Wednesday, April 21, 2010

കടല്‍ കാഴ്ചകള്‍ക്ക് അറുതിയില്ല






കടലില്‍ തിര ഉയരുമ്പോള്‍ മനസ്സില്‍ ആന്തലുയരുന്നത് കരയിലെ വീട്ടിലുള്ളവര്‍ക്കാണ്. ബോട്ടില്‍ (തോണിയിലും) പോകുന്നവരുടെയെല്ലാം വീടുകളിലുള്ളവര്‍ രാത്രി ഉറങ്ങാറുണ്ടാവില്ല; അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും പകല്‍ ഉണരാനും കഴിയുന്നുണ്ടാവില്ല.
ഇതാ, ഇവരെ നമുക്ക് കബീറെന്നും കൃഷ്ണനെന്നും പേര് വിളിക്കാം. ഇവരുടെ പേരുകള്‍ മാറുന്നുവെന്നല്ലാതെ സാഹചര്യങ്ങളും അനുഭവങ്ങളുമൊന്നും മാറുന്നുണ്ടാവില്ല. ഉറങ്ങുന്ന കടലും ഉണര്‍ന്ന കടലും രൗദ്രഭാവം പൂണ്ട കടലും ശാന്തമായ കടലുമൊക്കെ ഏറെ പ്രാവശ്യം കണ്ടവര്‍ ഇവരാണല്ലോ. ഇവര്‍ക്കാണല്ലോ കടലിന്റെ നിമ്‌നോന്നതികള്‍ ഏറെ അറിയുക.
കബീറിനെ കണ്ടത് മീന്‍പിടുത്ത ബോട്ടിലായിരുന്നു. അഴീക്കലില്‍ നിന്നും ആഴക്കടലിലേക്ക് ബോട്ട് ഓടിച്ചു പോകുന്നത് കബീറാണ്. കൂടെയുള്ള കൃഷ്‌ണേട്ടനാണ് യാത്രാ ദൂരങ്ങളും സൈഡുമൊക്കെ പറഞ്ഞുകൊടുക്കുന്നത്. കടലില്‍ വലയെറിയാന്‍ പിന്നേയും കുറേ പേര്‍ ബോട്ടിലുണ്ടാകും. കടല്‍ ഇളകി മറിയുന്നുണ്ട്. ബോട്ട് ഇടക്കിടെ ചെരിഞ്ഞു പോകുന്നുമുണ്ട്. തിരമാലകളുടെ എതിര്‍ ദിശയിലേക്കുള്ള യാത്രയായതിനാല്‍ ഉപ്പുവെള്ളം ബോട്ടിലേക്ക് ചിതറിത്തെറിക്കുന്നുണ്ട്. യാത്ര ഇടക്കിടെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്. പിടുത്തം വിട്ടുപോയാല്‍ ചിലപ്പോള്‍ ആഴക്കടലിലേക്കായിരിക്കും തെറിച്ചു വീഴുക. പിന്നെ ഏത് വലയിട്ടാലും കിട്ടിയെന്ന് വരില്ല. പക്ഷേ, കടല്‍, ഒന്നും സ്വന്തമാക്കാറില്ലല്ലോ. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ മീനുകള്‍ തിന്ന ബാക്കി ശവം ഏതെങ്കിലും കരയ്ക്ക് അടിയുമായിരിക്കും.

ഇവര്‍ പറയുന്ന കഥകള്‍
രാത്രിയാണ് കടലിലേക്കുള്ള സഞ്ചാരം. എത്രദൂരം പോകുന്നുവെന്നൊന്നും നോക്കാറില്ല. എത്ര എണ്ണയുണ്ടോ അത്രയും പോകും. കടലിലിപ്പോള്‍ മീന്‍ കുറവാണ്. പണ്ടത്തെ പോലെയൊന്നും വലയില്‍ മീന്‍ കിട്ടുന്നില്ല. ഒന്നുകില്‍ മീനുകള്‍ വലയില്‍ കുടുങ്ങാതിരിക്കാന്‍ 'വെളച്ചിലുകള്‍' പഠിച്ചു. അല്ലെങ്കില്‍ കടല്‍ കൂടാരങ്ങളില്‍ മീനുകള്‍ അന്തിയുറങ്ങുന്നുണ്ടാവില്ല. എങ്ങനെയാണെങ്കിലും കബീറിനും കൃഷ്‌ണേട്ടനുമൊക്കെ കടലില്‍ പോയല്ലേ തീരു. അറിയുന്ന ജോലി ഇതുമാത്രമാണല്ലോ.
