വര്‍ക്ക് സംഗീതം ജീവിതത്തിന്റെ താക്കോല്‍

THE REAL SHOW

പണ്ടു പണ്ടൊരു കാലത്താണ്. കോഴിക്കോടിന്റെ നഗരത്തെരുവുകളില്‍ വയറ്റത്തടിച്ച് പാട്ടുപാടി നടന്ന ഒരു ബാലനുണ്ടായിരുന്നു. അരച്ചാണ്‍ വയറിന് വിശപ്പിന്റെ നൊമ്പരമാണെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ പാട്ടുകളില്‍ വേദനയുടെ ശ്രുതിയാണ് കൂടുതല്‍ മീട്ടിയിരുന്നത്.
ഏതോ ഒരുനാള്‍, വയറ്റത്തടിച്ച് പാട്ടുപാടുന്ന അവനെ ഒരു പൊലീസുകാരന്‍ കണ്ടു. ആ കാഴ്ചയുടെ ആഴങ്ങളിലാണ് മലയാളത്തിന് പുതിയ സംഗീതത്തിന്റെ താളപ്പെരുക്കമുണ്ടായത്. മനുഷ്യസ്‌നേഹിയും കലാതത്പരനുമായിരുന്ന ആ പൊലീസുകാരന്‍ വയറ്റത്തടിച്ച് പാട്ടുപാടിയ ആ കുട്ടിയേയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി. പാട്ടിനെ സ്വന്തം ജീവിതത്തിന്റെ താളമായി കണ്ടിരുന്ന ആ ബാലനാണ് പിന്നീട് മലയാളംകണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരില്‍ ഒരാളായത്. അയാളെ ആളുകള്‍ ബഹുമാനപൂര്‍വ്വം ബാബുരാജെന്നും സ്‌നേഹപൂര്‍വ്വം ബാബുക്ക എന്നും വിളിച്ചു.

* * * * * * * * * *

മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അഹമ്മദാബാദുകാരനായ ചമന്‍ലാല്‍ തന്റെ നാട്ടില്‍ നിന്നും തീവണ്ടി കയറുമ്പോള്‍ പ്രായം 35. സ്വന്തമെന്നു പറയാന്‍ കൂടെയുണ്ടായിരുന്നത് ഭാര്യ കസ്തൂരിയും സംഗീത ഉപകരണങ്ങളായ ഡോലാക്കും ഹാര്‍മോണിയം പെട്ടിയും. സിരകളില്‍ സംഗീതമൊഴുകുന്ന ചമന്‍ലാല്‍ തെരുവുകളില്‍ സംഗീതമണമുള്ള കോഴിക്കോട്ടാണ് തീവണ്ടി ഇറങ്ങിയത്. സംഗീതം സംഗീതത്തെ തിരിച്ചറിഞ്ഞ നിമിഷമായിരിക്കണം അത്.
കോഴിക്കോടിന്റെ തെരുവുകളില്‍ ചമന്‍ലാലിന്റെ ഡോലാക്കും കസ്തൂരിയുടെ ഹാര്‍മോണിയവും ചേര്‍ന്ന് ശ്രുതിയും താളവുമൊരുക്കി. പാട്ടിന്റെ നാള്‍വഴികളില്‍ അവരിലൂടെ പുതിയ തലമുറകളുണ്ടായി. ഖവാലിയും ഗസലുകളും വീണുടഞ്ഞ വഴികളില്‍ റഫി സാഹിബും കിഷോര്‍ കുമാറും മുകേഷുമൊക്കെ എത്ര തവണയാണ് വിരുന്നുവന്നത്; പുനര്‍ജ്ജനിച്ചത്!

* * * * * * * * * *

നാടുകളില്‍ നിന്ന് നാടുകളിലേക്ക് യാത്ര ചെയ്ത ഒരു കോഴിക്കോട്ടുകാരന്‍. യാത്രാ വിവരണങ്ങളില്‍ സ്വന്തം സത്വം തേടിയ അയാളെ എസ് കെ പൊറ്റക്കാട് എന്ന് പേര് വിളിച്ചു. മിഠായിത്തെരുവിനെ നോക്കി പുഞ്ചിരിക്കുന്ന ഒരു ശില്‍പമായി ആ മനുഷ്യന്‍ ഇപ്പോഴും കഥകള്‍ പറയുന്നുണ്ടാകും. അലച്ചിലുകളും സംഗീതവും ജീവിതത്തിന്റെ സുഗന്ധവുമുള്ള തെരുവിന്റെ കഥകള്‍....

