Sunday, March 21, 2010

പാലങ്ങളുടെ തത്വചിന്ത
പാലമെന്നാല്‍ ജീവിതം എന്നു തന്നെയാണ് അര്‍ഥം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. പക്ഷേ, ചില പാലങ്ങള്‍ അങ്ങോട്ടേക്ക് മാത്രമുള്ളതാണ്, ഇങ്ങോട്ടേക്ക്.....
പാലത്തിന് പറയാനുള്ള തത്വചിന്ത എന്തായിരിക്കും? ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ തത്വങ്ങളായി പാലത്തിന് പറയാനാകാവുന്നത്രയും ആര്‍ക്കാണ് ഓതിത്തരാന്‍ കഴിയുക? ഓരോ പാലത്തിന്റേയും താഴേക്കൂടി കുറേ വെള്ളമൊഴുകും. തോണിയും മരവും മീനുകളും ഒഴുകിപ്പോകും. ചിലപ്പോള്‍ മനുഷ്യരും ചത്ത ജീവജാലങ്ങളും അറിയാതെ അതുവഴി കടന്നു പോകും. ഓരോ പാലത്തിന്റേയും മുകളിലൂടെ എണ്ണിത്തീര്‍ക്കാനാവാത്തത്രയും വാഹനങ്ങള്‍ കടന്നു പോകും. കാല്‍നടയായി മനുഷ്യരും പശുക്കളും കൈവണ്ടികളും കടന്നുപോകും. അപ്പോഴെല്ലാം പാലങ്ങള്‍ നിശ്ചലരായി ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നുണ്ടാകും. പക്ഷേ, പാലം എല്ലാം അറിയുന്നുണ്ടാകും. പാലമെന്നാല്‍ ജീവിതമാണല്ലോ. ജീവിതമെന്നാലും ഒരു പാലത്തിന്റെ രണ്ടു കരകളിലേക്കുള്ള സഞ്ചാരമാണല്ലോ.
കടലെന്നും പുഴയെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ മോഹിപ്പിച്ച നാമങ്ങളായിരുന്നു. ഓരോ തവണയും കടല്‍ കാണുമ്പോഴും പുഴ പിന്നില്‍ മറയുമ്പോഴും മനസ്സ് വല്ലാത്ത മോഹത്തോടെ ഒരുപാടു നേരം അവയെയൊക്കെ നോക്കി നിന്നിട്ടുണ്ടായിരുന്നു. നോക്കി നില്‍ക്കാന്‍ മാത്രം പതിനാലാം രാവുദിച്ചതു പോലുള്ള മൊഞ്ച് അവയ്ക്കുണ്ടായിരുന്നോ? ചിലപ്പോഴെങ്കിലും ഉണ്ടാവില്ല. എന്നാലും ചെറുപ്പത്തില്‍ കേട്ട കഥകളുടേയും സങ്കല്‍പ്പങ്ങളുടേയും സ്വാധീനം.

