സംഗീതം പെയ്യുന്ന വീട്

കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളെജിന് സമീപത്തെ മണപ്പാട് വീട്ടില്‍ മതവും ശാസ്ത്രവും സംഗീതവും കലയുമെല്ലാം കൈകോര്‍ത്തു പിടിച്ചാണ് കഴിയുന്നത്. ഇവിടെയാണ് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ ഭാര്യ ഷമീലയ്ക്കും മക്കളായ അബ്ദുല്‍ ഗഫൂറിനും അബ്ദുറഹ്മാനും ഹമീദ് ഫസല്‍ ഗഫൂറിനോടുമൊപ്പം താമസിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. അബ്ദുല്‍ ഗഫൂറെന്ന ആധുനിക മുസ്‌ലിം നവോഥാന നായകരില്‍ ഒരാളുടെ മകനായ ഡോ. ഫസല്‍ ഗഫൂറും മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്ന എ അബ്ദുറഹീമിന്റെ മകളായ ഷമീലയും 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' ആണ്.
ഏറെ തിരക്കുള്ള പിതാവിനെ കണ്ടു ശീലിച്ച മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളോട് എളുപ്പത്തില്‍ സമരസപ്പെടാനാകുന്നതാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിറകിലെന്ന് ഫസല്‍ ഗഫൂര്‍ അഭിമാനത്തോടെ പറയുന്നു. ഷമീല ജനിക്കുന്നതിനു മുമ്പു തന്നെ കേന്ദ്രത്തില്‍ മന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്നു പിതാവ്. അങ്ങനെയൊരു പിതാവിന്റെ മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളെ എളുപ്പത്തില്‍ തിരിച്ചറിയാനാകും.
ന്യൂറോളജിസ്റ്റ്, പൊതുപ്രവര്‍ത്തകന്‍, സംഘടനാ ഭാരവാഹി തുടങ്ങിയ നിലകളില്‍ ഏറെ തിരക്കുകളാണ് ഡോ. ഫസല്‍ ഗഫൂറിനുള്ളത്. ഡോക്ടര്‍ എന്ന നിലയില്‍ സമയവും അസമയവുമില്ല. മാത്രമല്ല, കേരളത്തിലെ പ്രാക്ടീസിനോടൊപ്പം മാസത്തില്‍ മൂന്നു ദിവസം ദുബൈയിലും പരിശോധനകള്‍. എം ഇ എസ് പ്രവര്‍ത്തനങ്ങളും യോഗങ്ങളും കൂടിക്കാഴ്ചകളും മറ്റുമായി പിന്നേയും തിരക്കുകള്‍. അതിനിടയില്‍ മുംബൈയിലും ദല്‍ഹിയിലേക്കുമൊക്കെയുള്ള യാത്രകള്‍. ഇതിനോടെല്ലാം വീട്ടില്‍ നിന്നും ലഭിക്കുന്നത് നിറഞ്ഞ പിന്തുണ മാത്രം. ഡോക്ടര്‍ വീട്ടിലില്ലാത്തപ്പോള്‍ പെരിന്തല്‍മണ്ണയില്‍ പഠിക്കുന്ന കുട്ടികളാണ് വീട്ടില്‍ ഉമ്മയ്ക്ക് കൂട്ടുണ്ടാവുക. തന്റെ തിരക്കുകളോട് ഒരിക്കല്‍ പോലും ഭാര്യ മുഷിഞ്ഞ മുഖം കാണിച്ചിട്ടില്ല.
കാല്‍ നൂറ്റാണ്ടു മുമ്പാണ് ഡോ. ഫസല്‍ ഗഫൂറും ഷമീലയുമായുള്ള വിവാഹം നടന്നത്. ജീവിതത്തില്‍ ആദ്യ കാലങ്ങളില്‍ തിരക്കുകള്‍ അധികമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭാര്യാ സമേതാനായി നിരവധി രാഷ്ട്രങ്ങളും പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ ഫസല്‍ ഗഫൂറിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ പഠന കാര്യങ്ങളിലും മറ്റും ഡോ. ഫസലിന് ഒരിക്കലും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല. കുട്ടികളെ പഠിപ്പിച്ചതും എറണാകുളത്തുള്ള സ്‌കൂളില്‍ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതുമെല്ലാം ഷമീലയായിരുന്നു. മക്കളില്‍ മത- ധാര്‍മിക ബോധങ്ങള്‍ സൃഷ്ടിച്ചെടുത്തത് അവരുടെ ഉമ്മയാണെന്ന സര്‍ട്ടിഫിക്കറ്റ് സന്തോഷത്തോടെ പതിച്ചു നല്കുന്ന ഡോക്ടര്‍. വീട്ടില്‍ ഒറ്റക്കായപ്പോഴെല്ലാം സൃഷ്ടിക്കപ്പെട്ട ഏകാന്തതകളെ കുറിച്ച് അവര്‍ ഒരിക്കലും പരാതികള്‍ പറഞ്ഞിരുന്നില്ല. മാത്രമല്ല അതിനെ മറികടക്കാന്‍ സമൂഹത്തിലെ നാനാതുറകളിലുള്ള സ്ത്രീകളുമായും സൗഹൃദങ്ങളുണ്ടാക്കുകയും അത് മികച്ച രീതിയില്‍ മുമ്പോട്ടു കൊണ്ടുപോവുകയും ചെയ്തു.
