Sunday, March 21, 2010

പാലങ്ങളുടെ തത്വചിന്ത
പാലമെന്നാല്‍ ജീവിതം എന്നു തന്നെയാണ് അര്‍ഥം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. പക്ഷേ, ചില പാലങ്ങള്‍ അങ്ങോട്ടേക്ക് മാത്രമുള്ളതാണ്, ഇങ്ങോട്ടേക്ക്.....
പാലത്തിന് പറയാനുള്ള തത്വചിന്ത എന്തായിരിക്കും? ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ തത്വങ്ങളായി പാലത്തിന് പറയാനാകാവുന്നത്രയും ആര്‍ക്കാണ് ഓതിത്തരാന്‍ കഴിയുക? ഓരോ പാലത്തിന്റേയും താഴേക്കൂടി കുറേ വെള്ളമൊഴുകും. തോണിയും മരവും മീനുകളും ഒഴുകിപ്പോകും. ചിലപ്പോള്‍ മനുഷ്യരും ചത്ത ജീവജാലങ്ങളും അറിയാതെ അതുവഴി കടന്നു പോകും. ഓരോ പാലത്തിന്റേയും മുകളിലൂടെ എണ്ണിത്തീര്‍ക്കാനാവാത്തത്രയും വാഹനങ്ങള്‍ കടന്നു പോകും. കാല്‍നടയായി മനുഷ്യരും പശുക്കളും കൈവണ്ടികളും കടന്നുപോകും. അപ്പോഴെല്ലാം പാലങ്ങള്‍ നിശ്ചലരായി ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നുണ്ടാകും. പക്ഷേ, പാലം എല്ലാം അറിയുന്നുണ്ടാകും. പാലമെന്നാല്‍ ജീവിതമാണല്ലോ. ജീവിതമെന്നാലും ഒരു പാലത്തിന്റെ രണ്ടു കരകളിലേക്കുള്ള സഞ്ചാരമാണല്ലോ.
കടലെന്നും പുഴയെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ മോഹിപ്പിച്ച നാമങ്ങളായിരുന്നു. ഓരോ തവണയും കടല്‍ കാണുമ്പോഴും പുഴ പിന്നില്‍ മറയുമ്പോഴും മനസ്സ് വല്ലാത്ത മോഹത്തോടെ ഒരുപാടു നേരം അവയെയൊക്കെ നോക്കി നിന്നിട്ടുണ്ടായിരുന്നു. നോക്കി നില്‍ക്കാന്‍ മാത്രം പതിനാലാം രാവുദിച്ചതു പോലുള്ള മൊഞ്ച് അവയ്ക്കുണ്ടായിരുന്നോ? ചിലപ്പോഴെങ്കിലും ഉണ്ടാവില്ല. എന്നാലും ചെറുപ്പത്തില്‍ കേട്ട കഥകളുടേയും സങ്കല്‍പ്പങ്ങളുടേയും സ്വാധീനം.

പുട്ടുകടയിലേക്കുള്ള യാത്രക്കിടയില്‍ ഒരു മരപ്പാലം
പുട്ടുകട ഒരുതരം 'നൊസ്റ്റാള്‍ജിയ'യാണ് നല്കുക. പുട്ടുകടയിലെ പുട്ടിനേക്കാളും കടലക്കറിയേയും മുട്ടറോസ്റ്റിനേയും പപ്പടത്തേക്കാളും രുചി അങ്ങോട്ടേക്കുള്ള യാത്രക്കായിരുന്നു. കോഴിക്കോടിന്റെ നാഗരികതയില്‍ നിന്നും മൂരിയാടിന്റെ ഗ്രാമീണതയിലേക്കൊരു തീര്‍ഥയാത്ര. ചാലപ്പുറത്തു നിന്നും വാഹനമോടാത്ത വഴികള്‍ താണ്ടി, കല്ലായിപ്പുഴയിലേക്ക് ഒഴുകുന്ന കനോലിക്കനാലിന് കുറുകെയുള്ള മരപ്പാലത്തിനു മുകളില്‍ കൂടി, ഗ്രാമീണ മനസ്സുകളിലൂടെ പുട്ടുകടയിലെത്തുമ്പോള്‍ അവിടെ ആവി പറക്കുന്ന പുട്ടുണ്ടാകും. പുട്ടിനെ കുറ്റിയില്‍ നിന്നും പുറത്തേക്ക് കുത്തിയിറക്കി അലമാരയിലേക്ക് വിക്ഷേപിക്കുന്ന 'മാധവന്‍ നായരു'ണ്ടാകും. കടയുടമസ്ഥനായ 'സത്യന്‍ അന്തിക്കാടുണ്ടാകും'. പല ദിവസങ്ങളിലും മാറി മാറിയെത്തുന്ന 'പുതുമുഖ' സപ്ലയര്‍മാരുണ്ടാകും.
ചാലപ്പുറത്തിനും മൂരിയാടിനുമിടയിലെ കനോലിക്കനാലിനു മുകളിലെ മരപ്പാലത്തിലൂടെയുള്ള നടത്തമാണ് യാത്രയിലെ ഏറ്റവും മനോഹരമായ നിമിഷം. പാലം അപടകത്തിലെന്ന് ഫ്‌ളക്‌സില്‍ പ്രിന്റു ചെയ്തുവെച്ച ബാനറുണ്ട്. പക്ഷേ, മോഹിപ്പിക്കുന്ന നടത്തത്തെ വെല്ലാന്‍ അപകട മുന്നറിയിപ്പിന് കഴിയാറില്ല. മരപ്പാലത്തിനു മുകളിലൂടെ ബാലന്‍സ് പിടിച്ച് കടന്നു പോകുന്നവര്‍, സൈക്കിള്‍ ഉരുട്ടി പാലം കടക്കുന്നവര്‍, അപ്പുറത്തേയും ഇപ്പുറത്തേയും ജീവിതങ്ങളുമായി മരപ്പാലം എത്രയോ ബന്ധപ്പെട്ടിരിക്കുന്നു.
മരപ്പാലത്തിനു താഴെ കല്ലായിയിലേക്കുള്ള മരങ്ങളുമായി മല്ലിടുന്ന ഒരു മനുഷ്യനെ കുറിച്ച് പറഞ്ഞുതന്നത് സഹപ്രവര്‍ത്തകരിലൊരാളായിരുന്നു. പിന്നീടുള്ള യാത്രകളില്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണാനായി നോക്കിയപ്പോഴൊന്നും ആ മനുഷ്യന്‍ മരങ്ങളൊടൊപ്പം ഉണ്ടായിരുന്നില്ല. എവിടെ പോയി ആവോ?
നീണ്ട മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരപ്പാലത്തിലൂടെ അവസാനമായി ബസ്സോടിയിരുന്നത്. പിന്നീട് ചാലപ്പുറത്തു നിന്നും ആഴ്ചവട്ടം വഴി മാങ്കാവിലേക്ക് ബസ്സിന് പോകാന്‍ പുതിയ പാലം വന്നു. അതോടെ നടന്നു പോകാന്‍ മാത്രമായി മൂരിയാട് പാലം. ഇളകിത്തുടങ്ങിയ പാലത്തിലെ ഇളക്കം തട്ടിയ മരങ്ങള്‍- അത്രയേറെ സാഹസികമല്ലെങ്കിലും ആദ്യമായി അതുവഴി പോകുന്നവര്‍ക്ക് മനസ്സില്‍ ചെറിയൊരു ഭീതി സമ്മാനിക്കാന്‍ മൂരിയാട് പാലത്തിന് കഴിയുമായിരുന്നു.
മൂരിയാട് മരപ്പാലത്തിന് തകരാറ് സംഭവിക്കുമ്പോഴൊക്കെ തൊഴിലാളികളും പരിസരവാസികളും മരം അറുത്തിടുകയായിരുന്നു പതിവ്. അല്ലെങ്കിലും മരത്തിന് പഞ്ഞമില്ലാത്ത കല്ലായിക്കാര്‍ക്ക് ഒരു പാലത്തിന് ആവശ്യമായ മരമൊക്കെ ഉപയോഗിക്കാന്‍ കഴിയുമല്ലോ. 1990ല്‍ മരപ്പാലം പൂര്‍ണ്ണമായും തകര്‍ന്നുപോയപ്പോഴാണ് ചാലപ്പുറത്തേയും മൂരിയാട്ടേയും ആളുകള്‍ വിഷമിച്ചു പോയത്. ഒരു പാലമിട്ടാല്‍ അങ്ങോട്ടേക്ക് മാത്രമല്ല, ഇങ്ങോട്ടേക്കും വേണമല്ലോ. അക്കാലത്താണ് പൊട്ടിയ പാലത്തില്‍ നിന്നും മമ്മൂട്ടിക്ക പുഴയിലേക്ക് വീണുപോയത്. പിന്നെ നോക്കിനില്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. തടി വ്യവസായിയായ എം എം അബൂബക്കര്‍ പാലം നന്നാക്കി. മംഗലാപുരത്തു നിന്നും കൊണ്ടുവന്ന മികച്ച തടിയില്‍ മൂരിയാടിന്റേയും ചാലപ്പുറത്തിന്റേയും പാദസ്പര്‍ശങ്ങള്‍ ഏറ്റുവാങ്ങാന്‍ പിന്നേയും മരപ്പാലം തലയുയര്‍ത്തി. അവഗണിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അധികൃതരെ നോക്കി പാല്‍പ്പുഞ്ചിരി തൂകി മരപ്പാലം.
ചില പാലങ്ങള്‍ അങ്ങനെയാണ്, ചിലരുടെ ജീവിതങ്ങള്‍ പോലെ. എത്ര തവണ തകര്‍ന്നുപോയെന്ന് തോന്നിയാലും പിന്നേയും ഉയര്‍ന്നുവരും പഴയ അതേ കരുത്തോടെ!