* * * * * * * * * *

ആസുരകാലത്തും കൈമോശം വന്നിട്ടില്ലാത്ത കോഴിക്കോടിന്റെ നന്മകള്‍ക്ക് ഒരു അടിക്കുറിപ്പ് കൂടി
പ്രമുഖ ടെലിവിഷന്‍ ചാനലുകളില്‍ അരങ്ങു തകര്‍ക്കുന്ന റിയാലിറ്റി ഷോകളില്‍ കോടികള്‍ മുടക്കിയാണ് ഫ്‌ളാറ്റുകളും കാറുകളും സമ്മാനിക്കുന്നത്. റിയാലിറ്റി ഷോകള്‍ മുറുകുന്നതിനനുസരിച്ച് മത്സരാര്‍ഥികളുടെ ചെലവ്തന്നെ ലക്ഷങ്ങളാകും.
സിനിമയില്‍ പോലും മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമാണ് സ്വന്തം മേക്കപ്പ്മാന്‍മാരുള്ളത്. എന്നാല്‍, റിയാലിറ്റി ഷോകള്‍ അവസാന റൗണ്ടുകളിലേക്ക് കടക്കുമ്പോഴേക്കും മത്സരാര്‍ഥികള്‍ക്കെല്ലാം സ്വന്തം മേക്കപ്പ്മാന്‍മാരുണ്ടാകും. എസ് എം എസ് അയക്കാന്‍ ശമ്പളം കൊടുത്ത് നിര്‍ത്തിയ ജോലിക്കാരുണ്ടാകും.
'റിയാലിറ്റി' ഷോകളുടെ 'റിയാലിറ്റി' ഇല്ലായ്മയില്‍ നിന്നാണ് ഒരു 'റിയല്‍' ഷോ പിറവിയെടുത്തത്. വെള്ളിത്തിരയുടേയും ടെലിവിഷന്‍ സ്‌ക്രീനിന്റേയും മായിക വെളിച്ചത്തില്‍ നിന്നും ക്യാമറ തെരുവു വിളക്കിന്റെ മുനിഞ്ഞു കത്തലിലേക്കാണ് ഫോക്കസ് ചെയ്തത്.
അവിടെ തെരുവു വിളക്കിന്റെ കാലുകള്‍ക്ക് താഴെ ചമന്‍ലാലും കസ്തൂരിയുമുണ്ട്, പാരിജാതനും മല്ലികയുമുണ്ട്, ചന്ദ്രികയും സന്തോഷും സുകുവും ഹംസയും കുഞ്ഞാവയും രവിയും ബാബുവും ശശികുമാറും ധര്‍മ്മരാജും മണിയും സരിതയും വിജയനും പുഷ്പയും രാജേഷും സുഭാഷും ഗോപാലനും സരസ്വതിയും രഞ്ജീവനും ജീവയും സാബുവുമൊക്കെയുണ്ട്.