പുരുഷ മേധാവിത്വത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് തുറന്നു പറയാന്‍ ഡോക്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. എന്നിട്ടും തന്റെ നിലപാടുകളോട് ഭാര്യ ഒരിക്കലും അതൃപ്തി പ്രകടിപ്പിച്ചിച്ചിരുന്നില്ല; പരാതികളും പറഞ്ഞിരുന്നില്ല. മലബാര്‍ ഭാഗത്ത് അത്രയേറെ പുരുഷ മേധാവിത്വം ദൃശ്യമല്ലെങ്കിലും മധ്യ- തെക്കന്‍ കേരളത്തില്‍ ഇത് ശക്തമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. മതകാര്യങ്ങളില്‍ അനാചാരങ്ങളോട് സന്ധിയില്ലാത്ത ഫസല്‍ ഗഫൂര്‍, ഭാര്യയുടെ യാഥാസ്ഥിതിക സുന്നി ആശയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറുമില്ല. ഇരുവരും അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുള്ള ഏക മേഖലയും മതവിഷയങ്ങള്‍ മാത്രമാണ്. തന്റെ മതകാഴ്ചപ്പാടുകളെ സലഫിയെന്നോ വഹാബിയെന്നോ ഒക്കെ വിളിക്കാമെങ്കിലും ഭാര്യ അതിനെ എതിര്‍ക്കാറില്ല; താന്‍ ഭാര്യയേയും എതിര്‍ത്തിട്ടില്ല. തന്റെ വഹാബി വിശ്വാസങ്ങള്‍ പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.
പാചകത്തില്‍ നിപുണയായ ഷമീലയ്ക്ക് ജില്ലാ- സംസ്ഥാന തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്റീരിയര്‍ ഡിസൈനിംഗില്‍ താത്പര്യമുള്ള അവരാണ് മണപ്പാട് എന്ന പഴയ വീടിനെ പുതിയ രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുത്തത്. രണ്ടു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ നടത്തി, വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിവിധ വസ്തുക്കള്‍ ശേഖരിച്ചാണ് ഷമീല വീടിന് മോടി കൂട്ടിയത്.
ഡോക്ടറുടെ വീട്ടില്‍ പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയുണ്ട്. അത് താനുണ്ടാക്കിയതാണെന്ന് പറയുമ്പോള്‍ ഡോക്ടര്‍ ഫസല്‍ ഗഫൂറിന്റെ മുഖത്ത് അഭിമാനത്തിന്റെ തിളക്കമുണ്ട്. യാത്രകളിലും മറ്റുമാണ് പുസ്തകങ്ങള്‍ ശേഖരിച്ചിരുന്നത്. പുസ്തകങ്ങള്‍ക്ക് മാത്രം ഇപ്പോള്‍ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. ഒരുപക്ഷേ കേരളത്തിലെ വലിയ സ്വകാര്യ ലൈബ്രറികളില്‍ ഒന്നായിരിക്കുമിത്. പുസ്തകങ്ങള്‍ വിഷയം തിരിച്ച് പ്രത്യേകം സൂക്ഷിച്ചിരിക്കുന്നു. മതം, ശാസ്ത്രം, സാഹിത്യം, സംഗീതം, മെഡിക്കല്‍, ക്വിസ്, കായികം തുടങ്ങി നിരവധി മേഖലകളിലെ പുസ്തകങ്ങളാണ് മനോഹരമായി അടുക്കിവെച്ചിരിക്കുന്നത്. തന്റെ പരന്ന വായന പലപ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും ആനുകാലിക പ്രശ്‌നങ്ങളുടെ പ്രതികരണങ്ങളോടും പെട്ടെന്ന് പ്രതികരിക്കാന്‍ തനിക്ക് പ്രാപ്തി നല്കിയെന്ന് ഡോക്ടര്‍ വിശ്വസിക്കുന്നു.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ക്വിസ് മാസ്റ്റര്‍, ഏഷ്യാനെറ്റിലെ ജാക്‌പോട്ട് ലൈന്‍, കൈരളി ടി വിയിലെ ബ്രെയിന്‍ ഓഫ് കേരള തുടങ്ങിയ ക്വിസ് പരിപാടികളുടെ മാസ്റ്റര്‍ എന്നീ വേഷങ്ങളിലും മലയാളികള്‍ ഡോ. ഫസല്‍ ഗഫൂറിനെ കണ്ടിട്ടുണ്ട്.