അപകടത്തെ തുടര്‍ന്നൊരു പാലം; പാലത്തെ തുടര്‍ന്നൊരപകടം
കോഴിക്കോട്ടെ ചാലപ്പുറത്തു നിന്നും എഴുപത് കിലോമീറ്റര്‍ അകലെ തലശ്ശേരിയില്‍ മറ്റൊരു പാലം. തലശ്ശേരി- കണ്ണൂര്‍ റൂട്ടില്‍ പഴയ ദേശീയപാതയില്‍ പൊട്ടിത്തകര്‍ന്നു കിടക്കുന്ന കൊടുവള്ളി പാലത്തിന് പറയാനുള്ളത് മറ്റൊരു കഥ. ബ്രിട്ടീഷുകാരുടെ ഭരണകാലമാണ് തിരശ്ശീലയില്‍. തലശ്ശേരിയിലെ സി എസ് ഐ പള്ളി നിര്‍മ്മിക്കാനായി തൊഴിലാളികളേയും കയറ്റി വരികയായിരുന്ന കടത്തുതോണി കൊടുവള്ളി പുഴയുടെ അഗാധതയിലേക്ക് ഊളിയിട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരണക്കയത്തിലേക്ക് ഇറങ്ങിപ്പോയതിനെ തുടര്‍ന്നാണ് പുഴയ്ക്കു കുറുകേ പാലം വേണമെന്ന ആശയമുണ്ടായത്. സി എസ് ഐ പള്ളി നിര്‍മ്മിക്കുകയായിരുന്ന ബ്രിട്ടീഷ് പാതിരിയായ റെയ്ന്‍ ഹാര്‍ഡ് അങ്ങനെ പാലത്തിന്റെ നിര്‍മ്മാണത്തിനും മേല്‍നോട്ടം വഹിച്ചു.
ചെറിയ വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു ആദ്യകാലത്ത് അനുമതിയുണ്ടായിരുന്നത്. പിന്നീടത് വലിയ വാഹനങ്ങള്‍ക്കു കൂടിയുള്ള വഴിയായി. അതോടെ പാലത്തിന്റെ തകര്‍ച്ചയുടെ കഥയും തുടങ്ങി. 1966ലാണ് കൊടുവള്ളി പഴയ പാലത്തിന് പകരം പുതിയ പാലം പണിതത്. പിന്നീട് പഴയ പാലത്തെ ആരും തിരിഞ്ഞു നോക്കാതായി. അതോടെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. തൂണുകള്‍ ദ്രവിച്ചു. എന്നാല്‍ കാല്‍നട യാത്രക്കാര്‍ക്ക് പഴയ പാലത്തെ മറക്കാന്‍ കഴിയില്ലായിരുന്നു. കാരണം അവര്‍ക്ക് പെട്ടെന്ന് എത്താന്‍ കഴിയുന്ന വഴി പഴയ പാലത്തിലൂടെയായിരുന്നു.
പാലം അപകടത്തിലായ ആദ്യകാലത്ത് ബസ്സുകളും വാഹനങ്ങളും ആളുകളെ ഇറക്കി പാലത്തിലൂടെ കടത്തിക്കൊണ്ടു പോയ കഥ പ്രായമുള്ളവര്‍ ഓര്‍ത്തു പറയുന്നത് കേട്ടിട്ടുണ്ട്. ബസ്സില്‍ നിന്നിറങ്ങി ആളുകള്‍ പാലത്തിലൂടെ നടക്കും. കൂടെ ബസ്സും സാവധാനത്തില്‍ ഓടിച്ചുകൊണ്ടുപോകും. പുതിയ പാലം വന്നതോടെ വാഹനങ്ങള്‍ക്ക് പഴയ പാലം വേണ്ടാതായി. തലശ്ശേരി നഗരത്തില്‍ നിന്നും എളുപ്പത്തില്‍ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗവും പുതിയ പാലം വഴിയായിരുന്നു.
പഴയ പാലം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായി. പാലത്തിന്റെ ഒരുഭാഗം തകര്‍ന്നു വീണു. ഇതേ തുടര്‍ന്ന് മുളയും കവുങ്ങും ഉപയോഗിച്ച് പാലത്തെ ചേര്‍ത്തു നിര്‍ത്തി. ഇപ്പോള്‍ ചേര്‍ത്തുവെച്ച ഭാഗവും തകര്‍ന്നു പോയിരിക്കുന്നു. ഒരു പുഴയിലേക്ക് ഒരേ പാലത്തിന്റെ ചേരാത്ത രണ്ട് ഭാഗങ്ങള്‍ തെറിച്ചു നില്‍ക്കുന്നു. ചില പാലങ്ങളെങ്കിലു അങ്ങനെയാണ്; ജീവിതം പോലെ. ചിലപ്പോഴെങ്കിലും പരസ്പരം ചേരാതിരിക്കുന്നതാണ് പാലങ്ങളും ജീവിതങ്ങളുമെന്ന് കൊടുവള്ളി പഴയ പാലം നമ്മെ പഠിപ്പിക്കുന്നു.

ഇരുകരകളെ ബന്ധിപ്പിക്കാതെ ഒരു പാലം
കടല്‍പ്പാലങ്ങളുടെ ദൗത്യം രണ്ട് കരകളെ ബന്ധിപ്പിക്കലല്ല; രണ്ട് വന്‍കരകളെ കൂട്ടിയിണക്കലാണ്. കടല്‍പ്പാലത്തിന്റെ ഒരു ഭാഗം കരയിലേക്ക് കയറിയിട്ടുണ്ടാകുമെങ്കിലും മറ്റേ അറ്റം കടലിന്റെ വിശാലതയിലേക്കുള്ള തുറന്നുവെക്കലാണ്. ഏതോ ദേശത്തു നിന്നും വിദൂര യാത്രകളില്‍ നിന്നും കരയിലേക്കുള്ള ബന്ധമാണ് കടല്‍പ്പാലം.
തലശ്ശേരി കടല്‍പ്പാലത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്- ബ്രിട്ടീഷ് സ്വപ്നങ്ങളോളം പഴകിയതാണ് ഇവിടുത്തെ പാലം. ഒരു കാലത്ത് കപ്പലുകളും പത്തേമാരികളും ഇവിടെ ചരക്കിറക്കി തിരിച്ചു പോയിട്ടുണ്ട്, ചരക്കുകള്‍ കയറ്റി വിദൂര വിദേശ രാജ്യങ്ങളില്‍ സുഗന്ധം പരത്തിയിട്ടുണ്ട്.
കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്, കടല്‍പ്പാലത്തിനു മുകളില്‍ ക്രെയിനുകള്‍ ഉണ്ടായിരുന്നു- കപ്പലുകളില്‍ നിന്നും ചരക്കിറക്കാനുള്ള ക്രയിനുകള്‍. പാലത്തിനു മുകളില്‍ റയിലുകളുണ്ടായിരുന്നു. കപ്പലില്‍ നിന്നും ഇറക്കുന്ന ചരക്കുകള്‍ റയില്‍ മാര്‍ഗ്ഗം കടപ്പുറത്തെ ഗോഡൗണുകളിലെത്തിച്ചു. 'ഗുദാ'മുകളില്‍ ശേഖരിച്ചുവെച്ചിരുന്ന സുഗന്ധ ദ്രവ്യങ്ങള്‍ റയിലുകള്‍ വഴി കടല്‍പ്പാലത്തിലെത്തിച്ച് കപ്പലുകളില്‍ കയറ്റി. കടപ്പുറത്തെ വിശാലമായ പൂഴിക്കപ്പുറം റോഡുകളും റയിലുകളും കെട്ടുപിണഞ്ഞു കിടന്ന കാലമുണ്ടായിരുന്നു. ആ റയിലും, ആ ക്രയിനും ആരൊക്കെയോ ചേര്‍ന്ന് തൂക്കിവിറ്റുവോ? തലശ്ശേരിയിലെ പുതിയ തലമുറകള്‍ക്ക് അതൊന്നും അറിയില്ല.
തലശ്ശേരി തുറമുഖത്ത് അവസാനമായി ചരക്കു കപ്പല്‍ എത്തിയത് 1972ലാണെന്ന് പറയപ്പെടുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രമുഖ തുറമുഖ നഗരമായിരുന്നു തലശ്ശേരി. ദിവസേന 14 കപ്പലുകളോളം തുറമുഖത്ത് നങ്കൂരമിട്ടിരുന്നത്രെ. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ തുത്തുക്കുടി ഉപ്പ് മുതല്‍ ഇള്‍മ അരി വരെയുള്ള ചരക്കുകള്‍ തലശ്ശേരി തുറമുഖത്തു നിന്നും കയറ്റിപ്പോയിട്ടുണ്ട്. നീലഗിരിയില്‍ നിന്നും കുടകില്‍ നിന്നും ഉള്‍പ്പെടെയുള്ള കുരുമുളകും കാപ്പിയും സുഗന്ധദ്രവ്യങ്ങളുമെല്ലാം കടല്‍ കടന്നത് ഈ പാലം വഴിയാണ്. വലിയ കപ്പലുകള്‍ക്ക് അടുക്കാനുള്ള ആഴം തലശ്ശേരി കടലിന് ഇല്ലാതിരുന്നിട്ടും ചെറിയ കപ്പലുകളും ബോട്ടുകളും വഴി ചരക്കിറക്കി പ്രതാപ കാലത്ത് ഈ നഗരം.
കടലിലേക്ക് തള്ളി നില്‍ക്കുന്ന പാലത്തിന്റെ ലോഹനിര്‍മ്മിത ഭാഗങ്ങള്‍ ദ്രവിച്ചതോടെ സന്ദര്‍ശകരെ വിലക്കിയിരുന്നു. പക്ഷേ, ചരിത്ര കൗതുകത്തെ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ലല്ലോ. അറബിക്കടലിലേക്കുള്ള പാലം എത്രപേരെയാണ് ആകര്‍ഷിക്കാറുള്ളത്. കടലിനു മുകളിലെ പാലത്തിലൂടെ ഒരു നടത്തം. പിന്നെ, പെട്ടെന്ന് പാലം അവസാനിക്കുന്നിടത്ത് കടല്‍ ശൗര്യത്തോടെ ഗര്‍ജ്ജിക്കുന്നുണ്ടാകും.
ചില പാലങ്ങള്‍ അങ്ങനെയാണ്, ഇരുകരകളെ തമ്മില്‍ ബന്ധിപ്പിക്കാനില്ലെങ്കിലും ലോകത്തെ മുഴുവന്‍ തന്നിലേക്ക് വിളിച്ചു വരുത്തും. ശ്രദ്ധിക്കപ്പെടുന്ന ചിലരുടെ ജീവിതങ്ങള്‍ പോലെ.