പുട്ടുകടയിലേക്കുള്ള യാത്രക്കിടയില്‍ ഒരു മരപ്പാലം
പുട്ടുകട ഒരുതരം 'നൊസ്റ്റാള്‍ജിയ'യാണ് നല്കുക. പുട്ടുകടയിലെ പുട്ടിനേക്കാളും കടലക്കറിയേയും മുട്ടറോസ്റ്റിനേയും പപ്പടത്തേക്കാളും രുചി അങ്ങോട്ടേക്കുള്ള യാത്രക്കായിരുന്നു. കോഴിക്കോടിന്റെ നാഗരികതയില്‍ നിന്നും മൂരിയാടിന്റെ ഗ്രാമീണതയിലേക്കൊരു തീര്‍ഥയാത്ര. ചാലപ്പുറത്തു നിന്നും വാഹനമോടാത്ത വഴികള്‍ താണ്ടി, കല്ലായിപ്പുഴയിലേക്ക് ഒഴുകുന്ന കനോലിക്കനാലിന് കുറുകെയുള്ള മരപ്പാലത്തിനു മുകളില്‍ കൂടി, ഗ്രാമീണ മനസ്സുകളിലൂടെ പുട്ടുകടയിലെത്തുമ്പോള്‍ അവിടെ ആവി പറക്കുന്ന പുട്ടുണ്ടാകും. പുട്ടിനെ കുറ്റിയില്‍ നിന്നും പുറത്തേക്ക് കുത്തിയിറക്കി അലമാരയിലേക്ക് വിക്ഷേപിക്കുന്ന 'മാധവന്‍ നായരു'ണ്ടാകും. കടയുടമസ്ഥനായ 'സത്യന്‍ അന്തിക്കാടുണ്ടാകും'. പല ദിവസങ്ങളിലും മാറി മാറിയെത്തുന്ന 'പുതുമുഖ' സപ്ലയര്‍മാരുണ്ടാകും.
ചാലപ്പുറത്തിനും മൂരിയാടിനുമിടയിലെ കനോലിക്കനാലിനു മുകളിലെ മരപ്പാലത്തിലൂടെയുള്ള നടത്തമാണ് യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷം. പാലം അപടകത്തിലെന്ന് ഫ്‌ളക്‌സില്‍ പ്രിന്റു ചെയ്തുവെച്ച ബാനറുണ്ട്. പക്ഷേ, മോഹിപ്പിക്കുന്ന നടത്തത്തെ വെല്ലാന്‍ അപകട മുന്നറിയിപ്പിന് കഴിയാറില്ല. മരപ്പാലത്തിനു മുകളിലൂടെ ബാലന്‍സ് പിടിച്ച് കടന്നു പോകുന്നവര്‍, സൈക്കിള്‍ ഉരുട്ടി പാലം കടക്കുന്നവര്‍, അപ്പുറത്തേയും ഇപ്പുറത്തേയും ജീവിതങ്ങളുമായി മരപ്പാലം എത്രയോ ബന്ധപ്പെട്ടിരിക്കുന്നു.
മരപ്പാലത്തിനു താഴെ കല്ലായിയിലേക്കുള്ള മരങ്ങളുമായി മല്ലിടുന്ന ഒരു മനുഷ്യനെ കുറിച്ച് പറഞ്ഞുതന്നത് സഹപ്രവര്‍ത്തകരിലൊരാളായിരുന്നു. പിന്നീടുള്ള യാത്രകളില്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണാനായി നോക്കിയപ്പോഴൊന്നും ആ മനുഷ്യന്‍ മരങ്ങളൊടൊപ്പം ഉണ്ടായിരുന്നില്ല. എവിടെ പോയി ആവോ?
