍ത്തി അവര്‍ തങ്ങളുടെ കഥ പറഞ്ഞു: ''തിരുവനന്തപുരത്തു നിന്നാണ് കയറിയത്. കൊല്‍ക്കത്തയിലേക്ക് പോകുന്നു. ഇവിടെ മേസ്ത്രിപ്പണിയാണ്. നാട്ടിലേക്ക് 320 രൂപയാണ് ടിക്കറ്റ്. റിസര്‍വ്വേഷനൊന്നും കിട്ടിയില്ല. (കിട്ടിയാലും റിസര്‍വ്വേഷന്‍ എടുക്കുമോ? സംശയമാണ്. ജനറല്‍ ബോഗിയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റു തന്നെ ഉണ്ടോ എന്നകാര്യ സംശയം.) ഇനി മൂന്ന് ദിവസം ഇതിനകത്ത് കഴിയും. ചിക്കന്‍ ബിരിയാണി കഴിക്കുന്നതും കാപ്പി കുടിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഇവിടെ തന്നെ.''
സംസാരിക്കുന്നതിനിടയില്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും പ്ലാറ്റ്‌ഫോമിലിറങ്ങിയ ഒരു ബംഗാളി യാത്രക്കാന്‍ താനും നിങ്ങളോടൊപ്പം കക്കൂസില്‍ കൂടിക്കോട്ടേ എന്നു ചോദിക്കുന്നുണ്ടായിരുന്നു. കമ്പാര്‍ട്ട്‌മെന്റിന്റെ ഫുട്‌ബോര്‍ഡിലാണ് യാത്ര ചെയ്യുന്നതെന്നും അവന്‍ മറ്റുള്ളവരോട് കെഞ്ചുന്നത് കേട്ടു. പക്ഷേ, ആദ്യമേ സ്ഥലം ഉറപ്പിച്ചവര്‍ പുതിയ ആളുകളെ സ്വീകരിക്കാന്‍ തയ്യാറില്ലായിരുന്നു.
തിരുവനന്തപുരത്തെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി എത്തുന്നതിനു മുമ്പേ തിരക്ക് തുടങ്ങിയിരുന്നു. അസമികളും ബംഗാളികളുമെല്ലാം ബാഗും ഭാണ്ഡവും മുറുക്കി കാത്തുനിന്നത് എന്തിനാണെന്ന് മനസ്സിലായത് പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിടാന്‍ പന്ത്രണ്ടരയോടെ പിറകോട്ടടിച്ച് തീവണ്ടി വന്നപ്പോഴായിരുന്നു. നിര്‍ത്താന്‍ തയ്യാറെടുക്കുന്ന തീവണ്ടിയിലേക്ക് കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന പോലെ അസമി, ബംഗാളി യാത്രക്കാര്‍ ചാടിക്കയറി. ഓരോരുത്തരും സ്വന്തം സ്ഥലം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു. യാത്ര മൂന്നോ നാലോ ദിവസം നീളും. അത്രയും നാള്‍ കൂനിക്കൂടി ഇരിക്കുന്നത് എങ്ങനെയാണാവോ.
ആദ്യം കയറിയവര്‍ മല്ലന്‍മാരും മാധേവന്‍മാരുമായിരുന്നു. അവര്‍ തങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമുള്ള സ്ഥലം കണ്ടെത്തി. പിറകെ എത്തിയവര്‍ക്ക് കമ്പാര്‍ട്ട്‌മെന്റില്‍ ഒരുകാലെങ്കിലും കുത്തി നില്‍ക്കാന്‍ കഴിഞ്ഞാല്‍ മതി എന്നായിരുന്നു. തിക്കിത്തിരക്കി നില്‍ക്കുന്നവരുടെ മുകളില്‍ പിന്നേയും ഒരു അട്ടി. യാത്രയുടെ 'സുഖം' അറിയണമെങ്കില്‍ ഗോഹട്ടി സൂപ്പര്‍ഫാസ്റ്റിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറണം. അസം, ബംഗാള്‍ യാത്രക്കാരെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് തള്ളിക്കയറ്റാനും നിയന്ത്രിക്കാനും റെയില്‍വേ പൊലീസ് വല്ലാതെ പാടുപെടുന്നുണ്ട്. തിരുവനന്തപുരത്ത് മാത്രമല്ല, കൊല്ലത്തും കോട്ടയത്തും എറണാകുളത്തുമെല്ലാം ഇത് ആവര്‍ത്തിച്ചു.
