Friday, July 30, 2010

കവിത പെയ്യുന്ന വീട്ടില്‍ ഷുക്കൂറും ആയിഷയുമുണ്ട്


മീന്‍ വില്‍പ്പനക്കാരന്റെ കുടുംബത്തിന്റെ ദിവസം ആരംഭിക്കുന്നത് വെളുപ്പിന് മൂന്നര മണിക്കോ നാലു മണിക്കോ ആയിരിക്കും. ഇരിക്കൂറിലെ ഷുക്കൂര്‍ പെടയങ്ങോടിന്റെ ജീവിതവും ആരംഭിക്കുന്നത് ആ സമയത്തു തന്നെയാണ്. ഭാര്യ ആയിഷയും നാലു മക്കളും അടങ്ങുന്ന ഷുക്കൂറിന്റെ കുടുംബം. ഇരിക്കൂര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട 10 വിദ്യാര്‍ഥികളും പഠിച്ചിരുന്ന നാരായണ വിലാസം എ എല്‍ പി സ്‌കൂളിനു മുമ്പിലെ ചെമ്മണ്‍ പാതയിലൂടെ കുറച്ചു ദൂരം പോയാല്‍ കാണുന്ന ചെത്തിത്തേക്കാത്ത വീട്ടില്‍ ഷുക്കൂര്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നു. സമ്പാദ്യങ്ങളില്ലെങ്കിലും ആ വീട്ടിന് സമാധാനമുണ്ടെന്ന് കാണുന്ന മാത്രയില്‍ ആരും തിരിച്ചറിയും. പുലര്‍ച്ചെ നാലു മണിയോടെ പ്ലാസ്റ്റിക്ക് പെട്ടിയുമായി കണ്ണൂരിലെ ആയിക്കരയിലേക്ക് പോകുന്ന ഷുക്കൂര്‍ മീനെല്ലാം വിറ്റ് ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തുക. ആയിക്കരയില്‍ നിന്നും കുട്ട നിറയെ മീനുമായി ഇരിക്കൂറില്‍ മടങ്ങിയെത്തിയാല്‍ പിന്നെ പത്തു കിലോമീറ്ററോളം കയറ്റിറക്കങ്ങളിലൂടെ നടത്തം. മീനേ... കൂയ്..... ഷുക്കൂറിന്റെ ശബ്ദം ഇരിക്കൂറിലെ വഴികളില്‍ മുഴങ്ങുമ്പോള്‍ ഏതൊക്കെയോ വീടുകള്‍ക്കു മുമ്പില്‍ വീട്ടമ്മമാര്‍ കാത്തുനില്‍ക്കുന്നുണ്ടാകും. അയിലയായാലും മത്തിയായാലും അയക്കൂറയായാലും അവരുടെ വീടുകളില്‍ ഷുക്കൂറിന്റെ പെട്ടിയിലെ മീനാണ് കറിവെക്കുക.
ഇരിക്കൂറിലെ പാതയോരങ്ങളില്‍ മാത്രമല്ല കണ്ണൂരിന്റെ ആകാശവീഥികളിലും ചിലപ്പോഴെങ്കിലും ഷുക്കൂറിന്റെ ശബ്ദമുണ്ടാകാറുണ്ട്. കണ്ണൂര്‍ ആകാശവാണിയില്‍ ഷുക്കൂര്‍ കവിതകള്‍ ആലപിക്കാറുണ്ട്. ആഴങ്ങളിലെ ജീവിതമെന്ന പേരില്‍ ഷുക്കൂര്‍ പെടയങ്ങോടിന്റെ കവിതാ സമാഹാരം പായല്‍ ബുക്‌സ് ഈയ്യിടെയാണ് പുറത്തിറക്കിയത്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഷുക്കൂറിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008ലെ അറ്റലസ് കൈരളി കവിതാ പുരസ്‌ക്കാരം നേടിയിരുന്നു ഷുക്കൂര്‍.
ഭാര്യ ആയിഷയെ പോലെ മക്കളായ താഹി എന്ന താഹിറും ആറ്റബിയെന്ന തഫ്‌സീറയും ഇക്കു എന്ന ഇക്ബാലും ബാവയെന്ന ബഷീറും ഷുക്കൂറിന്റെ കവിതാ നിരൂപകരാണ്. ഷുക്കൂര്‍ എഴുതുന്ന കവിതകളുടെ ആദ്യ വായനക്കാരിയാണ് ആയിഷ. ബാപ്പ എഴുതിയ കവിതകള്‍ പുസ്തകത്തിലേക്ക് പകര്‍ത്തുന്ന ജോലി തഫ്‌സീറക്കാണ്. മുമ്പ് കവിതകള്‍ സൂക്ഷിക്കേണ്ടുന്ന ജോലി ആയിഷക്കായിരുന്നു.
വീട്ടിനു മുമ്പിലെ ചെറിയ സ്ഥലത്ത് പൂക്കളുടേയും പച്ചക്കറികളുടേയും ചെടികള്‍. വീട്ടിനു മുമ്പിലെ വാതിലില്‍ ചെറിയ ചെറിയ പൂക്കളുടെ ചിത്രം. വീട്ടുകാരുടെ മനസ്സുപോലെ എല്ലായിടത്തും പൂക്കള്‍ മയം.

ഷുക്കൂറിന്റെ ജീവിതം
ആറാം ക്ലാസ്സില്‍ രണ്ട് മാസം മാത്രം പോയതാണ് ഷുക്കൂറിന്റെ വിദ്യാഭ്യാസ ചരിത്രം. പഠിത്തം നിര്‍ത്തിയ കാലത്ത് കശുവണ്ടി പെറുക്കി വില്‍ക്കലായിരുന്നു ഷുക്കൂറിന്റെ ആദ്യജോലി. പിന്നീട് മണ്ണ് ചുമക്കലായി പണി. അതിനു ശേഷം കൈക്കോട്ട് പണിയും കല്ലുകൊത്തു പണിയുമായി. കല്ലുകൊത്താന്‍ യന്ത്രം വന്നതോടെ പണി പോയി. കല്ലുതട്ടലായി അതിനു ശേഷം ജോലി. അതിനിടയില്‍ പൊടിയും കാറ്റും ചൂടും വെയിലുമടിച്ച് ടൈഫോയ്ഡ് ബാധിച്ച് കിടപ്പിലായി. മാസങ്ങള്‍ക്കു ശേഷം അസുഖം മാറിയപ്പോള്‍ ചെയ്യാന്‍ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ജീവിതം പ്രതിസന്ധിയിലായെന്ന് തോന്നിയപ്പോഴാണ് ആദ്യം ടൗണില്‍ പോയി മീന്‍ വാങ്ങി വില്‍പ്പന നടത്തിയത്. പിന്നീട് മീന്‍ വില്‍പ്പനയായി ജീവിതം.
പഞ്ചാര മുഹമ്മദിന്റേയും നഫീസയുടേയും പന്ത്രണ്ട് മക്കളില്‍ ഏഴാമനായ ഷുക്കൂറിന് ജീവിതത്തില്‍ ഏറെയൊന്നും പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. പക്ഷേ, ജീവിതം എത്ര പ്രതിസന്ധിയിലായിരുന്നെങ്കിലും ഷുക്കൂറിന്റെ മനസ്സില്‍ നിറയെ കവിതകള്‍ ഉണ്ടായിരുന്നു. ആരുമതിനെ കവിത എന്നു പേരുവിളിച്ചില്ലെങ്കിലും ഷുക്കൂര്‍ തനിക്ക് തോന്നിയ വരികള്‍ എപ്പോഴൊക്കെയോ കടലാസില്‍ പകര്‍ത്തിയിരുന്നു. ഒരിക്കലെഴുതിയ വരികള്‍ കണ്ണൂര്‍ ആകാശവാണിയിലേക്ക് അയച്ചപ്പോള്‍ അവരത് ലളിതഗാനമെന്ന പേരില്‍ പ്രക്ഷേപണം ചെയ്തു. കവിത തലക്കു പിടിച്ച് നടക്കുന്ന കാലത്ത് ആടിനെ മേയ്ച്ച് പുഴക്കരയിലെത്തിയിരുന്ന പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടപ്പോള്‍ അവളെ വിവാഹം ചെയ്തു. അങ്ങനെ ആയിഷ ഷുക്കൂറിന്റെ കവിതയായി.

കവിത നിറയുന്ന വീട്
കവിത എഴുതുന്നത് ഷുക്കൂറാണെങ്കിലും അതിന്റെ മറ്റു കാര്യങ്ങളൊക്കെ ചെയ്യുന്നത് ആയിഷയും മക്കളും ചേര്‍ന്നാണ്. എഴുതി വെച്ച കവിത വായിക്കുന്നതും സൂക്ഷിക്കുന്നതും ഏതെങ്കിലും മാസികകള്‍ക്ക് അയച്ചുകൊടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതും ആയിഷയാണ്. കവിത പകര്‍ത്തി എഴുതലാണ് തഫ്‌സീറയുടെ ജോലി. ഇളയ മകന്‍ ബഷീറാണ് ഉപ്പയുടെ ഏറ്റവും വലിയ വിമര്‍ശകന്‍. താഹിറും ഇക്ബാലും ഉപ്പയുടെ കവിതകള്‍ ഒന്നൊഴിയാതെ വായിക്കും.
ആയിഷയെന്ന പേര് ഒരു ദിവസം എത്ര തവണ വിളിക്കുമെന്ന് ഷുക്കൂറിന് തന്നെ അറിയില്ല. എന്തെങ്കിലും എടുക്കാനായാലും അഭിപ്രായം ചോദിക്കാനായാലും പറയാനായാലും ഷുക്കൂറിന്റെ നാവില്‍ ആദ്യം ആയിഷയെന്ന പേരാണ് ഉയരുക. ഷുക്കൂര്‍ കവിതയുമായി നടക്കുന്നത് അലോസരപ്പെടുത്താറില്ലെന്ന് ആയിഷ. അവര്‍ക്ക് ഭര്‍ത്താവിനെ കുറിച്ചുള്ള ഏക പരാതി എവിടെയെങ്കിലും പോയാല്‍ തങ്ങളെ വിളിച്ച് വിവരം പറയില്ലെന്നതാണ്. കവിയായ ഭര്‍ത്താവിനോടൊപ്പം ജീവിക്കുന്നതിനാലാവണം തനിക്ക് ജീവിതത്തെ കുറിച്ച് ദാര്‍ശനികമായൊന്നും പറയാനില്ലെന്നും ആയിഷ സത്യവാങ്മൂലം നല്കുന്നു. പിന്നെ, ഇത്രയും കാലത്തെ ജീവിതം ചിലപ്പോള്‍ ദാരിദ്ര്യം നിറഞ്ഞതായിരിക്കാം, പക്ഷേ, ഏറെ സമാധാനപരമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജീവിതം ഇത്രയൊന്നും തിരക്കേറിയതാകുന്നതിന് മുമ്പ്, ആയിഷ നിറയെ പുസ്തകങ്ങള്‍ വായിച്ചിരുന്നു. ലൈബ്രറിയില്‍ നിന്നും ഷുക്കൂര്‍ കൊണ്ടുവരുന്ന പുസ്തകങ്ങള്‍ ആയിഷ ഒന്നൊഴിയാതെ വായിച്ചു തീര്‍ത്തു. ഇപ്പോള്‍ പക്ഷേ, വായിക്കാന്‍ കഴിയുന്നില്ല. അടുപ്പിനു മുമ്പില്‍ നിന്നും മാറാന്‍ കഴിയാത്ത പണിയെ എന്തുപേരിട്ടാണ് വിളിക്കുകയെന്നാണ് ആയിഷയുടെ ചോദ്യം.
എറണാകുളത്ത് ഓട്ടോ ടീമെന്ന മാരുതി സര്‍വ്വീസ് സെന്ററിലാണ് മൂത്തമകന്‍ താഹിര്‍ ജോലി ചെയ്യുന്നത്. ബി എ ഇംഗ്ലീഷ് മെയിന്‍ അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് തഫ്‌സീറ. പ്ലസ് ടു കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് ഇക്ബാല്‍. ബഷീര്‍ ഒന്‍പതാം ക്ലാസ്സിലേക്ക് വിജയിച്ചിരിക്കുകയാണ്. പണ്ടെന്നോ വായിച്ച ലക്ഷദ്വീപിനെ കുറിച്ചുള്ള നോവലിലെ ഒരു കഥാപാത്രത്തിന്റെ പേരാണ് ആറ്റബി. ഇതില്‍ ഇഷ്ടം തോന്നിയാണ് ഷുക്കൂര്‍ മകളെ ആറ്റബിയെന്ന് വിളിച്ചു തുടങ്ങിയത്.
സിമന്റും ഛായവും തേച്ചിട്ടില്ലെങ്കിലും അടച്ചുറപ്പുള്ള വീട്ടില്‍ ഷുക്കൂറും കുടുംബവും ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. അവര്‍ക്ക് വരുംകാലത്തെ കുറിച്ച് ഏറെ പ്രതീക്ഷകളുമുണ്ട്. കിടപ്പുമുറിയിലെ ചുമരില്‍ അടിച്ചുവെച്ച ആണിയില്‍ തൂക്കിയ പ്ലാസ്റ്റിക്ക് കവറില്‍ ഷുക്കൂറിന്റെ കവിതകള്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കവിതകള്‍ പ്രസിദ്ധീകരിച്ചു വന്ന ആനുകാലികങ്ങളും അവിടേയും ഇവിടേയുമായിട്ടുണ്ട്.
ഷുക്കൂറിനേയും കുടുംബത്തേയും കാണാന്‍ ഇരിക്കൂറിലെ അവരുടെ വീട്ടിലെത്തിയത് രാവിലെയായിരുന്നു. സംസാരിക്കുന്നതിന് മുമ്പ് പ്രാതല്‍ കഴിക്കണമെന്നതായിരുന്നു ഷുക്കൂറിന്റേയും ആയിഷയുടേയും നിര്‍ബന്ധം. ഇരിക്കൂറിന്റെ ആതിഥ്യ മര്യാദ ഇറച്ചി വരട്ടിയതും അരി ഒറോട്ടിയുമായി മുമ്പിലെത്തിയപ്പോള്‍ സ്‌നേഹത്തിന്റേയും ബന്ധങ്ങളുടേയും പുതിയ മുഖമാണ് അവിടെ കണ്ടത്.

താനെഴുതുന്ന വരികളില്ലെല്ലാം ആയിഷയുണ്ടെന്ന് ഷുക്കൂറിനറിയാം. ആയിഷയില്ലാതെ ഷുക്കൂറിന് കവിതയില്ലത്രേ, ജീവിത വഴികളുമില്ലത്രേ.
''നനഞ്ഞ കൈലേസില്‍
തുന്നിച്ചേര്‍ത്തത്
പ്രിയതമയുടെ സ്വപ്നം
കവിതകള്‍ തൂക്കിവില്‍ക്കപ്പെടാം
പക്ഷേ
സ്വപ്നങ്ങള്‍ക്ക് വില പറയരുത്.
സൂര്യന്‍ കിഴക്കുണരുവോളം
കാവലിരിക്കാം
തൂലിക കടം ചോദിക്കയുമരുത്.
പ്രിയേ നമുക്കീ തുരുത്തില്‍
സ്വപ്നങ്ങളെ കുറിച്ചും
കവിതകളെ കുറിച്ചും പുലരുവോളം
കഥപറഞ്ഞിരിക്കാം.'' (- മറന്നു പോവുന്നത്)

''എങ്കിലും
അവളെന്നെങ്കിലും
വാങ്ങാന്‍ പറയുമായിരിക്കും
കള്ളികളില്ലാത്ത
ചോരചുവപ്പില്ലാത്ത
എനിക്കും നിനക്കും
കവിതയെഴുതി തീര്‍ക്കാന്‍
ഒരു പുതു കലണ്ടര്‍'' (- കലണ്ടര്‍)

കവിതയുടെ കിനാവുകളും നിലാവെളിച്ചവും നിറഞ്ഞ ജീവിത വഴിയില്‍ ആയിഷയും ഷുക്കൂറും ഇപ്പോള്‍ സ്വപ്നം കാണുന്നത് മകളുടെ വിവാഹത്തെ കുറിച്ചാണ്, മക്കളുടെ ജോലിയേയും പഠനത്തേയും കുറിച്ചാണ്. പത്തുസെന്റ് സ്ഥലത്തെ വീട്ടിനു ചുറ്റുമുള്ള പൂക്കളേയും ചെടികളേയും കുറിച്ചാണ്. വീടിനു പുറത്ത് ഒരു മൂലയില്‍ മീന്‍ കൊണ്ടുപോകുന്ന പ്ലാസ്റ്റിക്ക് പെട്ടി കഴുകി വെടിപ്പാക്കി വെച്ചിട്ടുണ്ട്. ഇരിക്കൂറിലെ വീടുകളില്‍ തീന്മേശയിലെത്താനുള്ള മീന്‍ ഈ കുട്ടയിലാണ് യാത്ര തിരിക്കേണ്ടത്.