പതിനാല് വര്‍ഷത്തോളമായി കടലുമായി മല്ലയുദ്ധത്തിലാണ് കബീര്‍. ഇരുപതാം വയസ്സില്‍ തുടങ്ങിയതാണ് കടലില്‍ പോക്ക്. ബോട്ടില്‍ പോയി തുടങ്ങിയതോടെ മീന്‍ പിടിക്കാന്‍ മാത്രമല്ല ബോട്ട് ഓടിക്കാനും പഠിച്ചു. അഴീക്കലില്‍ നിന്നും ആഴക്കടലിലേക്ക് പോകുന്ന ഭാഗങ്ങളെല്ലാം കബീറിന് കാണാപാഠങ്ങളാണ്. കടലില്‍ ഏതൊക്കെ ഭാഗത്ത് പാറകളുണ്ടെന്ന് അവന് നന്നായി അറിയാം. കടലിന്റെ അറിയാത്ത ഭാഗങ്ങളില്‍ പോകുമ്പോഴാണ് ചിലപ്പോഴെങ്കിലും കുടുങ്ങിപ്പോകുക. പാറകളും കല്ലുകളുമൊക്കെ എവിടെയുണ്ടെന്ന് കൃത്യമായി അറിയില്ലല്ലോ.
മീന്‍ പിടുത്ത ബോട്ടിലുള്ള സഞ്ചാരത്തില്‍ കബീറിനേക്കാള്‍ എക്‌സ്പീരിയന്‍സ് കൃഷ്‌ണേട്ടനാണ്. കബീറിനേക്കാള്‍ പ്രായം കൂടുതലുള്ളതിനാല്‍ കടല്‍ കഥകള്‍ ആ മനുഷ്യന് കൂടുതല്‍ പറയാനുണ്ടാകും. പക്ഷേ എന്തുകാര്യം! അയാളും കടലുപോലെയാണ്. എല്ലാം മനസ്സിന്റെ ആഴങ്ങളില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. വെറും വലകൊണ്ടൊന്നും അതിനകത്തുള്ള കാര്യങ്ങള്‍ കോരിയെടുക്കാനാവില്ല. ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച് പ്രത്യേക വസ്ത്രങ്ങളണിഞ്ഞ് മുത്തുപെറുക്കാന്‍ പോകുന്നവരെ പോലെ കൃഷ്‌ണേട്ടനെ മനസ്സിലേക്ക് ഊളിയിടേണ്ടി വരും. അത് പിന്നീടാകട്ടെ.
ബോട്ട് ഡ്രൈവ് ചെയ്യുന്നയാളെ സ്രാങ്ക് എന്നല്ലേ വിളിക്കുക എന്ന സംശയം ചോദിച്ചു കൊണ്ടാണ് കബീറുമായി സംസാരം തുടങ്ങിയത്. ഹാ, വലിയ ബോട്ടുകള്‍ ഓടിക്കുന്നവരെയെല്ലാം അങ്ങനെ വിളിക്കും. ഞങ്ങള്‍ മീന്‍പിടുത്തക്കാരെയൊക്കെ ആരാണ് അങ്ങനെ വിളിക്കുക എന്ന സ്വയം ചോദ്യമാണ് അയാള്‍ ഉത്തരമായി നല്കിയത്.
കടല്‍ കനിവിന്റെ കലവറയാണ്. ഒന്നും തരാതെ കടല്‍ ആരേയും പറഞ്ഞയക്കില്ല. ചിലര്‍ക്ക് മത്തിയും അയിലയും അയക്കൂറയും ചെമ്മീനുമായിരിക്കും കടല്‍ നല്കുന്നത്. മറ്റു ചിലര്‍ക്ക് മുത്തുകളും പവിഴങ്ങളും. കടലിനോട് മീന്‍ ചോദിക്കുന്നവര്‍ക്ക് വല നിറയെ മീന്‍, മുത്ത് ചോദിക്കുന്നവര്‍ക്ക് കൈ നിറയെ മുത്തുകള്‍. കടല്‍ വല്ലാത്ത അനുഭവമാണ്. കബീറിനും കൃഷ്‌ണേട്ടനും മാത്രമല്ല, കാണുന്നവര്‍ക്കും അറിയുന്നവര്‍ക്കുമെല്ലാം കടല്‍ കാറ്റായും തിരയായും കാഴ്ചയായുമൊക്കെ അനുഭവങ്ങളുടെ വലിയൊരു ഭണ്ഡാരമാകും.