സ്റ്റാര്‍ട്ടും കട്ടുമില്ല; ആക്ഷന്‍ മാത്രം
കൊച്ചിയിലെ തിരക്കുള്ള ഒരു തെരുവ്. അവിടെ ഒരു കോണിലിരുന്ന് പാട്ടുപാടുന്നുണ്ട് പാരിജാതനും ഭാര്യ മല്ലികയും. ഇരുവര്‍ക്കും പൂക്കളുടെ പേരായതുകൊണ്ടാവണം അവരുടെ പരസ്പര ജീവിതം ഇത്രമേല്‍ സുഗന്ധമായത്.
മുപ്പത്തി രണ്ടാം വയസ്സില്‍, ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴാണ് പാരിജാതന്റെ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടത്. കാഴ്ച ഇല്ലാതായിപ്പോയതിനു ശേഷമാണ് പാരിജാതന്‍ അന്ധയായ മല്ലികയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. പാരിജാതന്‍ മല്ലികയെ ഇതുവരെ കണ്ടിട്ടില്ല; ലോകം കണ്ടിട്ടില്ലാത്ത മല്ലികയ്ക്ക് പാരിജാതനാണ് തന്റെ ലോകം.
ഇരുവരുടേയും പാട്ട് തെരുവിന്റെ സംഗീതമാകുമ്പോള്‍ അവരുടെ മുമ്പിലേക്ക് ഏതാനും നാണയത്തുട്ടുകള്‍ വീഴുന്നുണ്ട്. ഈ നാണയത്തുട്ടുകളാണ് ഇവരുടെ അന്നം.
പാരിജാതന്റേയും മല്ലികയുടേയും പാട്ടും ജീവിതവും അവരറിയാതെ ദൂരെ ഒരിടത്തുനിന്നും ഒരു ക്യാമറ പകര്‍ത്തുന്നുണ്ട്. ആ ക്യമാറയ്ക്ക് പിറകില്‍ സുധീര്‍ അമ്പലപ്പാടെന്ന സംവിധായകനുണ്ട്. എല്‍ബന്‍ എന്ന ക്യാമറാമാനുണ്ട്.
'ക്യാമറ'
'റണ്ണിംഗ്'
'റെഡി, സ്റ്റാര്‍ട്ട്, ആക്ഷന്‍...'
സാധാരണ ഷൂട്ടിംഗ് സെറ്റുകളില്‍ കേള്‍ക്കുന്ന ഇത്തരം ശബ്ദങ്ങളൊന്നും ഇവിടെ ഉണ്ടാകില്ല. ഇവിടെ ക്യാമറയ്ക്കു മുമ്പില്‍ സ്റ്റാര്‍ട്ടും കട്ടുമില്ല; നീലാകാശത്തിനു താഴെ പാടിപ്പാടി തൊണ്ടപൊട്ടിയ ഒരുപാട് ജീവിതങ്ങളുടെ പച്ചയായ 'ആക്ഷന്‍' മാത്രം.

നീലാകാശമാണ് ഇവരുടെ മേല്‍ക്കൂര '
'തല ചായ്ക്കാനൊരു കൂടാരം
നീലാകാശം മേല്‍ക്കൂര
ഋതുമതി രാവിന് ഞൊറിഞ്ഞുടുക്കാന്‍
നല്ല വെണ്ണിലാ കോടിയും മിന്നും താലിയും''
സെന്‍ട്രല്‍ ജയിലിന്റെ കനത്ത ഭിത്തിയില്‍ തുരന്നുണ്ടാക്കിയ ചെറിയ ഓട്ടയിലൂടെ 'ഭൂതക്കണ്ണാടി'യിലെ മമ്മൂട്ടിയുടെ കഥാപാത്രം കാണുന്ന കാഴ്ചയുണ്ട്- വീടും കൂടുമില്ലാത്ത നാടോടി പാട്ടുകുടുംബം കിടന്നുറങ്ങുന്നത് നീലാകാശത്തെ മേല്‍ക്കൂരയാക്കിയാണ്. അതുപോലെ വിശാലമായ നീലാകാശത്തിനു താഴെ, സ്വന്തമായി ഭൂമിയില്ലാത്ത കുറേപേര്‍ കേരളത്തിലും ഉറങ്ങുന്നുണ്ട്- തങ്ങളുടെ കുടുംബങ്ങളോടൊപ്പം. തൊണ്ടപൊട്ടി പാട്ടുപാടുന്ന അവര്‍ക്ക് സംഗീതമാണ് വീട്, പാട്ടിന്റെ വരികളാണ് തണല്‍, ഹാര്‍മോണിയ കട്ടകളിലൂടെ നീങ്ങുന്ന വിരലുകളിലാണ് സ്വപ്നങ്ങള്‍ കുടിയിരിക്കുന്നത്.
അവരുടെയെല്ലാം തലക്കുമുകളില്‍ ശുന്യാകാശവും താഴെ മരുഭൂമിയുമായിരുന്നു. എന്നിട്ടും തപസ്സു ചെയ്യാത്ത അവരെ തേടി ദാഹജലം വന്നു ചേര്‍ന്നു. വി കെ സി സ്ട്രീറ്റ്‌ലൈറ്റ് എന്ന റിയല്‍ ഷോ വീടില്ലാത്ത, തെരുവിലെ 17 ഗായക കുടുംബങ്ങള്‍ക്ക് സ്‌നേഹവീടുമായി രംഗത്തെത്തി.