Thursday, July 29, 2010

'ലൈഫ്' മോഡല്‍കാലം കടന്നു പോയത് ഈ മനുഷ്യന്‍ അറിഞ്ഞിട്ടേയില്ല. മുഖം നിറയെ നിസ്സംഗ ഭാവമാണ്. നെറ്റിയിലെ വരകള്‍ക്ക് അനുഭവങ്ങളുടെ തീവ്രത. പച്ചനിറം കലര്‍ന്ന ആ കണ്ണുകളിലെ ഒന്നുമില്ലായ്മാ ഭാവം എത്രയോ ചിത്രങ്ങളില്‍ പകര്‍ത്തപ്പെട്ടിട്ടുണ്ടാകും. കവിളുകള്‍ വലിഞ്ഞു മുറുകിയിട്ടുണ്ടെങ്കിലും മനസ്സിന് അത്രയൊന്നും മുറുക്കങ്ങളില്ലെന്ന് തോന്നുന്ന പെരുമാറ്റം. വരുന്നതെല്ലാം വരുന്നേടത്ത് വെച്ച് കാണാം എന്ന സാഹസികതയല്ല, എന്തുചെയ്താലും ഇല്ലെങ്കിലും അവയെല്ലാം തന്നേയും കടന്ന് പോയ്ക്കുള്ളുമെന്ന നിസ്സംഗത. ഇത് പയ്യോളി കീഴൂര്‍ തച്ചംകുന്നില്‍ വലിയ പറമ്പില്‍ മമ്മദ് എന്ന എഴുപത്തിനാലുകാരന്‍. ഇങ്ങനെയൊന്നും പറഞ്ഞാല്‍ പയ്യോളിയില്‍ ഇയാള്‍ തിരിച്ചറിയില്ല. (എങ്ങനെ പറഞ്ഞാലും പയ്യോളിക്ക് മമ്മദ് അപരിചിതനാണ്.). നേരെ തലശ്ശേരിയിലെത്തുക, എന്നിട്ട് ചാന്‍സ് മമ്മദ്ക്കയെ അന്വേഷിക്കുക. ഉത്തരം റെഡി. കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഇയാള്‍ തലശ്ശേരിയിലെ ഓരോ നിമിഷത്തിനും സാക്ഷിയായുണ്ട്.
പയ്യോളി മാപ്പിള സ്‌കൂളില്‍ അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നാണ് മമ്മദ്ക്ക പറയുന്നത്. എന്നിട്ടൊരുനാളില്‍ ഒരു പുറപ്പെടല്‍ നടത്തി. പയ്യോളിയില്‍ നിന്ന് തലശ്ശേരിയിലേക്ക്. മമ്മദിന്റെ തലവര മാറ്റിയ പുറപ്പെടല്‍. പിന്നീട് തലശ്ശേരിയിലേക്കുള്ള പുറപ്പെടലുകളായി മമ്മദിന്റെ ഓരോ പ്രഭാതങ്ങളും. പയ്യോളിയിലേക്കുള്ള മടക്ക യാത്രകളായി സായാഹ്നങ്ങളോരോന്നും. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ വണ്ടി കുറേ കാലങ്ങളായി മമ്മദില്ലാതെ പയ്യോളിയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരാറില്ല. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വൈകുന്നേരത്തെ പാസഞ്ചറിനും തലശ്ശേരിക്കും പയ്യോളിക്കുമിടയില്‍ മമ്മദിനെ കൂടാതൊരു യാത്ര ചിന്തിക്കാനാവില്ല.
'എത്ര ടിക്കാറ്റാ ഞാനെന്റെ പൊരേലെ മൂലക്കിട്ടിരിക്കുന്നത്. ആരും ചോയിക്കലില്ല. അതോണ്ട് കൊടുക്കലൂല്ല'- മമ്മദ്ക്ക നിഷ്‌കളങ്കനായി പറഞ്ഞു. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സംസാരിച്ചു തുടങ്ങുമ്പോള്‍ ഇയാള്‍ ടിക്കറ്റെടുത്താണോ യാത്ര ചെയ്യാറുള്ളത് എന്നൊരു സംശയമുണ്ടായിരുന്നു. പക്ഷെ, അത് മാന്യമായി തീര്‍ത്തു തന്നു ആ മനുഷ്യന്‍. കീശയില്‍ നിന്നെടുത്തു കാണിച്ച ടിക്കറ്റില്‍ പയ്യോളിയില്‍ നിന്നും തലശ്ശേരി വരെ അഞ്ചു രൂപ രേഖപ്പെടുത്തിയിരിക്കുന്നു. വൈകിട്ടും ഇതേ അഞ്ചു രൂപ. പയ്യോളിയില്‍ തീവണ്ടിയിറങ്ങിയാല്‍ പേരമ്പ്രക്കു പോകുന്ന ബസ്സില്‍ നാല് രൂപ പോയിന്റുണ്ട് വീട്ടിലേക്ക്. ബസ്സു കിട്ടാത്ത ദിവസങ്ങളില്‍ ട്രിപ്പടിക്കുന്ന ഓട്ടോയില്‍ അഞ്ച് രൂപ കൊടുത്ത് പോകേണ്ടി വരും. എങ്ങനെയായാലും എല്ലാ ദിവസവും തലശ്ശേരിയില്‍ വന്നു പോകുന്നതിന് ഇയാള്‍ക്ക് ചെലവ് ഇരുപത് രൂപ. യാത്രക്കും ജീവിതത്തിനുമുള്ള ചെലവുകള്‍ തലശ്ശേരിയില്‍ വന്നിട്ട് വേണം ഇയാള്‍ക്ക് കിട്ടാന്‍. പിന്നെങ്ങനെ മമ്മദ്ക്കാക്ക് തലശ്ശേരി വിട്ടുപോകാന്‍ കഴിയും.
ഓര്‍മ്മകളുടെ അങ്ങേ അറ്റത്ത് മമ്മദ്ക്കയ്ക്ക് അറിയാവുന്നത് ഒരുനാള്‍ തലശ്ശേരിയിലേക്ക് വന്നുവെന്ന് മാത്രമാണ്. പണിയന്വേഷിച്ചായിരുന്നു യാത്രയെന്നും അറിയാം. അന്നത്തെ പതിനാലുകാരന് ഇന്നിലേക്കെത്തുമ്പോള്‍ എഴുപത്തിനാലാണ് പ്രായം. അന്ന് ജോലി കിട്ടുമെന്ന ഒരു പ്രതീക്ഷയായിരുന്നു കൈമുതല്‍. ഇന്നും ആ പ്രതീക്ഷയ്‌ക്കൊന്നും യാതൊരു മങ്ങലുമില്ല. തനിക്ക് ജീവിക്കാനുള്ള പണം കിട്ടിയേക്കും.
അക്കാലത്ത് ഓരോരുത്തരോടും ജോലി ചോദിച്ചു ആ കൗമാരക്കാരന്‍. ഒരു ചാന്‍സ് തരുമോ? ഒരു ചാന്‍സുണ്ടാകുമോ? അങ്ങനെ ചാന്‍സുകള്‍ ചോദിച്ചു നടന്ന അയാള്‍ തലശ്ശേരിക്ക് ചാന്‍സായി. മമ്മദ് എന്ന തന്റെ പേര് അയാളെപ്പോലെ തലശ്ശേരിയും മറന്നു. ഓര്‍മ്മകളൊന്നും വലുതായി സൂക്ഷിക്കാത്ത മമ്മദ്ക്കാക്ക് സ്വന്തം പേരും മറവിയിലേക്ക് മാഞ്ഞുപോയി.
എന്തൊക്കെയോ കുഞ്ഞു ജോലികളുമായി കുറേനാള്‍. അക്കാലത്ത് വല്ലപ്പോഴുമായിരുന്നു നാട്ടില്‍ പോയിരുന്നത്. തലശ്ശേരിയില്‍ തന്നെ കിടന്നുറങ്ങി. ഉണര്‍ന്നെഴുന്നേല്‍ക്കുന്ന പുലര്‍ച്ചെകളില്‍ കിട്ടിയ ജോലികളൊക്കെ ചെയ്തു. അക്കാലത്തൊരിക്കലാണ് ബാലന്‍ മാഷെ പരിചയപ്പെട്ടത്. മമ്മദിന്റെ തലവര മാറ്റിയ പരിചയമായിരുന്നു അത്.

ചിത്രവിദ്യാര്‍ഥികളുടെ മോഡല്‍
കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ചിത്രകലാ അധ്യാപകനാണ് ബാലന്‍ മാഷ്. അദ്ദേഹം പറഞ്ഞിട്ടാണ് ഒരു നാള്‍ മമ്മദ് സ്‌കൂളിലെത്തിയത്. അവിടെ കുട്ടികള്‍ക്കുള്ള ലൈഫ് മോഡലായിരുന്നു അദ്ദേഹം. അക്കാലത്ത് നാരങ്ങാപ്പുറത്ത് 'മാടത്തിന്റെ' മുകളിലായിരുന്നത്രെ ചിത്രകലാ വിദ്യാലയം. പിന്നീടത് ചിറക്കരയിലേക്ക് മാറ്റി. എവിടെയായിരുന്നു സ്‌കൂളെന്ന വലിയ ഓര്‍മ്മകളൊന്നും ഈ മനുഷ്യനില്ല. എന്നാല്‍ അവിടെ വിജയന്‍ മാഷും കരുണന്‍ മാഷും സത്യന്‍ മാഷും വേണുമാഷുമുണ്ടെന്ന് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. പഠിച്ചു പോയവരെ ആരേയും ഓര്‍മ്മയില്ല. ആരെങ്കിലും മമ്മദ്ക്കയല്ലേയെന്നു ചോദിച്ചാല്‍ നിങ്ങല്‍ ചിത്രം വര പഠിച്ചിരുന്നല്ലേയെന്ന മറുചോദ്യം മാത്രമാണ് ഈ മനുഷ്യന്‍ ഉന്നയിക്കുക.
തിങ്കളും ചൊവ്വയുമാണ് മോഡലിന് ജോലിയുണ്ടാവുക. രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നീളുന്ന ജോലി. ഇതിന് എഴുപത് രൂപയായിരുന്നു പ്രതിഫലം കിട്ടിയിരുന്നത്. അനങ്ങാതെ നില്‍ക്കുന്ന മൂന്ന് മണിക്കൂര്‍. അങ്ങനെ വര്‍ഷങ്ങളോളം നിന്ന നില്‍പ്പില്‍ മമ്മദ് നിരവധി കുട്ടികള്‍ക്ക് മാതൃകയായി. അക്കാലത്ത് (ഇക്കാലത്തും) മലബാറിലെ ഏറെ ശ്രദ്ധേയമായ ചിത്രകലാ വിദ്യാലയമാണ് കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്. പ്രമേഹ രോഗം വര്‍ധിച്ചപ്പോള്‍ നിന്നനില്‍പ്പില്‍ ഉറങ്ങിത്തുടങ്ങിയപ്പോഴാണ് ലൈഫ് മോഡലില്‍ നിന്നും മമ്മദിനെ ഒഴിവാക്കിയത്.
തനിക്ക് മോഡലിന്റെ പണി വീണ്ടും കിട്ടിയാല്‍ തരക്കേടില്ലെന്ന അഭിപ്രായമുണ്ട് മമ്മദിന്. മാത്രമല്ല, തനിക്ക് എന്തെങ്കിലുമൊരു പെന്‍ഷന്‍ കിട്ടിയിരുന്നെങ്കില്‍ ആളുകളോടൊക്കെ ഇങ്ങനെ ചോദിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.

മോഡലിന്റെ അനുഭവങ്ങള്‍
പയ്യോളിയിലെ സൂപ്പിയുടേയും മറിയത്തിന്റേയും മൂന്ന് മക്കളില്‍ മൂത്തവന് ജീവിതത്തെ കുറിച്ച് അത്രയൊന്നും സ്വപ്നങ്ങളുണ്ടായിരുന്നില്ല. പടച്ചോനാണ് എല്ലാം തീരുമാനിക്കുന്നതെന്ന് ഇയാള്‍ എന്നോ ഉറപ്പിച്ചിട്ടുണ്ടായിരുന്നു. ഉപ്പയ്ക്ക് സിംഗപ്പൂരില്‍ പോകലായിരുന്നു പണിയെന്ന് മമ്മദിന് ഓര്‍മ്മയുണ്ട്. അന്ന് കുറച്ചു സ്ഥലമൊക്കെ വാങ്ങിച്ചിരുന്നു. പക്ഷെ, പിന്നീട് ഉപ്പ നാട്ടിലേക്ക് മടങ്ങി വന്ന് ദാരിദ്ര്യത്തിലേക്ക് ആണ്ടു പോയപ്പോള്‍ ഉപ്പയും ഉമ്മയുടെ ആങ്ങളയും ചേര്‍ന്ന് സ്ഥലമെല്ലാം വിറ്റെന്നും മമ്മദ്ക്ക ഓര്‍ത്തെടുക്കുന്നു. താമസിക്കുന്ന വീട് മാത്രമാണ് ഇപ്പോഴത്തെ സ്വത്ത്. അതുതന്നെ പണ്ട്, ഉപ്പ എടുത്തിട്ടത്. അവിടെ മമ്മദ്ക്കയും അനിയന്‍ പോക്കറും അനിയന്റെ ഭാര്യയും രണ്ട് മക്കളുമാണ് താമസം. സഹോദരി ഖദീസ മറ്റൊരു വീട്ടിലാണ്. രോഗിയായ തന്റേയും സഹോദരങ്ങളുടേയും ജീവിതത്തെ കുറിച്ച് മമ്മദ്ക്കയ്ക്ക് കുറേ പറയാനുണ്ട്.
രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് മമ്മദ്ക്ക. എന്നിട്ടെന്താ. രണ്ടുപേരും തന്നെ വിട്ടുപോയെന്ന് അദ്ദേഹം. എനിക്ക് പണിയൊന്നുമില്ലാലോ. എനിക്ക് ചിലവിനൊന്നും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ രണ്ടുപേരും തന്നെ വിട്ടുപോയി- മുഖഭാവത്തില്‍ മാത്രമല്ല, വാക്കുകളിലും നിസ്സംഗതയുണ്ടായിരുന്നു. അവരുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ പോലും ഏറെ പണിപ്പെട്ടു അദ്ദേഹം. ഖദീശയും ഹലീമയുമായിരുന്നു തന്റെ ഭാര്യമാരുടെ പേരുകളെന്ന് കുറേ പണിപ്പെട്ട് അദ്ദേഹം ഓര്‍ത്തെടുത്തു.
ലൈഫ് മോഡലിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്രം വാര്‍ത്തകൊടുത്തപ്പോള്‍ തുടങ്ങിയതാണ് മമ്മദ്ക്കയുടെ നഷ്ടം. മോഡലല്ലേ, എത്ര പണം കിട്ടും ഓരോ തവണയും, ഈ പൈസയെല്ലാം ബാങ്കിലിട്ടിരിക്കുകയാണോ തുടങ്ങിയ കമന്റുകളായിരുന്നു ആളുകളില്‍ നിന്നും കിട്ടിക്കൊണ്ടിരുന്നത്. ലക്ഷങ്ങളാണ് ഓരോ മോഡലും വാങ്ങിയിരുന്ന പ്രതിഫലമെന്ന് മമ്മദ്ക്കയ്ക്ക് അന്നുമറിയില്ല, ഇന്നുമറിയില്ല. ആളുകള്‍ തന്നെ 'മക്കാറാക്കുക'യാണെന്നാണ് ഈ മനുഷ്യന്‍ എല്ലായ്‌പോഴും വിചാരിക്കുന്നത്.
വഴിയരികിലെ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ചിരിച്ചും കളിച്ചും നില്‍ക്കുന്ന മോഡലുകള്‍ എത്ര പ്രതിഫലം വാങ്ങുന്നുണ്ടെന്ന് മമ്മദ്ക്കയ്ക്ക് അറിയില്ല. അവരുടെയൊക്കെ ജീവിതം ആഢംബര മാസികകള്‍ കവര്‍ സ്റ്റോറിയാക്കുന്നുണ്ടെന്നും ഇയാള്‍ക്കറിയില്ല. അവരൊക്കെ അനുഭവിക്കുന്ന ടെന്‍ഷനുകളെ കുറിച്ച് മാസികകള്‍ വല്ലാതെ വ്യാകുലപ്പെടുമ്പോള്‍ ഇവിടെയൊരാള്‍ക്ക് ജീവിതത്തെ കുറിച്ചു തന്നെ ബേജാറുകളില്ല.
പണ്ട് പണ്ടൊരു കാലത്ത്, പത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഉയരമേറിയ സ്റ്റൂളില്‍ വടിയും കുത്തിപ്പിടിച്ച് മമ്മദ്ക്ക നിന്നിരുന്നു. അന്ന് ചിത്രം വര പഠിക്കാനെത്തിയ കുറേ കുട്ടികള്‍ അയാളെ കടലാസുകളിലേക്ക് പകര്‍ത്തിയിരുന്നു. മടക്കിക്കുത്തിയ മുണ്ടും കുപ്പായമിടാത്ത ശരീരവും മനുഷ്യ ശരീര വര പഠനത്തിനുള്ള മാര്‍ഗ്ഗമായിരുന്നു. ഫൈനാര്‍ട്‌സില്‍ രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ പഠനമാണ് ശരീരം വരയ്ക്കല്‍. മമ്മദ്ക്കയുടെ ശരീരം വരച്ചു പഠിച്ച കുട്ടികളില്‍ കുറേപേര്‍ ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരോ ചിത്രകാരന്മാരോ ആണ്. വല്ലപ്പോഴുമൊക്കെ തലശ്ശേരിയിലൂടെയുള്ള യാത്രകളില്‍ അവര്‍ മമ്മദ്ക്കയെ കണ്ടുമുട്ടാറുണ്ട്. അപ്പോഴൊക്കെ സ്‌നേഹത്തോടെ അടുത്തു വന്ന് കുശലം പറയും. ചായ കുടിക്കാനായി എന്തെങ്കിലും കാശും നല്കും. ഇങ്ങനെ ആരെങ്കിലും സ്‌നേഹത്തോടെ കൊടുക്കുന്ന ചില്ലറകളിലാണ് മമ്മദ്ക്കയുടെ ജീവിതം.
വൈകിട്ട് തലശ്ശേരിയില്‍ നിന്നും പയ്യോളിയിലെ വീട്ടിലേക്ക് പോകുമ്പോള്‍ എന്തെങ്കിലും വാങ്ങണം. വീട്ടില്‍ വയ്യാതെ ഇരിക്കുന്ന അനിയനുണ്ട്. തൊട്ടടുത്ത് സുഖമില്ലാതെ കിടക്കുന്ന അനിയത്തിയുണ്ട്. മമ്മദ്ക്കയുടെ ജീവിതത്തില്‍ വരയോ വര്‍ണ്ണമോ ഇല്ലെങ്കിലും ഇയാള്‍ കുറേ പേരുടെ വര നിര്‍ണ്ണയിച്ചിട്ടുണ്ട്. തലവരയും ജീവതവരയും... അതുതന്നെ ഇയാളുടെ ജീവിതം.

