Wednesday, April 21, 2010

കടല്‍ കാഴ്ചകള്‍ക്ക് അറുതിയില്ല


കടലില്‍ തിര ഉയരുമ്പോള്‍ മനസ്സില്‍ ആന്തലുയരുന്നത് കരയിലെ വീട്ടിലുള്ളവര്‍ക്കാണ്. ബോട്ടില്‍ (തോണിയിലും) പോകുന്നവരുടെയെല്ലാം വീടുകളിലുള്ളവര്‍ രാത്രി ഉറങ്ങാറുണ്ടാവില്ല; അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും പകല്‍ ഉണരാനും കഴിയുന്നുണ്ടാവില്ല.
ഇതാ, ഇവരെ നമുക്ക് കബീറെന്നും കൃഷ്ണനെന്നും പേര് വിളിക്കാം. ഇവരുടെ പേരുകള്‍ മാറുന്നുവെന്നല്ലാതെ സാഹചര്യങ്ങളും അനുഭവങ്ങളുമൊന്നും മാറുന്നുണ്ടാവില്ല. ഉറങ്ങുന്ന കടലും ഉണര്‍ന്ന കടലും രൗദ്രഭാവം പൂണ്ട കടലും ശാന്തമായ കടലുമൊക്കെ ഏറെ പ്രാവശ്യം കണ്ടവര്‍ ഇവരാണല്ലോ. ഇവര്‍ക്കാണല്ലോ കടലിന്റെ നിമ്‌നോന്നതികള്‍ ഏറെ അറിയുക.
കബീറിനെ കണ്ടത് മീന്‍പിടുത്ത ബോട്ടിലായിരുന്നു. അഴീക്കലില്‍ നിന്നും ആഴക്കടലിലേക്ക് ബോട്ട് ഓടിച്ചു പോകുന്നത് കബീറാണ്. കൂടെയുള്ള കൃഷ്‌ണേട്ടനാണ് യാത്രാ ദൂരങ്ങളും സൈഡുമൊക്കെ പറഞ്ഞുകൊടുക്കുന്നത്. കടലില്‍ വലയെറിയാന്‍ പിന്നേയും കുറേ പേര്‍ ബോട്ടിലുണ്ടാകും. കടല്‍ ഇളകി മറിയുന്നുണ്ട്. ബോട്ട് ഇടക്കിടെ ചെരിഞ്ഞു പോകുന്നുമുണ്ട്. തിരമാലകളുടെ എതിര്‍ ദിശയിലേക്കുള്ള യാത്രയായതിനാല്‍ ഉപ്പുവെള്ളം ബോട്ടിലേക്ക് ചിതറിത്തെറിക്കുന്നുണ്ട്. യാത്ര ഇടക്കിടെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്. പിടുത്തം വിട്ടുപോയാല്‍ ചിലപ്പോള്‍ ആഴക്കടലിലേക്കായിരിക്കും തെറിച്ചു വീഴുക. പിന്നെ ഏത് വലയിട്ടാലും കിട്ടിയെന്ന് വരില്ല. പക്ഷേ, കടല്‍, ഒന്നും സ്വന്തമാക്കാറില്ലല്ലോ. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ മീനുകള്‍ തിന്ന ബാക്കി ശവം ഏതെങ്കിലും കരയ്ക്ക് അടിയുമായിരിക്കും.