നീണ്ട മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരപ്പാലത്തിലൂടെ അവസാനമായി ബസ്സോടിയിരുന്നത്. പിന്നീട് ചാലപ്പുറത്തു നിന്നും ആഴ്ചവട്ടം വഴി മാങ്കാവിലേക്ക് ബസ്സിന് പോകാന്‍ പുതിയ പാലം വന്നു. അതോടെ നടന്നു പോകാന്‍ മാത്രമായി മൂരിയാട് പാലം. ഇളകിത്തുടങ്ങിയ പാലത്തിലെ ഇളക്കം തട്ടിയ മരങ്ങള്‍- അത്രയേറെ സാഹസികമല്ലെങ്കിലും ആദ്യമായി അതുവഴി പോകുന്നവര്‍ക്ക് മനസ്സില്‍ ചെറിയൊരു ഭീതി സമ്മാനിക്കാന്‍ മൂരിയാട് പാലത്തിന് കഴിയുമായിരുന്നു.
മൂരിയാട് മരപ്പാലത്തിന് തകരാറ് സംഭവിക്കുമ്പോഴൊക്കെ തൊഴിലാളികളും പരിസരവാസികളും മരം അറുത്തിടുകയായിരുന്നു പതിവ്. അല്ലെങ്കിലും മരത്തിന് പഞ്ഞമില്ലാത്ത കല്ലായിക്കാര്‍ക്ക് ഒരു പാലത്തിന് ആവശ്യമായ മരമൊക്കെ ഉപയോഗിക്കാന്‍ കഴിയുമല്ലോ. 1990ല്‍ മരപ്പാലം പൂര്‍ണ്ണമായും തകര്‍ന്നുപോയപ്പോഴാണ് ചാലപ്പുറത്തേയും മൂരിയാട്ടേയും ആളുകള്‍ വിഷമിച്ചു പോയത്. ഒരു പാലമിട്ടാല്‍ അങ്ങോട്ടേക്ക് മാത്രമല്ല, ഇങ്ങോട്ടേക്കും വേണമല്ലോ. അക്കാലത്താണ് പൊട്ടിയ പാലത്തില്‍ നിന്നും മമ്മൂട്ടിക്ക പുഴയിലേക്ക് വീണുപോയത്. പിന്നെ നോക്കിനില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. തടി വ്യവസായിയായ എം എം അബൂബക്കര്‍ പാലം നന്നാക്കി. മംഗലാപുരത്തു നിന്നും കൊണ്ടുവന്ന മികച്ച തടിയില്‍ മൂരിയാടിന്റേയും ചാലപ്പുറത്തിന്റേയും പാദസ്പര്‍ശങ്ങള്‍ ഏറ്റുവാങ്ങാന്‍ പിന്നേയും മരപ്പാലം തലയുയര്‍ത്തി. അവഗണിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അധികൃതരെ നോക്കി പാല്‍പ്പുഞ്ചിരി തൂകി മരപ്പാലം.
ചില പാലങ്ങള്‍ അങ്ങനെയാണ്, ചിലരുടെ ജീവിതങ്ങള്‍ പോലെ. എത്ര തവണ തകര്‍ന്നുപോയെന്ന് തോന്നിയാലും പിന്നേയും ഉയര്‍ന്നുവരും പഴയ അതേ കരുത്തോടെ!

