വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്നവര്‍

തടിയന്റവിട നസീറും ഷഫാസും സൂഫിയാ മഅ്ദനിയും ലവ് ജിഹാദുമൊക്കെ തത്കാലം വിസ്മൃതിയിലേക്ക് മറഞ്ഞു. ഇനിയെന്തുതരം വാര്‍ത്തകളാണ് പ്രധാന വാര്‍ത്തകളും ന്യൂസ് അവറുകളുമാക്കി അവതരിപ്പിക്കുകയെന്ന വേവലാതിയായിരിക്കണം ഡസ്‌കുകളിലെ സീനിയര്‍ മോസ്റ്റുകളെ ആശങ്കപ്പെടുത്തുന്നുണ്ടാവുക. ലാവലിനും പിണറായി വിജയനും മുത്തൂറ്റ് പോള്‍ വധവും എസ് കത്തിയുമൊക്കെ കത്തിപ്പടര്‍ന്ന് തീര്‍ന്നപ്പോഴാണ് ലവ് ജിഹാദും അതിനു പിറകെ തടിയന്റവിട നസീറുമൊക്കെ ഭാഗ്യം പോലെ കയറി വന്നത്. നസീറിനേയും ഷഫാസിനേയുമൊക്കെ തെളിവെടുപ്പ് നടത്താനായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന രണ്ടുനാളുകളായിരുന്നു ദൃശ്യമാധ്യമങ്ങളിലെ 'എക്‌സ്‌ക്ലൂസീവ്' ജേണലിസ്റ്റുകള്‍ക്ക് പാപ്പരാസിപ്പണിയെടുക്കാന്‍ വീണുകിട്ടിയത്. രാത്രിയും പകലുമില്ലാതെ കര്‍ണാടക അന്വേഷണ സംഘത്തിനു പിറകെ നടന്ന് അവരെ പരമാവധി അലോസരപ്പെടുത്തി, അന്വേഷണത്തിന് പോലും സാധിക്കാത്തവിധത്തില്‍ പെരുമാറാന്‍ കേരളത്തിലെ 'ഉന്നതകുല ജാതരായ' ജേണലിസ്റ്റുകള്‍ക്ക് സാധിച്ചു. തങ്ങള്‍ പറയുന്നതാണ് ശരി, തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതി വിടുവായത്തം വിളമ്പുന്ന ചാനല്‍ ജേണലിസ്റ്റുകളിലെ ഭൂരിപക്ഷത്തിന് ഭാവനാ സമൃദ്ധമായി എത്ര കഥകളാണ് മെനയാന്‍ കഴിഞ്ഞത്. അവയിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് ഒരു കാഴ്ചക്കാരനും അന്വേഷിക്കില്ലെന്ന് അവര്‍ക്കെല്ലാം നന്നായി അറിയാമല്ലോ. അതുതന്നെ അവരുടെ ധൈര്യവും.
തീവ്രവാദി അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മാധ്യമങ്ങള്‍ പരമാവധി സഹകരിച്ചുവെന്നും കേരളത്തിലെ മാധ്യമങ്ങളും സഹകരിക്കണമെന്നുമായിരുന്നു കര്‍ണാടക പൊലീസ് ഇവിടെ എത്തിയയുടന്‍ മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചത്. തടിയന്റവിട നസീറിന്റേയും ഷഫാസിന്റേയും മുഖം മാധ്യമങ്ങള്‍ക്കു മുമ്പിലും ആളുകള്‍ക്ക് മുമ്പിലും തുറന്നുകാണിക്കാന്‍ കര്‍ണാടക പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല, അവരുടെ പഴയ ചിത്രങ്ങള്‍ പോലും പ്രസിദ്ധീകരിക്കരുതെന്ന അഭ്യര്‍ഥനയാണ് അന്വേഷണ സംഘം മുന്നോട്ട് വെച്ചത്. പക്ഷേ, കേരളത്തിലെ 'സൂപ്പര്‍' ജേണലിസ്റ്റുകള്‍ക്കുണ്ടോ അതിനൊക്കെ വല്ല നിലയും വിലയും. മാധ്യമ സ്വാതന്ത്ര്യമെന്ന പേരില്‍ വ്യക്തികളെ തേജോവധം ചെയ്യാന്‍ പോലും മടികാണിക്കാത്ത ദൃശ്യമാധ്യമങ്ങള്‍ അന്വേഷകര്‍ക്കു പിറകെയായിരുന്നു രണ്ടുനാള്‍.