ചിത്രങ്ങള്‍: ദുല്‍കിഫില്‍ മുസ്തഫ

Friday, March 19, 2010

ചൂരിദാറുകള്‍ കഥ പറയുന്നു

നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്കും അലീഗഢിലേക്കും ദല്‍ഹിയിലേക്കുമൊക്കെ യാത്ര നടത്തിയത്. താജ്മഹലും അലീഗഢ് മുസ്‌ലിം സര്‍വ്വകലാശയും ചെങ്കോട്ടയും ചാന്ദ്‌നിചൗക്കും പാര്‍ലമെന്റ് മന്ദിരവും പോലെ പെട്ടെന്ന് ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ആ യാത്രയില്‍. ഉത്തരേന്ത്യയിലെ വനിതകളുടെ വേഷമായിരുന്നു അന്ന് പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം.
കേരളത്തില്‍ ചൂരിദാറിനെ കുറിച്ച് അറിയുന്നതിനും എത്രയോ മുമ്പുതന്നെ (ഒരുപക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ) ഉത്തരേന്ത്യയില്‍ ചൂരീദാറും അതിന്റെ മറ്റൊരു രൂപമായ സല്‍വാറും കമ്മീസുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഗളന്മാരില്‍ നിന്നും പത്താന്‍കാരില്‍നിന്നുമൊക്കെയാണ് ഉത്തരേന്ത്യയില്‍ സല്‍വാറും കമ്മീസും വ്യാപിച്ചിട്ടുണ്ടാവുക. അവരായിരുന്നല്ലോ നൂറ്റാണ്ടുകളോളം ദല്‍ഹി സുല്‍ത്താനേറ്റിന്റെ അധിപന്മാര്‍.
കേരളീയ വേഷമെന്ന് പറയുന്ന സാരിയേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചൂരിദാറെന്ന് അഭിപ്രായപ്പെടുന്നവര്‍ തീര്‍ച്ചയായും പുരുഷന്മാരല്ല; സ്ത്രീകള്‍ തന്നെയാണ്. എടുത്തണിയാന്‍ മാത്രമല്ല, ഉപയോഗിക്കാനും യാത്രയ്ക്കും ജോലിക്കും എന്നുവേണ്ട, എല്ലാ കാര്യങ്ങള്‍ക്കും സാരിയേക്കാള്‍ എളുപ്പമാണ് ചൂരിദാര്‍. സാരിയുടെ 'ശരീരം കാണല്‍' ബുദ്ധിമുട്ടും ചൂരീദാറിനില്ല. ഇതുകൊണ്ടൊക്കെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചൂരീദാര്‍ ഏറെ ഇഷ്ടപ്പെട്ട വേഷമായി. സാരിയെപ്പോലെ വന്‍വിലയില്ല എന്നതും ചൂരീദാറിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാകും.
വേഷം ജനകീയമായതോടെ മാറി മാറി വരുന്ന ഫാഷനുകള്‍ എളുപ്പത്തില്‍ പരീക്ഷണം നടന്നതും ചൂരീദാറില്‍ തന്നെയായിരുന്നു. ഇറക്കം കൂട്ടിയും ഇറക്കം കുറച്ചും ടോപ്പിന്റെ ഇരുവശങ്ങളിലേയും സ്ലിറ്റുകളുടെ നീളത്തില്‍ വ്യത്യാസം വരുത്തിയും ടോപ്പിലും ബോട്ടത്തിലും ഡിസൈനുകളിലും രീതികളിലും എന്തൊക്കെ അവതരിപ്പിക്കാമോ അതെല്ലാം ചെയ്തും ഫാഷനുകളില്‍ നിന്നും ഫാഷനുകളിലേക്ക് യാത്ര ചെയ്തു ഈ വസ്ത്രം.
ആഗ്രയിലേക്ക് തിരിച്ചെത്താം. അക്കാലത്ത് അവിടെ കണ്ട സ്ത്രീകളില്‍ ഭൂരിപക്ഷവും (അതില്‍ പ്രായഭേദമുണ്ടായിരുന്നില്ല) ചൂരിദാര്‍ ധാരികളായിരുന്നു. അവര്‍ അണിഞ്ഞിരുന്ന വേഷത്തിന് ഉപയോഗിച്ച തുണിയാകട്ടെ ഏറെ നേരിയതുമായിരുന്നു. ശരീരം മറക്കാനുള്ളതാണ് വസ്ത്രം എന്ന സങ്കല്‍പ്പം അവിടെ തെറ്റിയതായി തോന്നി. അപ്പോഴും മനസ്സില്‍ തോന്നിയ ഒരു കാര്യമുണ്ടായിരുന്നു. കേരളത്തില്‍ ഇതേ തരത്തിലുള്ള തുണിയും ചൂരീദാറും എത്തില്ല. മലയാളി പെണ്‍കുട്ടികള്‍ ഇങ്ങനെ വേഷം ധരിക്കാന്‍ ഇഷ്ടപ്പെടില്ല. അതുകൊണ്ട് കേരളം ഇതിന്റെ കമ്പോളമാകില്ല.
ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ ഏറെ കഴിയേണ്ടി വന്നില്ല. അന്ന് ആഗ്രയിലും അലീഗഢിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കണ്ട അതേ വേഷങ്ങള്‍ കേരളത്തിലുമെത്തി. കാറ്റിനേക്കാള്‍ വേഗത്തിലാണ് ഫാഷന്‍ പാറിപ്പറക്കുന്നത്!
നേരിയ തുണി (ചില തുണികള്‍ക്ക് ലൈനിംഗ് വെച്ചാല്‍ പോലും നേര്‍മയുടെ അംശത്തിന് മാറ്റമുണ്ടാകില്ല), ടോപ്പും ബോട്ടവും എത്രയൊക്കെ പ്രദര്‍ശനപരമാക്കാമോ അത്രയും മനോഹരമാക്കുക തുടങ്ങി അന്നത്തെ ഉത്തരേന്ത്യ ഇപ്പോള്‍ കേരളത്തിലേക്ക് മാറിയതുപോലുണ്ട്. ആകെയുള്ള ഒരു വ്യത്യാസം ഇവിടെ എല്ലാ പ്രായക്കാരും ഈ വേഷം അണിഞ്ഞു തുടങ്ങിയിട്ടില്ല എന്നതുമാത്രം.