അപകടത്തെ തുടര്‍ന്നൊരു പാലം; പാലത്തെ തുടര്‍ന്നൊരപകടം
കോഴിക്കോട്ടെ ചാലപ്പുറത്തു നിന്നും എഴുപത് കിലോമീറ്റര്‍ അകലെ തലശ്ശേരിയില്‍ മറ്റൊരു പാലം. തലശ്ശേരി- കണ്ണൂര്‍ റൂട്ടില്‍ പഴയ ദേശീയപാതയില്‍ പൊട്ടിത്തകര്‍ന്നു കിടക്കുന്ന കൊടുവള്ളി പാലത്തിന് പറയാനുള്ളത് മറ്റൊരു കഥ. ബ്രിട്ടീഷുകാരുടെ ഭരണകാലമാണ് തിരശ്ശീലയില്‍. തലശ്ശേരിയിലെ സി എസ് ഐ പള്ളി നിര്‍മ്മിക്കാനായി തൊഴിലാളികളേയും കയറ്റി വരികയായിരുന്ന കടത്തുതോണി കൊടുവള്ളി പുഴയുടെ അഗാധതയിലേക്ക് ഊളിയിട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരണക്കയത്തിലേക്ക് ഇറങ്ങിപ്പോയതിനെ തുടര്‍ന്നാണ് പുഴയ്ക്കു കുറുകേ പാലം വേണമെന്ന ആശയമുണ്ടായത്. സി എസ് ഐ പള്ളി നിര്‍മ്മിക്കുകയായിരുന്ന ബ്രിട്ടീഷ് പാതിരിയായ റെയ്ന്‍ ഹാര്‍ഡ് അങ്ങനെ പാലത്തിന്റെ നിര്‍മ്മാണത്തിനും മേല്‍നോട്ടം വഹിച്ചു.
ചെറിയ വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു ആദ്യകാലത്ത് അനുമതിയുണ്ടായിരുന്നത്. പിന്നീടത് വലിയ വാഹനങ്ങള്‍ക്കു കൂടിയുള്ള വഴിയായി. അതോടെ പാലത്തിന്റെ തകര്‍ച്ചയുടെ കഥയും തുടങ്ങി. 1966ലാണ് കൊടുവള്ളി പഴയ പാലത്തിന് പകരം പുതിയ പാലം പണിതത്. പിന്നീട് പഴയ പാലത്തെ ആരും തിരിഞ്ഞു നോക്കാതായി. അതോടെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. തൂണുകള്‍ ദ്രവിച്ചു. എന്നാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പഴയ പാലത്തെ മറക്കാന്‍ കഴിയില്ലായിരുന്നു. കാരണം അവര്‍ക്ക് പെട്ടെന്ന് എത്താന്‍ കഴിയുന്ന വഴി പഴയ പാലത്തിലൂടെയായിരുന്നു.
പാലം അപകടത്തിലായ ആദ്യകാലത്ത് ബസ്സുകളും വാഹനങ്ങളും ആളുകളെ ഇറക്കി പാലത്തിലൂടെ കടത്തിക്കൊണ്ടു പോയ കഥ പ്രായമുള്ളവര്‍ ഓര്‍ത്തു പറയുന്നത് കേട്ടിട്ടുണ്ട്. ബസ്സില്‍ നിന്നിറങ്ങി ആളുകള്‍ പാലത്തിലൂടെ നടക്കും. കൂടെ ബസ്സും സാവധാനത്തില്‍ ഓടിച്ചുകൊണ്ടുപോകും. പുതിയ പാലം വന്നതോടെ വാഹനങ്ങള്‍ക്ക് പഴയ പാലം വേണ്ടാതായി. തലശ്ശേരി നഗരത്തില്‍ നിന്നും എളുപ്പത്തില്‍ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗവും പുതിയ പാലം വഴിയായിരുന്നു.
പഴയ പാലം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായി. പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു. ഇതേ തുടര്‍ന്ന് മുളയും കവുങ്ങും ഉപയോഗിച്ച് പാലത്തെ ചേര്‍ത്തു നിര്‍ത്തി. ഇപ്പോള്‍ ചേര്‍ത്തുവെച്ച ഭാഗവും തകര്‍ന്നു പോയിരിക്കുന്നു. ഒരു പുഴയിലേക്ക് ഒരേ പാലത്തിന്റെ ചേരാത്ത രണ്ട് ഭാഗങ്ങള്‍ തെറിച്ചു നില്‍ക്കുന്നു. ചില പാലങ്ങളെങ്കിലു അങ്ങനെയാണ്; ജീവിതം പോലെ. ചിലപ്പോഴെങ്കിലും പരസ്പരം ചേരാതിരിക്കുന്നതാണ് പാലങ്ങളും ജീവിതങ്ങളുമെന്ന് കൊടുവള്ളി പഴയ പാലം നമ്മെ പഠിപ്പിക്കുന്നു.