തീവ്രവാദി കേസുമായി ബന്ധപ്പെട്ട് ആരുടെ പേര് പുറത്തു വന്നാലും ഉടനെ ന്യായവും അന്യായവുമൊന്നുമില്ലാതെ അവനെ തീവ്രവാദിയാക്കുകയായി മാധ്യമങ്ങള്‍. ലൈവ് നല്കുന്ന ചാനല്‍ സുന്ദരന്മാര്‍ (എന്തോ അതില്‍ സുന്ദരികളെ കണ്ടില്ല, അവിടേയും പുരുഷാധിപത്യം തന്നെ!) പറയുന്ന കഥയിലാണ് പ്രതികളുടെ മുഴുവന്‍ കുറ്റങ്ങളും ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നത്. ചോദ്യം ചെയ്യലും വിചാരണ നടത്തലും ശിക്ഷ വിധിക്കലുമെല്ലാം 'മൊഞ്ചന്‍മാരുടെ പട' തന്നെ നിര്‍വഹിച്ചു. അതുകൊണ്ട് പൊലീസിനും കോടതിക്കും ജോലികള്‍ എളുപ്പമായി. ഇവരെല്ലാം ചേര്‍ന്ന് പറഞ്ഞ കഥകളും ചാനലുകളുടെ ഇന്ത്യന്‍ ശിക്ഷാ നിയമവും ഉപയോഗിച്ച് ഇനി ജയിലുകളിലേക്കോ തൂക്കുമരത്തിലേക്കോ പ്രതികളെ അയക്കേണ്ടുന്ന ബാധ്യത മാത്രമല്ലേ ഉള്ളു. ശമ്പളം നല്കുന്നത് മാധ്യമങ്ങളാണെങ്കിലും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്കും നിയമപാലകര്‍ക്കുമൊക്കെ എത്രമാത്രം സഹായകരമായ പ്രവര്‍ത്തനങ്ങളാണ് ഈ യുവകോമളന്മാര്‍ നടത്തുന്നത്.
ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതെന്ന പേരില്‍ എത്രമാത്രം റിപ്പോര്‍ട്ടുകളാണ് ഇവരൊക്കെ പുറത്തുവിട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നത് പൊലീസുകാര്‍ ചാനലുകള്‍ക്ക് മുമ്പില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ വിളമ്പുമെന്ന് കാഴ്ചക്കാര്‍ വിശ്വസിക്കുമെന്ന് ഇവര്‍ക്കെല്ലാം നല്ലപോലെ അറിയാം. അങ്ങനെയാണെങ്കില്‍ അന്വേഷണ സംഘത്തിലെ ആരാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നുകൂടി ഈ ചാനലുകള്‍ പുറത്തു പറയട്ടെ. അയ്യോ, ക്ഷമിക്കണം, വാര്‍ത്തയുടെ സോഴ്‌സ് വെളിപ്പെടുത്തേണ്ടതില്ലെന്നത് ജേണലിസത്തിലെ ഒരു സുപ്രധാന വിവരമാണല്ലോ. അതുപ്രകാരം ആരുപറഞ്ഞുവെന്ന് ഒരുത്തനോടും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങള്‍ പറയുന്നതാണ് സത്യം, ഞങ്ങള്‍ പറയുന്നതാണ് ന്യായം, ഞങ്ങള്‍ പറയുന്നതാണ് ശരി- ആയ്‌ക്കോട്ടെ. അങ്ങനെയെങ്കില്‍ ചാനല്‍ സഖാവേ, എങ്ങനെകിട്ടി മലയാളത്തിലെ കാക്കത്തൊള്ളായിരം ചാനലുകാര്‍ക്ക് ഒരേ സംഭവത്തെ കുറിച്ച് പൂഴിത്തൊള്ളായിരം കഥകള്‍!