മീനുകള്‍ തേടിയുള്ള രാത്രി യാത്രകളുടെ മടക്കം പുലര്‍ച്ചെയായിരിക്കും. ബോട്ടില്‍ മീനും നിറച്ചുള്ള വരവ് പ്രതീക്ഷയുടേയും പ്രത്യാശയുടേയുമാണ്. കബീറും കൂട്ടുകാരും പലപ്പോഴും ചെമ്മീനാണ് കടലില്‍ നിന്ന് പിടിക്കാറുള്ളത്. ആടിയുലയുന്ന ബോട്ടില്‍ രാത്രിയുടെ ഇരുട്ടിനെ കീറിമുറിക്കാന്‍ ആകാശം നിറയെ നക്ഷത്രങ്ങളുണ്ടാകും. നിലാവ് പെയ്യുന്നുണ്ടാകും. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും മനസ്സിലാകാത്ത കടലില്‍ കബീറിന്റേയും കൂട്ടുകാരുടേയും ബോട്ടില്‍ വടക്കുനോക്കി യന്ത്രങ്ങളൊന്നുമില്ല. നക്ഷത്രങ്ങളും കരയിലെ വെളിച്ചവും നോക്കിയാണ് അവര്‍ തങ്ങളുടെ കടപ്പുറം കണ്ടെത്തുക. വര്‍ഷങ്ങളുടെ അനുഭവം കടല്‍ തൊഴിലാളികള്‍ക്ക് നല്കിയ അനുഭവ പാഠമാണിത്.
എത്രവരെ പഠിച്ചുവെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കബീര്‍ അറിയാതെ പറഞ്ഞത് തത്വചിന്തയായിരുന്നു. എല്ലാവരും പുസ്തകം നോക്കിയും സ്‌കൂളില്‍ പോയും പഠിക്കുന്നു. ഞങ്ങളെ പോലുള്ളവര്‍ ജീവിതത്തില്‍ നിന്നും പഠിക്കുന്നു. സ്‌കൂളില്‍ എത്രാം ക്ലാസ്സുവരെ പോയെന്ന് പറയാന്‍ കബീര്‍ കൂട്ടാക്കുന്നില്ല. അതിലൊന്നും വലിയ അര്‍ഥമില്ലാത്തതു പോലെ. നീന്തല്‍ പഠിക്കാന്‍ കുളത്തിലും ഫീസുകൊടുത്തുള്ള സ്വിമ്മിംഗ് പൂളുകളിലും പോകുന്നവരോട് കബീറിന് പുഛംപോലെ. കബീര്‍ എല്ലാം പഠിക്കുന്നത് കടലനുഭവങ്ങളില്‍ നിന്നായിരിക്കും. ഉയരുന്ന കൂറ്റന്‍ തിരയെ കബളിപ്പിച്ച് കബീറിനെ പോലുള്ളവര്‍ നീന്തല്‍ പഠിക്കും. ജീവിതമെന്ന മഹാസമുദ്രത്തില്‍ അവര്‍ക്ക് നീന്താതെ വയ്യല്ലോ. ബോട്ട് ഓടിക്കാന്‍ പഠിച്ചതും അനുഭവങ്ങളില്‍ നിന്നായിരുന്നു. താക്കോല്‍ തിരിച്ച് ബട്ടണ്‍ അമര്‍ത്തി സ്റ്റാര്‍ട്ട് ചെയ്ത്, വേഗത കൂട്ടാന്‍ ലിവര്‍ മാറ്റി, ഗിയറില്‍ വലിച്ച്, വളക്കാനും തിരിക്കാനും സ്റ്റിയറിംഗ് ഉപയോഗിച്ച് കബീര്‍ ബോട്ട് ഓടിക്കും. കരയിലെ ഏത് മികച്ച ഡ്രൈവറേയും പോലെ കബീര്‍ കടലില്‍ മികച്ച ഡ്രൈവിംഗ് നടത്തും.
ഓളപ്പരപ്പിലൂടെ നീങ്ങുന്ന മീന്‍പിടുത്ത ബോട്ടിന്റെ പരമാവധി വേഗത 25 കിലോമീറ്ററാണ്. കടലിന്റെ അവസ്ഥകള്‍ക്ക് അനുസരിച്ചാണ് ഓരോ തവണയും വേഗത നിയന്ത്രിക്കുക. വല്ലാതെ ഉയരുന്ന തിരകള്‍ക്കു മുകളിലൂടെ ഏറെ വേഗതയൊന്നും കൈവരിക്കാനാവില്ല. വല്ലാതെ വേഗത കൂടിയാല്‍ ചിലപ്പോള്‍ ബോട്ട് മറിഞ്ഞേക്കും. മണ്ണെണ്ണയാണ് ബോട്ടിന്റെ ഇന്ധനം. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് എത്ര കിലോമീറ്റര്‍ കിട്ടുമെന്ന കണക്കൊന്നും അവര്‍ക്കറിയില്ല. ഒരു മണിക്കൂര്‍ ബോട്ട് ഓടാന്‍ എട്ട് ലിറ്റര്‍ ഇന്ധനം വേണം. എത്ര മണ്ണെണ്ണയുണ്ടോ അത്രയും ദൂരം തങ്ങള്‍ ബോട്ടുമായി മീനിനെ തേടി അലയും. ജീവിതത്തെ അനുഭവവുമായാണ് അവര്‍ ബന്ധിപ്പിക്കുന്നത്.