തെരുവില്‍ വിളക്ക് കത്തുന്നു
കോഴിക്കോട്ടെ പരസ്യ നിര്‍മ്മാണ വിതരണ ഏജന്‍സിയായ ന്യൂസ് വാല്യുവിന്റെ ഉടമ സുധീര്‍ അമ്പലപ്പാടിന്റെ മനസ്സില്‍ തെരുവ് ഗായകരുടെ റിയല്‍ ഷോവിനെ കുറിച്ചുള്ള ആശയമുദിച്ചിട്ട് ഏറെ നാളുകളായി. റിയാലിറ്റി ഷോകളുടെ മനം മടുപ്പിക്കുന്ന ആര്‍ക്ക് ലൈറ്റുകളില്‍ നിന്നാണ് സുധീര്‍ അമ്പലപ്പാട് തെരുവ് വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിലേക്ക് ഇറങ്ങി നടന്നത്.
നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള സുധീറിന് 'സ്ട്രീറ്റ് ലൈറ്റ്' ശരിക്കും വെല്ലുവിളിയായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തിയ യാത്രകളില്‍ 22 തെരുവ് ഗായക കുടുംബങ്ങളെ സുധീര്‍ കണ്ടെത്തി. അതില്‍ നിന്നും വീടില്ലാത്ത 17 കുടുംബങ്ങളെ പരിപാടിക്കായി തെരഞ്ഞെടുത്തു. ഈ കുടുംബങ്ങള്‍ ഓണ്‍ ചെയ്തുവെച്ച ക്യാമറകള്‍ക്ക് മുമ്പില്‍ ആദ്യം തെരുവുകളില്‍ പാട്ടുകള്‍ പാടി. രണ്ടാം ഘട്ടത്തില്‍ വെള്ളിമാടുകുന്ന് ലീല തിയേറ്ററില്‍ ഒരുക്കിയ തെരുവിന്റെ സെറ്റില്‍ ഇവരെല്ലാം വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തി. പക്ഷേ, അവിടെയൊന്നും അഭിനയമുണ്ടായിരുന്നില്ല; ജീവിതം മാത്രം.
തന്റെ സ്വപ്ന പദ്ധതിയുമായി വി കെ സി ഗ്രൂപ്പിനെ സമീപിച്ച സുധീറിന് നിരാശപ്പെടേണ്ടി വന്നില്ല. പിന്നാലെ വീട് നല്കാമെന്ന വാഗ്ദാനവുമായി കാലിക്കറ്റ് ലാന്റ് മാര്‍ക്ക് ബില്‍ഡേഴ്‌സുമെത്തി. പരിപാടിയില്‍ സഹകരിക്കാന്‍ കല്ലിയത്ത് കൈരളി ടി എം ടിയും ഹാപ്പിയുമൊക്കെ തയ്യാറായതോടെ റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു റിയല്‍ ഷോ അണിയറയില്‍ ഒരുങ്ങി. മത്സരാര്‍ഥികള്‍ കരയാതെയും പരിപാടിയില്‍ ഇടപെടലുകള്‍ നടത്താതെയും സംപ്രേഷണം ചെയ്യാന്‍ ഇന്ത്യാവിഷനും തയ്യാറായതോടെ സ്വപ്നം യാഥാര്‍ഥ്യത്തിന്റെ വഴിയിലെത്തി. 'റിയാലിറ്റി' ഷോ 'റിയല്‍' ഷോയായി.
ചിത്ര അയ്യരാണ് വി കെ സി സ്ട്രീറ്റ് ലൈറ്റ് റിയല്‍ ഷോയുടെ അവതാരക. തെരുവ് ഗായകര്‍ക്ക് മാര്‍ക്ക് നല്കാനും കുറഞ്ഞുപോയ 'സംഗതി'കളെ കുറിച്ച് വിശദീകരിക്കാനും ജഡ്ജുമാരുണ്ടാവില്ല. പകരം ഓരോ എപ്പിസോഡിലും അതിഥികള്‍ പ്രത്യക്ഷപ്പെടും. എം ടി വാസുദേവന്‍ നായര്‍, ഡോ. സുകുമാര്‍ അഴീക്കോട്, എം മുകുന്ദന്‍, ഗിരീഷ് പുത്തഞ്ചേരി, കമല്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ്, സിബി മലയില്‍, ദക്ഷിണാമൂര്‍ത്തി, ലാല്‍ജോസ്, വിദ്യാധരന്‍, മോഹന്‍ സിതാര, ജാസി ഗിഫ്റ്റ് തുടങ്ങിയ പ്രമുഖരാണ് അതിഥികളായി എത്തുന്നത്.
മത്സരാര്‍ഥികള്‍ കരയുകയും കണ്ണുനീരൊലിപ്പിച്ച് എസ് എം എസ് അയക്കാന്‍ അപേക്ഷിക്കുകയും ചെയ്യുന്ന റിയാലിറ്റി ഷോകളില്‍ നിന്ന് വ്യത്യസ്തമാണ് സ്ട്രീറ്റ് ലൈറ്റ് റിയല്‍ ഷോ. രണ്ടാംഘട്ട ചിത്രീകരണത്തില്‍ പാട്ടുപാടാനെത്തിയ തെരുവ് ഗായകരുടെ കഥകേട്ട് അതിഥികളാണ് കരഞ്ഞത്.
ജൂലായ് അവസാന വാരത്തില്‍ ഇന്ത്യാവിഷനില്‍ സംപ്രേഷണം തുടങ്ങുന്നതോടെ മൂന്നാംഘട്ട ചിത്രീകരണവും ലീലാ തിയേറ്ററില്‍ നടക്കും. ലത മങ്കേഷ്‌ക്കര്‍, യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, എസ് ജാനകി, പി സുശീല തുടങ്ങിയ പ്രമുഖരായിരിക്കും മൂന്നാംഘട്ടത്തില്‍ അതിഥികളായി പ്രത്യക്ഷപ്പെടുക. തെരുവ് ഗായകര്‍ക്ക് അവര്‍ ഇപ്പോള്‍ ജീവിക്കുന്ന നാടുകളില്‍ തന്നെയാണ് വീടുകള്‍ പണിത് നല്കുക. തെരുവ് ഗായകര്‍ക്ക് നല്കുന്ന വീടുകളുടെ പണി പുരോഗമിക്കുന്നതും എപ്പിസോഡുകളില്‍ കാണിക്കും.