ചിത്രങ്ങള്‍: റിയാസ് തലശ്ശേരി

Wednesday, July 28, 2010

മലര്‍വാടി ആര്‍ട്‌സ് ക്ലബ്


മലര്‍വാടി എന്ന വാക്ക് വല്ലാത്തൊരു ഗൃഹാതുരയാണ്. ഒന്നുമില്ല. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് സ്ഥിരമായി വായിച്ചിരുന്ന കുട്ടികളുടെ മാസികയുടെ പേര് അതായിരുന്നു. മൂസപ്പോലീസും പൂച്ചപ്പോലീസും പിന്നീട് പട്ടാളം പൈലിയുമൊക്കെ മനസ്സില്‍ കൂടുകൂട്ടിയ കാലം. കൗമാര കാലത്ത് മലര്‍വാടി ബാലസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചതും ആ ഗൃഹാതുരതയുടെ കാരണമാകാം. അതിന്റെ പശ്ചാതലത്തിലാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം കണ്ടത്.
ചലച്ചിത്ര താരം ശ്രീനിവാസന്റെ മകന്‍ വിനീതിന്റെ (ഉത്തര മലബാറിലെ മൂന്നാം വിനീത്) വളര്‍ച്ച മറ്റു രണ്ടു വിനീതുമാരേയും പോലെ ഞാന്‍ നേരിട്ടു കാണുന്നുണ്ടായിരുന്നല്ലോ. ഒന്നാം വിനീതിനേയും രണ്ടാം വിനീതിനേയും ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പക്ഷേ, മൂന്നാം വിനീത് എന്റെ കൂടി പേനയ്ക്കു മുമ്പിലൂടെയാണ് വളര്‍ന്നു പോയത്.
ചലച്ചിത്ര നിരൂപകന്മാരേയും വിമര്‍ശകരേയും പോലെ ഒരു ചിത്രത്തെ ഫ്രെയിം ടു ഫ്രെയിമായും ഷോട്ട് ബൈ ഷോട്ടായും സീന്‍ ബൈ സീനായും മറ്റൊരു ആങ്കിളില്‍ വീക്ഷിച്ചും പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുമൊന്നും മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനെ നിരൂപിക്കാന്‍ ഞാനില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തെ ഒരു തലശ്ശേരിക്കാരന്റെ കാഴ്ചയില്‍ കാണാനാണ് എനിക്കിഷ്ടം.
തലശ്ശേരിക്കടുത്തുള്ള മനശ്ശേരി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തലശ്ശേരി ഉത്തര മലബാറിലാണെങ്കിലും ചിത്രത്തില്‍ തിരുവനന്തപുരവും കൊച്ചിയും മനശ്ശേരിയും തലശ്ശേരിയുമൊക്കെ ഏകദേശം അടുത്തടുത്തുള്ള പ്രദേശങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവിടെ സ്ഥലകാലങ്ങള്‍ക്ക് പ്രസക്തിയില്ല. കഥയും കഥാപാത്രങ്ങളുമാണ് താരം.
മനശ്ശേരിയിലെ അഞ്ച് യുവാക്കളാണ് പ്രധാന കഥാപാത്രങ്ങള്‍. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തകരാണ് അവര്‍. ലേബര്‍ പാര്‍ട്ടി (സി പി എം?) പ്രവര്‍ത്തകര്‍ കൂടിയാണ് യുവാക്കള്‍. ലേബര്‍ പാര്‍ട്ടിയുടെ ഹര്‍ത്താലിന് കെ എസ് എസിന്റെ (ആര്‍ എസ് എസ്?) സഹായത്തോടെ കട തുറക്കാനെത്തിയവന്റെ സ്‌കൂട്ടര്‍ കത്തിച്ചു കളയുന്നുണ്ട് മലര്‍വാടി സംഘം.
തലശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലേയും സി പി എം- ആര്‍ എസ് എസ് സംഘര്‍ഷത്തെ കൃത്യമായ അളവില്‍ വരച്ചു ചേര്‍ക്കാനും എന്നാല്‍ കാഴ്ചക്കാരന് രാഷ്ട്രീയ സന്ദേഹങ്ങളില്ലാതെ ചിത്രം കണ്ടിരിക്കാനുമുള്ള അനുപാതത്തിലാണ് വിനീത് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ഒരു സിനിമ പോലെ അവസാനം എന്താകുമെന്ന് ആദ്യമേ തന്നെ പ്രേക്ഷകന് തിരിച്ചറിയാന്‍ കഴിയുന്നതു പോലെ മലര്‍വാടിയുടെ കഥാഗതിയിലും എന്താണ് സംഭവിക്കുകയെന്ന് മനസ്സിലാക്കാനാവുന്നുണ്ട്. എങ്കിലും രചനയും സംവിധാനവും നിര്‍വ്വഹിച്ച വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും പ്രധാന കഥാപാത്രങ്ങളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളായതിനാല്‍ അതിനെയൊക്കെ മറക്കാവുന്നതേയുള്ളു. നെടുമുടി വേണു, ജനാര്‍ദ്ദനന്‍, ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനിവാസന്‍ എന്നിവര്‍ മാത്രമാണ് സിനിമയിലെ പതിവു മുഖങ്ങള്‍. മറ്റെല്ലാവരും വെള്ളിത്തിരയിലെ പുതിയ മുഖങ്ങളാണ്.
ഒറ്റപ്പാലത്തും പാഞ്ഞാളിലുമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് ചിത്രീകരിച്ചതെങ്കിലും തലശ്ശേരി, കണ്ണൂര്‍, മാഹി പ്രദേശങ്ങള്‍ സിനിമയില്‍ മികച്ച രീതിയില്‍ കടന്നു വരുന്നുണ്ട്. ഈ പ്രദേശങ്ങളിലെ സുന്ദരമായ ഭാഗങ്ങള്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മൊയ്തു പാലവും മുഴപ്പിലങ്ങാട് പാലവും മാഹി പാലവുമൊക്കെ ഗാനചിത്രീകരണത്തില്‍ സുന്ദരമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് വിനീത്. മാഹിയെ മദ്യത്തിന്റെ പേരില്‍ മഹത്വവത്ക്കരിക്കാന്‍ ശ്രമിച്ചതുമാത്രമാണ് ഈ ചിത്രത്തോടുള്ള വിയോജിപ്പ്.
തലശ്ശേരി ഭാഗത്തുള്ള പ്രാദേശിക ഭാഷയില്‍ ഒരു പാട്ടുപോലുമുണ്ട് ഈ ചിത്രത്തില്‍. മംഗലം കൂടാനുള്ള ചങ്ങായിമാരുടെ പാട്ട് വരികള്‍കൊണ്ടും ചിത്രീകരണം കൊണ്ടും ശ്രദ്ധേയമായി. ഒടുവില്‍ തലശ്ശേരി മഹോത്സവത്തോടെയാണ് സിനിമ അവസാനിക്കുന്നത്.
സത്യം പറയട്ടെ, ഒരു തലശ്ശേരിക്കാരന്‍ എന്ന നിലയില്‍ വിനീത് ശ്രീനിവാസനോട് ആദരവാണ് തോന്നിയത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് വിനീതിന് കഴിഞ്ഞു. മാത്രമല്ല. വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ സ്വന്തം നാടിനേയും നാട്ടുകാരേയും മറന്നില്ല, ഈ പയ്യന്‍. അച്ഛനെ പോലെ തന്നെ ഈ മകനും.
വിനീത് ശ്രീനിവാസനും വിജയ് യേശുദാസിനുമൊന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടതില്ല. കാരണം അവര്‍ക്കു കൂടി വേണ്ടിയുള്ള ബുദ്ധിമുട്ടുകള്‍ അവരുടെ പിതാക്കന്മാര്‍ പണ്ട് അനുഭവിച്ചിട്ടുണ്ട്. എങ്കിലും, പിതാവിന്റെ വഴികളില്‍ നിന്നും വ്യത്യസ്തനാകാന്‍ വിനീത് ശ്രമിക്കുന്നുണ്ട്. അഭിനന്ദനങ്ങള്‍.

Saturday, July 24, 2010

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്


''കുറ്റിയാടി മലകളുടെ മുകളില്‍ നിന്ന് ഉത്ഭവിച്ച്, പേരുമാറ്റി, കനകമലയുടെ നിഴലിലൂടെ, ദാസന്റെ കാല്ക്കലിലൂടെ മയ്യഴിപ്പുഴ മയ്യഴിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.''- ഒരു കാലത്ത് മലയാള സാഹിത്യത്തേയും സാഹിത്യ ആസ്വാദകരേയും ഏറെ ആകര്‍ഷിച്ച നോവലില്‍ നിന്നുള്ള വരികള്‍. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മലയാള സാഹിത്യത്തില്‍ പിറവികൊണ്ടിട്ട് മൂന്നര പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അക്കാലത്തിനിടയില്‍ മയ്യഴിപ്പുഴയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി. മീന്‍പിടിക്കാന്‍ എത്രയോ തോണിക്കാര്‍ കടന്നുപോയി. നോവല്‍ വായിച്ച ആവേശത്തില്‍ ആരൊക്കെയോ മയ്യഴിയേയും പുഴയേയും കാണാന്‍ തീവണ്ടിയും ബസ്സും കയറി മയ്യഴിയില്‍ വന്നു. നോവലിലെ മയ്യഴിയും യഥാര്‍ഥ മയ്യഴിയും രണ്ടാണെന്ന തിരിച്ചറിവില്‍ അന്താളിച്ചു പോയ കുറേപേരെങ്കിലുമുണ്ടാകും. അങ്ങനെയുള്ള മയ്യഴിയിലൂടെ ഒരു യാത്ര. നോവലിലെ സ്ഥലങ്ങളിലൂടെ മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കാണാനുണ്ടാവുക?
മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവും ലെസ്ലി സായ്‌വിന്റെ കുതിരയും കുറമ്പിയും കൗസുവും ദാസനും ചന്ദ്രികയും കരടി സായ്‌വും ബാന്റ് സംഘത്തിലെ കുഴല്‍ വിളിക്കാരന്‍ കണാരിയും കുഞ്ഞിമ്മാണിക്കവും വൈസ്രവണന്‍ ചെട്ടിയാരുമൊക്കെയുള്ള മയ്യഴി.... പഴയൊരു കഥയുണ്ട്. തിരക്കഥാകൃത്ത് ലോഹിതദാസാണ് കഥയിലെ നായകന്‍. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ വായിച്ച് ആവേശംപൂണ്ട് മയ്യഴിപ്പുഴ കാണാന്‍ തീവണ്ടി കയറി പണ്ടൊരിക്കല്‍ ലോഹി. മാഹിയില്‍ ഇറങ്ങി, മയ്യഴിപ്പുഴ നേരില്‍കണ്ടപ്പോഴാണ് അന്താളിച്ചു പോയത്. നോവലിലെ മയ്യഴിപ്പുഴ എത്ര സുന്ദരി, നേരില്‍ അളിഞ്ഞൊഴുകി കടലിലേക്ക് പോകുന്ന എന്തോ ഒരു.....
അങ്ങനെ മിത്തും സത്യവും നിറഞ്ഞ മയ്യഴി. നോവലില്‍ നിന്നും നേരില്‍ കാണുമ്പോള്‍ മയ്യഴിയില്‍ എന്തൊക്കെയാണ് അവശേഷിക്കുന്നത്. മയ്യഴി വഴികളിലൂടെ ഒരു യാത്ര.
********** ************ ************** ************* *********** ********** ************* ******* ***

ഒന്‍പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള മയ്യഴി. മദ്യഷാപ്പുകളും സാനിറ്ററിവെയറുകളും ഹാര്‍ഡ്‌വെയറുകളും വില്‍ക്കുന്ന കടകളും പെട്രോള്‍ പമ്പുകളും മുട്ടിയുരുമ്മി നില്‍ക്കുന്ന കൊച്ചു പ്രദേശം. ഇവിടെ മദ്യത്തിന് മാത്രമല്ല, എന്തിനും സമീപ പ്രദേശങ്ങളായ തലശ്ശേരിയേയും വടകരയേയും അപേക്ഷിച്ച് വില കുറവാണ്. പഴയ ഫ്രഞ്ച് ആധിപത്യത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും പേറുന്നുണ്ട് ഈ പ്രദേശം. അതുകൊണ്ടുതന്നെ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗം. അവിടേയും ഇവിടേയുമായി മുറിഞ്ഞു കിടക്കുന്ന പോണ്ടിച്ചേരി സംസ്ഥാനം- സര്‍ക്കാര്‍ പരമാവധി ആനുകൂല്യങ്ങള്‍ ഈ ജനതയ്ക്ക് നല്കുന്നു. തലശ്ശേരിയില്‍ നിന്നും വടകരയിലേക്കുള്ള യാത്രയില്‍ ഇടയില്‍ കേരളം കടന്ന് പോണ്ടിച്ചേരിയിലൂടെ പിന്നേയും കേരളത്തിലേക്ക്. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലങ്ങളില്‍ നിന്നും മദ്യഷാപ്പിന് നിശ്ചിത അകലം വേണമെന്ന നിയമം ഇവിടെയില്ല. അതുകൊണ്ടുതന്നെ പള്ളിയില്‍ പോകുന്നവനും പട്ടയടിക്കാന്‍ പോകുന്നവനുമൊക്കെ ഒരേ യാത്ര.