ബോട്ടിനും 'കിളി'യുണ്ട്
പറയുമ്പോള്‍ അത്ഭുതം തോന്നും. മീന്‍ പിടുത്ത ബോട്ടിനെന്തിനാണ് ബസ്സിലുള്ളതു പോലൊരു 'കിളി'. സൈഡ് പറയാനും വേഗത കൂട്ടാനും കുറക്കാനുമൊക്കെ ബോട്ട് ഡ്രൈവറോട് വിളിച്ചു പറയുന്നത് ഈ കിളിയാണ്. ബസ്സിലേതുപോലല്ല, ബോട്ടിലെ കിളിയെ ഡ്രൈവര്‍ കൂടുതല്‍ അനുസരിക്കും. കാരണം ഡ്രൈവറേക്കാള്‍ ദൂരക്കാഴ്ചയുള്ളത് കിളികള്‍ക്കായിരിക്കും. ഒരുപക്ഷെ, ഇന്നലത്തെ കിളിയായിരിക്കും ഇന്നത്തെ ഡ്രൈവര്‍. ഇന്ന് ഡ്രൈവ് ചെയ്തയാള്‍ നാളെ കിളിയാകും. ബോട്ടില്‍ കിളിയും ഡ്രൈവറും തമ്മില്‍ 'ഉദ്യോഗ'ത്തില്‍ ഏറ്റക്കുറച്ചിലുകളില്ല.
കബീര്‍ ബോട്ട് ഓടിക്കുമ്പോള്‍ കൃഷ്‌ണേട്ടനായിരുന്നു കിളി. കുറച്ച് ഇടത്തേക്ക് വെട്ടിക്കൂ, താഴെ പാറയുണ്ടാകുമെന്ന് കൃഷ്‌ണേട്ടന്‍ പിറകില്‍ നിന്ന് (ചിലപ്പോള്‍ മുമ്പില്‍ നിന്നും സൈഡില്‍ നിന്നും ഒക്കെയാകാം. ബസ്സിലേതു പോലെ ബോട്ടില്‍ കിളികള്‍ക്ക് നിയതമായ സ്ഥലങ്ങളൊന്നുമില്ല) വിളിച്ചു പറഞ്ഞാല്‍ കബീര്‍ ബോട്ട് ഇടത്തേക്ക് മാറ്റിയിരിക്കും. ഇല്ലെങ്കില്‍ ചിലപ്പോഴെ താഴെ മുട്ടിയേക്കാം. ദൂരെ, കരയില്‍ മൊബൈല്‍ ടവര്‍ കാണുന്നില്ലേ, അതിന്റെ നേരെയാണ് പോകേണ്ടതെന്ന് കൃഷ്‌ണേട്ടന്‍ പറയുമ്പോള്‍ കബീര്‍ മറ്റൊന്നും ചോദിക്കില്ല. പിറകിലോ, എതിരേയോ മറ്റേതെങ്കിലും ബോട്ടുകളോ തോണികളോ വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ നല്കുന്നതും കിളികളാണ്. റോഡുകളിലേതു പോലെ ഇടം വലം നിയമങ്ങളൊന്നുമില്ലാത്തതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്റ്റിയറിംഗ് ഇല്ലെങ്കിലും കിളികളുടെ കൈയ്യിലാണ് 'ശരിയായ ഡ്രൈവിംഗ്'.
സായാഹ്നങ്ങളിലും രാത്രികളിലും കടലിലേക്ക് യാത്ര തിരിക്കുന്നവര്‍ പുലരുമ്പോഴേക്കും കരയില്‍ മടങ്ങിയെത്തും. അപ്പോഴേക്കും അവരുടെ മനസ്സില്‍ നിറയെ പുതിയ കഥകളുണ്ടാകും. പക്ഷേ, അതൊന്നും അവര്‍ ആരുമായും പങ്കുവെക്കില്ല. അനുഭവങ്ങളുടെ മഹാസാഗരത്തിലേക്ക് അവര്‍ അതുകൂടി ചേര്‍ത്ത് വെക്കും. കടലുപോലെ അവരുടെ മനസ്സിനും വല്ലാത്ത ആഴമായിരിക്കും. ചിലപ്പോഴെങ്കിലും അതിനകത്ത് ചുഴികളുണ്ടാകുമായിരിക്കും. പക്ഷേ, അപ്പോഴും അവരെല്ലാം പുറമേ ശാന്തരായിരിക്കും. കടല്‍ പോലെ, ഒരു വല്ലാത്ത ശാന്തത.