ചൂരിദാര്‍ കടന്നു വരുന്ന വഴികള്‍

ഇന്ത്യയില്‍ ചൂരിദാര്‍ തുണികള്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഗുജറാത്തിലാണ്. ഗുജറാത്തിലെ സൂറത്താണ് തുണി ഉത്പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ പെണ്‍കുട്ടികള്‍ അണിയുന്ന വേഷം ഏതുവിധത്തിലുള്ളതായിരിക്കണമെന്ന് തീരുമാനിക്കുന്നത് സൂറത്തിലാണെന്ന് സാരം. എങ്കില്‍ മലയാളിപ്പെണ്‍കുട്ടികളേ, നിങ്ങളുടെ ചൂരിദാറിനെ കുറിച്ച് ഏതാനും വിവരങ്ങള്‍ അറിയുക!
ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന ചൂരിദാര്‍ മെറ്റീരിയലുകളുടെ ലക്ഷക്കണക്കിന് മീറ്റര്‍ തുണികള്‍ നേരെയെത്തുന്നത് മുംബൈയിലേയും അഹമ്മദാബാദിലേയും മൊത്തവിതരണക്കാരുടെ ഗോഡൗണുകളിലേക്കാണ്. കോടക്കണക്കിന് മീറ്റര്‍ തുണി ഉത്പാദിപ്പിച്ച് കമ്പനി ഗോഡൗണിലും മൊത്തവിതരണക്കാരുടെ ഗോഡൗണുകളിലും സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. ഇവയാണ് കേരളത്തിലേത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഹോള്‍സെയില്‍ വ്യപാരികള്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും വാങ്ങുന്നത്.
കേരളത്തിലെ മൊത്ത വിതരണക്കാരന്റെ കടയിലെത്തുന്ന മെറ്റീരിയല്‍ പിന്നീട് സാധാരണ തുണിക്കടക്കാര്‍ വാങ്ങുന്നു. ഇവരില്‍ നിന്നാണ് നമ്മള്‍ ഓരോരുത്തരും നമ്മുടെ ഇഷ്ടത്തിനും അഭിരുചിക്കും പേഴ്‌സിനും അനുയോജ്യമായ തുണി തെരഞ്ഞെടുക്കുന്നത്. അവ പിന്നീട് തയ്യല്‍ക്കാരന്റെ/ തയ്യല്‍ക്കാരിയടെ കൈകളിലൂടെ ചൂരീദാറിന്റെ രൂപംപൂണ്ട് കേരളീയ വനിതകളുടെ ദേഹത്തെത്തുന്നു.

വിപണിയിലെത്തുന്ന മെറ്റീരിയലുകള്‍
കോടിക്കണക്കിന് മീറ്ററുകളാണ് പുതിയ മെറ്റീരിയലിന്റെ ഉത്പാദനം നടക്കുക. ആദ്യഘട്ടത്തില്‍ ഗുണമേന്മയുള്ള നൂലും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ചാണ് മെറ്റീരിയല്‍ നിര്‍മ്മിക്കുക. ഇതിന് വിപണിയില്‍ നിന്നും ഉത്പാദകര്‍ ഈടാക്കുന്ന വില ഉത്പാദന ചെലവിന്റെ മൂന്നോ നാലോ ഇരട്ടിയാണ്. വിപണിയില്‍ ആയിരത്തോളം രൂപയ്ക്ക് ലഭിക്കുന്ന ചൂരിദാര്‍ മെറ്റീരിയലിന് നൂറോ ഇരുന്നൂറോ രൂപയായിരിക്കും ഉത്പാദന ചെലവ്. ഏതെങ്കിലും ഒരു കമ്പനി പുറത്തിറക്കി വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ടാകുന്ന ചൂരിദാര്‍ തരങ്ങള്‍ മറ്റു കമ്പനികളും ഇറക്കാന്‍ തുടങ്ങുന്നതോടെ മത്സരം മുറുകുകയായി. അതോടെ വില കുറക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകും. ഉത്പന്നത്തിന്റെ വില കുറയുന്നതോടെ ഗുണമേന്മയിലും മാറ്റമുണ്ടാക്കാനാണ് കമ്പനികള്‍ ശ്രമിക്കുക. അതോടെ ഗുണമേന്മയുള്ള കോട്ടണ്‍ നൂലിന് പകരം കൂടുതല്‍ പോളിസ്റ്റര്‍ ഉപയോഗിച്ചായിരിക്കും ഉത്പാദനം നടത്തുക. അതോടെ ഉത്പാദന ചെലവ് കുറയുന്നു; അതിന് അനുസരിച്ച് വില്‍പ്പന വിലയിലും വന്‍ കുറവുണ്ടാകുന്നു.
ഉത്പാദനം കൂടുതലാവുമ്പോള്‍ ആദ്യം ഉത്പാദിപ്പിച്ചവ കുറഞ്ഞ വിലയില്‍ വിറ്റഴിക്കാന്‍ ഉത്പാദകര്‍ നിര്‍ബന്ധിതരാകുന്നതും മറ്റൊരു അവസ്ഥയാണ്. ആദ്യത്തെ ഉത്പന്നങ്ങള്‍ക്ക് ലാഭത്തിന്റേയും മൂന്നോ നാലോ ഇരട്ടി അധികം തുക ലഭിച്ചതിനാല്‍ പിന്നീട് വില്‍ക്കുന്നവയ്ക്ക് ഉത്പാദന ചെലവിലും കുറഞ്ഞാലും അവരെ ബാധിക്കുകയില്ല. അങ്ങനെയും വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് തുണി എത്താററുണ്ട്.
ഗുജറാത്ത് മേളകളാണ് വില കുറഞ്ഞ ചൂരിദാറുകളുടെ പ്രധാന വിപണന കേന്ദ്രങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലെത്തുന്ന വ്യാപാരികള്‍ സംസ്ഥാനത്തെ ഓരോ നഗരത്തലും കടകള്‍ വാടകയ്‌ക്കെടുത്ത് മാസങ്ങളോളം തമ്പടിച്ചാണ് ചൂരിദാറുകളും ഉത്തരേന്ത്യന്‍ സാരികളും വില്‍പന നടത്തുന്നത്. കുറഞ്ഞ വിലയില്‍ ചൂരിദാര്‍ മെറ്റീരിയല്‍ ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത. നൂറു രൂപയ്ക്കും ഇരുന്നൂറു രൂപയ്ക്കും ലഭിക്കുന്ന ചൂരിദാര്‍ മെറ്റീരിയലുകള്‍ വിദ്യാര്‍ഥിനികളുടേയും ജോലിക്ക് പോകുന്ന യുവതികളുടേയും ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത്തരം ഉത്തരേന്ത്യന്‍ വ്യാപാരികള്‍ ഇഷ്ടപ്പെടുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്.
പ്ലസ് ടുവിന് ശേഷം കേരളത്തിലെ പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ഒന്നുകില്‍ പഠനത്തിനോ അല്ലെങ്കിലും ജോലിക്കോ പോകുന്നവരായിരിക്കും. ഇവര്‍ തന്നെയാണ് ചൂരിദാര്‍ മെറ്റീരിയലുകളുടെ പ്രധാന ഉപഭോക്താക്കളും. കോളെജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണെങ്കില്‍ കുറഞ്ഞ വിലയില്‍ തരാതരം വസ്ത്രം ലഭിക്കുന്നതിനാല്‍ കൂടുതല്‍ വേഷങ്ങള്‍ക്ക് ഗുജറാത്തിമേളകളെ ആശ്രയിക്കും. ജോലിക്ക് പോകുന്ന പെണ്‍കുട്ടികളോ യുവതികളോ ആണെങ്കില്‍ തുച്ഛമായ തുകയാണെങ്കിലും ശമ്പളം കിട്ടുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് ഒരു ചൂരീദാര്‍ എടുക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ള വ്യാപാരികള്‍ക്ക് കൊയ്ത്താണ് കേരളീയ നഗരങ്ങള്‍.
ആദ്യഘട്ടത്തില്‍ തന്നെ മുഴുവന്‍ ഉത്പാദനത്തിന്റേയും ഉത്പാദന ചെലവും ലാഭവും ലഭിക്കുന്നതിനാല്‍ ഉത്പാദകര്‍ക്ക് പിന്നീട് എത്ര വില കുറച്ച് വിറ്റഴിച്ചാലും നഷ്ടം സംഭവിക്കുന്നേയില്ല. മാത്രമല്ല, ഗുണമേന്മ കുറഞ്ഞ തുണി ലക്ഷക്കണക്കിന് മീറ്ററുകള്‍ ഒന്നിച്ച് വില്‍ക്കാനാവുമ്പോള്‍ അവര്‍ക്ക് പിന്നീട് ഒന്നും നോക്കാനില്ല. കമ്പനികളില്‍ നിന്നും നേരിട്ട് ഉത്പന്നങ്ങള്‍ ഏറ്റെടുക്കാനെത്തുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ അവ വിറ്റഴിക്കുന്നു.