ലവ് ജിഹാദും മതംമാറ്റവുമൊക്കെ പാടി നടന്ന കാലത്തും മതം മാറിയ 'നാലായിരത്തോളം' യുവതികളുടെ 'കൊട്ടക്കണക്ക്' പറയുന്നതല്ലാതെ, അവര്‍ ആരെല്ലാമാണെന്നും എവിടുത്തുകാരാണെന്നും വെളിപ്പെടുത്താത്തതെന്ത്? നാലായിരമെന്ന 'കൃത്യം കണക്കിന്' അത്രയും പേരുകളും നാടുകളുമുണ്ടാകുമല്ലോ. കോഴിക്കോട്ടെ തര്‍ബിയത്തിലേക്കും പൊന്നാനിയിലെ മഊനത്തില്‍ ഉലൂമിലേക്കും മാര്‍ച്ച് നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ മതം മാറിയ പെണ്‍കുട്ടികളുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കാമായിരുന്നല്ലോ. വാര്‍ത്തകള്‍ക്കും വിശകലനത്തിനും വേണ്ടി എത്രയോ സമയം ചാനലുകള്‍ ചെലവഴിക്കുന്നുണ്ടല്ലോ. പത്രങ്ങള്‍ മഷിയും കടലാസും ഉപയോഗിക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ മതം മാറിയ പെണ്‍കുട്ടികളുടെ കണക്ക് പുറത്തു വരട്ടെ. അത് ഒരു ഭാഗത്തേക്ക് മാത്രമാകേണ്ട, ഏതു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് മാറിയ മുഴുവന്‍ പേരുടേതുമാകട്ടെ. എന്നിട്ടു നോക്കാം ലവിന്റേത് ജിഹാദാണോ അല്ലെങ്കില്‍ കുരിശിലോ ശൂലത്തിലോ തറച്ച രക്തസാക്ഷിത്വങ്ങളാണോ എന്ന്.
തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങള്‍ എത്രവേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും തപ്പിയെടുക്കാവുന്നതേയുള്ളു. വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ അച്ചടി- ദൃശ്യ മാധ്യമങ്ങളേക്കാള്‍ ഇപ്പോള്‍ സൗകര്യം ഇന്റര്‍നെറ്റിലൂടെയാണെന്ന് ഐ ടി യുഗത്തിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കംപ്യൂട്ടറിനും ഇന്റര്‍നെറ്റിനും മുമ്പില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്ന യുവത്വം ചാറ്റിംഗിന്റേയോ ഓര്‍ക്കുട്ടിന്റേയോ ഫേസ്ബുക്കിന്റേയോ ബ്ലോഗിന്റേയുമൊക്കെ ഗ്യാപില്‍ ഏതെങ്കിലുമൊക്കെ സൈറ്റുകള്‍ പരതിക്കൊണ്ടിരിക്കും. എന്തിന്, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലൂടെയുള്ള മൗസ് ക്ലിക്കുകള്‍ മതിയല്ലോ ഏതൊരു 'തീവ്രവികാരി'യുടേയും അടുത്തേക്കെത്താന്‍. ഇന്റര്‍നെറ്റിലെ സൈറ്റില്‍ വലിയ തോതില്‍ ക്ലിക്കുകള്‍ പ്രത്യക്ഷപ്പെടുന്നില്ലെന്ന് തോന്നിയാല്‍ തങ്ങളോട് അനുഭാവമുള്ള ഏതെങ്കിലും പത്രക്കാരന്റേയോ ചാനലുകാരന്റേയോ ബന്ധം ഉപയോഗപ്പെടുത്തിയാല്‍ മാത്രം മതി. വാര്‍ത്തക്കിടയില്‍ തങ്ങളുടെ വിലാസം ചേര്‍ത്താല്‍ മാത്രം മതി, ക്ലിക്കുകളുടെ എണ്ണം വര്‍ധിക്കും, പരസ്യ റേറ്റിംഗ് കൂടും.