ഇവര്‍ പറയുന്ന കഥകള്‍
രാത്രിയാണ് കടലിലേക്കുള്ള സഞ്ചാരം. എത്രദൂരം പോകുന്നുവെന്നൊന്നും നോക്കാറില്ല. എത്ര എണ്ണയുണ്ടോ അത്രയും പോകും. കടലിലിപ്പോള്‍ മീന്‍ കുറവാണ്. പണ്ടത്തെ പോലെയൊന്നും വലയില്‍ മീന്‍ കിട്ടുന്നില്ല. ഒന്നുകില്‍ മീനുകള്‍ വലയില്‍ കുടുങ്ങാതിരിക്കാന്‍ 'വെളച്ചിലുകള്‍' പഠിച്ചു. അല്ലെങ്കില്‍ കടല്‍ കൂടാരങ്ങളില്‍ മീനുകള്‍ അന്തിയുറങ്ങുന്നുണ്ടാവില്ല. എങ്ങനെയാണെങ്കിലും കബീറിനും കൃഷ്‌ണേട്ടനുമൊക്കെ കടലില്‍ പോയല്ലേ തീരു. അറിയുന്ന ജോലി ഇതുമാത്രമാണല്ലോ.
പതിനാല് വര്‍ഷത്തോളമായി കടലുമായി മല്ലയുദ്ധത്തിലാണ് കബീര്‍. ഇരുപതാം വയസ്സില്‍ തുടങ്ങിയതാണ് കടലില്‍ പോക്ക്. ബോട്ടില്‍ പോയി തുടങ്ങിയതോടെ മീന്‍ പിടിക്കാന്‍ മാത്രമല്ല ബോട്ട് ഓടിക്കാനും പഠിച്ചു. അഴീക്കലില്‍ നിന്നും ആഴക്കടലിലേക്ക് പോകുന്ന ഭാഗങ്ങളെല്ലാം കബീറിന് കാണാപാഠങ്ങളാണ്. കടലില്‍ ഏതൊക്കെ ഭാഗത്ത് പാറകളുണ്ടെന്ന് അവന് നന്നായി അറിയാം. കടലിന്റെ അറിയാത്ത ഭാഗങ്ങളില്‍ പോകുമ്പോഴാണ് ചിലപ്പോഴെങ്കിലും കുടുങ്ങിപ്പോകുക. പാറകളും കല്ലുകളുമൊക്കെ എവിടെയുണ്ടെന്ന് കൃത്യമായി അറിയില്ലല്ലോ.
മീന്‍ പിടുത്ത ബോട്ടിലുള്ള സഞ്ചാരത്തില്‍ കബീറിനേക്കാള്‍ എക്‌സ്പീരിയന്‍സ് കൃഷ്‌ണേട്ടനാണ്. കബീറിനേക്കാള്‍ പ്രായം കൂടുതലുള്ളതിനാല്‍ കടല്‍ കഥകള്‍ ആ മനുഷ്യന് കൂടുതല്‍ പറയാനുണ്ടാകും. പക്ഷേ എന്തുകാര്യം! അയാളും കടലുപോലെയാണ്. എല്ലാം മനസ്സിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. വെറും വലകൊണ്ടൊന്നും അതിനകത്തുള്ള കാര്യങ്ങള്‍ കോരിയെടുക്കാനാവില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് പ്രത്യേക വസ്ത്രങ്ങളണിഞ്ഞ് മുത്തുപെറുക്കാന്‍ പോകുന്നവരെ പോലെ കൃഷ്‌ണേട്ടനെ മനസ്സിലേക്ക് ഊളിയിടേണ്ടി വരും. അത് പിന്നീടാകട്ടെ.
ബോട്ട് ഡ്രൈവ് ചെയ്യുന്നയാളെ സ്രാങ്ക് എന്നല്ലേ വിളിക്കുക എന്ന സംശയം ചോദിച്ചു കൊണ്ടാണ് കബീറുമായി സംസാരം തുടങ്ങിയത്. ഹാ, വലിയ ബോട്ടുകള്‍ ഓടിക്കുന്നവരെയെല്ലാം അങ്ങനെ വിളിക്കും. ഞങ്ങള്‍ മീന്‍പിടുത്തക്കാരെയൊക്കെ ആരാണ് അങ്ങനെ വിളിക്കുക എന്ന സ്വയം ചോദ്യമാണ് അയാള്‍ ഉത്തരമായി നല്കിയത്.
കടല്‍ കനിവിന്റെ കലവറയാണ്. ഒന്നും തരാതെ കടല്‍ ആരേയും പറഞ്ഞയക്കില്ല. ചിലര്‍ക്ക് മത്തിയും അയിലയും അയക്കൂറയും ചെമ്മീനുമായിരിക്കും കടല്‍ നല്കുന്നത്. മറ്റു ചിലര്‍ക്ക് മുത്തുകളും പവിഴങ്ങളും. കടലിനോട് മീന്‍ ചോദിക്കുന്നവര്‍ക്ക് വല നിറയെ മീന്‍, മുത്ത് ചോദിക്കുന്നവര്‍ക്ക് കൈ നിറയെ മുത്തുകള്‍. കടല്‍ വല്ലാത്ത അനുഭവമാണ്. കബീറിനും കൃഷ്‌ണേട്ടനും മാത്രമല്ല, കാണുന്നവര്‍ക്കും അറിയുന്നവര്‍ക്കുമെല്ലാം കടല്‍ കാറ്റായും തിരയായും കാഴ്ചയായുമൊക്കെ അനുഭവങ്ങളുടെ വലിയൊരു ഭണ്ഡാരമാകും.