ചിത്രങ്ങള്‍: ദുല്‍കിഫില്‍ മുസ്തഫ

Thursday, March 18, 2010

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്നവര്‍

തടിയന്റവിട നസീറും ഷഫാസും സൂഫിയാ മഅ്ദനിയും ലവ് ജിഹാദുമൊക്കെ തത്കാലം വിസ്മൃതിയിലേക്ക് മറഞ്ഞു. ഇനിയെന്തുതരം വാര്‍ത്തകളാണ് പ്രധാന വാര്‍ത്തകളും ന്യൂസ് അവറുകളുമാക്കി അവതരിപ്പിക്കുകയെന്ന വേവലാതിയായിരിക്കണം ഡസ്‌കുകളിലെ സീനിയര്‍ മോസ്റ്റുകളെ ആശങ്കപ്പെടുത്തുന്നുണ്ടാവുക. ലാവലിനും പിണറായി വിജയനും മുത്തൂറ്റ് പോള്‍ വധവും എസ് കത്തിയുമൊക്കെ കത്തിപ്പടര്‍ന്ന് തീര്‍ന്നപ്പോഴാണ് ലവ് ജിഹാദും അതിനു പിറകെ തടിയന്റവിട നസീറുമൊക്കെ ഭാഗ്യം പോലെ കയറി വന്നത്. നസീറിനേയും ഷഫാസിനേയുമൊക്കെ തെളിവെടുപ്പ് നടത്താനായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന രണ്ടുനാളുകളായിരുന്നു ദൃശ്യമാധ്യമങ്ങളിലെ 'എക്‌സ്‌ക്ലൂസീവ്' ജേണലിസ്റ്റുകള്‍ക്ക് പാപ്പരാസിപ്പണിയെടുക്കാന്‍ വീണുകിട്ടിയത്. രാത്രിയും പകലുമില്ലാതെ കര്‍ണാടക അന്വേഷണ സംഘത്തിനു പിറകെ നടന്ന് അവരെ പരമാവധി അലോസരപ്പെടുത്തി, അന്വേഷണത്തിന് പോലും സാധിക്കാത്തവിധത്തില്‍ പെരുമാറാന്‍ കേരളത്തിലെ 'ഉന്നതകുല ജാതരായ' ജേണലിസ്റ്റുകള്‍ക്ക് സാധിച്ചു. തങ്ങള്‍ പറയുന്നതാണ് ശരി, തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതി വിടുവായത്തം വിളമ്പുന്ന ചാനല്‍ ജേണലിസ്റ്റുകളിലെ ഭൂരിപക്ഷത്തിന് ഭാവനാ സമൃദ്ധമായി എത്ര കഥകളാണ് മെനയാന്‍ കഴിഞ്ഞത്. അവയിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന് ഒരു കാഴ്ചക്കാരനും അന്വേഷിക്കില്ലെന്ന് അവര്‍ക്കെല്ലാം നന്നായി അറിയാമല്ലോ. അതുതന്നെ അവരുടെ ധൈര്യവും.
തീവ്രവാദി അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മാധ്യമങ്ങള്‍ പരമാവധി സഹകരിച്ചുവെന്നും കേരളത്തിലെ മാധ്യമങ്ങളും സഹകരിക്കണമെന്നുമായിരുന്നു കര്‍ണാടക പൊലീസ് ഇവിടെ എത്തിയയുടന്‍ മാധ്യമ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചത്. തടിയന്റവിട നസീറിന്റേയും ഷഫാസിന്റേയും മുഖം മാധ്യമങ്ങള്‍ക്കു മുമ്പിലും ആളുകള്‍ക്ക് മുമ്പിലും തുറന്നുകാണിക്കാന്‍ കര്‍ണാടക പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല, അവരുടെ പഴയ ചിത്രങ്ങള്‍ പോലും പ്രസിദ്ധീകരിക്കരുതെന്ന അഭ്യര്‍ഥനയാണ് അന്വേഷണ സംഘം മുന്നോട്ട് വെച്ചത്. പക്ഷേ, കേരളത്തിലെ 'സൂപ്പര്‍' ജേണലിസ്റ്റുകള്‍ക്കുണ്ടോ അതിനൊക്കെ വല്ല നിലയും വിലയും. മാധ്യമ സ്വാതന്ത്ര്യമെന്ന പേരില്‍ വ്യക്തികളെ തേജോവധം ചെയ്യാന്‍ പോലും മടികാണിക്കാത്ത ദൃശ്യമാധ്യമങ്ങള്‍ അന്വേഷകര്‍ക്കു പിറകെയായിരുന്നു രണ്ടുനാള്‍.
തീവ്രവാദി കേസുമായി ബന്ധപ്പെട്ട് ആരുടെ പേര് പുറത്തു വന്നാലും ഉടനെ ന്യായവും അന്യായവുമൊന്നുമില്ലാതെ അവനെ തീവ്രവാദിയാക്കുകയായി മാധ്യമങ്ങള്‍. ലൈവ് നല്കുന്ന ചാനല്‍ സുന്ദരന്മാര്‍ (എന്തോ അതില്‍ സുന്ദരികളെ കണ്ടില്ല, അവിടേയും പുരുഷാധിപത്യം തന്നെ!) പറയുന്ന കഥയിലാണ് പ്രതികളുടെ മുഴുവന്‍ കുറ്റങ്ങളും ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നത്. ചോദ്യം ചെയ്യലും വിചാരണ നടത്തലും ശിക്ഷ വിധിക്കലുമെല്ലാം 'മൊഞ്ചന്‍മാരുടെ പട' തന്നെ നിര്‍വഹിച്ചു. അതുകൊണ്ട് പൊലീസിനും കോടതിക്കും ജോലികള്‍ എളുപ്പമായി. ഇവരെല്ലാം ചേര്‍ന്ന് പറഞ്ഞ കഥകളും ചാനലുകളുടെ ഇന്ത്യന്‍ ശിക്ഷാ നിയമവും ഉപയോഗിച്ച് ഇനി ജയിലുകളിലേക്കോ തൂക്കുമരത്തിലേക്കോ പ്രതികളെ അയക്കേണ്ടുന്ന ബാധ്യത മാത്രമല്ലേ ഉള്ളു. ശമ്പളം നല്കുന്നത് മാധ്യമങ്ങളാണെങ്കിലും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയ്ക്കും നിയമപാലകര്‍ക്കുമൊക്കെ എത്രമാത്രം സഹായകരമായ പ്രവര്‍ത്തനങ്ങളാണ് ഈ യുവകോമളന്മാര്‍ നടത്തുന്നത്.
ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതെന്ന പേരില്‍ എത്രമാത്രം റിപ്പോര്‍ട്ടുകളാണ് ഇവരൊക്കെ പുറത്തുവിട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നത് പൊലീസുകാര്‍ ചാനലുകള്‍ക്ക് മുമ്പില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ വിളമ്പുമെന്ന് കാഴ്ചക്കാര്‍ വിശ്വസിക്കുമെന്ന് ഇവര്‍ക്കെല്ലാം നല്ലപോലെ അറിയാം. അങ്ങനെയാണെങ്കില്‍ അന്വേഷണ സംഘത്തിലെ ആരാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നുകൂടി ഈ ചാനലുകള്‍ പുറത്തു പറയട്ടെ. അയ്യോ, ക്ഷമിക്കണം, വാര്‍ത്തയുടെ സോഴ്‌സ് വെളിപ്പെടുത്തേണ്ടതില്ലെന്നത് ജേണലിസത്തിലെ ഒരു സുപ്രധാന വിവരമാണല്ലോ. അതുപ്രകാരം ആരുപറഞ്ഞുവെന്ന് ഒരുത്തനോടും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങള്‍ പറയുന്നതാണ് സത്യം, ഞങ്ങള്‍ പറയുന്നതാണ് ന്യായം, ഞങ്ങള്‍ പറയുന്നതാണ് ശരി- ആയ്‌ക്കോട്ടെ. അങ്ങനെയെങ്കില്‍ ചാനല്‍ സഖാവേ, എങ്ങനെകിട്ടി മലയാളത്തിലെ കാക്കത്തൊള്ളായിരം ചാനലുകാര്‍ക്ക് ഒരേ സംഭവത്തെ കുറിച്ച് പൂഴിത്തൊള്ളായിരം കഥകള്‍!
ലവ് ജിഹാദും മതംമാറ്റവുമൊക്കെ പാടി നടന്ന കാലത്തും മതം മാറിയ 'നാലായിരത്തോളം' യുവതികളുടെ 'കൊട്ടക്കണക്ക്' പറയുന്നതല്ലാതെ, അവര്‍ ആരെല്ലാമാണെന്നും എവിടുത്തുകാരാണെന്നും വെളിപ്പെടുത്താത്തതെന്ത്? നാലായിരമെന്ന 'കൃത്യം കണക്കിന്' അത്രയും പേരുകളും നാടുകളുമുണ്ടാകുമല്ലോ. കോഴിക്കോട്ടെ തര്‍ബിയത്തിലേക്കും പൊന്നാനിയിലെ മഊനത്തില്‍ ഉലൂമിലേക്കും മാര്‍ച്ച് നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ മതം മാറിയ പെണ്‍കുട്ടികളുടെ പട്ടിക കൂടി പ്രസിദ്ധീകരിക്കാമായിരുന്നല്ലോ. വാര്‍ത്തകള്‍ക്കും വിശകലനത്തിനും വേണ്ടി എത്രയോ സമയം ചാനലുകള്‍ ചെലവഴിക്കുന്നുണ്ടല്ലോ. പത്രങ്ങള്‍ മഷിയും കടലാസും ഉപയോഗിക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ മതം മാറിയ പെണ്‍കുട്ടികളുടെ കണക്ക് പുറത്തു വരട്ടെ. അത് ഒരു ഭാഗത്തേക്ക് മാത്രമാകേണ്ട, ഏതു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് മാറിയ മുഴുവന്‍ പേരുടേതുമാകട്ടെ. എന്നിട്ടു നോക്കാം ലവിന്റേത് ജിഹാദാണോ അല്ലെങ്കില്‍ കുരിശിലോ ശൂലത്തിലോ തറച്ച രക്തസാക്ഷിത്വങ്ങളാണോ എന്ന്.