Friday, April 2, 2010

മുത്തങ്ങയെ കുറിച്ച് പറയാനുള്ള ചില കാര്യങ്ങള്‍




2003 ജനുവരി അഞ്ചിനാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസം (സമരം) ആരംഭിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വാച്ചര്‍മാരും ബന്ധിയാക്കപ്പെട്ട ഫെബ്രുവരി 17 വരെ സമരത്തെ സംസ്ഥാനം ഭരിച്ചിരുന്ന യു ഡി എഫ് സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഗൗനിച്ചിരുന്നില്ല. സമരത്തെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നത് ആദിവാസി ഗോത്രമഹാസഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായ കാര്യമായിരുന്നു. കാരണം മുത്തങ്ങ പോലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശം കൈയ്യടക്കിയിട്ടും സമരത്തിന് ശ്രദ്ധയും ഊന്നലും ചെലുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങളുടെ ഒരു സമരവും ഇനിയൊരു കാലത്തും വിജയിക്കാന്‍ പോകുന്നില്ലെന്ന് ആദിവാസി ഗോത്രമഹാസഭയുടെ തലപ്പത്തുള്ളവര്‍ക്കും അവര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നവര്‍ക്കും അറിയാമായിരുന്നു.
മുത്തങ്ങ വനഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ടി ആര്‍ ബാലുവും വനം കൈയ്യേറ്റത്തെ കുറിച്ച് പഠനം നടത്തുന്ന സുപ്രീം കോടതിയുടെ സമിതിയും കേരള സര്‍ക്കാറിന് നിര്‍ദ്ദേശം നല്കിയിരുന്നു. എന്നിട്ടും പ്രശ്‌നത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. വനഭൂമിയിലെ സമരം മടുത്താല്‍ ആദിവാസികള്‍ സ്വമേധയാ ഒഴിഞ്ഞു പോകുമെന്നായിരിക്കണം സര്‍ക്കാര്‍ കണക്കു കൂട്ടിയിരുന്നത്. മാത്രമല്ല, ആദിവാസികളുടെ ഭൂ പ്രശ്‌നവുമായി ബന്ധപ്പെട്ട സമരത്തെ ശ്രദ്ധിക്കാന്‍ പോയാല്‍ കൈ പൊള്ളലായിരിക്കും അനുഭവമെന്നും സര്‍ക്കാര്‍ നേരത്തെ പഠിച്ചിരുന്നു. സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടില്‍ കെട്ടി സമരം ചെയ്ത സി കെ ജാനുവിനേയും സംഘത്തേയും അനുനയിപ്പിക്കാനും ചെണ്ടകൊട്ടി കൂടെ പാട്ടുപാടി നൃത്തം ചെയ്യിക്കാനും പെട്ട പാട് എ കെ ആന്റണിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആന്റണി സര്‍ക്കാര്‍ മുത്തങ്ങയിലെ സമരത്തെ കാണാത്ത ഭാവം നടിക്കുകയായിരുന്നു. മുത്തങ്ങ വയനാട്ടിലാണെന്നും അതിനാല്‍ ഭരണത്തിന് ഭീഷണിയാകാതെ നോക്കിയാല്‍ മതിയെന്നും സെക്രട്ടറിയേറ്റും ഭരണസിരാ കേന്ദ്രങ്ങളും വയനാട്ടില്‍ നിന്നും ഏറെ അകലെ തിരുവനന്തപുരത്താണെന്നും സര്‍ക്കാറിനെ ആശ്വസിപ്പിച്ചിരുന്ന ഘടകങ്ങളായിരിക്കണം.
ആദിവാസികള്‍ സ്വയംഭരണ മേഖലയായി പ്രഖ്യാപിച്ച തകരപ്പാടി, ഞണ്ടിറുക്കി, അമ്പൂത്തി, പൊന്‍കുഴി പ്രദേശങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ആദിവാസികള്‍ കൈയ്യടക്കി വെച്ചിരുന്ന വനമേഖലയിലേക്ക് കടന്നു ചെല്ലാന്‍ ചെക്ക് പോസ്റ്റുകളും കടുത്ത പരിശോധനകളും അഭിമുഖീകരിക്കേണ്ടതുമുണ്ട്. തങ്ങളുടെ വന സാമ്രാജ്യത്തിലേക്ക് ആദിവാസികള്‍ കൂട്ടത്തോടെ കടന്നു വന്നത് വനം വകുപ്പിനെ അലോസരപ്പെടുത്തിയിരുന്നതിനാല്‍ അവരെ കുടിയൊഴിപ്പിക്കണമെന്ന ചിന്ത വകുപ്പിന് ഉണ്ടായിരുന്നു.