ഒരു നുണ ഒരായിരം പേര്‍ പറഞ്ഞാല്‍ അത് സത്യമാകുമെന്നാണ് ഗീബല്‍സ് എന്ന പഴയ ഫാസിസ്റ്റിന്റെ സിദ്ധാന്തം. എന്നാല്‍ ഒരു നുണ ഒരു സെക്കന്റ് നേരം ഏതെങ്കിലുമൊരു ചാനലിലോ പത്രത്തിലോ വന്നാല്‍ അത് പൂര്‍ണ സത്യമല്ല, ഇരട്ട സത്യമാകുമെന്ന് പുതിയ ഫാസിസ്റ്റുകള്‍ക്ക് അറിയാം. അതുകൊണ്ടാണല്ലോ അവര്‍ പത്രങ്ങളേയും ചാനലുകളേയും കൂട്ടുപിടിക്കുന്നത്. തങ്ങളുടെ സ്വന്തം പത്രത്തില്‍ എഴുതിയാല്‍ പൊതുജനങ്ങള്‍ കാണില്ലെന്നും, പാര്‍ട്ടിക്കാരുടെ മാത്രം കൈകളിലെത്തുന്ന പത്രം അവര്‍ പോലും വായിക്കാത്തതിനാല്‍ ലോകം വിവരങ്ങള്‍ അറിയില്ലെന്നും തിരിച്ചറിഞ്ഞിട്ടുള്ള നവ ഫാസിസ്റ്റുകള്‍ക്ക് തങ്ങള്‍ക്ക് അനുകൂലമായി തൂലിക ചലിപ്പിക്കാന്‍ കഴിയുന്ന 'മതേതരത്വ മുഖ'മുള്ള പത്രങ്ങളേയും ചാനലുകളേയും കൂട്ടുപിടിക്കുന്നതും പുതിയ സംഭവമല്ല. മാത്രമല്ല, അത്തരം മതേതര പത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത പത്തിരട്ടിയുണ്ടെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്.
കുറ്റക്കാരെ കണ്ടെത്താനും ശിക്ഷ വിധിക്കാനും വ്യഗ്രത കാണിക്കാറുള്ള ഈ തരം മാധ്യമങ്ങളൊന്നും സത്യങ്ങള്‍ കണ്ടാല്‍ കണ്ട ഭാവം നടിക്കാറില്ലെന്നും മറ്റൊരു സത്യം. മഞ്ചേരിയിലെ വാടക ക്വാട്ടേഴ്‌സിനു മുകളില്‍ അര്‍ധരാത്രി സൂര്യനുദിച്ചപ്പോള്‍ ഓരോ സെക്കന്റിലും എക്‌സ്‌ക്ലൂസീവ് തേടുന്ന ചാനല്‍ പ്രവര്‍ത്തകരാരും അത് കണ്ടതേയില്ല. വാര്‍ത്ത കൊടുത്തില്ലെങ്കില്‍ ജനരോഷം തങ്ങള്‍ക്കെതിരാവുമെന്ന് തോന്നിയ പിറ്റേ ദിവസം മാത്രമാണ് അവയെ കുറിച്ച് പ്രതികരിക്കാന്‍ ഇവരെല്ലാം തയ്യാറായത്. മാത്രമല്ല, സൂര്യനുദിച്ചപ്പോള്‍ തുണിയുരിഞ്ഞു പോയ നേതാവിന് തന്റെ ഭാഗം വിശദീകരിക്കാന്‍ ഒരായിരം അവസരങ്ങള്‍ നല്കാനും ഈ ചാനലുകളായ ചാനലുകളെല്ലാം മത്സരിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തന ധാര്‍മ്മികത പ്രകാരം അത് ചെയ്യേണ്ടതുണ്ട്. അതിനാല്‍ അങ്ങനെ ചെയ്ത പത്രങ്ങളേയും ചാനലുകളേയും