തീവ്രവാദവും ഭീകരവാദവും പ്രചരിപ്പിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങള്‍ എത്രവേണമെങ്കിലും ആര്‍ക്കുവേണമെങ്കിലും തപ്പിയെടുക്കാവുന്നതേയുള്ളു. വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ അച്ചടി- ദൃശ്യ മാധ്യമങ്ങളേക്കാള്‍ ഇപ്പോള്‍ സൗകര്യം ഇന്റര്‍നെറ്റിലൂടെയാണെന്ന് ഐ ടി യുഗത്തിലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കംപ്യൂട്ടറിനും ഇന്റര്‍നെറ്റിനും മുമ്പില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്ന യുവത്വം ചാറ്റിംഗിന്റേയോ ഓര്‍ക്കുട്ടിന്റേയോ ഫേസ്ബുക്കിന്റേയോ ബ്ലോഗിന്റേയുമൊക്കെ ഗ്യാപില്‍ ഏതെങ്കിലുമൊക്കെ സൈറ്റുകള്‍ പരതിക്കൊണ്ടിരിക്കും. എന്തിന്, ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലൂടെയുള്ള മൗസ് ക്ലിക്കുകള്‍ മതിയല്ലോ ഏതൊരു 'തീവ്രവികാരി'യുടേയും അടുത്തേക്കെത്താന്‍. ഇന്റര്‍നെറ്റിലെ സൈറ്റില്‍ വലിയ തോതില്‍ ക്ലിക്കുകള്‍ പ്രത്യക്ഷപ്പെടുന്നില്ലെന്ന് തോന്നിയാല്‍ തങ്ങളോട് അനുഭാവമുള്ള ഏതെങ്കിലും പത്രക്കാരന്റേയോ ചാനലുകാരന്റേയോ ബന്ധം ഉപയോഗപ്പെടുത്തിയാല്‍ മാത്രം മതി. വാര്‍ത്തക്കിടയില്‍ തങ്ങളുടെ വിലാസം ചേര്‍ത്താല്‍ മാത്രം മതി, ക്ലിക്കുകളുടെ എണ്ണം വര്‍ധിക്കും, പരസ്യ റേറ്റിംഗ് കൂടും.
ഒരു നുണ ഒരായിരം പേര്‍ പറഞ്ഞാല്‍ അത് സത്യമാകുമെന്നാണ് ഗീബല്‍സ് എന്ന പഴയ ഫാസിസ്റ്റിന്റെ സിദ്ധാന്തം. എന്നാല്‍ ഒരു നുണ ഒരു സെക്കന്റ് നേരം ഏതെങ്കിലുമൊരു ചാനലിലോ പത്രത്തിലോ വന്നാല്‍ അത് പൂര്‍ണ സത്യമല്ല, ഇരട്ട സത്യമാകുമെന്ന് പുതിയ ഫാസിസ്റ്റുകള്‍ക്ക് അറിയാം. അതുകൊണ്ടാണല്ലോ അവര്‍ പത്രങ്ങളേയും ചാനലുകളേയും കൂട്ടുപിടിക്കുന്നത്. തങ്ങളുടെ സ്വന്തം പത്രത്തില്‍ എഴുതിയാല്‍ പൊതുജനങ്ങള്‍ കാണില്ലെന്നും, പാര്‍ട്ടിക്കാരുടെ മാത്രം കൈകളിലെത്തുന്ന പത്രം അവര്‍ പോലും വായിക്കാത്തതിനാല്‍ ലോകം വിവരങ്ങള്‍ അറിയില്ലെന്നും തിരിച്ചറിഞ്ഞിട്ടുള്ള നവ ഫാസിസ്റ്റുകള്‍ക്ക് തങ്ങള്‍ക്ക് അനുകൂലമായി തൂലിക ചലിപ്പിക്കാന്‍ കഴിയുന്ന 'മതേതരത്വ മുഖ'മുള്ള പത്രങ്ങളേയും ചാനലുകളേയും കൂട്ടുപിടിക്കുന്നതും പുതിയ സംഭവമല്ല. മാത്രമല്ല, അത്തരം മതേതര പത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് വിശ്വാസ്യത പത്തിരട്ടിയുണ്ടെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്.
കുറ്റക്കാരെ കണ്ടെത്താനും ശിക്ഷ വിധിക്കാനും വ്യഗ്രത കാണിക്കാറുള്ള ഈ തരം മാധ്യമങ്ങളൊന്നും സത്യങ്ങള്‍ കണ്ടാല്‍ കണ്ട ഭാവം നടിക്കാറില്ലെന്നും മറ്റൊരു സത്യം. മഞ്ചേരിയിലെ വാടക ക്വാട്ടേഴ്‌സിനു മുകളില്‍ അര്‍ധരാത്രി സൂര്യനുദിച്ചപ്പോള്‍ ഓരോ സെക്കന്റിലും എക്‌സ്‌ക്ലൂസീവ് തേടുന്ന ചാനല്‍ പ്രവര്‍ത്തകരാരും അത് കണ്ടതേയില്ല. വാര്‍ത്ത കൊടുത്തില്ലെങ്കില്‍ ജനരോഷം തങ്ങള്‍ക്കെതിരാവുമെന്ന് തോന്നിയ പിറ്റേ ദിവസം മാത്രമാണ് അവയെ കുറിച്ച് പ്രതികരിക്കാന്‍ ഇവരെല്ലാം തയ്യാറായത്. മാത്രമല്ല, സൂര്യനുദിച്ചപ്പോള്‍ തുണിയുരിഞ്ഞു പോയ നേതാവിന് തന്റെ ഭാഗം വിശദീകരിക്കാന്‍ ഒരായിരം അവസരങ്ങള്‍ നല്കാനും ഈ ചാനലുകളായ ചാനലുകളെല്ലാം മത്സരിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തന ധാര്‍മ്മികത പ്രകാരം അത് ചെയ്യേണ്ടതുണ്ട്. അതിനാല്‍ അങ്ങനെ ചെയ്ത പത്രങ്ങളേയും ചാനലുകളേയും ശ്ലാഘിക്കാതെ വയ്യ. പക്ഷേ, അത് തൊലിക്കട്ടി കൂടുതലുള്ളവര്‍ക്ക് മാത്രം അനുവദിച്ചാല്‍ പോരല്ലോ, സമൂഹത്തില്‍ പിന്നേയും കുറേ പേരുണ്ടല്ലോ. ഇല്ലാത്ത ആരോപണങ്ങളുടേയും ചെയ്യാത്ത തെറ്റിന്റേയുമൊക്കെ പേരില്‍ ശിക്ഷിക്കപ്പെട്ട എത്രയോ ഉന്നതര്‍തന്നെ സമൂഹത്തിലുണ്ട്. അവര്‍ക്കും ചിലതൊക്കെ പറയാനുണ്ടാവും. അത്തരക്കാര്‍ക്കും അവസരം നല്‌കേണ്ടതല്ലേ എന്നത് സാമാന്യമായ ചോദ്യം മാത്രമാണ്.
ലോകത്തുള്ള എല്ലാ 'നെഗറ്റീവ് സ്റ്റോറി'കളും വെച്ചുവിളമ്പുമ്പോള്‍ അല്‍പമെങ്കിലും പോസിറ്റീവ് കാണിക്കാനും ഇവരെല്ലാം മുതിരേണ്ടതുണ്ട്. നെഗറ്റീവ് എനര്‍ജി നിറച്ച് നിറച്ച് പൊട്ടിത്തെറിപ്പിക്കുന്നതിനേക്കാള്‍ നല്ലത് പോസിറ്റീവ് എനര്‍ജി കൂടി നല്കി സമൂഹത്തെ കൂടുതല്‍ ദൂരത്തിലും കൂടുതല്‍ ഉയരത്തിലും കൂടുതല്‍ വേഗത്തിലും മുമ്പോട്ടേക്ക് നയിക്കുന്നതല്ലേ.
ആദ്യത്തെ ആവേശത്തിന് വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ചാനലുകാരന്‍ അത് തെറ്റാണെന്ന് തോന്നിയാല്‍ പ്രേക്ഷകനോട് ക്ഷമ പറയാനുള്ള ധാര്‍മ്മിക ബാധ്യത കൂടി കാണിക്കണം. അങ്ങനെയാണെങ്കില്‍ ക്ഷമ പറയാന്‍ വേണ്ടി മാത്രം ഒരു സ്‌പോണ്‍സേര്‍ഡ് പരിപാടി കണ്ടുപിടിക്കേണ്ടി വരുമെന്ന ഭയമായിരിക്കും പ്രൊഡ്യൂസര്‍മാര്‍ക്ക്. 'മഞ്ഞളു പോലെ വെളുത്ത അഞ്ജനത്തെ' കുറിച്ച് വര്‍ണ്ണിക്കുന്നതിനിടയില്‍ സത്യം ഒരല്‍പം അകലെയെങ്കിലുമിരുന്ന് ഇതെല്ലാം നോക്കി ചിരിക്കുന്നുണ്ടെന്ന നേരിയ ബോധമെങ്കിലും റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും കാണിച്ചാല്‍ നന്നായിരുന്നേനേ!