മുത്തങ്ങ വനഭൂമി കൈയ്യേറ്റ പ്രശ്‌നം ക്ലൈമാക്‌സിലെത്താനുണ്ടായ കാരണം ഫെബ്രുവരി 17ന് വൈകിട്ടുണ്ടായ കാട്ടിലെ തീ പിടുത്തമാണ്. വനത്തിന് തീ വെച്ചത് ഫോറസ്റ്റുകാരാണെന്നാണ് ആദിവാസി ഗോത്രമഹാസഭ ആരോപിച്ചിരുന്നത്. കൈയ്യേറ്റ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ ആദിവാസി ഗോത്രസഭയാണ് തീ വെച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ആരോപിക്കുന്നുണ്ട്. സംഭവമെന്തായാലും കാടിന് തീ പിടിച്ചു. ആ തീ നാട്ടിലേക്കും ആളിപ്പടര്‍ന്നു.
വനത്തിന് തീ പിടിച്ച സംഭവത്തോടെയാണ് ആദിവാസികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരേയും ഫോറസ്റ്റ് വാച്ചര്‍മാരേയും ഫോട്ടോഗ്രാഫറേയും ജീപ്പ് ഡ്രൈവറേയും ബന്ദികളാക്കിയത്. ഫെബ്രുവരി 18ന് വയനാട് ജില്ലാ കലക്ടര്‍ കെ ഗോപാലന്റെ മധ്യസ്ഥതയില്‍ തകരപ്പാടിയില്‍ നടന്ന ചര്‍ച്ചയിലാണ് ബന്ദികളാക്കിയവരെ ആദിവാസി ഗോത്രമഹാസഭ വിട്ടയച്ചത്. ജില്ലാ കലക്ടറും ആദിവാസി ഗോത്രമഹാസഭാ നേതാക്കളും ചര്‍ച്ച നടത്തുകയും ബന്ദികളുടെ മൊഴിയെടുക്കുകയും ചെയ്യുന്നതിനിടയില്‍ നൂറു കണക്കിന് വരുന്ന ജനക്കൂട്ടം തകരപ്പാടിയിലേക്ക് പ്രകടനമായെത്തിയിരുന്നു. സി പി എം, സി പി ഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി ജെ പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളില്‍ ചിലരുമാണ് പ്രകടനത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത്. ആദിവാസി ഗോത്രമഹാസഭ ഒരു ജീപ്പ് ഡ്രൈവറേയും ബന്ദിയാക്കിയതില്‍ പ്രതിഷേധിച്ച് ഡ്രൈവര്‍മാരും തകരപ്പാടിയിലേക്ക് പ്രകടനം നടത്തിയിരുന്നു.
'ജാനൂ നിന്റെ കൈയ്യും കാലും വെട്ടിയൊതുക്കും സൂക്ഷിച്ചോ' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രകടനക്കാര്‍ മുഴക്കിയിരുന്നത്. മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടയില്‍, പ്രകടനക്കാര്‍ തകരപ്പാടിയില്‍ പ്രതിഷേധ യോഗം ചേരുകയും ആദിവാസി ഗോത്രമഹാസഭാ പ്രവര്‍ത്തകരെ മുത്തങ്ങയില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഫെബ്രുവരി 19ന് മുത്തങ്ങ ഉള്‍പ്പെടുന്ന നൂല്‍പ്പുഴ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. മുത്തങ്ങയില്‍ വെടിവെയ്പ് നടന്ന 2003 ഫെബ്രുവരി 19ന് മുത്തങ്ങ ഉള്‍പ്പെടുന്ന നൂല്‍പുഴ പഞ്ചായത്തില്‍ ഹര്‍ത്താലായിരുന്നു.
വെടിവെപ്പുണ്ടായതിന് ശേഷം മുത്തങ്ങയില്‍ നിന്നും മറ്റു കൈയ്യേറ്റ വന ഭൂമികളില്‍ നിന്നും ഒഴിഞ്ഞു പോയി രക്ഷപ്പെടാന്‍ ശ്രമിച്ച ആദിവാസികളെ സുല്‍ത്താന്‍ ബത്തേരിയിലും പരിസരങ്ങളിലും വെച്ച് ഓടിച്ചു പിടിച്ചവരില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. പിന്നീടാണ് സംഭവങ്ങളുടെയെല്ലാം ഗതിവിഗതികള്‍ മാറി മറിഞ്ഞതും കാണുന്നവരെല്ലാം ആദിവാസി പ്രേമികളും സംരക്ഷകരുമായി അറിയപ്പെട്ടതും!
സി കെ ജാനുവിനേയും എം ഗീതാനന്ദനേയും അറസ്റ്റ് ചെയ്ത ഫെബ്രുവരി 22ന് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ പത്രപ്രവര്‍ത്തകരെ തലങ്ങും വിലങ്ങും ഓടിച്ച ചിലര്‍ തന്നെ പിന്നീട് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും പത്രപ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ചും കല്പറ്റ കലക്ടറേറ്റ് ഉപരോധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു എന്നത് ഓര്‍ക്കാന്‍ രസമുള്ള സംഭവമാണ്.