''പണ്ട്, അതായത് ദാസന്റെ പിറവിക്ക് മുമ്പ്, അന്ന് വിശാലമായ റ്യൂ ദ് റസിദാംസ് നിരപ്പില്ലാത്തതും കുടുസ്സുമായ ഒരു നിരത്തായിരുന്നു. റ്യൂ ദ് ലാ പ്രിസോം, റ്യൂ ദ്യു ഗൂവര്‍ണ്ണ് മാം തുടങ്ങിയ മറ്റു നിരത്തുകളും അതുപോലെതന്നെയായിരുന്നു. പാതാറില്‍ കടലിനേയും പുഴയേയും കരയുമായി വേര്‍തിരിക്കുന്ന വെളുത്ത മതിലോ അതിന്നരികില്‍ അണിനിരന്നുനിന്നു സമുദ്രത്തേയും നദിയേയും പ്രകാശിപ്പിക്കുന്ന വൈദ്യുത വിളക്കുകളോ അന്നുണ്ടായിരുന്നില്ല. റ്യൂ ദ് ലെഗ്ലീസ്, റ്യൂ ദ് റസിദാംസ് തുടങ്ങിയ പ്രധാന നിരത്തുകളില്‍ മാത്രം വളരെ ദൂരം ഇടവിട്ടു നാട്ടിയ മരക്കാലുകളില്‍ എണ്ണവിളക്കുകള്‍ മുനിഞ്ഞു കത്തുമായിരുന്നു. പാതിരാവിനു മുമ്പുതന്നെ കരിന്തിരികത്തി കെട്ടു മയ്യഴിയിലെ ഇരുട്ടില്‍ ആഴ്ത്തുകയും ചെയ്യും.''
അങ്ങനെ കരിന്തിരി കത്തി കെട്ടുപോയിരുന്ന തെരുവുവിളക്കുകളുടെ മയ്യഴി ഇന്നേറെ മാറിപ്പോയിരിക്കുന്നു. അതിര്‍ത്തിക്കുപ്പുറം കേരളത്തില്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും കത്താത്ത തെരുവു വിളകക്കക്കകളുമാണെങ്കില്‍, അതിര്‍ത്തിക്കപ്പുറം, വെളിച്ചത്തിന്റെ വിപ്ലവമാണ്. ഇവിടെ വൈദ്യുതിക്ക് വില കുറവാണ്, ലോഡ്‌ഷെഡിംഗും പവര്‍കട്ടുമില്ല. ഓരോ ഇരുപത്തിയഞ്ച് മീറ്റര്‍ ദൂരത്തിലും ഓരോ തെരുവു വിളക്കുകള്‍. രാത്രി പുഴയില്‍ തട്ടി പ്രതിഫലിക്കുന്ന തെരുവുവിളക്കിന്റെ കണ്ണാടിച്ചിത്രം.
പണ്ട്, നോവലിലെ കാലത്ത്, മയ്യഴിയിലെ വിളക്കുകാലുകളില്‍ തീ കത്തിക്കാന്‍ കുഞ്ചക്കനുണ്ടായിരന്നു. ചുമലില്‍ ഏണിയും കൈയില്‍ മണ്ണെണ്ണ ടിന്നുമായി ഞൊണ്ടി നടക്കുന്ന കുഞ്ചക്കന്‍. ''ദാസന്റെ വീടിനു മുമ്പില്‍ ഒരു വിളക്കുകാലുണ്ടായിരുന്നു. എന്നും രാവിലെ അതില്‍ എണ്ണയൊഴിക്കാനും പുക പിടിച്ച കണ്ണാടിച്ചില്ല് തുടച്ചു വൃത്തിയാക്കുവാനുമായി കുഞ്ചക്കന്‍ വരും.'' ആ മയ്യഴിയിലിപ്പോള്‍ എല്ലാ റോഡുകളിലും വിളക്കു കാലുകളാണ്. ഒരു പക്ഷേ, മയ്യഴി മക്കളേക്കാള്‍ ഏറെയുണ്ടാകും വിളക്കുകാലുകള്‍.
മയ്യഴിക്കാരുടെ ഫ്രഞ്ച് ഭരണത്തിന്റെ നൊസ്റ്റാള്‍ജിക്ക് ഫീലിംഗുകള്‍ ഇവിടെ- മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവിലാണ് നിറയെ വീണുകിടക്കുന്നത്. കുന്നിനു മുകളിലെ മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവ്. പിറകുവശം, കുന്നിനുതാഴെ സമുദ്രം. സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ അഴീക്കല്‍ കടപ്പുറത്ത് ചെന്നുനിന്നു നോക്കിയാല്‍ പൈന്‍ മരങ്ങളുടേയും യൂക്കാലിപ്റ്റസ് മരങ്ങളുടേയും പശ്ചാതലത്തിലുള്ള മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവ് സമുദ്രത്തില്‍ പ്രതിബിംബിച്ചു കിടക്കുന്നത് കാണാം. അതേ മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവാണ് സ്വാതന്ത്ര്യത്തിന് ശേഷം സര്‍ക്കാര്‍ ഓഫിസായി മാറിയത്.
''മയ്യഴിയുടെ മക്കള്‍ അവതാരങ്ങള്‍ എന്നു വിശ്വസിച്ചുപോന്ന ദേവതുല്യരായ മൂപ്പന്‍ സായ്‌വുമാര്‍ ഒരു നൂറ്റാണ്ടിലേറെ ഇരുന്ന് മയ്യഴി ഭരിച്ച അതേ കസാരയില്‍ കണാരേട്ടന്‍ ഇരിക്കുന്നു. തലയില്‍ അലക്കി ഇസ്തിരിയിട്ട ഖദറിന്റെ തൊപ്പി. ചുമരില്‍ നിന്ന് നെപ്പോളിയന്റേയും ഴാന്താര്‍ക്കിന്റേയും മറ്റും ചിത്രങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. പകരം ഗാന്ധിയുടേയും നെഹ്‌റുവിന്റേയും പടങ്ങള്‍.''
മയ്യഴിയില്‍ കാര്‍ സ്വന്തമായുള്ള ഏക മനുഷ്യന്‍- മൂപ്പന്‍ സായ്‌വ്. മൂപ്പന്‍ സായ്‌വിന്റെ കാര്‍ കപ്പലിലാണ് വന്നിറങ്ങിയത്. മയ്യഴിത്തുറമുഖത്തെത്തിയ കാര്‍ കാണാന്‍ മയ്യഴിയുടെ മക്കള്‍ മുഴുവന്‍ തുറമുഖത്തെത്തിയിരുന്നു. അന്നുവരെ മയ്യഴി മക്കള്‍ക്ക് അറിയാമായിരുന്ന രണ്ടേരണ്ടു മോട്ടോര്‍ വാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മുതുകിലൂടെ തീയ്യും പുകയും തുപ്പി വടകരയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന തിരിച്ചും പോകുന്ന ബസ്സും വടകര ചന്തയ്ക്ക് വല്ലപ്പോഴും പോകുന്ന ലോറിയും. ആ മയ്യഴിയുടെ നിരത്തുകളിലൂടെ ഇപ്പോള്‍ എത്ര വാഹനങ്ങളാണ് ഓടുന്നത്. ദിവസേന രണ്ടുതവണ ഓടിക്കൊണ്ടിരുന്ന കരിബസ്സിന് പകരം ഓരോ മിനുട്ടിലും കടന്നുപോകുന്ന നിരവധി ബസ്സുകള്‍. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും വടകരയിലേക്കും കോഴിക്കോട്ടേക്കും തൃശൂരിലേക്കും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും മധുരയിലേക്കുമൊക്കെ പോകുന്ന ബസ്സുകള്‍. പോണ്ടിച്ചേരി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ മാഹിയില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള ബസ്സുകള്‍. പോണ്ടിച്ചേരി റജിസ്‌ട്രേഷനുള്ള മാഹിയിലും പരിസരങ്ങളിലും ഓടുന്ന ബസ്സുകള്‍.... അങ്ങനെ എത്രയെത്ര... ചരക്കിറക്കാനെത്തുന്ന ലോറികള്‍, ഓട്ടോകള്‍, ടാക്‌സികള്‍, പെട്രോളും ഡീസലുമടിക്കാന്‍ വേണ്ടി മാത്രം തലശ്ശേരിയില്‍ നിന്നും പാനൂരില്‍ നിന്നുമൊക്കെ എത്തുന്ന വാഹനങ്ങള്‍...
മയ്യഴിക്കരയിലേക്ക് തള്ളിക്കയറുന്ന തിരമാലകള്‍. കടപ്പുറത്ത് വല നന്നാക്കുന്ന കുറേ മുക്കുവര്‍. അവര്‍ കടലില്‍ പോകാന്‍ തയ്യാറെടുക്കുന്നുണ്ട്. മയ്യഴി നിരത്തിലെ എല്ലാ ഓടകളില്‍ നിന്നും ഒഴുകിയെത്തുന്ന ചീഞ്ഞ വെള്ളം മുഴുവന്‍ കടലിലേക്ക് ചേരുന്നത് ഈ കടപ്പുറത്താണ്. മിനറല്‍ വാട്ടറിന്റേയും ക്ലബ് സോഡയുടേയും പ്ലാസ്റ്റിക് കുപ്പികള്‍, മദ്യപിച്ച് വലിച്ചെറിഞ്ഞ ഡിസ്‌പോസിബ്ള്‍ ഗ്ലാസ്സുകള്‍, പൊട്ടിയതും പൊട്ടാത്തതുമായ മദ്യക്കുപ്പികള്‍.... മയ്യഴിയുടെ തെരുവുകള്‍ക്കും ചീഞ്ഞ മണമുള്ള ഓടകള്‍ക്കും എപ്പോഴും മദ്യത്തിന്റെ ഗന്ധമാണ്.
'ഗുഡ് മോണിംഗ് ആഫ്റ്റര്‍ ഗ്രെയ്റ്റ് ഈവനിംഗ്‌സ്' എന്ന അഭിവാദ്യ വചനങ്ങളോടെ ഉപഭോക്താക്കള്‍ക്കുവേണ്ടി അതിരാവിലെ മുതല്‍ തുറന്നിരിക്കുന്ന മദ്യശാലകള്‍. മഹത്തായ സായാഹ്നങ്ങള്‍ക്ക് ശേഷമുള്ള പുതിയ പ്രഭാതങ്ങളിലേക്ക് കണ്ണുതുറക്കുന്നത് പിന്നേയും മദ്യത്തിന്റെ ലഹരിയിലേക്ക്... തൊട്ടുതൊട്ടു കിടക്കുന്ന മദ്യഷാപ്പുകള്‍... ഓടുന്ന വാഹനം ഏതെങ്കിലും മദ്യഷാപ്പിന് മുമ്പില്‍ പെട്ടെന്ന് നിര്‍ത്തി കുപ്പി വാങ്ങി തിരികെ കയറി യാത്ര തുടരുന്നവര്‍ മയ്യഴിയിലെ നിത്യക്കാഴ്ച. തലശ്ശേരിയിലും കണ്ണൂരിലും യാത്ര അവസാനിപ്പിക്കുന്ന ദീര്‍ഘദൂര ബസ്സിലെ ക്ലീനര്‍മാരും കണ്ടക്ടര്‍മാരും അറിയാത്ത ഭാവത്തില്‍ കുപ്പി വാങ്ങി അരയില്‍ തിരുകുന്നതും സ്ഥിരം യാത്രക്കാരുടെ പതിവ് കാഴ്ച.
പലതരം കുപ്പികളുടെ വര്‍ണ്ണമേളമാണ് തുറന്നുവെച്ച മദ്യഷാപ്പുകളിലേക്കുള്ള പുറം കാഴ്ച. ഏതുരൂപത്തിലുള്ള കുപ്പിയും ഇവിടെ സുലഭമായി ഇവിടെ കാണാനാകും. ''ഓര്‍മ്മവെച്ച നാള്‍ മുതല്‍ കുഞ്ഞാണണന്‍ കുടിക്കുന്നു. മഴയായാലും കാറ്റായാലും ഇരുട്ടുമ്പോഴേക്കും അയാള്‍ ഷാപ്പില്‍ എത്തുമായിരുന്നു. അയാള്‍ മാത്രമല്ല, അതുപോലുള്ള വേറേയും എത്രയോ മയ്യഴി മക്കളും.'' മയ്യഴി മദ്യം കുടിച്ചു തീര്‍ക്കുന്നത് മയ്യഴി മക്കള്‍ മാത്രമായിരുന്നില്ല. മദ്യമെന്ന പേരിന് മയ്യഴിയെന്ന നാനാര്‍ഥം കൂടി കിട്ടയതോടെ തീര്‍ഥാടകരെ പോലെ ലഹരി നുണയാന്‍ മാത്രമായി ഇവിടെ എത്തുന്നവരുണ്ട്. ''മയ്യഴിയുടെ പ്രത്യേകതകളില്‍ ഒന്നായിരുന്നു അവിടെ ഒഴുകിയിരുന്ന മദ്യം. മദ്യത്തിന്റെ കഥ ക്ലെമാം സായ്‌വിന്റെ തലമുറയ്ക്കും എത്രയോ മുമ്പ് തുടങ്ങുന്നു. സര്‍പ്പമായി മാറിയ വൈസ്രവണന്‍ ചെട്ടിയാര്‍, ശേട്ടുമാര്‍, ജാലവിദ്യക്കാരായ കൊങ്ങിണികള്‍, മയ്യഴിപ്പെരുന്നാളിനു പ്രവഹിക്കുന്ന തീര്‍ഥാടകര്‍.... ഇവരൊക്കെ വിവിധോദ്ദേശ്യങ്ങളോടെയായിരുന്നു മയ്യഴിയില്‍ വന്നിരുന്നത്. പക്ഷേ, അവര്‍ക്കെല്ലാം പൊതുവായ ഒരുദ്ദേശ്യമുണ്ടായിരുന്നു- മയ്യഴിയില്‍ ഒഴുകുന്ന മദ്യം.''
മദ്യത്തിന് മാത്രമല്ല, പെട്രോളിനും ഡീസലിനും ടൈല്‍സിനും കിച്ചണ്‍ ഫിറ്റിംഗ്‌സിനും ഉള്ളിക്കും പഞ്ചസാരക്കും അരിക്കുമെല്ലാം മയ്യഴിയില്‍ വില കുറവാണ്. കേന്ദ്രഭരണ പ്രദേശമെന്ന പഴയ ആനുകൂല്യത്തിന്റെ ബാക്കിപത്രം. മയ്യഴിയില്‍ വലിയ കടയുള്ള കച്ചവടക്കാരില്‍ പലര്‍ക്കും തലശ്ശേരിയിലും വടകരയിലും സ്ഥാപനങ്ങളുണ്ടാകും. നികുതി കുറച്ച് മയ്യഴിയിലേക്ക് വരുന്ന കച്ചവട സാധനങ്ങള്‍ ചെക്ക്‌പോസ്റ്റുകള്‍ വെട്ടിച്ച് അതിര്‍ത്തി കടത്തും. അതോടെ ലാഭത്തിനു മേല്‍ ലാഭം. എങ്കിലും മയ്യഴിക്കാര്‍ക്ക് തലശ്ശേരിയെ ആശ്രയിക്കാതെ വയ്യ. ഷോപ്പിംഗിനും സിനിമയും നാടകവും കാണാനും കൈവീശി സ്വാതന്തന്ത്ര്യത്തോടെ നടക്കാനും മയ്യഴിക്കാര്‍ക്ക് തലശ്ശേരിയിലേക്ക് തന്നെ വരണം.
ഓലമേഞ്ഞ മേല്‍ക്കൂരയ്ക്കു മുകളില്‍ കെട്ടിവെച്ച കോളാമ്പിയിലൂടെ ഉച്ചത്തില്‍ പാട്ടുവെച്ച് സിനിമ തുടങ്ങുന്ന സമയം അറിയിക്കുന്ന പഴയ കൊട്ടക- മാഹി ടാക്കീസ്. കാലപ്രവാഹത്തില്‍ പൊളിച്ചു കളഞ്ഞെങ്കിലും ഓരോ മയ്യഴിക്കാരന്റേയും മനസ്സില്‍ സിനിമയുടെ അത്ഭുതലോകം തുറന്നത് ഈ ടാക്കീസായിരിക്കും. തമിഴ് പേശും പടങ്ങളും മലയാളം അശ്ലീല ചിത്രങ്ങളുമൊക്കെയായി ഇഴഞ്ഞും ഞരങ്ങിയും നീങ്ങുന്ന അഴിയൂര്‍ മുരുകനും പൂഴിത്തല ഷനീനയും...
''മയ്യഴിയില്‍ സിനിമ വന്നു. അത് ആദ്യമായി മൂപ്പന്‍ സായ്‌വിന്റെ കാര്‍ തുറമുഖത്ത് വന്നതുപോലുള്ള ഒരു സംഭവമായിരുന്നു. തെക്കുള്ള ഏതോ ഒരു പണക്കാരന്റേതാണ് സിനിമ. പണമുണ്ടാക്കാന്‍ വേണ്ടിയല്ല അയാള്‍ സിനിമ കൊണ്ടുവന്നത്. മയ്യഴിയില്‍ സുലഭമായി കിട്ടുന്ന പരന്ത്രീസ് മദ്യം കഴിക്കുവാനായിരുന്നു. മൈതാനിയില്‍ വലിയൊരു തമ്പുയര്‍ന്നു. അതിലാണ് സിനിമ. പരിസരങ്ങളിലാകെ തോരണങ്ങള്‍. എങ്ങും എന്‍ എസ് കൃഷ്ണന്റേയും ടി എ മധുരത്തിന്റേയും ചുവര്‍ ചിത്രങ്ങള്‍. ഒതേനന്‍ നിരത്തായ നിരത്തൊക്കെ ചെണ്ട കൊട്ടി നടന്നു. കൂടെ മരക്കാലിന്മേല്‍ നാട്ടിയ പരസ്യപ്പലകയുമായി ഔവ്വക്കരും. അവര്‍ കടുംചുവപ്പ് നിറത്തിലുള്ള നോട്ടീസുകള്‍ വിതരണം ചെയ്തു. ഞ്ഞ്യെന്നെ സിനിമയ്ക്ക് കൊണ്ടുപോക്വോ ദാമു? കുറമ്പിയമ്മ ഇതുവരെ ഒരു സിനിമ കണ്ടിട്ടില്ല. ഇടയ്ക്കിടെ ബൃഗാദിയേ ചെട്ടിയപ്പയുടെ കൂടെ നാണി നാരങ്ങാപ്പുറത്ത് സിനിമ കാണാന്‍ പോകാറുള്ളത് അവര് കാണാറുണ്ടല്ലോ.''
അന്ന് മയ്യഴി മക്കള്‍ക്ക് സിനിമ കാണാനുള്ള തമ്പുകള്‍ ഉയര്‍ന്നിരുന്നത് തലശ്ശേരിയിലെ നാരങ്ങാപ്പുറം വയലിലായിരുന്നു. പിന്നെ ലക്ഷ്മി എക്‌സിബിറ്റേഴ്‌സ് എന്ന മുകുന്ദ് ടാക്കീസ് വന്നു. തലശ്ശേരി മുകുന്ദില്‍ എത്ര സിനിമകള്‍ വന്നിരിക്കുന്നു. കാലത്തിന്റെ പ്രവാഹത്തില്‍ മുകുന്ദ് ടാക്കീസും ഷോപ്പിംഗ് കോംപ്ലക്‌സിന് വഴി മാറി. പക്ഷേ, ഇപ്പോഴും മയ്യഴി മക്കള്‍ക്ക് പുതിയ സിനിമകള്‍ കാണണമെങ്കില്‍ തലശ്ശേരിയിലെത്തണം. ലിബര്‍ട്ടി പാരഡൈസിന്റേയും മിനി പാരഡൈസിന്റേയും ലിറ്റില്‍ ലിബര്‍ട്ടിയുടേയും എ സി തണുപ്പും ചിത്രവാണിയുയും പ്രഭയുടേയും ലോട്ടസിന്റേയും ലിബര്‍ട്ടി മൂവി ഹൗസിന്റേയും ഡി ടി എസ് ശബ്ദങ്ങളും വേണം.
പണ്ട്, ആദ്യമായി സിനിമ വന്ന മൈതാനി പിന്നിട് സെവന്‍സ് ഫുട്ബാളിന്റെ പറുദീസയായി. വര്‍ഷാവര്‍ഷങ്ങളില്‍ നടക്കുന്ന ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് മയ്യഴിയുടെ ആവേശമായിരുന്നു. മയ്യഴിപ്പെരുന്നാളു പോലെ 'മയ്യേ'ക്കാരുടെ ആഘോഷമായിരുന്നു സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റും. ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവുമൊക്കെ ആടിത്തിമര്‍ത്ത ഗ്രൗണ്ട്. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കരുത്തരായ സെവന്‍സ് ടീമുകള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട കളി പുറത്തെടുത്ത കാലം. മൈതാനിയില്‍ പന്തുരുളുമ്പോള്‍ ആവേശത്തോടെ ആര്‍പ്പ് വിളിച്ചിരുന്ന ഗ്യാലറി. ഫുട്ബാള്‍ മേളയ്ക്കു വേണ്ടി മാസങ്ങള്‍ക്കു മുമ്പേ നോമ്പ് നോറ്റ് കാത്തിരുന്ന മയ്യഴിക്കാര്‍. ഇതൊക്കെ പഴയ മയ്യഴിയുടെ മറഞ്ഞുപോയ കാഴ്ചകള്‍.