Wednesday, March 17, 2010

സംഗീതം പെയ്യുന്ന വീട്

കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളെജിന് സമീപത്തെ മണപ്പാട് വീട്ടില്‍ മതവും ശാസ്ത്രവും സംഗീതവും കലയുമെല്ലാം കൈകോര്‍ത്തു പിടിച്ചാണ് കഴിയുന്നത്. ഇവിടെയാണ് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ ഭാര്യ ഷമീലയ്ക്കും മക്കളായ അബ്ദുല്‍ ഗഫൂറിനും അബ്ദുറഹ്മാനും ഹമീദ് ഫസല്‍ ഗഫൂറിനോടുമൊപ്പം താമസിക്കുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. അബ്ദുല്‍ ഗഫൂറെന്ന ആധുനിക മുസ്‌ലിം നവോഥാന നായകരില്‍ ഒരാളുടെ മകനായ ഡോ. ഫസല്‍ ഗഫൂറും മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്ന എ അബ്ദുറഹീമിന്റെ മകളായ ഷമീലയും 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' ആണ്.
ഏറെ തിരക്കുള്ള പിതാവിനെ കണ്ടു ശീലിച്ച മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളോട് എളുപ്പത്തില്‍ സമരസപ്പെടാനാകുന്നതാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിറകിലെന്ന് ഫസല്‍ ഗഫൂര്‍ അഭിമാനത്തോടെ പറയുന്നു. ഷമീല ജനിക്കുന്നതിനു മുമ്പു തന്നെ കേന്ദ്രത്തില്‍ മന്ത്രിയും ഗവര്‍ണറുമൊക്കെയായിരുന്നു പിതാവ്. അങ്ങനെയൊരു പിതാവിന്റെ മകള്‍ക്ക് ഭര്‍ത്താവിന്റെ തിരക്കുകളെ എളുപ്പത്തില്‍ തിരിച്ചറിയാനാകും.
ന്യൂറോളജിസ്റ്റ്, പൊതുപ്രവര്‍ത്തകന്‍, സംഘടനാ ഭാരവാഹി തുടങ്ങിയ നിലകളില്‍ ഏറെ തിരക്കുകളാണ് ഡോ. ഫസല്‍ ഗഫൂറിനുള്ളത്. ഡോക്ടര്‍ എന്ന നിലയില്‍ സമയവും അസമയവുമില്ല. മാത്രമല്ല, കേരളത്തിലെ പ്രാക്ടീസിനോടൊപ്പം മാസത്തില്‍ മൂന്നു ദിവസം ദുബൈയിലും പരിശോധനകള്‍. എം ഇ എസ് പ്രവര്‍ത്തനങ്ങളും യോഗങ്ങളും കൂടിക്കാഴ്ചകളും മറ്റുമായി പിന്നേയും തിരക്കുകള്‍. അതിനിടയില്‍ മുംബൈയിലും ദല്‍ഹിയിലേക്കുമൊക്കെയുള്ള യാത്രകള്‍. ഇതിനോടെല്ലാം വീട്ടില്‍ നിന്നും ലഭിക്കുന്നത് നിറഞ്ഞ പിന്തുണ മാത്രം. ഡോക്ടര്‍ വീട്ടിലില്ലാത്തപ്പോള്‍ പെരിന്തല്‍മണ്ണയില്‍ പഠിക്കുന്ന കുട്ടികളാണ് വീട്ടില്‍ ഉമ്മയ്ക്ക് കൂട്ടുണ്ടാവുക. തന്റെ തിരക്കുകളോട് ഒരിക്കല്‍ പോലും ഭാര്യ മുഷിഞ്ഞ മുഖം കാണിച്ചിട്ടില്ല.
കാല്‍ നൂറ്റാണ്ടു മുമ്പാണ് ഡോ. ഫസല്‍ ഗഫൂറും ഷമീലയുമായുള്ള വിവാഹം നടന്നത്. ജീവിതത്തില്‍ ആദ്യ കാലങ്ങളില്‍ തിരക്കുകള്‍ അധികമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഭാര്യാ സമേതാനായി നിരവധി രാഷ്ട്രങ്ങളും പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ ഫസല്‍ ഗഫൂറിന് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ പഠന കാര്യങ്ങളിലും മറ്റും ഡോ. ഫസലിന് ഒരിക്കലും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല. കുട്ടികളെ പഠിപ്പിച്ചതും എറണാകുളത്തുള്ള സ്‌കൂളില്‍ കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതുമെല്ലാം ഷമീലയായിരുന്നു. മക്കളില്‍ മത- ധാര്‍മിക ബോധങ്ങള്‍ സൃഷ്ടിച്ചെടുത്തത് അവരുടെ ഉമ്മയാണെന്ന സര്‍ട്ടിഫിക്കറ്റ് സന്തോഷത്തോടെ പതിച്ചു നല്കുന്ന ഡോക്ടര്‍. വീട്ടില്‍ ഒറ്റക്കായപ്പോഴെല്ലാം സൃഷ്ടിക്കപ്പെട്ട ഏകാന്തതകളെ കുറിച്ച് അവര്‍ ഒരിക്കലും പരാതികള്‍ പറഞ്ഞിരുന്നില്ല. മാത്രമല്ല അതിനെ മറികടക്കാന്‍ സമൂഹത്തിലെ നാനാതുറകളിലുള്ള സ്ത്രീകളുമായും സൗഹൃദങ്ങളുണ്ടാക്കുകയും അത് മികച്ച രീതിയില്‍ മുമ്പോട്ടു കൊണ്ടുപോവുകയും ചെയ്തു.
പുരുഷ മേധാവിത്വത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്ന് തുറന്നു പറയാന്‍ ഡോക്ടര്‍ക്ക് മടിയുണ്ടായിരുന്നില്ല. എന്നിട്ടും തന്റെ നിലപാടുകളോട് ഭാര്യ ഒരിക്കലും അതൃപ്തി പ്രകടിപ്പിച്ചിച്ചിരുന്നില്ല; പരാതികളും പറഞ്ഞിരുന്നില്ല. മലബാര്‍ ഭാഗത്ത് അത്രയേറെ പുരുഷ മേധാവിത്വം ദൃശ്യമല്ലെങ്കിലും മധ്യ- തെക്കന്‍ കേരളത്തില്‍ ഇത് ശക്തമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. മതകാര്യങ്ങളില്‍ അനാചാരങ്ങളോട് സന്ധിയില്ലാത്ത ഫസല്‍ ഗഫൂര്‍, ഭാര്യയുടെ യാഥാസ്ഥിതിക സുന്നി ആശയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറുമില്ല. ഇരുവരും അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുള്ള ഏക മേഖലയും മതവിഷയങ്ങള്‍ മാത്രമാണ്. തന്റെ മതകാഴ്ചപ്പാടുകളെ സലഫിയെന്നോ വഹാബിയെന്നോ ഒക്കെ വിളിക്കാമെങ്കിലും ഭാര്യ അതിനെ എതിര്‍ക്കാറില്ല; താന്‍ ഭാര്യയേയും എതിര്‍ത്തിട്ടില്ല. തന്റെ വഹാബി വിശ്വാസങ്ങള്‍ പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു.
പാചകത്തില്‍ നിപുണയായ ഷമീലയ്ക്ക് ജില്ലാ- സംസ്ഥാന തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്റീരിയര്‍ ഡിസൈനിംഗില്‍ താത്പര്യമുള്ള അവരാണ് മണപ്പാട് എന്ന പഴയ വീടിനെ പുതിയ രീതിയില്‍ ഡിസൈന്‍ ചെയ്‌തെടുത്തത്. രണ്ടു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ നടത്തി, വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിവിധ വസ്തുക്കള്‍ ശേഖരിച്ചാണ് ഷമീല വീടിന് മോടി കൂട്ടിയത്.
ഡോക്ടറുടെ വീട്ടില്‍ പതിനായിരത്തിലേറെ പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയുണ്ട്. അത് താനുണ്ടാക്കിയതാണെന്ന് പറയുമ്പോള്‍ ഡോക്ടര്‍ ഫസല്‍ ഗഫൂറിന്റെ മുഖത്ത് അഭിമാനത്തിന്റെ തിളക്കമുണ്ട്. യാത്രകളിലും മറ്റുമാണ് പുസ്തകങ്ങള്‍ ശേഖരിച്ചിരുന്നത്. പുസ്തകങ്ങള്‍ക്ക് മാത്രം ഇപ്പോള്‍ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. ഒരുപക്ഷേ കേരളത്തിലെ വലിയ സ്വകാര്യ ലൈബ്രറികളില്‍ ഒന്നായിരിക്കുമിത്. പുസ്തകങ്ങള്‍ വിഷയം തിരിച്ച് പ്രത്യേകം സൂക്ഷിച്ചിരിക്കുന്നു. മതം, ശാസ്ത്രം, സാഹിത്യം, സംഗീതം, മെഡിക്കല്‍, ക്വിസ്, കായികം തുടങ്ങി നിരവധി മേഖലകളിലെ പുസ്തകങ്ങളാണ് മനോഹരമായി അടുക്കിവെച്ചിരിക്കുന്നത്. തന്റെ പരന്ന വായന പലപ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടും ആനുകാലിക പ്രശ്‌നങ്ങളുടെ പ്രതികരണങ്ങളോടും പെട്ടെന്ന് പ്രതികരിക്കാന്‍ തനിക്ക് പ്രാപ്തി നല്കിയെന്ന് ഡോക്ടര്‍ വിശ്വസിക്കുന്നു.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ക്വിസ് മാസ്റ്റര്‍, ഏഷ്യാനെറ്റിലെ ജാക്‌പോട്ട് ലൈന്‍, കൈരളി ടി വിയിലെ ബ്രെയിന്‍ ഓഫ് കേരള തുടങ്ങിയ ക്വിസ് പരിപാടികളുടെ മാസ്റ്റര്‍ എന്നീ വേഷങ്ങളിലും മലയാളികള്‍ ഡോ. ഫസല്‍ ഗഫൂറിനെ കണ്ടിട്ടുണ്ട്.