ഇരുകരകളെ ബന്ധിപ്പിക്കാതെ ഒരു പാലം
കടല്‍പ്പാലങ്ങളുടെ ദൗത്യം രണ്ട് കരകളെ ബന്ധിപ്പിക്കലല്ല; രണ്ട് വന്‍കരകളെ കൂട്ടിയിണക്കലാണ്. കടല്‍പ്പാലത്തിന്റെ ഒരു ഭാഗം കരയിലേക്ക് കയറിയിട്ടുണ്ടാകുമെങ്കിലും മറ്റേ അറ്റം കടലിന്റെ വിശാലതയിലേക്കുള്ള തുറന്നുവെക്കലാണ്. ഏതോ ദേശത്തു നിന്നും വിദൂര യാത്രകളില്‍ നിന്നും കരയിലേക്കുള്ള ബന്ധമാണ് കടല്‍പ്പാലം.
തലശ്ശേരി കടല്‍പ്പാലത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്- ബ്രിട്ടീഷ് സ്വപ്നങ്ങളോളം പഴകിയതാണ് ഇവിടുത്തെ പാലം. ഒരു കാലത്ത് കപ്പലുകളും പത്തേമാരികളും ഇവിടെ ചരക്കിറക്കി തിരിച്ചു പോയിട്ടുണ്ട്, ചരക്കുകള്‍ കയറ്റി വിദൂര വിദേശ രാജ്യങ്ങളില്‍ സുഗന്ധം പരത്തിയിട്ടുണ്ട്.
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്, കടല്‍പ്പാലത്തിനു മുകളില്‍ ക്രെയിനുകള്‍ ഉണ്ടായിരുന്നു- കപ്പലുകളില്‍ നിന്നും ചരക്കിറക്കാനുള്ള ക്രയിനുകള്‍. പാലത്തിനു മുകളില്‍ റയിലുകളുണ്ടായിരുന്നു. കപ്പലില്‍ നിന്നും ഇറക്കുന്ന ചരക്കുകള്‍ റയില്‍ മാര്‍ഗ്ഗം കടപ്പുറത്തെ ഗോഡൗണുകളിലെത്തിച്ചു. 'ഗുദാ'മുകളില്‍ ശേഖരിച്ചുവെച്ചിരുന്ന സുഗന്ധ ദ്രവ്യങ്ങള്‍ റയിലുകള്‍ വഴി കടല്‍പ്പാലത്തിലെത്തിച്ച് കപ്പലുകളില്‍ കയറ്റി. കടപ്പുറത്തെ വിശാലമായ പൂഴിക്കപ്പുറം റോഡുകളും റയിലുകളും കെട്ടുപിണഞ്ഞു കിടന്ന കാലമുണ്ടായിരുന്നു. ആ റയിലും, ആ ക്രയിനും ആരൊക്കെയോ ചേര്‍ന്ന് തൂക്കിവിറ്റുവോ? തലശ്ശേരിയിലെ പുതിയ തലമുറകള്‍ക്ക് അതൊന്നും അറിയില്ല.
തലശ്ശേരി തുറമുഖത്ത് അവസാനമായി ചരക്കു കപ്പല്‍ എത്തിയത് 1972ലാണെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രമുഖ തുറമുഖ നഗരമായിരുന്നു തലശ്ശേരി. ദിവസേന 14 കപ്പലുകളോളം തുറമുഖത്ത് നങ്കൂരമിട്ടിരുന്നത്രെ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ തുത്തുക്കുടി ഉപ്പ് മുതല്‍ ഇള്‍മ അരി വരെയുള്ള ചരക്കുകള്‍ തലശ്ശേരി തുറമുഖത്തു നിന്നും കയറ്റിപ്പോയിട്ടുണ്ട്. നീലഗിരിയില്‍ നിന്നും കുടകില്‍ നിന്നും ഉള്‍പ്പെടെയുള്ള കുരുമുളകും കാപ്പിയും സുഗന്ധദ്രവ്യങ്ങളുമെല്ലാം കടല്‍ കടന്നത് ഈ പാലം വഴിയാണ്. വലിയ കപ്പലുകള്‍ക്ക് അടുക്കാനുള്ള ആഴം തലശ്ശേരി കടലിന് ഇല്ലാതിരുന്നിട്ടും ചെറിയ കപ്പലുകളും ബോട്ടുകളും വഴി ചരക്കിറക്കി പ്രതാപ കാലത്ത് ഈ നഗരം.
കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന്റെ ലോഹനിര്‍മ്മിത ഭാഗങ്ങള്‍ ദ്രവിച്ചതോടെ സന്ദര്‍ശകരെ വിലക്കിയിരുന്നു. പക്ഷേ, ചരിത്ര കൗതുകത്തെ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ. അറബിക്കടലിലേക്കുള്ള പാലം എത്രപേരെയാണ് ആകര്‍ഷിക്കാറുള്ളത്. കടലിനു മുകളിലെ പാലത്തിലൂടെ ഒരു നടത്തം. പിന്നെ, പെട്ടെന്ന് പാലം അവസാനിക്കുന്നിടത്ത് കടല്‍ ശൗര്യത്തോടെ ഗര്‍ജ്ജിക്കുന്നുണ്ടാകും.
ചില പാലങ്ങള്‍ അങ്ങനെയാണ്, ഇരുകരകളെ തമ്മില്‍ ബന്ധിപ്പിക്കാനില്ലെങ്കിലും ലോകത്തെ മുഴുവന്‍ തന്നിലേക്ക് വിളിച്ചു വരുത്തും. ശ്രദ്ധിക്കപ്പെടുന്ന ചിലരുടെ ജീവിതങ്ങള്‍ പോലെ.


ചിത്രങ്ങള്‍: ദുല്‍കിഫില്‍ മുസ്തഫ

No comments:

Post a Comment

Followers

About Me

My photo
thalassery, muslim/ kerala, India