ശ്ലാഘിക്കാതെ വയ്യ. പക്ഷേ, അത് തൊലിക്കട്ടി കൂടുതലുള്ളവര്‍ക്ക് മാത്രം അനുവദിച്ചാല്‍ പോരല്ലോ, സമൂഹത്തില്‍ പിന്നേയും കുറേ പേരുണ്ടല്ലോ. ഇല്ലാത്ത ആരോപണങ്ങളുടേയും ചെയ്യാത്ത തെറ്റിന്റേയുമൊക്കെ പേരില്‍ ശിക്ഷിക്കപ്പെട്ട എത്രയോ ഉന്നതര്‍തന്നെ സമൂഹത്തിലുണ്ട്. അവര്‍ക്കും ചിലതൊക്കെ പറയാനുണ്ടാവും. അത്തരക്കാര്‍ക്കും അവസരം നല്‌കേണ്ടതല്ലേ എന്നത് സാമാന്യമായ ചോദ്യം മാത്രമാണ്.
ലോകത്തുള്ള എല്ലാ 'നെഗറ്റീവ് സ്റ്റോറി'കളും വെച്ചുവിളമ്പുമ്പോള്‍ അല്‍പമെങ്കിലും പോസിറ്റീവ് കാണിക്കാനും ഇവരെല്ലാം മുതിരേണ്ടതുണ്ട്. നെഗറ്റീവ് എനര്‍ജി നിറച്ച് നിറച്ച് പൊട്ടിത്തെറിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പോസിറ്റീവ് എനര്‍ജി കൂടി നല്കി സമൂഹത്തെ കൂടുതല്‍ ദൂരത്തിലും കൂടുതല്‍ ഉയരത്തിലും കൂടുതല്‍ വേഗത്തിലും മുമ്പോട്ടേക്ക് നയിക്കുന്നതല്ലേ.
ആദ്യത്തെ ആവേശത്തിന് വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ചാനലുകാരന്‍ അത് തെറ്റാണെന്ന് തോന്നിയാല്‍ പ്രേക്ഷകനോട് ക്ഷമ പറയാനുള്ള ധാര്‍മ്മിക ബാധ്യത കൂടി കാണിക്കണം. അങ്ങനെയാണെങ്കില്‍ ക്ഷമ പറയാന്‍ വേണ്ടി മാത്രം ഒരു സ്‌പോണ്‍സേര്‍ഡ് പരിപാടി കണ്ടുപിടിക്കേണ്ടി വരുമെന്ന ഭയമായിരിക്കും പ്രൊഡ്യൂസര്‍മാര്‍ക്ക്. 'മഞ്ഞളു പോലെ വെളുത്ത അഞ്ജനത്തെ' കുറിച്ച് വര്‍ണ്ണിക്കുന്നതിനിടയില്‍ സത്യം ഒരല്‍പം അകലെയെങ്കിലുമിരുന്ന് ഇതെല്ലാം നോക്കി ചിരിക്കുന്നുണ്ടെന്ന നേരിയ ബോധമെങ്കിലും റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും കാണിച്ചാല്‍ നന്നായിരുന്നേനേ!

അഭിപ്രായങ്ങള്‍

  1. sangathi kollam...
    Vikaram manassilakkunnu...

    Enthu kondu Oru vibhagam media hidden agnedayumayi varthakal padakkumbol nammudey secular/minority community mediakal Agendayum policy yum illathey urangunnu...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