ഫെബ്രുവരി 19ന് ആദിവാസി കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് സംഘം തകരപ്പാടി മലകയറി. കല്പറ്റ ഡി വൈ എസ് പി കെ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ നിന്നുള്ള കെ എ പി ബറ്റാലിയനും മറ്റ് സംഘങ്ങളും മുത്തങ്ങ വനത്തിലേക്ക് (കാട് എന്നല്ല, യൂക്കാലി പ്ലാന്റേഷന്‍ എന്നാണ് വിളിക്കേണ്ടത്) കയറിയത്. സ്ഥലത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത കണ്ണൂരിലെ കെ എ പി ബറ്റാലിയനെ ഡി വൈ എസ് പി നയിച്ചപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മന:പൂര്‍വ്വമെന്ന പോലെ പിറകോട്ടടിച്ചിരുന്നു. വഴി കാണിച്ചു കൊടുക്കേണ്ടിയിരുന്ന വനം വകുപ്പുകാരെ ഓപറേഷന്റെ ഒരു ഘട്ടത്തിലും മുന്‍ നിരയില്‍ കാണാനുണ്ടായിരുന്നില്ല. കല്പറ്റ ഡി വൈ എസ് പി കെ ഉണ്ണിക്കു പുറമേ മാനന്തവാടി ഡി വൈ എസ് പി കെ വി സതീശന്‍, ഉത്തര മേഖലാ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ സുചീന്ദര്‍പാല്‍ സിംഗ്, സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ജി മുരളീധരന്‍, ഡപ്യൂട്ടി കലക്ടര്‍മാരായ കെ സി ഗോപിനാഥ്, പി വി ബാലന്‍, സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ എസ് അബ്ദുല്‍ അസീസ് എന്നിവരായിരുന്നു ഓപറേഷന് മുന്‍പന്തിയിലുണ്ടായിരുന്നത്. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിലെ രണ്ടു കമ്പനി പൊലീസുകാര്‍, 60 വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ 750 ഓളം ലോക്കല്‍ പൊലീസുകാര്‍, വനപാലകര്‍ എന്നിവരാണ് ഓപറേഷന്‍ ടീമിലുണ്ടായിരുന്നത്. അഗ്നിശമന സേന, ആംബുലന്‍സ് എന്നിവ പ്രദേശത്ത് ഒരുക്കി വെച്ചിരുന്നു.
തകരപ്പാടിയില്‍ പൊലീസ് ഓപറേഷന്‍ തുടങ്ങിയപ്പോള്‍ നൂറോളം ആദിവാസി സ്ത്രീ പുരുഷന്മാര്‍ ആദിവാസി ഗോത്രമഹാസഭയുടെ ബാഡ്ജ് അണിഞ്ഞ് കൃഷി ചെയ്യുന്നതായി 'അഭിനയിക്കുക'യായിരുന്നു. അവരോട് പിരിഞ്ഞു പോകാനും ആയുധങ്ങള്‍വെച്ച് കീഴടങ്ങാനും ഡി വൈ എസ് പി കെ ഉണ്ണി ആവശ്യപ്പെട്ടുവെങ്കിലും പൊലീസുകാര്‍ മുന്നേറുന്നതിന് അനുസരിച്ച് ആദിവാസികള്‍ പിറകോട്ടേക്ക് പോയി ഗോത്രമഹാസഭയ്ക്ക് സിന്ദാബാദ് വിളിക്കുകയായിരുന്നു ചെയ്തത്. ഭൂമി കിട്ടിയില്ലെങ്കില്‍ മരിക്കാന്‍ വരെ തയ്യാറായാണ് തങ്ങള്‍ വന്നതെന്ന് അറിയിച്ച അവരില്‍ ചിലര്‍ പൊലീസിനു നേരെ കല്ലുകളും വടിയും എറിയാന്‍ തുടങ്ങിയതോടെ പൊലീസ് ലാത്തിയുമായി മുമ്പോട്ടേക്ക് കുതിക്കുകയായിരുന്നു. അതോടെ കൈയ്യിലുള്ള കൊടുവാളും പിക്കാസും കൈക്കോട്ടുംകൊണ്ട് ആദിവാസികള്‍ പൊലീസിനെ ആക്രമിക്കുകയും വെട്ടുകയും ചെയ്തത് സംഭവം ഗുരുതരമാക്കി. അതോടെ പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിക്കുകയായിരുന്നു. പിന്നീട് പൊലീസും ആദിവാസികളും നേര്‍ക്കുനേര്‍ യുദ്ധമാണ് നടത്തിയത്. പിന്നീട്, പരുക്കേറ്റ ആദിവാസികളുടേയും പൊലീസുകാരുടേയും നീണ്ട നിരയാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് നീങ്ങിയത്.