മീനുകള്‍ തേടിയുള്ള രാത്രി യാത്രകളുടെ മടക്കം പുലര്‍ച്ചെയായിരിക്കും. ബോട്ടില്‍ മീനും നിറച്ചുള്ള വരവ് പ്രതീക്ഷയുടേയും പ്രത്യാശയുടേയുമാണ്. കബീറും കൂട്ടുകാരും പലപ്പോഴും ചെമ്മീനാണ് കടലില്‍ നിന്ന് പിടിക്കാറുള്ളത്. ആടിയുലയുന്ന ബോട്ടില്‍ രാത്രിയുടെ ഇരുട്ടിനെ കീറിമുറിക്കാന്‍ ആകാശം നിറയെ നക്ഷത്രങ്ങളുണ്ടാകും. നിലാവ് പെയ്യുന്നുണ്ടാകും. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും മനസ്സിലാകാത്ത കടലില്‍ കബീറിന്റേയും കൂട്ടുകാരുടേയും ബോട്ടില്‍ വടക്കുനോക്കി യന്ത്രങ്ങളൊന്നുമില്ല. നക്ഷത്രങ്ങളും കരയിലെ വെളിച്ചവും നോക്കിയാണ് അവര്‍ തങ്ങളുടെ കടപ്പുറം കണ്ടെത്തുക. വര്‍ഷങ്ങളുടെ അനുഭവം കടല്‍ തൊഴിലാളികള്‍ക്ക് നല്കിയ അനുഭവ പാഠമാണിത്.
എത്രവരെ പഠിച്ചുവെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കബീര്‍ അറിയാതെ പറഞ്ഞത് തത്വചിന്തയായിരുന്നു. എല്ലാവരും പുസ്തകം നോക്കിയും സ്‌കൂളില്‍ പോയും പഠിക്കുന്നു. ഞങ്ങളെ പോലുള്ളവര്‍ ജീവിതത്തില്‍ നിന്നും പഠിക്കുന്നു. സ്‌കൂളില്‍ എത്രാം ക്ലാസ്സുവരെ പോയെന്ന് പറയാന്‍ കബീര്‍ കൂട്ടാക്കുന്നില്ല. അതിലൊന്നും വലിയ അര്‍ഥമില്ലാത്തതു പോലെ. നീന്തല്‍ പഠിക്കാന്‍ കുളത്തിലും ഫീസുകൊടുത്തുള്ള സ്വിമ്മിംഗ് പൂളുകളിലും പോകുന്നവരോട് കബീറിന് പുഛംപോലെ. കബീര്‍ എല്ലാം പഠിക്കുന്നത് കടലനുഭവങ്ങളില്‍ നിന്നായിരിക്കും. ഉയരുന്ന കൂറ്റന്‍ തിരയെ കബളിപ്പിച്ച് കബീറിനെ പോലുള്ളവര്‍ നീന്തല്‍ പഠിക്കും. ജീവിതമെന്ന മഹാസമുദ്രത്തില്‍ അവര്‍ക്ക് നീന്താതെ വയ്യല്ലോ. ബോട്ട് ഓടിക്കാന്‍ പഠിച്ചതും അനുഭവങ്ങളില്‍ നിന്നായിരുന്നു. താക്കോല്‍ തിരിച്ച് ബട്ടണ്‍ അമര്‍ത്തി സ്റ്റാര്‍ട്ട് ചെയ്ത്, വേഗത കൂട്ടാന്‍ ലിവര്‍ മാറ്റി, ഗിയറില്‍ വലിച്ച്, വളക്കാനും തിരിക്കാനും സ്റ്റിയറിംഗ് ഉപയോഗിച്ച് കബീര്‍ ബോട്ട് ഓടിക്കും. കരയിലെ ഏത് മികച്ച ഡ്രൈവറേയും പോലെ കബീര്‍ കടലില്‍ മികച്ച ഡ്രൈവിംഗ് നടത്തും.
ഓളപ്പരപ്പിലൂടെ നീങ്ങുന്ന മീന്‍പിടുത്ത ബോട്ടിന്റെ പരമാവധി വേഗത 25 കിലോമീറ്ററാണ്. കടലിന്റെ അവസ്ഥകള്‍ക്ക് അനുസരിച്ചാണ് ഓരോ തവണയും വേഗത നിയന്ത്രിക്കുക. വല്ലാതെ ഉയരുന്ന തിരകള്‍ക്കു മുകളിലൂടെ ഏറെ വേഗതയൊന്നും കൈവരിക്കാനാവില്ല. വല്ലാതെ വേഗത കൂടിയാല്‍ ചിലപ്പോള്‍ ബോട്ട് മറിഞ്ഞേക്കും. മണ്ണെണ്ണയാണ് ബോട്ടിന്റെ ഇന്ധനം. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് എത്ര കിലോമീറ്റര്‍ കിട്ടുമെന്ന കണക്കൊന്നും അവര്‍ക്കറിയില്ല. ഒരു മണിക്കൂര്‍ ബോട്ട് ഓടാന്‍ എട്ട് ലിറ്റര്‍ ഇന്ധനം വേണം. എത്ര മണ്ണെണ്ണയുണ്ടോ അത്രയും ദൂരം തങ്ങള്‍ ബോട്ടുമായി മീനിനെ തേടി അലയും. ജീവിതത്തെ അനുഭവവുമായാണ് അവര്‍ ബന്ധിപ്പിക്കുന്നത്.