ബംഗാളിലും അസമിലും കുറഞ്ഞ കൂലിക്ക് തൊഴിലെടുത്തിരുന്നവരാണ് കേരളമെന്ന 'സ്വര്‍ഗ്ഗരാജ്യത്തിലേക്ക്' തീവണ്ടി കയറി വന്നത്. അവിടെ എഴുപത്തി അഞ്ചോ നൂറോ രൂപ കൂലി കിട്ടുമ്പോള്‍ കേരളത്തില്‍ അത് മൂന്നോ നാലോ ഇരട്ടിയാണ്. അതുകൊണ്ടുതന്നെയാണ് അറേബ്യന്‍ ഗള്‍ഫില്‍ സ്വപ്നങ്ങള്‍ വിതക്കാനും കൊയ്യാനും പോയവരുടെ നാട്ടിലേക്ക് അസമില്‍ നിന്നും ബംഗാളില്‍ നിന്നുമൊക്കെ അഭയാര്‍ഥികളെ പോലെ അവര്‍ എത്തിയത്. ഇവിടെ മേസ്ത്രിയേയും പെയിന്ററേയും കല്‍പ്പണിക്കാരനേയും ആശാരിപ്പണിക്കാരനേയും ബാര്‍ബറേയുമൊന്നും കിട്ടുന്നില്ലെന്ന് ആരാണാവോ ഇവര്‍ക്കെല്ലാം പറഞ്ഞു കൊടുത്തത്.
പറഞ്ഞുകേട്ട അറിവുകള്‍ വെച്ചാണ് പലരും അസമില്‍ നിന്നും ബംഗാളില്‍ നിന്നുമെല്ലാം കേരളത്തിലെത്തിയത്. ഒറ്റക്ക് ഒറ്റക്ക് വന്നവര്‍ക്കെല്ലാം ഇവിടെ പണിയും പണവും കിട്ടിയപ്പോള്‍ ചിലരെല്ലാം ഭാര്യയേയും മക്കളേയും ഇങ്ങോട്ടേക്ക് കൂട്ടി. കുടുംബ സമേതം ഉള്ളവര്‍ പോലും യാത്രക്ക് തെരഞ്ഞെടുത്തത് തിങ്ങി നിറഞ്ഞ് വിയര്‍പ്പ് നാറ്റവും ബീഡിപ്പുകയും പാന്‍ മണവുമുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ തന്നെയായിരുന്നു. ഒറ്റക്ക് പണി തേടി വന്നവര്‍ തങ്ങളുടെ നാട്ടുകാരെ കണ്ടെത്തി കൂട്ടുകൂടിയത് വളരെ പെട്ടെന്നായിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന ഓരോ വ്യക്തിയേയും യാത്രയയക്കാന്‍ കൂട്ടുകാരുടെ പട തന്നെയാണ് ഓരോ റെയില്‍വേ സ്റ്റേഷനുകളിലും എത്തിച്ചേര്‍ന്നിരുന്നത്. വണ്ടി പുറപ്പെടുവോളം അസമീസിലും ബംഗാളിയിലും കൂട്ടുകാര്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഇവരെല്ലാം നാട്ടിലേക്ക് മടങ്ങുന്നത്. ഗോഹട്ടി സൂപ്പര്‍ഫാസ്റ്റ് എന്ന ഒറ്റത്തീവണ്ടിയെ മാത്രമാണ് പലപ്പോഴും യാത്രക്ക് ഇവര്‍ ആശ്രയിക്കുന്നത്. ചെന്നൈ വരെ ഒരു തീവണ്ടിയും അതിനപ്പുറത്തേക്ക് ഒന്നോ രണ്ടോ തീവണ്ടികളും എന്ന സങ്കല്‍പ്പമൊന്നും ഇവര്‍ക്കാര്‍ക്കുമില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി എങ്ങനെ അട്ടിയട്ടിയായി ഇരുന്നും നിന്നും യാത്ര ചെയ്യുമെന്നും ഇവരാരും ചിന്തിക്കാറില്ല. മുഷിഞ്ഞുനാറിയ കുറേ ബോഗികള്‍ ഗോഹട്ടിയിലും അവിടുന്ന് തിരുവനന്തപുരത്തും എത്തുന്ന കാര്യം മാത്രമായിരിക്കും റെയില്‍വേ അറിയുന്നുണ്ടാവുക. നീണ്ട മൂന്നു ദിവസക്കാലം ഒരു ടിക്കറ്റ് പരിശോധനകന്‍ പോലും അസമികളും ബംഗാളികളും തിങ്ങിനിറഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നുണ്ടാവില്ല. സൂചി കുത്താന്‍ ഇടമില്ലാത്തിടത്ത് എക്‌സാമിനര്‍ക്ക് പ്രസക്തി ഇല്ലല്ലോ. ടിക്കറ്റ് പരിശോധകരാരും വരില്ലെന്ന വിശ്വാസം തന്നെയായിരിക്കണം ഒരുനൂറ് കഷ്ടപ്പാടുകള്‍ സഹിച്ചും ഈ തീവണ്ടിയില്‍ തന്നെ യാത്ര ചെയ്യാന്‍ ഇവരെയെല്ലാം പ്രേരിപ്പിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