ഇപ്പോള്‍ മയ്യഴി മൈതാനിയില്‍ പന്തുരുളാറില്ല. ഒരു മൂലയില്‍ ഇരുചക്ര വാഹനം ഓടക്കാന്‍ പഠിക്കുന്ന കുറേ വനിതകള്‍. മറ്റൊരു മൂലയില്‍ കൂട്ടിയിട്ട് കത്തുന്ന മാലിന്യം. മയ്യഴിയുടെ എല്ലാ ഭാഗത്തെന്നുപോലെ അലസമായി വീണുകിടക്കുന്ന മദ്യക്കുപ്പികള്‍. ട്രാഫിക്ക് പൊലീസിന്റെ ബാരിക്കേഡുകള്‍- മാഹി മൈതാനത്തിന്റെ പുതിയ കാഴ്ചയാണിത്. എങ്കിലും മൈതാനിയുടെ രണ്ട് ഭാഗങ്ങളിലുമായി ഗോള്‍ പോസ്റ്റുകള്‍ ഇപ്പോഴുമുണ്ട്. ഓര്‍മ്മത്തെറ്റു പോലെ കുമ്മായം കൊണ്ട് വരയടയാങ്ങളമുണ്ട്.
മയ്യഴിയെന്ന പേരിനെ ഇംഗ്ലീഷുകാര്‍ മാഹി എന്നാക്കിയപ്പോള്‍ ഫ്രഞ്ചിനോട് സാമ്യമുള്ള 'മയ്യേ' എന്നായിരുന്നു സമീപ സ്ഥലങ്ങളിലുള്ളവര്‍ ഈ നാടിനെ വിശേഷിപ്പിച്ചിരുന്നത്. തലശ്ശേരിയിലെ പ്രായമുള്ളവരോട് ചോദിച്ചാലറിയാം, അവരിപ്പോഴും മാഹിയില്‍ പോകുന്നതിനെ മയ്യേല് പോകുന്നു എന്നാണ് പറയുക.
''പെരുങ്കാലന്‍ അന്തോണിക്ക് ഒരു ദുഃസ്വഭാവമുണ്ട്. ധര്‍മ്മശാലയോടൊപ്പം സര്‍ക്കാര്‍ കക്കൂസുണ്ടെങ്കിലും മന്തുകാലന്‍ അതുപയോഗിക്കില്ല. ലപ്പോര്‍ത്ത് സായ്‌വ് കപ്പലിറങ്ങിയ ദിവസം വെങ്കയ്യയോടൊപ്പം മയ്യഴി ചുറ്റിക്കാണാനിറങ്ങി. സായ്‌വ് വിശുദ്ധ കന്യാമറിയത്തിന്റെ മനോഹരമായ ദേവാലയം കണ്ടു. മെറിയും പലേ ദ് ഴ്യു സ്തീസ്സും കണ്ടു. അവസാനം അവര്‍ റ്യൂ ദ് ലാ റസിദാംസില്‍ എത്തി. ഇടതുവശം നിരന്നു കിടക്കുന്ന ബംഗ്ലാവുകള്‍. വലതുവശം സമുദ്രത്തിലേക്ക് ഒഴുകിച്ചേരുന്ന മയ്യഴിപ്പുഴ. മുമ്പില്‍ ചോലമരങ്ങളുടേയും ഉദ്യാനങ്ങളുടേയും നടുവില്‍ മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവ്, പാതാര്‍ നിറയെ ചുവന്ന പുഷ്പങ്ങള്‍ വാരിയണിഞ്ഞ കോയ്യേത്തി മരങ്ങള്‍.... മയ്യഴിയുടെ സൗന്ദര്യം സായ്‌വിനെ കോരിത്തരിപ്പിച്ചു. പാതാറിലൂടെ നടക്കുമ്പോള്‍ കാറ്റില്‍ ചുവന്ന പുഷ്പങ്ങള്‍ തലയില്‍ തുരുതുരെ വീണുകൊണ്ടിരുന്നു. ഷാര്‍മാം ഷാര്‍മാം. കടലിന്റേയും പുഴയുടേയും പുഷ്പങ്ങളുടേയും ഇളങ്കാറ്റിന്റേയും ലഹരിയില്‍ മുഴുകി നടക്കവേ ലപ്പോര്‍ത്ത് സായ്‌വ് ഒരു കാഴ്ച കണ്ടു- പുഴക്കരയില്‍ ഒരു ബീഡിയും വലിച്ചുകൊണ്ട് കുന്തിച്ചിരിക്കുന്ന മന്തുകാലന്‍ അന്തോണി. സായ്‌വിന്റെ നെറ്റി ചുളിഞ്ഞു. ലമാര്‍ത്തീനിന്റെ കവിതകളുടേയും മനേയുടെ പെയിന്റിംഗുകളുടേയം നാട്ടില്‍ നിന്നു വരുന്ന സായ്‌വിന് ആ വൈകൃതം കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. വെങ്കയ്യയ്ക്ക്, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുമ്പ് സായ്‌വിന്റെ കാല്‍ അന്തോണിയുടെ നേരെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. ഒരു ദീനരോദനത്തോടെ പെരുങ്കാലന്‍ പിടഞ്ഞെണീറ്റു. മന്തുകാലുകളും വലിച്ചുകൊണ്ട് അന്തോണി ഓടി. കൊമ്മീസാറുടെ കല്പന പ്രകാരം പൊലീസുകാര്‍ അന്തോണിയെ പാലം കടത്തി വിട്ടു. പക്ഷേ, മന്തുകാലന്‍ എങ്ങോട്ടുപോകാന്‍? അയാള്‍ ജനിച്ചതും വളര്‍ന്നതും മയ്യഴിയിലാണ്. അയാളുടെ നാടാണത്. അന്നുതന്നെ അന്തോണി പാലം കടന്ന് മയ്യഴിയില്‍ തിരിച്ചെത്തി.''
പാതാറിനും പുഴയ്ക്കും ഇപ്പോള്‍ പഴയ സൗന്ദര്യമില്ല. ഇളങ്കാറ്റില്‍ തുരുതുരെ വീഴാന്‍ ചുവന്ന പുഷ്പങ്ങളും ബാക്കിയില്ല. പക്ഷേ, മന്തുകാലന്‍ അന്തോണിയുടെ പിന്മുറക്കാര്‍ ഇപ്പോഴും മയ്യഴിയിലുണ്ട്. പുഴക്കരയില്‍ ബീഡി വലിച്ചും അല്ലാതെയും കുന്തിച്ചിരിക്കുന്ന പുതിയ അന്തോണിമാര്‍. പാതാറിനപ്പുറത്ത്, കടലും പുഴയും ചേരുന്നതിന് തൊട്ടിപ്പുറം, മനുഷ്യമലം കൊണ്ട് വൃത്തികേടായ തീരം. ഈച്ചയാര്‍ക്കുന്ന പ്രദേശം. പാതാറിലെ പാറക്കല്ലുകളില്‍ പലതും ക്ലോസറ്റാക്കിയിട്ടുണ്ട്. തിരകളടിച്ച് കാലം പാതാറിലെ പാറകള്‍ക്ക് സ്ഥാന ചലനം നല്കിയിരിക്കുന്നു. സര്‍ക്കാര്‍ ഓഫിസുകളിലെ പാര്‍ട്ടികള്‍ കഴിഞ്ഞ് തിന്നും കുടിച്ചും പാതാറിലേക്ക് വലിച്ചെറിഞ്ഞ കടലാസ് പ്ലേറ്റുകളും ഡിസ്‌പോസിബ്ള്‍ ഗ്ലാസ്സുകളും. ഓഫിസുകള്‍ അടിച്ചുവാരി വൃത്തിയാക്കിയ ശേഷം തൂത്തുകളഞ്ഞ വൃത്തികേടുകള്‍ പാതാറിന് സ്വന്തം. പഴയ ലപ്പോര്‍ത്ത് സായ്‌വ് ഒരിക്കല്‍ കൂടി ഇതുവഴി നടക്കാനിറങ്ങിയിരുന്നെങ്കില്‍ ഏതൊക്കെ മന്തുകാലന്‍ അന്തോണിമാര്‍ക്കായിരിക്കും ചവിട്ടുകൊള്ളേണ്ടി വരിക. ആരെയൊക്കെയായിരിക്കും പാലം കടത്തി നാട്ടില്‍ നിന്നും പുറത്താക്കുക!
ഗവണ്‍മെന്റ്ഗസ്റ്റ് ഹൗസിനപ്പുറം ടാഗോര്‍ പാര്‍ക്ക്. അവിടെ ചിരിക്കുന്ന മറിയാന്നിന്റെ പ്രതിമ. മയ്യഴിയുടെ ഫ്രഞ്ച് സ്മാരകം. പണ്ടെപ്പോഴോ ദേശീയവാദികള്‍ വലിച്ച് പറിച്ച് കടലിലേക്കെറിഞ്ഞ പ്രതിമ അപ്പോഴും ചിരിച്ച നിലയിലായിരുന്നു. പിന്നീട് കടലില്‍ നിന്നും കണ്ടെടുത്ത് വീണ്ടും പഴയ സ്ഥലത്തുതന്നെ മറിയാന്ന് സ്ഥാനം നല്കി. അവിടെ ഇപ്പോഴും മറിയാന്ന് ചിരിച്ചു നില്‍ക്കുന്നുണ്ട്. ടാഗോര്‍ പാര്‍ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. പാര്‍ക്കില്‍ നിന്നും മതില്‍ ചാടിക്കടന്നാല്‍ പാതാറിലെത്തും.
''മലബാറില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും ഒളിവിലിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍, കൊലപാതകികള്‍, കള്ളന്മാര്‍ തുടങ്ങിയവര്‍ മയ്യഴിയില്‍ വന്ന് അഭയം പ്രാപിക്കും. യൂനിയനിലെ പൊലീസുകാര്‍ക്ക് അവിടെ ചെന്ന് അവരെ പിടികൂടാന്‍ കഴിയുമായിരുന്നില്ല.''
ഈ സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ല. തലശ്ശേരിയിലേയും പാനൂരിലേയുമൊക്കെ രാഷ്ട്രീയ കൊലപാതകികളും അക്രമികളും ഇപ്പോഴും ഒളിവില്‍ താമസിക്കാന്‍ തെരഞ്ഞെടുക്കുന്ന പ്രദേശമാണ് മയ്യഴി. കേരളത്തിലെ പൊലീസുകാര്‍ക്ക് മയ്യഴി അതിര്‍ത്തി കടന്ന് അക്രമികളെ പിടികൂടാന്‍ സാധിക്കില്ല. അക്കാര്യത്തില്‍ ഇപ്പോഴും പഴയ ബ്രിട്ടീഷ് കോളനിയും ഫ്രഞ്ച് അധീന പ്രദേശവും തന്നെയാണ് തലശ്ശേരിയും മാഹിയും. ഒരു ബോംബ് പൊട്ടിച്ചാല്‍, ആരെയെങ്കിലും കുത്തിമലര്‍ത്തിയാല്‍, എതിരാളിയുടെ ആസ്ഥാനങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയാലുമെല്ലാം ഇടവഴികളില്‍ നിന്നും ഇടവഴികളിലൂടെ തലശ്ശേരിയില്‍ നിന്നും മയ്യഴിയിലെത്താന്‍ കഴിയും. പിന്നെ, സുരക്ഷിതമായി. കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മുമൊക്കെ രാഷ്ട്രീയം നിയന്ത്രിക്കുമ്പോള്‍ ഇവരോടൊപ്പം ഡി എം കെയും എ ഐ എ ഡി എം കെയും മൂപ്പനാര്‍ കോണ്‍ഗ്രസുമൊക്കെയുള്ള നാടാണ് മയ്യഴി. ഒരു പാലത്തിനപ്പുറവും ഇപ്പുറവും എത്ര പെട്ടെന്നാണ് രാഷ്ട്രീയം മാറി മറിയുന്നത്. തമിഴന്റെ അഭിരുചിയുള്ള കൂറ്റന്‍ തെരഞ്ഞെടുപ്പ് കട്ടൗട്ടുകളും തോരണങ്ങളും ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രത്യേകത. പോണ്ടിച്ചേരി അസംബ്ലിയില്‍ മാഹിയും പള്ളൂരും രണ്ട് മണ്ഡലങ്ങള്‍. ഇവിടെ എ വി ശ്രീധരനും ഇ വത്സരാജും പ്രതിനിധികള്‍. രണ്ട് കോണ്‍ഗ്രസ് സീറ്റുകളില്‍ ഇരുവരും ഭരണസാരഥികള്‍. കേരളത്തിന്റെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരി മണ്ഡലത്തേയും പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി ഇ വത്സരാജ് തൊട്ടടുത്ത മാഹി മണ്ഡലത്തേയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാഹിയുടേയും തലശ്ശേരിയുടേയും ഭാഗങ്ങള്‍ അടങ്ങുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തേയും പ്രതിനിധീകരിക്കുന്നെന്ന പ്രത്യേകതയും പുതുതായി എടുത്തു പറയാനുണ്ട്.
''റ്യൂ ദ് ലാഗാറില്‍ നിന്ന് അവള്‍ റ്യൂ ദ് ലെഗ്ലീസിലേക്കു കയറി. അത് മയ്യഴിയിലെ പ്രധാന നിരത്താണ്. തലശ്ശേരയേയും വടകരയേയും കൂട്ടിയിണക്കുന്ന നിരത്ത്. അവിടെത്തന്നെയാണ് വിശുദ്ധ കന്യാമറിയത്തിന്റെ പള്ളിയും വിജ്ഞാന പോഷിണി വായനശാലയും.''
മയ്യഴിയുടെ ദേശീയോത്സവമാണ് മാഹി പെരുന്നാള്‍. വിശുദ്ധ ത്രേസ്യയെന്ന മയ്യഴി മാതാവിന്റെ പള്ളിയില്‍ ഒക്‌ടോബറിലാണ് പെരുന്നാള്‍. പള്ളിക്കു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന താത്കാലിക ടെന്റുകള്‍. അതില്‍ നിറയെ വളയും മാലയും കമ്മലും ഹലുവയും കളിക്കുന്ന സാധനങ്ങളും വില്‍ക്കുന്ന കടകള്‍. മാജിക്ക് പ്രദര്‍ശനവും മരണക്കിണറും ചിരിപ്പിക്കുന്ന കണ്ണാടിയും ജയന്റ്‌വീലും വര്‍ഷാവര്‍ഷങ്ങളിലെത്തുന്ന പെരുന്നാള്‍. മയ്യഴിക്കാര്‍ക്ക് ആഘോഷമായിരുന്നു പെരുന്നാള്‍. നാടും നഗരവും വികസിച്ചപ്പോള്‍ പഴയ ടെന്റുകളും പ്രദര്‍ശന ശാലകളും ഇല്ലാതായി. പഴയ പൊലിമകളില്ലെങ്കിലും ഇപ്പോഴും മയ്യഴിയില്‍ പെരുന്നാളുണ്ട്. കനീസയെന്നും തിട്ടപ്പെരുന്നാളെന്നുമൊക്കെ ഇതിനെ നാട്ടുകാര്‍ പേരിട്ട് വിളിച്ചിരുന്നു.
ഫ്രഞ്ചുകാരന്റെ മയ്യഴിക്ക് പുറത്താണെങ്കിലും ബ്രിട്ടീഷുകാരന്റെ റെയില്‍ മാഹിയിലൂടേയും കടന്നു പോകുന്നുണ്ട്. തലശ്ശേരിയില്‍ നിന്നും റോഡുമാര്‍ഗ്ഗം മാഹിയിലെത്തുന്നതിനേക്കാള്‍ ദൂരമുണ്ട് റെയില്‍ മാര്‍ഗ്ഗം തലശ്ശേരി- മാഹി യാത്ര. ഫ്രഞ്ച് അധീന പ്രദേശങ്ങള്‍ ഒഴിവാക്കിയാണ് ബ്രിട്ടീഷുകാരന്‍ അക്കാലത്ത് റെയില്‍ തീര്‍ത്തത്. അതുകൊണ്ടുതന്നെ മയ്യഴി നഗരത്തില്‍ നിന്നും കുറേ അകലെയാണ് മയ്യഴി റെയില്‍വേ സ്റ്റേഷന്‍.
'മയ്യഴി' നോവലിലെ മിത്താണ്; മയ്യഴി യാഥാര്‍ഥ്യത്തിലെ സത്യവും. നോവലില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കെത്തുമ്പോള്‍ അറിഞ്ഞ മയ്യഴിയെ ആയിരിക്കില്ല നേരില്‍ കാണുക. നേരില്‍ കണ്ട മയ്യഴിയില്‍ നിന്നും നോവല്‍ വായനയിലേക്ക് തിരിഞ്ഞാലും ഇതേ അത്ഭുതമുണ്ടാകും. നേരില്‍ കണ്ട പ്രദേശം തന്നെയോ ഇത്രയും മനോഹരമെന്ന് വെറുതെ തോന്നിപ്പോകും.
മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനും ചന്ദ്രികയും കുറമ്പിയും മൂപ്പന്‍ സായ്‌വും മാത്രമല്ല, ദൈവത്തിന്റെ വികൃതികളിലെ അല്‍ഫോന്‍സച്ചനും മാഗി മദാമ്മയും എല്‍സിയുമെല്ലാം മയ്യഴി മിത്തിന്റെ ബാക്കി പത്രങ്ങളാണ്. മയ്യഴിപ്പുഴയോരത്തു നിന്നും വെള്ളാരങ്കല്ലുകള്‍ പെറുക്കി കുട്ടികള്‍ക്ക് ചുവപ്പും പച്ചയും നിറത്തിലെ മിഠായികളാക്കിക്കൊടുക്കുന്ന അല്‍ഫോന്‍സച്ചന്റെ അതേ മാന്ത്രികമാണ് നോവലുകളില്‍ എം മുകുന്ദനും നടത്തുന്നത്.
ദൂരെ, മയ്യഴിയെന്ന മിത്തുപോലെ കടലില്‍ വെള്ളിയാങ്കല്ലുണ്ട്. ''അകലെ സമുദ്രത്തില്‍ ഒരു വലിയ കണ്ണീര്‍ത്തുള്ളിപോലെ കാണാവുന്ന വെള്ളിയാങ്കല്ല്. അവിടെ നിന്നാണ് എല്ലാ മയ്യഴിയുടെ മക്കളും വരുന്നത്. സൂര്യനെ പോലെ പ്രകാശിക്കുന്ന വെള്ളിയാങ്കല്ലില്‍ ജന്മം കാത്തിരിക്കുന്ന ആത്മാവുകള്‍ തുമ്പികളെ പോലെ പറന്നു കളിക്കുന്നു.''
കാലം കടന്നു പോകുന്നു. സ്വാതന്ത്ര്യാനന്തര മയ്യഴിയുടെ മുഖഛായകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്കിടയിലും മയ്യഴി മക്കളുടെ തലവിധി തിരുത്തിയെഴുതപ്പെട്ടിരുന്നു. കുഞ്ഞിച്ചിരുത ഇന്ന് ദാവീദ് സായ്‌വിന് വേണ്ടി കാത്തുനില്‍ക്കുന്നില്ല. ഒരു കാലത്ത് കുണ്ടും കുഴിയും കിടന്നിരുന്ന നിരത്തുകള്‍ താറിട്ട് ഉറപ്പിച്ചിരിക്കുന്നു. കുഞ്ചക്കന്‍ കൊളുത്തിവെക്കുന്ന എണ്ണ വിളക്കുകള്‍ക്ക് പകരം വിദ്യുച്ഛക്തി വിളക്കകളാണ് പ്രകാശം ചൊരിയുന്നത്. കുടിച്ചു മദിക്കുന്ന പട്ടാളക്കാരുടേയും കാല്‍ശരായിക്കാരുടേയും തൊപ്പിക്കാരുടേയം മയ്യഴി ഇപ്പോള്‍ നോവലില്‍ മാത്രമാണ്.
മയ്യഴിപ്പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്- കുറ്റിയാടി മലയില്‍ നിന്ന് ഉത്ഭവിച്ച് പേരുമാറ്റി, കനകമലയുടെ നിഴലിലൂടെ മയ്യഴിപ്പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്. തെളിവെള്ളമില്ലാത്ത പുഴയില്‍ ഇറച്ചി മാലിന്യങ്ങളും മദ്യക്കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും ഒഴുകി അറബിക്കടലിലേക്ക് ചേരുന്നുണ്ട്. ഒരു മിത്തിന് സത്യത്തിലേക്ക് എത്ര ദൂരമുണ്ടെന്ന് മയ്യഴി കാണിച്ചുതരുന്നുണ്ട്.