ബോട്ടിനും 'കിളി'യുണ്ട്
പറയുമ്പോള്‍ അത്ഭുതം തോന്നും. മീന്‍ പിടുത്ത ബോട്ടിനെന്തിനാണ് ബസ്സിലുള്ളതു പോലൊരു 'കിളി'. സൈഡ് പറയാനും വേഗത കൂട്ടാനും കുറക്കാനുമൊക്കെ ബോട്ട് ഡ്രൈവറോട് വിളിച്ചു പറയുന്നത് ഈ കിളിയാണ്. ബസ്സിലേതുപോലല്ല, ബോട്ടിലെ കിളിയെ ഡ്രൈവര്‍ കൂടുതല്‍ അനുസരിക്കും. കാരണം ഡ്രൈവറേക്കാള്‍ ദൂരക്കാഴ്ചയുള്ളത് കിളികള്‍ക്കായിരിക്കും. ഒരുപക്ഷെ, ഇന്നലത്തെ കിളിയായിരിക്കും ഇന്നത്തെ ഡ്രൈവര്‍. ഇന്ന് ഡ്രൈവ് ചെയ്തയാള്‍ നാളെ കിളിയാകും. ബോട്ടില്‍ കിളിയും ഡ്രൈവറും തമ്മില്‍ 'ഉദ്യോഗ'ത്തില്‍ ഏറ്റക്കുറച്ചിലുകളില്ല.
കബീര്‍ ബോട്ട് ഓടിക്കുമ്പോള്‍ കൃഷ്‌ണേട്ടനായിരുന്നു കിളി. കുറച്ച് ഇടത്തേക്ക് വെട്ടിക്കൂ, താഴെ പാറയുണ്ടാകുമെന്ന് കൃഷ്‌ണേട്ടന്‍ പിറകില്‍ നിന്ന് (ചിലപ്പോള്‍ മുമ്പില്‍ നിന്നും സൈഡില്‍ നിന്നും ഒക്കെയാകാം. ബസ്സിലേതു പോലെ ബോട്ടില്‍ കിളികള്‍ക്ക് നിയതമായ സ്ഥലങ്ങളൊന്നുമില്ല) വിളിച്ചു പറഞ്ഞാല്‍ കബീര്‍ ബോട്ട് ഇടത്തേക്ക് മാറ്റിയിരിക്കും. ഇല്ലെങ്കില്‍ ചിലപ്പോഴെ താഴെ മുട്ടിയേക്കാം. ദൂരെ, കരയില്‍ മൊബൈല്‍ ടവര്‍ കാണുന്നില്ലേ, അതിന്റെ നേരെയാണ് പോകേണ്ടതെന്ന് കൃഷ്‌ണേട്ടന്‍ പറയുമ്പോള്‍ കബീര്‍ മറ്റൊന്നും ചോദിക്കില്ല. പിറകിലോ, എതിരേയോ മറ്റേതെങ്കിലും ബോട്ടുകളോ തോണികളോ വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ നല്കുന്നതും കിളികളാണ്. റോഡുകളിലേതു പോലെ ഇടം വലം നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്റ്റിയറിംഗ് ഇല്ലെങ്കിലും കിളികളുടെ കൈയ്യിലാണ് 'ശരിയായ ഡ്രൈവിംഗ്'.
സായാഹ്നങ്ങളിലും രാത്രികളിലും കടലിലേക്ക് യാത്ര തിരിക്കുന്നവര്‍ പുലരുമ്പോഴേക്കും കരയില്‍ മടങ്ങിയെത്തും. അപ്പോഴേക്കും അവരുടെ മനസ്സില്‍ നിറയെ പുതിയ കഥകളുണ്ടാകും. പക്ഷേ, അതൊന്നും അവര്‍ ആരുമായും പങ്കുവെക്കില്ല. അനുഭവങ്ങളുടെ മഹാസാഗരത്തിലേക്ക് അവര്‍ അതുകൂടി ചേര്‍ത്ത് വെക്കും. കടലുപോലെ അവരുടെ മനസ്സിനും വല്ലാത്ത ആഴമായിരിക്കും. ചിലപ്പോഴെങ്കിലും അതിനകത്ത് ചുഴികളുണ്ടാകുമായിരിക്കും. പക്ഷേ, അപ്പോഴും അവരെല്ലാം പുറമേ ശാന്തരായിരിക്കും. കടല്‍ പോലെ, ഒരു വല്ലാത്ത ശാന്തത.

1 comment:

  1. മുജീബ് കടലില്‍ പോയോ...??? എങ്ങിനെയുണ്ടായിരുന്നു കടലനുഭവം..??

    ReplyDelete

Followers

About Me

My photo
thalassery, muslim/ kerala, India