സുകുവിന്റെ കഥ; കുഞ്ഞാവയുടേയും
കുഞ്ഞാവക്കയെന്ന അന്ധഗായകന്റെ തബലിസ്റ്റാണ് സുകു. കുഞ്ഞാവയ്ക്ക് പേരിനെങ്കിലും തകര ഷീറ്റുകള്‍കൊണ്ട് മറച്ച 'വീടു'ണ്ട്. സുകുവിന്റെ കുടുംബത്തിന് തലചായ്ക്കാന്‍ ഒരിടം പോലുമില്ല. അസുഖം ബാധിച്ച് കിടപ്പിലായ ഭാര്യയെ പരിചരിക്കേണ്ടത് അന്ധനായ കുഞ്ഞാവയാണ്. സുകുവിനുമുണ്ട് ദുരിതത്തിന്റെ ഇതേ കഥയുള്ള ജീവിതം.
വീടില്ലാത്ത സുകുവിന് ഒരു വീട് വേണം- അതിനുവേണ്ടിയാണ് കുഞ്ഞാവ റിയല്‍ ഷോയില്‍ പങ്കെടുക്കുന്നത്. പക്ഷേ കുഞ്ഞാവയ്ക്കാണ് വീട് വേണ്ടതെന്നാണ് സുകുവിന് പറയാനുള്ളത്. അതിനാണ് തബല വായിക്കാന്‍ സുകു എത്തുന്നത്. വീടില്ലാത്ത സുകുവിന് വീട് നല്കാനാണ് റിയല്‍ഷോയുടെ അണിയറ ശില്‍പികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, അവര്‍ക്കുറപ്പുണ്ട്, ഷോ അവസാനിക്കുമ്പോഴേക്കും സുമനസ്സുകള്‍ ചേര്‍ന്ന് കുഞ്ഞാവയ്ക്കും വീട് നല്കും.
സ്ട്രീറ്റ് ലൈറ്റിന്റെ ടൈറ്റില്‍ സോംഗിന്റെ ഹിന്ദി വരികള്‍ കുമാറും മലയാളത്തില്‍ സുധീറിന്റെ സഹോദരനും എഴുത്തുകാരനുമായ പ്രേമദാസ് ഇരിവെള്ളുരുമാണ് രചിച്ചിട്ടുള്ളത്. ഹിന്ദിയില്‍ ശങ്കര്‍ മഹാദേവനാണ് ഗാനാലാപനം നടത്തിയിട്ടുള്ളത്. ടൈറ്റില്‍ സോംഗിന് സംഗീതം നല്കിയതും മലയാളത്തില്‍ ആലപിച്ചതും ജാസി ഗിഫ്റ്റാണ്. ബിജിത്ത് ബാലയാണ് ചിത്രസംയോജനം. കലാം വെള്ളിമാട് മീഡിയാ കോ- ഓര്‍ഡിനേറ്റിംഗ് നിര്‍വ്വഹിക്കുന്നു.
എസ് കെ പൊറ്റക്കാട് കലാസാംസ്‌ക്കാരിക നിലയത്തില്‍ തെരുവ് വിളക്ക് തെളിയിച്ച്‌കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത് ജാസി ഗിഫ്റ്റായിരുന്നു.