ചിത്രങ്ങള്‍: കെ ദുല്‍കിഫില്‍

Friday, July 23, 2010

ആഴ്ന്നിറങ്ങുന്ന നീലപ്പല്ലുകള്‍കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് നവസാങ്കേതികത ആകാശം മുട്ടുവോളം വളര്‍ന്നു പോയത്. 1990കളുടെ അവസാനത്തോടെയാണ് കേരളത്തില്‍ മൊബൈല്‍ ഫോണുകള്‍ കടന്നു വന്നത്. തുടക്കത്തില്‍ സാധാരണക്കാരോട് വലിയ ചങ്ങാത്തം കാണിക്കാതിരുന്ന മൊബൈല്‍ ഫോണുകള്‍ രണ്ടായിരാമാണ്ടിന്റെ ആദ്യപതിറ്റാണ്ട് പകുതിയാവുമ്പോഴേക്കും എല്ലാവരുടേയും കീശയിലൊതുങ്ങുന്ന കിങ്ങിണിപ്പെട്ടിയായി. വിളിക്കാനും വിളി കേള്‍ക്കാനുമുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സകല തുരുപ്പു ചീട്ടുകളും ഇണക്കിച്ചേര്‍ത്ത കണ്ണിയായി മാറിയതും ഇക്കാലത്താണ്. വലുപ്പം ഏറെയുള്ള, കേള്‍ക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന ഫോണുകളില്‍ നിന്നും മൂന്നാം തലമുറ (ജി 3) ഫോണിലെത്തിയതോടെ മാറ്റം വിപ്ലവകരമായി.
കാസര്‍ക്കോട് നില്‍ക്കുന്ന വ്യക്തി താനിപ്പോള്‍ തിരുവനന്തപുരത്താണെന്ന് യാതൊരു സങ്കോചവും കൂടാതെ മൊബൈല്‍ ഫോണിലൂടെ വിളിച്ചു പറയുന്നത് കാണുന്നതും കേള്‍ക്കുന്നതും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. മൂന്നാം തലമുറ ഫോണുകളുടെ കടന്നു വരവ് ഇത്തരം 'സിംപിള്‍' കളവുകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞേക്കാനുള്ള സാധ്യതയുണ്ട്. കാരണം ഫോണ്‍ അറ്റന്റ് ചെയ്യുന്ന വ്യക്തി എവിടെയാണെന്ന് കാണാനും ഏത് ടവറിന് കീഴിലാണ് ഉള്ളതെന്ന് കണ്ടെത്താനും പുതിയ സംവിധാനം വഴി അരങ്ങൊരുങ്ങിക്കഴിഞ്ഞു.
ഇന്റര്‍നെറ്റിന്റെ അമിത സാങ്കേതികത ഇല്ലെന്നു മാത്രമല്ല, ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് മൊബൈലുകളെ ഏറെ ജനപ്രിയമാക്കിയത്. ഏറ്റവും ആധുനികമായ മൊബൈല്‍ സെറ്റ് ഏറ്റവും മികച്ച രീതിയിലും മനോഹരമായും ഉപയോഗിക്കാന്‍ സാധിക്കുന്നത് മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ്. ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് മൊബൈല്‍ ഫോണ്‍ സങ്കേതങ്ങള്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്നതെന്ന് നിരീക്ഷിച്ചാല്‍ തിരിച്ചറിയാനാവുന്ന വസ്തുതയാണ്. അതുകൊണ്ടു കൂടിയാവണം ആറിനും പതിനെട്ടിനും ഇടയിലുള്ളവരാണ് മൊബൈല്‍ കുറ്റങ്ങളിലും മൊബൈല്‍ ദുരന്തങ്ങളിലും കൂടുതലായി കുരുങ്ങുന്നത്.
കുരങ്ങന്റെ കൈയ്യിലെ പൂമാലയെന്നും കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുകയെന്നുമുള്ള പഴഞ്ചൊല്ലുകള്‍ കൗമാരക്കാരുടെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ മുമ്പില്‍കണ്ട് പറഞ്ഞതാണെന്ന് തോന്നിപ്പോകും. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും അതിന്റെ ഉപയോഗം പൂര്‍ണ്ണമായും അറിയില്ല എന്നുമാത്രമല്ല, ഏതൊക്കെ തരങ്ങളില്‍ അത് ഉപയോഗിക്കാന്‍ പാടില്ലെന്നുമുള്ള അറിവും അവര്‍ക്കില്ല. ഫോണ്‍ നിര്‍മ്മാതാക്കള്‍ മൊബൈല്‍ സെറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ആധുനിക സൗകര്യങ്ങളും തങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് ഉപയോക്താക്കളില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത്. രസകരമായ വസ്തുത കീശയിലും വാനിറ്റി ബാഗിലും ഉള്ളംകൈയ്യിലും ഒതുക്കിവെച്ചിരിക്കുന്ന മൊബൈല്‍ പലര്‍ക്കും ഫോണ്‍ എന്ന ഉപയോഗത്തിന് ഉള്ളതല്ലെന്നതാണ്. ഗെയിമുകള്‍ക്കും ക്യാമറയായും സിനിമകള്‍ കാണാനും പാട്ടുകള്‍ കേള്‍ക്കാനും ബ്ലൂ ടൂത്തോ എസ് എം എസോ എം എം എസോ വഴി സന്ദേശങ്ങളും ചിത്രങ്ങളും അയക്കാനുമുള്ള ഉപകരണമാണ് ഇത്തരക്കാര്‍ക്ക് മൊബൈല്‍ സെറ്റുകള്‍. അങ്ങനെയാണെങ്കില്‍, എല്ലാവരുടേയും കൈകളില്‍ 'കുഞ്ഞുവാവ'യെ പോലെ കിടക്കുന്ന ഈ ഉപകരണത്തെ കുറിച്ച് ഒരു വിചിന്തനം ആവശ്യമുണ്ട്.

ദുരന്തങ്ങളുടെ മൊബൈല്‍ കഥകള്‍
മൊബൈല്‍ ഫോണിന്റെ ദുരന്തങ്ങള്‍ കൃത്യമായി വരച്ചു കാണിച്ചതാണ് ഈയ്യിടെ തളിപ്പറമ്പില്‍ നടന്ന സംഭവം. ഒരു യുവാവിന്റേയും വിദ്യാര്‍ഥിനിയുടേയും ആത്മഹത്യയിലേക്കാണ് ഈ ദുരന്തം വഴി കാണിച്ചു കൊടുത്തത്. ഇന്റര്‍നെറ്റില്‍ സഹപാഠി പ്രചരിപ്പിച്ചെന്ന് പറയപ്പെടുന്ന അശ്ലീല ചിത്രങ്ങളാണ് വിദ്യാര്‍ഥിനിയുടേയും സുഹൃത്തിന്റേയും ആത്മഹത്യയില്‍ കലാശിച്ചത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയായിരുന്നു. മൊബൈലില്‍ എടുത്ത ചിത്രം ഡൗണ്‍ ലോഡ് ചെയ്യാന്‍ നല്കിയ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണത്രെ അശ്ലീല ചിത്രമായി പെണ്‍കുട്ടി കംപ്യൂട്ടര്‍ വലയുടെ കുരുക്കുകളിലേക്ക് കുടുങ്ങിപ്പോയത്. ഒന്നോ രണ്ടോ ആഴ്ചക്കാലം തളിപ്പറമ്പില്‍ പ്രചരിച്ച സംഭവം ഒടുവില്‍ രണ്ട് ജീവനുകളുടെ അവസാനിക്കലിനാണ് കാരണമായത്. മൊബൈല്‍ ഫോണിലെടുത്ത പെണ്‍കുട്ടിയുടെ ചിത്രത്തില്‍ അശ്ലീല രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ഇന്റര്‍നെറ്റിലെ പ്രചരണം. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയും സഹപാഠിയെ അറസ്റ്റ് ചെയ്യുകയും ഒരു ഇന്റര്‍നെറ്റ് കഫേ വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവ പരമ്പരകള്‍ പെണ്‍കുട്ടിയുടേയും സുഹൃത്തിന്റേയും ആത്മഹത്യയിലെത്തിയതോടെയാണ് പുറം ലോകത്തിന്റെ ശ്രദ്ധ അവിടേക്ക് പതിഞ്ഞത്.
ഇതേ രീതിയില്‍ മറ്റൊരു വാര്‍ത്ത കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാവേലിക്കരയില്‍ നിന്നാണ്. വീട്ടുകാര്‍ അറിയാതെ എ ടി എമ്മില്‍ നിന്നും പണമെടുത്ത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപക ദമ്പതികളുടെ ഏകമകന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചുവെന്നായിരുന്നു വാര്‍ത്ത. പത്താം ക്ലാസ് വിദ്യാര്‍ഥിയായ 14കാരന് സ്വന്തമായി ഒരു മൊബൈല്‍ ഫോണുണ്ടായിരുന്നു. എന്നിട്ടും കയ്യിലുണ്ടായിരുന്ന പണവും അമ്മ അറിയാതെ എ ടി എമ്മില്‍ നിന്നുമെടുത്ത 4200 രൂപയും ഉപയോഗിച്ച് വിദ്യാര്‍ഥി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഇതിന് മകനെ ശാസിച്ച രക്ഷിതാക്കള്‍ രാത്രിതന്നെ ഫോണ്‍ തിരിച്ചു കൊടുക്കാന്‍ കടയില്‍ പോവുകയും മടങ്ങി വരുമ്പോഴേക്കും കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
അമ്പലപ്പുഴയിലെ മൂന്ന് പെണ്‍കുട്ടികള്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്തതിനു പിറകില്‍ മൊബൈല്‍ ഫോണിന്റെ കൈകള്‍ക്കാണ് പങ്കുള്ളതെന്നാണ് പൊലീസ് നിരീക്ഷിച്ചിട്ടുള്ളത്. സഹപാഠികളുമായി അമിത ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടികളുമായി ചേര്‍ന്നുള്ള അശ്ലീല ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും അത് പിന്നീട് പുലിവാലായതുമാണ് കൂട്ടുകാരികളുടെ കൂട്ട ആത്മഹത്യയില്‍ കലാശിച്ചത്.
കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും അത് സി ഡിയാക്കാന്‍ ഇന്റര്‍നെറ്റ് കഫേകളെ സമീപിക്കുന്നതും സ്ഥിരം രീതിയാണ്. ഇത്തരം ചിത്രങ്ങളാണ് പലപ്പോഴും മൊബൈല്‍ ഉടമ അറിയാതെ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്നത്. മാത്രമല്ല, ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇതുമായി ബന്ധപ്പെട്ടവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണ്.