മണപ്പാട്ട് കുടുംബത്തിന്റെ കഥ
കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് മുസ്‌ലിം നവോഥാന സംരംഭങ്ങള്‍ക്ക് മണപ്പാട് കുടുംബവുമായി ബന്ധമുണ്ട്. കൊടുങ്ങല്ലൂരിലെ ഐക്യസംഘം, തലശ്ശേരിയിലെ മുസ്‌ലിം ലീഗ് രൂപീകരണം, 1964ലെ എം ഇ എസ് രൂപീകരണം എന്നിവയാണ് അവ. മലബാറില്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഐക്യസംഘത്തിലെ നേതാക്കള്‍ക്ക് മണപ്പാട് കുടുംബത്തില്‍ നിരവധി തവണ അഭയം നല്കിയിട്ടുണ്ട്. തലശ്ശേരിയില്‍ 1938ല്‍ മുസ്‌ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അതില്‍ ഡോ. അബ്ദുല്‍ ഗഫൂറിന്റെ പിതാവ് മണപ്പാട് കൊച്ചുമൊയ്തീന്‍ ഹാജിയും അദ്ദേഹത്തിന്റെ സഹോദരനും ഉള്‍പ്പെട്ടിരുന്നു. 1964ല്‍ എം ഇ എസ് രൂപീകരിച്ചതാവട്ടെ ഡോ. അബ്ദുല്‍ ഗഫൂറും.
മണപ്പാട് കൊച്ചുമൊയ്തീന്‍ ഹാജി എന്ന 'സാദാ ഹാജ്യാരുടെ' വിശാലമായ കാഴ്ചപ്പാടുകളാണ് തന്റെ കുടുംബത്തിന്റെ പുരോഗമനത്തിന് കാരണമെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നു. 13 മക്കളുണ്ടായിരുന്ന അദ്ദേഹം തന്റെ പെണ്‍മക്കള്‍ക്കെല്ലാം ഭര്‍ത്താക്കന്മാരെ കണ്ടെത്തിയത് ഉന്നത വിദ്യാഭ്യാസമുള്ളവരെയായിരുന്നു. ഐ എ എസുകാരനായ പി കെ അബ്ദുല്ല, ജില്ലാ ജഡ്ജ് ആയിരുന്ന അഷറഫ് സാഹിബ്, ചെസ്റ്റ് സ്‌പെഷ്യലിസ്റ്റായിരുന്ന ഡോ. എം എ അബ്ദുല്ല, പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ കെ അബ്ദുറഹ്മാന്‍ സാഹിബ്, കെ ജെ ഹോസ്പിറ്റല്‍ ഉടമ ഡോ. കരീം, സെന്റ് തോമസ് കോളെജിലെ പ്രഫസല്‍ അബ്ദുല്‍ ഖാദര്‍, പീഡിയാട്രീഷനായ ഡോ. ഹമീദ് എന്നിവരായിരുന്നു കൊച്ചു മൊയ്തീന്‍ ഹാജിയുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ എല്‍ എല്‍ ബി ബിരുദധാരികളായിരുന്നു. അവരിലൊരാളാണ് കേരളത്തിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജായ ഫാത്തിമ റഹ്മാന്‍. തന്റെ മൂന്ന് മക്കളെ അലീഗഡില്‍ അയച്ച് പഠിപ്പിച്ച കൊച്ചു മൊയ്തീന്‍ ഹാജി ഡോ. അബ്ദുല്‍ ഗഫൂറിനെ ഇംഗ്ലണ്ടില്‍ അയച്ചാണ് പഠിപ്പിച്ചത്. അദ്ദേഹം വിദ്യാഭ്യാസത്തിന് കൊടുത്ത പ്രാധാന്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ തങ്ങളുടെ കുടുംബത്തില്‍ ഇരുന്നൂറോളം ഡോക്ടര്‍മാരും നൂറിലേറെ എന്‍ജിനിയര്‍മാരും ഉണ്ടാകാന്‍ കാരണമെന്ന് ഡോ. ഫസല്‍ ഗഫൂറിനറിയാം.