അതിനിടയില്‍ പൊലീസുകാരുടെ സംഘത്തെ വിദഗ്ദമായി തങ്ങളുടെ കെണിയില്‍ പെടുത്താനും ആദിവാസി ഗോത്രമഹാസഭാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. വഴി നീളം മരങ്ങള്‍ മുറിച്ചിട്ട് തടസ്സം സൃഷ്ടിക്കുകയും ഉണങ്ങിയ പുല്ല് ചുറ്റും നിരത്തി നേരത്തെ തയ്യാറാക്കി വെച്ചിരുന്ന പ്രദേശത്തേക്ക് പൊലീസും പത്രപ്രവര്‍ത്തകരും അടങ്ങിയ സംഘം പ്രവേശിച്ചപ്പോള്‍ എണ്ണയൊഴിച്ച് തീയിടാനും ആദിവാസി ഗോത്രമഹാസഭാ പ്രവര്‍ത്തകര്‍ തയ്യാറായി. (പൊലീസ് സമയോചിതമായി പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ ഇതെഴുതാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബാക്കിയുണ്ടാകുമായിരുന്നില്ല). കെ എ പി ബറ്റാലിയനിലെ അബ്ദുല്‍ സലാമിനെ ഗുരുതരമായി വെട്ടി പരുക്കേല്‍പ്പിക്കുകയും, പിന്നീട് കൊല്ലപ്പെട്ട പൊലീസുകാരന്‍ വിനോദിനേയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ശശിധരനേയും ബന്ദിയാക്കിയപ്പോഴാണ് പൊലീസിന്റെ സ്വഭാവം ശരിക്കും മാറിയത്. കണ്ണില്‍ കണ്ട മുഴുവന്‍ പേരേയും തല്ലിച്ചതച്ചു. പിന്നീട് മൃഗീയമായ വേട്ടയാണ് പൊലീസ് നടത്തിയത്. (പൊലീസിന്റെ ലാത്തിയുടെ 'സുഖം' അറിഞ്ഞവരില്‍ ഞാനും ഉള്‍പ്പെടുന്നുണ്ട്. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ സജീവന്റെ ക്യാമറ പിടിച്ചു വാങ്ങി അതിനകത്തുണ്ടായിരുന്ന ഫിലിം റോള്‍ നശിപ്പിച്ചു. കൂട്ടത്തില്‍ ക്യാമറാ ബാഗിലുണ്ടായിരുന്ന രണ്ട് റോളുകള്‍ കൂടി പൊലീസുകാര്‍ വനത്തിന് കാഴ്ചവെച്ചു. പൊലീസുകാരെന്നാല്‍ എത്ര ഭീമാകാരന്മാരാണെന്ന് മുത്തങ്ങ വനത്തിലെ പിടിച്ചു തള്ളലിലെ വീഴ്ചയിലാണ് ഞാന്‍ മനസ്സിലാക്കിയത്!) കാല്‍മുട്ട് അടിച്ചു തകര്‍ത്ത് ആദിവാസി യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് നടത്തിക്കുന്നതിനും, നടക്കാന്‍ കഴിയാതെ അയാള്‍ മലര്‍ന്നടിച്ച് വീഴുന്നതിനും എനിക്കും ഫോട്ടോഗ്രാഫര്‍ക്കും സാക്ഷിയാകേണ്ടി വന്നു. ഈ ചിത്രം പകര്‍ത്തിയതിനാണ് ഫിലിം റോളുകള്‍ നശിപ്പിക്കപ്പെട്ടത്. ഫെബ്രുവരി 19ന് ഉച്ചയ്ക്ക് ശേഷം ഭീകരമായ പൊലീസ് വാഴ്ചയാണുണ്ടായത്. കസ്റ്റഡിയിലെടുത്ത ആദിവാസികളെ പൊലീസ് വാനിലിട്ട് മര്‍ദ്ദിച്ചു. ആദിവാസിയെന്ന് തോന്നിയവരെയെല്ലാം കസ്റ്റഡിയിലെടുത്ത് എല്ല് വെള്ളമാക്കി.
മുത്തങ്ങയില്‍ നടന്ന സംഭവ വികാസങ്ങളില്‍ കേരളത്തില്‍ പ്രതികരിക്കാന്‍ കഴിയുന്നവരെല്ലാം പ്രതികരിച്ചു. പക്ഷേ, പക്ഷിപാതിത്വപരമാകാതെ ചിന്തിച്ചാല്‍, ആദിവാസികള്‍ക്കു വേണ്ടി ശബ്ദിച്ചതിന്റെ നേരിയൊരു ശതമാനമെങ്കിലും പൊലീസുകാര്‍ക്കും വേണ്ടി പറയണമായിരുന്നു. പൊലീസിനെ ഭരണകൂട ഭീകരതയുടെ ആയുധമാക്കുന്നതിനെതിരേയും പ്രതികരിക്കണമായിരുന്നു.

Followers

About Me

My photo
thalassery, muslim/ kerala, India