അറിവില്ല എന്നത് ഒഴിഞ്ഞു മാറാനുള്ള ന്യായീകരണമല്ല
നിയമങ്ങള്‍ അറിയില്ല എന്നത് അത് ലംഘിക്കുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള ന്യായമല്ല. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാര്യത്തിലും അതുതന്നെയാണ് അവസ്ഥ. മൊബൈലുമായി ബന്ധപ്പെട്ട കേസുകളില്‍ പെടുന്നവരില്‍ ഭൂരിപക്ഷവും കൗമാരക്കാരും യുവാക്കളുമാണെങ്കിലും മുതിര്‍ന്നവരും ഇത്തരം സംഭവങ്ങളില്‍ കുരുങ്ങി വഞ്ചിക്കപ്പെടാറുണ്ട്. ഐ ടി ആക്ടുമായി ബന്ധപ്പെട്ട് കഠിനമായ ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. വ്യാജ സന്ദേശങ്ങള്‍, അശ്ലീല ചിത്രങ്ങള്‍ തുടങ്ങിയവ മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റുകളും വഴി കൈമാറുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000ത്തിന്റെ ലംഘനമാണ്. വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റങ്ങള്‍ക്ക് തടയിടാനാണ് 2000ല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പാര്‍ലമെന്റ് പാസ്സാക്കിയത്. ഐക്യരാഷ്ട്ര സഭ ആഗോളതലത്തില്‍ നടപ്പാക്കിയ മാതൃകാ നിയമത്തിന് സമാനമായാണ് ഇന്ത്യയിലും ഈ നിയമം രൂപീകരിച്ചത്. ഐ ടി മേഖലയുടെ പുരോഗതിക്ക് അനുസൃതമായി 2008ല്‍ നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തുകയുണ്ടായി.
അനുവാദമില്ലാതെ മറ്റൊരു കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കുന്നതും ഡാറ്റകള്‍ നശിപ്പിക്കുന്നതും കംപ്യൂട്ടര്‍ സിസ്റ്റത്തിലും നെറ്റ്‌വര്‍ക്കിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതുമായ കുറ്റങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപ വരെയാണ് വിധിക്കുക. നിയമ വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മൂന്ന് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും വിധിക്കാം. മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍ റിസോഴ്‌സുകളും മറ്റും സ്വീകരിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
സുഡാനിലെ ഒരു ബാങ്കില്‍ ഒന്നരക്കോടി അമേരിക്കന്‍ ഡോളറിന്റെ ചിട്ടിക്ക് നറുക്കുവീണെന്ന സന്ദേശം ലഭിക്കുകയും അതിന്റെ ആവശ്യത്തിലേക്കെന്നു പറഞ്ഞ് 80000 ഡോളര്‍ തട്ടിയെടുക്കുകയും ചെയ്ത കേസാണ് കേരളത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ച 2009ല്‍ ആദ്യം റജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റം. കണ്ണൂര്‍ സ്വദേശി ശരീഫിന്റെ പരാതിയിലാണ് ആദ്യ സൈബര്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.
മൊബൈല്‍ ഫോണുകള്‍ കാംപസുകളിലും സ്‌കൂള്‍ മുറികളിലും ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ കലക്ടര്‍മാര്‍ ഇറക്കിയിരുന്നു. അധ്യയന സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നായിരുന്നു പ്രസ്തുത ഉത്തരവ്. എന്നാല്‍ ഇത് പരക്കെ ലംഘിക്കപ്പെചുകയായിരുന്നു. അതോടെ കൂടുതല്‍ കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്.
ബ്ലൂടൂത്ത്, ക്യാമറ തുടങ്ങിയ സൗകര്യങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ സ്‌കൂളുകളിലും കോളെജുകളിലും നിയന്ത്രിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. മൊബൈല്‍ ജാമര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് വകുപ്പ് ആലോചിക്കുന്നത്. ക്യാമറയുള്ള മൊബൈള്‍ ഫോണുകള്‍ കാംപസില്‍ കയറ്റരുതെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ കര്‍ശനമായി ആവശ്യപ്പെടുക. അത്തരം മൊബൈലുകള്‍ അധികൃതര്‍ പിടിച്ചെടുത്താല്‍ തിരിച്ചു കൊടുക്കാന്‍ വകുപ്പില്ലാത്ത വിധം നിയമം കര്‍ശനമാക്കാനാണ് ആലോചിക്കുന്നത്.
ക്യാമറാ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ചിത്രം നിമിഷങ്ങള്‍ക്കകം ബ്ലൂടൂത്തോ എം എം എസോ വഴി അടുത്തയാള്‍ക്ക് കൈമാറാനാകും. ഫോട്ടോ എടുത്തയാള്‍ക്ക് സ്വന്തം മൊബൈലില്‍ നിന്നും ചിത്രം മായ്ച്ചു കളഞ്ഞ് നിരപരാധി ചമയുകയുമാവാം. എന്നാല്‍ അപ്പോഴേക്കും ആവശ്യമായ ചിത്രം ആവശ്യമായ കേന്ദ്രങ്ങളില്‍ എത്തിക്കഴിഞ്ഞിരിക്കും. എന്നാല്‍ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍ മായ്ച്ചു കളഞ്ഞാലും ഹാര്‍ഡ്‌വെയര്‍ പരിശോധനയിലൂടെ ഇത് കണ്ടെത്താനാവുമെന്ന് പലര്‍ക്കും അറിയില്ല. നിയമം കര്‍ശനമായാല്‍ ഇത്തരക്കാര്‍ എളുപ്പത്തില്‍ കുടുങ്ങുകയായിരിക്കും ഫലം. ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ പകര്‍ത്തുന്നതും കൈമാറുന്നതും മൂന്ന് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.
മൊബൈല്‍ ഉപയോക്താക്കളായ സ്ത്രീകളുടെ ശ്രദ്ധ പതിയാത്ത മേഖലയാണ് റീ ചാര്‍ജിംഗ്. പലപ്പോഴും വിദ്യാര്‍ഥിനികളോ ഉദ്യോഗസ്ഥകളോ ആയ സ്ത്രീകളാണ് റീ ചാര്‍ജിംഗ് കുഴപ്പത്തില്‍ എത്തിപ്പെടുക. ഈസി റീചാര്‍ജിംഗിനായി കടകളില്‍ സ്വന്തം നമ്പറും പണവും നല്കി പുറത്തിറങ്ങുമ്പോള്‍ അവര്‍ അറിയുന്നില്ല, തന്റെ ഫോണ്‍ നമ്പര്‍ പരസ്യമായിക്കഴിഞ്ഞെന്ന്. പലപ്പോഴും ഇങ്ങനെ കിട്ടുന്ന നമ്പറുകളാണ് പിന്നീട് അജ്ഞാത കോളുകളായും മിഡ്‌സ് കാള്‍ പ്രളയങ്ങളായും എസ് എം എസ് ശല്യങ്ങളായും മാറുന്നത്. സ്ത്രീകളും വിദ്യാര്‍ഥിനികളും ഈസി റീചാര്‍ജിനേക്കാള്‍ കൂപ്പണ്‍ റീചാര്‍ജ് നടത്തുന്നതായിരിക്കും നല്ലത്.
മൊബൈല്‍ കണക്ഷന്‍ എടുക്കാനായി പൂരിപ്പിച്ച് നല്കുന്ന അപേക്ഷാ ഫോറത്തിലൂടെ ഉപഭോക്താവിന്റെ പൂര്‍ണ വിവരങ്ങള്‍ ഫോട്ടോ സഹിതം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. പരസ്യ കമ്പനികളും മറ്റുമാണ് ഇത്തരത്തില്‍ നമ്പറും വിലാസവും ശേഖരിക്കുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും അത് നിര്‍ബാധം നടക്കുന്നുണ്ട്. മാത്രമല്ല, രേഖകള്‍ ഫോട്ടോ സ്റ്റാറ്റ് എടുക്കുമ്പോള്‍ വ്യാജ മൊബൈല്‍ കണക്ഷനുകള്‍ക്ക് വേണ്ടി അവ ദുരുപയോഗം ചെയ്യപ്പെടാറുള്ള സംഭവവും നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക് തുടങ്ങിയവയില്‍ നിന്നും ഇ-മെയില്‍ വിലാസങ്ങളിലൂടേയും പലരുടേയും വിവരങ്ങള്‍ ചോര്‍ന്നു പോകാറുണ്ട്. അത് പിന്നീട് അവരെ വട്ടം കറക്കാനും കുഴിയില്‍ ചാടിക്കാനുമുള്ള ഏടാകൂടാങ്ങളായി മാറാറുമുണ്ട്.
ഇന്റര്‍നെറ്റ് ഫോണിലൂടെ സന്ദേശങ്ങള്‍ അയച്ച് വട്ടം കറക്കുന്നവരും കുറവല്ല. ഇത്തരം ഫോണുകളില്‍ നിന്നുള്ള സന്ദേശത്തില്‍ അയക്കുന്ന വ്യക്തിയുടെ നമ്പര്‍ ലഭിക്കാത്തതിനാല്‍ അജ്ഞാതര്‍ക്ക് എളുപ്പത്തില്‍ കയറി മേയാനുള്ള മേഖലയായി ഇത് മാറിയിട്ടുണ്ട്. ഇതിനെതിരെ പരാതികള്‍ പുറത്തെത്താത്തതും ഇത്തരക്കാര്‍ക്ക് ഗുണകരമാകാറുണ്ട്.
മാസത്തില്‍ കാല്‍ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന തൊഴിലുണ്ട്, വിദേശത്തേക്ക് വിസ, താങ്കള്‍ ഭാഗ്യവാനാണ് കോടികളുടെ ലോട്ടറി അടിച്ചു തുടങ്ങിയ സന്ദേശങ്ങളുമായി പലപ്പോഴും എസ് എം എസുകള്‍ എത്താറുണ്ട്. ഇതില്‍ കുടുങ്ങുന്നവര്‍ക്ക് റീ ചാര്‍ജ് ചെയ്ത് പണം കളയാമെന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടാകാറില്ല. ചിലപ്പോള്‍ ബാങ്കിലുള്ള പണവും നഷ്ടപ്പെടാറുണ്ട്. ആര്‍ത്തി കാണിക്കുന്നവര്‍ക്ക് വന്‍തുകയാണ് നഷ്ടപ്പെടാറുള്ളത്. ആരെന്നറിയാതെ ഒരു സന്ദേശം വരുമ്പോഴേക്കും അതിന്റെ നിജസ്ഥിതി അറിയാതെ പിന്നാലെ പോകുന്നവരാണ് ഇത്തരം വഞ്ചനകളില്‍ ഉള്‍പ്പെടാറുള്ളത്.
റിംഗ് ടോണ്‍, ഇഷ്ടപ്പെട്ട തമാശകള്‍, മതവചനങ്ങള്‍ തുടങ്ങിയ പരസ്യങ്ങളിലൂടേയും മൊബൈല്‍ കമ്പനികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യാറുണ്ട്. ഉപഭോക്താക്കളില്‍ നിന്നും പണം പിടുങ്ങാനായി മൊബൈല്‍ കമ്പനികള്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗ്ഗമാണ് റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍ക്ക് അനുകൂലമായി എസ് എം എസുകള്‍ അയക്കാന്‍ പറയുന്നത്. വന്‍ തുകയാണ് ഇത്തരം എസ് എം എസുകള്‍ക്ക് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ ഈടാക്കാറുള്ളത്. റിയാലിറ്റി ഷോയുടെ ആവേശത്തില്‍ പണം ചോരുന്ന വഴി ഉപയോക്താക്കള്‍ അറിയുകയേ ഇല്ല. ഷൂട്ടിംഗ് കഴിഞ്ഞതും ഫല പ്രഖ്യാപനം വന്നതുമായ പരിപാടികള്‍ക്കാണ് തങ്ങള്‍ ആവേശത്തോടെ എസ് എം എസ് അയക്കുന്നതെന്ന് പ്രേക്ഷകരും മൊബൈല്‍ ഉപയോക്താക്കളും അറിയാറില്ല.
എസ് എം എസുകളിലൂടെ തന്നെയാണ് ആണ്‍- പെണ്‍ സൗഹൃദ പരസ്യങ്ങളും എത്താറുള്ളത്. ചില സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നമ്പര്‍ രഹസ്യമാക്കുമെന്നറിയിച്ച് ആണ്‍- പെണ്‍ സൗഹൃദ കോളുകള്‍ നല്കുന്നുണ്ട്. ആരാണെന്നോ എന്താണെന്നോ അറിയാതെ കമ്പനിയുടെ പരസ്യത്തില്‍ വിശ്വസിച്ച് കൊഞ്ചിക്കുഴയുന്നവര്‍ തങ്ങളുടെ പണം ഒഴുകിപ്പോകുന്നത് അറിയാറില്ല. മൊബൈല്‍ പ്രണയവും എസ് എം എസ് ദുരന്തങ്ങളുമൊക്കെ സമ്മാനിക്കുന്നതില്‍ എഫ് എം റേഡിയോകളും ഇപ്പോള്‍ പിറകിലല്ല.
എല്ലാ ദുരന്തങ്ങളില്‍ നിന്നും ചിലപ്പോള്‍ സ്വയം മാറാന്‍ കഴിഞ്ഞെന്ന് വരില്ല. ചിലവ നമ്മെ തേടി എത്തുക തന്നെ ചെയ്യും. എന്നാല്‍ ഓരോരുത്തര്‍ക്കും സ്വയം ഉണ്ടാക്കുന്ന കുറേ പ്രശ്‌നങ്ങള്‍ക്ക് സൂക്ഷ്മതയിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞേക്കും. തന്റെ രഹസ്യങ്ങള്‍ സ്വന്തം സൂക്ഷിക്കാന്‍ കഴിഞ്ഞിയാത്തവര്‍ അത് മറ്റുള്ളവര്‍ സൂക്ഷിക്കുമെന്ന് കരുതുന്നുവെങ്കില്‍ മണ്ടന്‍ ചിന്ത എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കുക. അത്തരക്കാരാണ് ആദ്യം കുഴപ്പങ്ങളില്‍ ചെന്ന് വീഴുന്നതും. അബദ്ധങ്ങളില്‍ ചെന്നുചാടിയതിനു ശേഷം വിലപിക്കുന്നതിന് പകരം അത്തരം കുഴപ്പങ്ങളിലേക്ക് വീഴാതെ സൂക്ഷിക്കുന്നതാണ് ഉത്തമം.

തുരുത്തില്‍ ഒറ്റപ്പെട്ട് പോയവര്‍
മൊബൈല്‍ ഫോണിന്റെ വരവോട് കൂടിയാണ് നല്ല ചങ്ങാത്തങ്ങള്‍ അവസാനിച്ചു പോയത്. നേര്‍ക്കു നേരെ സംസാരിക്കാന്‍ വിഷയമില്ലാത്തവര്‍ പോലും മൊബൈല്‍ ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കും. എന്താണ് പറഞ്ഞതെന്ന് പറയുന്നവര്‍ക്കോ കേള്‍ക്കുന്നവര്‍ക്കോ പിന്നീട് ഓര്‍ത്തെടുക്കാന്‍ പോലും പറ്റിയെന്ന് വരില്ല. ഗൗരവത്തോടെ സംസാരിക്കുന്നവര്‍ക്കിടയിലേക്ക് വില്ലനെ പോലെ മൊബൈലിന്റെ റിംഗ് ട്യൂണ്‍ കടന്നു വരുന്നതോടെ പരിഗണന മൊബൈലിലേക്കു പോകും. അതോടെ സമീപസ്ഥന്‍ ക്യൂവിലാവുകയും ദൂരെയെങ്ങോ ഉള്ളയാള്‍ ചെവിക്കടുത്തേക്ക് എത്തുകയും ചെയ്യും. ഇപ്പോള്‍ സ്വന്തം പേരുകള്‍ പോലും മറന്നു പോയ തലമുറയാണ് ജീവിതം മുമ്പോട്ട് പോകുന്നത്. പത്ത് അക്കങ്ങളുള്ള നമ്പറാണ് പുതിയ തലമുറയുടെ പേര്. ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ കൈവെള്ളയില്‍ പൊതിഞ്ഞു കെട്ടി നടക്കുന്നതാണ് ഫാഷന്‍. ചില പൊങ്ങച്ച മാസികകളില്‍ മൊബൈല്‍ ഫോണിന്റെ മോഡലുകളെ കുറിച്ച് പംക്തികള്‍ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്. കാല്‍ ലക്ഷം രൂപ വില വരുന്ന മൊബൈല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ പ്രിയപ്പെട്ട കമ്പനി പുറത്തിറക്കുന്ന ഇത്തരം മൊബൈലുകളിലെ സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നുമൊക്കെയായിരിക്കും പൊങ്ങച്ചച്ചേട്ടന്മാരും ചേച്ചിമാരും ഈ പംക്തിയില്‍ ചോദ്യങ്ങള്‍ ചോദിക്കാറുള്ളത്.
കാലം ഏറെ മാറിപ്പോയിരിക്കുന്നു. ആധുനിക ജീവിത രീതിയില്‍ നിലവില്‍ മൊബൈല്‍ ആഢംബര വസ്തുവില്‍ നിന്നും അവശ്യവസ്തുവിലേക്ക് ചുവടു മാറിക്കഴിഞ്ഞു. റേഷന്‍ കടയില്‍ അരിയ്ക്ക് കാത്തു നില്‍ക്കുന്നവരില്ലാത്ത ലോകത്ത് മൊബൈല്‍ റീ ചാര്‍ജ് കൂപ്പണിനു വേണ്ടി ക്യൂ നില്‍ക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. സൂക്ഷിച്ച് ഉപയോഗിക്കുന്ന എന്നതു തന്നെയാണ് മൊബൈലിന്റെ കാര്യത്തിലും നടപ്പാക്കാന്‍ കഴിയുന്ന സിദ്ധാന്തം.