മണപ്പാട്ട് കുടുംബത്തിന്റെ കഥ
കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് മുസ്‌ലിം നവോഥാന സംരംഭങ്ങള്‍ക്ക് മണപ്പാട് കുടുംബവുമായി ബന്ധമുണ്ട്. കൊടുങ്ങല്ലൂരിലെ ഐക്യസംഘം, തലശ്ശേരിയിലെ മുസ്‌ലിം ലീഗ് രൂപീകരണം, 1964ലെ എം ഇ എസ് രൂപീകരണം എന്നിവയാണ് അവ. മലബാറില്‍ യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പ്രവര്‍ത്തനം തുടങ്ങിയ ഐക്യസംഘത്തിലെ നേതാക്കള്‍ക്ക് മണപ്പാട് കുടുംബത്തില്‍ നിരവധി തവണ അഭയം നല്കിയിട്ടുണ്ട്. തലശ്ശേരിയില്‍ 1938ല്‍ മുസ്‌ലിം ലീഗ് രൂപീകരിച്ചപ്പോള്‍ അതില്‍ ഡോ. അബ്ദുല്‍ ഗഫൂറിന്റെ പിതാവ് മണപ്പാട് കൊച്ചുമൊയ്തീന്‍ ഹാജിയും അദ്ദേഹത്തിന്റെ സഹോദരനും ഉള്‍പ്പെട്ടിരുന്നു. 1964ല്‍ എം ഇ എസ് രൂപീകരിച്ചതാവട്ടെ ഡോ. അബ്ദുല്‍ ഗഫൂറും.
മണപ്പാട് കൊച്ചുമൊയ്തീന്‍ ഹാജി എന്ന 'സാദാ ഹാജ്യാരുടെ' വിശാലമായ കാഴ്ചപ്പാടുകളാണ് തന്റെ കുടുംബത്തിന്റെ പുരോഗമനത്തിന് കാരണമെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറയുന്നു. 13 മക്കളുണ്ടായിരുന്ന അദ്ദേഹം തന്റെ പെണ്‍മക്കള്‍ക്കെല്ലാം ഭര്‍ത്താക്കന്മാരെ കണ്ടെത്തിയത് ഉന്നത വിദ്യാഭ്യാസമുള്ളവരെയായിരുന്നു. ഐ എ എസുകാരനായ പി കെ അബ്ദുല്ല, ജില്ലാ ജഡ്ജ് ആയിരുന്ന അഷറഫ് സാഹിബ്, ചെസ്റ്റ് സ്‌പെഷ്യലിസ്റ്റായിരുന്ന ഡോ. എം എ അബ്ദുല്ല, പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ കെ അബ്ദുറഹ്മാന്‍ സാഹിബ്, കെ ജെ ഹോസ്പിറ്റല്‍ ഉടമ ഡോ. കരീം, സെന്റ് തോമസ് കോളെജിലെ പ്രഫസല്‍ അബ്ദുല്‍ ഖാദര്‍, പീഡിയാട്രീഷനായ ഡോ. ഹമീദ് എന്നിവരായിരുന്നു കൊച്ചു മൊയ്തീന്‍ ഹാജിയുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ എല്‍ എല്‍ ബി ബിരുദധാരികളായിരുന്നു. അവരിലൊരാളാണ് കേരളത്തിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജായ ഫാത്തിമ റഹ്മാന്‍. തന്റെ മൂന്ന് മക്കളെ അലീഗഡില്‍ അയച്ച് പഠിപ്പിച്ച കൊച്ചു മൊയ്തീന്‍ ഹാജി ഡോ. അബ്ദുല്‍ ഗഫൂറിനെ ഇംഗ്ലണ്ടില്‍ അയച്ചാണ് പഠിപ്പിച്ചത്. അദ്ദേഹം വിദ്യാഭ്യാസത്തിന് കൊടുത്ത പ്രാധാന്യത്തെ തുടര്‍ന്നാണ് ഇപ്പോള്‍ തങ്ങളുടെ കുടുംബത്തില്‍ ഇരുന്നൂറോളം ഡോക്ടര്‍മാരും നൂറിലേറെ എന്‍ജിനിയര്‍മാരും ഉണ്ടാകാന്‍ കാരണമെന്ന് ഡോ. ഫസല്‍ ഗഫൂറിനറിയാം.
മുസ്‌ലിം സമുദായത്തിലാണ് തങ്ങളുടെ ശക്തിയെന്ന് അറിയാവുന്ന ഡോക്ടര്‍ തന്റെ മക്കള്‍ക്കും മറ്റുള്ളവര്‍ക്കും നല്കുന്ന ഉപദേശം കേരളം വിട്ട് മറ്റെവിടേക്കും പോകരുതെന്നാണ്. കാരണം 'ഫേസ് ലെസ് നെയിം ലെസ്' ആയി മറ്റെവിടെയെങ്കിലും ഉന്നത സ്ഥാനത്ത് എത്തുന്നതിനേക്കാള്‍ നല്ലത് തങ്ങളെ തിരിച്ചറിയുന്ന സംസ്ഥാനത്ത് മികച്ച നിലയിലെത്തുകയാണ്.
സ്ത്രീധന വിരോധികളാണ് തന്റെ കുടുംബമെങ്കിലും പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് നല്‌കേണ്ടുന്ന അവകാശങ്ങള്‍ പോലും മുസ്‌ലിം കുടുംബങ്ങള്‍ വകവെച്ചു കൊടുക്കുന്നില്ലെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വത്ത് പലപ്പോഴും ലഭിക്കാറുള്ളത്. മക്കത്തായ സമ്പ്രദായത്തില്‍ സ്ത്രീധന വിരോധം പറയുകയും സ്വത്തുക്കള്‍ ആണ്‍മക്കള്‍തന്നെ കൈകാര്യം ചെയ്യുന്ന പതിവുമാണ് കണ്ടുവരുന്നത്. ഫലത്തില്‍ പിതാവിന്റെ സ്വത്തുക്കള്‍ പെണ്‍മക്കള്‍ക്ക് കിട്ടാത്ത അവസ്ഥയുണ്ടാവുകയാണ്. സ്ത്രീധനത്തെ എതിര്‍ക്കുന്നതോടൊപ്പം ഈ അവസ്ഥയ്‌ക്കെതിരേയും പ്രതികരിക്കേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നതിനോട് തീര്‍ത്തും എതിരഭിപ്രായമാണ് ഡോ. ഫസല്‍ ഗഫൂര്‍ പ്രകടിപ്പിക്കുന്നത്. വിദേശത്തെ ഏതൊരു കോളെജില്‍ ലഭിക്കുന്ന ബിരുദത്തിന് തുല്യമായ പഠനം കേരളത്തില്‍ ഇപ്പോള്‍ കിട്ടാനുണ്ട്. അതുകൊണ്ട് മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ല. മാത്രമല്ല, മതവും സംസ്‌ക്കാരവുമൊക്കെ വ്യത്യസ്തമായ ഒരു രാജ്യത്തേക്ക് പോകുന്നതോടെ അവരുടെ സ്വഭാവത്തിലും സംസ്‌കാരത്തിലുമൊക്കെ വലിയ മാറ്റമാണ് ഉണ്ടാവുക. ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളിലേക്ക് പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നതു പോലും ഡോ. ഫസല്‍ ഗഫൂര്‍ നിരുത്സാഹപ്പെടുത്തുന്നു.
മൂത്തമകന്‍ അബ്ദുല്‍ ഗഫൂര്‍ ദുബൈ ഏണസ്റ്റ് ആന്റ് യംഗ് കമ്പനിയിലെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റാണ്. പഠന കാലത്ത് 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി വിജയം വരിച്ച അബ്ദുല്‍ ഗഫൂര്‍ നിരവധി സമ്മാനങ്ങളും നേടിയിരുന്നു. ആരുടേയും ശിപാര്‍ശകളില്ലാതെ സ്വന്തം കഴിവ് ഉപയോഗിച്ച് മാത്രമാണ് മകന്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നില്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ ജോലി നേടിയത്. പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളെജിലെ ആദ്യത്തെ എം ബി ബി എസ് ആദ്യ വിദ്യാര്‍ഥിയാണ് രണ്ടാമത്തെ മകന്‍ അബ്ദുല്‍ റഹീം. മൂന്നാമത്തെ മകന്‍ ഹമീദ് ഫസല്‍ ഗഫൂര്‍ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളെജിലെ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. സി ബി എസ് ഇ നാഷണല്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ് ഹമീദ്.
എല്ലാവരും ഒത്തുചേര്‍ന്നാല്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കലാണ് പിതാവിന്റേയും പുത്രന്മാരുടേയും ഹോബി. ഇതിനായി വീട്ടില്‍ ഒരു കരോക്കെ മെഷീന്‍ പോലും തയ്യാറാക്കി വെച്ചിട്ടുണ്ട്. പരസ്പരം പാട്ടുകള്‍ പാടിയും മത്സരം നടത്തിയും അവര്‍ കുടുംബാന്തരീക്ഷം ആഹ്ലാദപ്രദമാക്കും. കൂടെ ജീവിതത്തിന്റെ സംഗീതം പെയ്യിക്കാന്‍ ഷമീലയുമുണ്ടാകും.

Followers

About Me

My photo
thalassery, muslim/ kerala, India