പാട്ട് തീരുമ്പോള്‍ വീടൊരുങ്ങുന്നു
തെരുവില്‍ തൊണ്ടപ്പൊട്ടിപ്പാടി ജീവിതം കഴിച്ചവര്‍ അത്ഭുതത്തിന്റെ ലോകത്താണ് എത്തിയത്. റിയല്‍ഷോയില്‍ പങ്കെടുക്കാനെത്തിയതോടെ അവര്‍ക്ക് കിട്ടുന്നത് വീട് മാത്രമല്ല; സമൂഹത്തിന്റെ ആദരവ് കൂടിയായിരുന്നു. തെരുവിന്റെ മക്കളില്‍ കൂടുതല്‍ കഴിവുള്ളവരില്‍ ചിലര്‍ക്കെങ്കിലും സിനിമാ സംഗീത ലോകത്തേക്കും ക്ഷണം കിട്ടിയിട്ടുണ്ട്. മലയാളക്കര അറിയുന്ന സംഗീതജ്ഞന്മാരോടൊപ്പം പാട്ടുപാടാന്‍ അവര്‍ക്കും അവസരം ലഭിക്കും. പണ്ടെന്നോ കാലത്ത് യേശുദാസിനോടൊപ്പം പാട്ടുപാടിയ സരസ്വതി പിന്നേയും ദാസേട്ടനോടൊപ്പം പാടിയേക്കും....
സംഗീതത്തിന് പുതിയ മാനങ്ങള്‍ നല്കിയ നിരവധി പേരുടെ ഭൂതകാലത്തിനും ഇവരുമായി സാമ്യമുണ്ട്. ബാബുരാജ്, ഇളയരാജ, എ ആര്‍ റഹ്മാന്‍, ജാസി ഗിഫ്റ്റ്..... നിര അവസാനിക്കുന്നില്ല.
സ്‌നേഹവീടുകള്‍ ഇനി സംഗീത ജീവിതത്തിന്റെ കൂടി താക്കോലായിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