2515 തിരുവനന്തപുരം-ഗോഹട്ടി സൂപ്പര്‍ഫാസ്റ്റ്

''യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ഗോഹട്ടി വരെ പോകുന്ന 2515ാം നമ്പര്‍ തിരുവനന്തപുരം- ഗോഹട്ടി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് 12 മണി 45 മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറപ്പെടുന്നതാണ്''. അനൗണ്‍സ്‌മെന്റ് മലയാളത്തിലാണെങ്കിലും ഈ തീവണ്ടിയില്‍ പോകാനുള്ള യാത്രക്കാര്‍ ഏറെയും മലയാളികളല്ല. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നതു മുതല്‍ സൂചികുത്താന്‍ ഇടമില്ലാതെ യാത്ര തുടങ്ങുന്ന ഒരു തീവണ്ടിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്.
''പറഞ്ഞല്ലോ, എന്റെ പേര് തിരുവനന്തപുരം- ഗോഹട്ടി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. ഇത് ഗോഹട്ടിയിലേക്കുള്ള യാത്ര. ഞായറാഴ്ചകളില്‍ എന്റെ പതിവ് ഷെഡ്യൂള്‍ ഉച്ചക്ക് 12.45നാണ്. ഇവിടുന്ന് പുറപ്പെട്ട് നാലാം ദിവസം അതായത് ബുധനാഴ്ച പുലര്‍ച്ചെ 5.50ന് ഗോഹട്ടിയിലെത്തും. അസമിലെ മഞ്ഞും തണുപ്പും മഴയും വെള്ളപ്പൊക്കവും വരള്‍ച്ചയുമൊക്കെ ഏറ്റ് അവിടെ തന്നെ കിടക്കാമെന്നും കിതപ്പകറ്റാമെന്നും കരുതിയെങ്കില്‍ തെറ്റി. രാവിലെ ആറര മണിയോടെ ഗോഹട്ടി സ്റ്റേഷനോട് വിട പറഞ്ഞ് തിരുവനന്തപുരത്തേക്ക് മടക്കയാത്ര തുടങ്ങണം. പക്ഷേ, പോകുന്നതിനേക്കാള്‍ ഒരു സുഖമുള്ളത് വെള്ളിയാഴ്ചയോടെ മടങ്ങിയെത്താമെന്നാണ്. പിന്നെ രണ്ടു ദിവസം പൂര്‍ണ്ണ വിശ്രമം.
തിരുവനന്തപുരത്തു നിന്നും 51 സ്റ്റേഷനുകളുടെ ഹൃദയത്തുടിപ്പും ഹൃദയമിടിപ്പും കണ്ണീര്‍ കാഴ്ചകളുമൊക്കെ കണ്ട് 3552 കിലോമീറ്ററുകള്‍ താണ്ടിയാണ് ഗോഹട്ടിയിലെത്തേണ്ടതെങ്കില്‍ തിരിച്ചു വരുമ്പോള്‍ 49 റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രമേ സ്റ്റോപ്പുള്ളു. മാത്രമല്ല 3540 കിലോമീറ്റര്‍ ഓടിയാല്‍ മതി. ഞാന്‍ ഒരല്‍പ്പം തിക്കും തിരക്കുമുള്ള തീവണ്ടിയാണേ. എന്റെ റിസര്‍വേഷന്‍ നില അറിയണോ. എങ്കില്‍ കേട്ടോളു സ്ലീപ്പല്‍ ക്ലാസ്സില്‍ ഒരു സീറ്റ് പോലും ഒഴിവില്ല. വെയിറ്റിംഗ് ലിസ്റ്റ് ആവട്ടെ 300 വരെ എത്തി നില്‍ക്കുന്നുമുണ്ട്. എ സി കോച്ചിന്റെ കാര്യവും ഏകദേശം ഇങ്ങനെതന്നെ. വെയിറ്റിംഗ് ലിസ്റ്റില്‍ ചെറിയ കുറവുണ്ടെന്ന് മാത്രം. അന്‍പതും എഴുപതും പേരൊക്കെയേ ഓരോ ആഴ്ചയും എയര്‍കണ്ടീഷനു വേണ്ടി കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുള്ളു.
ഗോഹട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയും ഇതുപോലെ തന്നെയാണേ. സ്ലീപ്പര്‍ ക്ലാസ്സില്‍ വെയിറ്റിംഗ് ലിസ്റ്റ് 202 വരെയൊക്കെ ആയിട്ടുണ്ട്. എ സി കോച്ചിലാകട്ടെ അന്‍പതും എഴുപതുമൊക്കെത്തന്നെയാണ് കണക്ക്.
അതേയ്, ഞാന്‍ പറഞ്ഞു വരുന്നത് ഇതൊന്നുമല്ല. എന്റെ ഓട്ടത്തിന്റേയും യാത്രക്കാരുടേയും തിരക്കിനെ കുറിച്ച് സൂചിപ്പിച്ചെന്നേയുള്ളു. വണ്ടീ, വണ്ടീ നിന്നെ പോലെ വയറിലെനിക്കും തീയാണേ എന്ന പാട്ടുകേട്ടിട്ടില്ലേ, അതുപോലെ വയറിലും നെഞ്ചിലും നിറയെ തീയുമായി കുറേ യാത്രക്കാര്‍ എന്റെ ഉള്ളിലുണ്ട്. അവരെയൊന്ന് പരിചയപ്പെടാം''

രബിയും പരീഖും കഥ പറയുന്നു

രബിയേയും പരീഖിനേയും പിന്നെ അതുപോലുള്ള നാലോ അഞ്ചോ പേരും സുഖമായി നില്‍ക്കുന്നതുകണ്ടാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഗോഹട്ടി എക്‌സ്പ്രസ് നിര്‍ത്തിയ ഇടവേളയ്ക്കിടയില്‍ പരിചയപ്പെട്ടത്. യാത്രക്കാരെ കുത്തിനിറച്ചുള്ള ജനറല്‍ ബോഗിയില്‍ ഇവര്‍മാത്രം എങ്ങനെ ഇത്ര സുഖമായി നില്‍ക്കുന്നു എന്ന അത്ഭുതക്കാഴ്ചയാണ് അവരിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. പിന്നീടാണ് മനസ്സിലായത് തീവണ്ടിയുടെ കക്കൂസിനകത്താണ് ഇഷ്ടന്മാരുടെ നില്‍പ്പ്. ഇനി മൂന്ന് ദിവസത്തേക്ക് തീറ്റയും കുടിയും കിടപ്പുമെല്ലാം ഇവിടെതന്നെ. കക്കൂസിന്റെ ജനല്‍ മറ പൊളിച്ചെടുത്ത് ക്ലോസറ്റിനു മുകളില്‍ അടപ്പാക്കിയിട്ടുണ്ട് വിരുതന്മാര്‍.
അറിയുന്ന ഹിന്ദിയും അറിയാത്ത മലയാളവുമെല്ലാം കൂട്ടിക്കലര്‍ത്തി അവര്‍ തങ്ങളുടെ കഥ പറഞ്ഞു: ''തിരുവനന്തപുരത്തു നിന്നാണ് കയറിയത്. കൊല്‍ക്കത്തയിലേക്ക് പോകുന്നു. ഇവിടെ മേസ്ത്രിപ്പണിയാണ്. നാട്ടിലേക്ക് 320 രൂപയാണ് ടിക്കറ്റ്. റിസര്‍വ്വേഷനൊന്നും കിട്ടിയില്ല. (കിട്ടിയാലും റിസര്‍വ്വേഷന്‍ എടുക്കുമോ? സംശയമാണ്. ജനറല്‍ ബോഗിയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റു തന്നെ ഉണ്ടോ എന്നകാര്യ സംശയം.) ഇനി മൂന്ന് ദിവസം ഇതിനകത്ത് കഴിയും. ചിക്കന്‍ ബിരിയാണി കഴിക്കുന്നതും കാപ്പി കുടിക്കുന്നതും ഉറങ്ങുന്നതുമൊക്കെ ഇവിടെ തന്നെ.''
സംസാരിക്കുന്നതിനിടയില്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നും പ്ലാറ്റ്‌ഫോമിലിറങ്ങിയ ഒരു ബംഗാളി യാത്രക്കാന്‍ താനും നിങ്ങളോടൊപ്പം കക്കൂസില്‍ കൂടിക്കോട്ടേ എന്നു ചോദിക്കുന്നുണ്ടായിരുന്നു. കമ്പാര്‍ട്ട്‌മെന്റിന്റെ ഫുട്‌ബോര്‍ഡിലാണ് യാത്ര ചെയ്യുന്നതെന്നും അവന്‍ മറ്റുള്ളവരോട് കെഞ്ചുന്നത് കേട്ടു. പക്ഷേ, ആദ്യമേ സ്ഥലം ഉറപ്പിച്ചവര്‍ പുതിയ ആളുകളെ സ്വീകരിക്കാന്‍ തയ്യാറില്ലായിരുന്നു.
തിരുവനന്തപുരത്തെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തീവണ്ടി എത്തുന്നതിനു മുമ്പേ തിരക്ക് തുടങ്ങിയിരുന്നു. അസമികളും ബംഗാളികളുമെല്ലാം ബാഗും ഭാണ്ഡവും മുറുക്കി കാത്തുനിന്നത് എന്തിനാണെന്ന് മനസ്സിലായത് പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിടാന്‍ പന്ത്രണ്ടരയോടെ പിറകോട്ടടിച്ച് തീവണ്ടി വന്നപ്പോഴായിരുന്നു. നിര്‍ത്താന്‍ തയ്യാറെടുക്കുന്ന തീവണ്ടിയിലേക്ക് കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന പോലെ അസമി, ബംഗാളി യാത്രക്കാര്‍ ചാടിക്കയറി. ഓരോരുത്തരും സ്വന്തം സ്ഥലം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു. യാത്ര മൂന്നോ നാലോ ദിവസം നീളും. അത്രയും നാള്‍ കൂനിക്കൂടി ഇരിക്കുന്നത് എങ്ങനെയാണാവോ.
ആദ്യം കയറിയവര്‍ മല്ലന്‍മാരും മാധേവന്‍മാരുമായിരുന്നു. അവര്‍ തങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമുള്ള സ്ഥലം കണ്ടെത്തി. പിറകെ എത്തിയവര്‍ക്ക് കമ്പാര്‍ട്ട്‌മെന്റില്‍ ഒരുകാലെങ്കിലും കുത്തി നില്‍ക്കാന്‍ കഴിഞ്ഞാല്‍ മതി എന്നായിരുന്നു. തിക്കിത്തിരക്കി നില്‍ക്കുന്നവരുടെ മുകളില്‍ പിന്നേയും ഒരു അട്ടി. യാത്രയുടെ 'സുഖം' അറിയണമെങ്കില്‍ ഗോഹട്ടി സൂപ്പര്‍ഫാസ്റ്റിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറണം. അസം, ബംഗാള്‍ യാത്രക്കാരെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് തള്ളിക്കയറ്റാനും നിയന്ത്രിക്കാനും റെയില്‍വേ പൊലീസ് വല്ലാതെ പാടുപെടുന്നുണ്ട്. തിരുവനന്തപുരത്ത് മാത്രമല്ല, കൊല്ലത്തും കോട്ടയത്തും എറണാകുളത്തുമെല്ലാം ഇത് ആവര്‍ത്തിച്ചു.
ബംഗാളിലും അസമിലും കുറഞ്ഞ കൂലിക്ക് തൊഴിലെടുത്തിരുന്നവരാണ് കേരളമെന്ന 'സ്വര്‍ഗ്ഗരാജ്യത്തിലേക്ക്' തീവണ്ടി കയറി വന്നത്. അവിടെ എഴുപത്തി അഞ്ചോ നൂറോ രൂപ കൂലി കിട്ടുമ്പോള്‍ കേരളത്തില്‍ അത് മൂന്നോ നാലോ ഇരട്ടിയാണ്. അതുകൊണ്ടുതന്നെയാണ് അറേബ്യന്‍ ഗള്‍ഫില്‍ സ്വപ്നങ്ങള്‍ വിതക്കാനും കൊയ്യാനും പോയവരുടെ നാട്ടിലേക്ക് അസമില്‍ നിന്നും ബംഗാളില്‍ നിന്നുമൊക്കെ അഭയാര്‍ഥികളെ പോലെ അവര്‍ എത്തിയത്. ഇവിടെ മേസ്ത്രിയേയും പെയിന്ററേയും കല്‍പ്പണിക്കാരനേയും ആശാരിപ്പണിക്കാരനേയും ബാര്‍ബറേയുമൊന്നും കിട്ടുന്നില്ലെന്ന് ആരാണാവോ ഇവര്‍ക്കെല്ലാം പറഞ്ഞു കൊടുത്തത്.
പറഞ്ഞുകേട്ട അറിവുകള്‍ വെച്ചാണ് പലരും അസമില്‍ നിന്നും ബംഗാളില്‍ നിന്നുമെല്ലാം കേരളത്തിലെത്തിയത്. ഒറ്റക്ക് ഒറ്റക്ക് വന്നവര്‍ക്കെല്ലാം ഇവിടെ പണിയും പണവും കിട്ടിയപ്പോള്‍ ചിലരെല്ലാം ഭാര്യയേയും മക്കളേയും ഇങ്ങോട്ടേക്ക് കൂട്ടി. കുടുംബ സമേതം ഉള്ളവര്‍ പോലും യാത്രക്ക് തെരഞ്ഞെടുത്തത് തിങ്ങി നിറഞ്ഞ് വിയര്‍പ്പ് നാറ്റവും ബീഡിപ്പുകയും പാന്‍ മണവുമുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ തന്നെയായിരുന്നു. ഒറ്റക്ക് പണി തേടി വന്നവര്‍ തങ്ങളുടെ നാട്ടുകാരെ കണ്ടെത്തി കൂട്ടുകൂടിയത് വളരെ പെട്ടെന്നായിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന ഓരോ വ്യക്തിയേയും യാത്രയയക്കാന്‍ കൂട്ടുകാരുടെ പട തന്നെയാണ് ഓരോ റെയില്‍വേ സ്റ്റേഷനുകളിലും എത്തിച്ചേര്‍ന്നിരുന്നത്. വണ്ടി പുറപ്പെടുവോളം അസമീസിലും ബംഗാളിയിലും കൂട്ടുകാര്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നു.
രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഇവരെല്ലാം നാട്ടിലേക്ക് മടങ്ങുന്നത്. ഗോഹട്ടി സൂപ്പര്‍ഫാസ്റ്റ് എന്ന ഒറ്റത്തീവണ്ടിയെ മാത്രമാണ് പലപ്പോഴും യാത്രക്ക് ഇവര്‍ ആശ്രയിക്കുന്നത്. ചെന്നൈ വരെ ഒരു തീവണ്ടിയും അതിനപ്പുറത്തേക്ക് ഒന്നോ രണ്ടോ തീവണ്ടികളും എന്ന സങ്കല്‍പ്പമൊന്നും ഇവര്‍ക്കാര്‍ക്കുമില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി എങ്ങനെ അട്ടിയട്ടിയായി ഇരുന്നും നിന്നും യാത്ര ചെയ്യുമെന്നും ഇവരാരും ചിന്തിക്കാറില്ല. മുഷിഞ്ഞുനാറിയ കുറേ ബോഗികള്‍ ഗോഹട്ടിയിലും അവിടുന്ന് തിരുവനന്തപുരത്തും എത്തുന്ന കാര്യം മാത്രമായിരിക്കും റെയില്‍വേ അറിയുന്നുണ്ടാവുക. നീണ്ട മൂന്നു ദിവസക്കാലം ഒരു ടിക്കറ്റ് പരിശോധനകന്‍ പോലും അസമികളും ബംഗാളികളും തിങ്ങിനിറഞ്ഞ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നുണ്ടാവില്ല. സൂചി കുത്താന്‍ ഇടമില്ലാത്തിടത്ത് എക്‌സാമിനര്‍ക്ക് പ്രസക്തി ഇല്ലല്ലോ. ടിക്കറ്റ് പരിശോധകരാരും വരില്ലെന്ന വിശ്വാസം തന്നെയായിരിക്കണം ഒരുനൂറ് കഷ്ടപ്പാടുകള്‍ സഹിച്ചും ഈ തീവണ്ടിയില്‍ തന്നെ യാത്ര ചെയ്യാന്‍ ഇവരെയെല്ലാം പ്രേരിപ്പിക്കുന്നത്.

Followers

About Me

My photo
thalassery, muslim/ kerala, India