മുസ്‌ലിം സമുദായത്തിലാണ് തങ്ങളുടെ ശക്തിയെന്ന് അറിയാവുന്ന ഡോക്ടര്‍ തന്റെ മക്കള്‍ക്കും മറ്റുള്ളവര്‍ക്കും നല്കുന്ന ഉപദേശം കേരളം വിട്ട് മറ്റെവിടേക്കും പോകരുതെന്നാണ്. കാരണം 'ഫേസ് ലെസ് നെയിം ലെസ്' ആയി മറ്റെവിടെയെങ്കിലും ഉന്നത സ്ഥാനത്ത് എത്തുന്നതിനേക്കാള്‍ നല്ലത് തങ്ങളെ തിരിച്ചറിയുന്ന സംസ്ഥാനത്ത് മികച്ച നിലയിലെത്തുകയാണ്.
സ്ത്രീധന വിരോധികളാണ് തന്റെ കുടുംബമെങ്കിലും പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് നല്‌കേണ്ടുന്ന അവകാശങ്ങള്‍ പോലും മുസ്‌ലിം കുടുംബങ്ങള്‍ വകവെച്ചു കൊടുക്കുന്നില്ലെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വത്ത് പലപ്പോഴും ലഭിക്കാറുള്ളത്. മക്കത്തായ സമ്പ്രദായത്തില്‍ സ്ത്രീധന വിരോധം പറയുകയും സ്വത്തുക്കള്‍ ആണ്‍മക്കള്‍തന്നെ കൈകാര്യം ചെയ്യുന്ന പതിവുമാണ് കണ്ടുവരുന്നത്. ഫലത്തില്‍ പിതാവിന്റെ സ്വത്തുക്കള്‍ പെണ്‍മക്കള്‍ക്ക് കിട്ടാത്ത അവസ്ഥയുണ്ടാവുകയാണ്. സ്ത്രീധനത്തെ എതിര്‍ക്കുന്നതോടൊപ്പം ഈ അവസ്ഥയ്‌ക്കെതിരേയും പ്രതികരിക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നതിനോട് തീര്‍ത്തും എതിരഭിപ്രായമാണ് ഡോ. ഫസല്‍ ഗഫൂര്‍ പ്രകടിപ്പിക്കുന്നത്. വിദേശത്തെ ഏതൊരു കോളെജില്‍ ലഭിക്കുന്ന ബിരുദത്തിന് തുല്യമായ പഠനം കേരളത്തില്‍ ഇപ്പോള്‍ കിട്ടാനുണ്ട്. അതുകൊണ്ട് മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ല. മാത്രമല്ല, മതവും സംസ്‌ക്കാരവുമൊക്കെ വ്യത്യസ്തമായ ഒരു രാജ്യത്തേക്ക് പോകുന്നതോടെ അവരുടെ സ്വഭാവത്തിലും സംസ്‌കാരത്തിലുമൊക്കെ വലിയ മാറ്റമാണ് ഉണ്ടാവുക. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലേക്ക് പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നതു പോലും ഡോ. ഫസല്‍ ഗഫൂര്‍ നിരുത്സാഹപ്പെടുത്തുന്നു.
മൂത്തമകന്‍ അബ്ദുല്‍ ഗഫൂര്‍ ദുബൈ ഏണസ്റ്റ് ആന്റ് യംഗ് കമ്പനിയിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റാണ്. പഠന കാലത്ത് 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി വിജയം വരിച്ച അബ്ദുല്‍ ഗഫൂര്‍ നിരവധി സമ്മാനങ്ങളും നേടിയിരുന്നു. ആരുടേയും ശിപാര്‍ശകളില്ലാതെ സ്വന്തം കഴിവ് ഉപയോഗിച്ച് മാത്രമാണ് മകന്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നില്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ ജോലി നേടിയത്. പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളെജിലെ ആദ്യത്തെ എം ബി ബി എസ് ആദ്യ വിദ്യാര്‍ഥിയാണ് രണ്ടാമത്തെ മകന്‍ അബ്ദുല്‍ റഹീം. മൂന്നാമത്തെ മകന്‍ ഹമീദ് ഫസല്‍ ഗഫൂര്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളെജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. സി ബി എസ് ഇ നാഷണല്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ് ഹമീദ്.
എല്ലാവരും ഒത്തുചേര്‍ന്നാല്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കലാണ് പിതാവിന്റേയും പുത്രന്മാരുടേയും ഹോബി. ഇതിനായി വീട്ടില്‍ ഒരു കരോക്കെ മെഷീന്‍ പോലും തയ്യാറാക്കി വെച്ചിട്ടുണ്ട്. പരസ്പരം പാട്ടുകള്‍ പാടിയും മത്സരം നടത്തിയും അവര്‍ കുടുംബാന്തരീക്ഷം ആഹ്ലാദപ്രദമാക്കും. കൂടെ ജീവിതത്തിന്റെ സംഗീതം പെയ്യിക്കാന്‍ ഷമീലയുമുണ്ടാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